ഞാനാഗ്രഹിക്കുന്ന ഒരു സ്‌ത്രീ എങ്ങനെയായിരിക്കണം എന്നാരെങ്കിലും എന്നോട് ചോദിച്ചാല്‍ അരനിമിഷം ആലോചിക്കാതെ ഞാനൊരാളെ ചൂണ്ടിക്കാണിക്കും.അത് സുമനയാണ്.എന്റെ ഹരിതമോഹനം എന്ന കഥയിലെ കഥാപാത്രമാണ് സുമന.വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങള്‍ കുറേയേറെയുണ്ടെങ്കിലും സുമനയാണ് എനിക്കും എന്റെ പല വായനക്കാര്‍ക്കും ഇഷ്‌ടമായ പ്രധാന കഥാപാത്രം.
'മരണവിദ്യാലയ'ത്തിലെ നേത്രി,'ഉപജീവിതകലോത്സവ'ത്തിലെ ഖയിസ്സ് മാഷ്,'ഗ്വാണ്ടാനാമോ'യിലെ ശ്രേയാറാവു,'നീര്‍ന്നായ'യിലെ ജയശീലന്‍,'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'ത്തിലെ അനാഥപ്പെണ്‍കുട്ടി,'ബാര്‍കോഡി'ലെ ലീലാംബരന്‍,'മെറൂണി'ലെ നായിക മെറൂണ്‍,'ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര' എന്ന കഥയിലെ നിസ്സഹായയായ ശരീരവില്‍പ്പനക്കാരി..അങ്ങനെ എടുത്തുപറയാന്‍ കുറേ കഥാപാത്രങ്ങളുണ്ടെങ്കിലും എന്നെ ഇവള്‍,സുമന മഥിക്കുന്നു.
പില്‍ക്കാലത്ത് എന്റെ സ്‌ത്രീമാതൃകയായി ചൂണ്ടിക്കാണിക്കാനാവുന്ന ഒരു സ്‌ത്രീയായി തീരണം അത് എന്ന തീര്‍പ്പോടെ എഴുതിയുണ്ടാക്കിയ കഥാപാത്രമല്ല സുമന.അവളങ്ങനെ ആവുകയായിരുന്നു.എന്നെ ആ കഥാപാത്രം പിന്നീട് അതിശയിപ്പിക്കുകയായിരുന്നു.
ഇടത്തരം വരുമാനക്കാരനായ കഥാനായകന്‍ അരവിന്ദാക്ഷന്റെ ഭാര്യയാണ് സുമന.വാടകയ്‌ക്ക് എടുത്ത ഫ്‌ളാറ്റിലാണ് അവരുടെയും രണ്ട് പെണ്‍മക്കളുടെയും താമസം.കഥാനായകന് സ്വന്തമായി അല്‌പം സ്ഥലം വാങ്ങണമെന്നുണ്ട്.റിയല്‍ എസ്റ്റേറ്റുകാരുടെയും നഗരജീവിതത്തിന്റെയും ഇടയില്‍ അയാള്‍ക്ക് ഇത്തിരി മണ്ണ് എന്ന സ്വപ്‌നം വെറും സ്വപ്‌നം മാത്രമായിത്തീരുമെന്ന ഭയമുണ്ട്.ആ ഭയത്തില്‍നിന്നുകൊണ്ട് അയാള്‍ ചെയ്യുന്നത് ചെറുതല്ലാത്ത ചില അസാധാരണകാര്യങ്ങളാണ്.മണ്ണിനെ സ്വപ്‌നം കാണുന്ന കഥാനായകന്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുന്ന സ്വന്തം സ്ഥലത്ത് നടാനായി ചില വൃക്ഷത്തൈകളും ചെടികളും സംഭരിക്കാന്‍ തുടങ്ങുന്നിടത്താണ് കഥയാരംഭിക്കുന്നത്.അതിനായി പലതരം പൂമരത്തൈകള്‍ വാങ്ങിക്കൊണ്ടുവന്ന് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ചട്ടിയില്‍ അയാള്‍ നട്ടുവയ്‌ക്കുന്നു.ഒരിക്കല്‍ ചെടി വാങ്ങി ലിഫ്‌റ്റില്‍ കൊണ്ടുവരുമ്പോള്‍ ലിഫ്‌റ്റില്‍ തൂവിപ്പോയ മണ്ണിനെ പിന്തുടര്‍ന്നെത്തുന്ന സൂക്ഷിപ്പുകാരന്‍ ഇതെല്ലാം കണ്ട് അയാളെ ശകാരിക്കുന്നു.അത് ലിഫ്‌റ്റില്‍ മണ്ണ് തൂവി വൃത്തികേടാക്കിയതിനാണ്.
അങ്ങനെ അയാള്‍ വാങ്ങിക്കൂട്ടിയ പലതരം മരത്തൈകള്‍വളര്‍ന്ന് ബാല്‍ക്കണി ഭാഗം കാടുമൂടുമ്പോഴും സൂക്ഷിപ്പുകാരന്‍ വഴക്കുണ്ടാക്കി കയറിവരുന്നു.ഇതിനിടയില്‍ പലതരം സംശയാസ്‌പദമായ സാഹചര്യത്തിലേക്കും അയാള്‍ ചെന്നു പതിക്കുന്നുണ്ട്.അപ്പോളെല്ലാം സുമന അയാളെ മനസ്സിലാക്കി കൂടെനില്‍ക്കുന്നു.പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അയാള്‍ക്കായി അവള്‍ മറ്റുള്ളവരോട് പോരടിക്കുന്നു.അങ്ങനെ കഥയിലുടനീളം സുമന ഒരു നിശ്ശബ്‌ദസ്‌നേഹമാകുന്നു.ഇപ്പോഴും സുമനയുടെ സ്‌നേഹത്തെപ്പറ്റി ഓര്‍ത്താല്‍ എനിക്കെന്റെ കണ്ണുകള്‍ നനയുന്നതെന്തിനാണെന്ന് എനിക്കറിയില്ല.
