Tuesday, July 24, 2012
Wednesday, July 18, 2012
Friday, July 13, 2012
സ്‌പൈ കാമില്‍ ഒരു ശലഭം
എന്റെ ഒഴിവുസമയങ്ങളില്‍ ഞാനേര്‍പ്പെടുന്ന വിനോദം അല്ലെങ്കില്‍ എഴുത്തുകാരനെന്ന നിലയിലുള്ള അനുഭവാന്വേഷണം മിക്കവാറും നടക്കുന്നത് അടുത്തകാലത്തായി ഇന്റര്‍നെറ്റിലൂടെയാണ്.ഇത് എനിക്കു മാത്രമായിരിക്കില്ലെന്നു തോന്നുന്നു.കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കുന്ന മിക്കവാറും മനുഷ്യരെല്ലാവരും ഇന്ന് സമയം തള്ളിനീക്കാനായും സൗഹൃദങ്ങള്‍ ബലപ്പെടുത്താനായും വിനോദവേളകള്‍ ആനന്ദപ്രദമാക്കുന്നതിനായും ആശ്രയിക്കുന്നതോ അടിമപ്പെട്ടിരിക്കുന്നതോ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയാണ്.
ഒരു ബ്ലോഗുണ്ടെങ്കിലും ഞാന്‍ അനുഭവം തേടി പോകുന്നത് നെറ്റിലെ രഹസ്യങ്ങളുടെ ലോകത്തേക്കാണ്.അവിടെ നിന്നാണ് ഞാനാ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കണ്ടെത്തിയത്.എനിക്കെന്നല്ല ഒരാള്‍ക്കും രക്ഷിക്കാനാവാത്ത വിധം അവര്‍ ചീഞ്ഞഴുകിപ്പോയിരുന്നു അപ്പോഴേക്കും.
മനുഷ്യരുടെ ജന്മവാസനകളിലേക്ക് കടന്നുകയറുന്നതിനായിട്ടാണ് ഞാന്‍ വിവരവിനിമയവല(ഇന്റര്‍നെറ്റ്)യുടെ സൗകര്യം ഉപയോഗിക്കുന്നത്.അങ്ങനെയാണ് ആ വലയില്‍ കുരുങ്ങുന്ന കീടങ്ങളെയും ഹിംസ്രമൃഗങ്ങളെയും ഞാന്‍ കണ്ടെത്തുന്നതും അവര്‍ക്ക് മനുഷ്യരുടെ ഛായ അത്ഭുതകരമായ വിധത്തില്‍ ചേര്‍ന്നിരിക്കുന്നതായി തിരിച്ചറിയുന്നതും.വാസ്‌തവത്തില്‍ അത് നമുക്കിടയിലെ മനുഷ്യര്‍ തന്നെയാണ്.സാഹചര്യമനുസരിച്ച് പ്രാണിയോ വേട്ടമൃഗമോ ആയി പരിവര്‍ത്തനപ്പെടുന്ന ഒരര്‍ത്ഥത്തില്‍ നിസ്സഹായരായ മനുഷ്യര്‍.
മനുഷ്യരുടെ നിഗൂഢതകളെയും സ്വകാര്യതകളെയും ഇന്നത്തെ കാലത്തിനുവേണ്ടി അനാവരണം ചെയ്യുന്ന സാങ്കേതികമുന്നേറ്റമാണല്ലോ കാമറകളുടെ പുതിയ രൂപഭാവങ്ങള്‍.അത് മൊബൈല്‍ ഫോണിലെ കാമറയാവാം,ഐ പോഡിലെ വീഡിയോ ആവാം,ലാപ്പ്‌ടോപ്പിലെ വെബ്‌കാമറയാവാം,ഡിജിറ്റല്‍ വിപ്ലവകാലത്തെ ഏതു ചാര ഛായാഗ്രഹണോപകരണവുമാവാം.
ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രാചീനകാലം മുതലേ മനുഷ്യരുടെ വികാസത്തിനൊപ്പമുണ്ട്.എന്നാല്‍ അതെല്ലാം രാജ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു.അല്ലെങ്കില്‍ പ്രഖ്യാപിത ശത്രുക്കളുടെ നീക്കത്തെ ഉന്നമിട്ടായിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍ സ്വയം പ്രതിരോധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു.കാലം മാറിയപ്പോഴത്തെ സ്ഥിതി അതാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?
