Sunday, July 4, 2010

ഘനശ്യാമസന്ധ്യാഹൃദയം പോലെ കാലം.

നാലുവര്‍ഷം മുമ്പ്‌ നിനച്ചിരിക്കാതെയാണ്‌ സിനിമയില്‍നിന്ന്‌ എം എ നിഷാദിന്റെയും സംഘത്തിന്റെയും ക്ഷണം എനിക്കു ലഭിക്കുന്നത്‌.സിനിമ വലിയൊരു ആശയും ആവേശവുമായിരുന്നെങ്കിലും ഒന്നുരണ്ടുപേരോട്‌‌ ചില ആശയങ്ങള്‍ ചര്‍ച്ചചെയ്‌തിട്ടുള്ളതൊഴിച്ചാല്‍ സിനിമ ചെയ്യാന്‍ വേണ്ടി അതുവരെ വലുതായൊന്നും ഞാന്‍ പ്രയത്‌നിച്ചിരുന്നില്ല.പെട്ടെന്നുതന്നെ "പകല്‍" സിനിമയുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.തിരുവനന്തപുരത്തുവച്ച്‌ പൂജയും റെക്കോര്‍ഡിംഗും നിശ്ചയിച്ചു.ഞങ്ങള്‍ തിരുവനന്തപുരത്തേക്ക്‌ പോയി.അതിനുമുമ്പായി പാട്ടെഴുത്തും സംഗീതവും ഗിരീഷ്‌ പുത്തഞ്ചേരിയും എം ജി രാനും തന്നെ ചെയ്യണമെന്ന്‌ തീരുമാനിച്ചുറപ്പിച്ചിരുന്നു.എന്നെസംബന്ധിച്ച്‌ ഞാനാദ്യമായി ബന്ധപ്പെടുന്ന മേഖല എന്ന നിലയില്‍ എല്ലാം വളരെ പുതുമയാണ്‌.
ഗിരീഷ്‌ പുത്തഞ്ചേരിയെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്‌.പക്ഷേ എം ജി രാധാകൃഷ്‌ണന്‍ സാറിനെ നേരത്തേ കണ്ടിട്ടില്ല.അവര്‍ക്ക്‌‌,സിനിമയുടെ കഥ പറഞ്ഞുകൊടുക്കുക,സന്ദര്‍ഭം വിശദീകരിക്കുക,അതില്‍ നിന്ന്‌ പാട്ടില്‍ വരേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞാനാണ്‌ നിര്‍വ്വഹിക്കേണ്ടത്‌ എന്നുവന്നു.എന്നെ ചെറുതല്ലാത്ത വിധത്തില്‍ പരിഭ്രമം ബാധിക്കാന്‍ തുടങ്ങി.ഞങ്ങള്‍ തങ്ങിയത്‌‌ റെക്കോഡിങ്ങ്‌ സ്‌‌റ്റുഡിയോയോട്‌ ചേര്‍ന്ന ഗസ്‌റ്റ്‌ഹൗസിലാണ്‌.
ആദ്യദിവസം തന്നെ രാധാകൃഷ്‌ണന്‍സര്‍ നിഷാദിനെ കാണാന്‍ വന്നിരുന്നു.അവര്‍ തമ്മില്‍ വളരെകാലത്തെ പരിചയമുണ്ട്‌..മുറിയില്‍ ഞങ്ങള്‍ രണ്ടാളുമേയുള്ളൂ.കാറില്‍ നിന്നിറങ്ങി ചന്ദനനിറമുള്ള കസവുമുണ്ടിന്റെ അറ്റം കൂട്ടിപ്പിടിച്ച്‌ പതുക്കെ പടികള്‍ കയറി എം ജി രാധാകൃഷ്‌ണന്‍സര്‍ മുറിയിലേക്ക്‌ വരികയാണ്‌.കുളിച്ച്‌ പൂജാമുറിയുടെ ദൈവഗന്ധവുമായി മന്ദഹാസം നിറഞ്ഞ മുഖത്തോടെ.ഉലച്ചിലോ മുഷിച്ചിലോ ഇല്ലാത്ത വേഷവും ഭാവവും.നിഷാദ്‌ എന്നെ പരിചയപ്പെടുത്തി.പുതിയ എഴുത്തുകാരനാണെന്ന അപരിചിതത്വമൊന്നുമില്ല.കാലങ്ങളായി കാണുകയാണെന്ന ഭാവം.സൗമ്യമായ മന്ദഹാസം.മൃദുവായ സംസാരം.
