Wednesday, December 29, 2010

ഡിസംബറിലെ കിളിമുട്ടകള്‍

സാധാരണ ഞാന്‍ ഒഴിവാക്കി നിര്‍ത്താറുള്ള ജീവിതത്തിലെ തിരക്കുകളെല്ലാം കൂടി ഒന്നിച്ചുവന്ന മാസമായിരുന്നു ഡിസംബര്‍.ആ സമയത്തുതന്നെയാണ് താല്‍ക്കാലികമായി ആളൊഴിഞ്ഞ എന്‍റെ വീട്ടിലേക്ക് താമസിക്കാനായി അവര്‍ എത്തിയതും.
അവര്‍ കുറേ ദിവസങ്ങളായി എന്‍റെ വീടിന്‍റെ പരിസരത്ത് പതിവില്ലാതെ കറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.കറങ്ങുകയല്ല,പറക്കുകയായിരുന്നു.ഇടക്കിടെ പടിഞ്ഞാറേ മുറിയുടെ പൊട്ടിയ ജനാലച്ചില്ലിലൂടെ അകത്തേക്ക് വരും.അധികം തുണികള്‍ കിടക്കാറില്ലാത്ത കന്പിയഴയില്‍ വന്നിരിക്കും.എന്‍റെ സാന്നിദ്ധ്യമുണ്ടാവുന്പോള്‍ പുറത്തേക്ക് പറന്നുപോകും.
മുന്പിവിടെ എനിക്ക് സൌഹൃദത്തിന് വരാറുണ്ടായിരുന്നത് രണ്ട് ഇണപ്രാവുകളായിരുന്നു.വല്ലാത്ത അധികാരമായിരുന്നു അവര്‍ക്ക് ഈ വീടിനോടും എന്നോടും.കാലത്ത് എട്ടര എന്നൊരു സമയമുണ്ടെങ്കില്‍ അവര്‍ വന്ന് കതകില്‍ കൊത്തും.ഞാന്‍ അരി വിതറിക്കൊടുക്കും.അതെടുക്കാന്‍ പോകുന്പോഴോ കൊടുക്കാന്‍ വൈകുന്പോഴോ രണ്ടാളും പിന്നാലെ യാതൊരു ഭയവുമില്ലാതെ അകത്തേക്ക് വരും.പുലര്‍കാലത്തിന്‍റെ വെളിച്ചം വീണുകിടക്കുന്ന അകമുറിയിലേക്ക് ആ വെട്ടത്തിന്‍റെ അകന്പടിയോടെ ഇരുവരും വരുന്ന കാഴ്ച ഹൃദയത്തില്‍ അരച്ചിടുന്നു ചന്ദനമായിരുന്നു എനിക്ക്.ചോറ് രണ്ടാള്‍ക്കും പഥ്യമായിരുന്നില്ല.കൈയുടെ അടുത്തുവന്ന് കൊത്തിത്തിന്നും.ഒരിക്കല്‍ പരിക്ക് പറ്റിയ കാലുമായിട്ടാണ് അതിലെ ആണ്‍പ്രാവ് വന്നത്.കുറേ ദിവസംകൂടി കൂട്ടുകാരിയോടൊപ്പം അത് ഒക്കിച്ചവിട്ടി വന്നു.അരി തിന്നുപോയി.പിന്നീട് ഇരുവരും വരാതായി.കാത്തിരുന്നു കാത്തിരുന്നു ഞാന്‍ മടുത്തു.പരിക്കേറ്റ ആ കാലിന് എന്തുപറ്റിയെന്നും അവര്‍ ഇരുവരും വരാതായത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ എവിടെയാണെന്നും എനിക്കറിയില്ല.
ഞാന്‍ കിട്ടു എന്നു വിളിക്കുന്ന പൂച്ചയായിരുന്നു അടുത്ത കന്പനി.അത് അടുത്ത വീട്ടിലെ നിലയവിദ്വാനാണ്.ഇടക്കിടെ കോണി കയറി എന്നെക്കാണാന്‍ വരും.നമുക്ക് അവിശ്വസനീയത തോന്നുന്ന വിശ്വാസ്യതയായിരുന്നു അതിന്‍റെ മിടുക്ക്.അച്ചടക്കവും.അതായത് പുലര്‍കാലത്ത് തുറന്നു കിടക്കുന്ന ജനലിലൂടെയാണ് വരുന്നതെങ്കില്‍ മിണ്ടാതെവരും.എങ്ങാനും ഞാന്‍ അറിഞ്ഞു എന്നു മനസ്സിലായാല്‍ ഒന്നു കരയും.അകത്തേക്ക് പോകും.അതല്ല രാത്രി വന്നുകിടന്ന് കാലത്താണ് പോകുന്നതെങ്കില്‍ പോകുന്നവഴിക്ക് ഒന്നു കരഞ്ഞിട്ട് പോകും.ചിലപ്പോള്‍ നേരേ കയറിവന്ന് എല്ലാമൊന്നു നോക്കി.എല്ലാ മുറികളിലും കയറി മൌനം പാലിച്ച് ഇറങ്ങിപ്പോകും.തൊട്ടാല്‍ ഉടന്‍ ചരിഞ്ഞുകിടക്കും.കുറുകും.വയറില്‍ അമര്‍ത്തിയാല്‍ ബഹുസന്തോഷം.കഴുത്തില്‍ ചൊറിഞ്ഞാല്‍ ഹോയ് രീരേ...എന്ന ഇളയരാജ പാട്ട് മൂളും.മീശയില്‍ വലിച്ചാലും വായതുറന്ന് പല്ലെണ്ണിയാലും നഖം ചെളികുത്തി കഴുകിയാലും ആയ്ക്കോളൂ എന്ന വിനീതഭാവം.ചിലപ്പോള്‍ ഞാന്‍ വൃത്തിയായി ഷാംന്പൂ തേപ്പിച്ച് കുളിപ്പിക്കും.ചെറിയ കുതറലൊക്കെ നടത്തും അന്നേരം.എന്നാലും നമ്മുടെ ദേഹത്ത് നഖം കൊള്ളാതിരിക്കാന്‍ കക്ഷി ശ്രദ്ധിക്കും.
കിട്ടു അങ്ങനെ വന്നു പോകുന്പോള്‍ വീട്ടില്‍ ഒരു ബന്ധു വന്നുപോകുന്നതുപോലെയാണ് എനിക്ക്.
ഇതിനൊക്കെയിടയില്‍ അപ്രതീക്ഷിതമായിട്ടാണ് ഈ ഇരട്ടത്തലയന്‍ കമിതാക്കള്‍ എന്‍റെ വാസസ്ഥലം തിരഞ്ഞെടുത്തത്.അവരുടെ വരവും പോക്കും ഞാനറിയുന്നുണ്ടായിരുന്നെങ്കിലും അത് കൂടൊരുക്കാനാണെന്ന് വെറും മനുഷ്യബുദ്ധി മാത്രമുള്ള ഞാന്‍ ഒട്ടും കരുതിയിരുന്നില്ല.