ഭര്‍ത്താവിനെയും അയാളുടെ പ്രകൃതത്തെയും നിസ്സഹായതയെയും ആഗ്രഹങ്ങളെയും അവള്‍ മനസ്സിലാക്കുന്നത് അസാധാരണമായ സംയമനത്തോടെയും സ്‌ത്രീ സഹജമായ വൈഭവത്തോടെയുമാണ്.വാസ്‌തവത്തില്‍ സുമനയുടെ പിന്തുണയില്ലെങ്കില്‍ കഥാനായകന് ജീവിതം പണ്ടേ വിരസവും ദുസ്സഹവുമായിത്തീരുമായിരുന്നു.മാത്രവുമല്ല വല്ലാത്തൊരു പ്രണയവും അവര്‍ക്കിടയിലുണ്ട്.വേണ്ടത്ര സ്വത്തും ബന്ധുബലവുമൊന്നും ഇല്ലാത്ത വീട്ടിലേതാണ് സുമന.അയാള്‍ ചെന്നുകണ്ട് ഇഷ്‌ടപ്പെട്ട് വിവാഹം കഴിച്ചതാണ് അവളെ.അതുകൊണ്ടുതന്നെ ഇല്ലായ്‌മയുടെ ചില നിരാശകള്‍ പങ്കുവച്ചിട്ടുള്ളതല്ലാതെ അവളയാളെ കുറ്റപ്പെടുത്താറില്ല.രണ്ട് പെണ്‍മക്കളുടെ പഠനച്ചെലവിനും ജീവിതച്ചെലവിനുമിടയില്‍ ഭാവി മുന്നില്‍ വന്ന് ഭീഷണിയുയര്‍ത്തുമ്പോഴും അവര്‍ പുഞ്ചിരിയോടെ ജീവിക്കുന്നു.സ്വപ്‌നം കാണുന്നു.
കഥയിലെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സുമന ഇങ്ങനെയാണ് ഇടപെടുന്നത്.
സുമനയോടായി രാജന്‍പിള്ള പറഞ്ഞു.``ഇതില്‍പറഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭര്‍ത്താവ് വെന്റിലേറ്റര്‍ വഴി റാണിമാഡത്തിന്റെ കുളിമുറിയിലേക്ക് എത്തിക്കുത്തിനോക്കീന്നാണ്.ഞാനെന്താ വേണ്ടത്..?''
രാജന്‍പിള്ളയുടെ മുന്നിലേക്ക് വന്നിട്ട് സുമന പറഞ്ഞു.
``പിള്ളച്ചേട്ടനൊന്നുവരൂ.''
അയാളുടെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ സുമന നടന്നു.എന്നെയൊന്ന് നോക്കിയിട്ട് രാജന്‍പിള്ളയും അവള്‍ക്കു പിന്നാലെ ചെന്നു.
ടെറസ്സിലേക്കുള്ള വാതില്‍ തുറന്നതേ നടുപകുത്ത മന്ദാരത്തിന്റെ ഇലകള്‍ അകത്തേക്ക് തല നീട്ടി.ഒപ്പം നാഗലിംഗമരത്തിന്റെ കരിമ്പച്ച ഇലകളും.
``ഹെന്തായിത്.?''
രാജന്‍ പിള്ള ചോദിച്ചു.അയാള്‍ അമ്പരന്നുപോയിരുന്നു.സുമന പറഞ്ഞു.
``ഹെര്‍ബേറിയം.''
രാജന്‍പിള്ളയെക്കാളും അത്ഭുതസ്‌തബ്‌ധനായി ഞാനവളെ നോക്കി.ഇക്കണോമിക്‌സ് പഠിച്ച് ഗുമസ്‌തപ്പണിയെടുക്കുന്ന സുമന ഹെര്‍ബേറിയത്തെപ്പറ്റി പറയുന്നു.
സുമന എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
``ഇന്നലെ എന്താ ഉണ്ടായത്..?''
ആകാശത്ത് നിന്നുള്ള വെളിച്ചം അവളുടെ മുഖത്ത് വീഴുന്നുണ്ടായിരുന്നു.അത് വെയിലായിരുന്നില്ല.
ഞാന്‍ പറഞ്ഞു.
``ഷൈന തന്ന കണിക്കൊന്ന വിത്തുകള്‍ ഞാനിന്നലെ രാത്രി..കാര്‍ഷെഡ്ഡിനരികില്‍..''
രാജന്‍പിള്ള ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഭര്‍ത്താവിനെ മനസ്സിലാക്കുക മാത്രമല്ല പിന്താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌ത്രീകൂടിയാണ് കഥയിലെ സുമന.ആ സ്‌നേഹത്തില്‍ ഒരു ഭാര്യയുടെ കരുതല്‍ മാത്രമല്ല ഒരമ്മയുടെ വാത്സല്യംകൂടി അവള്‍ അയാള്‍ക്കു നല്‍കുന്നുണ്ട്.
