Friday, December 10, 2010

മെറൂണ്‍

സൈന്യത്തില്‍ ചേരുന്നതിന്‌ മുമ്പ്‌ എനിക്ക്‌ ചിത്രകലയിലായിരുന്നു താല്‌പര്യം.അതുകൊണ്ട്‌ പറയട്ടെ,നദിക്ക്‌ വെളുപ്പില്‍ പച്ച കലര്‍ന്ന ജലച്ചായനിറമായിരുന്നു.ശീതം കലര്‍ന്ന ഈ പച്ചയാണ്‌ സിന്ധുവിന്റെ സ്ഥായിയായ നിറം.കരയുടേത്‌ വെളുപ്പുകലര്‍ന്ന മഞ്ഞയും.വെള്ളത്തിലെത്തിയപ്പോള്‍ നദിയില്‍ നിന്ന്‌ തണുപ്പിന്റെ അനേകായിരം അലകള്‍ എന്റെ ശരീരകോശങ്ങളിലേക്ക്‌ കിനിഞ്ഞിറങ്ങി.അതെല്ലാം ഞാന്‍ മെറൂണ്‍ എന്ന ഇരുപത്‌കാരി പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി സഹിച്ചു.പക്ഷേ ആഴങ്ങളില്‍നിന്ന്‌ മൃതദേഹത്തിന്റെ വീണ്ടെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല.അതെനിക്കറിയാം.എങ്കിലും എനിക്കത്‌ കണ്ടെത്തിയേ മതിയാകൂ.അതുകൊണ്ട്‌ ആദ്യം ശിരസ്സ്‌,മുഖം,നെഞ്ച്‌,കാലുകള്‍?എന്നിങ്ങനെ ഞാന്‍ ജലത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു.
മെറൂണ്‍..
നദിയിലേക്ക്‌ ഊളിയിടുമ്പോള്‍ ഞാന്‍ നിശ്ശബ്‌ദം വിളിച്ചു.
വില്ലോ മരങ്ങള്‍ക്കിടയില്‍ മാനിനെപ്പോലെ അവള്‍ മറയുന്നത്‌ ഞാന്‍ അകക്കണ്ണില്‍ കണ്ടു.കരയില്‍ കാത്തുനില്‍ക്കുന്നവര്‍ കേള്‍ക്കുകയില്ല ഈ നിലവിളി.എന്നോടൊപ്പം വെള്ളത്തിലേക്ക്‌ കൂപ്പുകുത്തിയ മറ്റുള്ളവരും അറിയുകയില്ല ഈ ശബ്‌ദം.പക്ഷേ,മെറൂണ്‍ കേള്‍ക്കും.ഒരു സൈനികനോട്‌ ഇവിടുത്തെ ഏത്‌ ഗ്രാമവാസിക്കും തോന്നുന്ന മമതയും സ്‌നഹവും മാത്രമല്ല അത്‌.മെറൂണ്‍ മുതിരുമ്പോഴും വിവാഹിതയാവുമ്പോഴുമൊക്കെ ഞങ്ങളിവിടെയുണ്ടായിരുന്നു.മണല്‍ക്കുന്നുകളിലും കൃഷിയിടങ്ങളിലും ആടുകളെ മേയ്‌ക്കാന്‍ പോകുമ്പോഴും വില്ലോ മരത്തിന്റെ കൊമ്പുകളുമായി വീട്ടിലേക്ക്‌ പോകുമ്പോഴും അവള്‍ കൈയുയര്‍ത്തി വീശും.ലേയിലേക്കും ശ്രീനഗറിലേക്കുമുള്ള ഞങ്ങളുടെ യാത്രകളില്‍ എത്രയോ തവണ അവളെ വഴിയരികില്‍ കണ്ടിരിക്കുന്നു.വഴിയാത്രക്കാരായ കാറുകാരോട്‌ നിമ്മുവിലേക്കോ ഖാല്‍സിയിലേക്കോ ഒരു യാത്ര തരപ്പെടുത്താനായിരിക്കും ആ നില്‌പ്‌.കൂടെ ചിലപ്പോള്‍ ഗ്രാമത്തിലെ മറ്റു സ്‌ത്രീകളും കാണും.ബസുകളും സഞ്ചാരവാഹനങ്ങളും കുറവായതിനാല്‍ നാട്ടുകാരുടെ യാത്രയ്‌ക്ക്‌ അതേ വഴിയുണ്ടായിരുന്നുള്ളു.
സാസ്‌പോളിലായിരുന്നു അവളുടെ വീട്‌.കല്ല്‌ പെറുക്കി വച്ച്‌ മുകളില്‍ ചുള്ളിക്കമ്പ്‌ വിതറിയ അതിരുകള്‍.അതിനപ്പുറം മെറൂണിന്റെ ബന്ധുക്കളുടെ കൃഷിസ്ഥലം.തല വലുതായ കഴുതകള്‍ അലഞ്ഞുനടക്കുന്ന വഴികള്‍.അലസമായി ഉറങ്ങിക്കിടക്കുന്ന നായകള്‍.ട്രക്കുകളുടെ പിന്‍ഭാഗത്ത്‌ മടിയില്‍ നിറച്ച തോക്കുകളുമായി ഞങ്ങള്‍ ഇരിക്കുമ്പോള്‍ പാതവക്കില്‍ മെറൂണിനെ കാണുന്നത്‌ ഐശ്വര്യമായിരുന്നു.ഞങ്ങള്‍ ചിലപ്പോള്‍ വാതുവയ്‌ക്കും.