പടിഞ്ഞാറേ മുറി പണ്ട് അച്ഛനും അമ്മയും ഇവിടെ താമസിച്ചിരുന്നപ്പോള്‍ അവരുടെ കിടപ്പുമുറിയായിരുന്നു.ഭാര്യ വന്നപ്പോള്‍ അത് അലങ്കാരമുറിയായി.ഇപ്പോള്‍ അവരും ഭാര്യയും അകലെയായപ്പോഴാണ് ഞാനിവിടെ തനിച്ചായത്.അതുകൊണ്ട് ആ മുറിയിലേക്ക് എനിക്ക് അധികം പോകേണ്ടിവരാറില്ല.കിടപ്പുമുറി കം ഓഫീസ് മുറി കം സ്വീകരണമുറി എന്ന നിലയില്‍ ഞാന്‍ പെരുമാറിക്കൊണ്ടിരിക്കുന്ന മുറി തന്നെ ഞാനൊരാള്‍ക്ക് ധാരാളമായിരുന്നു.എന്നല്ല അതാണ് പലപ്പോഴും എന്‍റെ ലോകവും.പോരാത്തതിന് അടുക്കളയും വിരുന്നുമുറിയും മുന്നിലേയും പിന്നിലേയും വിശാലമായ സ്ഥലവും എനിക്ക് മതിയാകുമായിരുന്നു.
ഒരിക്കല്‍ വേഷം മാറാനായി ആ മുറിയില്‍ ചെന്നപ്പോഴാണ് തറയില്‍ രണ്ട് വേപ്പില കിടക്കുന്നത് ഞാന്‍ കണ്ടത്.പഴുത്ത രണ്ട് തണ്ട് ഇല.രാവിലെ അടിച്ചിട്ടതാണ്.പിന്നെങ്ങനെ വന്നു.?
അപ്പോള്‍ കാറ്റിനെ കീറിമുറിച്ച് ഒരാള്‍ അകത്തേക്ക് വന്നു.അതാ ഇരട്ടത്തലയന്‍ ആയിരുന്നു.ചുവന്ന തൊപ്പിവച്ച തല.വയറിനടിഭാഗമാകെ വെള്ള.നീണ്ട വാല്‍.കാപ്പിക്കളരുള്ള ദേഹം.എന്നെക്കണ്ട പാടെ അതേപോലെ പുറത്തേക്ക് പാഞ്ഞു.എനിക്ക് കൌതുകമായി.
കിട്ടു എങ്ങാനും കാണുമോ എന്ന പേടിയും തലയ്ക്കകത്ത് ഓടി.പണ്ട് അവന്‍ അടുക്കളവശത്ത് കൂട്ടമായി വന്നിരിക്കാറുള്ള ചാരപ്രാവുകളിലൊന്നിനെ കടിച്ചെടുത്ത് ശബ്ദമുണ്ടാക്കാതെ എന്‍റെ പിന്നിലൂടെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.
എന്തായാലും ഇരട്ടത്തലയന്‍ അഞ്ചു പാളികളുള്ള ജനലിന്‍റെ ഇരട്ടക്കന്പിയില്‍ ശ്രമകരമായി കൂടൊരുക്കാന്‍ തുടങ്ങി.വയ്ക്കുന്ന ഓരോ കന്പും കോലും താഴേക്ക് വീഴും.അതെടുക്കാന്‍ മിനക്കെടാതെ പുറത്തുപോയി വേറെ കൊണ്ടുവരും.ഞാന്‍ എന്‍റെ കാര്യങ്ങള്‍ മാറ്റിവച്ച് നോക്കിനിന്നു.മണിക്കൂറുകള്‍ക്കകം അവന്‍ അതോ അവളോ അദ്യത്തെ ഉണക്കില ജനല്‍ക്കന്പിയില്‍ ഉറപ്പിച്ചു.അറിയാതെ ഞാന്‍ കൈയടിച്ചുപോയി.
മനുഷ്യാ..അഹങ്കാരീ..പോയി തൂങ്ങിച്ചാക് എന്നു വിളിച്ചുപറയാന്‍ തോന്നിയത് ഞാന്‍ അടക്കി.കാരണം ലളിതം.വെറും കൊക്കുകൊണ്ട് മാത്രമാണ് അത് ജനല്‍ക്കന്പിയില്‍ ആ ഇലത്തണ്ട് ഉറപ്പിച്ചത്.അങ്ങനെ അങ്ങനെ അന്ന് വൈകുന്നേരമായപ്പോഴേക്കും നാലഞ്ച് കന്പും നാരും വച്ച് അത് കൂട് കെട്ടിത്തുടങ്ങിയിരുന്നു.മുറി മുഴുവന്‍ നാശമായത് ഞാന്‍ അവഗണിച്ചു.പിറ്റേന്നുമുതല്‍ ചൂലുമായി അങ്ങോട്ട് കടക്കേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.മാത്രവുമല്ല വളരെ അടുപ്പമുള്ള നാലഞ്ചുപേരോട് ഈ സന്തോഷം sms ലൂടെ ഞാന്‍ പങ്കിടുകയും അവരുടെ ആഹ്ളാദസ്പന്ദനം സ്വീകരിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ സാധാരണ പതിവില്ലാത്ത കുറേ തിരക്കുകള്‍ ഈ മാസം ഉണ്ടായി എന്നു പറഞ്ഞുവല്ലോ.അതിനാല്‍ നാലുദിവസമേ എനിക്ക് അവരുടെ കൂട് നിര്‍മ്മാണം ഇങ്ങനെ കാണാനും ആസ്വദിക്കാനും അതിലൂടെ എന്നെപ്പറ്റി പഠിക്കാനും കഴിഞ്ഞുള്ളൂ.നാല് ദിവസം കൊണ്ട് കൂടിന്‍റെ ഏകദേശരൂപരേഖ മാത്രമേ ശരിയായിരുന്നുള്ളു.19 ന് ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി.അവിടുത്തെ പരിപാടികള്‍ക്കിടയില്‍ ദിവസങ്ങള്‍ ഓടിക്കടന്നുപോകുന്പോള്‍ ഞാന്‍ സത്യമായും വല്ലാത്ത വേവലാതിയിലായിരുന്നു.ഇരട്ടതലയന്‍റെയും കാമുകിയുടെയും ലക്ഷ്യബോധമുള്ള ജീവിതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.അവരുടെ ജീവിതം എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചിരുന്നു.അവള്‍ അവനായി ഇടുന്ന മുട്ടകളും അതിലൂടെ അവര്‍ക്കായി വിരിയുന്ന കുഞ്ഞുങ്ങളും എന്‍റെകൂടി സ്വപ്നമായിരുന്നു.അത് സംഭവിക്കുന്നത് കാണാന്‍ ഞാന്‍ വളരെ വളരെ കൊതിച്ചിരുന്നു.പക്ഷേ ഒഴിവാക്കാനാവാത്ത പരിപാടികളായിരുന്നു എനിക്ക് തിരുവനന്തപുരത്ത്.