കഥയിലൊരിടത്ത് സൂക്ഷിപ്പുകാരനായ രാജന്‍പിള്ള കഥാനായകനെ വഴക്കുപറഞ്ഞതിന്റെ പിറ്റേന്ന് അയാളുടെ മൂടിക്കെട്ടിയുള്ള ഇരിപ്പ് കണ്ട് സുമന പറയുന്നുണ്ട്.
``അരവിന്ദേട്ടനെന്താ ഒരുമാതിരി..അയാളുവല്ലതും പറഞ്ഞതിനാണോ..അതു കാര്യാക്കേണ്ട..അതിനുള്ളത് ഞാന്‍ നാളെ രാവിലെ അങ്ങോട്ട് പറഞ്ഞോളാം.അയാളെ ചീത്തവിളിക്കാനാണോ കാരണങ്ങളില്ലാത്തത്.''
സുമന സാമര്‍ത്ഥ്യവും ബുദ്ധിയും പ്രായോഗികതയും ക്ഷമയും സഹനവും പ്രണയവുമുള്ള സ്‌ത്രീയാണ്.അമ്മയും ഭാര്യയും കൂട്ടുകാരിയും ഭരണാധികാരിയുമാണ്.ശബ്‌ദായമാനമായ നിശ്ശബ്‌ദത സൂക്ഷിക്കുന്നവളാണ്.അതുകൊണ്ടെല്ലാമാണ് സുമന എന്റെ പ്രിയ കഥാപാത്രമാകുന്നതും വിടാതെ പിന്തുടരുന്നതും.
( ഈ ചെറുകുറിപ്പ് ചന്ദ്രിക വാരാന്തപ്പതിപ്പിലെ 'വിടാതെ കഥാപാത്രങ്ങള്‍' എന്ന പംക്തിയില്‍ രണ്ടാഴ്ച മുന്പ് പ്രസിദ്ധീകരിച്ചതാണ്.അവിടെ വായിക്കാത്തവര്‍ക്കായി പുനപ്രസിദ്ധീകരിക്കുന്നു.)
വിചാരിച്ച മിഴിവില്‍ എഴുതാന്‍ കഴിയാതെ പോയ കുറിപ്പാണിതെന്ന ക്ഷമാപണത്തോടെ..
ReplyDeleteതാങ്കളുടെ കഥ ,താങ്കളുടെ കഥാപാത്രം. നല്ലത്, പക്ഷെ ഇത് മുഴുവന്‍ അങ്ങ് അംഗീകരിക്കാന്‍ വയ്യല്ലോ സുഷ്മേഷ് ജീ.. ഒരു നല്ല സ്ത്രീ എന്നുള്ളത് കൊണ്ട് താങ്കള്‍ എന്താണു അര്‍ത്ഥമാക്കുന്നത്,ഭര്‍ത്താവ് ചെയ്യുന്ന എന്ത് കോപ്രായവും കണ്ണടച്ച് ശരി വെക്കണമെന്നാണോ..കുറിപ്പിലുടനീളം അവള്‍ക്ക് അയാളോടൂള്ള സ്നേഹം താങ്കള്‍ പറയുന്നുണ്ട്, ഒരിക്കല്‍ പോലും അവള്‍ക്കെന്ത് തിരിച്ച് കിട്ടി എന്ന് സൂചന പോലുമില്ല.
ReplyDeleteഎല്ലാം സഹിച്ച് അവളിങ്ങനെ പാല്‍ പുഞ്ചിരി പൊഴിക്കണം. സഹിക്കണം എല്ലാം അല്ലേ..
ഇത് വായിക്കുമ്പോള്‍ ഈയടുത്ത് ഇറങ്ങിയ ഒരു തമിഴ് ഫിലിം,ധനുഷ് നടിച്ചത്, അങ്ങോരുടെ ചേട്ടന്‍ സെല്‍ വരാഘവന്‍ സംവിധാനിച്ചത്, മയക്കുമരുന്നും ഭ്രാന്തിന്റെ വക്കോളമെത്തിയ പെരുമാറ്റവുമുള്ള നായകനെ സ്നേഹിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ഭാര്യ നായിക. അടിച്ചാലും ചവിട്ടിയാലും പുലഭ്യം പറഞ്ഞാലും നൊ എതിര്‍പ്പ്. നല്ല സ്ത്രീയുടെ ലക്ഷ്ണമാത്രെ അത്. ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല,പക്ഷെ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആരായാലും ആയിപ്പൊകും ...
ഓരോരുത്തർക്കും അവരുടെ സങ്കൽപ്പത്തിൽ ഒരു സ്ത്രീകാണാതിരിക്കില്ല.പക്ഷെ അതിനെ മറ്റുള്ളവർക്കും ഇഷ്ടമാവണമെന്നില്ലല്ലോ?
ReplyDeleteഎന്റെ സങ്കൽപ്പവും വ്യത്യസ്തമാണ്.
പ്രിയപ്പെട്ട മുല്ല,
ReplyDeleteസന്തോഷം പ്രതികരണത്തില്‍.മയക്കം എന്ന എന്ന സിനിമയും ഹരിതമോഹനവുമായി നിലനില്‍ക്കുന്ന അന്തരം വ്യക്തമാവാന്‍ കഥയും മുഴുവനായും മനസ്സിലാക്കേണ്ടതുണ്ട്.നിര്‍ഭാഗ്യവശാല്‍ മുല്ല അത് വായിച്ചിട്ടുമില്ല,ഞാനത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല.അതിനാല്‍ താങ്കള്‍ക്ക് തെറ്റിദ്ധാരണ തോന്നിയതില്‍ തെറ്റ് എന്‍റെ ഭാഗത്താണ്.അതുകൊണ്ട് പറയാം.
