Tuesday, June 15, 2010

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാവണം.ജനം എന്നാല്‍ ഒരാളുടെ വ്യക്തിഗതമായ അഭിപ്രായത്തില്‍ ഉള്‍പ്പെടുന്ന
മൂന്നോ നാലോ പേരായിരിക്കരുത്.കക്ഷിരാഷ്ട്രീയ ഭേദമെന്യേയുള്ള മതാതീതസമൂഹത്തെയാണ്
നമ്മള്‍ ജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ജനക്ഷേമസര്‍ക്കാര്‍ എന്നുപറയുമ്പോള്‍
മുകളില്‍ പറഞ്ഞ രീതിയില്‍ നിലനില്‍ക്കുന്ന ജനത്തിന്റെ ക്ഷേമം കാംക്ഷിക്കുന്നവര്‍
എന്നാകണം.അത് ഇടതുവലതു സര്‍ക്കാറുകള്‍ക്ക് ഒരേപോലെ ബാധകമാണ്.
എന്നാല്‍ പലപ്പോഴും കേരളത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിതതാല്പര്യങ്ങളില്‍ തട്ടി അനാഥമാവുന്നതാണ് നാം കാണുന്നത്.അല്ലെങ്കില്‍ നിക്ഷിപ്ത താല്പര്യങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നത്.രണ്ടിലേതായാലും സമൂഹത്തിന്റെ ഉന്നമനത്തിന് പര്യാപ്തമായ പരിഷ്കൃതാശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാം വൃത്തികെട്ട അലംഭാവം വച്ചുപുലര്‍ത്തുന്നവരാണ്.അക്കാര്യം എല്ലാ സാറ•ാരും അംഗീകരിക്കാനുമിടയുണ്ട്.
പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.സര്‍ക്കാര്‍ നടപ്പിലാക്കേണ്ടിയിരുന്ന എത്രയോ കാര്യങ്ങള്‍ എങ്ങുമെത്താതെ പോയതായി മനസ്സിലാവുന്നതാണ് സങ്കടം.ഒരു ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതിന് പല ഘടകങ്ങളുണ്ട്.വകുപ്പുമന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് ജീവനക്കാരന്‍ വരെയുള്ളവരുടെ അലംഭാവം കാരണമായി പറയാം.മലയാളിക്ക് സ്വതേയുള്ള ഈഗോ തന്നെയാവാം ഇവിടെയും ഇടപെടല്‍ നടത്തുന്നത്.(കൌണ്‍സിലിങ്ങിനും മനോരോഗചികിത്സയ്ക്കും എന്നേ വിധേയമാക്കേണ്ട സമൂഹമാണ് കേരളത്തിലേത്.) ഒരേ മനസ്സോടെയുള്ള നീക്കം ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നണിഭരണത്തില്‍ അപ്രാപ്യമായിരിക്കാം.ഘടകകക്ഷികളും അവരുടെ താല്പര്യങ്ങളും ഭരണത്തെ ബാധിക്കാം.അതിനപ്പുറം കേന്ദ്രസര്‍ക്കാറിനോടുള്ള രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ബാധിക്കാം.ഇതൊക്കെ ആശാസ്യമാണോ.?തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വരുന്നത് ഇത്തരം തട്ടുമുട്ടുന്യായങ്ങളില്‍ തട്ടി കാലാവധി തികയ്ക്കാനാണോ?ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് എതിര്‍രാഷ്ട്രീയവിശ്വാസികളും പ്രതീക്ഷിക്കുന്നത് ഇതാണോ?തീര്‍ച്ചയായും ഇതൊന്നുമല്ല.
ഇക്കൊല്ലം സ്കൂള്‍ തുറന്നപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പതിവുപോലെ ഹാജര്‍ നില താഴേക്ക്!വര്‍ഷങ്ങളായി ഘടകകക്ഷികള്‍ മാറി മാറി ഭരിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസവകുപ്പ് ഇടതുപക്ഷത്തിനു നേരിട്ടു കിട്ടിയ സര്‍ക്കാറാണ് ഇത്.പണം മാത്രം ആധാരമാക്കി നടത്തപ്പെടുന്ന മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും കൊണ്ടുവരുന്നതില്‍ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടത് പൊതുസമൂഹത്തിനുമുന്നില്‍ ജനാധിപത്യഭരണകൂടം അപഹാസ്യമാകുന്നതിന ് ഉദാഹരണമാണ്.
കൈയൂക്കുള്ളവനും പണക്കൊഴുപ്പുള്ളവനും മുന്നില്‍ വളയുന്നതാവരുത്
ജനാധിപത്യസര്‍ക്കാറിന്റെ നയങ്ങള്‍.മതസ്ഥാപനങ്ങള്‍ക്കും ആത്മീയാചാര്യ•ാര്‍ക്കും
സ്വന്തം സിലബസ് പഠിപ്പിക്കാന്‍ അനുവാദം കിട്ടുമ്പോള്‍ ഒരു മതേതര സമൂഹത്തിന്റെ മുഖം
പൊളിയുകയാണ് ചെയ്യുന്നത്.
എല്ലാ അര്‍ഹതയുമുണ്ടായിട്ടും മാനേജ്മെന്റുകളുടെ വ്യക്തിഗത താല്പര്യങ്ങള്‍ക്ക് മുന്നില്‍ ആത്മാഭിമാനം പണയപ്പെടുത്തി പണിയെടുക്കേണ്ടിവരികയാണ് അത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക്.മറുവശത്ത് കുട്ടികള്‍ തികയാത്തതിന്റെ പേരില്‍ തൊഴില്‍ ഭീഷണി നേരിടുകയാണ് സര്‍ക്കാര്‍ കലാലയങ്ങളിലെ അദ്ധ്യാപകര്‍.അപകടകരമായ സ്വാതന്ത്യത്തില്‍ വളരുന്ന/വളര്‍ത്തപ്പെടുന്ന സ്വകാര്യസ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്യാന്‍ മിനക്കെടാത്ത അരാഷ്ട്രീയജീവികളായും സമൂഹത്തോട് ബാദ്ധ്യതയില്ലാത്ത നിര്‍ഗുണ•ാരായും പുറത്തേക്ക് വരുന്നത് മറ്റൊരു ഭീഷണി.അധികാരവും പണവും സൃഷ്ടിക്കുന്ന ആര്‍ത്തി വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഒരേപോലെ ഇരകളാക്കും.ഇരകളാകാന്‍ നിന്നുകൊടുക്കുന്ന ഭരണകൂടസാരഥികള്‍ക്കു കീഴില്‍ ജനങ്ങള്‍ക്കെന്നാണ് ക്ഷേമമുണ്ടാവുക?
ഇത്രയുമൊക്കെ പറഞ്ഞുപോകാന്‍ കാരണം,ഇന്നത്തെ ഒരു പ്രാദേശിക പത്രവാര്‍ത്തയാണ്.ഓണത്തിനുമുമ്പായി എറണാകുളം നഗരത്തില്‍ കെ എസ് ആര്‍ ടി സി സിറ്റി സര്‍വ്വീസ് തുടങ്ങുമെന്നതാണ് വാര്‍ത്ത.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മാത്യു ടി തോമസും മോന്‍സ് ജോസഫും ജോസ് തെറ്റയിലുമടക്കം ഭരിച്ച മന്ത്രിമാര്‍ക്കും അതിനുമുമ്പ് കാലാകാലം വകുപ്പുഭരിച്ച മന്ത്രിമാര്‍ക്കും കഴിയാത്തതാണോ ഇത്?കെ എസ് ആര്‍ ടി സിക്കു മാറ്റിവച്ചിരിക്കുന്ന പെര്‍മിറ്റുകള്‍ ഉപയോഗിക്കാന്‍ എവിടെയാണ് അമാന്തമുണ്ടാകുന്നത്?എന്തിനാണ് അമാന്തമുണ്ടാകേണ്ടത്!കേരളത്തിലെ മെട്രോസിറ്റിയായ എറണാകുളത്ത് യാത്രക്കാരായ സാധാരണക്കാര്‍ (സ്ത്രീകളും കുട്ടികളും കൂടുതലായും.)കാലങ്ങളായി അനുഭവിച്ചുവരുന്ന അപമാനത്തിന് എങ്കില്‍ എന്നേ അറുതി വന്നേനെ.പണം കൊടുത്ത് യാത്ര ചെയ്യുന്നത് മാനക്കേടിന്റെ കഷണം വാങ്ങിച്ചു പോക്കറ്റിലിടുന്നതിന് തുല്യമാകുന്നതിന് സമമാകുന്നത് എറണാകുളത്ത് സ്വകാര്യബസില്‍ യാത്ര ചെയ്യുമ്പോഴാണ്.കാറില്‍ നടക്കുന്ന വോട്ടു ചെയ്യാത്ത എറണാകുളത്തെ ഉപരിവര്‍ഗ്ഗജീവികള്‍ക്കും സ്വകാര്യബസുടമകള്‍ക്കും ഇത് മനസ്സിലാകില്ല.(അവരുടെ മക്കള്‍ അവരുടെ ബസില്‍ യാത്ര ചെയ്യുന്നുണ്ടാകുമോ..)
കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമാകയാല്‍ ജനോറം പദ്ധതിയിലെ ഏ സി,നോണ്‍ ഏ സി ബസുകള്‍ എറണാകുളം നിരത്തിലിറങ്ങി.കെ എസ് ആര്‍ ടി സിയാണ് സര്‍വ്വീസ് നടത്തുന്നത്.അതിലെ സഞ്ചാരസുഖവും മനസ്സമാധാനവും എറണാകുളത്തുകാര്‍ അറിയുകയും ചെയ്തു.തിരുവനന്തപുരത്തെ അപേക്ഷിച്ച് പദ്ധതി വളരെവേഗം ലാഭകരമായെന്നാണ് അറിയുന്നത്.എന്തായാലും അതോടെ സ്വകാര്യബസുകളുടെ മല്‍പ്പിടുത്തത്തിന് അല്പം ശമനമുണ്ട്.

