സംസ്‌കാരമെന്നത് രക്തത്തില്‍ പകര്‍ന്നുകിട്ടേണ്ടതാണെന്ന് ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.ആ ചിന്തയെ ബലപ്പെടുത്തുന്ന ഒരു സാംസ്‌കാരികാനുഭവം കഴിഞ്ഞ ദിവസമുണ്ടായത് രേഖപ്പെടുത്താനാണ് ഈ കുറിപ്പ്.ഇതൊരു ആത്മപ്രശംസയായി ആരും കരുതരുതേ.
വടകര ദേശവുമായി ശുഷ്‌കമായ ബന്ധം പോലുമില്ലാത്ത ഒരാളാണ് ഞാന്‍ .അടുത്തിടെ പ്രഖ്യാപിച്ച ചെറുകാട് അവാര്‍ഡ് എന്റെ `ബാര്‍കോഡ്' എന്ന കഥാസമാഹാരത്തിനായിരുന്നു.പെരിന്തല്‍മണ്ണയില്‍ വച്ചാണ് മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് തരുന്നത് വടകര കുട്ടോത്ത് ചെറുകാട് സ്‌മാരക ഗ്രന്ഥാലയത്തില്‍ വച്ചായിരിക്കുമെന്ന് പെരിന്തല്‍മണ്ണയില്‍നിന്ന് സംഘാടകര്‍ അറിയിച്ചപ്പോഴും സാധാരണനിലയിലുള്ള ഒരു പുരസ്‌കാരദാനച്ചടങ്ങ് എന്നതിനപ്പുറം ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പത്തോ മുപ്പതോ ആളു കൂടുന്ന തീര്‍ത്തും വിരസമായ ഒരു ചടങ്ങ്.പലയിടത്തെയും പതിവ് അതായിരുന്നു.
നാം കൂടി പങ്കെടുക്കുന്ന വേദിയിലിരുന്ന് മറ്റാളുകള്‍ നമ്മെപ്പറ്റി ആവര്‍ത്തിച്ചു സംസാരിക്കുന്നത് കേള്‍ക്കേണ്ടിവരിക എന്നത് ഇത്തിരി പ്രയാസമേറിയ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നാറുള്ളത്.അവയ്‌ക്ക് നല്ല വാക്കുകളുടെ പകിട്ടാണുള്ളതെങ്കില്‍ പറയുകയും വേണ്ട.എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന പണത്തെയും `നിങ്ങളെന്നെ പുകഴ്‌ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു വയ്‌ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.അത് ഉചിതമല്ല.
ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളില്‍ സ്വമനസ്സാലെ പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നത് സത്യമാണ്.ആരും അന്വേഷിച്ചുപിടിച്ച് ഒരാളെ കേള്‍ക്കാനോ അഭിനന്ദിക്കാനോ ഇന്ന് പുറപ്പെടുന്നില്ല.വഴിയോരയോഗങ്ങള്‍ കോടതി ഇടപെട്ട് നിരോധിച്ചത് നന്നായി.അല്ലെങ്കില്‍ ആളില്ലാവീഥിയോട് സംസാരിക്കാന്‍ മടി തോന്നി പ്രാസംഗികര്‍ പ്രസംഗിക്കാന്‍ വരാത്ത സ്ഥിതിവിശേഷം തെരുവോരപരിപാടികള്‍ക്കുണ്ടാകുമായിരുന്നു.അല്ലെങ്കില്‍ അതിനും പണം കൊടുത്ത് ആളെയിറക്കി തെരുവില്‍ കേഴ്‌വിക്കാരായി നിര്‍ത്തേണ്ടിവരുമായിരുന്നു.ഏതു കക്ഷിയുടേയും രാഷ്‌ട്രീയ പരിപാടികള്‍ക്കാവട്ടെ ദിവസച്ചെലവ് നല്‍കി ആളെ വിളിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ ഇന്നുള്ളത്.സാഹിത്യ അക്കാദമിയില്‍പോലും സ്ഥിരം ക്ഷണിതാക്കളായും ആരും ക്ഷണിക്കാതെയും പരിപാടി ഏതെന്ന് അന്വേഷിക്കാതെയും മുടങ്ങാതെ എത്തിച്ചേരുന്ന പത്തിരുപത് പേരെ കിഴിച്ചാല്‍ അവിടെ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും കേട്ടറിഞ്ഞ് വരുന്ന ആളില്ലെന്നതാണ് വാസ്‌തവം.
