Sunday, July 18, 2010

നമുക്ക്‌ നിലപാടുകള്‍ ഉണ്ടായിരിക്കണം.



എപ്പോഴും താങ്കള്‍ ശരിയാണെന്നു പറയാതെ മാഷേ..
കുട്ടികള്‍ അതു മനസ്സിലാക്കിക്കൊള്ളട്ടെ.
സത്യം തള്ളിക്കളയരുത്‌,
അതിനത്‌ നല്ലതല്ല.
സംസാരിക്കുമ്പോള്‍ കേള്‍ക്കാനും ശ്രദ്ധിക്കുക.
-ബെര്‍തോള്‍ഡ്‌ ബ്രഹ്‌റ്റ്‌
>

കഴിഞ്ഞ രണ്ടാഴ്‌ചക്കാലം കെട്ടകാലമായിരുന്നു.വളരെ മോശപ്പെട്ട വാര്‍ത്തകളായിരുന്നു കേരളത്തില്‍ നിന്നു വന്നുകൊണ്ടിരുന്നത്‌.നമ്മള്‍ സംസ്‌കാരസമ്പന്നരാണെന്ന്‌ പറയാന്‍ അറപ്പിക്കുന്ന വാര്‍ത്തകള്‍.അതിനിടയില്‍പ്പെട്ട്‌ നട്ടം തിരിയുകയായിരുന്നു ഞാനും.
എന്തുകൊണ്ടോ ദുഖം തോന്നുന്നത്‌ നല്ലതല്ലെന്ന്‌ പലപ്പോഴും ഞാന്‍ സ്വയം പറയാറുണ്ട്‌.വിരുദ്ധ സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും അസാധാരണ സംഭവങ്ങളെ സമചിത്തതയോടെ നേരിടാനും ഞാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്‌.എന്നിട്ടും,കൈവിട്ടുപോയി.ദുഖം അതിന്റെ പരമാവധിയില്‍ എന്നെ തകര്‍ക്കുകയും ചെയ്‌തു.മനുഷ്യേതര മാര്‍ഗ്ഗങ്ങളിലൂടെ ഒരു സംഘടന സഞ്ചരിച്ച്‌,നിയമത്തെയും സമാധാനത്തേയും വെല്ലുവിളിച്ച്‌ ഒരു മനുഷ്യനെ കൈയേറ്റം ചെയ്യുകയും കൈ വെട്ടുകയും ചെയ്‌തതും,ദേശീയപത്രങ്ങളില്‍ വാര്‍ത്തയായ കമിതാക്കളെ രക്ഷിതാക്കള്‍തന്നെ കൊലപ്പെടുത്തുകയും ചെയ്‌ത കാര്യങ്ങളാണ്‌ പ്രധാനമായും ഞാനുദ്ദേശിച്ചത്‌.ഇതെല്ലാം ആര്‌ ആര്‍ക്കെതിരെ നടത്തുന്ന അക്രമമാണ്‌.?
പ്രാകൃതമായ ചരിത്രപശ്ചാത്തലത്തിലേക്ക്‌‌ നമുക്ക്‌ എളുപ്പം കടന്നുചെല്ലാന്‍ കഴിയും.അതിന്‌ ചരിത്രത്തിന്റെ പിന്‍ബലമുണ്ട്‌ എന്നതുതന്നെ പ്രധാനകാര്യം.
അത്തരം അനാചാരബദ്ധമായ ചരിത്രത്തിന്റെ പിന്‍ബലമുള്ളവരാണ്‌ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഝാര്‍ഘണ്ടിലെയുമൊക്കെ ജനത.അവിടെ ദളിത്‌ സാഹിത്യം വെറും ചൊറിച്ചിലുകളായി തരംതാഴാത്തതിനും ഇവിടെ ദളിത്‌ സാഹിത്യം ആരുടെയോ അക്കൗണ്ട്‌ തുറക്കലുകളായി മാറുന്നതിനും പിന്നില്‍ ചരിത്രത്തിന്റെ ഈ നിശ്ചലതയുണ്ട്‌.അത്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രതിഫലിക്കുന്നു.ആണും പെണ്ണും പ്രണയിക്കുന്നത്‌ ബൈബിളിന്റെയും അതിനും മുമ്പുള്ള ഐതിഹ്യങ്ങളുടെയും കാലത്തെ യഥാര്‍ത്ഥകാര്യമാണ്‌.അതില്‍ കൊതിക്കെറുവ്‌ കാട്ടുന്നവര്‍ അക്കാലത്തുമുണ്ടായിരുന്നു.