Thursday, June 7, 2012

മുസ്ലീം പെണ്‍കുട്ടികളെ പതിനഞ്ചാം വയസ്സില്‍ കൊലയ്ക്കു കൊടുക്കരുതേ..!

ഴിഞ്ഞ രണ്ടു ദിവസമായി മലയാള പത്രങ്ങളില്‍  പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയാണിത്.കഴിഞ്ഞ ദിവസം വന്ന ദെല്‍ഹി ഹൈക്കോടതിയുടെ വിധിയാണ് വാര്‍ത്തയ്ക്ക് ആധാരം.അതുപ്രകാരം ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്.
നീതിയുടെ കണ്ണ് മൂടപ്പെട്ട ഒരവസ്ഥ ഈ വിധി പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഏതുനിലയിലും ഇത് പ്രതിഷേധാര്‍ഹമാണ്.ഇന്ത്യയിലെ പൌരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടത്.അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല.
ദാരിദ്ര്യത്തിലും നിരക്ഷരതയിലും അരക്ഷിതമായ ഗാര്‍ഹികസാഹചര്യങ്ങളിലും അശരണരായി വളരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലീം പെണ്‍കുട്ടികളും.അവരെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് നഗ്നമായ സൌകര്യം ചെയ്തുകൊടുക്കലാണ് ഹൈക്കോടതി വിധി ചെയ്തിരിക്കുന്നത്.
ഇരയാക്കപ്പെടുന്ന ഒരു മുസ്ലീംപെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ,അവളെ ചൂഷണം ചെയ്യുന്ന വ്യക്തികള്‍ക്ക് ഒരു വിവാഹക്കരാര്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ഇനി എത്രയോ എളുപ്പമായിരിക്കും!
കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഇപ്പോഴും പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു എന്ന് അടുത്തുകാലത്തുപോലും വാര്‍ത്തകള്‍ വന്നിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും.
ലൈംഗീകചൂഷണങ്ങള്‍ ,വേശ്യാവൃത്തി,ബഹുഭാര്യാത്വം,വിവാഹമോചിതകളുടെ എണ്ണപ്പെരുപ്പം,ആത്മഹത്യ ചെയ്യുന്ന യുവതികളുടെ കുഞ്ഞുങ്ങളുടെ അനാഥത്വം തുടങ്ങി വളരെ ഗൌരവമായ പല പ്രശ്നങ്ങള്‍ക്കും ഈ വിധി വളം വയ്ക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.
ഒരു പെണ്‍കുട്ടിക്ക് (ആണ്‍കുട്ടിക്കും) അവര്‍ ധനികരായാലും ദരിദ്രരായാലും വിവാഹം കഴിക്കാനുള്ള പ്രായമല്ല പതിനഞ്ച് വയസ്സ്.വിദ്യാഭ്യാസം ചെയ്യാനുള്ള പ്രായമാണ്.ജീവിതത്തെയും സാമൂഹികജീവിതത്തെയും വൈവാഹികജീവിതത്തെയും  സംബന്ധിച്ച തിരിച്ചറിവുകളോ വിവേകമോ ഉദിക്കാത്ത ഇളം പ്രായത്തില്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിവാഹജീവിതവും തുടര്‍ന്ന് സ്വാഭാവികമായും നടക്കാനിടയുള്ള പ്രസവവും കുഞ്ഞിന്‍റെ ഉത്തരവാദിത്തവും അവരില്‍ അതിഗുരുതരമായ മാനസികപ്രയാസങ്ങളും നൈരാശ്യങ്ങളും ഉണ്ടാക്കും.ആത്മഹത്യകള്‍ പെരുകുന്നതിനും ഇത് കാരണമാകാം.
അതിനാല്‍ ഈ വിധിയെ അപലപിക്കേണ്ടതുണ്ട്.
സാധാരണ സമുദായ വിശ്വാസികളും മുസ്ലീം മതാധ്യക്ഷന്മാരും ഉണര്‍ന്നു ചിന്തിക്കുമെന്ന് കരുതാം.

27 comments:

  1. ഈ വിധിയെ അപലപിക്കേണ്ടതുണ്ട്.

    ReplyDelete
    Replies
    1. ഇത്തരം വിധികള്‍ പുനപരിശോധിക്കെണ്ടാതല്ലേ ...............