ഇന്ന്‌ ട്രാന്‍സിസ്റ്റ്‌ക്യാമ്പിനപ്പുറം മെറൂണുണ്ടായിരിക്കും.
അല്ല,അവളിന്ന്‌ പാടത്തായിരിക്കും.
ഇല്ല,മാര്‍ക്കറ്റിലേ കാണൂ,ഇന്ന്‌ വെയിലുണ്ടല്ലോ..
എവിടെയാണെങ്കിലും ഞാനവള്‍ക്ക്‌ ഒരു പറക്കുന്ന ചുംബനം കൊടുക്കും.
ഞാനും കൊടുക്കും.പക്ഷേ അവളെനിക്കേ തിരിച്ചുതരൂ..
കൈകള്‍ വീശി തുഴയുന്നതിനിടയില്‍ ഞാന്‍ വിചാരിച്ചു.മെറൂണിന്റെ മൃതദേഹം എനിക്കുതന്നെ നദിയുടെ ആഴങ്ങളില്‍നിന്ന്‌ കോരിയെടുക്കണം.പതിനെട്ടുമാസം മുമ്പ്‌ അവളുടെ ഭര്‍ത്താവ്‌ ഫൈസലിന്റെ ചിന്നിച്ചിതറിയ മൃതദേഹവും വാരിയെടുത്തത്‌ ഞാനാണ്‌.ശ്രീനഗറിലെ ചന്തയില്‍ ശിവാലിക്‌ ഹോട്ടലിനുസമീപം ന്യൂ കാശ്‌മീര്‍ ഡ്രൈഫ്രൂട്ട്‌സ്‌ കട നടത്തുകയായിരുന്നു ഫൈസല്‍.വൈകുന്നേരം ആറുമണിക്കുണ്ടായ സ്‌ഫോടനം.മിലിറ്റന്റ്‌സിനെ വധിച്ചശേഷം ഞങ്ങള്‍ തകര്‍ന്ന കടയ്‌ക്കരികിലെത്തി.അത്‌ മെറൂണിന്റെ ഭര്‍ത്താവിന്റെ കടയാണെന്ന്‌ ഞങ്ങളില്‍ ചിലര്‍ക്ക്‌ അറിയാമായിരുന്നു.ഫൈസലിന്റെ മൃതദേഹത്തിന്‌ ചൂടും രക്തപ്പശയും മാംസത്തിന്റെ ചിന്നിപ്പറിഞ്ഞ ശകലങ്ങളുമുണ്ടായിരുന്നു.ഫൈസല്‍ എന്ന സങ്കല്‌പത്തില്‍ വീണുകിടന്നു കരയുമ്പോള്‍ മെറൂണ്‍ ഞങ്ങള്‍ക്ക്‌ അപരിചിതയായി.അതുവരെ കാണാത്ത വേറേതോ മെറൂണ്‍.എന്നാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടെടുക്കാന്‍ പോകുന്ന മെറൂണിന്റെ ശവം ചിതറിയിട്ടുണ്ടാവില്ല,വിറങ്ങലിച്ചിട്ടേ ഉണ്ടാകൂ.പക്ഷേ അത്‌ മെറൂണിന്റേതാണ്‌.അതിനാല്‍ മണ്ണിനെയും വെയിലിനെയുമൊക്കെപ്പോലെ ഒരു ചൈതന്യം ശവശരീരത്തിലും അവള്‍ അവശേഷിപ്പിച്ചുണ്ടാകും.
മെറൂണ്‍..
ചുണ്ണാമ്പുകല്ലിന്റെയും പരുക്കന്‍ കല്ലിന്റെയും ഇടയിലാണോ നീ.?
ഞാന്‍ ആഴങ്ങളിലേക്ക്‌ കണ്ണുതുറന്ന്‌ അന്വേഷിച്ചു.അപ്പോള്‍ അദ്‌ഭുതകരമായ വിധത്തില്‍ ജലത്തില്‍ നിന്ന്‌ ഞാനവളുടെ ഞരക്കം കേട്ടു.അതുകേട്ടതോടെ ആഹ്ലാദത്തിന്റെ ഒരു നുര എന്നെ വന്നുതൊട്ടു.പക്ഷേ അത്‌ ക്ഷണികമായിരുന്നു.മരിച്ചുകഴിഞ്ഞ മെറൂണിന്റെ സ്വരമാണ്‌ ഞാന്‍ കേട്ടതെന്ന്‌ വൈകാതെയെനിക്ക്‌ മനസ്സിലായി.അതു അത്രമാത്രം നേര്‍ത്തിരുന്നു.അതില്‍ പ്രത്യാശയുടെയോ അതിജീവനത്തിന്റെയോ കണികപോലും ഉണ്ടായിരുന്നില്ല.അതിനര്‍ത്ഥം അവള്‍ ഈ ദേശം വിട്ട്‌ പോയിക്കഴിഞ്ഞു എന്നുതന്നെയാണ്‌.
അപ്പോള്‍ അഗാധതയില്‍നിന്ന്‌ മെറൂണിന്റെ ശബ്‌ദം വീണ്ടും കേട്ടു.പോപ്ലാര്‍ മരങ്ങളുടെ ഇലകളുലയുന്നതുപോലെയായിരുന്നു അത്‌.
മെറൂണ്‍..ആകാശനീല നിറമുള്ള ശിരോവസ്‌ത്രമണിഞ്ഞ്‌ പാദാകൃതിയുള്ള ഷൂസുമിട്ട്‌ മുതുകില്‍ വച്ച കുട്ടയും പേറി നീയിങ്ങനെ ഓടല്ലേ.കൂണുകളല്ല,മൈനുകളാണ്‌ അതെല്ലാം.