കിട്ടു ഞാനില്ലെങ്കില്‍ കയറിവരാറില്ല.എങ്കിലും കാലക്കേടിന് കയറിവരികയും അവരെ കാണുകയും പിടിച്ചുതിന്നുകയും ചെയ്യുമോ അല്ലെങ്കില്‍ ഒരാളെപ്പിടിച്ച് മറ്റൊരാളെ അനാഥമാക്കുമോ എന്നെല്ലാം ഞാന്‍ വല്ലാതെ ഉത്കണ്ഠപ്പെട്ടത് സ്വാഭാവികം.
27 നാണ് എനിക്കിവിടെ തിരിച്ചെത്താന്‍ കഴിഞ്ഞത്.എങ്ങനെയാണ് കതക് തുറന്ന് ഞാന്‍ അകത്ത് കയറിയത് എന്നറിയില്ല.വേഗം പടിഞ്ഞാറേ മുറിയിലേക്ക് പോയി.ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് നോക്കി.
മുറിച്ച നാളികേരപ്പാളി എടുത്തുവച്ചപോലെ കൂട് ജനല്‍ക്കന്പിയില്‍ തയ്യാറായിട്ടുണ്ട്.അടുത്തുചെല്ലാതെ ആകാംക്ഷയോടെ ഞാന്‍ നോക്കി.ഇണക്കിളികള്‍ എവിടെ..?
അപ്പോള്‍ കൂടിന്‍റെ ഭാഗമാണോ എന്നു സംശയം തോന്നിപ്പിച്ച ഒരു വസ്തു കുന്തം പോലെ പൊങ്ങിനില്‍ക്കുന്നതു കണ്ടു.അത് അമ്മക്കിളിയുടെ വാലായിരുന്നു.ഞാന്‍ കൈയിലെ ഭാരമെല്ലാം നിലത്തേക്കിട്ട് കതക് ചാരി ആശ്വാസത്തോടെനിന്നു.നിലം മുഴുവന്‍ കരയിലകളും കോലുമായിട്ടുണ്ട്.ഒരു കിളിക്ക് ചുണ്ടില്‍ കൊത്തിയെടുക്കാനാവുമോ എന്നു നമുക്ക് സംശയം തോന്നാവുന്നത്ര വലുപ്പമുള്ള കോലും കന്പും.ഇപ്പോള്‍ അതൊരു വീടും ഈറ്റുമുറിയുമാണ്.വാസ്തവത്തില്‍ എന്‍െറെ ഈ വീടാണ് ഊഷരത വെടിഞ്ഞ് സഫലമായത്.അവിടെ ഒരു ജീവിതം തളിര്‍ക്കുന്നു.ആ അമ്മക്കിളിയുടെ പൊരുന്നലിലും സ്വയംതാപനത്തിലും ഒന്നിലധികം ജന്മങ്ങള്‍ കണ്ണ് മിഴിക്കാന്‍ വെന്പുന്നു.അത് കാണാന്‍ ചാരത്തൊരാള്‍ കാത്തുനില്‍ക്കുന്നുമുണ്ട്.
അങ്ങനെ വിചാരിച്ചതേയുള്ളൂ,ജനല്‍ക്കന്പിയില്‍ മറ്റേയാള്-‍ആണോ പെണ്ണോ-എത്തിക്കഴിഞ്ഞു.സദാ ചുണ്ടുപിളര്‍ത്തി മുകളിലേക്ക് നോക്കിയാണ് പൊരുന്നക്കിളി കൂട്ടിലിരിക്കുന്നത്.കഷ്ടം തോന്നും.എന്‍റെ സാന്നിദ്ധ്യമോ ഫാനിടുന്നതോ ഒന്നും അതിന് പ്രശ്നമല്ല.പൊരുന്നയിരിക്കുന്ന പെണ്‍കിളിക്ക് ആണ്‍കിളിയാണ് തീറ്റതേടി കൊടുക്കുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.എല്ലാ ഇനം പക്ഷികള്‍ക്കും അത് ബാധകമാണോ എന്നറിയില്ല.ഇനി എത്ര ദിവസം വേണം മുട്ട വിരിയാന്‍.?അറിയില്ല.എത്രനാള്‍ വേണം അവ പറക്കമുറ്റാന്‍..?അറിയില്ല.ഒന്നറിയാം ഇത് പ്രണയകാലമാണ്.അസൂയയുണ്ടാക്കുന്ന അനുരാഗത്തിന്‍റെ ആധുനിക രാഗവിപിനത്തിലാണ് ഇപ്പോഴവര്‍.
കന്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത,മണലിന് അപേക്ഷിക്കേണ്ടാത്ത,സ്ഥലം വാങ്ങലില്‍ കൃത്രിമം കാണിക്കേണ്ടാത്ത,പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത,LIC യും KSFEയും കടന്നുവരാത്ത,സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത,സ്കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയുമില്ലാത്ത,മക്കളെച്ചൊല്ലി പാരന്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാന്പത്യം.അതാണ് ഓരോ കിളിജീവിതവും.
ഇനി മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 കടന്നുപോകും.2011 വരും.ആരോ പറഞ്ഞപോലെ.ടൂ സീറോ ഡബിള്‍ വണ്‍.
അതിനകം മുട്ടകള്‍ വിരിയുമോ..?ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.മുട്ടകള്‍ വിരിയുന്നതിന് മാത്രമല്ല,ആ കുഞ്ഞുങ്ങളും ഇണകളും എനിക്കായി കൊണ്ടുവരുന്ന പുതുമയേറിയ പുതുവത്സരത്തിനും.ഇത്രയേറിയ പ്രകാശപൂര്‍ണ്ണമായ ഒരു പുതുവര്‍ഷപ്പിറവി ഇനി ഈ ആയുസ്സില്‍ എനിക്ക് ലഭിക്കുമോ.?
എല്ലാ വായനക്കാര്‍ക്കും 'ഞങ്ങളുടെ' ഊഷ്മളമായ നവവത്സരാശംസകള്‍.
എല്ലാവര്‍ക്കും പ്രണയം നിറഞ്ഞ വാസന്തമാവട്ടെ വരുംവര്‍ഷം.
happy
new
year.