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ വിസ്‌മയത്തോടെ നോക്കിയിരുന്നു...'ഘനശ്യാമസന്ധ്യാഹൃദയം' എന്റെയുള്ളില്‍ തുടിച്ചു.അതുമാത്രമല്ല,'ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...','ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും..ഒരു ദ്വാപരയുഗസന്ധ്യയില്‍...'എന്റെ ചെറുപ്പകാലത്ത്‌ റേഡിയോയിലൂടെ ഞാനേറെ കേട്ടിട്ടുള്ള പ്രിയഗാനങ്ങള്‍.ലളിതഗാനങ്ങള്‍ക്ക്‌്‌ ചലച്ചിത്രഗാനങ്ങള്‍ക്ക്‌ പകരാനാവാത്ത ഭാവം കേള്‍വിക്കാരില്‍ സൃഷ്ടിക്കാന്‍ കഴിയും.രണ്ടും രണ്ട്‌ തലമാണ്‌.സ്വതസിദ്ധമായ വിഷാദമധുരിമകൊണ്ട്‌ രാധാകൃഷ്‌ണന്‍ സര്‍ തന്റെ ലളിതഗാനങ്ങളെ ഭാവപ്രിയമാക്കി.അവ അസാധാരണ വേഗതയില്‍ ജനപ്രിയമാകുകയും ചെയ്‌തു.
സംഗീതമെന്നാല്‍ ചലച്ചിത്രഗാനമല്ല.കര്‍ണാടകസംഗീതത്തിന്റെയും ലളിതസംഗീതത്തിന്റെയും
ഹിന്ദുസ്ഥാനിയുടെയും അംശങ്ങളെ പിടിച്ചെടുത്ത്‌ അസാധാരണ പ്രതിഭകള്‍ സൃഷ്ടിക്കുന്ന
സംഗീതത്തിന്റെ അല്‌പരസവിഭവങ്ങളാണ്‌ ചലച്ചിത്രഗാനങ്ങള്‍.ധാരാളം പരിമിതികളും
സര്‍ഗ്ഗാത്മക പ്രതിസന്ധികളും തീര്‍ക്കുന്ന വെല്ലുവിളികള്‍ക്കകത്തു നിന്നാണ്‌ ഓരോ
സിനിമാപ്പാട്ടിന്റെയും പിറവി.ഈ നിസ്സഹായതകളെ തന്റെ പ്രതിഭയാല്‍
നിഷ്‌പ്രഭമാക്കികളഞ്ഞ സംഗീതജ്ഞനാണ്‌ എം ജി രാധാകൃഷ്‌ണന്‍ സര്‍.മലയാളത്തിന്‌
മൗലികമായ ലളിതസംഗീതസംസ്‌കാരം ഉണ്ടാക്കിത്തന്നവരില്‍ പ്രധാനി.
ചാമരത്തിലെ 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു..'എന്ന പ്രണയവരികള്‍ മൂളാത്ത പ്രണയിനികള്‍ ഈ സൈബര്‍യുഗത്തിലുമുണ്ടാകുമെന്നു തോന്നുന്നില്ല.മനുഷ്യനും മലയാളിയുമാണെങ്കില്‍ ആ വരികള്‍ ഒരിക്കലെങ്കിലും ഓര്‍ത്തുപാടിയിട്ടുണ്ടാകും.ജാലകത്തിലെ 'ഒരു ദളംമാത്രം വിടര്‍ന്നൊരീ ചെമ്പനീര്‍ മുകുളമായി നീയെന്റെ മുന്നില്‍ വന്നു..'തകരയിലെ 'മൗനമേ നിറയും മൗനമേ..'ഞാന്‍ ഏകനാണ്‌ എന്ന ചിത്രത്തിലെ 'ഓ..മൃദുലേ....'മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമീ വഴിയിലൂടെന്നാലും...''അദൈ്വതത്തിലെ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്‌ നീ എന്തു പരിഭവം...'ഇങ്ങനെ എത്രയെത്ര പാട്ടുകള്‍..
