Friday, February 25, 2011

rain@m g road

2011 ഫെബ്രുവരി 2...
വൈകുന്നേരങ്ങള്‍ നമുക്കുള്ളതല്ല നിനക്കുള്ളതാണ്.
നീ വീടണയാന്‍ കിതക്കുന്നതും/ഉണങ്ങിയ തുണികളൊക്കെ ഏതൊക്കെയോ ഓര്‍മ്മയില്‍ ചറുപിറുന്നനെ വലിച്ചെടുത്ത് കിടക്കയില്‍ എറിയുന്നതും/അഗാധമായ ഓര്‍മ്മകളില്‍ താണുമുങ്ങി ചിത്രം പടര്‍ന്ന ഒരു ചൈനീസ് കപ്പില്‍ കുറുകിയ കാപ്പിയുമായി ഒറ്റക്കിരിക്കുന്നതും/അലതല്ലിയെത്തിയ കവിതയ്ക്കു പിന്നാലെ മനസ്സിനെ വിട്ട് കാപ്പിമട്ട് തട്ടിയ ചുണ്ടിന്‍ കോണില്‍ പാല്‍മണമുള്ള പുഞ്ചിരിയുമായി എഞ്ചിന്‍ വച്ച സ്വപ്നത്തിനുപിറകെ ഒപ്പമെത്തുന്നതും/പൂക്കള്‍ പിച്ചി നനവുമാറാത്ത മുടിക്കെട്ടില്‍ ആലോലമായി വയ്ക്കുന്നതും/എന്നെ ഓര്‍ത്ത് എന്നോട് തല്ലുകൂടുന്നതും ഒരു തലകുടയലോടെ ഇവനോടെനിക്ക് വഴക്കടിക്കാനുമാവുന്നില്ലല്ലോ എന്നു പിറുപിറുക്കുന്നതും ... സന്ധ്യകളിലാണ്.അതുകൊണ്ടാണ് സന്ധ്യകള്‍ നമ്മുടെതല്ല,തികച്ചും നിന്‍റെതാണ് എന്നു ഞാന്‍ ഓര്‍ത്തത്.
എവിടെവച്ചാണെന്നോ ഓര്‍ത്തത്..?കവിതയ്ക്കും പത്മയ്ക്കുമിടയില്‍..പണ്ട് അങ്ങനെയൊരു പരസ്യം വരുമായിരുന്നു അല്ലേ..?റേഡിയോയിലാണ്.അപ്പോ കുറേക്കാലം മുന്പ്.ഏതൊ സ്ഥാപനത്തിന്‍റെ പരസ്യം.
ആ സ്ഥാപനം ഇപ്പോ ഉണ്ടോ..?ഉണ്ടാവില്ല...പഴയ രമണിക...ങാ..സാരിയുടെ അഴക് ഗൌതം മേനോന്‍ ദക്ഷിണേന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തുംമുന്പ് സാരിയുടെ വശ്യഭംഗി അവതരിപ്പിച്ചത് അവരായിരുന്നല്ലോ.രമണികയാണ് നീ വാസ്തവത്തില്‍.ശീമാട്ടിയും ജയലക്ഷ്മിയും നിറയുന്നതിനുമുന്പ് മനത്താളില്‍ വന്നുകേറിയവള്‍ ...രമണീയ...!
ഞാനെഴുതുന്ന കവിത.ഞാന്‍ തീം കണ്ടെത്തുന്ന പരസ്യം.ഞാന്‍ നിന്നെ തിരയുന്ന സ്വപ്നം.പിന്നിലൂടെ വന്ന്...വയറിലൂടെ കൈചുറ്റി...കാല്‍പ്പാദത്തില്‍ കേറ്റിനിര്‍ത്തി കെട്ടിപ്പുണര്‍ന്ന് മുന്നോട്ടുമുന്നോട്ടു(കിടപ്പറ വരെ...)തള്ളുന്ന...കശ്മീരില്‍ ഞാന്‍ കണ്ട പാന്‍ഗോംഗ് തടാകം പോലെ കിടക്കുന്ന നിന്‍റെ വയറില്‍,നിന്‍റെ തന്നെ ചിരിയുണ്ടാക്കുന്ന കുഞ്ഞോളങ്ങളില്‍ നോക്കി...കണ്ണുകളിലേക്ക് നോക്കി പുരികത്തിലൂടെ വിരലോടിച്ച്...ഞാനെഴുതുന്ന കവിത.