ഇന്നത്തെ ഓരോ മനുഷ്യനും ഓരോ ചാരനാണ്.അമ്മയുടെ,പെങ്ങളുടെ,ഭാര്യയുടെ,അയല്‍വാസിയായ സ്‌ത്രീയുടെ,അധ്യാപികയുടെ അങ്ങനെ ഏതു സ്‌ത്രീയുടെയും പുരുഷന്റെയും പിന്നിലുള്ള ചാരക്കണ്ണുകളായി മനുഷ്യനേത്രങ്ങള്‍ മാറിയിട്ടില്ലേ..ഉണ്ടെന്നു തെളിവുകള്‍ തരികയും വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുകയും ചെയ്യുകയാണ് എഴുത്തുകാരനെന്ന നിലയില്‍ ഒരു മുറിയുടെ ചതുരപരിമിതികളിലിരുന്ന് ഞാന്‍ കണ്ടെത്തുന്ന ചാരപ്പടങ്ങള്‍.അതായത് ഇന്റര്‍നെറ്റില്‍ സമൃദ്ധമായ ഒളിക്കാമറാദൃശ്യങ്ങള്‍.അതിന് പ്രാദേശികമെന്നോ വൈദൈശികമെന്നോ വേര്‍തിരിവുകളില്ല.അവിടെ അമ്മപെങ്ങന്മാരുടെ പേരിലുള്ള കാലഹരണപ്പെട്ട മുറവിളികളുമില്ല.
സാധാരണ കലാകാരന്മാരെല്ലാം,പ്രത്യേകിച്ചും എഴുത്തുകാര്‍ ഒളിഞ്ഞുനോട്ടക്കാര്‍ തന്നെയാണ്.സാമ്പ്രദായികമായ അര്‍ത്ഥത്തിലല്ലെന്നുമാത്രം.അന്യരുടെ മനസ്സിലേക്ക് നോക്കി പലതും സങ്കല്‍പ്പിച്ചെടുക്കുകയാണ് അവര്‍ ചെയ്യുന്നത്.അല്ലെങ്കില്‍ അന്യരെ നിരീക്ഷിച്ച് പല നിഗമനങ്ങളിലും എത്തുന്നു.ചിരപരിചയം നിമിത്തവും കടന്നുകാണാനുള്ള നൈസര്‍ഗ്ഗികസിദ്ധി നിമിത്തവും ലോകത്തെങ്ങുമുള്ള എഴുത്തുകാരുടെ ഇത്തരം സാമൂഹിക നിരീക്ഷണങ്ങള്‍ മിക്കതും ശരിയാവുകയാണ് പതിവ്.എന്നാല്‍ ചാരക്കാമറകള്‍ വന്നതോടെ ഊഹങ്ങള്‍ അവസാനിക്കുന്നു.ഭാവനകള്‍ വഴിയാധാരമാകുന്നു.
മഞ്ഞുവീണ ഒരു കുന്നിന്‍ പ്രദേശം.അതിമനോഹരമായ ഏതോ വിനോദസഞ്ചാര കേന്ദ്രമാണതെന്ന് വ്യക്തമാണ്.അവിടെക്കാണുന്ന മിക്കവാറും മഞ്ഞുമൂടിയ ടാറിട്ട റോഡ്.അത്ര കനത്ത മഞ്ഞുണ്ടെന്ന് പറഞ്ഞുകൂടാ.ഒരു വശത്തായി ഒരു കെട്ടിടത്തിന്റെയോ മറ്റോ ഭിത്തിയും കാണാം.അവിടെ നില്‍ക്കുന്ന രണ്ടുപേര്‍.ഒരാണും പെണ്ണും.ഇരുപതില്‍ താഴയേ അവര്‍ക്ക് പ്രായം തോന്നുന്നുള്ളൂ.അതീവ മനോഹരിയും ധനികയുമായ വിദ്യാര്‍ത്ഥിനിയാണ് ആ പെണ്‍കുട്ടിയെന്ന് നമുക്ക് നിഷ്‌പ്രയാസം മനസ്സിലാക്കാം.ഒപ്പമുള്ളത് തീര്‍ച്ചയായും സഹപാഠിയായിരിക്കണം.അവളുടെ ജീവിതനിലവാരത്തില്‍ നിന്നുതന്നെ വരുന്നവനാണെന്ന് വ്യക്തം.അവര്‍ ഇരുവരുടെയും ചുംബനാലിംഗനാദികളുടെയും തിടുക്കത്തിലുള്ള ലൈംഗീകബന്ധത്തിന്റെയും രഹസ്യമായി നടത്തിയ വീഡിയോ ചിത്രീകരണമാണ് നെറ്റിലുള്ളതും ഞാന്‍ ലക്ഷങ്ങളിലൊരുവനായി അത് കണ്ടതും.