      Delete
    2. ഇസ്ലാം സമുദായം നേരിടുന്ന കുറെ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. വിദ്യാഭാസം എന്നാല്‍ മത വിദ്യാഭാസം എന്ന് കരുതിയിരിക്കുന്ന കേരളത്തിലേത് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം മത വൈകാരിക അടിമകളായി അധപതിച്ചു കഴിഞ്ഞു . അവരെ രക്ഷിക്കാന്‍ ഇനിയും പ്രബോധനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടോ ......?

      Delete
  2. ഇത്തരം വിധികള്‍ പുനപരിശോധിക്കെണ്ടാതല്ലേ ...............

    ReplyDelete
  3. മത പ്രീണനം ഒഴിവാക്കി, നീതി നിര്‍വഹണം നടത്താന്‍ കോടതികള്‍ക്ക് പോലും കഴിയുന്നില്ലെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
    താങ്കളോട് പൂര്‍ണമായും യോജിക്കുന്നു

    ReplyDelete
  4. വളരെ നല്ല പോസ്റ്റ്. ഇക്കണക്കിന്‍ പോയാല്‍ ശൈശവ വിവാഹവും സതിയും ഒക്കെ വീണ്ടും വരാന്‍ അധികം താമസം വേണ്ട....

    ഇങ്ങനത്തെ വിധി പുറപ്പെടുവിക്കുന്നവരെ "പ്രകാശം പരത്തുന്നവന്" എന്നാണു വിളിക്കേണ്ടത്..

    ReplyDelete
  5. ജഡ്ജ്മാര്‍ ജയരാജന്‍ പറയുന്നത് പോലെ "പ്രകാശം പരത്തുന്നവര്‍" തന്നെ ...ഈ വിധി അപലപിക്കേണ്ടത് തന്നെ

    ReplyDelete
  6. ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ മുക്കാലിയ്ക്ക് കെട്ടി അടിയ്ക്കണമെന്ന് പറഞ്ഞാല്‍ കോടതിയെ ധിക്കരിക്കല്‍ ആകുമെന്നതുകൊണ്ട് അങ്ങനെ പറയുന്നില്ല.

    ReplyDelete
  7. ശരിയാണു.. .എതിര്‍ക്കേണ്ട വിധി തന്നെ..ഇതിനൊന്നും വിദഗ്ധ സമിതി വേണ്ടേ?

    സച്ചാര്‍ ശുപാര്‍ശ പ്രകാരം മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ എസ്‌ ഐ മാരും മുസ്ലീം ആവണമത്രെ..അതും പ്രാബല്യത്തില്‍ വരുന്നു..

    അതി മനോജ്ഞ ഭാരതം !!!!

    ReplyDelete
  8. തീര്‍ച്ചയായും.... താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇതില്‍ ജാതിയെന്നോ മതമെന്നോ ഒന്നും ഇല്ല. പതിനഞ്ചാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ/ആണ്‍കുട്ടിയുടെ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ വിവാഹത്തിന്റെ പരമപ്രധാനമായ ലക്‌ഷ്യം അതാണോ? അല്ലെങ്കില്‍ അത് മാത്രമാണോ? വിവാഹജീവിതത്തില്‍ മാനസികമായ അടുപ്പവും പക്വതയും പ്രാധാന്യം അര്‍ഹിക്കുന്നില്ലേ? കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം കഴിഞ്ഞ അവരുടെ മനസ്സിന് എതിര്‍ലിംഗത്തില്‍ പെട്ടയാളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍, ദാമ്പത്യ കടമ(മ്പ)കളെക്കുറിച്ച് ബോധവാന്‍/ബോധവതി ആകാന്‍ ആകുമെന്ന് തോന്നുന്നില്ല. ഇത് തീര്‍ച്ചയായും പുനര്‍ വിചാരണ നടത്തേണ്ട വിഷയമാണ്‌.

    ReplyDelete
  9. ആര്‍ത്തവ ദിനങ്ങളിലെ പുരുഷന്റെ കാമാസക്തിക്ക് പരിഹാരമാണ് ബഹുഭാര്യത്വം എന്ന് പ്രഖ്യാപിച്ച എ.പി. ഉസ്താദ്‌ പോലുള്ള മത മേധാവികള്‍ ഈ വിധി ഇതു തരത്തിലാണ് വ്യാഖ്യാനിക്കുക എന്ന് കാണേണ്ടിയിരിക്കുന്നു.