കുട്ടോത്ത് ചെറുകാട് സ്‌മാരക ഗ്രന്ഥാലയത്തിന് ഇരുപത്തിയഞ്ച് വയസ്സായി.ഒരു വര്‍ഷമായി നടന്നുവരുന്ന അതിന്റെ ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തിലാണ് ഇത്തവണത്തെ ചെറുകാട് അവാര്‍ഡ് വിതരണം.അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി.പണ്ട് നാട്ടുമ്പുറത്ത് കൂടിയിരുന്ന കല്യാണപ്പരിപാടികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉത്സവാന്തരീക്ഷം അവിടെയുണ്ട്.വലിയ പന്തല്‍ .കൊടിതോരണങ്ങള്‍ .ശ്രമക്കാരായി ഓടിനടക്കുന്ന കുറേയധികം ചെറുപ്പക്കാര്‍ .അപ്പോള്‍ നാലുമണിയായിട്ടേയുള്ളൂ.എങ്കിലും റോഡിലും മറ്റും വന്നു ചേര്‍ന്നുനില്‍ക്കുന്ന നാട്ടുകാര്‍.ഞാന്‍ വായനശാലയിലേക്ക് കയറി.നല്ല രീതിയില്‍ പണിതിട്ടുള്ള ഇരുനില മന്ദിരം.പണം മുടക്കി വലുപ്പത്തില്‍ ഒരു കെട്ടിടം(വീട്/ഓഫീസ്/വായനശാല/ആശ്രമം/ആരാധനാലയം..എന്തുമാവട്ടെ.)പണിതുവയ്‌ക്കുന്നതിലല്ല കാര്യമിരിക്കുന്നത് അതില്‍നിന്നൊരു പോസിറ്റീവ് എനര്‍ജി പ്രസരപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണ്.കുട്ടോത്തെ ചെറുകാട് വായനശാലക്ക് അത്തരം പോസിറ്റീവ് ചാര്‍ജ്ജുണ്ട്.അതിനുള്ളിലിരിക്കുമ്പോള്‍ എനിക്കത് അനുഭവപ്പെട്ടു.എല്ലാ സ്ഥലത്തും-വായനശാലകളില്‍പ്പോലും-അത് കിട്ടാറില്ല എന്നതും വാസ്‌തവം.
പുരസ്‌കാരവിതരണ പരിപാടിക്ക് ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്.ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്.അനര്‍ഹമായ ഒരിടത്തല്ല ഞാനെത്തിയിരിക്കുന്നത്.
