എന്റെ ഒഴിവുസമയങ്ങളില്‍ ഞാനേര്‍പ്പെടുന്ന വിനോദം അല്ലെങ്കില്‍ എഴുത്തുകാരനെന്ന നിലയിലുള്ള അനുഭവാന്വേഷണം മിക്കവാറും നടക്കുന്നത് അടുത്തകാലത്തായി ഇന്റര്‍നെറ്റിലൂടെയാണ്.ഇത് എനിക്കു മാത്രമായിരിക്കില്ലെന്നു തോന്നുന്നു.കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കുന്ന മിക്കവാറും മനുഷ്യരെല്ലാവരും ഇന്ന് സമയം തള്ളിനീക്കാനായും സൗഹൃദങ്ങള്‍ ബലപ്പെടുത്താനായും വിനോദവേളകള്‍ ആനന്ദപ്രദമാക്കുന്നതിനായും ആശ്രയിക്കുന്നതോ അടിമപ്പെട്ടിരിക്കുന്നതോ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയാണ്.
ഒരു ബ്ലോഗുണ്ടെങ്കിലും ഞാന്‍ അനുഭവം തേടി പോകുന്നത് നെറ്റിലെ രഹസ്യങ്ങളുടെ ലോകത്തേക്കാണ്.അവിടെ നിന്നാണ് ഞാനാ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കണ്ടെത്തിയത്.എനിക്കെന്നല്ല ഒരാള്‍ക്കും രക്ഷിക്കാനാവാത്ത വിധം അവര്‍ ചീഞ്ഞഴുകിപ്പോയിരുന്നു അപ്പോഴേക്കും.
മനുഷ്യരുടെ ജന്മവാസനകളിലേക്ക് കടന്നുകയറുന്നതിനായിട്ടാണ് ഞാന്‍ വിവരവിനിമയവല(ഇന്റര്‍നെറ്റ്)യുടെ സൗകര്യം ഉപയോഗിക്കുന്നത്.അങ്ങനെയാണ് ആ വലയില്‍ കുരുങ്ങുന്ന കീടങ്ങളെയും ഹിംസ്രമൃഗങ്ങളെയും ഞാന്‍ കണ്ടെത്തുന്നതും അവര്‍ക്ക് മനുഷ്യരുടെ ഛായ അത്ഭുതകരമായ വിധത്തില്‍ ചേര്‍ന്നിരിക്കുന്നതായി തിരിച്ചറിയുന്നതും.വാസ്തവത്തില്‍ അത് നമുക്കിടയിലെ മനുഷ്യര്‍ തന്നെയാണ്.സാഹചര്യമനുസരിച്ച് പ്രാണിയോ വേട്ടമൃഗമോ ആയി പരിവര്‍ത്തനപ്പെടുന്ന ഒരര്‍ത്ഥത്തില്‍ നിസ്സഹായരായ മനുഷ്യര്‍.
മനുഷ്യരുടെ നിഗൂഢതകളെയും സ്വകാര്യതകളെയും ഇന്നത്തെ കാലത്തിനുവേണ്ടി അനാവരണം ചെയ്യുന്ന സാങ്കേതികമുന്നേറ്റമാണല്ലോ കാമറകളുടെ പുതിയ രൂപഭാവങ്ങള്‍.അത് മൊബൈല്‍ ഫോണിലെ കാമറയാവാം,ഐ പോഡിലെ വീഡിയോ ആവാം,ലാപ്പ്ടോപ്പിലെ വെബ്കാമറയാവാം,ഡിജിറ്റല്‍ വിപ്ലവകാലത്തെ ഏതു ചാര ഛായാഗ്രഹണോപകരണവുമാവാം.
ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രാചീനകാലം മുതലേ മനുഷ്യരുടെ വികാസത്തിനൊപ്പമുണ്ട്.എന്നാല്‍ അതെല്ലാം രാജ്യങ്ങള്ക്കുവേണ്ടിയായിരുന്നു.അല്ലെങ്കില്‍ പ്രഖ്യാപിത ശത്രുക്കളുടെ നീക്കത്തെ ഉന്നമിട്ടായിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍ സ്വയം പ്രതിരോധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു.കാലം മാറിയപ്പോഴത്തെ സ്ഥിതി അതാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?