കുറേനേരം സംസാരിച്ചിരുന്നിട്ട്‌ രാധാകൃഷ്‌ണന്‍സര്‍ സ്റ്റുഡിയോയിലേക്ക്‌ പോയി.അന്നു വൈകീട്ടത്തോടെ കോഴിക്കോടുനിന്ന്‌ ഗീരീഷേട്ടനുമെത്തി.'പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം' എന്ന ഒറ്റ പാട്ടുമതി ഗിരീഷ്‌ പുത്തഞ്ചേരിയെ മറക്കാതിരിക്കാന്‍.പക്ഷേ,രാധാകൃഷ്‌ണന്‍ സാറിന്റെ നേര്‍വിപരീതഭാവം.ഉച്ചത്തില്‍ സംസാരം,സഹ്യമല്ലാത്ത പരിഹാസം,കേള്‍വിക്കാര്‍ക്കു വേണ്ടിയുള്ള വാചികാഭിനയം തുടങ്ങി അരോചകമായ അന്തരീക്ഷസൃഷ്ടി നടത്തി ഗിരീഷേട്ടനും മുറിയിലേക്ക്‌ പിന്‍വാങ്ങി.പിറ്റേന്നാണ്‌ കമ്പോസിങ്‌.പടവുമായി ബന്ധപ്പെട്ട എന്തോ അത്യവശ്യത്തിന്‌ സംവിധായകന്‍ എറണാകുളത്തുപോയിരുന്നു.ഞാനാണ്‌ കമ്പോസിങ്ങിന്‌ കൂടെയിരിക്കേണ്ടത്‌.
രാവിലെ തന്നെ ഞാന്‍ ഗിരീഷേട്ടന്റെ മുറിയിലെത്തി.കുളിച്ച്‌ വേഷം മാറി കാവിമുണ്ടും കടുംനിറകുപ്പായവുമണിഞ്ഞ്‌ ഒരു കെട്ടു പുസ്‌തകങ്ങള്‍ക്കിടയിലാണ്‌ മൂപ്പര്‍.നല്ല വായനയുടെ നേരം.ആവശ്യത്തിന്‌ കുറിപ്പുകളുമെടുക്കുന്നുണ്ട്‌.തലേരാത്രി മറ്റുള്ളവരുടെ മുന്നില്‍വച്ച്‌‌ പുറത്തെടുത്ത സംഭാഷണശൈലികളൊന്നുമില്ല.ഞങ്ങളിരുന്ന്‌ പല കാര്യങ്ങളും സംസാരിച്ചു.യാതൊരു നാട്യവുമില്ലാതെ തുല്യനിലയിലുള്ള ഒരാളോടെന്നപോലെയാണ്‌ എന്നോടും സംസാരം.മാത്രവുമല്ല,ഉപദേശിക്കുകയാണെന്ന ഭാവമില്ലാതെ, സിനിമയില്‍ വരുന്ന തുടക്കകാരന്‌ ആത്യാവശ്യമായ ചിലകാര്യങ്ങള്‍-എഴുത്തുകാരന്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില ശീലങ്ങള്‍-എന്നോട്‌ പറയുകയും ചെയ്‌തു.എനിക്കു വലിയ ആശ്വാസമായി.അപ്പോള്‍ ജാഡകള്‍ മാറ്റിവച്ച്‌ ഞാന്‍ എന്റെ വിഷമാവസ്ഥ തുറന്നു പറഞ്ഞു.ആദ്യത്തെ പടമാണ്‌.കമ്പോസിങ്ങിനൊന്നും ഇരുന്ന്‌ പരിചയമില്ല.മാത്രവുമല്ല,ഇതൊന്നും കണ്ടിട്ടുപോലുമില്ല.ആകപ്പാടെ എഴുതാനും എഴുതിയ കഥയിലെ സിറ്റ്വേഷന്‍ പറയാനുമറിയാം.
ഗിരീഷേട്ടന്‍ എന്റെ പുറത്തുപിടിച്ച്‌ ചിരിച്ചുകൊണ്ട്‌‌ ധൈര്യം പകര്‍ന്നു.
''നീ ഇങ്ങനെ വേവലാതി പിടിക്കേണ്ട..പടത്തിന്റെ കഥ പറഞ്ഞുതന്നാ മതി..സിറ്റ്വേഷനും...പാട്ടൊക്കെ വൃത്തിയായി ഞാനെഴുതിക്കോളാം.രാധാകൃഷ്‌ണന്‍ചേട്ടന്‍ അതിന്‌ നല്ല സംഗീതവുമിട്ടോളും.''
ഞാന്‍ സമാധാനത്തോടെ കട്ടിലിലിരുന്നു.രാധാകൃഷ്‌ണന്‍സാറിനോട്‌ ഭയവും ആരാധനയും ആദരവും കലര്‍ന്ന അടുപ്പമാണ്‌ തോന്നിയതെങ്കില്‍,ഗിരീഷേട്ടനോട്‌ ഒരു ചേട്ടനോടുള്ളപോലത്തെ അടുപ്പമാണ്‌ തോന്നിയത്‌.