    ReplyDelete
  10. “പ്രായപൂര്‍ത്തി വന്നാല്‍” എന്നാണ് ഉപാധി. ഇപ്പഴൊക്കെ ചിലകുട്ടികള്‍ക്ക് പത്തുവയസ്സില്‍ തന്നെ അത് സംഭവിക്കും. അപ്പോള്‍ ഇനി പത്താം വയസ്സിലും വിവാഹമാകാമായിരിക്കും. എന്തായാലും ഈ വിധി പുനഃപരിശോധിക്കപ്പെടും എന്ന് തോന്നുന്നു

    ReplyDelete
  11. ഈ വിധിയെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ആശങ്കകള്‍ വളരെ വൃത്തിയായി പറഞ്ഞിരിക്കുന്നു ഈ പോസ്റ്റില്‍.. "പാഠം ഒന്ന് ഒരു വിലാപം" എന്നാ സിനിമയില്‍ കണ്ട കാര്യങ്ങള്‍ നമ്മുടെ നെഞ്ചു പൊള്ളിച്ചതാണ്. ഇതിന്റെ ഭവിഷ്യത്തുകള്‍ കാത്തിരുന്നു കാണാനല്ലേ കഴിയു...

    ReplyDelete
  12. തീർശ്ചയായും ഇതു ജനാധിപത്യമൂല്യങ്ങൾക്കു നിരക്കാത്തതാണ്. അതായത് ഒരു ജനാധിപത്യത്തിൽ എങ്ങനെ ഒരു പ്രത്യേക മതത്തെ എടുത്തു വേറെ വച്ചു അവർക്കൊരു വിധിയുണ്ടാക്കാൻ കഴിയും. "This court notes that according to Mohammedan Law a girl can marry without the consent of her parents once she attains the age of puberty and she has the right to reside with her husband even if she is below the age of 18....," a bench of justices S Ravindra Bhat and SP Garg said“.

    ഇതാണ് വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നതായി പറയുന്നത്.

    ഇത് ഇന്ത്യൻ ജനാധിപത്യമൂല്യങ്ങളെ മതപ്രീണനത്തിനു വേണ്ടി കോടതി കാറ്റിൽ പറപ്പിക്കുന്നു എന്നു വാദിക്കാം.

    ഇനി, പെൺകുട്ടി പറഞ്ഞത്,‘On April 18, 2012 the girl had also told the court that she did not wish to go back to her parents and wanted to stay with her husband‘.

    ഹർജിക്കാരി അമ്മ സ്വന്തം മകളെ തട്ടിക്കൊണ്ടൂ പോയി എന്നാണ് പരാതിപ്പെടുന്നത്.

    ഇവിടെ മോറൽ പോലീസിങിന്റെ ഒരു മണമടിക്കുന്നോ?

    അമ്മയായാലും അഛനായാ‍ാലും അമ്മാനപ്പനായാലും വരുതിക്കു നിൽക്കാത്ത പെൺകുട്ടികളെ കൊന്നു കളയുന്നതാണ് ഇപ്പോൾ കേരളത്തിലും ഇന്ത്യയിലും കാണൂന്ന ഒരു മാമ്മൂൾ ട്രെൻഡ്/ ഫാഷൻ. ഹായ് എന്താ കഥ!!!!. അതെ അമ്മമാരു പെൻമക്കളെ കഴുത്തു ഞെരിച്ചു കൊലനടത്തിയിട്ടുണ്ട് എന്നിട്ടൊരു കൂസലുമില്ലാതെ ഞാനൊന്നുമറിഞ്ഞില്ലേ രാമാ/ യേശു/ അള്ളായേ എന്നു പറഞ്ഞു നടക്കും.

    അപ്പോൾ കോടതിക്കു പ്രതിയേ കൊല്ലിക്കാതിരിക്കാൻ ശ്രമിക്കണമയിരുന്നോ/ ജനാധിപത്യത്തെ സംരക്ഷിക്കണമായിരുന്നോ? ഹൊ ഒരു വല്ലാത്ത ചിന്താക്കുഴപ്പത്തിന്റെ സംഗതിയാണേ അതാണെന്റെ തോന്നൽ:)

    ജനാധിപത്യവും മതവും ചക്കപോലെ കൊഴയുന്നു.

