Saturday, July 2, 2011

വിവാഹം-ശത്രുരാജ്യത്തലവന്മാരുടെ ഒന്നിച്ചുജീവിതം

ന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പല പുരോഗതികളുണ്ടെങ്കിലും സങ്കീര്‍ണ്ണമായ മാനസികഘടനയുള്ള സ്‌ത്രീ-പുരുഷന്മാരുടെ ചെറുചെറുകൂട്ടങ്ങളാണ്‌ കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ളതെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഇതിന്‌ കാല-ദേശ-പ്രായ-മതവ്യത്യാസങ്ങള്‍ ഉണ്ടാവാം.പക്ഷേ എന്നിരുന്നാലും ദാമ്പത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്‌.പ്രധാനമായും അത്‌ പ്രായപൂര്‍ത്തിയെത്തിയ സ്‌ത്രീപുരുഷന്മാരുടെ ലൈംഗീകതയാണ്‌.

മക്കത്തായം,മരുമക്കത്തായം,സംബന്ധം,ബാന്ധവം തുടങ്ങി പലപേരില്‍ നൂറ്റാണ്ടുകളായി സ്‌ത്രീപുരുഷബന്ധങ്ങളെയും കുടുംബവ്യവസ്ഥയെയും നിര്‍ണ്ണയിച്ചുപോരുന്ന കേരളത്തില്‍ നൂറ്റാണ്ടുകളായി മനുഷ്യജീനുകളില്‍ ഒരേപോലെ പതിഞ്ഞുപോയ ഒരേയൊരുകാര്യം ദാമ്പത്യത്തിലെ ലൈംഗീകതയെ സംബന്ധിച്ച അടിയുറച്ച ചില ചിന്തകളാണ്‌.അതില്‍ പലതും അസംബന്ധമാണെന്ന്‌ ആരും ശ്രദ്ധിക്കുന്നില്ല.ദാമ്പത്യത്തിലെ ലൈംഗീകതയില്‍ തുറക്കലുകളില്ല അടയ്‌ക്കലുകളേയുള്ളു.എല്ലാക്കാലത്തും അടച്ചുവച്ചും മൂടിവച്ചും അനുഷ്‌ഠിച്ചുപോന്നിരുന്ന ലൈംഗീകതയെ സംബന്ധിച്ച്‌ ഓരോ തലമുറയും മനസ്സിലാക്കിയിട്ടുള്ളത്‌ കേരളത്തില്‍ ഒരേ രീതിയിലാണ്‌.അതായത്‌ സ്‌ത്രീപുരുഷന്മാരുടെ സ്‌നേഹം(പ്രത്യേകിച്ചും ശാരീരികസ്‌നേഹം)അവര്‍ക്കിടയില്‍പ്പോലും പ്രകടിപ്പിക്കാനുള്ളതല്ല എന്നതാണ്‌.അത്‌ കഴിയുന്നത്ര ഗോപ്യമാക്കി വയ്‌ക്കാനുള്ളതാണത്രേ.

അതിന്റെ ശിക്ഷയാണ്‌ ഇന്ന്‌ കേരളത്തില്‍ വ്യാപകമാവുന്ന വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പം.പണമുണ്ട്‌,വിദ്യാഭ്യാസമുണ്ട്‌,സാമൂഹികപദവികളുണ്ട്‌,സാമ്പത്തികസ്വാതന്ത്ര്യമുണ്ട്‌,ആഡംബരജീവിതമുണ്ട്‌,എന്നിരുന്നാലും സ്‌നേഹത്തിലധിഷ്‌ഠിതമായ ലൈംഗികജീവിതം പങ്കുവയ്‌ക്കുന്നതില്‍ സ്‌ത്രീ-പുരുഷന്മാര്‍ ഇവിടെ ഒരേപോലെ പരാജിതരാവുന്നു.പരാജിതരുടെ ജീവിതത്തിലേക്ക്‌ കയറിവരുന്ന സമാധാനവും സന്തോഷവും നിലനിര്‍ത്താനുമുള്ള കുറുക്കുവഴികളാണ്‌ അവരെ വിവാഹമോചനമെന്ന വിജയത്തിലേക്ക്‌ എത്തിക്കുന്നത്‌.കീഴെത്തട്ടിലെയും മേലേത്തട്ടിലെയും വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പത്തിനുകാരണങ്ങള്‍ പ്രധാനമായും ലൈംഗീകതയിലെ അസമത്വമല്ലെങ്കിലും,മദ്യപാനം,സാമ്പത്തിക സുരക്ഷിതത്വമില്ലായ്‌മ,സാമൂഹികനിലകളിലെ അസന്തുലനം,ഈഗോ എന്നിവയൊക്കെയാണെങ്കിലും,ലൈംഗീകജീവിതത്തിലെ അതൃപ്‌തിയും പ്രധാനമല്ലാത്ത സ്ഥാനം അവര്‍ക്കിടയിലും വഹിക്കുന്നുണ്ട്‌.എന്നാല്‍ ഭൂരിപക്ഷം വരുന്നത്‌ മദ്ധ്യവര്‍ഗ്ഗമായതിനാല്‍ നമുക്കാവഴിക്ക്‌ ചിലത്‌ ചിന്തിക്കാം.

വേര്‍പിരിയാന്‍ തീരുമാനിക്കുന്നവരില്‍ ഏറെയും അഭ്യസ്‌തവിദ്യരാണെന്നതു ശ്രദ്ധേയമാണ്‌.എന്തുകൊണ്ട്‌ അഭ്യസ്‌തവിദ്യര്‍..?ദാമ്പത്യത്തിലായാലും യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ നിര്‍ഭയം തീരുമാനങ്ങളെടുക്കുന്നു എന്നതുതന്നെ കാരണം.എന്നാല്‍ പിന്നാക്കാവസ്ഥകളില്‍ നില്‍ക്കുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കാനോ തീരുമാനങ്ങളെടുക്കാനോ കഴിയുന്നില്ല.പലപ്പോഴും മതത്തിനുപോലും തടയാനാവാത്ത വിധത്തില്‍ ഇന്ന്‌ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്‌.

വേര്‍പിരിയേണ്ടിവരുന്നതിനുള്ള പ്രധാനകാരണം ആരുംതന്നെ പുറത്തുപറഞ്ഞില്ലെങ്കിലും ആഴത്തിലുള്ള സ്‌നേഹമില്ലായ്‌മയാണ്‌ കാരണമെന്നു വ്യക്തമാണ്‌.

