Thursday, February 2, 2012

ഋതുഭേദങ്ങള്‍ തുളുന്പുന്ന പുസ്തകങ്ങള്‍

കാറ്റടിക്കുന്നു..ചിലപ്പോള്‍ മഴ പെയ്യുന്നു..മഞ്ഞും വീണേക്കാം.വെയില്‍ തീര്‍ച്ചയായും ഉണ്ട്.പുസ്തകങ്ങളും നിശ്ചയമായും നമുക്കിടയില്‍ ഉണ്ട്.അതെ,ഡോ.ഷിവാഗോയുടെ തുടര്‍ച്ചയായി എന്‍റെ മേശപ്പുറത്തെത്തിയ 3 പുസ്തകങ്ങളെപ്പറ്റിയാണ് ഈ കുറിപ്പ്.
ഇവ മൂന്നും അടുത്തടുത്ത നാളുകളിലായി ഇറങ്ങിയവയാണ്.പ്രകാശനം പോലും കഴിഞ്ഞിട്ടില്ല.
നല്ല നല്ല കഥകളിലൂടെ ശ്രദ്ധേയനായ വി.ദിലീപിന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'വംശഗാഥകള്‍ മൂളും ടാക്കീസ് 'ആണ് ആദ്യത്തെ പുസ്തകം.സൈകതം ബുക്സ് ആണ് പ്രസാധകര്‍.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒന്നാന്തരം മുഖപടലേഖനങ്ങള്‍ എഴുതി വായനക്കാരെ നേടിയെടുത്തിട്ടുള്ള മൈന ഉമൈബാന്‍റെ ലേഖനങ്ങളുടെ സമാഹാരമായ 'ആത്മദംശന'മാണ് രണ്ടാമത്തേത്.മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.മൂന്നാമത്തെ പുസ്തകം ഒരു നോവലാണ്.ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'താന്പ്രച്ചി'.മുന്പ് കഥാകൃത്ത് സി.ഗണേഷിനൊപ്പം ഇണ/ജീവിതം-ദി എന്‍ട്രോപ്പി എന്ന നോവല്‍ എഴുതിയിട്ടുള്ള മഹേന്ദര്‍ ആണ് താന്പ്രച്ചിയുടെ കര്‍ത്താവ്.
താന്പ്രച്ചിയെന്ന പാലക്കാടന്‍ ഗ്രാമത്തിലെത്തുന്ന ഒരെഴുത്തുകാരന്‍റെ രേഖാചിത്രങ്ങളാണ് മഹേന്ദറിന്‍റെ നോവലിലൂടെ പൂര്‍ണ്ണമാവുന്നത്.അയത്നലളിതമായി വായിച്ചുപോകാവുന്ന നല്ല നോവലാണിത്.
വംശഗാഥകള്‍ മൂളും ടാക്കീസ് എന്ന ലേഖന സമാഹാരത്തിലൂടെ വി.ദിലീപ് നമ്മെ സമ്മോഹനമായ ഒരു കാലത്തിന്‍റെ സന്പന്നമായ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.മൊകേരി എന്ന സ്വന്തം ദേശത്തിന് എഴുത്തുകാരന്‍ നല്‍കുന്ന അഭിവാദ്യമാണ് ഈ പുസ്തകം.ഒപ്പം മദനന്‍റെ രേഖാചിത്രീകരണവും.
മൈന എന്‍റെ ചിരകാല സുഹൃത്തും നാട്ടുകാരിയുമാണ്.പരിസ്ഥിതികാവബോധം വലിയൊരു ആവശ്യകതയായി അടുത്തകാലത്തു മലയാളിക്കു മുന്നിലെത്തിച്ചതില്‍ മൈനയുടെ ലേഖനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് സൌഹൃദം മാറ്റിവച്ചിട്ട് ചിന്തിച്ചാല്‍പോലും മനസ്സിലാകുന്നത്.ഏഴ് ലേഖനങ്ങളും കെ.ഷെരീഫിന്‍റെ അതിഗംഭീരമായ ചിത്രങ്ങളുമാണ് ആത്മദംശനത്തിലുള്ളത്.
ഇങ്ങനെ മൂന്ന് വേറിട്ട പുസ്തകങ്ങള്‍.അവരവരുടെ കൈയൊപ്പിട്ടുതന്ന മൂന്ന് പുസ്തകങ്ങള്‍.വ്യത്യസ്തമായ വായന..മഴയും മഞ്ഞും വെയിലും നിലാവും ഉറഞ്ഞുകിടക്കുന്ന വഴിത്താരകളാണ് ആ പുസ്തകത്തില്‍ നിന്നു പുറത്തേക്ക് നീളുന്നത്..അത് വായനക്കാരനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നു.ആ സന്തോഷം നിങ്ങളിലേക്കുകൂടി പകരാനാണ് ഈ ചെറുകുറിപ്പ്.