ചില ചോദ്യങ്ങള്‍-അത് ആരാണ് ചിത്രീകരിച്ചത്.?ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെയാണോ.?ആണെങ്കില്‍ത്തന്നെ അത് പ്രക്ഷേപണം ചെയ്‌തത് അവരുടെ സമ്മതപ്രകാരമാണോ.?ഇതൊന്നുമല്ലെങ്കില്‍ അത് ഒളിഞ്ഞുനോക്കി ചിത്രീകരിച്ചതും അവരുടെ സ്വകാര്യതയെ കൊന്നുകൊണ്ട് ലോകത്തിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്തതും അതിലൂടെ വഞ്ചന നടത്തിയതും ആരാണ്.?അതിനുള്ള അധികാരം ആരാണ് നല്‍കിയത്.?അത് ധാര്‍മ്മികതയാണോ.?
ഏതാണ്ട് പതിനഞ്ചുമിനിട്ടോളം വരുന്ന ആ വീഡിയോ ചിത്രീകരണം കണ്ട് ഞാന്‍ ഭയന്നുപോയി.ഏറെനേരം ആലോചിച്ചിരിക്കുകയും ചെയ്‌തു.ഒരേയൊരു കാര്യത്തിലാണ് ഞാന്‍ ആശങ്കപ്പെട്ടത്.അത് പ്രായപൂര്‍ത്തിയെത്തിയതെന്നു ഉറപ്പുള്ള രണ്ടുപേരുടെ പരസ്‌പരസമ്മതത്തോടെ നടന്ന ലൈംഗീകസമ്പര്‍ക്കത്തെക്കുറിച്ചല്ലേയല്ല.മറിച്ച് അവരുടെ സ്വകാര്യതയെ ഒളികണ്ണാല്‍ കവര്‍ന്നെടുത്ത അധമന്റെ മനോനിലയെക്കുറിച്ചും അയാള്‍ സമൂഹത്തിനു നല്‍കുന്ന അരക്ഷിതത്വത്തെക്കുറിച്ചുമാണ്.
അതാണെന്നെ ഭയപ്പെടുത്താന്‍ കാരണമെന്ന് പറയുന്നത്,അത് ചിത്രീകരിക്കുകയും ഒരു തുറന്ന ലോകത്തിനു മുന്നിലേക്ക് അത് പരസ്യമാക്കുകയും ചെയ്‌ത ആള്‍ തീര്‍ച്ചയായും സമൂഹത്തിനു ഉപകാരിയാണെന്ന് എനിക്ക് അഭിപ്രായമില്ല എന്നതുകൊണ്ടാണ്.ഉപകാരമാണ് അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താന്‍ രഹസ്യമായി ചിത്രീകരിച്ച വീഡിയോ ആ കുട്ടികളെ അല്ലെങ്കില്‍ കുട്ടികളുടെ മാതാപിതാക്കളെ അതിന്റെ ഒറിജിനല്‍ സഹിതം ഏല്‍പ്പിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല.ആ വ്യക്തി സമൂഹത്തിന്റെ സുരക്ഷിതബോധത്തെ തകര്‍ക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ചെയ്‌തിരിക്കുന്നത്.ആ വ്യക്തി സമൂഹത്തിന്റെ പോക്കില്‍ ഉല്‍ക്കണ്‌ഠാകുലനായ ഒരാളേയല്ല,മറിച്ച് അന്യരുടെ സ്വകാര്യതയില്‍ കടന്നുകയറുകയും അവരെ പരസ്യമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്ന ഒരുവനാണ്.ന്യായമായ ചികിത്സയും ശിക്ഷയും അര്‍ഹിക്കുന്ന മനോരോഗി കൂടിയാണ് അയാള്‍.ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എനിക്കും നിങ്ങള്‍ക്കും ഈ സമൂഹത്തില്‍ എവിടെയാണ് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന സുരക്ഷിതത്വവും സ്വകാര്യതയും സ്വാതന്ത്ര്യവും പാലിക്കപ്പെടുന്നത്.?പൊതുസ്ഥലത്ത് ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതോ ആലിംഗനചുംബനാദികളില്‍ പരസ്‌പരം അനുരക്തരാവുന്നതോ വ്യക്തികളുടെ സ്വകാര്യമായ കാര്യങ്ങള്‍ മാത്രമാണ്.അതില്‍ ഉത്‌കണ്‌ഠപ്പെടുന്നവര്‍ തീര്‍ച്ചയായും അവരെ തിരുത്താന്‍ മാന്യമായ വഴികള്‍ തേടുകയാണ് വേണ്ടത്.
