Sunday, June 13, 2010

മഴച്ചന്തം-സ്വപ്നങ്ങള്‍ സഹിതം.
ഇക്കൊല്ലത്തെ മഴക്കാലം പ്രചാരത്തിലായത് ഇന്നാണെന്നുതോന്നുന്നു.കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ അങ്ങിങ്ങ് മഴയുണ്ടെങ്കിലും എല്ലായിടത്തും ഒരേപോലെ നനവും ഈര്‍പ്പവും അനുഭവപ്പെട്ടത് ഇന്നാവണം.കാലത്തുമുതല്‍ ചൂടില്ലാത്ത സൂര്യപ്രകാശത്തില്‍ ആകാശം ചോരുകയായിരുന്നു. ജില്ലാകലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയതും ഇന്നുതന്നെ. ആരോഗ്യമന്ത്രിയെ കുടുക്കാന്‍ എന്തായാലും മഴയ്ക്കുമുന്നേ പനി എത്തി.പത്രങ്ങള്‍ക്ക് പണിയായി.പനിക്കാര്‍ക്ക് ഭയവും.
കഴിഞ്ഞയാഴ്ച കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എഴുതിയ ലേഖനത്തില്‍(വര്‍ത്തമാനം പത്രം) മഴയെ പേടിക്കുന്ന,വെറുക്കുന്ന ജീവിതാവസ്ഥയെപ്പറ്റി എഴുതിയിരുന്നു.എഴുത്തുകാര്‍ വാഴ്ത്തുന്ന, സൌന്ദര്യം തിങ്ങിയ മഴക്കാലം തികച്ചും വ്യക്തിപരമാണ്.തനിക്കത് ദുസ്സഹവും. സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടും മനോഭാവം മാറ്റാന്‍ ഇപ്പോഴും അദ്ദേഹത്തിനു കഴിയുന്നില്ല.അദ്ദേഹത്തിനു മാത്രമല്ല,പലര്‍ക്കും കഴിയാറില്ല.അതേവിധം മഴയെ വെറുക്കുന്ന എത്രയോ പേരുണ്ടാവാം കേരളത്തില്‍.നമുക്കവരെ തെറ്റുപറയാന്‍ ഒരിക്കലും കഴിയില്ല.അനുഭവങ്ങളെ ആര്‍ക്കും മാറ്റിയാവിഷ്കരിക്കാന്‍ കഴിയില്ലല്ലോ.അതേവിധം ഭയാനകമായിരുന്നു ബാല്യകൌമാരത്തില്‍ ഞാനനുഭവിച്ച കാലവര്‍ഷങ്ങളും.രാത്രിയുറങ്ങാനും സ്കൂളില്‍ പോകാനും കുളിക്കാനിറങ്ങാനും കഴിയാത്ത അവസ്ഥ.മണ്ണിട്ട വഴിമുഴുവന്‍ നടക്കാന്‍ കഴിയാത്തവിധം ചളിയായിട്ടുണ്ടാവും.നോക്കിനില്ക്കേ പുല്ലുവളര്‍ന്ന് ചവിട്ടടിപ്പാത മൂടിയിട്ടുണ്ടാവും.നനഞ്ഞ കാപ്പിച്ചില്ലകള്‍ വഴിയിലേക്ക് ചാഞ്ഞിട്ടുണ്ടാവും.പഠിക്കാന്‍ പോകുന്ന സ്കൂളിലേക്ക് ആറു കിലോമീറ്റര്‍ ബസ്ദൂരമുണ്ട്.അവിടെ ഡാമും പുഴയും വെള്ളപ്പൊക്കവും കടത്തുവഞ്ചിക്കാരന്റെ കൂക്കുവിളിയുമുണ്ട്.വീട്ടില്‍ കഷ്ടപ്പാടുകള്‍ കൂടിയിട്ടുണ്ടാവും.അയല്‍പക്കങ്ങളില്‍ കടം കുമിഞ്ഞിട്ടുണ്ടാകും.മഴ എല്ലാ നല്ല തുണികളെയും കരിമ്പനടിപ്പിച്ചിട്ടുണ്ടാവും.
അക്കാലത്തുനിന്നുള്ള രണ്ടോര്‍മ്മകള്‍:
1)നനഞ്ഞൊലിച്ച കമുകില്‍ ഉണങ്ങിയ തഴങ്ങ്(കമുകിന്റെ ഓല)കെട്ടിവച്ച് താഴെവച്ച പാത്രത്തിലേക്ക് മഴവെള്ളം പിടിക്കുന്നത്.
2)വഴിയരികില്‍ നിന്ന് കുടക്കടിയിലൂടെ പോസ്റ്മാന്‍ എഴുത്തുനീട്ടുമ്പോള്‍ നനഞ്ഞുപരന്ന സ്നേഹത്തില്‍ കുതിര്‍ന്ന് വേണ്ടപ്പെട്ട ഒരാളുടെ കത്ത് കിട്ടുന്നത്.