ഇന്നത്തെ ഓരോ മനുഷ്യനും ഓരോ ചാരനാണ്.അമ്മയുടെ,പെങ്ങളുടെ,ഭാര്യയുടെ,അയല്‍വാസിയായ സ്ത്രീയുടെ,അധ്യാപികയുടെ അങ്ങനെ ഏതു സ്ത്രീയുടെയും പുരുഷന്റെയും പിന്നിലുള്ള ചാരക്കണ്ണുകളായി മനുഷ്യനേത്രങ്ങള്‍ മാറിയിട്ടില്ലേ..ഉണ്ടെന്നു തെളിവുകള്‍ തരികയും വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുകയും ചെയ്യുകയാണ് എഴുത്തുകാരനെന്ന നിലയില്‍ ഒരു മുറിയുടെ ചതുരപരിമിതികളിലിരുന്ന് ഞാന്‍ കണ്ടെത്തുന്ന ചാരപ്പടങ്ങള്‍.അതായത് ഇന്റര്‍നെറ്റില്‍ സമൃദ്ധമായ ഒളിക്കാമറാദൃശ്യങ്ങള്.അതിന് പ്രാദേശികമെന്നോ വൈദൈശികമെന്നോ വേര്‍തിരിവുകളില്ല.അവിടെ അമ്മപെങ്ങന്മാരുടെ പേരിലുള്ള കാലഹരണപ്പെട്ട മുറവിളികളുമില്ല.
സാധാരണ കലാകാരന്മാരെല്ലാം,പ്രത്യേകിച്ചും എഴുത്തുകാര്‍ ഒളിഞ്ഞുനോട്ടക്കാര് തന്നെയാണ്.സാമ്പ്രദായികമായ അര്ത്ഥത്തിലല്ലെന്നുമാത്രം.അന്യരുടെ മനസ്സിലേക്ക് നോക്കി പലതും സങ്കല്‍പ്പിച്ചെടുക്കുകയാണ് അവര്‍ ചെയ്യുന്നത്.അല്ലെങ്കില്‍ അന്യരെ നിരീക്ഷിച്ച് പല നിഗമനങ്ങളിലും എത്തുന്നു.ചിരപരിചയം നിമിത്തവും കടന്നുകാണാനുള്ള നൈസര്‍ഗ്ഗികസിദ്ധി നിമിത്തവും ലോകത്തെങ്ങുമുള്ള എഴുത്തുകാരുടെ ഇത്തരം സാമൂഹിക നിരീക്ഷണങ്ങള്‍ മിക്കതും ശരിയാവുകയാണ് പതിവ്.എന്നാല്‍ ചാരക്കാമറകള്‍ വന്നതോടെ ഊഹങ്ങള്‍ അവസാനിക്കുന്നു.ഭാവനകള്‍ വഴിയാധാരമാകുന്നു.
മഞ്ഞുവീണ ഒരു കുന്നിന് പ്രദേശം.അതിമനോഹരമായ ഏതോ വിനോദസഞ്ചാര കേന്ദ്രമാണതെന്ന് വ്യക്തമാണ്.അവിടെക്കാണുന്ന മിക്കവാറും മഞ്ഞുമൂടിയ ടാറിട്ട റോഡ്.അത്ര കനത്ത മഞ്ഞുണ്ടെന്ന് പറഞ്ഞുകൂടാ.ഒരു വശത്തായി ഒരു കെട്ടിടത്തിന്റെയോ മറ്റോ ഭിത്തിയും കാണാം.അവിടെ നില്ക്കുന്ന രണ്ടുപേര്‍.ഒരാണും പെണ്ണും.ഇരുപതില്‍ താഴയേ അവര്‍ക്ക് പ്രായം തോന്നുന്നുള്ളൂ.അതീവ മനോഹരിയും ധനികയുമായ വിദ്യാര്‍ത്ഥിനിയാണ് ആ പെണ്‍കുട്ടിയെന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാം.ഒപ്പമുള്ളത് തീര്‍ച്ചയായും സഹപാഠിയായിരിക്കണം.അവളുടെ ജീവിതനിലവാരത്തില്‍ നിന്നുതന്നെ വരുന്നവനാണെന്ന് വ്യക്തം.അവര്‍ ഇരുവരുടെയും ചുംബനാലിംഗനാദികളുടെയും തിടുക്കത്തിലുള്ള ലൈംഗീകബന്ധത്തിന്റെയും രഹസ്യമായി നടത്തിയ വീഡിയോ ചിത്രീകരണമാണ് നെറ്റിലുള്ളതും ഞാന്‍ ലക്ഷങ്ങളിലൊരുവനായി അത് കണ്ടതും.
ചില ചോദ്യങ്ങള്‍-അത് ആരാണ് ചിത്രീകരിച്ചത്.?ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെയാണോ.?ആണെങ്കില്‍ത്തന്നെ അത് പ്രക്ഷേപണം ചെയ്തത് അവരുടെ സമ്മതപ്രകാരമാണോ.?ഇതൊന്നുമല്ലെങ്കില്‍ അത് ഒളിഞ്ഞുനോക്കി ചിത്രീകരിച്ചതും അവരുടെ സ്വകാര്യതയെ കൊന്നുകൊണ്ട് ലോകത്തിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്തതും അതിലൂടെ വഞ്ചന നടത്തിയതും ആരാണ്.?അതിനുള്ള അധികാരം ആരാണ് നല്‍കിയത്.?അത് ധാര്‍മ്മികതയാണോ.?