സാരിയില്‍,ചുളിവ് നിവരാന്‍ മടക്കി മെത്തയ്ക്കടിലിട്ട സെറ്റ്മുണ്ടില്‍,വീട്ടിലിടുന്ന ത്രീഫോര്‍ത്തിലും ടീ ഷര്‍ട്ടിലും,എവിടെയും നീ ഭംഗിയാകുന്നു.ഓ..!നിന്നെവച്ച് 12ആശയങ്ങള്‍,12മാസങ്ങള്‍,12പടങ്ങള്‍ ചിത്രീകരിച്ച് കലണ്ടറുണ്ടാക്കണം.ഒരു കട്ടിലോളം വലുപ്പമുള്ള കലണ്ടര്‍.അതിലെ ഓരോ മാസത്തിലും കിടന്നുറങ്ങണം.(എന്‍റെ ഉന്മാദം ഇറങ്ങിപ്പോകാന്‍ മധുരപ്പുല്ല് ചുവയ്ക്കുന്ന നിന്‍റെ വായ തരൂ..നിന്‍റെ ഉമിനീര്‍ ഡ്രിപ്പ് ഇന്ജക്ഷനിലെന്നപോലെ നൂറുനൂറുവര്‍ഷങ്ങള്‍ എന്നിലേക്കിറങ്ങട്ടെ.)
പറഞ്ഞുവന്നത് എം.ജി.റോഡിനെപ്പറ്റിയാണ്.എം.ജി.റോഡിലൂടെ നടക്കുന്പോള്‍ കവിതയ്ക്കും പത്മയ്ക്കും ഇടയില്‍ വച്ച് ഞാന്‍ നിന്നെ ഓര്‍ത്തു.അപ്പോള്‍ സന്ധ്യയാവാറാവുകയായിരുന്നു...(നിന്‍റെ കവിളില്‍ അസ്തമയം കലങ്ങുന്നത് കാണണം.)അപ്പുറത്തെ കടലിന്‍റെ കണ്ണാടിയില്‍ ചരിഞ്ഞുമുഖം നോക്കുന്ന ആകാശം ചൂണ്ടുവിരല്‍ അമര്‍ത്തി വട്ടത്തില്‍ വരച്ചിട്ട പൊട്ടുപോലെ ചോപ്പ്.ആ ചോപ്പിന്‍റെ ധന്യതയില്‍ കിടിലം കൊള്ളിക്കുന്ന നിറമായി എം.ജി.റോഡില്‍ വീണുകിടക്കുന്ന സന്ധ്യ.ദൈവമേ...നീ ഈ നിമിഷം ഇവിടെയുണ്ടായിരുന്നെങ്കില്‍...ജീവിതം നീയില്ലാതെ ഇങ്ങനെ പാഴായിപ്പോവുകയാണല്ലോ.ഇല്ല..വാര്‍ദ്ധക്യത്തില്‍ ഞാനൊരു അടിപൊളി വൃദ്ധനായിരിക്കും.നീ വരുന്പോള്‍ നടുങ്ങണം.നീ വിസ്മയിക്കണം.ജരാനരകള്‍ക്കടിയില്‍ എന്‍റെ രക്തം നിന്നെക്കണ്ട് കുതിച്ചുയരും.ഇന്നും അന്നും നിന്‍റെ അരയില്‍ കൈചുറ്റി,നിന്നോടൊപ്പം തോന്ന്യാസം പറഞ്ഞ്,പഴയ ഇന്ത്യന്‍ കോഫീ ഹൌസിലും ഒബ്റോണ്‍മാളിലും ക്യൂ സിനിമാസിലും കാനൂസിലും കേറി,കടലിലും കായലിലും പോയി,ചരിത്രത്തിലും വര്‍ത്തമാനത്തിലും മുങ്ങി,സെന്‍റ് തെരേസാസിനും കോണ്‍വെന്‍റ് ജംഗ്ഷനും ഇടയില്‍ കറങ്ങി,ഓരോ പൊട്ടിനെയും നോക്കി കാണെടോ എന്‍റെ ഗോള്‍ഡന്‍ഗേളിനെ എന്നുതലതല്ലി ഫലിതം പറഞ്ഞ്...മഴ വരുന്പോള്‍ നിന്നെ തള്ളിത്തള്ളി മഴയില്‍ മുക്കി...