ഫൈസല്‍ മരിച്ചതിനുശേഷമുള്ള മെറൂണാണ്‌ മറുപടി പറയുന്നത്‌.
ഇല്ല ബാബു,മൈനുകളെ എനിക്കിപ്പോള്‍ ഭയമില്ല.ഫൈസലിനുശേഷം ഞാന്‍ ജീവിച്ചത്‌ എന്റെ ഉപ്പയ്‌ക്കുവേണ്ടിയാണ്‌.സഞ്ചാരികളെ കൂട്ടിനടന്ന്‌ ദേശം കാട്ടി കുടുമ്പം പുലര്‍ത്തിയ ഉപ്പയ്‌ക്കുവേണ്ടി.പിന്നെ..
മെറൂണ്‍ നിശ്ശബ്‌ദയായി.അവള്‍ ആരെയോ ഓര്‍മ്മിക്കുകയായിരുന്നു.
അവളുടെ അച്ഛന്‍ അലി എന്റെ മനസ്സിലേക്ക്‌ വന്നു.നീണ്ട മൂക്കുളള സാധുവായ ലഡാക്കി.സഞ്ചാരികളെയും കൂട്ടി സീസണുകളില്‍ അയാള്‍ തടാകങ്ങള്‍ ചുറ്റാനിറങ്ങും.ദാലിന്റെ നെഞ്ചിലൂടെ ശിക്കാറിയില്‍ അയാള്‍ പകലുകള്‍ താണ്ടും.അല്ലാത്തപ്പോള്‍ തടാകത്തിന്റെ നാഭിയില്‍ ചൂണ്ടലിട്ട്‌ മത്സ്യങ്ങളെ പിടിക്കും.ഒഴിവുനേരങ്ങളില്‍ മരുമകന്റെ കടയില്‍ ചെന്നിരിക്കും.ഞാന്‍ ആ ചിന്തകളില്‍ നിന്നു കുതറിമാറി.പക്ഷേ മെറൂണ്‍ ഓരോന്ന്‌ ഓര്‍മ്മിച്ചുകൊണ്ട്‌ പറയുകയും ചിരിക്കുകയും ചെയ്‌തു.
ബാബു,ഫൈസല്‍ എന്നോട്‌ പൊറുക്കട്ടെ,ഇമ്രാനെന്നാണ്‌ അവന്റെ പേര്‌.തെമ്മാടിയില്‍ ഒട്ടും കുറയാത്ത ഒരുത്തന്‍.അവന്‍ എന്നെ കാണാന്‍ വന്നു.പലതവണ ഞാനും അവനെ കാണാന്‍ പോയി.അതറിഞ്ഞ്‌ ഉപ്പ എല്ലായ്‌പ്പോഴും എന്നെ വിലക്കി.അപ്പോള്‍ ഞാന്‍ കരയും.ഞാന്‍ കരയുമ്പോള്‍ ഉപ്പയും കരയും.ഒടുവില്‍ ഒരു വിധവയായിരുന്നിട്ടും അവന്റെ കൂടെ ജീവിക്കാന്‍ ഉപ്പ എന്നെ അനുവദിച്ചു.പക്ഷേ അവന്‍ അനുവദിക്കും മുമ്പേ...
മെറൂണ്‍ നിശ്ശബ്‌ദയായി. ഫൈസലിന്റെ ജീവിതത്തിനുശേഷം അവളെ നേരിടാന്‍ ഞങ്ങള്‍ക്ക്‌ മടിയുണ്ടായിരുന്നു.ഞങ്ങള്‍ വെറും പട്ടാളക്കാര്‍ മാത്രമായിരുന്നില്ല.ഗ്രാമീണരായിരുന്നു ഞങ്ങളുടെ ബന്ധുക്കള്‍.അതുകൊണ്ട്‌ ഞങ്ങള്‍ക്കാ കഥ അറിയില്ലായിരുന്നു.
സിന്ധുവിന്റെ തണുപ്പിലേക്ക്‌ ഞാന്‍ ഊളിയിട്ടുപോയി.മെറൂണ്‍ പറയുന്നത്‌ കേള്‍ക്കാന്‍.
ബാബു,വില്ലോ മരങ്ങളെ കണ്ടിട്ടില്ലേ.നീണ്ടുയര്‍ന്ന്‌,പച്ചിലകള്‍ നിറച്ച്‌,കാറ്റിലുലഞ്ഞ്‌ നില്‍ക്കുന്നത്‌.അതേപോലെയായിരുന്നു ഇമ്രാനും.ഖാല്‍സിയില്‍ വച്ചാണ്‌ ഞാനവനെ ആദ്യമായി കണ്ടത്‌.ഉയരമായിരുന്നു അവന്റെ ഗാംഭീര്യം.വേണമെങ്കില്‍ അവനൊരു നാടോടിയായിരുന്നു എന്നു പറയാം.അവനാണെനിക്ക്‌ ജീവിതത്തെപ്പറ്റി പറഞ്ഞുതന്നത്‌.അല്ലെങ്കില്‍ ഫൈസല്‍ മരിച്ച ദുഖത്തില്‍ ഞാന്‍ പതറിപ്പോകുമായിരുന്നു.
മെറൂണ്‍ അവനുമൊത്തുള്ള സംഭാഷണങ്ങള്‍ ഓര്‍മ്മിച്ചു.
ഞാന്‍ ചോദിച്ചു.
ഇമ്രാന്‍,മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളെ എന്തുചെയ്യണം.
ഇമ്രാന്‍ പറഞ്ഞു.
