കഥാകൃത്തും അധ്യാപകനുമായ എന്‍ .പ്രദീപ്‌കുമാര്‍ പാലക്കാട് കൂറ്റനാടിനടുത്ത് പുതിയ വീട് വച്ച് താമസം മാറിയത് കഴിഞ്ഞ മാസം 27 നാണ്.അന്നെനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.പക്ഷേ സ്ഥലം വാങ്ങിയപ്പോഴും വീട് പണി തുടങ്ങിയപ്പോഴും പ്രദീപിന്റെ കൂടെ ഞാനവിടെ പോയിട്ടുണ്ടായിരുന്നു.വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരിചയമായിരുന്നു ഞങ്ങളുടെത്.രണ്ടുകൊല്ലം മുമ്പ് ദെല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു ക്ഷണിക്കപ്പെട്ട രണ്ടുപേരും ഞങ്ങളായിരുന്നു.`കൊങ്കണ്‍കന്യാ എക്‌സ്‌പ്രസും' `പൂച്ചയും' `ഒരു നിരൂപകന്റെ മരണവും അനുബന്ധസാഹിത്യസമീപനങ്ങളും' `കടല്‍ ഒരു കരയെടുക്കുന്നു' തുടങ്ങിയ എന്‍ .പ്രദീപ്‌കുമാറിന്റെ കഥാപുസ്‌തകങ്ങളും വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ.
വീടുകേറിത്താമസം ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം.ഞാനടക്കമുള്ള പല സ്‌നേഹിതരെയും കാലേകൂട്ടിത്തന്നെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തിരുന്നു.പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കന്ന് പങ്കെടുക്കാനാവുമായിരുന്നില്ല.എന്റെ ഒഡീഷദിനങ്ങളിലൊന്നിലായിരുന്നു അത്.ആ വിഷമം തീര്‍ക്കാന്‍ നാട്ടിലെത്തിയ ഉടനെ ഞാന്‍ പ്രദീപിന്റെ സ്ഥലത്തെത്തി.ഇനിയുള്ള വിവരണം അവിടെയെത്തിയശേഷം കണ്ടതും,നിങ്ങളും കാണേണ്ടതും അറിയേണ്ടതുമായ ചില പ്രധാന കാര്യങ്ങളെക്കുറിച്ചാണ്.
ഇരുപത്തഞ്ച് സെന്റ് സ്ഥലമാണ് അദ്ദേഹം വാങ്ങിയിട്ടുള്ളത്.അറിയാമല്ലോ ഇന്ന് നല്ല സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ട്.അതിനെക്കാള്‍ പ്രയാസമാണ് ഒരു വീട് കെട്ടിപ്പൊക്കാനുള്ള ബദ്ധപ്പാട്.അപ്പോള്‍ സ്ഥലം വാങ്ങുകയും കടം വാങ്ങിയാണെങ്കിലും(ഇക്കാലത്ത് ആര്‍ക്കാ കടമില്ലാത്തത്?ആരാ വാടകക്കാരല്ലാത്തത്?)വീട് കേറ്റുകയും ചെയ്യുന്നവരുടെ ചെറുതല്ലാത്ത സന്തോഷത്തില്‍ നമ്മളും കൂടുകതന്നെ വേണം.അങ്ങനെ ഞാനവിടെയെത്തി.നല്ല പച്ചപ്പുള്ള ഒരു പറമ്പിലാണ് പ്രദീപിന്റെ പ്ലോട്ട്.പാലക്കാടന്‍ ഗ്രാമങ്ങള്‍ ഇന്നും അങ്ങനെതന്നെ.പക്ഷേ പലതും വെറുതെ പച്ച പിടിച്ചുകിടക്കുന്നതായിരിക്കുമെന്നുമാത്രം.