ആറുമണിക്ക് പരിപാടി തുടങ്ങുമ്പോള്‍ പന്തല്‍ നിറയെ ആളുണ്ടായിരുന്നു.ഇബ്രാഹിം വെങ്ങര,പാലക്കീഴ് നാരായണന്‍ മാഷ്,എം.എം നാരായണന്‍ മാഷ്,വി.സുകുമാരന്‍ സര്‍,പി.കെ.ശ്രീമതി ടീച്ചര്‍,മുന്‍ എം.എല്‍.എ വി.ശശികുമാര്‍ എന്നിങ്ങനെ പ്രമുഖര്‍ വേദിയില്‍ .സദസ്സിന്റൈ മുന്‍ നിരയില്‍ ചെറുകാട് മാഷിന്റെ മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ട്രസ്റ്റ് അംഗങ്ങളും സഹൃദയരും.പിന്നെ പിന്നിലേക്ക് പരന്നുകിടക്കുന്ന ജനക്കൂട്ടം.അതായിരുന്നു അമ്പരപ്പിച്ച കാഴ്‌ച.സ്‌ത്രീകളും കുട്ടികളും പുരുഷന്മാരും ചെറുപ്പക്കാരുമടങ്ങുന്ന ജനക്കൂട്ടം.ഞായറാഴ്‌ചയാണ്.മിക്കവാറും എല്ലാ വീട്ടിലും ടെലിവിഷനും ഇന്റര്‍നെറ്റുമുള്ളവരാണ്.അത്ര ദരിദ്രരോ പണക്കാരോ അല്ലാത്ത ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇടത്തരക്കാരായ സാധാരണക്കാരാണ് ആ കൂടിയിരിക്കുന്നവരില്‍ ഏറെപ്പേരും.അവരാരും സാഹിത്യവിദ്യാര്‍ത്ഥികളോ നിര്‍ബന്ധമായി സാഹിത്യം പിന്തുടരുന്നവരോ ആയിരിക്കാനുമിടയുമില്ല.എന്നിട്ടും എന്തിനാണ് ഇത്രയും പേര്‍ അവിടെ കൂടിയിരിക്കുന്നത്.വെറും പാര്‍ട്ടി താല്‍പര്യം മാത്രമായിരിക്കാനുമിടയില്ല എന്നത് അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമാണ്.പിന്നെ സുസ്‌മേഷ് ചന്ത്രോത്ത് എന്ന `ആഗോളപ്രശസ്‌ത'നും `സമുന്നതവ്യക്തിത്വ'ത്തിനുടമയുമായ പുരസ്‌കാരജേതാവിനെ കാണാനും ആശിര്‍വമദിക്കാനുമാണോ.!അല്ലെന്നുറപ്പാണല്ലോ.അവര്‍ക്ക് എന്നെ കേട്ടുകേള്‍വി പോലുമുണ്ടായിരിക്കാനിടയില്ല.അവരെന്നെ വായിച്ചിട്ടുണ്ടാവില്ല.അപ്പോള്‍ അവര്‍ വന്നിരിക്കുന്നത് അവരുടെ രക്തത്തില്‍ സംസ്‌കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്.അതുകൊണ്ടുമാത്രമാണ്.
ചെറുകാട് എന്ന മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്‌കാരം.പുസ്‌തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ സംസ്‌കാരം.ആശയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രവര്‍ത്തനവും പൊതുജീവിതത്തിന്റെ ആവശ്യകതയാണ് എന്നു മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.എനിക്കിഷ്‌ടമായി ആ ജനതയെ.അവര്‍ ഞങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ള അത്ഭുതം അവിടം കൊണ്ടും തീര്‍ന്നില്ല.ഓരോ പ്രസംഗത്തിനും ലഭിച്ച കൈയടി അത് വ്യക്തമാക്കി.എനിക്കും ലഭിച്ചു ആ പ്രോത്സാഹനം.സംസാരം തീരുമ്പോള്‍ സാധാരണ മട്ടില്‍ നമ്മളെല്ലാം ചെയ്യുന്ന അനുഷ്‌ഠാനക്കൈയടി ആയിരുന്നില്ല അതൊന്നും.നന്ദിവാക്കുകള്‍ നാലോ അഞ്ചോ മിനിട്ടെടുത്ത് പറഞ്ഞൊപ്പിക്കുന്നതിനിടയിലായിരുന്നു അത്.ഇടക്കിടെ ജനങ്ങള്‍ നമ്മള്‍ പറയുന്നത് കേട്ട് ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.കൃതജ്ഞതയുടെ ഭാരം പകരുന്ന സന്തോഷം ശിരസ്സിനെ താഴ്‌ത്തി.