സര്‍ക്കാര്‍ ബസുകള്‍ സാധാരണക്കാരന്റെ നെഞ്ചത്തുകയറുന്നത് താരതമ്യേന
കുറവാണ്.അതുകൊണ്ടാണ് വേഗമല്പം കുറഞ്ഞാലും സര്‍ക്കാര്‍ശകടം
നിരത്തില്‍വേണമെന്നാഗ്രഹിക്കുന്നത്.മാത്രവുമല്ല,സര്‍ക്കാര്‍ ബസില്‍ ഇരിക്കുമ്പോള്‍
സ്വന്തം വീട്ടിലിരിക്കുമ്പോഴത്തെ ഒരു മനസ്സമാധാനം തോന്നാറുണ്ട്.നമ്മളുംകൂടി
കൊടുക്കുന്ന നികുതികൊണ്ട് ഓടുന്നതല്ലേ
.
ഒരുതരം ഉടമാബോധം തന്നെയാവാം.പക്ഷേ,അമ്പത് സിറ്റി സര്‍വ്വീസിന് അനുമതി കൊടുത്താല്‍ ആളെക്കൊന്നും തള്ളിക്കയറ്റിയും നഗരത്തിലെ സ്വകാര്യബസ് മുതലാളിമാര്‍ പിടിച്ചുപറിച്ചുണ്ടാക്കുന്ന കണക്കില്ലാത്ത കാശിന് വലുപ്പം കുറയും.ഇങ്ങനെയുള്ള മുതലാളിമാര്‍ പറയുന്ന തന്കാര്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വളയുമ്പോള്‍ നാട് വളരില്ല.കുറേ മുതലാളിമാരും മതമേലദ്ധ്യക്ഷ•ാരും ഉദ്യോഗസ്ഥ•ാരും അണികളും ബിനാമികളും അന്തര്‍സംസ്ഥാന കരിഞ്ചന്തവ്യാപാരികളും അവരുടെ ഇടനിലക്കാരും അങ്ങനെയങ്ങനെ സംസ്ഥാനം ഭരിക്കാന്‍ കാലാകാലങ്ങളില്‍ കുറേ നിഴലുകള്‍ ഉണ്ടാകാറുണ്ട്.അവരെ നിയന്ത്രിക്കാതെയും നിലയ്ക്കുനിര്‍ത്താതെയും ഭരണകൂടം ഭരണം നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധമാണ്,സത്യപ്രതിജ്ഞാലംഘനമാണ്.
ഓണത്തിനു മുമ്പ് സര്‍ക്കാര്‍ബസ് എറണാകുളം നിരത്ത് കാണുമോ എന്നത് പ്രവചിക്കാനാവില്ല.പലേ കാര്യങ്ങളും ഇങ്ങനെയൊക്കെത്തന്നെയായതിനാലും കാത്തിരിപ്പ് ഒരു ശീലമായിക്കഴിഞ്ഞതിനാലും ..കാത്തിരിക്കാം.