59 comments:

  1. ഒരു കാര്യ വിട്ടുപോയി.പിങ്ക് നിറമുള്ള രണ്ട് മുട്ടകളാണ് കൂട്ടിലുള്ളത്.കൂടുതലുണ്ടോ എന്നറിയില്ല.

    ReplyDelete
  2. :)

    മുട്ട വിരിയുമ്പോള്‍ അറിയിക്കണേ..

    ReplyDelete
  3. എന്ത് രസായിട്ടാ വായിച്ചു തീര്‍ത്തത്. ആ പ്രണയ കുരുവികള്‍ എന്റെ മനസ്സിലും സന്തോഷത്തിന്റെ കൂടുകൂട്ടി.
    പുതുവത്സരാശംസകള്‍

    ReplyDelete
  4. കിളിമുട്ടകൾക്കു കാവലാളായ എഴുത്തുകാരാ, താങ്കളുടെ ഈ കൌതുകങ്ങൾ കൌതുകമുണ്ടാക്കുന്നു, ആ വിട്ടു പോയ കാര്യമെഴുതിച്ചേർത്തതിലുണ്ട് തീരാത്ത കുട്ടിക്കാലം. കിളിക്കും പൂച്ചക്കും നായയ്ക്കുമൊക്കെ പുറകെ നടക്കുന്ന എന്റെ മകനെയാണ് പെട്ടെന്ന് ഓർമ്മ വന്നത്! സ്നേഹപൂർവ്വം പുതുവത്സരാശംസകൾ!

    ReplyDelete
  5. ഇത് പ്രണയകാലമാണ്.അസൂയയുണ്ടാക്കുന്ന അനുരാഗത്തിന്‍റെ ആധുനിക രാഗവിപിനത്തിലാണ് ഇപ്പോഴവര്‍.
    കന്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത,മണലിന് അപേക്ഷിക്കേണ്ടാത്ത,സ്ഥലം വാങ്ങലില്‍ കൃത്രിമം കാണിക്കേണ്ടാത്ത,പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത,LIC യും KSFEയും കടന്നുവരാത്ത,സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത,സ്കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയുമില്ലാത്ത,മക്കളെച്ചൊല്ലി പാരന്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാന്പത്യം.അതാണ് ഓരോ കിളിജീവിതവും.

    കലക്കനായി അവതരിപ്പിച്ചിരിക്കുന്നു ഭായ്....
    ഒപ്പം പുതുവത്സരാശംസകളും നേർന്നുകൊള്ളുന്നു....!

    ReplyDelete
  6. വായനക്കാര്‍ക്ക് ലഭിയ്ക്കാവുന്ന ഏറ്റവും നല്ല ഒരു പുതുവത്സര സമ്മാനം തന്നെയാണ് ഈ പോസ്റ്റ്!

    വായിച്ചു കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ സന്തോഷങ്ങള്‍ കൊണ്ട് മന്സ്സു നിറഞ്ഞു... അത്രയ്ക്ക് ഇഷ്ടമായി. പഴയ ഇണപ്രാവുകളും കിട്ടുവും ഈ പുതിയ കമിതാക്കളും പുറത്തു വരാനൊരുങ്ങുന്ന കുഞ്ഞു ജീവനുകളും എല്ലാം കൂടി ചേര്‍ന്ന് ഒരു കുളിര്‍മ്മ പകരുന്നു, ഈ പോസ്റ്റ്!

    'നിങ്ങള്‍' എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു :)

    ReplyDelete
  7. 2011 നെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കാന്‍ തോന്നിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്‌..
    വായനക്കാരിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നു കൊടുക്കുന്ന വരികള്‍....
    എത്ര ദിവസമാണ് അടയിരിയ്ക്കല്‍ എന്നറിയില്ലെങ്കിലും ഞാനും കൂടുന്നു കാത്തിരിപ്പിന്.

    ReplyDelete
  8. സത്യാട്ടോ വളരെ ആകാംക്ഷ ഉണര്‍ത്തി വിവരണം
    ഇപ്പൊ അറിയാന്‍ ധൃതി ആയി മുട്ട വിരിഞ്ഞാല്‍ അറിയിക്കണേ

    ReplyDelete
  9. ഞാൻ ജനിച്ച് വളർന്നത് കാടിന്റെ നടുവിലാണ്. ബാല്യമെല്ലാം കാടിന്റെ ഗഹനതയിൽ, നിഴൽക്കാട്ടിൽ, വള്ളിക്കുടിലുകളിൽ..

    ചിലപ്പോഴെല്ലാം കാട്ടിൽ കയറുമ്പോൾ നിറമുള്ള തൂവലുകൾ കരിയീലകൾക്ക് മുകളിൽ ചിതറിക്കിടക്കും.
    പിന്നീട് ഈ നിറമുള്ള തൂവലുകൾ പെറുക്കി സൂക്ഷിക്കുന്നത് ഒരു കൌതുകമായി.