ആണിന്റെയും പെണ്ണിന്റെയും പരസ്‌പരസ്‌നേഹത്തില്‍ അലിഞ്ഞുതീരാത്ത അഭിപ്രായഭിന്നതകളില്ല.സ്‌നേഹത്തില്‍ നിന്ന്‌ നല്ല ലൈംഗികബന്ധവും സ്വാഭാവികമായും ഉണ്ടാകും.നല്ല ലൈംഗികത സാദ്ധ്യമാകുന്നതോടെ ദമ്പതികളില്‍ മാനസികപിരിമുറുക്കങ്ങള്‍ ഇല്ലാതെയാകും.മാനസികപിരിമുറക്കങ്ങള്‍ വിട്ടകന്ന മനസ്സില്‍ സമാധാനത്തോടെ പ്രശ്‌നപരിഹാരങ്ങള്‍ തേടാനുള്ള പ്രവണതയുണ്ടാകും.പങ്കാളികളില്‍ സ്‌നേഹം തിരയാനും കൊടുക്കാനും മനസ്സുകൊടുക്കാത്തവരാണ്‌(അല്ലെങ്കില്‍ അതിനു സാഹചര്യമില്ലാത്തവരാണ്‌)അന്യബന്ധങ്ങളില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതും വഴിയേ അത്‌ നിത്യപരാജയത്തിലേക്ക്‌ എത്തിച്ചേരുന്നതും.

കേരളത്തില്‍ എല്ലാ മതവും വലിയ ശക്തിയായി വിവാഹബന്ധം വേര്‍പിരിയുന്നതിനെ എതിര്‍ക്കുന്നുണ്ട്‌.അഭിപ്രായ ഐക്യം നഷ്‌ടപ്പെട്ട ദമ്പതികള്‍ ഒരു മേല്‍ക്കൂരയ്‌ക്കടിയില്‍ നാടകം കളി തുടരട്ടെ എന്നാണ്‌ പലപ്പോഴും അതിനര്‍ത്ഥം.രണ്ടാമത്‌ അനാഥമായിപ്പോകുന്ന കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്‌കണ്‌ഠ.പക്ഷേ സ്വരച്ചേര്‍ച്ചയില്ലാത്തവരുടെ ഒന്നിച്ചുജീവിതം ആരോഗ്യമില്ലാത്ത സമൂഹത്തെ,രോഗാതുരമായ വ്യക്തികളെ സമൂഹത്തിനു സമ്മാനിക്കാനേ ഉപകരിക്കൂ.

കോടതികളിലെത്തുന്ന ദമ്പതികളില്‍ ബഹുഭൂരിപക്ഷത്തിനും സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ പിരിയാനുള്ള കാരണം.അതിന്റെ ഉപ കാരണങ്ങളാണ്‌ പണം,സംശയം,മദ്യം മുതലായവ.വ്യക്തികള്‍ക്ക്‌ ശരിയായ കൂട്ട്‌ സ്വയം കണ്ടെത്താന്‍ കഴിയാത്തതും ആ സാഹചര്യത്തില്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളുമാണ്‌ അതിന്റെ ഉത്തരവാദികള്‍.കാരണം ഇവിടെ വിവാഹം കഴിക്കേണ്ടിവരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ കാര്യത്തില്‍ സ്വന്തം നിലയില്‍ യാതൊരു ഉത്തരവാദിത്തവുമില്ല.അഥവാ ഏറ്റെടുക്കാന്‍ തയ്യാറല്ല.അതൊക്കെ രക്ഷിതാക്കളുടെ തലയിലേക്കാണ്‌ കേരളത്തിലെ അഭ്യസ്‌തവിദ്യരും ഐടി ഫ്രഫഷണലുകളുമായ യുവതീയുവാക്കള്‍ ഇട്ടുകൊടുക്കുന്നത്‌.ഇന്നും.

കാരണം-1. സ്വന്തമായി കണ്ടെത്തിയ പെണ്‍കുട്ടിയെ ആണ്‍കുട്ടിക്കോ,ആണ്‍കുട്ടിയെ പെണ്‍കുട്ടിക്കോ കെട്ടിച്ചുകൊടുക്കാന്‍ ജീവിതത്തിന്റെ മദ്ധ്യവയസ്സ്‌ താണ്ടിയ ഇരുപക്ഷത്തെയും രക്ഷിതാക്കള്‍ തയ്യാറായിരിക്കില്ല.എന്തുകൊണ്ട്‌..?സ്വന്തം മക്കള്‍ പങ്കാളിയോടൊത്ത്‌ ലൈംഗികബന്ധം നടത്തി സന്തതികളുണ്ടാക്കുന്നതിലും കുടുംബമായി ജീവിക്കുന്നതിലും പരാജിതരാവുമെന്ന്‌ അവര്‍ ഏതൊക്കെയോ മുന്‍വിധികളോടെ ഭയപ്പെടുന്നു.

കാരണം-2. തങ്ങള്‍ പങ്കാളിയെ കണ്ടുപിടിച്ചാല്‍ അത്‌ അച്ഛനമ്മമാരെ വേദനിപ്പിക്കുന്നതും ധിക്കരിക്കുന്നതുമാവില്ലേ എന്നുകരുതി പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സ്വാഭിപ്രായങ്ങള്‍ മറച്ചുവയ്‌ക്കുന്നു.റിസ്‌ക്‌ എടുത്ത്‌ അപകടമായാല്‍ കൂടെ നില്‍ക്കാന്‍ രക്ഷിതാക്കളുണ്ടാവില്ലെന്ന ഭയവും അവരെ പിന്തിരിപ്പിക്കുന്നു.ഏറെക്കുറെ ആണുങ്ങളും ഇതേ ചിന്താഗതി പിന്തുടരുന്നു.എന്നാല്‍ ആണ്‍കുട്ടികളിലെ ഈ ചിന്താഗതി പെണ്‍വീട്ടുകാരില്‍നിന്ന്‌ കനത്ത സ്‌ത്രീധനം വാങ്ങിച്ചെടുക്കുന്നതിനുമാത്രമാണ്‌.അത്തരക്കാര്‍ക്ക്‌ പങ്കാളി ആരായാലും പ്രശ്‌മമല്ല.സ്‌ത്രീധനമാണ്‌ അവര്‍ക്ക്‌ പ്രധാനം.അത്‌ വാങ്ങിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടവരത്രേ അവരുടെ രക്ഷിതാക്കള്‍.

സ്വന്തം മക്കളുടെ ഭാവി എന്നത്‌ സാമ്പത്തികസുരക്ഷിതത്വം മാത്രമാവുമ്പോള്‍ ഇതൊക്കെ സംഭവിക്കും.പരമാവധി സ്‌ത്രീധനം കിട്ടുന്ന പെണ്ണിനാണ്‌ ഗുണം കൂടുതല്‍ എന്ന മട്ടിലും പല രക്ഷിതാക്കളുടെയും ചിന്ത പോകുന്നു.ഇതൊന്നും കെട്ടുറപ്പുള്ള മനസ്സുകളെ ഉണ്ടാക്കിയെടുക്കാന്‍ കാര്യമായി സഹായിക്കുകയില്ല.വിവാഹമോചനം തേടി ആളുകള്‍ കോടതികളില്‍ എത്തുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ..?ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയുമല്ല ഇരുപക്ഷത്തെയും വിവരദോഷികളായ രക്ഷിതാക്കളും സമൂഹവുമാണ്‌ ഇവരെ പീഡിപ്പിക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റാവുമോ..?