3 comments:

  1. Abhinandanangal Susmesh......Iniyum iniyum dharalam nalla workukal cheyyan idavaratte....It's not quantity that matters but quality....Believe in that and keep going...

    ReplyDelete
  2. അവസാന വാചകം ഇഷ്ടപ്പെട്ടു. കാത്തിരിപ്പ് ശീലമായിക്കഴിഞ്ഞതിനാലും......

    ReplyDelete
  3. വളരെ നല്ല ലേഖനം. പലരും പറയാന്‍ ആഗ്രഹിച്ച, എന്നാല്‍ എങ്ങിനെ പറയണം എന്നറിയാതെ ഉഴലുന്ന വിഷയം. പറഞ്ഞവര്‍ക്കാകട്ടെ ഇത്രയും പറഞ്ഞിട്ടും ഒന്നും നടന്നില്ലല്ലോ എന്ന നിരാശ. കാത്തിരിപ്പ് മാത്രമല്ല ഇപ്പോള്‍ നിരാശയും ശീലമായിക്കഴിഞ്ഞു. ഈ ശീലം ചുവപ്പ്‌ നാടയുടെ നീളം കൂട്ടാന്‍ അല്ലാതതെ വേറൊന്നിനും ഉപകരിക്കുകയില്ല. എന്നാലും നമ്മള്‍ കാത്തിരിക്കുന്നു. ഓരോ ആവശ്യത്തിനായി ഓരോ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ പല തവണ കയറി ഇറങ്ങുമ്പോള്‍ ഇനി ഒരിക്കലും ഈ പടി ചവിട്ടേണ്ടി വരല്ലെ എന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വേറെ വഴി ഇല്ലല്ലോ എന്ന നിസ്സഹായതയെ മുതലാക്ക്കുന്നവരല്ലേ ശരിക്കും നാടിനെ നശിപ്പിക്കുന്നത്‌?? കാത്തിരിക്കാന്‍ ഇഷ്ടം ഇല്ലാത്തവര്‍ ഇതേ കാര്യം മറ്റു പല വഴികളിലൂടെ നേടി എടുക്കുന്നു എന്നതും നാശത്തിന്റെ ആക്കം കൂട്ടുന്നു.

    ReplyDelete