വിചാരിച്ചു തീര്‍ന്നില്ല..മഴ വന്നു.നിന്‍റെ തോഴി..മഴയെയാണ് നീ ആദ്യം എന്‍റെ അരികിലേക്ക് അയക്കുക.
ഓടണോ നനയണോ..!നീ ചിരിക്കുന്നത് എനിക്കു കാണാം.എന്‍റെ വെപ്രാളം നോക്കി.പിന്നെ ഇരുകൈയും ജീന്സിന്‍റെ പോക്കറ്റുകളില്‍ തിരുകി ഫുട്പാത്തിന്‍റെ ചോപ്പില്‍ ഷൂസുരച്ച് മാനം നോക്കി വിഷാദിയായ ഒരു നടത്തം.ഒറ്റയ്ക്ക്.നീയില്ലല്ലോ..ഇപ്പോള്‍ എന്‍റെ കണ്ണടച്ചില്ലില്‍ തുരുതുരാ വന്നുവീഴുന്നത് നിന്‍റെ ആനന്ദക്കണ്ണീരോ തോരാത്ത മുടിയുലച്ച് നീ എനിക്കുമുന്നില്‍ വിഹരിക്കുന്പോള്‍ തെറിക്കുന്ന ജലകണങ്ങളോ...!
വില്‍സിന്‍റെ പഴയ പരസ്യങ്ങള്‍ ഓര്‍മ്മയില്ലേ...അവര്‍ കാറുകഴുകുന്നതും പുസ്തകം വായിക്കുന്നതും ചൂണ്ടയിടുന്നതും..
കാമസൂത്രയുടെ പഴയ പരസ്യങ്ങളും..ശരീരത്തിന്‍റെയും കാമത്തിന്‍റെയും യഥാര്‍ത്ഥ നിറം നീലിമയാണെന്നു പ്രഖ്യാപിച്ച... ഉം,ഓര്‍മ്മിക്കൂ ..നിത്യജീവിതത്തില്‍ നാം കാണാതെ പോകുന്ന പരസ്യത്തിന്‍റെ സ്വാധീനങ്ങളെപ്പറ്റി..അവ വെറും പരസ്യങ്ങള്‍ മാത്രമല്ലല്ലോ.അല്ലെന്നു നമുക്കറിയാം ല്ലേ.
എവിടെ രണ്ടുപേര്‍ ഒട്ടിനില്‍ക്കുന്നുവോ അപ്പോള്‍ നിന്നെയെനിക്കു ഓര്‍മ്മവരും.നിനക്ക് എന്നെയും.ഏപ്രിലില്‍ പൂക്കുന്ന മെയ് വാകകള്‍ കാണുന്പോഴെന്നപോലെ...പുതുമഴ കണ്ണില്‍ വീഴുന്പോഴെന്നപോലെ.
എന്നാണ് സൌരഭ്യമേ..നീ എനിക്കരികില്‍ ഇനിയും വരിക..?അന്ന് കുളങ്ങള്‍,പായല്‍ കയറിയ കല്ലുവഴികള്‍,കാലന്‍കുട ചൂടി നാം മറികടന്ന വരന്പുകള്‍,സെറ്റ് മുണ്ടിനടിയിലെ നീളം കുറഞ്ഞ ചരടുള്ള വെള്ളപ്പാവാട,നിലാവ് കണ്ട് നാം കിടന്ന ദിവാന്‍കോട്ട്...എല്ലാം എം.ജി.റോഡിലെ ഹോര്‍ഡിംഗ്സില്‍ പുനര്‍ജ്ജനിക്കും.
മായ്ച്ചാലും മായ്ച്ചാലും പോകാത്തവിധം കാലം എനിക്കായി നിന്നില്‍ കരുതിവച്ചിട്ടുള്ള പ്രണയത്തിന്‍റെ ആ പാരന്പര്യമണം മാത്രം എന്‍റെ ഹൃദയത്തില്‍ പരക്കും.