ഇതൊക്കെ എണ്‍പതിനുമുമ്പ് ജനിച്ച ഏതൊരു ശരാശരി മലയാളിക്കും
ബാധകമാണ്.അവര്‍ക്കായിരുന്നു ദാരിദ്യ്രവും ദുരിതങ്ങളും.അവര്‍ക്കായിരുന്നു മഴക്കാലം
പേടിക്കാലം.ഇപ്പോള്‍ ദാരിദ്യ്രത്തില്‍നിന്നും മഴദുരന്തങ്ങളില്‍നിന്നും കരകയറാന്‍
ആവശ്യമായ പ്രതിരോധമരുന്നുകള്‍ കഴിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടാണ് നമ്മള്‍
മക്കളെ ഉണ്ടാക്കുന്നത്.അവര്‍ക്ക് ഇതെല്ലാം ഒരു 'കാലാവസ്ഥ' മാത്രം.
എങ്കിലും എത്രയൊക്കെ വേദനിപ്പിച്ചിട്ടും എനിക്ക് മഴയെ ഇഷ്ടമാണ്.വല്ലാത്ത ഇഷ്ടം.
മഴക്കാലം പ്രകൃതിയെ വൃത്തിയാക്കും.

മഴക്കാലത്തെ മലമ്പുഴയിലെ യക്ഷിയാണ് മലയാളിയുടെ യഥാര്‍ത്ഥ മഴക്കാലത്തിന്റെ പ്രതീകം
എന്ന് എനിക്കു തോന്നാറുണ്ട്.കരുത്തുറ്റ നനഞ്ഞ സൌന്ദര്യം.പായലലിഞ്ഞ വശ്യത.നനഞ്ഞ
പുല്ലുകള്‍ കാലിലുരുമ്മുന്ന കാലവര്‍ഷം.എല്ലാം മഴക്കാലയക്ഷിയിലുണ്ട്.
ഇന്ന് കാലത്തുമുതല്‍ എറണാകുളത്തു മഴയാണ്.
വെള്ളം പൊങ്ങിയ റോഡിലൂടെ ബസിലും ഓട്ടോയിലും നടന്നും സഞ്ചരിക്കുമ്പോള്‍ വര്‍ഷത്തെ മുകരുകയായിരുന്നു ഞാന്‍.പടുതയിട്ട ബസിനുള്ളില്‍ ലൈറ്റുകള്‍ തെളിച്ചിട്ടുണ്ട്.യാത്രക്കാര്‍ ഈര്‍പ്പത്തിന്റെ ഈര്‍ഷ്യയുമായി വിറങ്ങലിച്ചുനില്ക്കുന്നു.തുള്ളികള്‍ വീണ് പുള്ളികള്‍ വീണ ഷര്‍ട്ടും ചുരിദാറുമായി സ്ത്രീപുരുഷ•ാര്‍.പുറത്ത് നനഞ്ഞൊലിച്ച കാറുകള്‍.വെള്ളം പൊങ്ങിയ വീഥികള്‍.കടത്തിണ്ണകളില്‍ മഴയൊഴിയാന്‍ കാത്തുനില്ക്കുന്ന മനുഷ്യ•ാര്‍.മാനത്ത് കരിങ്കാറുകള്‍.
നിറമുള്ള കുടകള്‍ ചൂടി മഴയത്തു നടക്കാനാണ് എനിക്കേറെയിഷ്ടം.പിന്നെ,റോഡിലെ വെള്ളം ചവുട്ടിത്തെറുപ്പിച്ച്,വഴിവക്കിലെ ചാഞ്ഞ തെങ്ങോലയോ പച്ചിലയോ എത്തിപ്പിടിച്ച് ഒരു കൂത്താട്ടം.മഴ നോക്കി അന്തംവിട്ട ഒരിരുപ്പ്.ഒരിക്കലും നനയില്ലാത്ത ഇ മെയ്ലുകള്‍ വായിച്ച് ഒരു വിരക്തി.ഓര്‍മ്മകളിലേക്കൊരു പോയിവരവ്. അതൊക്കെയില്ലെങ്കില്‍പ്പിന്നെ ഈ ജീവിതത്തിനെന്താണ് അര്‍ത്ഥം?
എന്നെ പേടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്ത മഴക്കാലത്തിന്റെ സ്മരണകള്‍ എന്നില്‍നിന് അകന്നുകഴിഞ്ഞു.അന്നങ്ങനെയായിരുന്നു.ഇന്ന് അങ്ങനെയല്ല.അതിനാല്‍ ഞാന്‍ മഴയെ വെറുക്കുന്നില്ല.പകരം കാത്തിരിക്കുന്നു.കാത്തിരുന്ന മഴ വന്ന ആഹ്ളാദം മറച്ചുവയ്ക്കാതിരിക്കുന്നു.ഇനിയുമുണ്ട് പദ്ധതികള്‍...മറൈന്‍ഡ്രൈവില്‍ പോയിരുന്ന് പടിഞ്ഞാറന്‍ മാനം കാണണം...കപ്പലുകള്‍ക്കപ്പുറം കടലിന്റെ തുഞ്ചത്ത് കാക്ക കൊത്തിവലിക്കുന്ന കര്‍ക്കടകത്തെ കാണണം...തൃശൂരില്‍പോയി ആനയൂട്ട് കാണണം..പട്ടാമ്പിയില്‍പോയി മഴവെള്ളം തൊട്ട പാലം കാണണം...
ഒടുക്കം വഴിയരികില്‍ ഒരു ഞാവലിന്റെ തൈ വയ്ക്കണം,വരും കാലത്ത് മറ്റുള്ളവര്‍ക്കും മഴ കാണാനായി.
മണ്‍സൂണ്‍ ആശംസകള്‍.
photos:susmesh chandroth