കൊലയുടെയും പ്രതികാരത്തിന്റെയും ദാരുണമായ ആത്മഹത്യകളുടെയും ഒളിച്ചോട്ടങ്ങളുടെയും ഏകാന്തവാസത്തിന്റെയും കഥകള്‍ പ്രചരിപ്പിക്കുന്നവയാണ്‌ ഓരോ പ്രണയവും.ഓരോ കമിതാക്കളും.കേരളത്തിലാവുമ്പോള്‍ അത്‌ മിക്കവാറും ആത്മഹത്യയുടെയും ഒറ്റപ്പെട്ട ജീവിതത്തിന്റെയും രക്തസാക്ഷിത്വങ്ങളായി മാറുന്നു.വിദേശത്താവുമ്പോള്‍ മാനവികമായ അപാരമായ തിരിച്ചറിവിന്റെയും അംഗീകരിക്കലുകളുടെയും തുറന്ന വിനിമയങ്ങളും മാതൃകകളുമായി മാറുന്നു.അതില്‍ ജാതി/വര്‍ഗ്ഗ/വര്‍ണ്ണം കലരുമ്പോള്‍,മനുഷ്യജീവിതം ഉയര്‍ത്തിപ്പിടിക്കുന്ന അന്തസ്സിന്‌ നാശം സംഭവിക്കുകയാണ്‌.അതാണ്‌ ഇപ്പോള്‍ ഡെല്‍ഹിയില്‍ നടക്കുന്നത്‌.
അനുനിമിഷം വളരുന്ന ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ്‌ ഡെല്‍ഹി.മെട്രോ റെയില്‍വേയും വിമാനത്താവളവും ആധുനിക വികസനമാതൃകകളുമായി ആ നഗരം നമ്മെ വിസ്‌മയിപ്പിക്കും.ഡെല്‍ഹിയിലും മുംബൈയിലും ബാംഗ്ലൂരിലും താമസിച്ചിട്ടുള്ളപ്പോഴൊക്കെ അവിടുത്തെ നാഗരികജീവിതത്തിന്റെ ആധുനികമായ വളര്‍ച്ച,മനുഷ്യബന്ധങ്ങളിലെ അകൃത്രിമമായ അകലമില്ലായ്‌മ,പ്രത്യേകിച്ചും സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ ഊഷ്‌മളമായ അടുപ്പം,മലയാളിയെ അസൂയപ്പെടുത്തുകയും നാണിപ്പിക്കുകയും ചെയ്യുന്ന ഔചിത്യപൂര്‍ണ്ണമായ ആ വളര്‍ച്ച എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌.ആ അര്‍ത്ഥത്തിലും മറ്റനേകം കാര്യങ്ങളിലും ഇന്ത്യ കൈവരിക്കുന്ന ഉയര്‍ച്ച അഭിമാനാര്‍ഹമാണ്‌.
ഇപ്പോള്‍,കഴിഞ്ഞ പതിന്നാലുദിവസങ്ങള്‍ക്കുള്ളില്‍,ആറോളം കൊലപാതകങ്ങലാണ്‌ ഡെല്‍ഹിയില്‍ നടന്നത്‌.ദാരുണമായ മരണത്തിനിരയായവര്‍ ചെയ്‌ത കുറ്റം,അവര്‍ ലോകത്തിലെ ഏറ്റവും മഹനീയമായ കൃത്യമായ പ്രണയത്തില്‍ ലയിച്ചിരുന്നു എന്നതാണ്‌.ആണും പെണ്ണും ഇഷ്ടപ്പെട്ട പങ്കാളിയെ ഉപാധികളില്ലാതെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണല്ലോ പ്രണയം.അതില്‍,ജാതിയോ പണമോ ജോലിയോ മറ്റ്‌ അനാരോഗ്യകരമായ സാങ്കേതികത്വമോ അവര്‍ക്ക്‌ മറയും തടസ്സവുമാവുന്നില്ല.അവരെ അവരുടെ വിധിക്ക്‌,അത്‌ നമ്മുടെ കാഴ്‌ചപ്പാടില്‍ വിജയമോ പരാജയമോ ആയിക്കൊള്ളട്ടെ നീങ്ങാന്‍ അനുവദിക്കുകയാണ്‌ വേണ്ടത്‌.അത്തരത്തിലുള്ള മിശ്രവിവാഹിതരുടെ കാര്യശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ നമുക്കിടയില്‍ വളരാന്‍ ഇടവും സൗകര്യവും ആദരവും കൊടുക്കുകയാണ്‌ ഓരോ മനുഷ്യനും ചെയ്യേണ്ടത്‌.അല്ലാതെ അവരെ തളര്‍ത്തുകയല്ല.