29 comments:

  1. ഇത് കവിതയോ..നിങ്ങള്‍ ചിരിച്ചേക്കും.ശരിയാണ്.കവിതയല്ല.എന്‍റെ ഹൃദയം.
    പിച്ചിക്കീറാതെ മടക്കിത്തരൂ.

    ReplyDelete
  2. ആ കലണ്ടർ അടിപൊളിയായിരിക്കും സുസ്മേഷ്! എംജി റോഡീലെ ഹോർഡിങ്ങുകളിൽ നിന്ന് സന്ധ്യയിൽ മഴനനഞ്ഞ് ഇറങ്ങി വന്നവളിവളാരോ? കടിഞ്ഞാണില്ലാത്ത എഴുത്ത് ഒരു പ്രത്യേക ലാവണ്യമാണ്

    ReplyDelete
  3. സ്വപ്നങ്ങളും മിഥ്യകളും ഹൃദയത്തിനു സത്യം തന്നെ ...
    ആണയിട്ടു മഴയും പറഞ്ഞു സത്യം..., ജീവിതമേ...നീയാണ് അസ്ഥിരം .

    ഇഷ്ടപ്പെട്ടു
    നന്മകള്‍ ശ്രി സുസ്മേഷ് ചന്ത്രോത്..
    ..

    ReplyDelete
  4. സുസ്,
    നീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു അല്ലേ....?

    ReplyDelete
  5. "ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
    രാത്രി പോലിരുണ്ട കവികളിലെത്താൻ,
    വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
    പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
    തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
    പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ
    പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
    ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
    മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
    അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നത്
    കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്."

    റില്‍ക്കെ ( കടപ്പാട്- പരിഭാഷ ബ്ലോഗ്)

    ReplyDelete
  6. പ്രണയത്തിന്റെ..സ്നേഹത്തിന്റെ..ഒക്കെ ഒരു ധാരാളിത്തം......കാത്തിരുപ്പിന്റെയും...

    ReplyDelete
  7. വിരഹം പ്രണയത്തിന്റെ ആഴം കൂട്ടുമായിരിക്കും .. പക്ഷെ വിരഹം എനിക്ക് വയ്യ...
    കാരണം നിന്റെ പ്രണയത്തിന്റെ ആഴത്തില്‍ ഞാന്‍ മുങ്ങി മരിച്ചു പോകും

    അതിമനോഹരമായി സുസ്മേഷ്... ആശംസകള്‍...
    ഞാന്‍ താങ്കളുടെ ഫാന്‍ ആയി മാറി.. :)

    ReplyDelete
  8. "പിന്നെ ഇരുകൈയും ജീന്സിന്‍റെ പോക്കറ്റുകളില്‍ തിരുകി ഫുട്പാത്തിന്‍റെ ചോപ്പില്‍ ഷൂസുരച്ച് മാനം നോക്കി വിഷാദിയായ ഒരു നടത്തം.ഒറ്റയ്ക്ക്.നീയില്ലല്ലോ..ഇപ്പോള്‍ എന്‍റെ കണ്ണടച്ചില്ലില്‍ തുരുതുരാ വന്നുവീഴുന്നത് നിന്‍റെ ആനന്ദക്കണ്ണീരോ തോരാത്ത മുടിയുലച്ച് നീ എനിക്കുമുന്നില്‍ വിഹരിക്കുന്പോള്‍ തെറിക്കുന്ന ജലകണങ്ങളോ...!"

    ഇവിടെ ഇപ്പോഴാണ്‌ വന്നത്.
    വളരെ വൈകിപ്പോയി.
    ഇഷ്ട്ടപ്പെട്ടു സുസ്മേഷ്.
    നന്മകള്‍ നേരുന്നു !

    ReplyDelete
  9. ഷണ്മുഖം റോഡിലെ മഴ ആസ്വദിക്കാന്‍ രസമാണ് കായലും കരയും ഒരേ മഴ കൊണ്ട് എന്നാല്‍ തമ്മില്‍ കലരാതെ നില്കുന്നത് എന്നാല്‍ എം ജി റോഡില്‍ ആള്‍കൂട്ടത്തില്‍ ആരവങ്ങല്‍ക്കിടക്ക് ഇങ്ങനെ ഒരു മഴയില്‍ ഞങ്ങളെ ഒക്കെ നനച്ചത്തിനു നന്ദി സുസ്മേഷ്

    ReplyDelete
  10. ഹാ അടിമുടി പ്രണയം.മനസ്സില്‍ നിന്ന് ഉന്മാദത്തോടെ ഒഴുകി വന്ന വരികള്‍..പ്രണയിനിക്ക് ആഹ്ലാദിക്കാം..പിച്ചി കീറാന്‍ ആരും ധൈര്യപ്പെടില്ല ഈ വരികളെ.അത്ര മേല്‍ ലോലമായ പ്രണയത്താല്‍ നെയ്തിരിക്കുന്നു ഇത്..എന്‍റെ പ്രഭാതത്തെ ഈ വായന മനോഹരമാക്കി.നന്ദി.