ഹരിതമോഹനത്തിലെ സുമന എല്ലാം സഹിച്ച് മിണ്ടാതിരിക്കുന്നവളല്ല.അങ്ങനെ സഹിച്ച് ജീവിക്കാനും മാത്രം അവളുടെ ജീവിതത്തില്‍ അയാള്‍ അരസികനോ ഉത്തരവാദിത്തമില്ലാത്തവനോ അല്ല താനും.മറിച്ച് കാര്യശേഷിയുള്ളവനും ഭാര്യയെ പ്രണയിക്കുന്നവനുമാണ്.അവള്‍ക്ക് അയാള്‍ കൊടുക്കുന്നതെല്ലാം കഥയില്‍ പറയാതെ പറയുന്നുണ്ട്.ചിലതൊക്കെ നേരിട്ടും പറയുന്നുണ്ട്.അത് കഥയിലെ നായികയ്ക്ക് മനസ്സിലാവുന്നുമുണ്ട്.
''ഒരു നല്ല സ്ത്രീ എന്നുള്ളത് കൊണ്ട് താങ്കള്‍ എന്താണു അര്‍ത്ഥമാക്കുന്നത്,ഭര്‍ത്താവ് ചെയ്യുന്ന എന്ത് കോപ്രായവും കണ്ണടച്ച് ശരി വെക്കണമെന്നാണോ..''
ഇതിന് വ്യക്തിപരമായി ഉത്തരം പറയട്ടെ.അങ്ങനെ ചിന്തിക്കുന്ന ഒരാള്‍ അല്ലേയല്ല ഞാന്‍.ഇനി കഥയിലേക്ക് വന്നാല്‍ ഈ കഥയില്‍ ഭര്‍ത്താവ് ചെയ്യുന്ന കോപ്രായമെന്താണെന്ന് കഥ വായിച്ചാലേ മനസ്സിലാവൂ.മാത്രവുമല്ല അയാള്‍ നിസ്സഹായപ്പെടുന്നിടത്ത് അയാളെ രക്ഷപ്പെടുത്തുന്നതും അയാള്‍ക്ക് തണലാവുന്നതുമൊക്കെ സുമനയാണ്.
ഇങ്ങനെയൊക്കെയാണ് കഥയെഴുതിയ എനിക്ക് തോന്നുന്നത്.ആവോ..മറിച്ചാണെങ്കില്‍ ഞാനെന്തു പറയാന്‍.എഴുതിപ്പോയി എന്നല്ലാതെ.
മുല്ലയുടെ ഇടപെടലിലും പ്രതികരണത്തിലും ഒരുപാട് സന്തോഷം.ഇനിയും വരണം.ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കണം.
നന്ദി.
ഞാനെഴുതിയത് ആ കുറിപ്പ് വായിച്ചിട്ടാണു, അത് തുറന്ന മനസ്സോടെ സ്വീകരിച്ചതിൽ സന്തൊഷം,കഥ ഞാൻ വായിച്ചിട്ടില്ല. താഴെയുള്ള കമന്റുകളിൽ നിന്നും താങ്കളുടെ തന്നെ മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു സുമനയേയും അയാളേയും. എനിക്ക് എതിരഭിപ്രായം ഒന്നുമില്ല, നമ്മെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കുകയല്ലാതെ എന്താ ചെയ്യുക.
Deleteഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടേന്ന് ആശംസിക്കുന്നു.
ഹരിതമോഹനത്തിലെ സുമനയെ ആരും തള്ളിപ്പറയരുതെന്നപേക്ഷ... ഞാനുമവളെ ഒരുപാടിഷ്ടപ്പെടുന്നു, അധികമൊന്നും സംസാരിക്കാതെ, ചില വാക്കുകളും ചലനങ്ങളും കൊണ്ട് സുമന പെണ്ണിന്റെ പ്രകൃതി വെളിവാക്കുന്നു, കഥയിലെ ഭര്‍ത്താവണെങ്കില്‍ കെട്ടിപ്പിടിച്ച് മാറില്‍ ചേര്‍ത്ത് സംരക്ഷിക്കാന്‍ തോന്നുന്ന പുരുഷനും. ( ഞാനിപ്പോഴും അരവിന്ദനുമായി കടുത്ത പ്രണയത്തിലാണ്, സുമനയെ തള്ളിമാറ്റാതെ തന്നെ ) പൊന്‍ചെമ്പകത്തൈ കാണുമ്പോള്‍ സുമനയുടെ നീളന്‍ മുടി പൂചൂടുന്ന സൌരഭ്യം അരവിന്ദന്‍ ഓര്‍ത്തു പോകുന്നുണ്ട് . പങ്കാളിയെ കൃത്യമായി മനസ്സിലാക്കുന്ന ഭാര്യയാകുന്നിടത്ത് അവള്‍ വിജയിയായി കൈയ്യടി വാങ്ങുന്നു, കഥാകാരാ , ഈ കഥയെപ്പറ്റി അധികം പറയരുതേ, ഹരിതമോഹനം ആദ്യം വായിച്ചതു മുതല്‍ ഞാനിതിനു അടിമയാണ്. സുമനയെ സ്നേഹിക്കുന്ന മനസ്സിന് അഭിനന്ദനങ്ങള്‍ സ്നേഹാദരങ്ങളോടെ സമര്‍പ്പിക്കുന്നു.
ReplyDeleteസുസ്മേഷ്....