7 comments:

 1. This comment has been removed by the author.

  ReplyDelete
 2. കുറെ കാലത്തിനു ശേഷം നല്ലൊരു മഴ നനഞ്ഞ പ്രതീതി .കഴിഞ്ഞു പോയതും മറന്നു പോകുമായിരുന്നതും ആയ കുറെ നല്ല ഓര്‍മ്മകള്‍ മഴത്തുള്ളികളായി മനസ്സില്‍ നിറച്ചു തരാന്‍ സുസ്മേഷ് ന്‍ സാധിച്ചു .നമുക്ക് വേണ്ടി ഇനിയും നല്ല വാക്കുകളും അക്ഷര കൂട്ടുകളും ആ വിരല്‍തുമ്പില്‍ ജ്വലിക്കട്ടെ എന്നാശംസിക്കുന്നു. ഇനിയും നല്ല രചനകള്‍ ഇതിലൂടെ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. http://www.fomaa.blogspot.com/

  ഫോമ ബ്ലോഗ് സാഹിത്യ മത്സരം

  ReplyDelete
 4. മണ്‍സൂണിന്റെ ചിതറി വീഴുന്ന മഴത്തുള്ളികള്‍ പട്ടാമ്പി പാലത്തിന്റെ കൈവരികളില്‍ തട്ടിയുടയുന്നു...കാടിന്റെയും കടലിന്റെയും മണ്ണിന്റെയും നനഞ്ഞൊട്ടിയ ആ മൗനഭാഷയ്‌ക്ക്‌ ഞാനും കാതോര്‍ത്തിരിക്കുന്നു.... കാല്‍പനികതയുടെയും 'വില്ലൊടിഞ്ഞ കുടകളുടെയും' വിതുമ്പുന്ന കാലത്തോടൊപ്പം...!

  ReplyDelete
 5. mazhaye vallathe ishttapedunnathu kondano atho susmeshinte thanathaya bhashayude aa sakthiyano......seriykkum oru mazhakalam anubhavichu....valare ishttamayi priyappetta ezhuthukara...All the best for your new venture....

  ReplyDelete
 6. "എങ്കിലും എത്രയൊക്കെ വേദനിപ്പിച്ചിട്ടും എനിക്ക് മഴയെ ഇഷ്ടമാണ്.വല്ലാത്ത ഇഷ്ടം.." :)

  മഴ..

  ReplyDelete
 7. വേദനിപ്പിച്ച മഴയെയും വേനലിനെയും ഇഷ്ടം തന്നെ........

  ReplyDelete