16 comments:

 1. ആ സന്തോഷം നിങ്ങളിലേക്കുകൂടി പകരാനാണ് ഈ ചെറുകുറിപ്പ്.

  ReplyDelete
 2. വളരെ സന്തോഷം.. ഈ കുറിപ്പ് , പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രചോദനം നല്‍കുന്നു. വാങ്ങി വായിക്കാം. നന്ദി.

  ReplyDelete
 3. മൈനയുടെ പുസ്തകം ഇറങ്ങിയെന്നറിഞ്ഞിരുന്നു... പകര്‍ന്നു തരുന്ന സന്തോഷങ്ങള്‍ക്കു കഥാകാരനു നന്ദി, മാതൃഭൂമിയില്‍ കഥ വായിച്ചു, വളരെ നന്നായി.. കാലത്തിന്റെ പരിച്ഛേദം ..

  ReplyDelete
 4. പുസ്തകത്താളുകളിൽ കോറിയിടുമ്പോഴുണ്ടാകുന്നതിനേക്കാൽ ഇളക്കങ്ങൾ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കാൻ ഈ എഴുത്തുകാർക്ക് ഉണ്ടാക്കാൻ കഴിയട്ടെ...

  ReplyDelete
 5. സന്തോഷം; നന്ദി....

  പുതിയ മാതൃഭൂമിക്കഥ കിട്ടിയില്ല.. ഉടന്‍ വായിക്കും...

  ReplyDelete
 6. വായിയ്ക്കാനുള്ള പുസ്തകങ്ങളെപ്പറ്റി അറിവുണ്ടാക്കിത്തരുന്നതിന് നന്ദി. മൈനയെ ഞാൻ എപ്പോഴും വായിയ്ക്കും,വലിയ ഇഷ്ടമാണ് എനിയ്ക്ക് മൈനയെ. മൈന ഒരിയ്ക്കൽ എന്റെ ബ്ലോഗിൽ വന്നിട്ടുണ്ട്. ദിലീപിന്റെ കഥകളും ഇഷ്ടമാണ്.മഹേന്ദറിനെ അറിഞ്ഞു കൂടാ.....വിവരം കമ്മിയാണേ...

  ReplyDelete
 7. സുസ്മേഷ്,

  ചെറിയ കുറിപ്പ് ..തികച്ചും കാര്യമാത്രപ്രസക്തമായി ...ഇനി വരുന്ന അവധിയ്ക്ക് വാങ്ങാനുള്ള ലിസ്റ്റിലേക്ക് ചേര്‍ത്തു വെച്ചു...മൈനയുടെ ബുക്ക്‌ ഇറങ്ങിയത് അറിഞ്ഞപ്പോള്‍ സന്തോഷമായി..ബ്ലോഗില്‍ വായിച്ചു നല്ല പരിചയവും ഇഷ്ട്ടവുമാണ് മൈനയുടെ എഴുത്ത് രീതി ..ഈ അടുത്ത സമയത്ത് നാട്ടില്‍ വന്നപ്പോള്‍ വാങ്ങിയിരുന്നു മാതൃഭൂമി ..സുസ്മേഷ് ഉദേശിച്ചത്‌പോലെ തന്നെ വായിച്ചിട്ട് ആള്‍ക്കാര്‍ പ്രതികരിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു ...

  ReplyDelete
 8. സന്തോഷം, നന്ദി ഈ പരിചയപ്പെടുത്തലിന്.

  ReplyDelete
 9. ."അവരവരുടെ കൈയൊപ്പിട്ടുതന്ന മൂന്ന് പുസ്തകങ്ങള്‍" അപ്പോള്‍ ഫ്രീയായി കിട്ടിയതാ അല്ലെ ?..:)