ReplyDeleteസുസ്മേഷിന്റെ കഥകളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ടതും അടുപ്പം തോന്നിയതുമായ കഥകളില്‍ ഒന്നാണ് ഹരിതമോഹനം....സുമന മാത്രമല്ല തന്മയയും പീലിയും ഒക്കെ ...നിലത്ത് കുന്തിച്ചിരുന്ന് ഇലഞ്ഞിതയ്യിനെ നോക്കുന്ന പീലിയുടെ ചിത്രം ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു..സ്ത്രീകളുടെ ശബ്ദായമാനമായ നിശബ്ദത പലര്‍ക്കും മനസ്സിലാക്കാന്‍ പറ്റാറില്ല എന്നതാണ് സത്യം ...നേരത്തെ തന്നെ വായിച്ചിരുന്നു സുസ്മേഷ് , ഈ ആര്‍ട്ടിക്കിള്‍ ..എന്നാലും രണ്ടാം വായനയ്ക്കും മുഷിയില്ല ....
സുസ്മേഷിന്റെ കഥകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന പത്തു കഥകള്‍ എടുത്താല്‍ ഒട്ടും പിന്നിലല്ലാതെ നില്‍ക്കുന്ന കഥയാണ് ഹരിതമോഹനം. അതിലെ അരവിന്ദാക്ഷന്‍ ചെയ്യുന്ന ഏക കോപ്രായം, സ്വന്തമായി മണ്ണ് ഇല്ലാഞ്ഞിട്ടും മണ്ണിനെയും, മരങ്ങളെയും, സ്നേഹിക്കുന്നു എന്നതാണ്. അതാകട്ടെ കോണ്‍ക്രീറ്റ് മനസുള്ള മനുഷ്യരുടെ മുന്നില്‍ ഏറ്റവും വലിയ അശ്ലീലമായി മാറുന്നു. അപ്പോള്‍ ഏറ്റവും വലിയ താങ്ങും തണലുമായി മാറുന്നത് സുമനയാണ്. ഭര്‍ത്താവ് കാണിക്കുന്ന എന്ത് കോപ്രായവും വിവരമില്ലാതെ പിന്താങ്ങുന്നവളല്ല സുമന. കഥാനായകനെ കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് "ഹെര്‍ബെറിയം" എന്നാ വാക്ക് ഉച്ചരിക്കുന്നത് നോക്കുക. മാത്രവുമല്ല, കഥയുടെ ആദ്യത്തില്‍ താന്‍ ചെയ്യുന്ന പ്രവൃത്തി ഭാര്യക്ക് ഇഷ്ടമാവുമോ എന്നാ ഭയം അയാളിലുണ്ട്. അഗാധമായ പ്രണയം ഒരു പക്ഷെ അവര്‍ തമ്മില്‍ ഉണ്ടോ എന്നത് വ്യക്തമല്ല. പക്ഷെ പരസ്പരസ്നേഹവും, കരുതലും, മനസ്സിലാക്കലും അവര്‍ തമ്മില്‍ ഉണ്ട്. പ്രകൃതിയെ സ്നേഹിക്കുന്ന ഭാര്യയുടെ മാനസികാവസ്ഥ മനസിലാക്കുന്ന അരവിന്ദാക്ഷന്‍ ഒരു മനുഷ്യനാണ്. ആ കഥയുടെ നൈര്‍മല്യവും, ലാളിത്യവും, പച്ചപ്പും ഒരിക്കലും മനസ്സില്‍ നിന്നും മായുകയില്ല.കഥാകാരന് മാത്രമല്ല, വായനക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ത്രീകഥാപാത്രമാണ് സുമന.
ReplyDeleteഹരിതമോഹനമെന്ന കഥ എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒന്നാണ്.. അതിലെ കഥാപാത്രങ്ങളും കഥയും ഇടയ്ക്കിടെ മനസ്സിലേയ്ക്ക് വരാറുണ്ട്. നിലാവിന്റെ തണുപ്പുള്ള കഥ, പച്ചപ്പിനെ സ്നേഹിക്കുന്ന മനസ്സുകളുടെ കഥ.
ReplyDeleteസുസ്മേഷ്,
ReplyDeleteവായിച്ച കഥകളെക്കാള്‍ വായിക്കാത്ത കഥകളാണു കൂടുതല്‍.എങ്കിലും ഭാഗ്യം ഹരിതമോഹനം വായിച്ചിട്ടുണ്ട്.ആ കഥയുടെ പേരും കഥയും കഥാപാത്രങ്ങളുടെ പേരും എല്ലാം ഇടക്കിടെ ഓര്‍മ്മ വരും. ഇഷ്ടകഥാപാത്രത്തെ പറ്റി കഥാക്രുത്ത് പറയുന്നത് കേട്ടിരിക്കാന്‍ രസമുണ്ടായിരുന്നു. പിന്നെ ഇതിന്‍ മുന്പ് എഴുതിയ കുറിപ്പുകളും മാത്രുഭൂമിയിലെ കഥയും വായിച്ചിരുന്നു. ഇഷ്ട്ടപ്പെട്ടിരുന്നു. അഭിപ്രായം എഴുതണമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഒന്നിനും പറ്റിയില്ല. അത്രക്ക് തിരക്കായിരുന്നു.
സസ്നേഹം
അജിത
ഹരിതമോഹനം വായിച്ചു കഴിഞ്ഞു ഞാന്‍ ആദ്യം ചെയ്തത് അപ്പു(മകന്‍)വിനെ കൊണ്ട് കഥ വായിപ്പിക്കുകയായിരുന്നു.ഞാനവനോട് പറഞ്ഞു..ഇത് അമ്മ എഴുതാന്‍ ആഗ്രഹിച്ച ഒരു കഥയാണ്..