ഏതാണ്ട് പതിനഞ്ചുമിനിട്ടോളം വരുന്ന ആ വീഡിയോ ചിത്രീകരണം കണ്ട് ഞാന്‍ ഭയന്നുപോയി.ഏറെനേരം ആലോചിച്ചിരിക്കുകയും ചെയ്തു.ഒരേയൊരു കാര്യത്തിലാണ് ഞാന്‍ ആശങ്കപ്പെട്ടത്.അത് പ്രായപൂര്ത്തിയെത്തിയതെന്നു ഉറപ്പുള്ള രണ്ടുപേരുടെ പരസ്പരസമ്മതത്തോടെ നടന്ന ലൈംഗീകസമ്പര്ക്കത്തെക്കുറിച്ചല്ലേയല്ല.മറിച്ച് അവരുടെ സ്വകാര്യതയെ ഒളികണ്ണാല്‍ കവര്‍ന്നെടുത്ത അധമന്റെ മനോനിലയെക്കുറിച്ചും അയാള്‍ സമൂഹത്തിനു നല്കുന്ന അരക്ഷിതത്വത്തെക്കുറിച്ചുമാണ്.
അതാണെന്നെ ഭയപ്പെടുത്താന്‍ കാരണമെന്ന് പറയുന്നത്,അത് ചിത്രീകരിക്കുകയും ഒരു തുറന്ന ലോകത്തിനു മുന്നിലേക്ക് അത് പരസ്യമാക്കുകയും ചെയ്ത ആള് തീര്‍ച്ചയായും സമൂഹത്തിനു ഉപകാരിയാണെന്ന് എനിക്ക് അഭിപ്രായമില്ല എന്നതുകൊണ്ടാണ്.ഉപകാരമാണ് അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താന്‍ രഹസ്യമായി ചിത്രീകരിച്ച വീഡിയോ ആ കുട്ടികളെ അല്ലെങ്കില്‍ കുട്ടികളുടെ മാതാപിതാക്കളെ അതിന്റെ ഒറിജിനല്‍ സഹിതം ഏല്‍പ്പിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല.ആ വ്യക്തി സമൂഹത്തിന്റെ സുരക്ഷിതബോധത്തെ തകര്‍ക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ചെയ്തിരിക്കുന്നത്.ആ വ്യക്തി സമൂഹത്തിന്റെ പോക്കില്‍ ഉല്‍ക്കണ്ഠാകുലനായ ഒരാളേയല്ല,മറിച്ച് അന്യരുടെ സ്വകാര്യതയില്‍ കടന്നുകയറുകയും അവരെ പരസ്യമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്ന ഒരുവനാണ്.ന്യായമായ ചികിത്സയും ശിക്ഷയും അര്‍ഹിക്കുന്ന മനോരോഗി കൂടിയാണ് അയാള്‍.ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എനിക്കും നിങ്ങള്‍ക്കും ഈ സമൂഹത്തില്‍ എവിടെയാണ് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന സുരക്ഷിതത്വവും സ്വകാര്യതയും സ്വാതന്ത്ര്യവും പാലിക്കപ്പെടുന്നത്.?പൊതുസ്ഥലത്ത് ലൈംഗീകബന്ധത്തിലേര്പ്പെടുന്നതോ ആലിംഗനചുംബനാദികളില് പരസ്പരം അനുരക്തരാവുന്നതോ വ്യക്തികളുടെ സ്വകാര്യമായ കാര്യങ്ങള്‍ മാത്രമാണ്.അതില്‍ ഉത്കണ്ഠപ്പെടുന്നവര്‍ തീര്‍ച്ചയായും അവരെ തിരുത്താന്‍ മാന്യമായ വഴികള്‍ തേടുകയാണ് വേണ്ടത്.
ഇത് ലൈംഗികരംഗങ്ങള്‍ ഒളിഞ്ഞുനോക്കി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതില്മാത്രം ഒതുങ്ങുന്നില്ല.എന്തുമേതും കാഴ്ചക്കാരനുള്ള വിഭവങ്ങളായി മാറ്റിയെടുക്കുകയാണെന്നുസാരം.വിശദമാക്കാം,ഒരു പുരുഷനോ സ്ത്രീയോ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ കുളിക്കുന്നത്,വിസര്‍ജ്ജിക്കുന്നത്,തമ്മില്‍ സംസാരിക്കുന്നത് എല്ലാം പരസ്യമാവുകയാണ്.