    ReplyDelete
  13. വളരെ നന്നായി ഈ കുറിപ്പ്. 15 വയസ്സിൽ!മതവും ജാതിയുമനുസരിച്ച് പെൺകുട്ടികൾ വിവാഹത്തിനു പ്രായപൂർത്തി എത്തിയവരാകുമെന്ന ബഹുമാനപ്പെട്ട കോടതിയുടെ കണ്ടെത്തൽ തീർച്ചയായും ചർച്ച ചെയ്യപ്പെടണം.

    ReplyDelete
  14. വിധി പ്രഖ്യാപിക്കുന്നതും ഒരാണാണല്ലോ. കൂട്ടലും കിഴിക്കലും നടത്തി ഹരണഫലം എപ്പോഴും ഒന്നുതന്നെയായിരിക്കും. വനിതാ ബില്‍ പാസ്സാക്കാത്ത പാര്‍ലമെന്‍റ്. ബസ്സില്‍സ്ത്രീകള്‍ നിന്നു പോകുമ്പോഴും സ്ത്രീകളുടെ സീറ്റില്‍ കയറി ഒരു ഉളുപ്പും ഇല്ലാതെ പോകുന്ന പുരുഷന്മാര്‍...ഞാനെല്ലാ പുരുഷന്മാരെയും പറയുന്നില്ല കേട്ടോ. അങ്ങിനെ എവിടെയാണെങ്കിലും സ്ത്രീ പുരുഷാധിപത്യത്തിന്‍റ ഇരതന്നെയാണ് ഇപ്പോഴും.ബ്ലോഗിലെ ഈ പോസ്റ്റ് ഒന്ന് ഏതെങ്കിലും പത്രത്തിനോ മാസികയ്ക്കോ അയച്ചു കൊടുക്കുക. സുസ്മേഷിന്‍റതാകുമ്പോള്‍ പ്രസിദ്ധീകരിക്കുമായിരിക്കും. നാലാള്‍ കാണട്ടെ. ഇവിടെ എഴുതിയിട്ടാല്‍ കൂടിവന്നാല്‍ നാലുംമൂന്നേഴുപേരു കാണുമായിരിക്കും. പോസ്റ്റിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  15. താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്റെ ചെറുപ്പകാലംമുതല്‍ ഞാന്‍ നേരിട്ട് പരിചയിച്ചകാര്യമാണിതെല്ലാം. എന്റൊപ്പം സ്കൂളില്‍ പഠിച്ച മുസ്ലിം കൂട്ടുകാരികളില്‍ പലരും എട്ടാം ക്ലാസ്സിലും,9ലും,10ലും വിവാഹം കഴിഞ്ഞുപോയ അനുഭവം എനിക്കറിയാം.. അവരെ പിന്നീട് കണ്ടപ്പോള്‍ കണ്ണീരോടെ പറഞ്ഞ അനുഭവങ്ങളും മനസ്സില്‍ നീറിക്കിടക്കുന്നു. എന്തിന്റെ പേരിലായാലും ഇത്തരം വിധികള്‍ ആ സമുദായത്തെത്തന്നെ കണ്ണീരിലാഴ്ത്തുകയേയുള്ളൂ.. ആ സമുദായത്തിലെ തന്നെ അഭ്യസ്ഥവിദ്യര്‍ പ്രതികരിക്കുമെന്നും തിരുത്തുമെന്നും നമുക്കു പ്രത്യാശിക്കാം.

    ReplyDelete
  16. അതെ സുസ്മേഷ്,
    തീര്‍ച്ചയായും ഈ വിധി അപലപനീയം തന്നെ.
    തിരിച്ചറിവില്ലാത്ത ഇളം പ്രായത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വിവാഹം ഇപ്പോള്‍ സമൂഹത്തില്‍ അതിനേക്കാള്‍ ഉപരി സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും ആക്കം കൂട്ടൂകയേയുള്ളൂ
    ശക്തമായ കുറിപ്പ്.
    സ്നേഹത്തോടെ
    അജിത

    ReplyDelete
  17. തീര്‍ച്ചയായും പ്രതികരിക്കേണ്ടുന്ന വിഷയം തന്നെ. മുഖ്യധാര പത്രങ്ങളില്‍ ഒരു കോളം വാര്‍ത്തയായി ഒതുങ്ങിപ്പോകുന്നു പല ശ്രദ്ധിക്കപ്പെടേണ്ട വാര്‍ത്തകളും.

