Friday, September 14, 2012

പാറ്റ്‌ന എക്‌സ്‌പ്രസും കണ്ണീരൊഴുകിയ പാട്ടും


രാ
ത്രി എട്ട്‌ ഇരുപതിനാണ്‌ ഭുവനേശ്വറിലേക്കുള്ള തീവണ്ടി.രണ്ട്‌ മാസങ്ങള്‍ക്കുമുന്നേ വണ്ടിയിലെ ഇരിപ്പിടം എനിക്കായി പറഞ്ഞുറപ്പിക്കാനായി ചെന്നപ്പോള്‍ മുതല്‍ അക്കാര്യം എനിക്കറിയാവുന്നതാണ്‌.എന്തൊരു തിരക്കാണ്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വണ്ടികളില്‍.ഹൗറയിലേക്കും ഗോഹട്ടിയിലേക്കും പോകുന്ന വണ്ടികളുടെ സമീപം ചെന്നുനിന്നാല്‍ വിസ്‌മയപ്പെടുത്തുന്ന കാഴ്‌ച കാണാം.സ്ലീപ്പര്‍ കോച്ചുകളുടെ ലാട്രിനുകളില്‍പ്പോലും തിങ്ങിനില്‍ക്കുന്ന യാത്രക്കാര്‍.രണ്ട്‌ മാസം മുന്നേ ഭുവനേശ്വര്‍ യാത്രക്കായി ടിക്കറ്റെടുക്കാന്‍ ചെന്നിട്ടും എനിക്ക്‌ പതിനഞ്ചാം നിരയിലായിരുന്നു സ്ഥാനം.യാത്ര അടുത്തിട്ടും അത്‌ അഞ്ചായിട്ടേ ഉള്ളൂ.എ.സി ക്ലാസിലേക്കുള്ള ടിക്കറ്റുകളുടെ റദ്ദാക്കല്‍ വളരെ കുറവാണ്‌.അതിനാല്‍ ആര്‍.എ.സിയിലോ മറ്റോ ചാടിക്കിടക്കും എന്നല്ലാതെ യാത്ര സുഗമമാവും എന്നതിന്‌ യാതൊരു ഉറപ്പുമില്ല.അതിനായി ഞാന്‍ എമര്‍ജന്‍സി ക്വാട്ടയ്‌ക്ക്‌ ശ്രമിച്ചു.കാരണം എന്തായാലും എനിക്ക്‌ പോയേപറ്റൂ.നിത്യവും തീവണ്ടികളില്ലാത്ത ദിക്കാണത്‌.ഈ വണ്ടി പോയിട്ട്‌ അടുത്ത ദിവസത്തെ വണ്ടിക്ക്‌ തല്‍ക്കാല്‍ എടുക്കാം എന്നു കരുതിയാല്‍ പിറ്റേദിവസം വണ്ടിയില്ല.അങ്ങനെയായാല്‍ ഭുവനേശ്വറില്‍ നടക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ വിതരണ പരിപാടിയില്‍ എനിക്ക്‌ പങ്കെടുക്കാനാകാതെയാകും.അക്കാദമിയില്‍ നിന്ന്‌ അ??യിപ്പ്‌ കിട്ടിയ ഉടനെ ഞാന്‍ പോയി ടിക്കറ്റ്‌ എടുത്തത്‌ അതിനാലാണ്‌.
യാത്ര പോകുന്ന അന്ന്‌ മൂന്നരയോടെ ഇ.ക്യൂവില്‍ ടിക്കറ്റ്‌ ഓകെയായതായി റെയില്‍വേയിലെ സുഹൃത്ത്‌ അറിയിച്ചു.സമാധാനം.ഞാന്‍ പതിവുപോലെ അലസനായി സമയമാകാന്‍ കാത്തിരുന്നു.പന്ത്രണ്ട്‌ ദിവസത്തെ യാത്രയാണ്‌.യാത്രാസഞ്ചി ഒരുക്കുന്നത്‌ ആറുമണിക്ക്‌.ഏഴുമണിക്ക്‌ പുറപ്പെട്ടെങ്കിലേ അരമണിക്കൂര്‍ മുന്നേ റെയില്‍വേ സ്റ്റേഷനില്‍ എത്താനാവൂ.