കാരണം-3. മതം-ജാതി സമുദായങ്ങള്‍ ഊരിപ്പിടിച്ച വാളുമായി ചുറ്റിനും നില്‍ക്കുന്നതിനാല്‍ കേരളത്തിലെ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്ന പണിയും സമുദായാചാര്യന്മാരെ രക്ഷിതാക്കള്‍ വഴി ഏല്‍പ്പിക്കുന്നു.എന്തെന്നാല്‍ അടിയുറച്ച ജാതിമതബോധം അവരെ സ്വതന്ത്രരായി നീങ്ങുന്നതില്‍ നിന്ന്‌ അബോധമായി പിന്തിരിപ്പിക്കുന്നു.

ഫലത്തില്‍ നാമമാത്രമായ ഏതാനും പേരൊഴിച്ച്‌ മറ്റാരും കേരളത്തില്‍ സ്വമനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത്‌ വിവാഹം കഴിക്കുന്നില്ല.ബാക്കി ഒട്ടെല്ലാ വിവാഹങ്ങളും ജനാധിപത്യത്തിന്റെ കാര്യം പറഞ്ഞതുപോലെ,രക്ഷിതാക്കള്‍ക്കുവേണ്ടി,രക്ഷിതാക്കളാല്‍,അവരെപ്പോലെയുള്ള വാര്‍പ്പുമാതൃകകളെ സൃഷ്‌ടിക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത്‌ നടത്തുന്ന നിഷ്‌ഫലകര്‍മ്മമായി മാറുന്നു.നിഷ്‌ഫലമെന്ന്‌ പറയാന്‍ കാരണം,യാതൊരുവിധ മാനസികാടുപ്പവുമില്ലാത്ത,ആണും പെണ്ണുമാണ്‌ എന്ന ഒരേയാരു യോഗ്യതമാത്രമുള്ള ഇവരാണ്‌ മൂന്നാംമാസം മുതല്‍ കുടുംബക്കോടതി വരാന്തകളില്‍ ജീവിതത്തെ തള്ളിനീക്കുന്നതും ഹോമിക്കുന്നതും.വാസ്‌തവത്തില്‍ വിവാഹമെന്ന സമ്പ്രദായത്തിന്റെ ഇരകള്‍.ഈ ഇടപാടില്‍ താല്‌കാലികമായി വിജയിക്കുന്നതും അന്തിമമായി പരാജയപ്പെടുന്നതും രക്ഷിതാക്കളാണ്‌.നിലനിര്‍ത്തുന്ന അസംതൃപ്‌ത വിവാഹത്തില്‍നിന്നുണ്ടാവുന്ന,ശരീരം സമ്മതിക്കാതെ ഇണചേരേണ്ടിവന്നതുമൂലം ഉണ്ടായിപ്പോയ അവരുടെയൊക്കെ കുട്ടികളാവട്ടെ മറ്റൊരു ക്രിമിനല്‍സമൂഹത്തിലേക്കുള്ള വാഗ്‌ദാനങ്ങളും.

ഇങ്ങനെയൊക്കെ വിവാഹിതരായാലും കേടുപാടുകളില്ലാതെ ജീവിതം കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യവും അറിവും ഇവിടെയുണ്ട്‌.എന്നിട്ടും പലര്‍ക്കും അതിന്‌ കഴിയാത്തതെന്താണ്‌..?

അനുകരിക്കാന്‍ പൂര്‍വ്വമാതൃകകളില്ലാത്തതാണ്‌ ഒരു കാരണം.നല്ല രക്ഷിതാക്കളായി മക്കള്‍ക്കുമുന്നില്‍ ജീവിതം കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞ തലമുറയിലെ പല ദമ്പതികള്‍ക്കും കഴിഞ്ഞിട്ടില്ല.മക്കള്‍ക്കു മുന്നില്‍ പരസ്‌പരം സ്‌പര്‍ശിക്കുന്ന എത്ര മാതാപിതാക്കളെ കഴിഞ്ഞ തലമുറയില്‍ കാണാന്‍ കഴിയും.?വെറും സ്‌പര്‍ശനമാണ്‌ ഞാന്‍ ചോദിക്കുന്നത്‌.

പൂര്‍വ്വമാതൃകകളെ സൃഷ്‌ടിക്കുന്നതില്‍ പരാജയപ്പെട്ട ആ തലമുറ അവസാനിച്ചുതുടങ്ങി.എണ്‍പതുകള്‍ക്കുശേഷം കേരളത്തില്‍ ജനിച്ച കുട്ടികളെല്ലാവരും ധാരാളം കാര്യങ്ങളില്‍ ഭാഗ്യവാന്മാരാണ്‌.പക്ഷേ വരുകാലത്തെ വൈവാഹികജീവിതഭീഷണികളില്‍നിന്ന്‌ അവരും മോചിതരല്ല.എന്നാല്‍ അവര്‍ക്ക്‌ സ്വന്തം വഴിനോക്കി എളുപ്പം പോകാന്‍ കഴിയും.

കേരളത്തിലെ സ്‌ത്രീ-പുരുഷന്മാരില്‍ രണ്ട്‌ പ്രവണതകള്‍ ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നുണ്ട്‌.

ഒന്ന്‌-പുരുഷന്റെ ഭരണം(അധികാരം)ശബ്‌ദായമാനമാണ്‌.അത്‌ പുറംസമൂഹം വളരെപ്പെട്ടെന്ന്‌ അറിയും.എന്നാല്‍,സ്‌ത്രീയുടെ ഭരണം(അധികാരം)നിശ്ശബ്‌ദമാണ്‌.അത്‌ പുറംലോകം അറിയാന്‍ വൈകും.

രണ്ട്‌-പുരുഷന്മാര്‍ പ്രശ്‌നങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ മദ്യത്തെ കൂട്ടുപിടിക്കും.അതേസമയം സ്‌ത്രീ നല്ല സൗഹൃദത്തിനായല്ല,സമാധാനത്തിനായി സെല്‍ഫോണിനെ കൂട്ടുപിടിക്കും.രണ്ടും പതിവായും അളവിലുമധികവും ഉപയോഗിച്ചാല്‍ വിഷമാണ്‌.വിഷമമാണ്‌.

കേരളത്തില്‍ ധാരാളം വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വളരെയധികം അപമാനം സഹിച്ച്‌ സ്വന്തം കുടുംബത്തിനകത്തും ഭര്‍ത്താവിന്റെ കുടുംബത്തിനകത്തും കഴിയുന്നതും നാം കാണാതെ പോകുന്നു.തന്റെ അധ്വാനത്തിന്റെ കൂലി ഇന്നും സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഇവിടെ കഴിയുന്നില്ല.പുരുഷന്‍ എന്ന ലിംഗപദവിയുപയോഗിച്ച്‌ ധാരാളം ആണുങ്ങള്‍ സ്‌ത്രീയുടെ എല്ലാത്തരത്തിലുമുള്ള കഴിവുകളെയും അവസരങ്ങളെയും അടിച്ചമര്‍ത്തി ആഹ്ലാദിക്കുന്നുണ്ട്‌.