മനുഷ്യരുടെ അത്തരത്തിലുള്ള ദൈനംദിനകൃത്യങ്ങളെല്ലാം രഹസ്യമായി ചിത്രീകരിച്ച് പരസ്യപ്പെടുത്താവുന്ന കാര്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?ഒരു സ്ത്രീ തന്റെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതില്‍ യാതൊരു അശ്ലീലതയുമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..?അതോ രതിസംബന്ധമായ രംഗങ്ങള്‍ കാണിക്കുന്നതുമാത്രമാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ അശ്ലീലം..?
ഞാന്‍ ന്യായമായും ഭയപ്പെടുന്നു.ഇത്തരത്തിലുള്ള നൂറുകണക്കിന്,ആയിരക്കണക്കിന് വീഡിയോകളും നിശ്ചലദൃശ്യങ്ങളും നെറ്റില്‍ സുലഭമാണ്.മനുഷ്യന്റെ കുമാര്ഗ്ഗങ്ങളെ തിരഞ്ഞുപോകാന്‍ താല്പര്യം കാണിക്കുന്നവര്‍ പല തരക്കാരാണെന്നത് ഞാന്‍ വിസ്മരിക്കുന്നില്ല.അതിനര്‍ത്ഥം ഇത്രയേയുള്ളു..പകര്‍ത്തുന്നവനും കാണുന്നവനും കൈമാറ്റം ചെയ്യുന്നവനും ചാരക്കണ്ണുകളുടെ ഉടമകളാവുന്നു.
നമ്മുടെയൊക്കെ സ്വകാര്യത കവര്‍ന്നെടുക്കപ്പെടുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ യാതൊരു കാരണവശാവും സംരക്ഷിക്കാന്‍ പാടുള്ളതല്ല.അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും മറ്റുള്ളവര്‍ക്ക് താക്കീതാവുന്ന തരത്തില്‍ ശിക്ഷിക്കുകയും വേണം.അതിന് സ്വാതന്ത്ര്യം നല്കുന്ന തരത്തിലുള്ള പ്രക്ഷേപണസൗകര്യങ്ങള്ക്ക് അറുതിവരുത്തുകയും വേണം.അല്ലെങ്കില്‍ സ്വന്തം കൈയിലെ കാമറയില്‍ നമ്മളും പതിപ്പിച്ചെടുക്കും ഒരു ചിത്രം.അമ്മ കുളിക്കുന്നതോ അനിയത്തി മറപ്പുരയില്‍ ഇരിക്കുന്നതോ ഭാര്യ വേഷം മാറുന്നതോ ഒക്കെ.എന്തുകൊണ്ടെന്നാല്‍ അറിയാതെ ഒരു ചാരനായിക്കൊണ്ടിരിക്കുകയാണല്ലോ നമ്മളും.അത് നമ്മളില്‍നിന്നു ചോര്‍ത്തി പ്രക്ഷേപണം ചെയ്യാന്‍ സൗകര്യമുള്ളവര്‍ നമ്മുടെ വീടിന്റെ മതിലിനരികിലും കാതോര്ത്തിരിപ്പുണ്ടെന്നത് മറക്കേണ്ട.
മനുഷ്യന്റെ സ്വകാര്യത സൂക്ഷിക്കാന്‍ ലോക്കറുകള്‍ തേടിപ്പോകേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന കണ്ടെത്തലാണ് ഇത്.ചാരക്കണ്ണുകള്ക്കുമുന്നില് അകപ്പെട്ട ആ ശലഭങ്ങളുടെ വിധി ഇനി അകപ്പെടാനിരിക്കുന്ന ശലഭങ്ങളുടെ വിധിയും കൂടി നിര്ണ്ണയിച്ചുകഴിഞ്ഞിരിക്കുന്നു.(ദേശാഭിമാനി സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്)
മനുഷ്യന്റെ സ്വകാര്യത സൂക്ഷിക്കാന്‍ ലോക്കറുകള്‍ തേടിപ്പോകേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന കണ്ടെത്തലാണ് ഇത്.
ReplyDeletePrevention is better than cure.....
ReplyDeleteതീര്‍ത്തും ന്യായം... ഇത്തരം ഞരമ്പുരോഗികളെ കണ്ടെത്തി ശിക്ഷിക്കാനൊക്കെ ആര്‍ക്കു സമയം... സൈബര്‍ സെല്‍ മുഖേനെ കണ്ടെത്തി ശിക്ഷിക്കാവുന്നവരെ കണ്ടെത്തണം.. തക്ക ശിക്ഷ കൊടുക്കുന്ന പക്ഷം 1% ആളുകളെങ്കിലും ഇത്തരം പ്രവണതകളില്‍ നിന്ന് പിന് വാങ്ങിയേക്കും...