    ReplyDelete
  18. എന്തു പറയാനാണ്?

    പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിക്കണം എന്നു മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടി വരികയാണ്. രാജസ്ഥാൻ പോലെയുള്ള സ്ഥലങ്ങളിൽ നിയമവിരുദ്ധമായ ശൈശവവിവാഹം തടയാൻ ശ്രമിച്ചതിന് ബൻവാരി ദേവിക്ക് കിട്ടിയ കൂട്ട ബലാത്സംഗ ശിക്ഷയെക്കുറിച്ച് ഇനിയും നമ്മുടെ സുപ്രീം കോടതി വിധി പറഞ്ഞു പൂർത്തിയാക്കിയിട്ടില്ലല്ലോ അല്ലേ.....

    അരക്കെട്ട് തകർന്നു രക്തവാർച്ചയാൽ മരിക്കുന്ന,പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള ബ്രാഹ്മണ നവവധുക്കളുടെ ദുരിതം തീർക്കാനാണ്,ഒരു നൂറ് കൊല്ലം മുൻപ് ബ്രിട്ടീഷു ഗവണ്മെന്റ്, ഇന്ത്യാ മഹാരാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം വിക്ടോറിയൻ നിയമമനുസരിച്ച് പതിനഞ്ചു വയസ്സായി നിജപ്പെടുത്തിയത്. അന്ന് സായിപ്പ് കരുതിയത് പതിനഞ്ച് വയസ്സിൽ സ്ത്രീ ശരീരം പ്രായപൂർത്തിയാകുമെന്നായിരുന്നു.ഇന്ത്യയിൽ സായിപ്പ് ഈ നിയമഭേദഗതി വരുത്തിയപ്പോൾ ബ്രാഹ്മണരെല്ലാം സംഘടിച്ച് ഈ നിയമഭേദഗതിയെ എതിർത്തു........

    കല്യാണം എന്തെന്നറിയാത്ത കാലത്ത് കല്യാണം കഴിക്കേണ്ടി വരുന്നത്, അമ്മയാവുന്നത് ഒക്കെ കഠിനവും ഭീകരവും ആണ്. അതിന് എന്തെല്ലാം കാല്പനിക പരിവേഷങ്ങൾ കഥയായും കവിതയായും നോവലായും ഗാനമായും ചിത്രമായും ശില്പമായും ഒക്കെ പകർന്നു നൽകാൻ ശ്രമിച്ചാലും......

    പേടിപ്പിക്കുന്ന രാത്രികൾ, പനിക്കുന്ന ശരീരം, രുചിയില്ലാതാകുന്ന ഭക്ഷണം, എപ്പോഴും നിറയുന്ന കണ്ണുകൾ..........

    ReplyDelete
  19. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

    ReplyDelete
  20. തീര്‍ച്ചയായും ഈ വിധി അപലപിക്കപ്പെടേണ്ടതുണ്ട്. നിയമം എല്ലാവര്ക്കും ഒരു പോലെ ആയിരിക്കണം. മാതാപിതാക്കള്‍ എത്രയും വേഗം തങ്ങളുടെ തലയില്‍ നിന്ന് ബാധ്യത ഒഴിവാക്കി രക്ഷപ്പെടാനുള്ള തിടുക്കതിലണിങ്ങനെ ചെയ്യുന്നത്.

    ReplyDelete
  21. തീര്‍ച്ചയായും പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ട വിധി. എല്ലാവര്‍ക്കുമെന്നപോലെ മുസ്ലീം പെണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വവും സമത്വവും വിദ്യാഭ്യാസവും ഉറപ്പു നല്‍കാനാവുന്നില്ലെങ്കില്‍ നീതിപീഠത്തിന്റെ ധര്‍മ്മമെന്താണ്? കുടുംബജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും കാര്യങ്ങള്‍ പക്വമായി കൈകാര്യം ചെയ്യാനും സാധിക്കുന്ന മാനസികവളര്‍ച്ചയെത്തിയിട്ടു പോരേ വിവാഹം?