അത്തരമൊരനുഭവം ജീവിതത്തില്‍ ആദ്യത്തേതായിരുന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കൃതനായി എന്നുതന്നെ അനുഭവപ്പെട്ടു.സന്തോഷം.വിസ്‌മയം.കടപ്പാട്.എല്ലാത്തിനുമുപരിയായി മതിലരികിലും റോഡരികിലും തങ്ങിനിന്ന് പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്‍കിയ പാഠം.നല്ല സംസ്‌കാരത്തിന്റെ വേരുകള്‍ക്ക് വാട്ടം തട്ടിയിട്ടില്ലെന്ന നല്ല പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്.
ഇത്രയുമെഴുതിയത് എന്നെപ്പറ്റി പറയാനല്ല,എനിക്ക് ഒരു ദേശത്തെ മനസ്സിലാക്കാനായത് ഏതു വിധമാണെന്ന് പറയേണ്ടിവന്നതുകൊണ്ടാണ്.കുട്ടോത്തെ ചെറുപ്പക്കാരും സ്‌ത്രീകളും കേരളത്തിന് ഒരു പാഠം പകര്‍ന്നുകൊടുക്കുന്നുണ്ട്.സഹജീവിസ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടേയും മഹത്തായ തിരിച്ചറിവ്.അതൊടൊപ്പം ഞാന്‍ ആവര്‍ത്തിക്കാറുള്ള അതേ കാര്യവും.യുവാക്കള്‍ക്ക് ദിശാബോധമില്ലെന്ന് ആരാണ് ആണയിടുന്നത്.?നല്ല വഴി കാട്ടിക്കൊടുത്താല്‍ ആ വഴിക്ക് പോകുന്നവരാണ് യുവാക്കള്‍ . മക്കള്‍ മോശമാകുന്നതിന് മക്കളെ പഴിക്കുകയല്ല വേണ്ടത് സ്വന്തം പിഴവുകള്‍ തിരുത്തുകയാണ് ഒരു സമൂഹം ചെയ്യേണ്ടത്.അങ്ങനെ മാതൃക കാട്ടുന്ന ഒരു ജനതയെയാണ് അവിടെ കണ്ടത്.(യുവ @ ഹൈവേ)
ചില വസ്തുതകള്‍ മാത്രം.
ReplyDeleteസംസ്കാരം എന്നത് മുൻവിധികളിൽ ഒതുക്കാനാവില്ലെന്ന് പല സന്ദർഭങ്ങളും തെളിയിക്കും.. നമ്മളൊരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെരുമാറ്റമോ അല്ലെങ്കിലവർ കാണിക്കുന്ന മര്യാദകളോ ആയിരിക്കും പലപ്പോഴും നമ്മളെ അത് ബോധ്യപ്പെടുത്തുന്നത് എന്നു മാത്രം. ആത്മവിമർശനത്തിനുതകുന്ന തരത്തിൽ അതിനെ ഉൾകൊള്ളാൻ നമുക്ക് കഴിയണമെന്നു മാത്രം.
ReplyDeleteസംസ്കാരം ഒരിക്കലും പറഞ്ഞു പഠിപ്പിക്കാനാവില്ല മാതൃകാപരമായി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ പകർന്നു കൊടുക്കാനാവൂ.
വ്യക്തമായ ആശയസംവേദനം തന്നെയാണ് ഈ എഴുത്ത്. സ്വഭാവികമായുള്ള വിചാരങ്ങളെ ലളിതമായി എന്നാൽ സത്യസന്ധമായി തന്നെ അവതരിപ്പിച്ചു.
പല നാട്ടിന്‍ പുറങ്ങളും ഇങ്ങിനെ തന്നെയാണ്... പക്ഷെ സാഹിത്ത്യങ്ങളും സാഹിത്ത്യങ്ങളെ ചര്‍ച്ചിക്കാനും ഒരു ബുദ്ധിജീവി സദസ്സ് മുന്നില്‍ വേണമെന്ന് തോന്നുമ്പോ, അത് സാധാരണക്കാരനില്‍ നിന്നും അകന്നുപോവുകയും വെറും ഒരു ചടങ്ങായി മാറുകയും ചെയ്യുന്നു... ഇനിയും ഒരുപാട് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകനിടയാകട്ടെ.... ആശംസകള്‍...