ലോകത്തെവിടെപ്പോയാലും എത്ര പഠിച്ചാലും എത്ര ഉന്നതമായ സ്ഥാനത്തിരുന്നാലും മലയാളിക്ക്‌ സ്‌ത്രീധനവും ഭാര്യയുടെ ശമ്പളവും ഇരന്നുവാങ്ങുന്നതും ഭാര്യയെ മര്‍ദ്ദിക്കുന്നതും ഒഴിവാക്കാനാവില്ല.പല പത്രവാര്‍ത്തകളും ഉദാഹരണം.പല സ്‌ത്രീകളും തങ്ങള്‍ നേരിടുന്നത്‌ പുറത്തുപറയുന്നില്ല.ചിലര്‍ക്കൊക്കെ ഇക്കാര്യം വൈവാഹികജീവിതത്തിലെ എഴുതപ്പെടാത്ത നിയമമല്ലേ എന്ന മട്ടാണ്‌.

കുടുംബകോടതികളില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥത്തിലുള്ളതിന്റെ നാലിലൊന്ന്‌ വരില്ലെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.വാസ്‌തവത്തില്‍ കുടുംബത്തിനുള്ളിലെ പരസ്‌പരപീഡനമാണ്‌ സര്‍വ്വത്ര നടക്കുന്നത്‌.വിവാഹമോചനമോ വേര്‍പിരിയലോ അതിനെ നിയന്ത്രിക്കുന്നതേയില്ല.പരസ്‌പരപീഢനത്തിന്റെ കാര്യത്തില്‍ സ്‌ത്രീയും പുരുഷനും മത്സരിക്കുന്നുമുണ്ട്‌.ഇതെല്ലാം സംഭവിക്കുന്നത്‌ മാനസികാടുപ്പമില്ലാത്തതുകൊണ്ടല്ലേ.!

സ്‌ത്രീയായാലും പുരുഷനായാലും ഭരണം അഥവാ അധികാരത്തെ കൂട്ടുപിടിക്കേണ്ടിവരുന്നത്‌ എവിടെയായാലും സ്‌നേഹനിരാസത്തില്‍നിന്നാണ്‌.സ്‌നേഹമില്ലായ്‌മയില്‍നിന്നാണ്‌ ഓരോ മനുഷ്യനിലും മടുപ്പ്‌ പൊട്ടിമുളയ്‌ക്കുന്നത്‌.വിരസത പൊട്ടിമുളയ്‌ക്കുന്നത്‌.അമര്‍ഷം പൊട്ടിമുളയ്‌ക്കുന്നത്‌.സ്‌നേഹമില്ലായ്‌മയാണ്‌ യാഥാര്‍ത്ഥ ലൈംഗീകതയെ നിരാകരിക്കുകയോ വെറും ചടങ്ങാക്കി മാറ്റുകയോ ചെയ്യുന്നത്‌.അത്തരത്തില്‍ യഥാര്‍ത്ഥ ലൈംഗീകത നിഷേധിക്കപ്പെടുമ്പോള്‍ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിലെ ഊര്‍ജ്ജം സ്വാഭാവികമായ വിസ്‌ഫോടനത്തിന്‌,അതായത്‌ പുറംതള്ളലിന്‌ തയ്യാറെടുക്കും.അതത്ര എളുപ്പമല്ല.അപ്പോള്‍ തിങ്ങിനിറഞ്ഞ ലൈംഗികോര്‍ജ്ജം തങ്ങളില്‍ത്തന്നെ തികഞ്ഞ ഭാരമായിമാറുന്നത്‌ ഓരോരുത്തര്‍ക്കും അറിയാനാവും.

തന്നിലെന്താണ്‌ കനത്തുവരുന്നതെന്ന്‌ തിരിച്ചറിയാതെ എന്തോ പിടികിട്ടാത്ത ഭാരമായും അജ്ഞാതരോഗമായും അതിനെ ഓരോരുത്തരും സ്വയം വിധിയെഴുതും.വിഷാദരോഗമാണെന്ന്‌ പ്രചരിപ്പിക്കാന്‍ ഇവിടെ ധാരാളം ആരോഗ്യ പ്രസിദ്ധീകരണങ്ങളുമുണ്ടല്ലോ.അവിടെനിന്നാണ്‌ മദ്യത്തിലേക്കും ഫോണിലെ ചങ്ങാതിയിലേക്കും സ്‌ത്രീ-പുരുഷന്മാര്‍ ഒരുപരിധിവരെ വഴുതിപ്പോകുന്നത്‌.വൈകാതെ അവര്‍ക്ക്‌ വിവാഹമോചനത്തിലേക്ക്‌ എത്താന്‍ എളുപ്പമാണ്‌.

പരിഹാരമാണെന്ന്‌ കരുതിയാണ്‌ വിവാഹമോചനത്തിന്‌ പലരും പുറപ്പെടുന്നത്‌.അല്ലെങ്കില്‍ സഹനത്തില്‍നിന്ന്‌ വിടുതല്‍നേടാന്‍.എന്നാല്‍ ഇതേ മാനസികാവസ്ഥയും മാറാന്‍ താല്‌പര്യമില്ലാത്ത മനോഭാവവുമായി വിവാഹമോചനം നേടിയിട്ടെന്ത്‌..!വീണ്ടും മറ്റൊരിടത്ത്‌ ഇതേ കളി തുടരാം.സമൂഹത്തെ ഭയന്ന്‌ കിട്ടിയതില്‍ കടിച്ചുതൂങ്ങി മറ്റുള്ളവര്‍ക്കായി ജീവിതം തുടരാം.

നമ്മള്‍ പരസ്‌പരം സ്‌നേഹിക്കാന്‍ മക്കളെ പഠിപ്പിക്കണം.അവര്‍ക്ക്‌ നല്ല ലൈംഗീകവിദ്യാഭ്യാസം കൊടുക്കണം.അവരവര്‍ക്ക്‌ യോജിക്കുന്ന പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കണം.അവര്‍ കണ്ടെത്തുന്ന പങ്കാളിയെ നമ്മുടെ മുന്‍വിധികളും ദുശ്ശാഠ്യങ്ങളും മാറ്റിവച്ച്‌ സ്വീകരിക്കാന്‍ മനസ്സുകാണിക്കണം,അവരുടെ പാളിച്ചകളില്‍ ധൈര്യം പകര്‍ന്ന്‌ കൂടെനില്‍ക്കണം.സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയും ഇപ്പോഴത്തെപ്പോലെ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്ന അനാരോഗ്യകരമായ പ്രവണത അങ്ങനെയെല്ലാം വലിയൊരളവില്‍ നമുക്ക്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും.

ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്‌ത്രീ-പുരുഷന്മാരുടെ സമൂഹമാണ്‌ നമ്മുടെതെന്ന്‌ ഞാന്‍ കരുതുന്നില്ല.