ReplyDeleteസുസ്മേഷ് പറഞ്ഞ പോലൊരു ലോക്കെര്‍ കണ്ടെത്തിയാല്‍ തന്നെ അതിനുള്ളില്‍ ഒന്ന് കൂടി പരിശോധിക്കണം ക്യാമറ ഘടിപ്പിച്ചിട്ടുണ്ടോ എന്ന്....
ജയിക്കുന്ന ശാസ്ത്രവും തോൽക്കുന്ന മനുഷ്യനും
ReplyDeleteമറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി,ആ നിമിഷങ്ങളെ കവര്‍ന്നെടുത്തു പരസ്യമാക്കുന്നതിലൂടെ സദാചാരത്തിന്റെ ഈ കാവല്ഭടന്മാര് അര്‍ത്ഥമാക്കുന്നതെന്താണ്? ലോകത്തിന്റെ ധാര്‍മികത സ്വന്തം കൈക്കുമ്പിളില്‍ ആണെന്നതോ അതോ തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുതെന്ന കുശുമ്പോ?
ReplyDeleteഒന്നും മറവായിരിക്കുന്നില്ല....
ReplyDeleteആധുനിക സാങ്കേതികവിദ്യ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ പി എച് ഡി എടുത്തവരാണ് മലയാളികള്‍.
Deleteഅടുത്തകാലത്ത് കേട്ട പല ആത്മഹത്യകളിലും ഇത്തരം വീഡിയോ ചിത്രീകരണങ്ങള്‍ തന്നെയാണ് കാരണമായി കേട്ടത്.
നമ്മുടെ ചുറ്റുവട്ടത്ത് എവിടെയോ ഒരു മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്തിരിപ്പുണ്ട് എന്നോര്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിച്ചു പോകുന്നു..
തികച്ചും കാലാനുസൃതമായ ചിന്ത...
ReplyDeleteഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമുണ്ട്...
യു ട്യൂബിലും മറ്റും കാണപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങളിലെ അഭിനേതാക്കള്‍ (അങ്ങനെ വിളിക്കാം, ഒരു മനസ്സമാധാനതിന്), പ്രത്യേകിച്ചും നായികമാര്‍, അറിയുന്നുണ്ടായിരിക്കുമോ അവര്‍ ഒരിക്കല്‍ സ്വയം വെളിപ്പെട്ട ഒരു ജോഡി കണ്ണുകള്‍ക്ക് പകരം ഇന്ന് ലക്ഷക്കണക്കിന് ജോഡി കണ്ണുകള്‍ക്ക് മുന്‍പിലാണ് തങ്ങളെന്ന്?
അല്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന ലക്ഷക്കണക്കിന് ജോഡി കണ്ണുകള്‍ ചിന്തിക്കുന്നുണ്ടാകുമോ ആ നായിക ഈ ദൃശ്യം വെളിപ്പെട്ടതിന്റെ ഫലമായി മാത്രം ഇന്ന് ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷയായിരിക്കാം എന്ന്?
നെറ്റില്‍ മാത്രമല്ല ഇന്ന് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളത്. പാര്‍ട്ടി ഓഫീസുകള്‍ പോലും ചാരക്കണ്ണുകള്‍ക്ക് അടിപ്പെട്ട് കഴിഞ്ഞിരിക്കുന്നു. വിപ്ലവം തോക്കിന്‍കുഴലിലൂടെ എന്ന് അടിവരയിട്ടിരുന്നവര് അടിവസ്ത്രത്തിന്റെ ഇലാസ്റ്റിസിറ്റി തേടുന്ന അവസ്ഥയിലേക്ക് നാട് കൂപ്പുകുത്തിതുടങ്ങി. ഇവിടെ ഈ പ്രവണതക്ക് ലിംഗഭേദമില്ല എന്നതാണ് ഏറെ കൌതുകകരം. പ്രായഭേദവും ലിംഗഭേദവുമില്ലാതെ നെറ്റിലും പുറത്തും സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇത്തരം രംഗങ്ങള്‍ക്കായി തിക്കി തിരക്കുന്നു. പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ നാളെ ഇത്തരം രംഗങ്ങള്‍ക്കായി സ്വന്തം കിടപ്പുമുറികളിലേക്ക് വരെ ചാരക്കണ്ണോടെ നമുക്ക് ഒളിച്ചുനോക്കേണ്ടി വരും. അല്ലാതെ സുതാര്യമായി കാണുന്നതില്‍ ഇന്ന് നമുക്ക് താല്പര്യം നഷ്ടപ്പെട്ടിരിക്കുന്നു.