ReplyDeleteആശംസകൾ
ReplyDeleteനാട്ടിൻപുറം നന്മകളാൽ സമൃദ്ധം! വായനശാലകൾ ഗ്രാമങ്ങളുടെ ചാലകകേന്ദ്രങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും ചില ഗ്രാമങ്ങളിലെങ്കിലും അതങ്ങിനെത്തന്നെയാണ്. അതിനെ ചുറ്റിപ്പറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരും കുറേ കാരണവന്മാരും ക്ലബ്ബുകളും ആഘോഷങ്ങളും അങ്ങിനെ രൂപമെടുത്ത നിഷ്കളങ്കമായ ഒരു നാടൻ സംസ്കാരവും.
ReplyDeleteകാലമിനിയും കടന്നുപോകുമ്പോൾ പഴയ ബ്ലാക് & വൈറ്റ് ചിത്രങ്ങളിൽ മാത്രമേ ഈ സംസ്കാരം ഒരു പക്ഷേ നമുക്ക് കാണാൻ കഴിയൂ!
അതെ. സുസ്‌മേഷ് പങ്കുവെച്ച അതേ സന്തോഷത്തോടെയും അഭിമാനത്തോടെയും ആ പരിപാടിയില്‍ പങ്കുകൊള്ളാന്‍ എനിക്കും കഴിഞ്ഞു. ഒരു ശ്രോതാവായി, ഒരു കാഴ്ചക്കാരനായി.... മറ്റു ഗ്രന്ഥാലയങ്ങള്‍ക്കാകെ മാതൃകയായി 2011 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷം നീണ്ടുനിന്ന 25-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങാണ് സുസ്‌മേഷ് പറഞ്ഞുവെച്ച സാംസ്‌കാരിക സംഗമം. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടോത്ത് നടന്ന പരിപാടികള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. കുട്ടികളുടെ രണ്ടുദിവസത്തെ സഹവാസ ക്യാമ്പ്, ഏഴ് കുടുംബസദസ്സുകള്‍, അവയുടെ സമാപനമായി ആയിരത്തിലേറെ വനിതകള്‍ പങ്കെടുത്ത കുടുംബസംഗമം, പരിസ്ഥിതിസംഗമം, കാരണവ കൂട്ടായ്മ, ജില്ലാതല പ്രശ്‌നോത്തരി മത്സരം, ചലച്ചിത്രോത്സവം, സാഹിത്യസായാഹ്നം... തുടങ്ങി ഇരുപതോളം പരിപാടികളാണ് ഒരു വര്‍ഷമായി കുട്ടോത്ത് നടന്നതെന്നത് ആരെയും അത്ഭുതപ്പെടുത്തും. സാധാരണക്കാരായ സാമൂഹിക -രാഷ്ട്രീയ പ്രവര്‍ത്തകരുടെ അത്ഭുതകരമായ കൂട്ടായ്മയാണ് ഇവയൊക്കെയും വിജയിപ്പിച്ചത്. പുരോഗമന പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കുട്ടോത്തെ നേതാക്കള്‍ക്കൊപ്പം ആ പ്രദേശത്തുകാരെ അണിനിരക്കുകയായിരുന്നു; ഇവയാകെ വിജയിപ്പിക്കാന്‍. മൂന്ന് ലക്ഷത്തോളം രൂപയിലധികം ചെലവു വന്നിട്ടുണ്ടാകുമെന്നാണ് കുട്ടോത്തെ സഖാക്കള്‍ പറയുന്നത്. വടകരയുടെ ഉയര്‍ന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെയും തിളക്കമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെയും നേരവകാശികളാണ് കുട്ടോത്തെ ലൈബ്രറി പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനത്തിലണിനിരന്നവരും. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഒരു പ്രദേശത്തെ ജനതയെയാകെ ഈ ആഘോഷപരിപാടികളില്‍ അണിനിരത്തിയ ഓരോ സംഘാടകനും അഭിമാനിക്കാം. അഭിനന്ദനങ്ങള്‍... ഒരിക്കല്‍കൂടി.....