പ്രദീപ്‌കുമാറിന്റെ വീടിനുമുന്നിലായി പുതിയ മതില്‍ കെട്ടിയിട്ടുണ്ട്.നോക്കുമ്പോള്‍ മതിലിലെല്ലാം കുത്തനെയുള്ള ദ്വാരങ്ങള്‍.മനപൂര്‍വ്വം വിടവിട്ട് മതില്‍ പണിതിരിക്കുന്നതാണതെന്ന് മനസ്സിലായി.ഗേറ്റ് എന്നു പറഞ്ഞാല്‍ അടച്ചിട്ടാലും അകത്തിരിക്കുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും പരസ്‌പരം കാണാവുന്ന വിധത്തിലാണ്.അതായത് വല്ല പോസ്റ്റുമാനോ അയല്‍ക്കാരനോ പാല്‍ക്കാരനോ ഒക്കെ വന്നാല്‍ ഗേറ്റ് തുറന്നോ തുറക്കാതെയോ അവരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വിധം.മുറ്റത്ത് ചരലാണ് വിരിച്ചിരിക്കുന്നത്.അതും അഞ്ചടി വീതിയില്‍ നടക്കാനുള്ള ഭാഗം മാത്രം.ബാക്കിഭാഗമൊക്കെ ഇഷ്‌ടികവച്ച് അതിരിട്ട് പഴയമട്ടില്‍ മണ്‍മുറ്റമായി ഇട്ടിരിക്കുന്നു.വീട് നോക്കി.ഒറ്റനിലയേ ഉള്ളോ എന്ന് അമ്പരപ്പായി എനിക്ക്.ഇപ്പോഴാരാണ് ഒറ്റനില വീട് പണിയുക.?ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരു കുട്ടിക്കും വേണ്ടി താഴെയും മുകളിലും മൂന്ന് കിടപ്പുമുറികളും അത്രതന്നെ കക്കൂസുകളുമുള്ള വീട്(വീടോ?)പണിയുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍.കാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട് കാറിടാനുള്ള കാര്‍പ്പോര്‍ച്ചും പണിതിടും.കാരണം, ഭയങ്കരമായ ബുദ്ധിമാന്‍മാരാണ് നമ്മള്‍ എന്നു നാട്ടുകാരെ അറിയിക്കണം.ഇതിപ്പോ അങ്ങനെയൊന്നുമല്ല.പ്രദീപിനും ഭാര്യ പ്രസീദയ്‌ക്കും മകന്‍ മഹാദേവനും കൂടി രണ്ട് ബെഡ്‌റൂമും അടുക്കളയും ഇരിപ്പുമുറിയുമുള്ള ചെറിയ വീട്.അത്യാവശ്യം അതിഥികളെ സല്‍ക്കരിക്കാനും കിടത്താനുമുള്ള സൗകര്യങ്ങള്‍ക്ക് അതുമതി.മുകളിലേക്കുള്ള ഗോവണി പണിതിട്ടിട്ടുണ്ട്.അത് കയറിച്ചെല്ലുന്നിടത്ത് ചെറിയൊരു സ്ഥലം കണ്ടെത്തി വലിയ ബുക്ക്‌ഷെല്‍ഫ്.അതില്‍ നിറയെ പുസ്‌തകങ്ങള്‍ .വേണമെങ്കില്‍ അവിടെ ഒരു കസേരയിട്ടിരുന്ന് വായിക്കാനുള്ള സൗകര്യവുമുണ്ട്.അത്രയേയുള്ളൂ.മതിയല്ലോ.
എനിക്ക് വലിയ മതിപ്പായി.പ്രദീപിനെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി മുറ്റം ചുറ്റി.പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്നറിയില്ല.കൃത്യമായ പദ്ധതിയോടെ തയ്യാറാക്കിയിരിക്കുകയായിരുന്നു വീട് കഴിഞ്ഞ് മിച്ചമുള്ള സ്ഥലം.അവിടെ ഇലമുരിങ്ങ,ചെടിമുരിങ്ങ,കറിവേപ്പ്,ചീര,പയര്‍ ,പാവല്‍ ,കോവല്‍ ,വെണ്ട,വഴുതിനങ്ങ,വാഴ...തുടങ്ങി വീട്ടിലേക്ക് വേണ്ട പച്ചക്കറികളെല്ലാം നട്ടിട്ടുണ്ടായിരുന്നു.ഞാനൊരു കോവയ്‌ക്ക പൊട്ടിച്ച് ആര്‍ത്തിയോടെ ചവച്ചു.രാസവളസ്‌പര്‍ശമില്ലാത്തനിനാലാവും എന്തൊരു സ്വാദായിരുന്നു അതിന്!പിന്നെ പ്രദീപ് ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി.അതിരുതീര്‍ത്ത് ഇടവിട്ടിടവിട്ട് മാവ്,പ്ലാവ്,ഇരുമ്പന്‍പുളി,കുടമ്പുളി,നെല്ലി,അരിനെല്ലി,പേര,ചാമ്പ,ചിക്കു,ചെറുനാരകം,കറിനാരകം,സപ്പോട്ട,കടപ്ലാവ്,തെങ്ങ് അതില്‍ത്തന്നെ പതിനെട്ടാംപട്ടയും ചെന്തെങ്ങും ഇളനീരിനായുള്ള ഗംഗാഗുണ്ടും പിന്നെ തരാതരം വാഴകളും ഒട്ടുമാവുകളും.ശരിക്കും സമ്പല്‍സമൃദ്ധമായ പറമ്പ്.