ReplyDeleteഅന്ന് ഞങ്ങള്‍ തിരുവനന്തപുരത്തെ ഒരു പോഷ് ഫ്‌ളാറ്റില്‍ 8 -#ാ#ം നിലയില്‍ താമസിക്കുകയായിരുന്നു. ഹരിതമോഹനത്തിലെ ജീവിതത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്ന നാളുകള്‍..ശ്വാസം മുട്ടുന്ന ജീവിതം. അവിടേയ്ക്കാണ് കഥയെത്തിയത്.അപ്പു വിന്‌റെ മനസ്സിലെ ഹരിതാഭ നിലനിര്‍ത്താന്‍ ദൈവം കാട്ടിയ ഒരു വഴിയായി ഞാന്‍ ആ കഥയെ കണക്കാക്കുന്നു..കഥ തലയ്ക്കു പിടിച്ചവന്‍ കുറെ നാള്‍ അത് ഫിലിമിലാക്കണമെന്ന് പറഞ്ഞു നടന്നു..
മനസ്സിലെ നന്മകള്‍ സൂക്ഷിക്കുന്ന കഥകള്‍ -എക്കാലവു# നിലനില്‍ക്കും..നല്ലതു വരട്ടെ.
ബ്ലോഗിന്റെ ഒരു പോക്കേ ...
ReplyDeleteചന്ദ്രിക വായിച്ച് ഇത്രയും തകർപ്പൻ അഭിപ്രായ ആരും പറഞ്ഞിട്ടുണ്ടാവില്ല.
ഇവിടെ ഈ ലേഖനവും കമന്റുകളും വായിച്ചു തീരുമ്പോൾ ഈ പുസ്തകം വാങ്ങി വായിച്ചേ തീരു എന്ന ദൃഢ നിശ്ചയം ആരും എടുത്തുപോകും.
അങ്ങനെ മുഖ്യധാരാ എഴുത്തു ലോകത്തിനു ബ്ലോഗ് ഒരു താങ്ങു കൂടിയാവുന്നു.
പ്രിയപ്പെട്ട കലാവല്ലഭന്‍,
ReplyDeleteമുഖ്യധാരാ എഴുത്തു ലോകത്തിനു ബ്ലോഗുലകത്തിന്‍റെ ഒരു താങ്ങ് കൂടി കിട്ടിയാല്‍ അതും നല്ലതല്ലേ.
ചന്ദ്രിക വായിച്ചപ്പോഴും കുറേപ്പേര്‍ വിളിച്ചിരുന്നു.
എന്തായാലും പുസ്തകം വാങ്ങി വായിക്കാന്‍ മറക്കേണ്ട.
വളരെ നന്ദി.വന്നതിനും നല്ല കമന്‍റിട്ടതിനും.
ബീനച്ചേച്ചീ,
ReplyDeleteവളരെ സന്തോഷം.അപ്പുവിന്‍റെ മനസ്സിലെപ്പോലെ നടക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.ശീതനിദ്ര(മാധ്യമം ആഴ്ചപ്പതിപ്പില്‍)വായിച്ചിരുന്നു.കനമുള്ള കഥ.ഇനിയും നല്ല കഥകളെഴുതാന്‍ കഴിയട്ടെ.
അജിത,
ReplyDeleteസന്തോഷം.വന്നതിലും വായിച്ചതിലും.
മാതൃഭൂമിയില്‍ വന്ന കഥയെപ്പറ്റി അറിയാനായിരുന്നു ആകാംക്ഷ.നന്നായി തോന്നിയില്ലെങ്കിലും തുറന്നു പറയണേ.അഭിപ്രായം തുറന്നു പറഞ്ഞാല്‍ തല്ലുകൂടുന്ന സ്വഭാവമല്ല എനിക്ക്.നന്ദി.
ബ്ലോഗിലെ പോസ്റ്റിനെപ്പറ്റി പറഞ്ഞതിനും.
സ്മിത മീനാക്ഷി,അന്പിളി,മിനി ടീച്ചര്‍,ശങ്കൂന്‍റമ്മ...സജീവമായി പ്രതികരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.മറക്കില്ല നിങ്ങളുടെ പിന്തുണകള്‍.കഥകള്‍ വരുന്പോള്‍ ഇനിയും വായിക്കുകയും വിമര്‍ശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
ReplyDeletenjaan marannirunna oru kathayayirunnu harithamohanam. karanam ippo ormmayilla. ormmakkulla marunnu kazhikkaarai ennartham.
ReplyDeletekatha ormippichathinu nandi.
pinne roadil maram vechaal, terrace il maram vechaal evide maram vechaalum thalakku sukhamille? kothuku kadikkille ennokke chila manushyar chodikkum. appo Aravindanu ammaathiri aalkkaril ninnu vazhakku kittathe vayya. Sumanakku ayaale pinthunakkatheyum vayya. Sumanaye ishttam ........
സുമനയെ വായിക്കാന്‍ വല്ലാത്തൊരു കൊതി തോന്നുന്നു
ReplyDeleteമാതൃഭൂമിയില്‍ വായിച്ചപ്പോള്‍ ഏറെ ഇഷ്ടപ്പെടുകയും കുറെനാള്‍ മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്ത കഥയാണ് ഹരിതമോഹനം. കഥയുടെ അവസാനം സംഭാവ്യമോ എന്നൊരു ആശങ്ക ഉണ്ടായി എങ്കിലും സുമനയെ അന്നും ഒരുപാടിഷ്ടമായിരുന്നു.