ReplyDeleteഒത്തിരി ഇഷ്ട്ടമായി.........ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........
Deleteഒളിഞ്ഞു നോട്ടങ്ങൾ എക്കാലത്തുമുണ്ടായിട്ടുണ്ടാകാമെങ്കിലും അതുവച്ചുള്ള മുതലെടുപ്പുകൾക്ക് ഇന്ന് നല്ല ‘സാധ്യത’യാണ്. ഏതു പീഢനക്കേസിലേയും പെൺകുട്ടി ഇന്നത്തെ സമൂഹത്തിൽ സ്വീകരിക്കപ്പെടുന്നത് പരിഹാസ്യരൂപത്തിൽ മാത്രമാണ്. അതുകൊണ്ടുമാത്രം പുറത്തുപറയാൻ മടിക്കുന്ന പെൺകുട്ടികൾ പിന്നീട് രക്ഷപ്പെടാനാകാത്ത വിധം കുരുക്കിൽപ്പെടുകയാണ് പലപ്പോഴും. പ്രാഥമികാവശ്യങ്ങൾക്ക് പോലും സുരക്ഷിതമായൊരു സ്ഥലം കാണാനാവാതെ യാത്ര ചെയ്യുന്നവരാണ് പരിഷ്കൃതലോകവാസികൾ എന്ന് പറയുന്ന നമ്മൾ.
ReplyDeleteമൊബൈല്‍ മനോരോഗികളുടെ ഒരു സ്വന്തം നാടായിരിക്കുന്നു നമ്മുടെ കൊച്ചു കേരളം. കുറച്ചു മുന്‍പ് ഒരു ചാനലിലെ വാര്‍ത്ത ഇങ്ങിനെ: കേരളത്തിലെ ഒരു പട്ടണത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ജീപ്പ്. രണ്ടു ദിവസം അതവിടെ കിടന്നത് കണ്ടു നാട്ടുകാര്‍ സംശയം തോന്നി പോലീസിലറിയിച്ചു. പോലീസ് വന്നു ജീപ്പിന്റെ ഡോര്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഒരു യുവാവിന്റെയും യുവതിയുടെയും ജഡങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍! (ഈ ലോകത്ത് കഴിയാത്ത പ്രണയ സാക്ഷല്കാരത്തിന്റെ പരലോക വേര്‍ഷന്‍ തേടി അവര്‍ യാത്ര തുടങ്ങി കഴിഞ്ഞു). രണ്ടു ജഡങ്ങള്‍ വേര്‍പ്പെടുത്താന്‍ പോലീസ് പാടുപെടുന്നു..ഇന്‍ക്വസ്റ്റ് തയ്യാറാക്കുവാന്‍ വേണ്ടപ്പെട്ടവര്‍ എത്തുന്നു..ജനം തടിച്ചു കൂടുന്നു..നിയമപരമായ നടപടിക്രമങ്ങളെ തടഞ്ഞുകൊണ്ട് ജനം. അവരില്‍ ഭൂരിബാഗതിന്റെയും കൈയില്‍ സാങ്കേതിക വിദ്യയുടെ "വജ്രായുധമായ" മൊബൈല്‍ ഫോണ്‍. മത്സരിച്ചു പടം പിടുത്തം തുടരുന്ന ഇവരുടെ ഇടയില്‍ കൃത്യനിര്‍വ്വഹണത്തിന് നന്നേ ബുദ്ധിമുട്ടി നിയമപാലകര്‍. അവസാനം ചെറിയ തോതില്‍ ലാത്തിചാര്‍ജ്ജ് നടത്തിയിട്ടാണ് അവര്‍ക്ക് രണ്ടു ബോഡികളും അവിടെ നിന്ന് നീക്കിയത്.
ReplyDeleteമറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ മനുഷ്യന് എന്നും നല്ല വിരുതാണ്. സാകേതിക വിദ്യയുടെ വളര്‍ച്ച അതിനു ആക്കം കൂട്ടിയെന്നു മാത്രം.
ReplyDeleteഉപകാരമാണ് അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താന്‍ രഹസ്യമായി ചിത്രീകരിച്ച വീഡിയോ ആ കുട്ടികളെ അല്ലെങ്കില്‍ കുട്ടികളുടെ മാതാപിതാക്കളെ അതിന്റെ ഒറിജിനല്‍ സഹിതം ഏല്‍പ്പിക്കുകയാണ് വേണ്ടത്.
ReplyDeleteഎന്നാല്‍ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല.ആ വ്യക്തി സമൂഹത്തിന്റെ സുരക്ഷിതബോധത്തെ തകര്‍ക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ചെയ്തിരിക്കുന്നത്.
ശരിയായി പറഞ്ഞു...