ReplyDeletepratap.vk, panikkotty
താങ്കളുടെ എഴുത്തിലും അനുഭവപ്പെടുന്നത് അതേ ലാളിത്യം. ഒരു നല്ല മനസ്സിന് കുറെ നല്ല മനസ്സുകളെ മനസ്സിലാക്കാന്‍ കിട്ടിയ അവസരം.
ReplyDeleteഅതെ, ആ നാടും അവിടുത്തെ നാട്ടുകാരും അഭിനന്ദനം അർഹിക്കുന്നു..
ReplyDeleteപൊസിറ്റീവായി ചാര്‍ജ് ചെയ്യുന്ന ഒരു കുറിപ്പ്
ReplyDeleteവളരെ ഇഷ്ടപ്പെട്ടു സുസ്മേഷ്.
ശുഷ്കമായ സദസ്സുകളെപ്പറ്റി പറഞ്ഞതെല്ലാം ശരി.
പുരസ്കാരങ്ങളോരോന്നും താങ്കളെ കൂടുതല്‍ ഉത്തേജിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു
അത്ഭുതം തോന്നുന്നു, സുസ്മേഷ് പറഞ്ഞതിലും എത്രയോ ഉയര്‍ന്ന തലത്തിലാണ് ആ വായനശാലയുടെ പ്രവര്‍ത്തനം എന്ന കാര്യം പ്രതാപിന്റെ വാക്കുകളിലൂടെ അറിഞ്ഞപ്പോള്‍. ഫെസ്ബുക്കും ഇന്റര്‍നെറ്റ് ഗെയിമും യുടൂബും ആയി വീട്ടിനകത്തും, സ്വന്തം സ്വകാര്യലോകതും ഒതുങ്ങുന്ന കൌമാരയൌവനങ്ങള്‍ ഇവരെ പിന്തുടര്‍ന്നെങ്കില്‍...!!!
ReplyDeleteതാങ്കളുടെ ഈ വാക്കുകള്‍ ഒരു വടകര ക്കാരനായ എനിക്ക് ഒരു പാട് സന്തോഷം തന്നു .എന്റെ നാടിനെ പറ്റി ആണല്ലോ ഈ പറഞ്ഞത് ..ആശംസകള്‍ ..
ReplyDeleteഅഭിനന്ദനാര്‍ഹരായ നാട്ടുകാരും നാടും...
ReplyDeleteഇന്നും വടക്ക് ദേശം ഇങ്ങിനെ നില നില്‍ക്കുന്നു ..എത്ര നാള്‍ എന്നറിയില്ല..
ReplyDeleteചെറുകാട് അവരുടെ മനസ്സില്‍ ഇന്നും ഉണ്ടാവും..
എല്ലാം വേഗം മറക്കുന്ന കാലത്ത് ഇങ്ങനെ....
സന്തോഷം പകരുന്ന വാര്‍ത്തയും വായനയും........
ReplyDeleteവായിക്കുന്നവര്‍ക്കും കൂടി സമ്മാനം കിട്ടിയ പോലെ തോന്നും...
ReplyDeleteമുത്തശ്ശിയെ മറന്നിട്ടുണ്ടാവില്ല അവർ!വീണുകിട്ടുന്ന ചില വെളിച്ചത്തുണ്ടുകൾ വളപ്പൊട്ടുപോലെ ചേർത്തുവയ്ക്കണം,ഭാവിയിലേക്ക് വഴികാട്ടാൻ....
ReplyDeleteതാങ്കളുടെ അനുഭവവിവരണം എന്നെ ഒരു മുപ്പതു വര്‍ഷം പിന്നോട്ടു കൊണ്ടുപോയി.കേരളത്തില്‍ ഇപ്പോഴും അങ്ങനെയുള്ള സ്ഥലകാലങ്ങള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.ഒപ്പം താങ്കള്‍ക്കു പുരസ്ക്കാരം ലഭിച്ചതില്‍ സന്തോഷിക്കുന്നു.