(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2011 ജൂണ്‍ 11 ന്‍റെ ലക്കത്തില്‍ വൈവാഹിക ജീവിതത്തിലെ താളക്കേടുകളെപ്പറ്റിയും വേര്‍പിരിയലുകളെപ്പറ്റിയും തയ്യാറാക്കിയ കവര്‍ സ്റ്റോറിക്കായി എഴുതിയ ലേഖനം.ഇത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.)

23 comments:

 1. ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്‌ത്രീ-പുരുഷന്മാരുടെ സമൂഹമാണ്‌ നമ്മുടെതെന്ന്‌ ഞാന്‍ കരുതുന്നില്ല.

  പ്രതികരിക്കൂ..

  ReplyDelete
 2. മദ്യമാണ് കുടുതല്‍ അപകടകാരി ...പീടനകെസില്‍ ..നോക്കിയാല്‍ ..മിക്കവാറും മദ്യം അവിടെ ഉണ്ടാവും ....ഇഷ്ട്ടപെട്ടു ....
  സ്ന്ഹത്തോടെ....
  പ്രദീപ്‌

  ReplyDelete
 3. ഈ ലേഖനം അമർന്നിരുന്നു വായിച്ചപ്പോൾ തോന്നിയ ഒരു സംശയം, സംശയമായിത്തന്നെ അവശേഷിപ്പിക്കുകയാണ് ലേഖകൻ ചെയ്തിട്ടുള്ളത്. “ഇങ്ങനെയൊക്കെ വിവാഹിതരായാലും കേടുപാടുകളില്ലാതെ ജീവിതം കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യവും അറിവും ഇവിടെയുണ്ട്‌”.എന്നിട്ടും പലര്‍ക്കും അതിന്‌ കഴിയാത്തതെന്താണ്‌..? ഈ ഭാഗം നോ‍ക്കുക. ഇതിൽ സൂചിപ്പിച്ച സാഹചര്യങ്ങൾ ഏവ? ഇതിൽ സൂചിപ്പിച്ച അറിവുകൾ എവിടെ ലഭ്യമാകും? ഈ കാര്യങ്ങൾ വ്യക്തമാക്കാത്തിടത്തോളം കാലം ഈ ലേഖനം അപൂർണ്ണം തന്നെയായിരിക്കും. വിവാഹം എന്ന സമ്പ്രദായം ഇങ്ങനെ തന്നെ നില നിൽക്കണം എന്നും ലൈംഗികത ദമ്പതികളിൽ ഒതുങ്ങി നിൽക്കണം എന്നും തന്നെയാണ് മുൻ നിര എഴുത്തുകാരുടെയും പക്ഷം എന്ന് ഇത് വായിച്ചപ്പോൾ തോന്നി. ചന്ദ്രികയ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനമായതു കൊണ്ട് ഒരു പക്ഷേ യദാർത്ഥത്തിലുള്ള ലൈൻ ഒരു പരിധി വരെ ലേഖകൻ മറച്ചു പിടിച്ചിട്ടുണ്ടാവാം. എന്നാലും പ്രാചീനമായ ഈ സമ്പ്രദായത്തിലെ പോഴത്തങ്ങൾ കാണുമ്പോൾ ചിരിയടക്കാനും, ചിന്തയടക്കാനും പാടുപെടുകയാണ്. സംസാരം വിവാഹ മോചനവും ലൈംഗീകതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാകുമ്പോൾ അതിത്തിരി വഷളാകുകയും ചെയ്യുന്നു. വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗികത എവിടെ എങ്ങനെ ഉടലെടുക്കും? ഒരു കഥ പറഞ്ഞോട്ടെ: ഹൃദ്രോഗിയായ ഒരാൾ, സെക്സ് ആവാമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ ഭാര്യയുമായി ആവാം എന്നു പറഞ്ഞുവത്രേ ഡോക്ടർ! അതായത് ഭാര്യയുമായുള്ള അല്ലെങ്കിൽ ഭർത്താവുമായുള്ള സെക്സ് വൈകാരികമായി, ഒരു ഹൃദയ മിടിപ്പ് പോലും സൃഷ്ടിക്കുന്നില്ലെന്ന്! ഈ സാമൂഹിക വ്യവസ്ഥിതി തുടരുന്നിടം വരെ, ഇത്തരം വിവാഹത്തമാശകളും, അതിന്റെ മോചന പരാക്രമങ്ങളും, എല്ലാം മുറക്കങ്ങ് നടക്കും. ലേഖനങ്ങളിലെ ദമ്പതികൾക്ക് സെക്സ് വേണ്ടാത്തതു കൊണ്ട് ,ലേഖനങ്ങൾക്ക് ലൈക്കുകൾ കിട്ടുമായിരിക്കും.പക്ഷെ അപ്പോഴുമെപ്പോഴും, കൂട്ടിലിട്ട തത്തയെ പോലെ വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടേ എന്ന് വിവാഹിതരായ മനുഷ്യ ജീവികൾ മനസ്സുകൊണ്ട് നിലവിളിച്ചുകൊണ്ടേയിരിക്കും! ഈ സമ്പ്രദായത്തിൽ സെക്സിനും, സ്വാതന്ത്ര്യത്തിനും പരിമിതികളേറെയാണ്. തന്റെ നേരെ ഒരു കണ്ണാടി പിടിച്ചു നോക്കി വേണം എല്ലാ പ്രമുഖരും സാമൂഹ്യ പ്രശ്നങ്ങൾക്ക് മരുന്നു കുറിക്കാൻ. മദ്യപാനത്തിനു വന്നു ചേർന്നിട്ടുള്ള സ്വീകാര്യതയും അംഗീകാരവും കാരണം ഇവിടെ ആകാശം ഇടിഞ്ഞു വീണിട്ടൊന്നുമില്ലല്ലോ? നല്ല ഒന്നാന്തരം കുടിയന്മാർ എത്ര അന്തസ്സോടെയാണ് ബീവറേജസ് കോർപ്പറേഷന്റെ വിൽ‌പ്പനശാലക്കു മുൻപിൽ ക്യൂ നിൽക്കുന്നത്? ഇതുവരെയും അത്തരം സ്ഥലങ്ങളിൽ നിന്നും ഒരു ചെറിയ കശപിശയെ പറ്റിയെങ്കിലും വാർത്ത വന്നോ? ശ്രദ്ധിച്ച് പഠിക്കേണ്ട ഒരു കാര്യമാണത്. അങ്ങേയറ്റത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഇന്നത്തെ നിലക്ക് ഷാപ്പിൽ പോക്കും, നേരത്തെ പറഞ്ഞ ക്യൂ നിൽ‌പ്പും. ലൈംഗീകതയുടെ കാര്യത്തിലും അതുപോലൊരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുതകുന്ന ആഹ്വാനങ്ങളാണ് മുൻ നിര എഴുത്തുകാർ നടത്തേണ്ടതെന്ന് എനിക്ക് തോന്നുന്നു.അവരത് ചെയ്തില്ലെങ്കിലും ചെറിയ കാലയളവിനുള്ളിൽ നമുക്കത് കണ്മുന്നിൽ കാണാനാവും വിധം അകത്ത് സ്ഥാനികോർജ്ജം നിറച്ച് പൊട്ടാൻ വെമ്പുന്ന അണക്കെട്ടുകളാണ് ഓരോ വ്യക്തിയും എന്നും ,അതിനുതകും വിധം സ്വന്തം ശരീരത്തിന്റെ കാര്യത്തിലെങ്കിലും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം അവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലങ്ങളിൽ ചിലത് അപ്രകാരമുള്ള ചിന്തക്ക് ആക്കം കൂട്ടുന്നുമുണ്ട്. എഴുത്തുകാർ വ്യവസ്ഥിതിയുടെ വൈതാളികരോ വെറും രേഖപ്പെടുത്തലുകാരോ ആകാതിരിക്കാനും, സാമൂഹികാരോഗ്യത്തിന് തന്നാലാവും വിധം പ്രയത്നിക്കുന്ന പോരാളികളായിത്തീരാനും മാത്രം ആശിക്കുന്നു.