ഒരു ചെറുപ്പക്കാരന്റെ വീടും പറമ്പും ഇന്നത്തെ കാലത്ത് ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.കാരണമുണ്ട്.പലരെയും പോലെ അദ്ദേഹത്തിനും മുറ്റം കോണ്‍ക്രീറ്റ് ചെയ്യാമായിരുന്നു.ആള്‍പ്പൊക്കത്തില്‍ മതില്‍ കെട്ടിവയ്‌ക്കാമായിരുന്നു.കൂറ്റന്‍ ഗേറ്റ് വയ്‌ക്കാമായിരുന്നു.വലിയ മാളിക പണിയാമായിരുന്നു.എന്നിട്ട് മിച്ചമുള്ള സ്ഥലത്ത് മണവും നിറവും ഗുണവുമില്ലാത്ത ചെടികള്‍ വലിയ വിലയ്‌ക്ക് വാങ്ങി ചട്ടികളില്‍ നട്ടുപിടിപ്പിക്കാമായിരുന്നു.മഴവെള്ളം സംഭരിക്കാന്‍ മണ്ണിന് ഇടം കൊടുക്കാതെ വരള്‍ച്ചയെ വിളിച്ചുവരുത്താമായിരുന്നു.എന്നിട്ട് ഇപ്പോഴത്തെ സാദാ മലയാളികളെപ്പോലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കാരറ്റും ബീറ്റ്‌റൂട്ടും ഉരുളന്‍കിഴങ്ങും വാങ്ങി വരാമായിരുന്നു.പ്രദീപ് കുമാര്‍ അങ്ങനെയാവാത്തതില്‍ നാം അദ്ദേഹത്തെ തുറന്ന മനസ്സോടെ അഭിനന്ദിക്കണം.സ്ഥലവും വീടുമില്ലാത്തവരോടും വീട് വച്ചിട്ട് മിച്ചം സ്ഥലമില്ലാത്തവരോടും നമുക്കിത് പറയാനാവില്ല.എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും വേണ്ടെന്നു വച്ചിരിക്കുന്ന മലയാളികളോട് എനിക്കിക്കാര്യം അഭിമാനത്തോടെ പറഞ്ഞേപറ്റൂ.
വളരെ സന്തോഷത്തോടെ ഊണു കഴിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പ്രദീപിനോടും പ്രസീദയോടും പറഞ്ഞു.
``വിളിച്ചില്ലെങ്കിലും ഇനിയും വരും.ഹോട്ടലൂണും അതിര്‍ത്തി കടന്നുവരുന്ന വിഷച്ചെടികളും ഫലങ്ങളും കഴിച്ച് വയറും മനസ്സും വിഷമയമാവുമ്പോളാവും കേറിവരിക.അപ്പോള്‍ ഒരില ഊണുവേണം.ഞാനൊരു സാധാരണക്കാരനായ മലയാളിമാത്രമാണ്.എന്റെ കൊതികള്‍ നമ്മുടെ തനിമയില്‍ നിന്നു വരുന്നവയോട് മാത്രമാണ്.''
ആരാണ് പറഞ്ഞത് യുവാക്കള്‍ക്ക് ലക്ഷ്യബോധമില്ലെന്ന്.!
-ചന്ദ്രിക വാരാന്തപ്പതിപ്പ്,യുവ@ഹൈവേ
ആരാണ് പറഞ്ഞത് യുവാക്കള്‍ക്ക് ലക്ഷ്യബോധമില്ലെന്ന്.!