ഞാന്‍ ഏഴേ കാലിന്‌ ഇറങ്ങി.ഓട്ടോയെടുക്കാതെ ബസിനു കയറി സാവകാശം നീങ്ങി.വഴിയില്‍ നിന്ന്‌ വാങ്ങാനുള്ള ഒന്നുരണ്ട്‌ സാധനങ്ങള്‍ വാങ്ങി.വണ്ടി എട്ട്‌ ഇരുപതിനാണല്ലോ.സമയം ഏഴേ മുക്കാലാവുന്നതേയുള്ളൂ.വണ്ടി സമയം അതുതന്നെയാണെന്ന ഒരോര്‍മ്മയേ എനിക്കുള്ളൂ.അങ്ങനെ മന്ദമന്ദം സ്റ്റേഷനില്‍ എത്തുമ്പോ അവ്യക്തമായി ഒരറിയിപ്പ്‌ കേള്‍ക്കാം.എന്താണെന്നറിയാന്‍ കാതോര്‍ത്തു.എറണാകുളത്തുനിന്നും പുറപ്പെടുന്ന പാറ്റ്‌ന എക്‌സ്‌പ്രസ്‌ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നു.സമയം നോക്കി.എട്ടാകാന്‍ അഞ്ച്‌ മിനിട്ട്‌ മാത്രം.അപ്പോള്‍ വണ്ടി നേരത്തെയെത്തിയോ?
ഞാനപ്പോള്‍ റെയില്‍വേസ്റ്റേഷന്റെ പുറത്താണ്‌.നെഞ്ച്‌ ഒന്നാളിയോ.അതുവരെയുണ്ടായിരുന്ന എന്റെ അലസത പുകപോലെ പോയി.ഞാനൊന്നു കുതിച്ചു.മുതുകത്തു കിടക്കുന്ന വലിയ ബാഗുമായിട്ടുള്ള ആ ഓട്ടം തികച്ചും ക്ലേശകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.ജനക്കൂട്ടത്തിനിടയിലൂടെ ഓടി മേല്‍പ്പാലം ലക്ഷ്യമിട്ട്‌ വീണ്ടും കുതിച്ചു.പുറത്ത്‌ നല്ല മഴയാണ്‌.മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലാണ്‌ വണ്ടി.അപ്പോള്‍ വന്ന ഏതൊക്കെയോ വണ്ടികളില്‍ നിന്ന്‌ ഇറങ്ങി പുറത്തേക്കു വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവവും തിരക്കും.അതിനിടയിലൂടെ അങ്ങോട്ട്‌ കുതിക്കുന്നത്‌ ഞാന്‍ മാത്രവും.വണ്ടി ഏതുനിമിഷവും എടുക്കാം.അതിന്റെ വാലിലെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..എന്റെ രണ്ട്‌ മാസത്തെ കാത്തിരിപ്പ്‌..അവിടെ നടക്കുന്ന അഭിമാനകരമായ പരിപാടിയുടെ ഭാഗമാകാനുള്ള ഭാഗ്യമില്ലായ്‌മ..യാത്ര പറഞ്ഞവരുടെ മുഴുവന്‍ മിഴികളിലുണ്ടാകാനിടയുള്ള ദേഷ്യം..അവസാനനിമിഷം ടിക്കറ്റ്‌ ഓകെ ആക്കിയെടുക്കാന്‍ പാടുപെട്ട ഉദ്യോഗസ്ഥ സ്‌നേഹിതന്റെ പല്ലുകടി..അതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.അപ്പോളെന്റെ മനസ്സിലേക്ക്‌ വന്നതെന്താണ്‌.