  ReplyDelete
 4. ഇഷ്ടപെട്ട ആളിനെ വിവാഹം കഴിച്ചത് കൊണ്ട് ,ലോകത്ത് ഇതുവരെ ഒരു അച്ഛനും അമ്മയും ആത്മഹത്യ ചെയ്തിട്ടില്ല ,6 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഹാന്‍പറഞ്ഞത് ഓര്‍മ്മയുണ്ടോ ????????

  ReplyDelete
 5. പൊരുത്തക്കേടുകള്‍ ഉണ്ടാവുമ്പോള്‍ ഒക്കെ ഇട്ടെറിഞ്ഞുപോകാന്‍ കഴിയില്ല, അല്ലെങ്കില്‍ നാമും പാശ്ചാത്യരും തമ്മില്‍ എന്താ വ്യത്യാസം? എന്നുകരുതി, തീരെ യോജിക്കാന്‍ കഴിയില്ലെങ്കില്‍ ഒക്കെ സഹിക്കണം എന്നുമല്ല. പല കുടുംബത്തിലും പലരും പലതും ക്ഷമിച്ചുകഴിയുന്നത് അവരുടെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടാണ്, അവരുടെ ഭാവി ഓര്‍ത്ത്‌. പിന്നെ, മദ്യവും മൊബൈല്‍ ഫോണും... ഇഷ്ടമല്ലാത്തവയോടു പൊരുത്തപ്പെടുന്നതിനിടയില്‍, അല്ലെങ്കില്‍ പങ്കാളിയെയും അസഹനീയ സാഹചര്യങ്ങളെയും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭ്രാന്തിലെയ്ക്ക് പലരും എത്തിപ്പെടാത്തതിനു ഒരു കാരണംതന്നെ ഇങ്ങനെയുള്ള ചില ആശ്വാസങ്ങള്‍ ആണ്. അതും താങ്കള്‍ പറഞ്ഞതുപോലെ ആശ്വാസം എന്നതിലുപരി ഒരു പരിധിയ്ക്കപ്പുറമായാല്‍...
  ഈ പറഞ്ഞ രണ്ടുകാര്യത്തെയും ഞാന്‍ പ്രോത്സാഹിപ്പിക്കുകയല്ല. എങ്കിലും ശാരീരികമായി പുരുഷനെ പീഡിപ്പിക്കുന്ന സ്ത്രീകള്‍ കുറവാണെങ്കിലും മാനസികമായി പീഡിപ്പിക്കുന്നവര്‍ അത്ര കുറവൊന്നുമല്ല ഇവിടെ. ഇരുപക്ഷത്തും ഇരകളും പീഡകരും ഉണ്ട്. പിന്നെ, കുടുംബജീവിതത്തിന് ഉറപ്പില്ലാതെ പോകുന്നത് അസംതൃപ്തമായ ലൈംഗികത മൂലമാണെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. അതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് കരുതുന്ന ചെറിയ ഒരു ശതമാനത്തിന് അത് അനിവാര്യമായി തോന്നിയേക്കാം. എന്നാല്‍ ആത്മാര്‍ഥമായ സ്നേഹമുള്ളവര്‍ക്ക് അത് ഒരു വലിയ ഘടകമല്ല.
  പിന്നെ, മലയാളികളുടെ പൊതുസ്വഭാവം... അതിനി എത്ര തലമുറ കഴിഞ്ഞാലും മാറ്റിയെടുക്കാന്‍ ഇത്തിരി പാടാ.
  താങ്കള്‍ സാമാന്യം നന്നായി താങ്കളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതിനോടും എത്ര പേര്‍ യോജിക്കും എന്ന് കണ്ടറിയണം.

  ReplyDelete
 6. താങ്കളുടെ നിഗമനങ്ങളോട് തീർച്ചയായും യോജിക്കുന്നു. ഇന്നും പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നത് കുലീനമല്ലാത്ത പ്രവൃത്തിയായി കാണുന്നവരാണ് ഏറെപ്പേരും. പരസ്പ്പരം തല്ലിട്ടു ജീവിതം പാഴാക്കുന്ന പരമവിഡ്ഡികളാണ് നല്ലൊരു ഭാഗം മലയാളി ദമ്പതികൾ (മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല). ജീവിതത്തിന്റെ വിരസ-വിദ്വേഷ പാതകളിലൂടെയാണ് മലയാളി ദാമ്പത്യത്തിന്റെ വണ്ടി നിരങ്ങിക്കയറുന്നത്. സ്നേഹത്തിന്റെ എക്സ്പ്രസ് ഹൈവെ തൊട്ടപ്പുറത്തുള്ളപ്പോൾ.

  ReplyDelete
 7. premavivahangalum thakarunnille?