ഇത് ലൈംഗികരംഗങ്ങള്‍ ഒളിഞ്ഞുനോക്കി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതില്‍മാത്രം ഒതുങ്ങുന്നില്ല.എന്തുമേതും കാഴ്‌ചക്കാരനുള്ള വിഭവങ്ങളായി മാറ്റിയെടുക്കുകയാണെന്നുസാരം.വിശദമാക്കാം,ഒരു പുരുഷനോ സ്‌ത്രീയോ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ കുളിക്കുന്നത്,വിസര്‍ജ്ജിക്കുന്നത്,തമ്മില്‍ സംസാരിക്കുന്നത് എല്ലാം പരസ്യമാവുകയാണ്.
മനുഷ്യരുടെ അത്തരത്തിലുള്ള ദൈനംദിനകൃത്യങ്ങളെല്ലാം രഹസ്യമായി ചിത്രീകരിച്ച് പരസ്യപ്പെടുത്താവുന്ന കാര്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?ഒരു സ്‌ത്രീ തന്റെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതില്‍ യാതൊരു അശ്ലീലതയുമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..?അതോ രതിസംബന്ധമായ രംഗങ്ങള്‍ കാണിക്കുന്നതുമാത്രമാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ അശ്ലീലം..?
ഞാന്‍ ന്യായമായും ഭയപ്പെടുന്നു.ഇത്തരത്തിലുള്ള നൂറുകണക്കിന്,ആയിരക്കണക്കിന് വീഡിയോകളും നിശ്ചലദൃശ്യങ്ങളും നെറ്റില്‍ സുലഭമാണ്.മനുഷ്യന്റെ കുമാര്‍ഗ്ഗങ്ങളെ തിരഞ്ഞുപോകാന്‍ താല്‍പര്യം കാണിക്കുന്നവര്‍ പല തരക്കാരാണെന്നത് ഞാന്‍ വിസ്‌മരിക്കുന്നില്ല.അതിനര്‍ത്ഥം ഇത്രയേയുള്ളു..പകര്‍ത്തുന്നവനും കാണുന്നവനും കൈമാറ്റം ചെയ്യുന്നവനും ചാരക്കണ്ണുകളുടെ ഉടമകളാവുന്നു.
നമ്മുടെയൊക്കെ സ്വകാര്യത കവര്‍ന്നെടുക്കപ്പെടുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ യാതൊരു കാരണവശാവും സംരക്ഷിക്കാന്‍ പാടുള്ളതല്ല.അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും മറ്റുള്ളവര്‍ക്ക് താക്കീതാവുന്ന തരത്തില്‍ ശിക്ഷിക്കുകയും വേണം.അതിന് സ്വാതന്ത്ര്യം നല്‌കുന്ന തരത്തിലുള്ള പ്രക്ഷേപണസൗകര്യങ്ങള്‍ക്ക് അറുതിവരുത്തുകയും വേണം.അല്ലെങ്കില്‍ സ്വന്തം കൈയിലെ കാമറയില്‍ നമ്മളും പതിപ്പിച്ചെടുക്കും ഒരു ചിത്രം.അമ്മ കുളിക്കുന്നതോ അനിയത്തി മറപ്പുരയില്‍ ഇരിക്കുന്നതോ ഭാര്യ വേഷം മാറുന്നതോ ഒക്കെ.എന്തുകൊണ്ടെന്നാല്‍ അറിയാതെ ഒരു ചാരനായിക്കൊണ്ടിരിക്കുകയാണല്ലോ നമ്മളും.അത് നമ്മളില്‍നിന്നു ചോര്‍ത്തി പ്രക്ഷേപണം ചെയ്യാന്‍ സൗകര്യമുള്ളവര്‍ നമ്മുടെ വീടിന്റെ മതിലിനരികിലും കാതോര്‍ത്തിരിപ്പുണ്ടെന്നത് മറക്കേണ്ട.