പരദൂഷണം പറയലും ഒക്കെയായി മനുഷ്യന്റെ മനസ്സു പണ്ടേ ഇങ്ങനെയല്ലേ ? അതിനിടയിലേക്ക് മൊബൈൽക്യാമറകളുടെ സ്വാതന്ത്യവും വികലമായലൈംഗികവിചാരങ്ങളും കൂടെയായപ്പോൾ സമൂഹത്തിന്റെ സ്വകാര്യത നശിച്ചു. മൊബൈൽക്യാമറകൾ നിരോധിക്കേണ്ടിയിരിക്കുന്നു
ഇത് അറിഞ്ഞാലും ആ കുട്ടികളുടെ മാതാപിതാക്കള്‍ കേസിന് പോകുമോ..?ഒന്നും ഉണ്ടാകുവാന്‍ പോകുന്നില്ല. പ്രാണക്ഷാര്ത്ഥം എന്ന വാക്കിനേക്കാള്‍ മാനരക്ഷാര്‍ത്ഥം എന്നാ വാക്കിന്നാണ് ഇപ്പോള്‍ ലോകത്തില്‍ കൂടുതല്‍ പ്രാധാന്യം.
ReplyDelete'pornography' എന്നത് കോടികൾ കൊയ്യുന്ന ഒരു ബിസിനസ്സാണിന്ന്. രാഷ്ട്രാന്തരീയ തലത്തിൽത്തന്നെ ഇതിനായി പ്രവർത്തിക്കുന്ന മാഫിയാ സംഘങ്ങൾ നിലനിൽക്കുന്നു. ഒരു വ്യക്തിയുടെ മനോവൈകല്യമെന്നതിലുപരി, രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടത്വരയെ വിറ്റു കാശാക്കുന്നതിന്റെ ഉദാഹരണമായി ഇതിനെ കാണാമെന്നു തോന്നുന്നു.
ReplyDelete>>പകര്‍ത്തുന്നവനും കാണുന്നവനും കൈമാറ്റം ചെയ്യുന്നവനും ചാരക്കണ്ണുകളുടെ ഉടമകളാവുന്നു<<
ReplyDeleteനല്ല ചിന്ത ..!
ഇന്റെര്‍ നെറ്റ് ഒരു സമാന്തരലോകമാണു!.യഥര്ത്ഥലോകത്തിന്റെ ശരിപ്പകര്‍പ്പ്. നന്മയും തിന്മയും , നല്ലതും ചീത്തയും, സൗഹൃദവും വിദ്വേഷവും എല്ലാം തികഞ്ഞ ഒരു ലോകം. പക്ഷെ ഒന്നുണ്ട് സ്വന്തം വിരല്‍ത്തുമ്പിന്റെ ചലനം ഒന്നു കൊണ്ടുമാത്രം നമുക്ക് ഈ അല്‍ഭുത ജാലകപ്പഴുതിലൂടെ ആവശ്യമുള്ളതു സ്വീകരിക്കാം.എന്തൊരനുഗ്രഹം!. പക്ഷെ എന്തു സ്വീകരിക്കുന്നു, എന്തു നല്കുന്നു എന്നതിലാണു പ്രശ്നം. നമുക്കു നല്ലതു മാത്രം സ്വീകരിക്കാം ...
ReplyDeleteആവശ്യമില്ലാത്തഅതിനെ വിരലുകള്‍ കൊണ്ടു കുഴിച്ചെടുക്കാതിരിക്കാം.
കാലിക പ്രസക്തമായ ലേഖനം .....എങ്ങും ചാരകണ്ണുകള്‍ ഉള്ള ലോകം .....
ReplyDeleteഒന്നും പറയാൻ കഴിയുന്നില്ല......
ReplyDeleteലൈംഗീകസമ്പര്ക്കത്തെക്കുറിച്ചല്ലേയല്ല.മറിച്ച് അവരുടെ സ്വകാര്യതയെ ഒളികണ്ണാല്‍ കവര്‍ന്നെടുത്ത അധമന്റെ മനോനിലയെക്കുറിച്ചും അയാള്‍ സമൂഹത്തിനു നല്കുന്ന അരക്ഷിതത്വത്തെക്കുറിച്ചുമാണ്...അതാണെന്നെ ഭയപ്പെടുത്താന്‍ കാരണമെന്ന് പറയുന്നത്,തികച്ചും ശരിയായ ചോദ്യം.. ഇന്റർ നെറ്റുകളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകുക...ഇന്റർ നെറ്റിലൂടെ,അല്ലെങ്കിൽ ചാറ്റിങ്ങിലൂടെ നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഈയ്യിടെ പത്രത്താളുകളിൽ വായിച്ചു,ഞാൻ അതിനെ ഒരു കഥയാക്കുന്നത് കൊണ്ട് ഇവിടെ വിവരിക്കുന്നില്ലാ... ഈ ലേഖനത്തിനു നമസ്കാരം
ReplyDeleteവളരെ സന്പന്നമായ പ്രതികരണങ്ങളാണ് നിങ്ങള്‍ ഓരോരുത്തരും അയച്ചത്.നമ്മള് നമ്മുടെ മാത്രമല്ല അന്യരുടെ സ്വകാര്യത സൂക്ഷിക്കാനും അത് അനുവദിക്കാനും ബാധ്യസ്ഥരാണ്.