ഡെല്‍ഹിയില്‍ നടന്നുവരുന്ന കൊലപാതകങ്ങള്‍ നാണക്കേടാണ്‌.ജാതിചിന്തയെ തകര്‍ത്തെറിയുന്ന ഇന്ത്യയിലെ യഥാര്‍ത്ഥ വിപ്ലവകാരികള്‍ പ്രണയികളാണ്‌.വര്‍ണ്ണവെറിയെ ഞെട്ടിച്ചുകളയുന്ന ലോകത്തിലെ സര്‍വ്വാദരണീയരായ ഏകാധിപതികള്‍ കമിതാക്കളാണ്‌.കമിതാക്കളെ കൊല്ലാന്‍ നാം അനുവദിച്ചുകൂടാ.


ഉയര്‍ന്ന വിദ്യാഭ്യാസവും കാര്യപ്രാപ്‌തിയും വകതിരിവും വോട്ടവകാശവുമുള്ള ചെറുപ്പക്കാരായ പൗരന്മാരാണ്‌ അവര്‍.അവരെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ വളര്‍ച്ചയെയാണ്‌ കശാപ്പുചെയ്യുന്നത്‌.അവഹേളിക്കുന്നത്‌ ഗാന്ധിജിയെയും അംബേദ്‌കറേയും ടാഗോറിനെയും വിവേകാനന്ദനെയും പോലുള്ള മഹദ്‌ വ്യക്തികളെയാണ്‌.

വര്‍ഗ്ഗീയ സംഘടനകളും കൂടയിലെ വിഷപ്പാമ്പുകളും.

