Sunday, November 23, 2014

ഉച്ചയൂണ്


കാലത്തുമുതല്‍ അവിടങ്ങനെ ഓരോന്നു കണ്ടു നടക്കുന്നതാണ്.കുളങ്ങളും കൃഷിയും വീടുകളും.. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം കുറച്ചധികം ആളുകള്‍ കൂടെയുണ്ട്.ഉച്ചയായപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള പുരുഷന്‍,നരച്ച താടിയും പല്ലു കുറഞ്ഞ വായുമുള്ള ഒരു വൃദ്ധന്‍,വന്ന് കൈ പിടിച്ചിട്ട് വിളിച്ചു.
"വരൂ..ഊണു കഴിക്കാം.''
നന്നായി വിശക്കുന്നുണ്ടായിരുന്നു.അടുക്കളയോടു ചേര്‍ന്ന ചായ്ച്ചു കെട്ടിയ മുറിയിലാണ് തീന്‍മേശ.ചെമ്പിന്‍റെ തളികകള്‍.കൈകഴുകാന്‍ വെള്ളം നിറച്ച പാത്രം എടുത്തുതന്നു.മുറ്റത്തേക്ക് കൈ കഴുകി അകത്തുവന്ന് മേശയ്ക്കരികിലിരുന്നു.ആദ്യമായി ചെല്ലുന്ന എവിടേയും പറയുന്നപോലെ പതിയെ പറഞ്ഞു.
"പച്ചക്കറിയാണ് ശീലം.''
അവരുടെ മുഖമൊന്ന് മങ്ങിയതായി തോന്നി.
"മീനും കഴിക്കില്ലേ."
"ഇല്ല,അതു സാരമില്ല.മറ്റ് വിഭവങ്ങള്‍ വേണ്ടുവോളമുണ്ടല്ലോ'' എന്നു പറഞ്ഞു സമാധാനിപ്പിച്ചു.
വലിയ വട്ടമുള്ള തളികയിലേക്ക് ചോറു വിളമ്പി.വിളമ്പിയത് വെളുത്തു തടിച്ച അധികം പ്രായമില്ലാത്ത അമ്മ.ആദ്യം വന്നത് നിറങ്ങളില്‍ കുളിച്ചു കിടക്കുന്ന വലിയ  മീനിന്‍റെ കറി.അത് മാറ്റിവച്ചു.പകരം നാലോ അഞ്ചോ തരം പച്ചക്കറികള്‍ കൊണ്ടുവന്നത് അടുത്തേക്കു വച്ചു.പരിപ്പു കറി ചോറിലൊഴിച്ചു.പരിപ്പും ഉരുളക്കിഴങ്ങുമൊഴികെ ഒരു സാധനവും കണ്ടിട്ടുള്ളതല്ല.ഇലക്കറികള്‍ പ്രത്യേകിച്ചും.എനിക്കതൊന്നും പ്രശ്നമായിത്തോന്നിയില്ല.
എല്ലാമെടുത്ത് അടുത്തുവച്ചിട്ട് ഊണു കഴിക്കാനാരംഭിച്ചു.നല്ല രുചിയുള്ള ചോറും കറികളും.കൈപുണ്യമുള്ള പാചകം.
ഊണിനിടയിലെ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞുതന്നു.
"നെല്ല്,ദേ,ആ കണ്ടത്തിലേതാണ്."
"ഉവ്വോ."
"പച്ചക്കറികളും ഇവിടുത്തെ തന്നെ."
"വെറുതെയല്ല ഇത്ര സ്വാദ്."
അപ്പോളേക്കും വീണ്ടും വീണ്ടും കറികളെത്തി.അടുത്തടുത്ത വീടുകളില്‍ നിന്നെല്ലാം ഉച്ചയൂണിന്‍റെ കറികള്‍ അതിഥികള്‍ക്കു നല്‍കാനായി കൊണ്ടുവന്നിരിക്കുന്നതാണ്.
ചില കറികള്‍ എടുത്തൊഴിച്ചു.അതില്‍ പച്ചക്കറികള്‍ക്കിടയില്‍ ചെറുമീനുകള്‍.മീനില്ലാത്ത ഒരാഹാരം ബംഗാളികള്‍ക്ക് വിഷമമാണ്.മീനുകളെ പെറുക്കിമാററിവച്ച് ആ കറി ഒഴിവാക്കി.
അവസാനം കൊണ്ടുവന്ന പല കറികളും ഖേദത്തോടെ വേണ്ടെന്നുവച്ചു.ഇനി ചെല്ലാനിടമില്ല. ഷര്‍ട്ട് പൊക്കി നിറഞ്ഞ വയറ് കാണിച്ചുകൊടുത്ത്  അവരെ  വിശ്വസിപ്പിക്കേണ്ടിവന്നു എന്നതാണ് വാസ്തവം.
"ദാ,മുട്ട കഴിക്കുമെന്നല്ലേ പറഞ്ഞത്,ഇതാ ഓംലെറ്റ്.മുട്ടയും ഇവിടുത്തെ കോഴി ഇടുന്നതാ.."
അമ്മയുടെ നിര്‍ബന്ധം.നോക്കുമ്പോള്‍ മുട്ടക്കറികള്‍ വേറേയും.എന്‍റെ ഊണ് കഴിയാറായിരുന്നു.
രണ്ടാം ചോറിന് തൈര് തന്നു.അവിടുത്തെ പശുവിന്‍റെ പാലിന്‍റെ തൈര്.വിരല്‍ വടിച്ചുണ്ടു.നോക്കുമ്പോള്‍ ചെമ്പുകിണ്ണം സ്വര്‍ണം പോലെ തിളങ്ങുന്നു.ഉപ്പൊഴികെ സകലതും അവിടെ വിളയുന്നതാണ്.അവര്‍ വിളയിക്കുന്നതാണ്.ഇത്ര ആസ്വാദ്യമായി ബംഗാളില്‍ വന്നിട്ട് ഉണ്ടിട്ടില്ലെന്ന് തോന്നി.
ചെറിയ പെങ്ങള്‍ വെള്ളവുമായി വന്നു.കൈ കഴുകി.
മുറ്റത്തേക്കു കൈ കഴുകി കുലുക്കുഴിഞ്ഞ് തുപ്പുമ്പോള്‍ കുട്ടിക്കാലജീവിതവും വീടുകളും ഓര്‍മ വന്നു.വാഷ്ബേസിനില്ലാതിരുന്ന കാലം.!
മണ്ണു പൊത്തി പണിത ചുമരുകളുള്ള മുറിയില്‍ വെടിവട്ടത്തിലിരിക്കുമ്പോള്‍ അമ്മ വെറ്റിലപ്പാത്രവുമായെത്തി.നമ്മുടെ അടയ്ക്കാവെട്ടി.!
"ഈ വെറ്റിലയാണ് നമ്മുടെ പ്രധാന കൃഷി.''
അവര്‍ പറഞ്ഞു.തലേന്ന് വെറ്റില വിപണി കണ്ടത് ഓര്‍മ്മ വന്നു.ഞാന്‍ തലകുലുക്കി.
അമ്മ നൂറു തേച്ച് ചുരുട്ടിത്തന്ന വെറ്റിലയും പാക്കും ചവയ്ക്കുമ്പോള്‍ എനിക്കെന്‍റെ അമ്മയെ ഓര്‍മ്മ വന്നു.അമ്മയോടൊപ്പമിരുന്ന് മുറുക്കുന്നത് കണ്ണില്‍ തടഞ്ഞു.ഒരമ്മ ദൂരെ.ഒരമ്മ അരികെ.എല്ലാം അങ്ങനെ തന്നെ.
അപ്പോള്‍ കണ്ണുകളില്‍ തൃപ്തിയുടെ മയക്കം വന്നു കൂടുകെട്ടുകയായിരുന്നു.