    ReplyDelete
  11. ഇഷ്ട്ടപ്പെട്ടു സുസ്മേഷ്.
    നന്മകള്‍ നേരുന്നു !

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. rain at MG Road, ഭംഗിയായിട്ടുണ്ട്. സുസ്മേഷിന്റെ ആത്മാംശമുള്ള വരികള്‍ക്കപ്പുറം ഞാനെന്റെ ജീവിതത്തിലെ തിരക്കേറിയ ദിവസങ്ങള്‍ ഓര്‍ത്ത്‌ പോയി. ജോലി തേടി കൊച്ചിയിലെത്തിപ്പെട്ട ദിവസങ്ങളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആനന്ദിപ്പിച്ച വിനോദങ്ങളില്‍,അല്ലെങ്കില്‍ ഏക വിനോദമായിരുന്നത് എം ജി റോഡിലെ മഴയും അതില്‍ നനഞ്ഞു , വറുത്ത കപ്പലണ്ടി തിന്നു നടന്നതുമായിരുന്നു. എന്റെ വറുതിയുടെ കാലം. കൂടെ നടക്കാനും കൂട്ട് കൂടാനും ആരുമില്ലാതിരുന്ന ഏകാന്തതയുടെ ചാര നിറമുള്ള ആകാശക്കാഴ്ച്ചകളുടെ ഒരു കാലം. ആശംസകള്‍ !

    ReplyDelete
  14. എല്ലാ ആനന്ദിമാര്‍ക്കും ആശംസകള്‍...
    നന്ദി.
    ഈ പോസ്റ്റ് വായിച്ച് കമന്‍റിട്ടവര്‍ നന്നേ കുറവാണ്.ഒരു കാര്യം മനസ്സിലായി. പ്രണയിക്കാനും പ്രണയം വെളിപ്പെടുത്താനും പ്രണയം അംഗീകരിക്കാനും നമുക്കിപ്പോഴും ഭയവും സങ്കോചവുമുണ്ട്.
    എന്തായാലും പ്രണയത്തിന്‍റെ മാസ്മരികമഴയില്‍ ആ ആനന്ദമതത്തില്‍ അലിയൂ ആമോദിക്കൂ..

    ReplyDelete
  15. ഏകാന്തതയും ഒരു നല്ല പ്രണയിനിയാണു്
    കാമിതാക്കളെ കൌതുകത്തോടെ നോക്കി
    നടന്ന കാലത്തേക്കു മനസ്സിനെ സ്നേഹപൂര്‍വ്വം
    കൂട്ടി കൊണ്ടു പോകുന്നു പ്രിയങ്കരനായ സുസ്മേഷ്.
    പ്രശസ്തിക്കും പെരുമകള്‍ക്കുമിടയിലും ബ്ലോഗെഴുത്തിനു്
    സമയം കണ്ടെത്തുന്ന നല്ല മനസ്സിനു് അഭിവാദ്യങ്ങള്‍

    ReplyDelete
  16. ഞാന്‍ വരാന്‍ വീണ്ടും വൈകി ....കാണുന്ന കാഴ്ചയിലെല്ലാം നീയെന്റെ പ്രണയത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതിനാണെന്റെ ദൈവമേ എന്നു വിലപിക്കുകയായിരുന്നു,അപ്പോഴാണ്‌ ഇത് ...നന്ദി എനിക്കു വേണ്ടി വീണ്ടും എഴുതിയതിന്‌ !

    ReplyDelete
  17. കാല്പനികതയുടെ ആര്ഭാടമുണ്ടിതില്‍ അതുകൊണ്ടാവാം , ഒരു ടൂലിപ് വസന്തത്തിന്റെ കലെന്ടെര്‍ chithraththe ഓര്‍മിപ്പിക്കുന്നു ....കഥയെന്നോ കവിതയെന്നോ ഇതല്വിടര്ത്തിയിട്ടില്ലെങ്കിലും വരികള്‍ക്കിടയില്‍ ഒരു സംഗീതം
    കേള്‍ക്കുന്നു...തീവ്രമായ ജീവിത കാമനകളുടെ ഭ്രമര സംഗീതം...ആശംസകളോടെ...