    അപ്പോഴൊന്നും ഞാനോർത്തില്ല, ഈ തൂവലുകളിൾ പക്ഷിയുടെ ശരീരം അതുകൊഴിയ്യുമ്പോൾ പേറിയ വേദനയെക്കുറിച്ച്...

    എന്റെ ബ്ലോഗിന്റെ പേരുപോലും ഞാൻ ആ ഓർമ്മയിൽ നിന്നാണ് ഇട്ടത്...

    സുസ്മേഷിന്റെ എഴുത്ത് വല്ലാത്ത ഗന്ധങ്ങൾ, കാഴ്ചകൾ അകലെയുള്ള ഗ്രാമത്തിൽ നിന്നും ഈ പ്രഭാതത്തിൽ കൊണ്ടു വന്നു.

    പൂച്ചിമാ വായിക്കുന്നു, പേപ്പർ ലോഡ്ജും. ആശംസകൾ.

    ReplyDelete
  10. പുതിയ ലക്കം മാതൃഭൂമിവാരികയിലെ“പൂച്ചിമാ”വായിച്ചതിന്‍റെ ഹാങ്ങോവര്‍ തീരും മുമ്പാണ്‍,ഇരട്ടത്തലയന്മാരുടെ പ്രണയം മനം കുളിര്‍പ്പിച്ചത്...മനുഷ്യ സഹവാസം ഏറെ ഇഷ്ടപ്പെടുന്ന വിഭാഗക്കാരാണ്‍ ഈ കിളികള്‍...

    പുതുപ്പിറവിക്കായി കാത്തിരിക്കാം.
    പുതുവത്സരാശംസകൾ!

    ReplyDelete
  11. കിളിയായതു ഭാഗ്യം. വല്ല പൂച്ചയെങ്ങാനുമായിരുന്നെങ്കില്‍ ഒരുപക്ഷേ പാരയാകുമായിരുന്നു

    പുതുവല്‍സരാശംസകള്‍
    :-)

    ReplyDelete
  12. 2011 ന്റെ കിളിമുട്ടകള്‍ക്കു അടയിരിക്കുകയാണു ഞാനും.ഡിസംബറിന്റെ ഈ സമാനത്തിനു നന്ദി സുസ്മേഷ്..
    പിന്നെ , കിളിക്കുഞ്ഞുങ്ങളുടെ ജനനം അറിയിക്കണേ.

    ReplyDelete
  13. എഴുത്തുകാരുടെയുള്ളില്‍ ഒരു കുഞ്ഞുകുട്ടി ഒളിച്ചു താമസിക്കുന്നുവെന്നു പറയുന്നത് സത്യാണോ! :)
    ആ ലോകത്തെ കൊച്ചു,കൊച്ചു വിസ്മയങ്ങള്‍ക്കും,സന്തോഷങ്ങള്‍ക്കുമൊക്കെ എന്തൊരു തെളിച്ചമാണ്.നല്ലോണമിഷ്ടായി..
    പുതുവത്സരാശംസകള്‍..

    ReplyDelete
  14. എന്‍.ബി.സുരേഷ്,ഒരു നുറുങ്ങ്..'പൂച്ചി മാ' എങ്ങനെ..?അതു പറഞ്ഞില്ലല്ലോ.ഇഷ്ടായില്ലേ..?
    റെയര്‍റോസ്,സത്യാണ്.ഞാനൊരു ചെറിയ കുട്ടിയാണ്.കുട്ടിത്തമാണ് അകം നിറയെ.
    സ്മിതയേയും ഉമയേയും പിറവി അറിയിക്കാം.
    ഉപാസന,പൂച്ചകള്‍ ശല്യമുണ്ടാക്കില്ല.ക്ഷമയോടെ പരിശീലിപ്പിച്ചാല്‍ മതി.
    ജോ,അളവില്ലാത്തത്ര ആഹ്ളാദം.
    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  15. ഇത് വായിച്ചപ്പോൾ ദാ ഇതാണ്‌ ഓർമ്മ വന്നത് :
    ഇതുപോലെ ഒരു തൊപ്പിക്കാരി/രൻ എന്നെക്കൊണ്ടും ഒരു കവിത എഴുതിച്ചിട്ടുണ്ട്. അവളും/അവനോ എന്റെ വീടിനു മുൻപിൽ ഭംഗിയായി വെട്ടിനിർത്തിയ മോർപംഖിയിലാണു കൂടുകൂട്ടിയത്.
    (കവിത ഒരു വിലയിരുത്തലിന്നയച്ചിരിക്കയാണ്‌.)

    ReplyDelete
  16. കുറിപ്പ് നന്നായി..ആശംസകൾ

    ReplyDelete
  17. good post, hope the eggs hatch and the birds have a wonderful time at your home. very positive note, keep posting about them because we are anxious to know about them.

    ReplyDelete
  18. വളരെ ആകര്‍ഷകമായ എഴുത്ത്.
    നിങ്ങള്‍ക്കും ഹൃദ്യമായ പുതുവല്‍സരാശംസകള്‍.

    ReplyDelete
  19. "സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത കിളിജീവിതവും"
    ഇതാണ് പുതിയ ട്രെന്‍ഡ് അല്ലെ ..ഇതിനെ കുറിച്ച് എം കെ ഹരികുമാറും പറയുന്നു
    നവവത്സരാശംസകള്‍.

    ReplyDelete
  20. നന്നായിരിക്കുന്നു...
    കൂടെ പുതുവത്സരാശംസകള്‍

    ReplyDelete
  21. കിളികുഞ്ഞുങ്ങെള കാത്തി്രിക്കുന്ന എഴുത്തുകാരാ...., ഒരുപാട് ആകാംക്ഷകളുെട ചൂടുകൂടി െകാടുത്ത് ഞാനും േനാക്കിയിരിക്കുന്നു...അറിയിക്കേണ....

    ReplyDelete
  22. :) പുതുവര്‍ഷം ഇത് പോലെ മനോഹരമായ കാഴ്ചകള്‍ കൊണ്ട് നിറയട്ടെ..my greetings..