  ReplyDelete
 8. വിധു ചോപ്രയുടെ പ്രതികരണത്തിലെ 2 കാര്യങ്ങളോടുമാത്രം ഇപ്പോള്‍ പ്രതികരിക്കുന്നു.ബാക്കി വായനക്കാരുടെ തുടര്‍ ചര്‍ച്ചകള്‍ക്കുശേഷം പറയാം.
  ആ രണ്ട് കാര്യങ്ങള്‍.
  1)ആര്‍ക്കുവേണ്ടി ലേഖനമെഴുതിയാലും എനിക്കുപറയാനുള്ളത് ഞാന്‍ പറയും.പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കില്‍ അതെന്‍റെ അറിവുകേടാണ്.അല്ലാതെ ഒരു പ്രത്യേക പ്രസിദ്ധീകരണത്തിനായി പരിമിതപ്പെടുത്തിയതല്ല.
  2)മൂന്ന്‌വര്‍ഷം മുന്പ് കേരള കൌമുദിയുടെ ഫ്ലാഷ് പത്രം കൊച്ചിയില്‍ തുടങ്ങിയപ്പോള്‍ അവരൊരു അഭിപ്രായം തിരക്കിയിരുന്നു.അതില്‍ എറണാകുളത്തിനു വേണ്ടതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് സ്വതന്ത്രലൈംഗീകതയ്ക്ക് അംഗീകാരമുള്ള തെരുവ് വേണമെന്നാണ്.അന്ന് ആ പത്രം വായിച്ച ജനങ്ങളായ ജനങ്ങളൊക്കെ എന്നെ തിന്നാന്‍ വന്നു.
  പണമുള്ളവന് സെക്സ് ചെയ്യാന്‍ കാറും ഫ്ലാറ്റും കെട്ടുവള്ളവും റിസോട്ടുകളുമുണ്ടെങ്കില്‍ അതേ കാര്യം ആഗ്രഹിക്കുന്ന പാവപ്പെട്ടവന് തെരുവില്‍ പൊലീസിനെ നേരിടേണ്ടിവരും എന്നത് വൈചിത്ര്യം.അതേ തൊഴില്‍ ചെയ്യുന്ന പാവപ്പെട്ട ലൈംഗീകതൊഴിലാളികള്‍ തെരുവില്‍ തല്ലിയോടിക്കപ്പെടുന്നതും വിചിത്രം.
  ഈ അസമത്വവും ദൌര്‍ലഭ്യവും വലിയൊരു പരിധിവരെ കേരളത്തില്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്.വഴിയെപ്പോകുന്നവരെയും ബസില്‍ പോകുന്നവരെയും നിയന്ത്രണം തെറ്റിയ മാനസികരോഗികള്‍ കയറിപ്പിടിക്കുന്ന സ്ഥിതി കുറച്ചെങ്കിലും ഒഴിവാക്കാനാവില്ലേ..?
  അപ്പോള്‍,എന്‍റെ കാഴ്ചപ്പാടുകള്‍ വ്യക്തമാണ് എന്നുതന്നെ ഞാന്‍ കരുതുന്നു.അതേപോലെ,പ്രതികരണത്തില്‍ വിധു ആദ്യം പറഞ്ഞ സംശയത്തിനുള്ള മറുപടിയും എന്‍റെ ലേഖനത്തിലുണ്ടെന്ന് ഞാന്‍ കരുതുന്നു.
  ബാക്കി കാര്യങ്ങളില്‍ വിധു പറഞ്ഞ അഭിപ്രായങ്ങളോട് വായനക്കാര്‍ക്ക് പ്രതികരിക്കാം,നല്ലൊരു ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടാവട്ടെ എന്നാശിക്കുന്നു.
  മറ്റുള്ളവരോട്:ദീ,ആ മഹാന്‍ ഈ ഞാന്‍ തന്നെയാണല്ലോ.മറന്നിട്ടില്ല,ആറ് വര്‍ഷമായി അല്ലേ?
  മിനീ,ലേഖനത്തില്‍ അതായിരുന്നില്ല പ്രധാനം.ആ വിഷയം വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്.ശ്രീനാഥന്‍,സോണി,പ്രദീപ് സന്തോഷം.
  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 9. സ്വരങ്ങളുമക്ഷരങ്ങളുമൊക്കെ ഒരുവിധമൊപ്പിച്ച് ആരോഹണ അവരോഹണങ്ങളിൽ ഇറങ്ങിക്കയറി പോകുമ്പോൾ കിത്യ്ക്കുമ്പോൾ അന്യോന്യം കുറ്റപ്പെടുത്തുമ്പോൾ ....
  സഹായത്തിനെന്ന വ്യാജേനയെത്തുന്ന രക്ഷിതാക്കൾ തൻ‌കുഞ്ഞിനോടുകാട്ടുന്ന സ്നേഹദ്രവങ്ങളുടെ അമിതോപയോഗത്തിൽ തെന്നിയകലുകയാണ് എല്ലാം.

  ReplyDelete
 10. തണുപ്പൊക്കെ മാറിയെന്ന് തോന്നുന്നു..
  തലക്കെട്ടിലെ തൊപ്പിയൊക്കെ ഊരിക്കളഞ്ഞിരിക്കുന്നു.

  ReplyDelete
 11. ശത്രുരാജ്യപടത്തലവന്‍‌മാര്‍ - ഗംഭീരമായ പ്രയോഗം , നാല്പത്തിയഞ്ചു വര്‍ഷം ഒന്നിച്ചു ജീവിച്ച് നാലുമക്കളെ പറക്കാന്‍ പഠിപ്പിച്ചതിനുശേഷം ഇപ്പോഴും വാളും പരിചയും ( ഇടയ്ക്കിടെ ആണവായുധങ്ങളും ) എടുത്ത് യുദ്ധം തുടരുന്ന ദമ്പതിമാരുടെ ചരിത്രത്തെ ഉദാഹരണമാക്കി പറഞ്ഞിരിക്കുന്ന കാര്യങ്ങളോടും യോജിക്കുന്നു. ( പിരിയുക എന്നത് അന്നത്തെ കാലത്ത് പ്രചാരമില്ലാത്ത ഏര്‍പ്പാടായിരുന്നല്ലൊ)
  പിന്നെ “ എറണാകുളത്തെ തെരുവ് - “ കാര്യം വ്യക്തമല്ല, മുംബൈയിലെയും കല്‍ക്കട്ടയിലെയും മാതൃകയിലുള്ള മാംസവ്യാപാരമാണോ ഉദ്ദേശിക്കുന്നത്? രേഖകളില്ലാത്ത കണക്കുകള്‍ അനുസരിച്ച് അവിടെ സ്വയം വില്‍ക്കുവാന്‍ വച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും, ചെയ്യാന്‍ പോകുന്ന തൊഴിലിന്റെ വിശദാംശങ്ങള്‍ അറിഞ്ഞെത്തുന്നവരല്ല , സാമൂഹ്യ സാമ്പത്തിക വൈകാരിക പ്രലോഭനങ്ങളുടെ ചതിയിലൂടെ എത്തിപ്പെടുന്നവര്‍. വായിച്ചറിയാത്ത തൊഴില്‍ വ്യവസ്ഥകളില്‍ സമ്മതമുദ്ര ചാര്‍ത്തുന്നവര്‍. അങ്ങനെയൊന്ന് നിലവില്‍ വന്നാല്‍ വാങ്ങാനും വില്‍ക്കാനും കമ്മീഷന്‍ നേടാനും ആര്‍ത്തി പൂണ്ടിരിക്കുന്ന മലയാളിക്ക് അതൊരു നല്ല അവസരമാകും. നമുക്കതു വേണോ? എന്റെ നാട്ടിലെ, എല്ലാ പെണ്‍കുഞ്ഞുങ്ങളുടെയും പേരില്‍ ഞാനതിനെ എതിര്‍ക്കുന്നു.

  ReplyDelete
 12. I had 2 divorces. Now married third time and living with satisfaction. If we cant tolerate 2gether, its best 2 divorce.

  ReplyDelete
 13. ചർച്ച ശ്രദ്ധിക്കുന്നു...