പത്തുമണിയോട്‌ കൂടി രാധാകൃഷ്‌ണന്‍ സാറെത്തി.അദ്ദേഹമിരിക്കുമ്പോള്‍ ഒരു വിശുദ്ധിയാണ്‌ മുറി നിറയെ.അദ്ദേഹം തന്നെ ഒരു വിഗ്രഹം പോലെ പ്രഭനിറഞ്ഞിട്ടാണ്‌.ഡ്രൈവറോട്‌‌ പറഞ്ഞ്‌ അദ്ദേഹം കുറച്ചു ചന്ദനത്തിരികള്‍ വരുത്തി മുറിയില്‍ പുകച്ചു.സുഗന്ധപ്പുകനടുവില്‍ വെള്ളധരിച്ച്‌ തേജോമയരൂപനായിരിക്കുന്ന രാധാകൃഷ്‌ണന്‍ സര്‍.ഞാനാലോചിച്ചു.പ്രകടമായും രണ്ടുതരം സ്വഭാവമുള്ള വ്യക്തികള്‍.ഇവരെങ്ങനെയാണ്‌ ഒരേ മീറ്ററില്‍ ഒത്തുപോവുക!പക്ഷേ,രാധാകൃഷ്‌ണന്‍ സാറിന്റെ മുന്നില്‍ ഗിരീഷേട്ടന്‍ ഒന്നുകൂടി ശാന്തനാണ്‌.ഞങ്ങള്‍ മൂവരുംകൂടി ഒന്നിച്ചിരുന്നു.രാധാകൃഷ്‌ണന്‍സാറിന്റെ ഡ്രൈവര്‍ വെറ്റിലച്ചെല്ലം കൊണ്ടുവന്നുവച്ചു.വെറ്റിലമുറുക്ക്‌ താല്‌പര്യമുള്ള ഞാന്‍ ആ ആഗ്രഹമടക്കിപ്പിടിച്ച്‌ നോക്കി.നല്ല തളിര്‍വെറ്റില,വെട്ടിയൊതുക്കിയ പഴുക്ക,റോസ്‌ നിറമുള്ള വാസനച്ചുണ്ണാമ്പ്‌,ആനന്ദകുസുമം ചേര്‍ത്ത ഇടിച്ച പുകയില.ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന മട്ടില്‍ ഗിരീഷേട്ടനും.
അവരുടെ മുറുക്കിനുശേഷം ഞാന്‍ കഥ പറഞ്ഞു.കഥയില്‍ പാട്ട്‌ ചേര്‍ക്കാനുദ്ദേശിക്കുന്ന
സന്ദര്‍ഭവും പറഞ്ഞു.ഗിരീഷേട്ടന്‍ കടലാസ്സും പേനയുമെടുത്തു.പേപ്പറിനുമുകളില്‍ 'അമ്മ'
എന്നെഴുതി.ആ മുറിയില്‍ വച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ പിറന്ന ഗാനമാണ്‌ ''എന്തിത്ര
വൈകി നീ സന്ധ്യേ..മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാന്‍. തൂവലുപേക്ഷിച്ചു
പറന്നുപോമെന്റെയീ തൂമണിപ്രാവിനെ താലോലിക്കാന്‍.."എഴുത്തും സംഗീതം പകരലും
ഒന്നിച്ചാണ്‌ നടന്നത്‌ എന്ന വലിയ പ്രത്യേകതയും ആ പാട്ടിനുണ്ട്‌.
ചിട്ടപ്പെടുത്തിയശേഷം രാധാകൃഷ്‌ണന്‍സര്‍ തന്നെ അതു പാടിക്കേള്‍പ്പിക്കുകയും ചെയ്‌തു.ആര്‍ദ്രമധുരമായിരുന്നു ആ സംഗീതം.അതു കേള്‍ക്കുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തായിരുന്നു.എന്നെ സംബന്ധിച്ച്‌ ഇന്നും അവിസ്‌മരണീയമായ മുഹൂര്‍ത്തം.
ഗിരീഷേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി വളരെ അടുപ്പത്തില്‍ ചോദിച്ചു.
''നീ ഉദ്ദേശിച്ചപോലെയായോ..നിനക്കു തൃപ്‌തിയായോ..''
''ഉവ്വ്‌‌.നന്നായിട്ടുണ്ട്‌.''
''അങ്ങനെയല്ല,എവിടെയെങ്കിലും പോരായ്‌മ തോന്നുന്നുണ്ടെങ്കില്‍ മടിക്കാതെ ഇപ്പോള്‍ പറയണം.നമുക്കത്‌ മാറ്റാം.സംവിധായകന്റെ പ്രതിനിധികൂടിയാണ്‌‌ നീയിപ്പോള്‍.''