    ReplyDelete
  23. പ്രണയ പൂര്‍ണമായ കിളിയോച്ചകള്‍ കേള്‍ക്കാന്‍ ഇടയായി.
    ഡിസംബര്‍ കടന്നു പോകുമ്പോള്‍ പ്രദീക്ഷയുടെ ജനുവരി മുന്നില്‍ കാണാം.
    വിജയാശംസകള്‍.

    ReplyDelete
  24. പ്രണയ പൂര്‍ണമായ കിളിയൊചകള്‍ ഡിസംബറിന് കൂട്ടായി.
    പ്ര തീ ക്ഷകളുടെ ജനുവരി കാത്തിരിക്കുന്നു.
    വിജയാശംസകള്‍.

    ReplyDelete
  25. നല്ല പുതുവര്‍ഷക്കുറിപ്പ്‌..

    പൂച്ചിമാ ഇഷ്ട്ടപ്പെട്ടു..

    ജനുവരിയിലെ കിളിക്കുഞ്ഞുങ്ങള്‍ എന്നൊരു പോസ്റ്റ്‌ ഇനി പ്രതീക്ഷിക്കാം അല്ലെ?

    ReplyDelete
  26. Susmesh, It is really a beautiful New Year Thought.

    ReplyDelete
  27. കിളിജീവിതം പോലെ മനോഹരമായ എഴുത്ത്....
    എന്റെ വീട്ടിൽ(തറവാട്ടിൽ)ഇത്തവണ പോയപ്പോഴും ഉണ്ടായിരുന്നു, ഓലഞ്ഞാലിയും, മാടത്തയും, കുരുവികളും, പിന്നെ പേരറിയാത്ത കുരുത്തോല പോലെ നീണ്ട വാലുള്ള ഒരു കിളിയും!

    പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
    പുതുവത്സരാശംസകൾ!

    ReplyDelete
  28. post valare ishttappettu.

    poochima vaichu. ishttamai.

    puthuvalsaram susmesh ezhuthiyathupoleyavatte ennagrahichukondum aazamcichukondum........

    ReplyDelete
  29. മനോഹരമായ എഴുത്തും ചിന്തകളും...

    നാലുദിവസമേ എനിക്ക് അവരുടെ കൂട് നിര്‍മ്മാണം ഇങ്ങനെ കാണാനും ആസ്വദിക്കാനും അതിലൂടെ എന്നെപ്പറ്റി പഠിക്കാനും കഴിഞ്ഞുള്ളൂ...
    ഈ വരികളിലൂടെ ഞങ്ങള്‍ താങ്കളെപ്പറ്റിയും പഠിക്കുന്നു സുഹൃത്തേ...

    താങ്കളെപ്പോലുള്ള ചിലരാണ് ലോകത്തെക്കുറിച്ച്, അതില്‍ ഇനിയും അവശേഷിക്കുന്ന നന്മയെക്കുറിച്ച്, പ്രതീക്ഷ നല്‍കുന്നത്.. ആ സന്തോഷം പങ്കുവക്കാന്‍ ഇവിടെ ഏറെപ്പേരുണ്ടായി എന്നതും ആഹ്ലാദകരംതന്നെ..

    പുതുവര്‍ഷം സ്നേഹനിര്‍ഭരമാവട്ടെ.. താങ്കള്‍ക്കും കൂട്ടുകാര്‍ക്കും അവരുടെ കുരുന്നുകള്‍ക്കും മനം നിറഞ്ഞ പുതുവല്‍സരാശംസകള്‍..


    (താങ്കള്‍ക്കുള്ളിലെ ആ കുട്ടിയെ വളരാന്‍ അനുവദിക്കരുത് ട്ടോ.. കുട്ടിത്തം നിറഞ്ഞ കാഴ്ചകള്‍ മുതിര്‍ന്നവരെന്നഭിനയിക്കുന്ന ഞങ്ങള്‍ക്ക് ഒരാശ്വാസമാണ്..)

    ReplyDelete
  30. എന്റെ എഴുത്തുകാരാ...കുറിപ്പ് വായിക്കും തോറും മനസ്സില്‍ പ്രണയം വന്ന് നിറയുകയായിരുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളും...പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല ,വളരെ മോശം മാനസികാവസ്ഥയിലാണ്‌ ഞാനിത് വായിക്കാന്‍ തുടങ്ങിയത്..കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയാണ്‌ ഈ കുറിപ്പ് എനിയ്ക്ക് തന്നത്. നന്ദി

    ReplyDelete
  31. “പുതുമയേറിയ പുതുവത്സരത്തിനും.ഇത്രയേറിയ പ്രകാശപൂര്‍ണ്ണമായ ഒരു പുതുവര്‍ഷപ്പിറവി ഇനി ഈ ആയുസ്സില്‍ എനിക്ക് ലഭിക്കുമോ.?
    എല്ലാ വായനക്കാര്‍ക്കും 'ഞങ്ങളുടെ' ഊഷ്മളമായ നവവത്സരാശംസകള്‍.
    എല്ലാവര്‍ക്കും പ്രണയം നിറഞ്ഞ വാസന്തമാവട്ടെ വരുംവര്‍ഷം. “

    എന്റെ ഈ വര്‍ഷം ധന്യം.അല്ല് നീ പറഞ്ഞ പോലെ ഈ ആയുസ്സില്‍ കിട്ടാത്ത പുതു വര്‍ഷം. ഇതു വായിച്ച്പ്പോള്‍ തോന്നിയ സത്യം.
    ഈ കൂട്ടില്‍ അറിയാതെ വന്നെത്തി ഇനി അറിഞ്ഞു വരും ഇടക്കിടെ.

    ReplyDelete
  32. പ്രിയപ്പെട്ട മുംസീ,
    വളരെ സന്തോഷമായി താങ്കളുടെ കമന്‍റ്.എന്‍റെ എഴുത്തിന് അത്രയും കഴിഞ്ഞല്ലോ.തുടര്‍ന്നും പ്രണയഭരിതമായി ജീവിക്കൂ..ജീവിതത്തില്‍ എന്നെന്നും പ്രത്യാശകള്‍ നിറയട്ടെ..
    കിലുക്കാംപെട്ടി ഇനിയുമിനിയും വരൂ..
    മൈലാഞ്ചീ,ആഹാ..ഇതൊരു അനുഗ്രഹമായി എടുത്തോട്ടെ.?
    ജയന്‍,മിഖാസ്,എച്ചുമുക്കുട്ടി,മഹേന്ദര്‍,അസ്മോ,രാമൊഴി,തെച്ചിക്കോടന്‍,ഡോ.,മൈഡ്രീംസ്,ജയേഷ്,കലാവല്ലഭന്‍,anonymous..നന്ദി.
    അമ്മൂന്‍റെ കുട്ടി..കൊള്ളാല്ലോ ഈ പേര്..?ഇനിയും വരൂ ട്ടോ.
    എല്ലാവര്‍ക്കും നന്ദിയും സ്നേഹവും.