    ReplyDelete
  22. part 1

    15 വയസ്സ് പൂര്‍ത്തിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം; മാതാപിതാക്കളുടെ സമ്മതമില്ലെങ്കില്‍ പോലും സാധുവാണെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കെ.സി.സുബി മാതൃഭൂമി വാരികയില്‍ ട്രൂകോപ്പി എഴുതിയിരുന്നു.
    ഏകസിവില്‍ക്കോഡ് നടപ്പിലാക്കലാണ് പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹം തടയാന്‍ വേണ്ടതെന്ന വാദമാണ് സുബി ഉന്നയിച്ചത്. അതൊരു പരിഹാരമായി എനിക്ക് തോന്നുന്നില്ല. ഏക സിവില്‍കോഡ് വന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് തൂറ്റിപ്പോകുമെന്നും തോന്നുന്നില്ല. നാനാജാതിമതവിഭാഗങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ എല്ലാവരുടെയും വിശ്വാസാചാരങ്ങളെ മാനിക്കുക എന്ന വിശാലതയാവാം (ജനാധിപത്യ ബോധമാകാം) സിവിലില്‍ മതമയമുണ്ടായത്. ആചാരാനുഷ്ഠാനങ്ങള്‍ മാനവിക വിരുദ്ധമാണെങ്കില്‍ (മതം ഒരിക്കലും മാനവിക വിരുദ്ധമാവാന്‍ പാടില്ല) അതില്‍ ഇടപെടുകയും തിരുത്തലുണ്ടാവുകയും ചെയ്യേണ്ടതുണ്ട്. അത്തരം തിരുത്തുകള്‍ ഇവിടെ അനേകം ഉണ്ടായിട്ടുണ്ട്. അതൊന്നും നിയമങ്ങള്‍ കൊണ്ട് ഉണ്ടായതല്ല. നവോത്ഥാന പ്രക്ഷോഭത്തിന്റെ ഭാഗമായി സാമൂഹിക സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്.
    സമൂഹത്തിന്റെ ധാരണകളാണ് മാറേണ്ടത്. കേരളത്തിലിരുന്ന് കൊണ്ട് ഉത്തരേന്ത്യയിലെ സാമൂഹികാന്തരീക്ഷം കേരളത്തിലെ സാമൂഹിക ജീവിതത്തോട് ചേര്‍ത്ത് വച്ച് ചര്‍ച്ച ചെയ്യുന്നത് വിഢ്ഢിത്തമാവും. കേരളത്തിലെ പെണ്‍ജീവിതം ഏറെ മാറിയിട്ടുണ്ട്. വിവാഹത്തേക്കാള്‍ പഠനത്തിനു പ്രാധാന്യം കൊടുക്കുന്ന രക്ഷിതാക്കളും പെണ്‍കുട്ടികളും മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രധാന പരീക്ഷകളിലെല്ലാം തിളക്കമുള്ള വിജയവുമായി മുസ്‌ലിംപെണ്‍കുട്ടികള്‍ ഉണര്‍ന്നു നിന്നു. റാങ്കിന്‍ തിളക്കവുമായി മലപ്പുറത്തെ താത്തക്കുട്ടികള്‍ അഭിമാനമായിക്കെണ്ടേയിരിക്കുന്നു (ഇതൊന്നും കോപ്പിയടിച്ചുണ്ടായ വിജയമല്ല).