അങ്ങനെയൊന്നില്ല.എല്ലായ്‌പ്പോഴും അവശേഷിക്കുന്നത്‌ വിസര്‍ജ്ജ്യം മാത്രമാണ്‌.മനസ്സിന്റെയും ശരീരത്തിന്റെയും.രണ്ടും നമുക്കാവശ്യമില്ല.
ഞാന്‍ ചോദിച്ചു.
എങ്ങനെയാണ്‌ ലഘുവാകാന്‍ കഴിയുന്നത്‌.
ഇമ്രാന്‍ പറഞ്ഞു.
വിസര്‍ജ്ജ്യത്തെ സംബന്ധിച്ച കാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ലഘുവാകാന്‍ കഴിയും.സ്‌ത്രീകള്‍ക്ക്‌ സങ്കീര്‍ണ്ണമാകാനേ സാധിക്കൂ.
ബാബൂ,ഞാനന്നേരം മിണ്ടാതെ നിന്നു.എന്റെ മനസ്സിന്റെയും ശരീരത്തിന്‍യും വിസര്‍ജ്ജ്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധാലുവാകാതെ എനിക്കു കഴിയുകയില്ലായിരുന്നു.അതെനിക്കറിയാമായിരുന്നല്ലോ.ഫൈസല്‍ മരിച്ചതിനുശേഷം,ഞങ്ങളുടെ ഗാമത്തിലെ മഞ്ഞകൊക്കുകളുള്ള കാക്കകളെപ്പോലെയായിരുന്നു കലണ്ടര്‍.നിശ്ചലം.അതിനെ ഭേദിച്ചത്‌ നിങ്ങളുടെയും അവരുടെയും തോക്കുകളുടെ ശബ്‌ദം.പിന്നെ ഇമ്രാന്റെ സ്വരവും.
എന്നിട്ട്‌,ഇമ്രാനെന്തു സംഭവിച്ചു.എന്തുകൊണ്ട്‌ നീ ഇമ്രാനുവേണ്ടി നിലപാടെടുത്തില്ല.
ഞാന്‍ ചോദിച്ചു.ഒരിടത്തുനിന്നും മറുപടി വന്നില്ല.
ഞാന്‍ ചുറ്റിനും നോക്കി.പച്ച കലര്‍ന്ന ജലനീലിമ മാത്രം.അതിനിടയില്‍ അവളുടെ മുടിയിഴകള്‍ പോലെ എന്തോ ഉലഞ്ഞെത്തുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടേക്ക്‌ നീങ്ങിക്കൊണ്ട്‌ ഉറക്കെ വിളിച്ചു.
മെറൂണ്‍..
ബാബൂ,മരിച്ചുകഴിഞ്ഞ എന്നെയിനി തിരയുന്നതെന്തിനാണ്‌.ഉപ്പയ്‌ക്ക്‌ എന്റെ ശവം കാണുമ്പോള്‍ വലിയ സങ്കടമാവും.
അതവഗണിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
മെറൂണ്‍,കരയില്‍ കാത്തിരിക്കുന്നവര്‍ക്കിടയില്‍ നിന്റെ ഇമ്രാനുണ്ടോ.
ബാബൂ,ഇമ്രാന്‍ കരയില്‍ വന്ന്‌ കാത്തിരിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല.
എന്തുകൊണ്ട്‌.
ബാബൂ,ഇമ്രാന്‍ അങ്ങനെ ശീലിച്ചിട്ടില്ല.അവന്‍ സഞ്ചാരിയാണ്‌.അവന്‍ പറഞ്ഞിട്ടുള്ളത്‌ ആഗ്രഹങ്ങള്‍ക്കപ്പുറത്തേക്ക്‌ പറക്കാനാണ്‌.ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും അതാണ്‌.പിന്നെ കരയില്‍ വന്ന്‌ എന്റെ ശവം കാത്തിരിക്കാന്‍ അവനിപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഞാന്‍ ഭയാനകമായ ഒരു ചുഴിയിലകപ്പെട്ടു.ചുഴിയില്‍ നിന്നു പുറത്തുവരുമ്പോള്‍ എനിക്കെന്റെ മേലുള്ള നിയന്ത്രണം മുക്കാലും നഷ്‌ടമായിക്കഴിഞ്ഞിരുന്നു.മെറൂണിന്റെ യാതൊരു ഒച്ചയും കേള്‍ക്കാനില്ല.
നദിയുടെ അടിയൊഴുക്കിന്റെ ഒച്ച എനിക്കു കേള്‍ക്കാമായിരുന്നു.അലര്‍ച്ചപോലെയായിരുന്നു അത്‌.കൂര്‍ത്ത പാറക്കല്ലുകള്‍ തലപൊക്കി നില്‍ക്കുന്നത്‌ കാണാം.
ബാബു,നിങ്ങളുടെ ആളുകളാണ്‌ എന്റെ ഇമ്രാനെ കൊന്നത്‌.