    ReplyDelete
  18. പ്രിയപ്പെട്ട ശ്രീ ജയിംസ് സണ്ണി പാറ്റൂര്‍,
    എത്രയോ വലിയൊരു സത്യമാണ് താങ്കള്‍ പറഞ്ഞത്.എതാന്തതയാണ് ഏറ്റവും മുന്തിയ പ്രണയിനി.നമ്മളെ നിമിഷം പ്രതി ജ്വലിപ്പിക്കുന്ന,അതിവാചാലതയുടെ വിശറിയാല്‍ നിഗൂഢമായി വീശിത്തണുപ്പിക്കുന്ന കൂട്ടുകാരി-ഏകാതന്തയല്ലെങ്കില്‍ മറ്റെന്താണ്.?
    പ്രിയപ്പെട്ട താരകന്‍,സന്തോഷമായി താങ്കളുടെ അഭിപ്രായം.ഞാനൊരു ബുദ്ധിജീവിയല്ല.സാധാരണക്കാരനാണ്.അതിലേറെ കാല്പനികനുമാണ്.അതുകൊണ്ട് ഇങ്ങനെയൊക്കെ.അതിനെ സ്നേഹിക്കുന്ന നിങ്ങളോട് തിരിച്ചും സ്നേഹം പങ്കു വയ്ക്കട്ടെ.
    മുംസി,വൈകിയതില്‍ സാരമില്ല.വന്നല്ലോ.കാത്തിരിക്കുന്നവരുടെ സമാധാനമാണ് വരവുകള്‍.

    ReplyDelete
  19. ഒരിടത്തും നിൽക്കാതെ എവിടേയും തട്ടിത്തടയാതെ കുത്തിയൊലിച്ച് ഒഴുകുന്ന പ്രണയവാഹിനി...
    ഏകാന്തതയുടെ ഈ കല്പനാകാന്തികൾ കൊള്ളാം കേട്ടോ സുസ്മേഷ്.

    ReplyDelete
  20. ഒരുപാട് ഇഷ്ടമായി ഈ പ്രണയം...പലപ്പോഴും എഴുതാന്‍ തോന്നും ഇങ്ങനെ ഒക്കെ...പക്ഷെ ..സുസ്മേഷ് പറഞ്ഞത് പോലെ പേടി,സങ്കോചം,മറ്റുള്ളവര്‍ എന്ത് കരുതും എന്ന തോന്നല്‍...ഇതൊക്കെ തന്നെ ആണ് പുറകോട്ടു വലിക്കുന്നത്.എങ്കിലും ഇത് വായിച്ചപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ...നന്ദി...

    ReplyDelete
  21. എഴുത്ത് നന്നായി
    പഴയ രമണികയെ ഓര്‍മ്മിപ്പിച്ചതിന് ഒരു നന്ദിയും

    ReplyDelete
  22. ഒരു കവിത പോലെ സുന്ദരം തന്നെ.
    പ്രണയത്തെ ഇത്രമേൽ കൂടെ ക്കൂട്ടി അത് ഞങ്ങൾക്ക് ഏകിയതിന്‌ നന്ദി.

    ReplyDelete
  23. നല്ലൊരു കോപ്പി പോലെ പ്രലോഭിപ്പിക്കുന്ന പ്രണയം. ഗന്ധം കൊണ്ടും സ്പര്‍ശം കൊണ്ടും മാത്രം വരക്കാനാവുന്ന ഒരുടലിന്റെ കമനീയ ചിത്രം. കവിത കൊണ്ടു മാത്രമേ തൊടാനാവൂ ഇവ്വിധം. ആണും പെണ്ണുമാവുന്ന നേരം മാത്രമാണ് സത്യം. സ്തോത്രം, പ്രണയമേ.

    ReplyDelete
  24. സുന്ദരം :)
    നന്നായി എഴുതി

    ReplyDelete
  25. എല്ലാവര്‍ക്കും നന്ദി.സന്തോഷം.