ReplyDeleteസാമൂഹികാവസ്ഥകളില്‍ സംഭവിക്കുന്ന അപചയങ്ങളില്‍ ജാഗ്രത കാണിക്കുന്ന ഓരോ വായനക്കാരനെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.നന്ദി.
സ്നേഹത്തോടെ,
സുസ്മേഷ്.
എവിടൊയൊ വായിച്ചതോര്‍ത്തു പോകുന്നു...pornography dehumanizes women, pornography dehumanizes children.അതു തികച്ചും ശരിയാണു.കേരളത്തില്‍ നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അതാണു.പിന്നെ ഷന്ഠന്മാരായ ചില സദാചാര ഭ്രാന്തന്മാരെയും(അവരെ സദാചാര പോലീസ് എന്നു വിളിക്കുന്നതു പ്രതിഷേദാര്ഹമാണു).
ReplyDeleteസസ്നേഹം.
രാജീവ്.
ഏറെ നാളായി മനസില്‍ ആശങ്ക പടര്‍ത്തി നിന്നിരുന്ന വിഷയം.!
ReplyDeleteനിയമങള്‍ കര്‍ക്കശമാക്കുക തന്നെ സുപ്രധാനം.
എങ്കിലും അതിലും ഉപരി നേര്‍വഴിക്ക് ചിന്തിക്കാന്‍ ഓരോ മനസും ശ്രദ്ധിക്കണം എന്നതാണ്..
ശക്തമായി എഴുതിയിരിക്കുന്നു.
സസ്നേഹം അജിത
ശരിയാണ് രാജീവ് വാസു.സദാചാര പോലീസ് അല്ല അത് വ്യാജആണുങ്ങളാണ്.
ReplyDeleteചുറ്റുപാടുനിന്നും കേള്‍ക്കുന്ന പല വാര്‍ത്തകളും വല്ലാതെ അസ്വസ്ഥമാക്കുന്നു.
നന്ദി.പ്രതികരണത്തിന്.
അജിത,
നേര്‍വഴിക്ക് സഞ്ചരിക്കാനും പക്വതയോടെ സമൂഹത്തെയും ബന്ധങ്ങളെയും നോക്കിക്കാണാനും വ്യക്തികള്ക്കാവട്ടെ.
നന്ദി.
ഈയിടെയായി ഒരുപാട് തവണ ആലോചിച്ച ഒരു കാര്യമാണിത്..
ReplyDeleteഎന്റെ കുട്ടിക്കാല ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്ന ഒന്നാണ് തിരുവല്ല വല്യമ്പലത്തിന്റെ അമ്പലക്കുളം
അന്ന് അവിടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ കുളിക്കാന്‍ വരുമായിരുന്നു
അക്കൂട്ടത്തില്‍ പാവപ്പെട്ടവരും സമ്പന്നരും ഒക്കെയുണ്ടായിരുന്നു..
ഒരു 15 വര്‍ഷത്തിനിപ്പുറം ഇന്നെങ്ങാനും ആ കുളത്തില്‍ കുളിച്ചാല്‍ വൈകുന്നേരത്തിനു മുന്നേ ഇന്റര്‍നെറ്റില്‍ വരും.
നിസ്സാരമെന്നു തോന്നുമെങ്കിലും ഇത്തരമൊരു അരക്ഷിതാവസ്ഥയിലേക്കാണ് ഞാന്‍ വളര്‍ന്നു വലുതായത് എന്നോര്‍ത്ത് സങ്കടം തോന്നുന്നു
ഇത്തരം ചാരക്കണ്ണുകള്‍ ഭയന്ന് കുറെ പേരെങ്കിലും സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കുമായിരിക്കും എന്ന് കൂടി പ്രതീക്ഷിക്കാം അല്ലെ?? എന്നാലും കുളിപ്പുരകളും മൂത്രപ്പുരകളുമൊക്കെ പ്രരസ്യപ്പെടുമ്പോള്.......??!!
ReplyDelete'ന സ്ത്രീ സ്വാതന്ത്രയമര്ഹതി..'