''ഒന്നും മാറ്റാന്‍ പറയാന്‍ തോന്നുന്നില്ല.വരികളും സംഗീതവും നന്നായിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌.''
ഗിരീഷേട്ടന്‍ പിന്നെയും ചോദിച്ചു.പറഞ്ഞതുതന്നെ ഞാനപ്പോഴും പറഞ്ഞു.അല്ലാതെ ഞാനെന്തുപറയാന്‍! ആ പ്രായത്തില്‍ അവരുടെ കൂടെ ഇരിക്കാന്‍ കഴിഞ്ഞത്‌ തന്നെ മഹാഭാഗ്യം.
ഒന്നും മിണ്ടാതെ ഗിരീഷേട്ടന്‍ എന്നെ നോക്കിനിന്നു.എന്നിട്ട്‌ പാട്ടെഴുതിയ കടലാസ്സുമായി പുറത്തു കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക്‌ വന്ന്‌‌ ഫോട്ടോസ്‌റ്റാറ്റെടുക്കാന്‍ കൊടുത്തു.
ഞാന്‍ മനസ്സിലാക്കിയത്‌‌,ഒരെഴുത്തുകാരനെ ബഹുമാനിക്കുന്ന മറ്റൊരു എഴുത്തുകാരനെയാണ്‌.ആ മുറിയില്‍ നിന്നു പുറത്തു കടക്കുന്നതോടെ ഗിരീഷേട്ടന്‍ ആളാകെ മാറും.പിന്നെ ഞാനല്ല ആരു പറഞ്ഞാലും മാറ്റണമെന്നില്ല.അതിനുമുമ്പ്‌‌ ഏതു തിരുത്തിനും തയ്യാറാണ്‌ എന്നറിയിക്കുന്ന മര്യാദ.മാന്യത.
ഗിരീഷേട്ടന്റെ കൈപ്പടയിലെഴുതിയ ആ പാട്ട്‌‌ ഇപ്പോഴുമെന്റെ കൈയിലുണ്ട്‌‌.ജി.വേണുഗോപാലാണ്‌ അത്‌‌ പാടിയത്‌.വേണുവേട്ടന്റെ ഏറ്റവും നല്ല പത്ത്‌ പാട്ടുകളിലൊന്ന്‌‌ ഞങ്ങളുടെ 'പകലി'ലേതാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.പൂജയ്‌ക്കും റെക്കോഡിങ്ങിനും സാംസ്‌കാരികമന്ത്രി എം എ ബേബിയും ആരോഗ്യമന്ത്രി പി കെ ശ്രീമതിടീച്ചറും എം ജി രാധാകൃഷ്‌ണന്‍ സാറും ഭാര്യയും മറ്റനവധിപേരുമുണ്ടായിരുന്നു.തലസ്ഥാനത്തെ എം എ നിഷാദിന്റെ ബന്ധങ്ങളായിരുന്നു എല്ലാം.തീര്‍ച്ചയായും എന്റെ ധന്യത.
ഇപ്പോള്‍ ആ രണ്ടുപേരും നമുക്കിടയില്‍നിന്ന്‌ വിട വാങ്ങിയിരിക്കുന്നു.ഗിരീഷേട്ടനെ ഞാന്‍ ഒടുവിലായി കണ്ടത്‌‌ മാധ്യമം സഹപത്രാധിപര്‍ എന്‍ പി സജീഷിന്റെ വിവാഹത്തിന്‌ കോഴിക്കോട്‌ പോയപ്പോഴാണ്‌.സദ്യയ്‌ക്കു ശേഷം ഞങ്ങള്‍ ഓഡിറ്റോറിയത്തില്‍ മാറിയിരുന്ന്‌ ഏറെ സംസാരിച്ചിരുന്നു.വീട്ടിലേക്ക്‌ നിര്‍ബന്ധമായി വിളിക്കുകയും ചെയ്‌തിരുന്നു.അന്ന്‌ പോകാന്‍ കഴിഞ്ഞില്ല.മാസങ്ങള്‍ കഴിഞ്ഞ്‌ ഗിരീഷേട്ടന്‍ വേര്‍പെട്ടുപോവുകയും ചെയ്‌തു.ഇപ്പോള്‍ രാധാകൃഷ്‌ണന്‍ സാറും.
എന്റെ ആദ്യപടത്തിന്റെ ഗാനശില്‌പികളിലെ രണ്ടുപേരും ആ വലിയ സംവിധായകന്‍ വിളിച്ചിട്ട്‌ നേരത്തേ കടന്നുപോയി.നമ്മുടെ ഈ കാലം ഘനശ്യാമസന്ധ്യാഹൃദയം പോലെ വിഷാദമൂകമാകുന്നു.ഓര്‍മ്മകള്‍ ബാക്കിയാവുകയാണ്‌.മഹാപ്രതിഭകള്‍ നമുക്കുതന്നിട്ടുപോയ അനശ്വരരചനകളും.