ഇതൊന്നുമായിരുന്നില്ല.മണി രത്‌നത്തിന്റെ അലൈപായുതേയും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായയും ഒക്കെ.ആള്‍ക്കൂട്ടത്തില്‍ പരിഭ്രാന്തനായ ഒരു നായകനായി ഞാന്‍..ജനത്തെ വകഞ്ഞു മുന്നേറുന്നത്‌ തീവണ്ടി പിടിക്കാന്‍.അതില്‍ നായികയില്ല.പക്ഷേ ഗൗരവതരമായ ഒരു ലക്ഷ്യം ആ തീവണ്ടിയില്‍ എന്നെ സ്വീകരിക്കാനായി ഉണ്ട്‌.ചെറുപ്പത്തിന്റെ ഊറ്റമല്ലാതെ മറ്റെന്ത്‌!
കാത്തുകിടക്കുന്ന വണ്ടി തേടി മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലേക്കുള്ള മേല്‍പ്പാലത്തിന്റെ പടവുകള്‍ ചാടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.യുവപുരസ്‌കാര്‍ വാങ്ങുന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ഓരോ അവാര്‍ഡ്‌ ജേതാവിനും ഒരാളെക്കൂടി കൊണ്ടുപോകാം.അവരുടെ യാത്രാ താമസ ഭക്ഷണ സൗകര്യങ്ങള്‍ എല്ലാം അക്കാദമി വഹിക്കും.എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല.എന്റെ കൂടെ വരുവാനും ആരുമുണ്ടായിരുന്നില്ല.പതിവുപോലെ ഞാന്‍ തനിയെയായിരുന്നു.ഇപ്പോള്‍ എന്റെ കൂടെ അമ്മയോ ഭാര്യയോ കാമുകിയോ മകളോ ഉണ്ടായിരുന്നെങ്കില്‍ ഈ ഓട്ടം ഓടുവാന്‍ ഒരുപക്ഷേ അവര്‍ക്ക്‌ ആകുമായിരുന്നോ..അഥവാ ഓടിയെത്തിയാല്‍ തന്നെ അവരെന്നെ എത്രമാത്രം ശകാരവാക്കുകള്‍ പറയുമായിരിക്കും.അവരെത്ര പരിഭ്രമിക്കുമായിരിക്കും.ഒരുനിമിഷം എന്റെ ജീവിതത്തെപ്പറ്റി ഞാനോര്‍ത്തുപോയി.ഇങ്ങനെയായിരുന്നു പലപ്പോഴും ജീവിതം.അവസാനനിമിഷത്തിലെ തീരുമാനങ്ങള്‍..അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍..തീരാത്ത ഓടിപ്പിടിത്തങ്ങള്‍..അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.ഒപ്പം ഓടിയെത്താന്‍ കഴിയാത്തവര്‍ ഉപേക്ഷിച്ചുപോകും.അല്ലെങ്കില്‍ ഇത്തരം ഓട്ടങ്ങളാണ്‌ ജീവിതമെന്ന്‌ മനസ്സിലാക്കാനാവാതെയും അടുത്ത ഓട്ടത്തെ നേരിടാനാവാതെയും ഇടയില്‍ പിന്തിരിഞ്ഞുപോകും.
മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലെത്തുമ്പോള്‍ സിഗ്നല്‍ വീണുകഴിഞ്ഞിരുന്നു.കണ്ടു ത്രില്ലടിച്ച അനേകം സിനിമകളിലെന്നപോലെ എന്റെ തീവണ്ടി എന്നെ കയറ്റാതെ അകലാന്‍ പോവുകയാണ്‌.എന്റെ ഹൃദയം തെറിച്ചുപോകുന്നത്ര ശക്തമായി മിടിക്കുന്നു.തൊണ്ടയും നാവും ഉണങ്ങുന്നതിന്റെ അസ്വസ്ഥതയോടെ ഞാന്‍ വണ്ടിയെ നോക്കി.പാറ്റ്‌ന എക്‌സ്‌പ്രസ്‌.അലസതയ്‌ക്കുള്ള മറുപടിയായി എന്നെ കാത്തുകിടക്കുന്നു.
അവസാനത്തെ കരുത്തിന്റെ തുള്ളികളും രക്തത്തിലേക്ക്‌ കലര്‍ത്തി ഞാന്‍ കുതിച്ചുചെന്നു.വണ്ടിയിലേക്ക്‌ ചാടിവീണു.അപ്പോഴും വണ്ടി എടുത്തിരുന്നില്ല.വണ്ടിക്കുള്ളിലൂടെ ഞാന്‍ എന്റെ ബി കോച്ചിലേക്ക്‌ ആശ്വാസത്തോടെ നടന്നു.നടക്കാനാവുന്നില്ല.ഞാന്‍ ഒരിടത്തിരുന്ന്‌ കിതപ്പാറ്റി.അപ്പോള്‍ വണ്ടി പതിയെ ചലിക്കാന്‍ തുടങ്ങി.ഏതോ നന്മകള്‍ നമ്മെ നിലനിര്‍ത്തുന്നുവെന്ന്‌ അപ്പോള്‍ ഞാനോര്‍ത്തു.അല്ലെങ്കില്‍ ഈ വണ്ടി കിട്ടുമായിരുന്നില്ല.അവാര്‍ഡ്‌ നേരിട്ട്‌ വാങ്ങാന്‍ എനിക്കാവുമായിരുന്നില്ല.അത്രമാത്രം അലസനും മന്ദഗായിയുമായിരുന്നു ഞാന്‍.പെട്ടെന്ന്‌ ഒരുപാട്‌ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വന്നു.കരഞ്ഞുപോകുമെന്ന ആ ഘട്ടത്തില്‍ മേഘങ്ങള്‍ പൊഴിക്കുന്ന ഒരുപാട്ട്‌ ഞാന്‍ കേട്ടു.
പാനീ കാ രംഗ്‌ ദേഖ്‌ കേ..
ആഖീയാം ജോ ആസു റൂഡ്‌ ദേ.
മാഹിയാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
രഞ്‌ജനാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
ദൈവമേ..കുസും വര്‍മ്മ എഴുതിയ വരികള്‍ എനിക്കായി എഴുതപ്പെട്ടതായിരിക്കുമോ.അഭിഷേക്‌ അക്ഷയ്‌ ഈണമിടുമ്പോള്‍ ഇതൊരിക്കല്‍ എന്നെപ്പോലൊരാള്‍ ശ്വാസം വലിഞ്ഞ നെഞ്ചുമായി ഓടുന്ന തീവണ്ടിയിലിരുന്ന്‌ കേള്‍ക്കുമെന്ന്‌ കരുതിക്കാണുമോ..ഇല്ല.എപ്പോഴാണ്‌ ഒരു പാട്ട്‌ നമുക്ക്‌ പ്രിയങ്കരമാവുന്നത്‌.അത്‌ കേള്‍ക്കുന്ന സന്ദര്‍ഭത്തിന്റെ നീറ്റലനുസരിച്ചാണ്‌.
എന്റെ കോച്ചിലെത്തി സീറ്റിലിരുന്ന്‌ ഞാന്‍ കണ്ണുകളടച്ചു.എനിക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു പാട്ടിന്റെ അര്‍ത്ഥം.