ഞാന്‍ തുഴച്ചില്‍ നിര്‍ത്തി.നദി എന്നെയൊന്നു വട്ടം കറക്കി.ഇപ്പോള്‍ വളരെ അടുത്തെവിടെയോ ആണ്‌ മെറൂണ്‍.പച്ചവെള്ളത്തിനടിയിലെ കൊട്ടാരത്തില്‍ അവള്‍ ശ്വാസമെടുക്കുന്നത്‌ അറിയാം.സൈന്യമെന്തിനാണ്‌ ഇമ്രാനെ കൊല്ലുന്നത്‌.അതിനര്‍ത്ഥം അവന്‍ അപകടകാരിയായ..
ടപട്ടെന്ന്‌ എന്റെ മനസ്സു വായിച്ചതുപോലെ മെറൂണ്‍ ഉറക്കെ പറഞ്ഞു.
ഇല്ല,എന്റെ ഇമ്രാന്‍ യാതൊന്നു ചെയ്‌തിട്ടില്ല.ചെയ്‌തത്‌ നിങ്ങളൊക്കെയാണ്‌.
മെറൂണ്‍,വായടയ്‌ക്ക്‌.
ഞാന്‍ വെള്ളത്തിനടിയില്‍ സാധിക്കുന്നതുപോലെ അലറി.
ബാബൂ,ദേഷ്യപ്പെട്ടിട്ട്‌ എന്താണു കാര്യം.മരിച്ചുപോയ എന്റെ ഇമ്രാനെ ഇനി തിരിച്ചുകിട്ടുമോ. അന്ന്‌ മച്ചിലില്‍ ഒരേറ്റുമുട്ടലുണ്ടായത്‌ ഓര്‍ക്കുന്നില്ലേ.തീവ്രവാദികളെന്നു മുദ്ര കുത്തപ്പെട്ട നാലുപേരാണ്‌ അന്ന്‌ മരിച്ചത്‌.അതിലൊരാള്‍ വെറും നാടോടിയായിരുന്ന ഇമ്രാനായിരുന്നു.നിങ്ങള്‍ തന്നെ പിന്നീട്‌ പറഞ്ഞില്ലേ,അത്‌ വെറുമൊരു പകപോക്കലായിരുന്നു എന്ന്‌.വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന്‌.
മെറൂണിന്റെ കരച്ചില്‍ ഞാന്‍ കേട്ടു.ജലം തൊടും പോലെ ആര്‍ദ്രമായിരുന്നു അത്‌.
ഞാന്‍ ഓര്‍മ്മിച്ചു.ആറ്‌ ആഴ്‌ചകള്‍ക്കുമുമ്പ്‌ കുപ്‌ വാരയിലെ മച്ചിലില്‍ അങ്ങനെ ഒരേറ്റുമുട്ടലുണ്ടായിട്ടുണ്ട്‌.പിന്നീടത്‌ കമാന്‍ഡിങ്‌ ഓഫീസര്‍ കേണല്‍ പത്താനിയുടെയും മേജര്‍ ഉപീന്ദറിന്റെയും പ്രാദേശികവൈരാഗ്യമായിരുന്നു എന്ന്‌ സൈനികതലത്തില്‍ നിന്നുതന്നെ വിശദീകരണം വന്നിരുന്നു.രജപുത്‌ റജിമെന്റിലെ ഓഫീസര്‍മാരായിരുന്നു അവര്‍.നെഞ്ചില്‍ വെടിയേറ്റ്‌ മരിച്ചുവീണ നാലുചെറുപ്പക്കാരില്‍ ഒരാള്‍ അസാമാന്യ ഉയരമുണ്ടായിരുന്ന ഒരാളാണെന്ന്‌ ഞാനോര്‍മ്മിച്ചു.അതായിരിക്കണം ഇമ്രാന്‍.ഈ ഗ്രാമവാസികള്‍ക്ക്‌ ഇങ്ങനെയും ഒടുങ്ങാതെ വയ്യ.
മെറൂണ്‍,ഖാല്‍സിയില്‍ വച്ചു നീ പരിചയപ്പെട്ടത്‌ നിന്റെ വിധിയെയാണ്‌.
ഞാന്‍ പറഞ്ഞു.
നാണമില്ലേ ബാബൂ,നിരപരാധികളെ തോന്ന്യാസത്തിന്‌ വെടിവച്ചുകാന്നിട്ട്‌ ന്യായീകരിക്കാന്‍.നഷ്‌ടപ്പെട്ടത്‌ ഞാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എന്റെ ജീവിതമാണ്‌.എന്റെ യൗവനവും സ്വപ്‌നങ്ങളുമാണ്‌.എന്റെ രാജ്യസ്‌നേഹം പോലുമാണ്‌.അറിയ്യോ..
മെറൂണ്‍..
എന്നെ വിളിക്കേണ്ട,എന്റെ ശവം കാണുകയും വേണ്ട,ഞാന്‍ ഒഴുകുകയാണ്‌.ദൂരേയ്‌ക്ക്‌..
മെറൂണ്‍..
കൈ കുഴയും പോലെ എനിക്കു തോന്നി.എന്നെയാരോ താഴേക്ക്‌ വലിച്ചെടുക്കുംപോലെ.ശ്വാസത്തിനായി ഞാനൊന്നുപിടഞ്ഞു.പിന്നെ വീണ്ടും അടിത്തട്ടിലേക്ക്‌ ഊളിയിട്ടു.അപ്പോള്‍ ദൂരെയായി മെറൂണ്‍ ഒഴുകിനീങ്ങുന്നത്‌ കണ്ടു.എനിക്കു പിടിതരാതിരിക്കാന്‍ അവള്‍ വേഗത്തിലാണ്‌ നീങ്ങിക്കൊണ്ടിരുന്നത്‌.