മനുഷ്യന് പരസ്പരം സ്നേഹിക്കാന്‍ ഭാഷ വേണമെന്നും ജാതി വേണമെന്നും മതം വേണമെന്നും രാജ്യം വേണമെന്നും ആരാണ് ശഠിക്കുന്നത് ?
എല്ലാ മനുഷ്യരും ജിപ്സികളാകണം.ജീവിതം പഠിക്കാന്‍.!

7 comments:

  1. ഇത്ര സ്നേഹത്തോടെ ആരെങ്കിലും ഭക്ഷണം വിളമ്പി തരുമ്പോള്‍ കഴിക്കുന്നതിനു മുമ്പ് തന്നെ വയറു നിറയും... :-)

    ReplyDelete
  2. സുസ്മേഷ്...തമ്മില്‍ സ്നേഹിക്കാന്‍ ഭാഷ വേണ്ട..മതം വേണ്ട...നാടോടിയും ആകണ്ട...മനസില്‍ സ്നേഹം സൂക്ഷിച്ചാല്‍ മതി..അപ്പോള്‍ നമ്മുടെ ചിന്തയിലും വാക്കുകളിലും പ്രവ്രുത്തികളിലും ഒക്കെ സ്നേഹം നിറയും..സകലതിനേയും വാത്സല്യത്തോടെ കാണാന്‍ കഴിയും..അടുക്കള പൂട്ടിയിറങ്ങുമ്പോള്‍ പിന്നാമ്പുറത്തു നിന്നു കരയുന്ന പൂച്ചയുടെ നിലവിളിയിലും ഗേറ്റ് തുറന്നു കയറുമ്പോള്‍ വീട്ടു മുറ്റത്ത് വാടി നില്‍ക്കുന്ന ചെടിയുടെ ഇലയിലും എല്ലാം സ്നേഹം കാണാം
    സസ്നേഹം അജിത

    ReplyDelete
  3. 'ഉച്ചയൂണ്' വായിച്ചു. അഭിപ്രായങ്ങളൊന്നുമില്ല.

    ReplyDelete
  4. എന്ത് സന്തോഷം, ഇതൊക്കെ വായിക്കാന്‍!

    ReplyDelete
  5. ഉച്ചയൂണ് വിഭവ സമ്രദ്ധം. സ്നേഹം കൊടുത്താലെ കിട്ടൂ....

    ReplyDelete
  6. കൊള്ളാം ഉച്ചയൂണ് വായിച്ചു കഴിഞ്ഞപ്പോഴേക്കും വയറു നിറഞ്ഞു.
    ആശംസകൾ

    ReplyDelete