    ReplyDelete
  23. part 2

    നേരത്തെയുള്ള വിവാഹം പറ്റെ ഒടുങ്ങി എന്നല്ല. കുറവല്ലാതെ നടക്കുന്നുണ്ട്. അതു മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല. (എന്റെയൊരു അമുസ്‌ലിം സുഹൃത്ത് വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് പതിനഞ്ച് വയസ്സാണ് പ്രായം. അവനും അവളും മുസ്‌ലിമല്ല!)
    പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹത്തിന് മതമല്ല കാരണം. സാമൂഹികവും പ്രാദേശികവുമായ സംസ്‌കാരത്തിന്റെ സ്വാധീനം അതിലുണ്ട്.
    പത്താം ക്ലാസുകഴിഞ്ഞാല്‍ പെണ്ണ് പുര നിറഞ്ഞുപോയി എന്നു കരുതുന്ന രക്ഷിതാക്കളാണ് അധികവും. ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ പെണ്‍കുട്ടിക്ക് വിവാഹ മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ലാതായിരിക്കുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തെറ്റായ ധാരണകളാണ് ഈ പ്രശ്‌നത്തിന്റെ പ്രധാനകാരണം. മധുരപ്പതിനാറിലെത്തിയ പെണ്‍കുട്ടിയോടുള്ള ആസക്തി സമൂഹത്തില്‍ നിറച്ചതില്‍ ആരൊക്കെ തെറ്റുകാരാണ്. അങ്ങനെ ഒരു മധുരപ്രായമുണ്ടോ പെണ്ണിന്. (മധുരപ്പതിനാറെന്ന ഒരു പ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും ആ മധുരം നുകരാതെ കളയാനുള്ളതാണോ എന്ന മാതിരി സമൂഹം ചിന്തിച്ചു പോയാല്‍ തെറ്റാവുമോ. പൈങ്കിളി കഥകളും കലകളും സമൂഹത്തിലുണ്ടാക്കിയ തെറ്റായധാരണകള്‍ ചില്ലറയല്ല. ശാസ്ത്രവും പൈങ്കിളി വല്‍ക്കരിക്കപ്പെടുമ്പോള്‍ അറിവുകള്‍ അപൂര്‍ണവും വികലവുമാകുന്നു.)
    വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യവും അന്തസത്തയും തിരിച്ചറിയപ്പെടാതെ പോവുകയും വിവാഹം ഒരാചാരമായിത്തീരുകയും ചെയ്തതില്‍ മതത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൗരോഹിത്യമാണ് മതനിയമങ്ങളെ വളച്ചൊടിച്ച് വെടക്കാക്കിയത്. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ദുരാചാരങ്ങളെയും ദുര്‍ധാരണകളെയും തിരുത്തേണ്ട ബാധ്യത അവര്‍ക്കുണ്ടെന്ന കാര്യം അവര്‍ മറന്ന മട്ടാണ് (പുരോഹിതന്‍മാരെ കല്ലെറിഞ്ഞുകൊല്ലണം).
    പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചു വിട്ടില്ലെങ്കില്‍ മതം പൊളിഞ്ഞുപോകുമെന്ന മട്ടിലാണ് ചില മുറിമൊല്ലമാരുടെ ആവേശം.
    പെണ്‍കുട്ടികള്‍ വയസ്സറിയിച്ചാല്‍ പിന്നെ വഴിതെറ്റിപ്പോകുമോ എന്ന ആവലാതിയാണ് ചില രക്ഷിതാക്കള്‍ക്ക്. നേരത്തും കാലത്തും കെട്ടിച്ചുവിട്ടില്ലേല്‍ മാനം കെടുത്തുമെന്നാണ് ആശങ്ക (ചിലരുടെ കാര്യത്തില്‍ അത് സത്യമാണു താനും).
    വൈവാഹിക കുടുംബ ജീവിത്തതിന് കണിശമായവ്യവസ്ഥകള്‍ ഇസ്‌ലാം മതം നിശ്ചയിച്ചിട്ടുണ്ട്. മുസ്‌ലിമിന് വിവാഹവും മതജീവിതത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥനയാണ്. സദ്കര്‍മമാണ്. പുണ്യം ലഭിക്കുന്ന കൊള്ളക്കെടുക്കലാണ്. രസിസുഖമാസ്വദിക്കുന്നതു പോലും പുണ്യകര്‍മമായാണ് ഇസ്‌ലാം കാണുന്നത്. പരസ്പരം അറിഞ്ഞും അനുഭവിച്ചും ഉള്‍ക്കൊണ്ടും ജീവിതത്തില്‍ മധുരം നിറക്കേണ്ടതെങ്ങനെയെന്ന് വ്യക്തമായി പഠിപ്പിച്ച ഒരു മതമേയുളളു. നടരാജഗുരു തന്റെ ഏകലോക വിദ്യാഭ്യാസത്തിലതെടുത്തു പറയുന്നുണ്ട്.