ReplyDeleteകഥയോളം മിഴിവു വന്നില്ല കുറിപ്പിന് എന്നു എനിക്കും തോന്നി.
പ്രിയ മുല്ല,
ReplyDeleteവളരെ സംയമനത്തോടെ വീണ്ടും വന്നതിലും വസ്തുതകളെ ഉള്‍ക്കൊണ്ടതിലും ഒരുപാടൊരുപാട് നന്ദി.സാധാരണക്കാര്‍ക്കില്ലാത്ത ഒരു നല്ല സ്വഭാവമാണിതെന്നു പറയട്ടെ.എന്‍റെ മറുപടിയില്‍ എന്തെങ്കിലും ധാര്‍ഷ്ട്യം തോന്നിയെങ്കില്‍ ക്ഷമിക്കണേ.
തീര്‍ച്ചയായും നമ്മെ സ്നേഹിക്കുന്നവരെ നമ്മള്‍ സ്നേഹിക്കുക തന്നെ വേണം.ഞാനതിനു പരിശ്രമിക്കാറുണ്ട്.
നല്ല കഥയെഴുതാനുള്ള ആശംസകള്‍ക്ക് നന്ദി.നല്ല കഥയെഴുതാനുള്ള ത്രാണിയുണ്ടാവാന്‍ ദൈവം എന്നെ അനുഗ്രഹിക്കട്ടെ.
പിന്നെ സുമനയെക്കുറിച്ചുള്ള ഈ കുറിപ്പ് ഞാന്‍ മാറ്റിയെഴുതി.കുറേക്കൂടി വികസിപ്പിച്ചു.ചന്ദ്രികയില്‍ വരുന്ന ഒരു പംക്തിക്കുവേണ്ടി എഴുതിയതാണത്.അതിലെ ലേഖനങ്ങളെല്ലാം കൂടി അതിന്‍റെ ചുമതലക്കാരന്‍ പുസ്തകമാക്കുകയാണ്.അതുകൊണ്ടാണ് ഒന്നുകൂടി മാറ്റിയെഴുതി നന്നാക്കിയത്.പുസ്തകത്തില്‍ ചേര്‍ക്കാന്‍ അതുപോരാ എന്നുതോന്നി.അങ്ങനെ തോന്നിപ്പിച്ചതും മുല്ലയുടെ കമന്‍റ് ആണ്.സന്തോഷമുണ്ട്.സ്നേഹത്തോടെ.
സങ്കല്‍പ്പങ്ങള്‍,എച്ച്മുക്കുട്ടി,റോസാപ്പൂക്കള്‍,സേതുലക്ഷ്മി..വന്നതില്‍ സന്തോഷവും നന്ദിയും.
ReplyDeleteസേതുലക്ഷ്മി പറഞ്ഞ അഭിപ്രായത്തെ മാനിക്കുന്നു.ആ ലേഖനം ഞാന്‍ മാറ്റിയെഴുതിയിട്ടുണ്ട്.മുകളിലത്തെ മറുപടിയില്‍ അക്കാര്യം വിശദമാക്കിയിട്ടുണ്ട്.
ഹരിതമോഹനനായികയോട് എനിക്കും വളരെ ഇഷ്ടം തോന്നിയിരുന്നു, നായകനെ അതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടു പോയിരുന്നു. എന്തൊരു കഥയാണത്! ഹരിതമോഹനമായ ഭൂമിയോട് ഉന്മാദത്തോടടുത്ത സ്നേഹം ബാധിച്ച ഏതോ ധന്യ നിമിഷത്തിലായിരിക്കാം സുസ്മേഷ് ആ കഥ എഴുതിയതാൻ തുടങ്ങിയത്. കഥ കൊണ്ടെന്ത് പ്രയോജനം എന്ന ചോദ്യത്തിന് വലിയൊരുത്തരവും കൂടിയാണ് ഈ കഥ.
ReplyDeleteആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യപുരസ്കാരം നേടിയതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. യാദൃശ്ചികതയോ നിമിത്തമോ സുമനയെ കുറിച്ചും, ഹരിതമോഹനത്തെ കുറിച്ചും ചര്‍ച്ച ചെയ്ത് ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ് തന്നെ ഹരിതമോഹനം കൂടി ഉള്‍പ്പെട്ട മരണവിദ്യാലയം എന്നാ കഥാസമാഹാരത്തിന് പുരസ്കാരം കിട്ടിയത്! ഈ അംഗീകാരം മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. വയനക്കാരെ അങ്ങേയറ്റം ആഹ്ലാദിപ്പിക്കുന്നതും... ഇതൊരു തുടക്കം മാത്രമാവട്ടെ.. എല്ലാ ആശംസകളും.
ReplyDeleteപത്രത്തില്‍ കണ്ടു, അഭിനന്ദനങ്ങള്‍ :)
ReplyDeleteകേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡും താങ്കളെ തേടിയെത്തിയെന്നറിയുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ
ഇനിയും പുതിയ പുതിയ ഉയരങ്ങളിലേക്ക് എത്തുവാനും അംഗീകാരങ്ങൾ ഏറ്റുവാങ്ങുവാനും ഇശ്വരൻ അനുഗ്രഹിക്കട്ടെ...
can you give your contact please send me sunilrajk@gmail.com
ReplyDeleteസാഹിത്യ അക്കാഡമിയുടെ അംഗീകാരത്തിന് അഭിനന്ദനങ്ങൾ .