മനുഷ്യന്റെ സ്വകാര്യത സൂക്ഷിക്കാന്‍ ലോക്കറുകള്‍ തേടിപ്പോകേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന കണ്ടെത്തലാണ് ഇത്.ചാരക്കണ്ണുകള്‍ക്കുമുന്നില്‍ അകപ്പെട്ട ആ ശലഭങ്ങളുടെ വിധി ഇനി അകപ്പെടാനിരിക്കുന്ന ശലഭങ്ങളുടെ വിധിയും കൂടി നിര്‍ണ്ണയിച്ചുകഴിഞ്ഞിരിക്കുന്നു.(ദേശാഭിമാനി സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്)
Monday, July 9, 2012
ഡി പുതിയ പതിപ്പ് വരുന്നു..
പ്രിയപ്പെട്ട വായനക്കാരേ,
പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളില്‍ പേപ്പര്‍ ലോഡ്ജ് ആദ്യപതിപ്പ് വിറ്റു തീര്‍ന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.പേ.ലോ.ഇപ്പോള്‍ രണ്ടാം പതിപ്പ് അച്ചടിയിലാണ്.
മറ്റൊരാഹ്ലാദം കഴിഞ്ഞ ഏഴു വര്‍ഷമായി വിപണിയിലില്ലാതിരുന്ന എന്‍റെ ആദ്യനോവലായ ഡി മൂന്നാംപതിപ്പിറങ്ങുന്നു എന്നതാണ്.ജൂലൈ 28 ശനിയാഴ്ച വൈകിട്ട് തൃശൂര്‍ പാണ്ടി സമൂഹമഠം വേദിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഡി പ്രകാശനം ചെയ്യപ്പെടും.മാതഭൂമി ബുക്സാണ് പ്രസാധകര്‍ .മാതൃഭൂമിയുടെ പുസ്തകോത്സവത്തിനിടയിലായിരിക്കും പ്രകാശനം.പ്രിയനന്ദനന്‍ ,സി.വി.ബാലകൃഷ്ണന്‍ പങ്കെടുക്കും.
ഡി നോവലിന് അതിമനോഹരമായ കവര്‍ ചിത്രമാണ് എ.ജി ശ്രീലാല്‍ ചെയ്തിരിക്കുന്നത്.
വൈകാതെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നല്‍കാം.
സ്നേഹത്തോടെ,
സുസ്മേഷ്.
പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളില്‍ പേപ്പര്‍ ലോഡ്ജ് ആദ്യപതിപ്പ് വിറ്റു തീര്‍ന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.പേ.ലോ.ഇപ്പോള്‍ രണ്ടാം പതിപ്പ് അച്ചടിയിലാണ്.
മറ്റൊരാഹ്ലാദം കഴിഞ്ഞ ഏഴു വര്‍ഷമായി വിപണിയിലില്ലാതിരുന്ന എന്‍റെ ആദ്യനോവലായ ഡി മൂന്നാംപതിപ്പിറങ്ങുന്നു എന്നതാണ്.ജൂലൈ 28 ശനിയാഴ്ച വൈകിട്ട് തൃശൂര്‍ പാണ്ടി സമൂഹമഠം വേദിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഡി പ്രകാശനം ചെയ്യപ്പെടും.മാതഭൂമി ബുക്സാണ് പ്രസാധകര്‍ .മാതൃഭൂമിയുടെ പുസ്തകോത്സവത്തിനിടയിലായിരിക്കും പ്രകാശനം.പ്രിയനന്ദനന്‍ ,സി.വി.ബാലകൃഷ്ണന്‍ പങ്കെടുക്കും.