48 comments:

  1. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സെപ്തംബര്‍ 19 ന് പ്രസിദ്ധീകരിച്ച കഥയാണ് മെറൂണ്‍.ആദ്യം വായിച്ചവര്‍ ക്ഷമിക്കുമല്ലോ.അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. സമകാലീന യാഥാര്‍ത്യങ്ങളിലേക്ക് viral ചൂണ്ടുന്ന kadha .nannaayi paranju .merun avalude peru pole kadhayum manoharam

    ReplyDelete
  3. ആനുകാലിക കഥ...നന്നായിരിക്കുന്നു

    ReplyDelete
  4. നല്ല കഥപറച്ചില്‍ രീതി.
    "വിസര്‍ജ്യ വിവരണങ്ങള്‍"ക്ക് കഥയില്‍ അത്ര പ്രസക്തിയുണ്ടോ.., അറിയില്ല.
    മറ്റു അനാവശ്യ വലിച്ചു നീട്ടലുകള്‍ ഒന്നും ഉള്ളതായി തോന്നിയില്ല .
    എന്തായാലും കാശ്മീര്‍ യാത്രകള്‍ മുതലാക്കിയിട്ടുണ്ട്!

    പട്ടാള ക്രൂരതകള്‍ക്കെതിരെ കാഞ്ചി വലിക്കാനും ആരെങ്കിലും വേണ്ടേ അല്ലെ?

    പൊതുവേ പറഞ്ഞാല്‍ , ചോരയും നീരുമുള്ള കഥകള്‍.അളന്നു തൂക്കിയ വാക്കുകള്‍;
    സുസ്മേഷ് കഥകള്‍ മലയാള കഥാലോകത്തിനു ഒരു നല്ല പാഠ പുസ്തകമാവട്ടെ.

    ReplyDelete
  5. അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യ ആണോ....? അറിയില്ല .കുറച്ചു നേരം കഥ വായിച്ച അതില്‍ മുഴുകി പോയി....അടുത്ത നിന്ന ആരോ എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും ഞാന്‍ കേട്ടില്ല....വളരെ നന്നായി....

    ReplyDelete
  6. ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു സുസ്മേഷ് ....കഥ ഇഷ്ടമാവുന്നു .. മെറൂണ്‍ കഥയായിരിക്കാം ...
    പക്ഷെ അവള്‍ക്ക് അവിടെ ജീവിച്ചു മരിച്ച പെണ്‍കുട്ടികളുടെ മുഖം ആണു എന്നത് നൊമ്പരപ്പെടുത്തുന്നു ...

    ReplyDelete
  7. വളരെ വളരെ നന്നായി....

    ReplyDelete
  8. ഫൈസല്‍,ഇമ്രാന്‍...ഇങ്ങിനെ,എത്രയെത്ര പച്ചപ്പാവങ്ങള്‍...!
    ഊരും,പേരുമറിയാത്ത എത്ര യൌവ്വനങ്ങളാണ്‍ പൊലിഞ്ഞ്പോവുന്നത്...ഉദ്യൊഗസ്ഥര്‍ക്കിടയിലെ പ്രാദേശിക വൈരാഗ്യത്തിന്‍റെ ഇരകളല്ലോ,ഇവരൊക്കെയെന്ന് “മെറൂണ്‍”മാര്‍ക്ക് നമ്മോട് വിളിച്ച് കൂവാന്‍ വെള്ളത്തിനടിയിലേക്ക് ഊളിയിടണമല്ലോ...!
    (വാരികയില്‍ ഇക്കഥ നേരത്തെ വായിച്ചു)ആശംസകള്‍.

    ReplyDelete
  9. വളരെ നല്ല ഒരു ബ്ലോഗ്‌.അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ എഴുതപ്പെട്ടിരിക്കുന്നു
    മെറൂണ്‍
    ഹൃദ്യം മനോഹരം
    അവതരണം മനോഹരം.
    എന്നാല്‍
    പെട്ടന്ന് എഴുതി തീര്‍ത്തിട്ട് പോകാന്‍ ഉള്ള ഒരു ധൃതി..
    അവ്യക്തമായി കഥയെ വേഗം പറഞ്ഞു തീര്‍ത്ത പോലെ.
    വായനക്കാര്‍ക്കോ..എല്ലാം എല്ലാം അറിയണം.ഓരോ കൊച്ചു കാര്യവും
    ഒരു നോവലിനെ ഞങ്ങള്‍ക്ക് ചെറുതാക്കി തന്നാല്‍ പോരാ.
    ഒന്നുകില്‍ ഒരു നോവലിനുള്ള വകുപ്പുണ്ട്.
    ഇത് നോവല്‍ ആക്കി വേണം
    ഇല്ലെങ്കില്‍ തിളങ്ങുന്ന ഒരു ചെറുകഥ ആക്കി
    രണ്ടായാലും മനസ്സില്‍ തങ്ങിയ ഒരു വര്‍ക്ക്‌
    തുടരുക കൂട്ടുകാര
    മലയാള സാഹിത്യം ഇയാളില്‍ തട്ടി തടഞ്ഞു മാത്രമേ മുന്നോട്ടു ഒഴുകൂ

    ReplyDelete
  10. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിലേക്ക് നന്നായി എത്തിനോക്കിയിരിക്കുന്നു....

    ReplyDelete
  11. എന്‍റെ 'മെറൂണി'നെ സ്വീകരിച്ച എല്ലാ വായനക്കാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി.നിറഞ്ഞ സന്തോഷത്തോടെ,
    സുസ്മേഷ്.

    ReplyDelete
  12. വാരികയിൽ വായിച്ചിരുന്നു :)

    ReplyDelete
  13. മാതൃഭൂമിയില്‍ വായിച്ചിരുന്നു. കഥ ഇഷ്ടമായി. പക്ഷെ ഇന്ദു പറഞ്ഞതുപോലെ അല്പം തിരക്കിട്ടു എഴുതി തീര്‍ത്തതുപോലെ തോന്നി. സൈന്യത്തില്‍ ചേരുന്നതിനുമുന്‍പുണ്ടായിരുന്ന ചിത്രകലയിലെ താല്പര്യം വച്ചു മെറൂണിന്റെ ഭംഗി കൂട്ടാമായിരുന്നു.