8 comments:

 1. Well written...Keep posting..all the best

  Thanks
  -Pramod

  ReplyDelete
 2. 'എന്തിത്ര വൈകി നീ സന്ധ്യേ' ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണ്. അതിന്റെ പിറവിയില്‍ കൂടെയിരുന്നതിന്റെ അനുഭവം പങ്കുവെച്ചത് നന്നായി. നല്ല പാട്ടുകളും പാട്ടുകാരും മറഞ്ഞുപോവുകയാണോ?

  ReplyDelete
 3. കാലത്തിന്റെ കുത്തൊഴുക്കില്‍ കൈവിട്ടുപോയ സംഗീതലോകത്തെ ആചാര്യന്മാരോടുത്തുള്ള അനുഭവം ഒരു വായന എന്നതിനേക്കാളുപരി അവരുടെ കലാസ്രിഷ്ടിയിലേക്കുള്ള ഒരു കടന്നുപോക്കായി മാറീയിരിക്കുന്നു.

  ആശംസകള്‍....!

  ReplyDelete
 4. MG yute pattinekkurichu veentumorkumbol addehathinu kavithayotundayirunn adaravum aduppavum manassilakunnu.

  ReplyDelete
 5. mmmmmmmmmmmchandu its good , remembrance of things past , eventhough past is not past.
  hahhahhahahahaaaaa

  ReplyDelete
 6. This is the second time I am coming here to read this..

  Each time, Girish Puthenchery gave me new lights to his character. I think he had few more faces..

  I was able to see everything well in front of my eyes while reading ur post.
  Let Girish's and MGR's souls rest in peace.

  ReplyDelete
 7. ആ ഗാനത്തിനു സന്ധ്യയുടെ ഭംഗിയുണ്ട്, വേദനയുണ്ട്...
  നന്ദി.

  ReplyDelete
 8. എത്രയെത്ര ആവർത്തിച്ചു കേട്ടാലും മതിവരാത്ത പാട്ടാണെനിക്കത്‌. ഏറ്റവും പ്രിയപ്പെട്ടത്‌. അതിന്റെ പുറകിലെ കഥ കൂ.റ്റി വായിക്കാനായപ്പോ അതിലേറെ സന്തോഷം.

  ReplyDelete