    (ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അതൊന്നും കാണില്ല. കര്‍മാനുഷ്ഠാനങ്ങളിലെ ഇസ്‌കാലുകളില്‍ കെട്ടിമറിയുകയാണ് അവര്‍. മതത്തിന്റെ പ്രകാശത്തെ കെടുത്തിക്കളയുന്നത് അവര്‍ തന്നെ). ആധുനിക മനശ്ശാസ്ത്ര സിദ്ധാന്തങ്ങളൊക്കെയും ഇസ്‌ലാമിക വൈവാഹിക- കുടുംബജീവിത കാഴ്ചപ്പാടുകളോട് കടപ്പാടുള്ളതാണ്.
    വിവാഹപ്രായത്തെക്കുറിച്ച് കൃത്യമായ ഒരു കണക്ക് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. വിവാഹപ്രായം ആപേക്ഷികമാണെന്നതു കൊണ്ടു തന്നെ അത്, പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നതു പോലെത്തന്നെ. വിവാഹത്തിന് കൃത്യമായ ഒരു പ്രായം നിശ്ചയിക്കാന്‍ എന്തു മാനദണ്ഡമാണ് കൂട്ടുപിടിക്കുക. (ഈയടുത്ത് ആണിന്റെ വിവാഹപ്രായം പതിനെട്ടാക്കണമെന്ന ഒരു ചര്‍ച്ച കേരളത്തില്‍ ഉയര്‍ന്നു വന്നിരുന്നു).
    ശാരീരികവും മാനസികവുമായ പക്വതയാണ് വിവാഹത്തിനനുയോജ്യമായ പ്രായം നിശ്ചയിക്കുന്നത്, അതുതന്നെയാണ് വിവാഹത്തിന്റെ യോഗ്യതയും. അത്തരമൊരു പക്വതയില്ലായ്മയുള്ളവരുടെ വിവാഹമാണ് ഇന്നിന്റെ ദാമ്പത്യ ദുരിതങ്ങളുടെ കാരണം. മനസ്സിനും ശരീരത്തിനും പ്രായമെത്തും മുമ്പുള്ള വിവാഹങ്ങള്‍ അവരുടെ ജീവിതത്തെ തകര്‍ക്കുമെന്ന പോലെത്തന്നെ സാമൂഹിക ജീവിതത്തിനും പ്രശ്‌നമായിത്തീരും.
    'ശൈശവ വിവാഹം' (ശൈശവത്തില്‍ നടക്കുന്നതാണ് ശൈശവ വിവാഹം. മേല്‍ ചര്‍ച്ച ചെയ്തതൊന്നും ശൈശവ വിവാഹത്തെക്കുറിച്ചല്ല. ഏഴു വയസ്സു വരെയാണ് ശൈശവമായി കണക്കാക്കുന്നത്. ഏഴു കഴിഞ്ഞാല്‍ ബാല്യമായി. പതിനാലുകഴിഞ്ഞാല്‍ കൗമാരമായി. അപ്പോള്‍ പിന്നെ ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് കൗമാര വിവാഹത്തെക്കുറിച്ചാണ്. പതിനഞ്ചും പതിനെട്ടും കൗമാരം തന്നെ) നടന്നിരുന്ന കാലത്തില്ലായിരുന്നതിനേക്കാള്‍ വലിയ ദാമ്പത്യ കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് വീടുകളില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന വസ്തുതയും കൂട്ടി വായിക്കേണ്ടതാണ്.
    പതിനെട്ടും ഇരുപത്തൊന്നുമല്ല, പക്വത തന്നെയാവട്ടെ വിവാഹത്തിന്റെ പ്രായം, ആണിനും പെണ്ണിനും, മുസ്‌ലിമിനും അമുസ്‌ലിമിനും. അത് സ്ഥലകാലങ്ങള്‍ക്കൊത്ത് മാറിക്കൊണ്ടിരിക്കുമെന്നത് ശാസ്ത്ര സത്യം.
    സുസ്മേഷിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്യേണ്ടതാണ്.

    ReplyDelete
  24. നല്ല പോസ്റ്റ്.

    സ്വന്തം മക്കളെ കുറിച്ച് മാതാപിതാക്കള്‍ക്ക് തന്നെ ബോധം വരേണ്ടതാണ്. ഒരു പാട് വിവരമുളള മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുത്തിട്ടു മാത്രമേ അവരുടെ കല്യാണത്തെ പറ്റി ചിന്തിക്കൂ.. പിന്നെ എങ്ങനെയെങ്കിലും തലയില്‍ നിന്ന് ഒഴിഞ്ഞു പോയാല്‍ മതിയെന്ന് വിചാരിക്കുന്നവരെ പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  25. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.പല മറുപടികളും പല കമന്‍റിനുമുള്ള മറുപടിയായി മാറിയതിനാലാണ് ഞാന്‍ വിട്ടുനിന്നത്.
    തുടര്‍നടപടികള്‍ നമുക്ക് വീക്ഷിക്കാം.
    എല്ലാവരോടും സ്നേഹത്തോടെ.

    ReplyDelete