    ReplyDelete
  33. ബുള്‍ബുള്‍ എന്ന് വിളിക്കുന്ന ഇരട്ടത്തലയന്‍ / തലച്ചികള്‍ വീടിനോട് ചേര്‍ന്നു ഒക്കെ കൂട് ഉണ്ടാക്കാന്‍ ഇഷ്ടം ഉള്ളവര്‍ ആണു ..
    മാറാല തൂക്കുന്ന കമ്പിന്റെ അറ്റത്ത് വരെ അവര് കൂട് ഉണ്ടാക്കി വയ്ക്കും .. മുട്ടേം ഇടും .. ചെറിയ ചെടികളില്‍ ഒക്കെ കൂട് ഉണ്ടാക്കി പതി വഴിയില്‍ ഉപക്ഷിക്കും .. ഇങ്ങനെ ഒക്കെ കണ്ടു ഒരിക്കെ ഞാന്‍ വീടിന്റെ മുറകില്‍ ഒരു ചെടിത്തൂക്കിയില്‍ ചകിരി ഒക്കെ വച്ചു കൊടുത്തു ..രണ്ടു പ്രാവശ്യം മുട്ട ഇടുകയും യാതൊരു പ്രകോപനവും ഇല്ലാതെ ഉപക്ഷിച്ച്ച് പോവേം ചെയ്തു ..:)
    അത് കഴിഞ്ഞിട്ട് സിറ്റൌട്ടിലെ ലാംബ് ഷെഡില്‍ വന്നിരുന്നു പരിശോധന നടത്തുന്ന കണ്ടു ബള്‍ബ്‌ എടുത്ത് മാറ്റി അവിടെ ഒരു ചിരട്ട ഫിക്സ് ചെയ്ത് കൊടുത്ത് .. മുട്ട ഇട്ടു ഒരാഴ്ച കഴിഞ്ഞ് ഇട്ടിട്ടു പോയി . ഞങ്ങള്‍ ആരും അതിന്റെ പരിസരത്തേക്കു പോലും പോയിരുന്നില്ല താനും ..
    ഞാന്‍ വല്യ തീരുമാനം എടുത്ത്തെക്കുവ .. എങ്ങിനെ ഒക്കെ വന്നു പ്രലോഭിപ്പിച്ച്ചാലും ഞാന്‍ ഇവറ്റകള്‍ക്ക് കൂട് ഉണ്ടാക്കി കൊടുക്കൂല എന്ന് .. ഇത്ര ഉത്തര വാദിത്തം ഇല്ലാതെ മുട്ടകള്‍ ഉപേക്ഷിച്ചു പോയാലോ ..
    എന്തായാലും മുട്ടകള്‍ വിരിയാനും കുഞ്ഞുങ്ങള്‍ സുഖായി ഇരിക്കാനും എന്റെം പ്രാര്‍ത്ഥനകള്‍ ..
    ബ്ലോഗില്‍ കുഞ്ഞുങ്ങള്‍ടെ ഫോട്ടം ഇടണേ .. :)

    ReplyDelete
  34. പുതുവല്‍സരാശംസകള്‍

    ReplyDelete
  35. നല്ല പുതുവര്‍ഷക്കുറിപ്പ്‌

    new Year wishes

    ReplyDelete
  36. പുതുവല്‍സരാശംസകള്‍

    ReplyDelete
  37. ഇത് വായിക്കാന്‍ ഞാന്‍ വൈകിയത് എന്താ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.....വളരെ,വളരെ നന്നായി..ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലും ഒരു കുഞ്ഞു ഉണരുന്നത് പോലെ... മനസ്സ് വല്ലാതെ തരളിതമാകുന്നു.

    ReplyDelete
  38. Endowment kittiya kaaryam -paper il vaayichu..Congras.

    ReplyDelete
  39. അവാര്‍ഡ് ലഭിച്ചതായി പത്രത്തില്‍ കണ്ടു, അഭിനന്ദങ്ങള്‍. തുടര്‍ന്നും താങ്കളുടെ ഒരുപാട് സൃഷ്ടികള്‍ക്ക് അംഗീകാരം ലഭിക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  40. nalla post aanu Susmesh...Pranayakkodungaattu kuttikalute kalichiriyil layikkatte..

    ReplyDelete
  41. സുസ്മേഷേ..ഇപ്പോളതു വിരിഞ്ഞുകാണുമല്ലോ...കുഞ്ഞുങ്ങള്‍ക്കു പൂടകിളിച്ചോ...ഇനിയാണു രസം. തള്ളപ്പക്ഷി കൊണ്ടു വരുന്ന തീറ്റ തിന്നാന്‍ വാ പൊളിച്ചിരിയ്ക്കുന്ന ഇരിപ്പ്. ചെറുതിലെ വീട്ടു മുറ്റത്തെ കിളിഞ്ഞിലില്‍ കൂടു വെച്ച് മുട്ടയിട്ട് വിരിഞ്ഞു വരുന്ന പക്ഷിക്കുഞ്ഞുങ്ങളെ കാത്ത് ഇരുന്നത്.മനസ്സില്‍ കൂടിപ്പറന്നുപോയി.
    നല്ല വിവരണം..
    പുതുവത്സരാശംസകള്‍

    ReplyDelete
  42. വായിച്ച് അനുഭവിച്ചു!
    വളരെ ആകര്‍ഷണീയമായ അവതരണം

    ആശംസകള്‍

    ReplyDelete
  43. അവാർഡ് വാർത്ത വായിച്ചു.ഇനിയും അവാർഡുകളുടെ പൂമഴക്കാലമുണ്ടാകട്ടെ..........

    അഭിനന്ദനങ്ങൾ.