ചരിത്രത്തിന്റെയും സ്വാതന്ത്യത്തിന്റെയും രാഷ്ട്രവികസനത്തിന്റെയും ഉദാഹരണങ്ങളെ ഹനിച്ചുകളയുന്ന ഇത്തരം പ്രവണതകള്‍ക്ക്‌ വളം ചെയ്‌തുകൊടുക്കുന്നത്‌ ആരാണ്‌.?
ഇന്ത്യയിലെ ജാതിസംഘടനകള്‍ തന്നെ.ബി ജെ പിയും എന്‍ ഡി എഫും ആര്‍ എസ്‌ എസും ശ്രീരാമസേനയും പഴയ മദനിയുടെ പി ഡി പിയും പോലുള്ള വര്‍ഗ്ഗീയസംഘടനകളാണ്‌ ഇത്തരത്തില്‍ പ്രാകൃതമായി ചിന്തിക്കാന്‍ വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പ്രേരിപ്പിക്കുന്നത്‌.താലിബാനിസവും ഫത്‌വയും ഇവിടെയും നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ തകര്‍ക്കുന്നത്‌ സാധാരണ ജനജീവിതത്തെയാണ്‌.ഇത്തരം ഭരണാഘടനാ വിരുദ്ധവും പുരോഗമനവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നീക്കങ്ങളെ ചെറുത്തുതോല്‌പിക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്ന ഇടതുപക്ഷവും മറ്റൊരു രീതിയിലുള്ള അസ്വീകാര്യമാര്‍ഗ്ഗങ്ങളിലേക്ക്‌ അധപ്പതിക്കുന്നതാണ്‌ ഏറെ സങ്കടകരം.സ്‌ത്രീ-പുരുഷ ബന്ധങ്ങളില്‍ കേരളം കാലോചിതമായി അംഗീകരിക്കേണ്ട മാറ്റങ്ങളിലേക്ക്‌ ജനശ്രദ്ധ തിരിച്ച സക്കറിയയെ കൈയേറ്റം ചെയ്‌തത്‌ ഇടതുപക്ഷാനുഭാവികളാണ്‌.സക്കറിയ പറഞ്ഞ അഭിപ്രായങ്ങളെ നാം ചര്‍ച്ചയ്‌ക്ക്‌ പരിഗണിക്കുകയല്ല ചെയ്‌തത്‌.അടിച്ചമര്‍ത്തുകയാണ്‌.വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നത്‌്‌ ജനാധിപത്യമാര്‍ഗ്ഗമല്ല.വിയോജിപ്പുകളുണ്ടെങ്കില്‍,ബൗദ്ധികമായി വിലയിരുത്തുകയും ഉചിതമായി പരാജയപ്പെടുത്തുകയും വേണം.ഉചിതമായ പരാജയപ്പെടുത്തല്‍,തല്ലുകൊടുക്കുന്നതും കൈവെട്ടുന്നതുമാകുമ്പോള്‍ മാര്‍ഗ്ഗം അലക്ഷ്യമാകുന്നു.അലക്ഷ്യമായ മാര്‍ഗ്ഗത്തില്‍ പോയിരുന്നവരല്ല പഴയ കമ്യൂണിസ്റ്റുകള്‍.സക്കറിയയ്‌ക്ക്‌ സംഭവിച്ചത്‌‌ തന്നെയാണ്‌ സി ആര്‍ നാലകണ്‌ഠനെതിരെയും ഉണ്ടായത്‌.വാസ്‌തവത്തില്‍ ഏതാണ്‌ താലിബാന്‍?ഏതാണ്‌ ഫത്‌വ?ആരാണ്‌ ഇരയുടെ പക്ഷത്ത്‌?
അപചയങ്ങള്‍ പലതുണ്ടെങ്കിലും ഇന്നും മനുഷ്യനില്‍ പ്രത്യാശയുണര്‍ത്താന്‍ കഴിയുന്നത്‌്‌ ഇടതുപക്ഷചിന്തകള്‍ക്ക്‌്‌്‌ തന്നെയാണെന്നതില്‍ എനിക്കു സന്തോഷമുണ്ട്.പകരം വയ്‌ക്കാന്‍ മറ്റൊന്നില്ലാത്ത സാഹചര്യത്തില്‍,മതങ്ങളും ജാതിയും മുന്‍നിര്‍ത്തി കപടമതേതര വാദികളും ഉഗ്രമൂര്‍ത്തികളായ മതവാദികളും(ക്രിസ്‌ത്യന്‍,ദളിത്‌,മുസ്ലീം,ഹിന്ദു,സിഖ്‌‌...കൂടാതെ പലതരം പ്രാദേശികവാദികളും.)ഉയര്‍ത്തുന്ന ഭീഷണികളെ നിലംപരിശാക്കാന്‍ ഇടതുപക്ഷത്തിന്‌ കഴിയേണ്ടതാണ്‌.വാസ്‌തവത്തില്‍ അതിനവര്‍ക്ക്‌ ഇപ്പോള്‍ കഴിയുന്നുണ്ടോ..?
തൊടുപുഴയിലെ ന്യൂമാന്‍ കോളജ്‌‌ അദ്ധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവം നമ്മെ എന്താണ്‌‌ പഠിപ്പിക്കുന്നത്‌‌?