ഡി നോവലിന് അതിമനോഹരമായ കവര്‍ ചിത്രമാണ് എ.ജി ശ്രീലാല്‍ ചെയ്തിരിക്കുന്നത്.
വൈകാതെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നല്‍കാം.
സ്നേഹത്തോടെ,
സുസ്മേഷ്.
Tuesday, July 3, 2012
പോരാട്ടങ്ങളും ചിതലുകളും
ചില വിശേഷങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കണമല്ലോ.എന്നെയും ഫേസ്ബുക്കിലെടുത്തതാണ് അതിലാദ്യത്തേത്.(എടാ,നമ്മുടെ ആശാനെ സിനിമയിലെടുത്തു എന്ന പ്രസിദ്ധമായ ഡയലോഗ് ഓര്‍ക്കുക)ഇത് തീരെ നിവൃത്തിയില്ലാതെ സംഭവിച്ചതാണ്.അതായത് എന്‍റെ സ്വഭാവവും രീതിയും അനുസരിച്ച് ഒരുമാതിരി സൌഹൃദങ്ങളൊന്നും ക്ലച്ച് പിടിക്കില്ല.പാതിയാകുന്പോഴോ പഴയമട്ടില്‍ പറഞ്ഞാല്‍ കാര്യം കണ്ടുകഴിയുന്പോഴോ ഞാനെന്‍റെ വഴിക്കുപോകും.പിന്നെ നേരേ മുന്നില്‍ വന്നാലും ആരാ എന്നു ചോദിച്ചുപോകും.അപ്പോള്‍ ഫേസ്ബുക്കിലൊക്കെ വന്ന് ധാരാളം സുഹൃത്തുക്കളായിക്കഴിഞ്ഞാല്‍ ശത്രുക്കളുടെ എണ്ണം കൂടും എന്നത് ഉറപ്പായി.അതുകൊണ്ടാണ് ഇത്രകാലം വേണ്ട വേണ്ട എന്നുവച്ചത്.ഇപ്പോള്‍ പലരും ചോദിച്ചും എന്‍റെ വായനക്കാരില്‍ പലരും എനിക്കായി അക്കൌണ്ട് തുറന്നും എന്നെ ക്ഷണിക്കുന്നു.സ്നേഹിക്കുന്നവരെ ധിക്കരിക്കാന്‍ വയ്യ.അങ്ങനെ ഞാനും ഇവിടെ വന്നു.സാഹിത്യമെഴുത്തും പിന്നെ ബ്ലോഗും കഴിഞ്ഞേ ഫേസ്ബുക്കിലേക്ക് പോകാന്‍ പറ്റൂ..മാത്രവുമല്ല അവിടുത്തെ രീതികള്‍ എത്രത്തോളം എനിക്കു വഴങ്ങും എന്നുമറിയില്ല.എങ്കിലും തല്‍ക്കാലം ഞാനവിടെയുണ്ട്.
സ്നേഹത്തോടെ..
മഴക്കാലം പാലക്കാടിനെ അനുഗ്രഹിക്കാത്തതാണ് മറ്റൊന്ന്.കഴിഞ്ഞ ദിവസം കണ്ണൂരും കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും പോയിരുന്നു.എല്ലായിടത്തും തകര്‍പ്പന്‍ മഴ.പാലക്കാടെത്തുന്പോള്‍ മഴ പേരിനുമാത്രം.
സാരമില്ല.എങ്കിലും എന്തു പച്ചപ്പാണ്.!എവിടെ നോക്കിയാലും അഗാധമായ പച്ചമാത്രം.അതൊരു സന്തോഷമാണ്.
എറണാകുളത്തെ മഴ എന്നത് വെളുത്ത മഴയാണ്.കടലിനുമീതെ പെയ്യുന്ന വെളുത്ത മഴ.അത് വീടിനടുത്തുപെയ്യുന്പോഴും വെളുത്തുതന്നെയായിരിക്കും.അല്ലെങ്കില്‍ നരച്ച് നരച്ച്!