ReplyDeleteതാങ്കളുടെ വാക്കുകള്‍ ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്നു... കാരണം ഞാനും ഒരു വടകരക്കരനായതില്‍....
ReplyDeleteനല്ലൊരു വാര്‍ത്തക്ക് നന്ദി.....ഒപ്പം അഭിനന്ദനങ്ങള്‍
ReplyDeleteഎല്ലാവരോടും നിറഞ്ഞ ഹൃദയത്തോടെ നന്ദി പറയുന്നു.ബഹുമതി ആ നാട്ടുകാര്‍ക്ക് അവകാശപ്പെട്ടതാണ്.സ്നേഹപൂര്‍വ്വം.
ReplyDelete'എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന പണത്തെയും `നിങ്ങളെന്നെ പുകഴ്‌ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു വയ്‌ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.'
ReplyDeleteസുസ്മേഷേട്ടാ ഈ പോസ്റ്റിന് ഞാൻ എന്റേതായിട്ട് ഒരു കമന്റുമിടുന്നില്ല. എല്ലാം ചേട്ടൻ പറഞ്ഞിരിക്കുന്നു,അതെല്ലാം ഞാനിങ്ങെടുത്തിടാം.
'പുരസ്‌കാരവിതരണ പരിപാടിക്ക് ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്.ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്.അനര്‍ഹമായ ഒരിടത്തല്ല ഞാനെത്തിയിരിക്കുന്നത്.'
'അപ്പോള്‍ അവര്‍ വന്നിരിക്കുന്നത് അവരുടെ രക്തത്തില്‍ സംസ്‌കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്.അതുകൊണ്ടുമാത്രമാണ്.
ചെറുകാട് എന്ന മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്‌കാരം.പുസ്‌തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ സംസ്‌കാരം.'
ഇനിയിപ്പോ ചെറുകാട് എന്ന ഒരാളെ വായിച്ചില്ലെങ്കിൽ പോലും,സംസ്കാരം വളരാൻ നല്ല വളർത്തൽ മാത്രം മതി.
വായന അതിന് കുറച്ചൊക്കെ സഹായിക്കും എന്നേയുള്ളൂ.
കൂടിയേ തീരൂ എന്ന അഭിപ്രായമെനിക്കില്ല.
'ഇടക്കിടെ ജനങ്ങള്‍ നമ്മള്‍ പറയുന്നത് കേട്ട് ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.'
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ചേട്ടാ.
അങ്ങനെ,ആളുകൾ നിറഞ്ഞ മനസ്സോടെ കയ്യടിക്കുന്നത്, കളിയാക്കുകയാണോ എന്ന് നമുക്ക് തോന്നുന്നത്,നമ്മുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടാണ്.!
'എല്ലാത്തിനുമുപരിയായി മതിലരികിലും റോഡരികിലും തങ്ങിനിന്ന് പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്‍കിയ പാഠം.നല്ല സംസ്‌കാരത്തിന്റെ വേരുകള്‍ക്ക് വാട്ടം തട്ടിയിട്ടില്ലെന്ന നല്ല പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്.'
ഒരു ജനതയുടെ സംസ്കാരത്തെ പറ്റി എഴുതാനും പറയാനുമായി ഇങ്ങനൊരു പോസ്റ്റ് മാറ്റി വച്ച് ചേട്ടന് ഒരുപാട് നന്ദിയുണ്ട്. വളരെയധികം നന്നാവുകയും ചെയ്തു ഈ എഴുത്ത്,വായിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മളിൽ നിറയുന്നു.
ആശംസകൾ
Malayalikalkkidayil vaayanaseelam mothathil nashtamayi ennu theerthu parayan vayya.....vadakarayil kootiya aalukal samskaraam mathram ullathukondano aa paripadikku vannath???
ReplyDelete