    ReplyDelete
  26. വീണ്ടും പ്രണയം.. ഇരുകരയും കവിഞ്ഞൊഴുകുന്ന പ്രണയം.. സുസ്മേഷ്, നിങ്ങള്‍ പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ ഉന്മാദത്തിന്റെയും ഹൃദയത്തള്ളിച്ചയുടെയും (ഇപ്പോഴുള്ള ഭൂരിഭാഗം എഴുത്തുകാരിലും കാണാനാവാത്ത അല്ലെങ്കില്‍ അവര്‍ അല്‍പ്പം പുച്ഛത്തോടെ അവഗണിക്കുന്ന) അസാധാരണമായ എന്നാല്‍ സുന്ദരമായ ഒരു ധാരാളിത്തം കാണാനാവുന്നു.. ഗൃഹാതുരതയും കാല്‍പ്പനികതയും കടുപ്പവും മധുരവും കൃത്യമായ അളവില്‍ ചേര്‍ന്ന ചൂടുള്ളൊരു കാപ്പിയിലെന്ന പോലെ ഇടചേര്‍ന്നിരിക്കുന്നു.. ഇത് പുകഴ്ത്തുവാന്‍ പറയുന്ന വാക്കുകളല്ല.. സത്യമായും നിങ്ങളുടെ ഹൃദയത്തിന്റെ ഈ അനിയന്ത്രിതമായ വേലിയേറ്റം എന്നെ ഓര്‍മ്മകളുടെയും പ്രണയത്തിന്റെയും പഴയ ഇടവഴികളിലേയ്ക്ക് കൊണ്ടുപോകുന്നു.. എത്ര മനോഹരമായ അനുഭവങ്ങളായിരുന്നു അതൊക്കെ.. വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നും ചില ഭാവങ്ങള്‍, ചില നോട്ടങ്ങള്‍, ചില പുഞ്ചിരികള്‍, ചില പരിഭ്രമങ്ങള്‍, ചില മിഴിയിളക്കങ്ങള്‍, ചില മൌനസന്ദേശങ്ങള്‍.. എല്ലാം ഒരു നിമിഷത്തിന്റെ, അല്ലെങ്കില്‍ നിമിഷാര്‍ദ്ധത്തിന്റെ അനുഭവങ്ങളാണ്.. പക്ഷേ ഇപ്പോഴും അവയ്ക്കെന്ത് ദീപ്തി.. എന്ത് നൈര്‍മല്യം.. (പറയുമ്പോള്‍ നിര്‍ത്താന്‍ പറ്റുന്നില്ല. എങ്കിലും ബലമായി ഞാനെന്നെ തടയുന്നു.. പിന്നെ ഒന്ന്.. ഞാന്‍ വല്ലപ്പോഴും ബ്ലോഗ് എഴുതാറുണ്ട്.. വല്ലപ്പോഴും പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ നീയെന്തിന് പൈങ്കിളി എഴുതുന്നു, സീരിയസ് കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ പോരേ എന്നാണ് എല്ലാവരുടെയും പ്രധാനചോദ്യം.. പ്രണയമെങ്ങനെയാണ് പൈങ്കിളിയാവുക..? അതിനെന്താണ് തരം തിരിവ്? ഏത് കാലത്തും ദേശത്തും സമയത്തും പ്രണയം പ്രണയം തന്നെയാണ്.. ആഭിജാത്യമുള്ള, ഉദാത്തമായ ഒരു വികാരം.. സീരിയസ് ആയി എഴുതുമ്പോഴും എനിക്കെന്നിലെ അനുരാഗിയെ തൃപ്തിപ്പെടുത്തെണ്ടേ..?? പ്രത്യേകിച്ചും വിരഹിയായ ആ അനുരാഗിയെ..) ഓഫ് : കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ എം ജി റോഡില്‍ കവിതയ്ക്കും പദ്മയ്ക്കുമിടയിലൂടെ വൈകുന്നേരങ്ങളില്‍ ഒരുപാട് തവണ നടന്നിരിക്കുന്നു.. എന്നിട്ടും അവിടുത്തെ ആ മഴ എനിക്കന്യമായിരുന്നല്ലോ..! (ഒരു ചോദ്യം കൂടി.. എറണാകുളത്ത് എവിടെയാണ് നിങ്ങള്‍?)

    ReplyDelete
  27. ചില്ലറ മാറ്റിയെഴുതലുകളോടെ ഞാനിത് വായിച്ചു.......

    വളരെ സന്തോഷം.

    ReplyDelete