ഒരു മുസ്ലീം നാമത്തെ,ഹിന്ദുനാമത്തെ,ക്രിസ്‌ത്യന്‍നാമത്തെ ചോദ്യപേപ്പറിലോ പ്രസംഗത്തിലോ എഴുതുന്ന സാഹിത്യത്തിലോ ഉപയോഗിച്ചാല്‍-നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഓര്‍മ്മിക്കുക-ആര്‍ക്കും വന്ന്‌ നമ്മുടെ കൈവെട്ടാമെന്നോ..!അതിന്‌ മതത്തെ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കില്‍ മതനിന്ദ ഉണ്ടാക്കുന്നു എന്നോ കാരണം പറഞ്ഞാല്‍ മതിയെന്നോ..!എങ്കില്‍ നിയമവും ഭരണഘടനയും ജനാധിപത്യവും എന്തിന്‌? നമുക്ക്‌ രാജ്യത്തിന്റെ ഭരണഘടന റദ്ദു ചെയ്‌ത്‌ രാജ്യത്തെ ഒരു കാലിത്തൊഴുത്താക്കിയാല്‍ പോരെ?

ബഹുദൈവങ്ങളുടെ ഭാരത്താല്‍ വലയുന്നവരാണ്‌ നമ്മള്‍.ഇപ്പോള്‍ അതിന്റെ ആയിരമിരട്ടി എന്നപോലെ മത-ജാതി വക്താക്കളും.ഏകദൈവസങ്കല്‌പത്തെ പരിപോഷിപ്പിക്കുന്ന,വിഗ്രഹാരാധനയെ ചെറുക്കുന്ന മുഹമ്മദീയ മതവിശ്വാസത്തെയാണ്‌ എനിക്കിഷ്ടം.നിര്‍ഭാഗ്യവശാല്‍,ഇപ്പോഴുള്ള നാനാജാതി മുസ്ലീം സംഘടനകളും ആ മതത്തെ ഇതരമതങ്ങളില്‍ നിന്ന്‌‌ ഒറ്റപ്പെടുത്തുകയാണ്‌.കൈവെട്ടിയ ക്രിമിനലുകളെ സഹായിച്ച ഡോക്ടറും കൂട്ടാളികളും ഉണ്ടാക്കിയെടുത്തിരിക്കുന്ന,പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം അപകടകരമായ ഒരു നീക്കത്തിന്റെ കൊടിവീശലായി ഞാന്‍ കാണുന്നു.
ചേകന്നൂര്‍ മൗലവിയും ടി ജെ ജോസഫും സക്കറിയയും സി ആര്‍ നീലകണ്‌ഠനും കാസര്‍കോട്ടെ മുസ്ലീം യുവതിയെ പ്രണയവിവാഹം ചെയ്‌ത ബാലകൃഷ്‌ണനും നമുക്കിടയില്‍ ഇടക്കിടെ ഉണ്ടാകുന്നത്‌ കാണേണ്ടി വരുന്നതിനെ നാം തിരിച്ചറിയണം.നാം സമൂഹജീവിയായ മനുഷ്യനാണെന്ന്‌ മറക്കാതിരിക്കണം.പള്ളികളില്‍ സഭയുടെ വിദ്യാലയങ്ങളില്‍ ക്രിസ്‌ത്യന്‍ കുട്ടികളെ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ പുരോഹിതനും മതം വലുതാക്കാന്‍ ധാരാളം കുട്ടികളെ ഉല്‌പാദിപ്പിക്കണം എന്ന്‌ ആഹ്വാനം ചെയ്യുന്ന മതനേതാക്കന്മാരും സാധാരണ മതവിശ്വാസികളുടെ തലച്ചോറിനെ വിഷപാമ്പിനെ ഒളിപ്പിച്ച കൂടകളാക്കുകയാണ്‌.
ടി ജെ ജോസഫ്‌ എന്ന അദ്ധ്യാപകന്‍ പി ടി കുഞ്ഞുമുഹമ്മദിനെയാണ്‌ ചോദ്യപേപ്പറില്‍ ഉദ്ധരിച്ചത്‌ എന്ന സത്യം പ്രചരിപ്പിക്കാന്‍ നമ്മുടെ പല മാധ്യമങ്ങളും മിനക്കെട്ടില്ല എന്ന കാര്യവും നമുക്കിവിടെ ഓര്‍ക്കാം.അതുകൊണ്ട്‌‌,വിഫലമെന്നു അറിയാമെങ്കിലും നമുക്ക്‌ വെറുതെ വിലപിക്കാം.