    ReplyDelete
  44. അവാര്‍ഡ്‌ കിട്ടിയ വാര്‍ത്ത കണ്ടു...എല്ലാവിധ ആശംസകളും. അഭിമാനമുണ്ട്, താങ്കളെപ്പോലെ ഒരു എഴുത്തുകാരനെ സുഹൃത്തായി കിട്ടിയതില്‍; മലയാളത്തിനു നല്ലൊരു എഴുത്തുകാരനെ കിട്ടിയതില്‍...
    കിളിമുട്ടകളുടെ പുതുവത്സര സമ്മാനം ഹൃദ്യമായി...ആദ്യമേ വായിച്ചിരുന്നു, പക്ഷെ കമന്റിടാന്‍ അല്പം വൈകിപ്പോയി...

    ReplyDelete
  45. സുഷ്മേത്,നല്ല രസമായി എഴുതിയിരിക്കുന്നു..പലരും പറഞ്ഞ പോലെ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി.മുട്ടകള്‍ വിരിഞ്ഞോ..ബാക്കി എന്തായി എന്നൊക്കെ അറിയാന്‍ സാകൂതം കാത്തു നില്‍പ്പാണ്...വന്നു വിശേഷം പങ്കുവെയ്ക്കുമല്ലോ...

    ReplyDelete
  46. നവ വല്സരാശംസകള്‍ സകല മൂഡും തകര്‍ത്തു.ആരോ പറഞ്ഞ ടു സീറോ ഡബിള്‍ വണ്ണിനു കുറച്ച് കൂടി കഴിഞ്ഞു വന്നാല്‍ മതിയായിരുന്നു.. എന്കിലാ "കിളിമുട്ട അടവെച്ചു കവിതയായ്‌ വിരിയുന്നത്" കാണാമായിരുന്നു.. രചനാശൈലി അസൂയാവഹം.. ആശംസകള്‍..!!

    ReplyDelete
  47. ഏറെ ദിവസങ്ങൾ വൈകിയാണ് ഇവിടെയെത്തിയത്. അതും ആദ്യമായി. ഹ്ര്‌ദ്യമായ വായന തന്നു. പുതുവർഷം പിറക്കാനിരിക്കുന്ന മുഹൂർത്തത്തിൽ താങ്കളുടെ വീടിനകത്ത് കിളിദമ്പതികൾക്ക് സന്താനസൌഭാഗ്യമുണ്ടാകാൻ പോകുന്നതിന്റെ വിശേഷങ്ങൾ കൌതുകത്തോടെ വായിച്ചു. മനം പ്രസന്നമായി. പിന്നീടെന്തുണ്ടായി എന്ന് ഒരു കമന്റായെങ്കിലും എഴുതി അറിയിക്കണം കേട്ടൊ. പുതുവർഷാശംസകൾ.

    ReplyDelete
  48. സ്വപ്നം പോലെ സുന്ദരം. എപ്പോഴുമെന്ന പോലെ ഗംഭീരമായ ആഖ്യാനം.


    NIDHISH

    ReplyDelete
  49. മാതൃഭൂമിയില്‍ കണ്ട് കയറിയതാണ്. രസകരം. കിളികള്‍ക്ക് കൂട് കൂട്ടാന്‍ ഇപ്പോള്‍ ആള്‍പ്പെരുമാറ്റമുള്ളയിടം മതിയെന്ന് തോന്നുന്നു. എന്റെ മുറിയില്‍ കിളി കൂട് കൂട്ടി മുട്ടവിരിയുന്നതുവരെയുള്ള ചിലരംഗങ്ങള്‍ ഞാനെന്റെ മൊബൈലില്‍ പകര്‍ത്തി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
    ഇപ്പോള്‍ എല്ലാ ആറുമാസം (ഏകദേശം) കൂടുമ്പോഴും കിളികള്‍ കൂട് കൂട്ടാന്‍ എത്താറുണ്ട്, അയല്പക്കത്തെ ഫൈവ്സ്റ്റാര്‍ കിളിക്കൂടുകള്‍ ഒഴിവാക്കിക്കൊണ്ട്.

    ReplyDelete
  50. ആ കിളിമുട്ടകള്‍ വിരിഞ്ഞു.... എന്നിട്ടും എന്തേ അതേപ്പറ്റിയൊന്നും എഴുതാത്തൂ...

    ReplyDelete
  51. മരുഭൂമിയില്‍ വീണ മഴ തുള്ളികള്‍ പോലെ....മനസ്സില്‍...ഓര്‍മ്മകള്‍ കിനിയുന്നു ...ഒത്തിരി ഇഷ്ടമായി ...നന്ദി...

    ReplyDelete
  52. From
    PANOOR



    Digged and digged and digged.......


    Find out


    memories of Old Onappathipps


    and old weeklees.

    Liked that essay.

    ReplyDelete
  53. മാതൃഭൂമിയില്‍ കണ്ടപ്പോഴാണ് അറിഞ്ഞത്, ഇവിടെയുണ്ടെന്ന്.

    മുന്നേ വായിച്ചിട്ടുള്ള കഥകള്‍ പോലെ ഇതും നല്ല ഇഷ്ടായി..:)

    ReplyDelete
  54. Mathrubhumiyil vayichu.Vayichu theerum vare muttakal kittu kondupokum ennu karuthi. Illennu kandappol aaswasam.

    ReplyDelete
  55. എല്ലാവര്‍ക്കും നന്ദി.മറുകുറിക്ക് വളരെ വൈകി.സദയം ക്ഷമിക്കണേ..അവാര്‍ഡ് വാര്‍ത്തയില്‍ പ്രതികരിച്ച സുമനസ്സുകള്‍ക്ക് ആദരം.കിളിമുട്ടകള്‍ ജനുവരിയുടെ വിഷാദമായി പുതിയ പോസ്റ്റില്‍..വായിക്കണേ..
    സ്നേഹത്തോടെ...

    ReplyDelete
  56. മാതൃഭൂമിയില്‍ വായിച്ചു.. അത് വഴിയിവിടെയെത്തി.. ആ പൂച്ചയെയാണ് കൂടുതലിഷ്ടമായത്..

    ReplyDelete
  57. ഇതു മാതൃഭൂമീലു കണ്ടു. നേരത്തെ വായിച്ചതാണല്ലോ.

    ReplyDelete