    ReplyDelete
  14. മെറൂൺ കഥയാവാൻ വയ്യല്ലോ.
    സ്വൻസൽ കഥയാവാത്തതുപോലെ.......
    സ്വൻസൽ എന്നാൽ കശ്മീരി ഭാഷയിൽ മഴവില്ല് എന്നർത്ഥം......

    അഭിനന്ദനങ്ങൾ.

    ReplyDelete
  15. ലളിതസുന്ദരം

    ReplyDelete
  16. എച്ചുമുക്കുട്ടീ..വന്നതില്‍ സന്തോഷം.ആ പശുച്ചിത്രം പ്രിയപ്പെട്ടതാണ്.വന്നത് നന്നായി.
    യാമിനീ,എന്താ kidu..?എനിക്കു മനസ്സിലായില്ല.തെറി പറഞ്ഞതാണോ..?
    ഇട്ടിമാളൂ,മഹേന്ദര്‍,സ്മീതാ, നന്ദി.സ്നേഹം.

    ReplyDelete
  17. മാതൃഭൂമിയിൽ വായിച്ചിരുന്നു, കാശ്മീർ എരിയുന്നുണ്ട് ഈ നല്ല കഥയിൽ

    ReplyDelete
  18. വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ, ഇനിയും വരാം.

    ReplyDelete
  19. നഷ്‌ടപ്പെട്ടത്‌ ഞാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എന്റെ ജീവിതമാണ്‌.എന്റെ യൗവനവും സ്വപ്‌നങ്ങളുമാണ്‌.എന്റെ രാജ്യസ്‌നേഹം പോലുമാണ്‌.അറിയ്യോ

    ഈ വരികളില്‍ എല്ലാമുണ്ട്. നല്ല രചനക്ക് അഭിപ്രായം പറയാന്‍ പോലും ഞാന്‍ ആരുമല്ല.

    ReplyDelete
  20. മെറൂണ്‍ പച്ചയായ് കത്തുന്നു..
    വെളുപ്പായ് നിറയുന്നു
    വെളിച്ചമായ് ഒഴുകുന്നു,വേഗം..വേഗം..
    (ഞാന്‍ കരയുന്നു..)

    ReplyDelete
  21. കഥ ഇഷ്ടമായി,തുടക്കത്തിലെ നിറക്കൂട്ടുകള്‍ അവസാനം വരെ പരത്താമായിരുന്നു.

    ReplyDelete
  22. കാശ്മീരിലെ സാധാരണക്കാരുടെ ജിവിതനൊമ്പരങ്ങള്‍ നന്നായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌. കഥ മനോഹരമായി.

    ReplyDelete
  23. വാരികയില്‍ വായിച്ചതാണ്.. അനുഭവിച്ചതും..

    അഭിപ്രായം പറയാന്‍ യോഗ്യതയില്ല... കൈകൂപ്പി നമിച്ച് നില്‍ക്കുന്നു..

    ഇനിയും ഉയരങ്ങളിലെത്തട്ടെ...

    ReplyDelete
  24. മൈലാഞ്ചീ,ഇങ്ങനൊന്നും പറയരുത്.പാമരനാം പാട്ടുകാരനാണ് ഈയുള്ളവന്‍.
    ശ്രീകുമാര്‍,സന്തോഷം..നന്ദി..
    വല്യമ്മായീ..വളരെ സന്തോഷം.
    ജൂനൈദ്,തെച്ചിക്കോടന്‍,മിനി,ശ്രീനാഥന്‍..ഞാനെന്തു പറയും നിങ്ങളുടെ നല്ല വാക്കുകള്‍ക്ക്..?നന്ദി.
    എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

    ReplyDelete
  25. Susmesh,
    Nerathe vayichu. Veendum vayichittum anaghrathakusumam pole!
    Nandi.

    ReplyDelete
  26. കഥ ഇഷ്ടമായി.ആശംസകള്‍.

    ReplyDelete
  27. ഇനീം ഒന്നുകൂടി വായിക്കണോ? എവിടെ പുതിയ പോസ്റ്റ്?

    ReplyDelete
  28. kidu ennaaal kidilan ennathinte short form aanu!!!

    ReplyDelete
  29. Lovely curly lines :-)
    I cannot read it but I like it !!!

    Greetings from The Netherlands
    Kareltje =^.^-
    Anya

    :)

    ReplyDelete
  30. ലളിതം,എങ്കിലും കൈകാര്യം ചെയ്ത വിഷയം സങ്കീര്‍ണം... മനോഹരം തന്നെ ഈ വായനാ അനുഭവം.
    "ടപട്ടെന്ന്‌ " എന്റെ മനസ്സു വായിച്ചതുപോലെ മെറൂണ്‍ ഉറക്കെ പറഞ്ഞു.. ഇതിലെ ടൈപ്പിംഗ്‌ പിശക് സമയം കിട്ടുമ്പോള്‍ മാറ്റുമെന്ന് കരുതട്ടെ ..
    കൂടെ എന്റെ എഴുത്ത് വീട്ടിലേക്കും സ്വാഗതം.

    ReplyDelete
  31. നല്ല തുടക്കം
    ഒടുക്കം കുറച്ചൂടെ പ്രതീക്ഷിച്ചു
    ആ പേരും ഇഷ്ടമായി ' മെറൂണ്‍ "

    ReplyDelete
  32. പ്രിയ സുസ്മേഷ്,
    കശ്മീരിലെ ഓരോ മെറൂണിനു വേണ്ടിയും ഇമ്രാന്‍ എന്ന നാടോടി ചെറുപ്പക്കാരനു വേണ്ടിയും ഒരിറ്റ് കണ്ണീര്‍ വീഴ്ത്താന്‍ -കാരണം അവര്‍ എന്റെ കൂടപ്പിറപ്പുകളാണല്ലോ- ഈ കഥ കാരണമായി. നന്ദി.ബ്ലോഗിലേക്കു കഥ പകര്‍ന്നതില്‍ സന്തോഷവും.