ReplyDeleteഹരിതമോഹനത്തെ കുറിച്ച് ഇനിയുമെന്തെങ്കിലും വാക്കുപയോഗിച്ച് പുകഴ്ത്തിയാലാകും അതൊരു കുറവാകുക..ആ കഥ പുകഴ്ത്തലുകൾക്കൊക്കെ അതീതമായ കഥയാണെന്നാണു തന്നെയാണു ഇന്നും കരുതുന്നത് മണ്ണിനെ ഇത്രയധികം സ്നേഹിച്ചു കൊണ്ട്..വായിക്കുന്ന ഏതൊരു വ്യക്തിയേയും കൊണ്ട് സ്നേഹിപ്പിക്കുന്ന മറ്റൊരു കഥയില്ല...ഉയരങ്ങൾ താങ്കളെ കാത്തിരിക്കുന്നു...ഒരു പടികൂടി കയറിയതിനു അഭിനന്ദനങ്ങൾ- കേന്ദ്ര സാഹിത്യ അകാഡമി പുരസ്കാരത്തിന്-
ReplyDeleteപുസ്തകം വായിച്ചിട്ടില്ല, എന്നാലും ഈ കുറിപ്പ് വായിച്ചപ്പോള്‍ സുമനയെ ഇഷ്റ്റമാകുന്നു, പക്ഷെ മുഴുവനല്ലാ..പുസ്തകം വായിച്ചിട്ടെന്നെങ്കിലും വീണ്ടും വന്ന് അഭിപ്രായം പറയാം
ReplyDeleteപ്രിയ ഗൌരിനാഥന്‍,സന്തോഷം.പുസ്തകം മാതൃഭൂമിയില്‍ കിട്ടും.സമയം പോലെ വായിച്ച് പറയണേ..പിന്നെ,പുസ്തകം വായിച്ച് അഭിപ്രായം പറയുന്നത് അതിന്‍റെ സമയത്ത് നടക്കട്ടെ.ബ്ലോഗിലെ കുറിപ്പുകള്‍ സമയാസമയം വായിച്ച് അഭിപ്രായം പറയുകയും കൂടി ചെയ്യണേ..
ReplyDeleteജാനകി-അഭിനന്ദനത്തിനു മുന്നില്‍ വിനയപൂര്‍വ്വം ശിരസ്സു കുനിക്കുന്നു.
നിരക്ഷരന്‍-വിനയപൂര്‍വ്വം,കൃതജ്ഞത.
സുനില്‍രാജ് ശ്രദ്ധിക്കുമല്ലോ,susmeshchandroth.d@gmail.com
കലാവല്ലഭന്‍-അങ്ങനെ അതും സംഭവിച്ചു.അഭിനന്ദനത്തിന് ആദരപൂര്‍വ്വം നന്ദി.
ശ്രീനാഥന്‍ മാഷേ,നല്ല വാക്കുകള്‍ മുല്ലകളായി പൂത്തുപരിലസിക്കുന്നു പലപ്പോഴും.മറക്കില്ല ഇതൊന്നും.
സുവര്‍ണ്ണം-നന്ദി.നന്ദി.
മിനിടീച്ചര്‍,സന്പന്നമായ ആശംസയ്ക്കും അനുമോദനത്തിനും ഹൃദ്യമായ നമസ്കാരവും കൃതജ്ഞതയും.
priya Susmesh,
ReplyDeleteinnu vaayichu theerthatheyulloo, 'maranavidyalayam'... kadha enna pole kadha ezhuthunnathinekkurichum nhan vismayichu pokunnu..echikkaanavum, subhashchandranum ingane vismayippikkarund.. 'harithamohanam' ere sparsichupoyi..! manassil oru 'herberium' peri nadakkunnathaavam kaaranam..athe, 'sumana' namokke thedunna oru sthreeyude prathiroopam thanne..anthyam valare vismayippicha kadhayaanathu..pinne Red Arebia'...ellam vyathyasthamm...abhinandhanangal orikkal koodi..('SIGNS 2012 nu nammal jobies maalil kandirunnallo..me with jayachandran..)ezhuthinte puthiya aakaasangalkkaayi.. aasamsakalode...sivadas
താങ്കളുടെ പേര് മനസ്സില്‍ പതിഞ്ഞത് 'ഹരിത മോഹനം' എന്നാ കഥ വായിച്ചപ്പോഴായിരുന്നു. അതിനു മുംബ് താങ്കളുടെ സ്രഷ്ടികള്‍ വായിചിടുണ്ടോ എന്ന്‍ അറിയില്ല. കോഴിക്കോട് പുതിയ സ്റ്റാന്റ് ഇന് സമീപം ഉള്ള ഒരു കടയില്‍ നിന്നും വാങ്ങിയ മാത്ര്ഭുമി ആഴ്ചപ്പതിപ്പില്‍ നിന്നാണെന്നാണ് ഓര്‍മ്മ! തിരികെ വീടിലേക്കുള്ള യാത്രയില്‍ തന്നെ അത് വായിച്ചു...മനോഹരമായിരുന്നു ആ കഥ..ബിംബങ്ങളുടെ അതിപ്രസരമോ മറ്റോ ഇല്ലാത്ത 'neat and clean' എഴുത്ത്...എനിക്കിഷ്ടപ്പെട്ടത് 'കോപ്രായങ്ങള്‍' കാണിക്കുന്ന ആ ചെട്ടനെയാനുട്ടോ!! അഭിനന്ദനങള്‍ സുസ്മേഷ്ജി
ReplyDelete