എറണാകുളത്ത് ഞങ്ങള്‍ താമസിക്കുന്പോള്‍ പെട്ടെന്ന് പെയ്യാറുള്ള മഴയെ ഓര്‍മ്മ വരുന്നു.അടുക്കളക്കടുത്തുള്ള വിശാലമായ ടെറസില്‍ നിറയെ വെള്ളം കയറും.താഴെ നിന്ന് പൊങ്ങിവന്നിട്ടുള്ള വാഴകള്‍ ഇലകളാട്ടുന്നുണ്ടാവും.
(നീ അതില്‍ നിന്നാണ് ഇലകള്‍ പൊട്ടിച്ചിരുന്നത്.)
മനുഷ്യരെ വാശികള്‍ നയിക്കുന്നത് എങ്ങോട്ടാണ്.?
ശുദ്ധമായ അസംബന്ധത്തിലേക്കും ഏകാന്തതയിലേക്കും അല്ലേ.?
എകാന്തതയും ഒറ്റപ്പെടലുമാണ് ഓര്‍മ്മകളെ തിളക്കമുള്ളതാക്കുന്നത്.
എന്‍റെ മുറിയില്‍ ഈ ജൂണിലും ചിതല്‍ കയറി.കഴിഞ്ഞ ജൂണി ലും വന്നുപോയിരുന്നു.ഈര്‍പ്പത്തില്‍ നിന്നുണ്ടാവുന്ന ചിതലാണ്.എന്തൊരു അത്ഭുതം.!
ഇത്തവണ,ചലച്ചിത്ര അക്കാദമി തന്ന മികച്ച ടെലിവിഷന്‍ തിരക്കഥാകൃത്തിനുള്ള പ്രശസ്തിപത്രം അവര്‍ തീര്‍ത്തുതന്നു.(കഴിഞ്ഞ തവണ ഓങ്ങിപ്പോയതാണ്.)സാരമില്ല.അതിന്‍റെ കൂടെ കിട്ടേണ്ടിയിരുന്ന ചകോരത്തിന്‍റെ വെങ്കലശില്പം ഇതേവരെ വാങ്ങാത്ത ആളാണ് ഞാന്‍ .വാങ്ങാത്തതല്ല മുഖ്യ മന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ തിരക്കില്‍ അവരെനിക്ക് തന്ന ശില്പത്തിലെ പേരെഴുത്ത് എന്‍റെയായിരുന്നില്ല.എങ്ങനേലും ചടങ്ങ് നടത്താനാണല്ലോ അവര്‍ക്ക് താല്പര്യം.എന്‍റെ പേര് അല്ലാത്തതിനാല്‍ ഞാനത് തിരിച്ചേല്‍പ്പിരുന്നു.ഇപ്പോ ശരിയാക്കിത്തരാം എന്ന് കുതിരവട്ടം പപ്പു സ്റ്റൈലില്‍ അവര്‍ പറയുകയും ചെയ്തു.രണ്ടുവട്ടം പിന്നീട് ചോദിച്ചു.പിന്നെ ഞാനത് വിട്ടു.ജീവിതത്തില്‍ എന്തെല്ലാം നഷ്ടപ്പെടുകയും നഷ്ടപ്പെടുത്തുകയും ചെയ്ചിരിക്കുന്നു.ഇപ്പോ ആ ചിത്രത്തിന്‍റെ തിരക്കഥ ഒരു പ്രസാധകന്‍ ചോദിച്ചപ്പോഴാണ് അതെന്‍റെ കൈയിലില്ലെന്ന് ഞാനറിയുന്നത്.എറണാകുളത്തുനിന്നുള്ള കുപ്രസിദ്ധമായ വീടുമാറ്റത്തില്‍ അതെടുത്ത് ഞാന്‍ ആക്രികച്ചവടക്കാരന് കൊടുത്തിരുന്നു.ചിതലുണ്ടോ ഇതുവല്ലതും അറിയുന്നു.!അവരുടെ കളി എന്നോടാണ്.!!
എന്തായാലും ചന്തൂനെ തോല്‍പ്പിക്കാന്‍ ചിതലിനാവില്ല മക്കളേ എന്നു പറഞ്ഞു തല്‍ക്കാലം.
Subscribe to:
Posts (Atom)