കശ്‌മീരിലെ അശാന്തികള്‍..

ജൂണിലാണ്‌ ഞാന്‍ ഒരു മാസത്തെ താമസത്തിനുശേഷം കശ്‌മീരില്‍ നിന്നു മടങ്ങിവന്നത്‌.അപ്പോള്‍ പോന്നില്ലായിരുന്നെങ്കില്‍,വിദേശികളായ സഞ്ചാരികള്‍ യാത്ര റദ്ദുചെയ്‌ത്‌ സ്വദേശങ്ങളിലേക്ക്‌‌ മടങ്ങുന്നത്‌‌ കാണാമായിരുന്നു.തെരുവുകള്‍ ആളൊഴിഞ്ഞ്‌ വിജനമാകുന്നത്‌ വേദനിപ്പിക്കുമായിരുന്നു.സാധാരണക്കാരന്‍ പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റുവീഴുന്നത്‌ സാക്ഷ്യപ്പെടുത്താന്‍ ഇടയാകുമായിരുന്നു.1993-നു ശേഷം കശ്‌മീര്‍ തെരുവുകളില്‍ പട്ടാളമിറങ്ങുന്നത്‌‌ ഞെട്ടലോടെ അനുഭവിക്കുമായിരുന്നു...ഇല്ല,അകലെയിരുന്ന്‌‌ വേദനിക്കാനായി മടങ്ങിപ്പോന്നു.
കശ്‌മീരിനെ അല്‌പമെങ്കിലും അറിഞ്ഞതുകൊണ്ടാണ്‌ ദുഖം തോന്നുന്നത്‌.ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍,ആന്ധ്രയിലും ബംഗാളിലും മഹാരാഷ്ട്രയിലും നടക്കുന്നതിനെക്കാള്‍ അധികമൊന്നുമല്ല കശ്‌മീരില്‍. പക്ഷേ,ഇവിടെ മരിച്ചുവീഴുന്ന സാധാരണക്കാരില്‍ വല്ലാത്തൊരു ദൗര്‍ഭാഗ്യംകൂടി കൂടിച്ചേരുന്നുണ്ട്‌‌.അത്‌‌ രാഷ്ടീയഅശരണന്റെ വേദനയാണ്‌.ഒരു തര്‍ക്കസ്ഥലത്തു തുടരുന്നവന്റെ കണ്ണീരാണ്‌.
കശ്‌മീരിയെ ശ്രദ്ധിച്ചാല്‍ അറിയാം,കൊടുംനിസ്സംഗതയാണ്‌ അവന്റെ ചെറിയ കണ്ണുകളില്‍.പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ നിസ്സഹായതയുടെ വേദന.ഇപ്പോള്‍ കശ്‌മീര്‍ സാധാരണ ജീവിതത്തിലേക്ക്‌ പതിയെ തിരിച്ചുവന്നുതുടങ്ങി.അറിഞ്ഞുപോന്നതിനാല്‍,ഓരോ വാര്‍ത്തയും വായിക്കുമ്പോള്‍ ആ പ്രദേശങ്ങള്‍ കണ്ണില്‍ നിറയുന്നു...
പ്രിയപ്പെട്ട കശ്‌മീര്‍,ഇവിടെ ഞങ്ങളും ഭീതിയിലാണ്‌.തലപോകുമോ കൈപോകുമോ വായ തുറക്കാമോ എന്നെല്ലാമുള്ള ഭിതിയില്‍.!ഇന്ത്യയുടെ തെക്കും വടക്കും ഒരു പോലെയായാല്‍,മദ്ധ്യകാല ഇന്ത്യയുടെ ചരിത്രം പരസ്യമാക്കി സ്ഥാപിച്ച്‌‌ നമുക്ക്‌‌ പരസ്‌പരം രാഷ്ട്രീയഫലിതം പറയാം.