  ReplyDelete
 10. മൈ ഡ്രീംസ്,
  ഫ്രീയായി കിട്ടിയ പുസ്തകങ്ങള്‍ മാത്രം നിലത്തുനിന്ന് ഒരാള്‍പ്പൊക്കത്തില്‍ രണ്ട് അട്ടിയുണ്ടായിരുന്നു ഞാന്‍ എറണാകുളത്തെ വീട് മാറുന്പോള്‍.നുണ പറയുന്നതല്ല.ഓരോ പരിപാടിക്ക് ചെല്ലുന്പോഴും കാണുന്നവര്‍ പുസ്തകങ്ങള്‍ തരാറുണ്ട്.ഞാന്‍ അത് വാങ്ങുകയും സമയം പോലെ വായിക്കുകയും അഭിപ്രായം അവരവരെ അറിയിക്കുകയും ചെയ്യാറുണ്ട്.അതിനുശേഷം അതില്‍ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങള്‍,പുസ്തകങ്ങള്‍ സംഭാവന ചോദിക്കുന്ന വായനശാലകള്‍ക്ക് എത്തിച്ചുകൊടുക്കും.കൂടുതല്‍ പേര്‍ വായിക്കട്ടെ എന്ന് കരുതിയാണ് ഇത്.
  ഇപ്പോള്‍ വില കൊടുത്ത് പുസ്തകം വാങ്ങിയാല്‍ അതില്‍ സ്വന്തം പേര് എഴുതാറില്ല.എനിക്ക് സൂക്ഷിക്കാന്‍ സ്വന്തം വീടില്ല.അതിനാല്‍ വായിച്ചശേഷം ആര്‍ക്കെങ്കിലും കൊടുക്കുകയാണ് പതിവ്.
  പിന്നെ,ഇത് മൂന്നാളും എന്‍റെ വളരെ അടുത്ത സ്നേഹിതരാണ്.എന്‍റെ പുസ്തകം വരുന്പോള്‍ ഞാന്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കാറുണ്ട്.അതൊക്കെ ഒരു സന്തോഷമല്ലേ..
  മൈ ഡ്രീംസ് ഒന്നു കുത്തിയതാണെങ്കിലും ഞാന്‍ തിരിച്ചു കുത്തിയതല്ല ഇത്.എന്നെ വന്നു കാണുന്നര്‍ക്ക് ഇക്കാര്യം മനസ്സിലാകും.
  വളരെ നന്ദി.ഇനിയും വരണം.അഭിപ്രായം പങ്കിടണം.

  ReplyDelete
 11. അന്പിളി,
  ഈ ബ്ലോഗെഴുത്തിന്‍റെ സാക്ഷാത്കാരമാണ് താങ്കളുടെ കമന്‍റ്.വായിക്കുന്നവര്‍ അലസരായി വായിച്ചു മറക്കുകയല്ല വേണ്ടത്.അതിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം.അടുത്ത അവധിക്കാലത്ത് വാങ്ങാന്‍ നിശ്ചയിച്ച പുസ്തകങ്ങളില്‍ ചിലത് ഞാന്‍ ഇങ്ങനെ സൂചിപ്പിച്ച ഏതാനും പുസ്തകങ്ങളാണെന്ന് വരുന്നത് എനിക്ക് വലിയ സന്തോഷമാണ്.
  ഒരുപാടൊരുപാട് നന്ദി.

  ReplyDelete
 12. എച്ച്മുക്കുട്ടീ,
  കഴിയുമെങ്കില്‍ മഹേന്ദറിനെ വായിക്കൂ.വരുന്ന 25 ന് കാല്ത്ത് 10 മണിക്ക് വടക്കാഞ്ചേരിയില്‍ വച്ച് അതിന്‍റെ പ്രകാശനമാണ്.
  മൈന എനിക്കും പ്രിയപ്പെട്ട എഴുത്തുകാരി തന്നെ.ചന്ദനഗ്രാമം എന്ന അവരുടെ നോവല്‍ വായിച്ചിട്ടുണ്ടോ.നല്ല കണ്‍സപ്റ്റ് ആയിരുന്നു അത്.പക്ഷേ മാധ്യമശ്രദ്ധ വലുതായി കിട്ടിയില്ല.മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്.
  പ്രതികരിച്ചതില്‍ വളരെ നന്ദി.

  ReplyDelete
 13. ശ്രീനാഥന്‍ മാഷ്,റോസാപ്പൂക്കള്‍,മിനി ടീച്ചര്‍,സ്മിത മീനാക്ഷി,മഹേന്ദര്‍,yousufpa..നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ReplyDelete
 14. നന്ദി ഈ പരിചയപെടുത്തലിലിനു, കുറച്ച് പുസ്തകം വാങ്ങിക്കാനുള്ള പ്ലാനിലാ..നോക്കട്ടെ ഇതെങ്ങനെ ഉണ്ടെന്ന്

  ReplyDelete
 15. hai
  v dileepinte ormakaL nannaayi,njanumvayichu...
  c ganesh

  ReplyDelete