  ReplyDelete
 14. ഈ കണ്ടെത്തലുകൾ നന്നായിട്ടുണ്ട് കേട്ടൊ ഭായ്.
  ഇതിന്റെ ലിങ്ക് ഞൺഗൾ ‘ബിലാത്തി മലയാളി’യുടെ അടുത്ത വരാന്റ്യത്തിൽ കൊടുക്കുന്നുണ്ട് കേട്ടോ

  ReplyDelete
 15. malayaalikudumbangal pukanjukondirikkunna agniparvathangalaanu.sometimes, lovemarriages are also failure.parasparam ulla sneham kalkramena mangunnathengane?

  ReplyDelete
 16. വിവാഹം ഒരു സ്ഥാപനം തന്നെയാണ്. അത് നടത്തിക്കൊണ്ടു പോകുക എന്നത് മറ്റേതൊരു സ്ഥാപനത്തെയും പോലെ ക്ലേശകരവും. കുടുംബം എന്ന കരിങ്കല്‍ കോട്ടയ്ക്കു പകരം പരസ്പരാശ്രയത്വത്തിന്റെ അയഞ്ഞ ടെന്റുകള്‍ പടയ്ക്കുന്നത് ഇനിയുള്ള കാലത്തിന്റെ കാലാവസ്ഥയ്ക്ക് ചേരും എന്ന് തോന്നുന്നു. ഭരിയ്ക്കലും ഭരിയ്ക്കപ്പെടലും എന്നും എവിടെയും കാണുന്ന വസ്തുതകളാണ്. രണ്ടു പ്രാണികള്‍ക്കിടയില്‍പ്പോലും. അത് വ്യക്തികളുടെ പവര്‍ കോണ്‍സെപ്റ്റ് - നു അനുസരിച്ച് മാറി മറിയുന്നു.
  കുടുംബങ്ങള്‍ വിജയിക്കുന്നു എങ്കില്‍ അത് പഴയ ഉരുക്ക് കോട്ടകള്‍ അല്ലാതായത് കൊണ്ട് മാത്രമാണ് എന്ന് കരുതുക. അല്ലെങ്കില്‍ ആരോ ഒരാളുടെ നിശ്ശബ്ദ നിലവിളി ശ്രവണ പരിധിയ്ക്കപ്പുറം പോകുന്നതിനാല്‍ നമ്മള്‍ കേള്‍ക്കുന്നില്ല..

  ReplyDelete
 17. ഭരിക്കാനും ഭരിയ്ക്കപ്പെടാനും ഉള്ള വ്യവസ്ഥിതി ആണോ വിവാഹം.സ്നേഹമെന്നാല്‍ ആശ്രയിക്കല്‍ അല്ല.പ്രണയ വിവാഹങ്ങള്‍ തകരുന്നില്ല എന്നാണോ.അതിനോട് ഞാന്‍ യോജിക്കുന്നില്ല.പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്ത ബന്ധങ്ങള്‍ കണ്ടാണ്‌ നമുക്ക് ശീലം എന്ന് തോന്നുന്നു..ഭര്‍ത്താവിനെ ബഹുമാനിക്കണം എന്ന് സമൂഹവും മതങ്ങളും പഠിപ്പിക്കുന്നു.പങ്കാളിയായ സ്ത്രീയോട് ബഹുമാനവും സ്നേഹവും വേണമെന്ന് ആരെങ്കിലും പറയുന്നുണ്ടോ.സോണിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.അസംതൃപ്തമായ ലൈംഗികത ആണ് ബന്ധങ്ങള്‍ തകരാന്‍ കാരണം എന്നതിനോട് യോജിപ്പില്ല.വിശ്വാസവും ആത്മര്തമായ സ്നേഹവും ഇല്ലാത്തിടത്ത് ഇതൊരു ഘടകമേ അല്ലല്ലോ.നല്ലൊരു ലേഖനം.കൂടുതല്‍ ചര്‍ച്ചക്ക് ഇത് വഴിയിടട്ടെ.

  ReplyDelete
 18. വര്‍ദ്ധിച്ചു വരുന്ന പെണ് വാണിഭങ്ങളെ ഇതോട് ചേര്‍ത്തുവായിക്കാം,സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലയെന്നതാണെന്റെ അഭിപ്രായം.പുരുഷന്‍മാരുടെ മാത്രം തെറ്റുകൊണ്ടാണീ പ്രശനങ്ങളെന്നു പറയാന്‍ പറ്റില്ല. അമിതമായ ആഗ്രഹ നിവര്‍ത്തിക്കായ് മനുഷ്യന്‍ ചെയ്യ്തുകൂട്ടുന്ന ആഭാസത്തരങ്ങള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമില്ലെന്നാണെന്റെ അഭിപ്രായം.
  മനുഷ്യനില്‍ അമിതമായി ലൈഗികോര്‍ജ്ജം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി മനുഷ്യനിലുണ്ടാകുന്ന അസ്വസ്ഥതകളാണിത്തരം പ്രവര്‍ത്തികളുണ്ടാക്കുന്നതിനടിസ്ഥാനം എന്ന ചിന്തയോട് യോജിക്കുന്നു.പക്ഷെ ഇത് സ്ഥായിയായ് നിലനിന്നു പോരണമെന്നുള്ളതാണോ,ഇതിന് പരിഹാരമില്ലേ?

  തീര്‍ച്ചയായുമുണ്ട് എന്നുള്ളതാണെന്റെ അഭിപ്രായം.യോഗശാസ്ത്രത്തിലും മറ്റും ഇതിനുള്ള പോംവഴികളെപ്പറ്റി പറയുന്നുണ്ട്,കായകല്‍പ്പയോഗയും മറ്റും അത്തരത്തിലുള്ളതാണ്.ഇത്തരത്തിലുള്ള ശാസ്ത്രങ്ങള്‍ക്ക് പ്രചാരം നല്‍കുകവഴി ഇതിന് പരിഹാരം കണ്ടെത്താനാവും എന്ന് വിശ്വസിക്കപ്പെടുന്നു.
  ഈ രീതി പരീക്ഷിക്കപ്പെടെണ്ടതല്ലേ?
  അതിനൊന്നും വേണ്ടിയാരും പരിശ്രമിച്ചുകാണുന്നില്ല.

  ReplyDelete
 19. താങ്കൾ ചുവന്ന തെരുവുകളെ പോലുള്ളവ വേണമെന്നാണോ പറയുന്നത്‌?..വ്യക്തമാക്കുമല്ലോ?..
  ശരിയായി മനസ്സിലാക്കാതെ അഭിപ്രായം എഴുതുന്നത്‌ ശരിയല്ല എന്നുള്ളത്‌ കൊണ്ടാണ്‌. നന്ദി.

  ReplyDelete
 20. ആ ഹെഡ്ഡിംഗിന് അഭിനന്ദനങ്ങൾ.അത് ഗംഭീരമായിരിയ്ക്കുന്നു.

  ReplyDelete
 21. Good Susmesh.The most pertinent analysis of the problem I have seen
  rskurup

  ReplyDelete