ReplyDeletenice..susmeesh..
ReplyDeleteആ തോട്ടത്തിന്റെ ചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു ....
ReplyDeleteഎങ്ങനെ വീടുവെയ്ക്കണമെന്ന ഒരു ക്ലാസായി :)
ReplyDeleteയുവാക്കള്‍ക്ക് ലക്ഷ്യബോധമില്ലെന്ന് ആര് പറഞ്ഞു.. പറഞ്ഞവരോട് പോയി പണിനോക്കാന്‍ പറയ്.. :)
ReplyDeleteവളരെ നല്ല കുറിപ്പ്.ഷെയര്‍ ചെയ്യപ്പെടേണ്ട ആശയം.ഹരിതമോഹനസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കിയ പ്രദീപിനും, അത് ഞങ്ങളില്‍ എത്തിച്ച സുസ്മേഷിനും അഭിനന്ദനങ്ങള്‍!
ReplyDeleteനന്നായി , ഒരാള്‍ക്കെങ്കിലും പ്രചോദനമായാലോ.....
ReplyDeleteവായിച്ചപ്പോള്‍ ആ വീട് കാണാനുള്ള കൊതിയക്കാള്‍ അതുപോലൊന്ന് സ്വന്തം എന്ന് പറയാന്‍ വേണം എന്നാണ് തോന്നിയത്
ReplyDeleteസുന്ദരമായ ഒരു മാതൃകയാണിത്. ഏറെപ്പേർ ഇതു ശ്രദ്ധിച്ചിരുന്നെങ്കിൽ!
ReplyDeleteനന്ദി ഈ കുറിപ്പിന് .
ആ ഹരിതാഭക്കാഴ്ച്ചയിലേക്ക് വിരല്‍ ചൂണ്ടി ഞങ്ങള്‍ക്കു കൂടി
ReplyDeleteസന്തോഷം പകര്‍ന്നു തന്നതിനു നന്ദി.
യുവാക്കള്‍ക്കു ലക്ഷ്യബോധം ഉണ്ട്.
നമ്മുടെ കുഞ്ഞുങ്ങളുടെ മനസിലും ഇലകളുടെ പച്ചപ്പും
പൂക്കളുടെ വര്‍ണ്ണവും ഉണ്ട്.
സസ്നേഹം അജിത
ഒരു നല്ല മലയാളിയുടെ എല്ല ഗുണങ്ങളുമേറിയ പ്രദീപ് സാറിനും കുടുംബാംഗങ്ങൾക്കുമൊപ്പം പരിചയപ്പെടുത്തിയ ആൾക്കും അഭിനന്ദനങ്ങൾ
ReplyDeleteയുവാക്കള്‍ക്ക് ലക്ഷ്യബോധമില്ലെന്നു ആരു പറഞ്ഞു സുസ്മേഷ് ജി..?.വൈകിട്ട് അഞ്ചു മണിയാകുമ്പോള്‍ ഒന്നു പുറത്തിറങ്ങി നോക്കൂ... കൃത്യമായ ലക്ഷ്യബോധത്തോടെ യുവാക്കള്‍ പോകുന്നതു കാണാം... (അടുത്ത ബിവറേജസ് ഷോപ്പിലേയ്ക്ക് )
ReplyDeleteപ്രദീപിനും കുടുംബത്തിനും ആശംസകള്‍
മനസ്സിലെ സങ്കല്‍പ്പങ്ങളില്‍ എപ്പോഴുമുണ്ടായിരുന്നത് ഇതുപോലൊരു വീടാണ്. കൂടെ ഒരു വൈക്കോല്‍ തുറുവും, കുടമണി ഇളക്കുന്ന കിടാവും പശുവും. പക്ഷെ,ഇത് സ്വപ്നമല്ലല്ലോ,ജീവിതമായിപ്പോയില്ലേ, രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ പച്ചപ്പിനു സ്ഥലമില്ലാതെ പോയി. എങ്കിലും, ചിലര്‍ ഇങ്ങനെയും ജീവിക്കുന്നു എന്നറിയുന്നതേ സമാധാനം.
ReplyDeleteനല്ല കുറിപ്പ്....
ReplyDelete