    ReplyDelete
  33. പക്വം; സുന്ദരം....

    ReplyDelete
  34. കഥ നന്നായി...പക്ഷേ ജലത്തിൽ തൊടുന്ന പോലെ ഒരാർദ്രത
    വരികൾക്ക് പകരാനായില്ല എന്ന തോന്നൽ....

    ReplyDelete
  35. സുസ്മേഷിന്റേതെന്ന രീതിയിൽ ഒന്നുകൂടി വായിച്ചപ്പോൾ അങ്ങനെ തോന്നിയതിനാലാണ്‌ രണ്ടാമത് കമന്റിയത്!!

    ReplyDelete
  36. മാധ്യമം വരുത്തി വായിയ്ക്കാനാരംഭിച്ചു.

    ReplyDelete
  37. പ്രിയ സുസ്മേഷ്,
    ഗംഭീരം എന്ന് പറഞ്ഞാല്‍ എല്ലാം അതിലൊതുങ്ങിപ്പോകുമോ എന്ന് പേടി! എന്നാലും പറയാതെ വയ്യ.. അതി ഗംഭീരം...
    എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ആ ഒഴുക്ക് ആണ്, നദിയുടെ ആഴങ്ങളിലേക്ക് ഒഴുകിപ്പോവുന്ന ലാഘവത്തോടെ കഥയെ സമീപിച്ച രീതി...
    പുതുവത്സരആശംസകള്‍.

    ReplyDelete
  38. എല്ലാവര്ഡക്കും ..എല്ലാവര്‍ക്കും നന്ദിയും സ്നേഹവും.
    യാമിനീ,'കിടു' കിടു തന്നെ.ഹഹ.എച്ചുമുക്കുട്ടി..എങ്ങനെ സന്തോഷം പ്രകടിപ്പിക്കും?ഇനി വായിച്ചിട്ട് നിശിതമായി അഭിപ്രായം പറയൂ.anya,thanks..
    എല്ലാ പ്രിയ വായനക്കാര്‍ക്കും നവവത്സരാശംസകള്‍.

    ReplyDelete
  39. നന്നായി പറഞ്ഞു. 'വിസർജ്ജ്യം' ഒരു കല്ലു കടിയായി. അതു ശ്രദ്ധയെ ബാധിച്ചു..

    Shaurya (hindi movie) എന്ന സിനിമയിൽ ഈ തീം മുൻപ്‌ അവതരിപ്പിച്ചതു ഓർത്തു. പതിവു പോലെ ആ നല്ല സിനിമ ശ്രദ്ധിക്കാതെ പോയി..

    ReplyDelete
  40. ഞാൻ മാത്രുഭൂമി ആയ്ചപ്പതിപ്പിൽ മെറൂൺ വായിച്ചയിരുന്നു.എന്നാലും ബ്ലൊഗിൽ വീണ്ടും വായിച്ചു,കാരണം എത്ര വായിച്ചാലും അതിന്റെ ഭംഗി കൂടി കൂടി വരുന്നു.

    ReplyDelete
  41. ഞാൻ മാത്രുഭുമിയിൽ മെറൂൺ വായിച്ചായിരുന്നു. എന്നാൽ ബ്ലൊഗിൽ വീണ്ടും വായിച്ചു കാരണം അതിന്റെ ഭംഗി ദിവസത്തിനു ദിവസത്തിനു കൂടി വരുന്നു.

    ReplyDelete
  42. ആദ്യമായാണിവിടെ... “മെറൂണ്‍“ ഇഷ്ടപ്പെട്ടു... ഇഷ്ടപ്പെട്ടെന്നുപറഞ്ഞാല്‍ ശരിക്കുമങ്ങ് ഇഷ്ടപ്പെട്ടു... ആ പേരുമിഷ്ടപ്പെട്ടു.. പക്ഷേ മെറൂണ്‍ എന്ന പെണ്‍കുട്ടി വേദനിപ്പിക്കുന്നു... ഇമ്രാന്‍മാരെത്രയാണ്... എനിക്ക് ശരിക്കും വിഷമമുണ്ട്... എത്രയെത്ര നിരപരാധികളാണ്.. ജീവിതങ്ങളാണ്...

    ReplyDelete
  43. ഒരു വല്ലാത്ത വേദന... പറയാനൊരു കാരണമുണ്ടെങ്കില്‍, മറയ്‌ക്കാനൊരു മറയുണ്ടെങ്കില്‍, എന്തു തോന്ന്യാസവും ചെയ്യാന്‍ മടിക്കാത്ത പലരുടെയും കൂട്ടത്തില്‍ നമ്മുടെ നാടിനെ കാക്കുന്ന പട്ടാള ക്കാരെ കൂടി കാണുമ്പോള്‍.... പട്ടാള ക്യാമ്പുകളില്‍ നിന്നും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ഒട്ടും വ്യത്യാസാമല്ല. ഇനി ആരിലാണ്‌ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌???

    ReplyDelete
  44. കഥ ഇഷ്ടപ്പെട്ടു..

    ReplyDelete
  45. മുമ്പു വായിച്ച കഥ വീണ്ടും വായിക്കുമ്പോൾ പുതിയൊരു വായനാനുഭവം തന്നു.....
    സുസ്മേഷിന്റെ കഥകൾ പുനർവായനകളിൽ കൂടുതൽ ആസ്വദിക്കാനാവുന്നു.....

    ReplyDelete