ഇങ്ങനെയെല്ലാമാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചകള്‍ കഴിഞ്ഞുപോയത്‌....

photo:dal lake by susmesh chandroth

4 comments:

  1. പ്രിയപ്പെട്ട സുസ്മേഷ്‌,നന്ദി സന്ദര്‍ശനത്തിനും നന്‍മമനസ്സ്‌ അടയാളപ്പെടുന്ന കുറിപ്പിനും. സുസ്മേഷിnte രചനകളില്‍ ഒടുവില്‍ വായിച്ചത്‌ മാ.ഭൂ.ആ യിലെ ഉപജീവിതകലോത്സവം ആയിരുന്നു. നന്നായിരുന്നു അത്‌. ഈ അടുത്ത്‌ ബ്ളോഗില്‍ വന്നിരുന്നു ഞാന്‍. ഉടനെ ഒരു കുറിപ്പ്‌ എഴുതി. അതില്‍ സാദത്‌ ഹസന്‍ മാന്തോയുടെ റ്റോബാ റ്റേക്‌ സിങ്ങ്‌ എന്ന കഥ ഞാന്‍ പരാമര്‍ശിച്ചു. ഉടനെ ആ കഥ നോക്കണമെന്നു തോന്നി. സുസ്മേഷിനുള്ള കുറിപ്പ്‌ പൂര്‍ത്തിയാക്കാതെ അതിലേക്കിറങ്ങി. അപ്പോള്‍ അത്‌ പരിഭാഷ ചെയ്യണമെന്നായി. ആ ഇരിപ്പില്‍ അതു ചെയ്തു. പിന്നെ കുറിപ്പ്‌ പോസ്റ്റ്‌ ചെയ്യാന്‍ വിട്ടു പോയി. എന്തായാലും ആ കൈകുറ്റപ്പടിനെ തിരുത്താന്‍ ഒരവസരം തന്ന്‌ സുസ്മേഷ്‌ വന്നതില്‍ സന്തോഷം.

    ചിരിക്കുന്ന മനുഷ്യന്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. -ബ്രെഹ്റ്റ്‌

    നന്ദി.

    ബന്ധം തുടരും.
    ഞാന്‍ വീണ്ടും ബ്ളോഗില്‍ വരുന്നുണ്ട്‌.

    സ്നേഹം.
    ഫൈസല്‍

    ReplyDelete
  2. പ്രിയ ഫൈസല്‍,
    സ്‌നേഹം ഒരു സാഗരമാണല്ലോ..സ്വാഗതം.

    ReplyDelete
  3. നല്ല ബ്ലോഗ്.. സത്യമാണ്... മനുഷ്യന്‍ ആര്‍ജിച്ചുവെന്ന് പറയപ്പെടുന്ന, അവകാശപ്പെടുന്ന സംസ്ക്കാരങ്ങളെല്ലാം പാഴായിപ്പോവുന്നു... സംസ്കാരങ്ങള്‍ പോട്ടെ.. സ്നേഹിക്കാനുള്ള കഴിവ് അതിനൊക്കെ മുന്‍പേ അവന് സ്വായത്തമായിരുന്നല്ലോ.. അതെന്തേ ഇല്ലാതാവുന്നൂന്നാണെനിക്ക് ദു:ഖം.. പിന്നെ പാര്‍ട്ടിയെപ്പറ്റിപ്പറഞ്ഞാല്‍ എന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മരിച്ചു പോയി... പക്ഷേ എന്റെ കമ്മ്യൂണിസം മരിച്ചിട്ടില്ല.. ആ ആവേശത്തില്‍ ഞാന്‍ ജീവിക്കുന്നു... അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം സ്വപ്നം കണ്ടുകൊണ്ട്.. അതിനുവേണ്ടി..

    ReplyDelete
  4. പ്രിയ സുസ്മേഷ് ,ബ്ലോഗ്‌ കണ്ടു .നന്നായിരിക്കുന്നു

    ReplyDelete