Seeing the color of water,
tears roll down my eyes
my lover didn't come, my beloved didn't come..
seeing the glow of the eyes,
tears roll down my eyes..

18 comments:

 1. Seeing the color of water,
  tears roll down my eyes
  my lover didn't come, my beloved didn't come..
  seeing the glow of the eyes,
  tears roll down my eyes..

  ReplyDelete
 2. താങ്കള്‍ക്ക് ട്രെയിന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഏതു പാട്ട് പാടുമായിരുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. രസകരമായ അനുഭവക്കുറിപ്പ് വായനക്കാരുമായി പങ്കുവച്ചതിന്‌ അഭിനന്ദനങ്ങള്‍ ..... ഇനിയും ഒത്തിരി അവാര്‍ഡുകള്‍ വാങ്ങിക്കുവാന്‍ അവസരമുണ്ടാകട്ടെ .... ആശംസകള്‍ .....

  ReplyDelete
 3. എന്താ ഇങ്ങനെ?

  ReplyDelete
 4. ആശംസകൾ..എനിക്കിഷ്ടമായത് ഇതാണു... "അവസാനനിമിഷത്തിലെ തീരുമാനങ്ങള്‍..അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍..തീരാത്ത ഓടിപ്പിടിത്തങ്ങള്‍..അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.ഒപ്പം ഓടിയെത്താന്‍ കഴിയാത്തവര്‍ ഉപേക്ഷിച്ചുപോകും.അല്ലെങ്കില്‍ ഇത്തരം ഓട്ടങ്ങളാണ്‌ ജീവിതമെന്ന്‌ മനസ്സിലാക്കാനാവാതെയും അടുത്ത ഓട്ടത്തെ നേരിടാനാവാതെയും ഇടയില്‍ പിന്തിരിഞ്ഞുപോകും."

  ReplyDelete
 5. khaadi chala raha he
  seeti baja raha he

  ReplyDelete
 6. ഏതോ നന്മകൾ നില നിർത്തുന്നുണ്ട് നമ്മളെ...ആശംസകൾ

  ReplyDelete
 7. അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍.. തീരാത്ത ഓടിപ്പിടിത്തങ്ങള്‍..
  അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..
  ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.

  ആരുടെയൊക്കെയോ കനിവാർന്ന കൈകൾ പലപ്പോളും താങ്ങി നിർത്തും നമ്മളെ.. ആ കൈകളുടെ ഉടമസ്ഥനാവും ദൈവം. അല്ലെങ്കിൽ എത്രയെത്ര അപകടകരമായ സന്ദർഭങ്ങളിൽ നിന്നും പലപ്പോളും നമ്മൾ രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്.

  ആശംസകൾ...!

  ReplyDelete
 8. ഒരു പ്രശസ്തനായ സാഹിത്യകാരനെ "അലസൻ" എന്നു വിളിക്കാൻ കിട്ടിയ അവസരം ഞാൻ പാഴാക്കുന്നില്ല.
  ഒരവാർഡ്‌ വാങ്ങാൻ എത്രമാത്രം കഷ്ടപ്പെടമെന്നിപ്പോൾ മനസ്സിലാവുന്നു. കൂടെ വരാനോരാളുണ്ടായിരുന്നെങ്കിൽ സമയത്തിനും കാലത്തിനും കാര്യങ്ങൾ മണി മണി പോലെ നടക്കുമായിരുന്നു എന്ന് പറയാതെ പറഞ്ഞത്‌ നന്നായി.

  ReplyDelete
 9. "ഇങ്ങനെയായിരുന്നു പലപ്പോഴും ജീവിതം.അവസാനനിമിഷത്തിലെ തീരുമാനങ്ങള്‍..അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍..തീരാത്ത ഓടിപ്പിടിത്തങ്ങള്‍..അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം"
  +1

  ReplyDelete
 10. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് എനിക്കും ഇഷ്ട്ടമായി..... ആശംസകള്‍ ...

  ReplyDelete
 11. ഹൃദയത്തെ തൊട്ടു, കുറിപ്പ്. നമുക്ക് വിധിച്ചതെങ്കില്‍ അത് നമുക്ക് തന്നെ കിട്ടും, എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായാലും നല്ലത് തന്നെ സംഭവിച്ചുവല്ലോ, അവാര്‍ഡും വാങ്ങിയല്ലോ.. അപ്പോള്‍ അത് വാങ്ങാന്‍ താങ്കള്‍ക്ക് യോഗമുണ്ട് എന്ന് തന്നെ അര്‍ഥം.

  ReplyDelete
 12. സാഹിത്യത്തിലും സിനിമയിലും അന്നും ഇന്നും തീവണ്ടി ശക്തമായ ഒരു ബിംബമാണ്.(ഇതു വായിച്ചപ്പോള് പല തീവണ്ടികളും മനസ്സില്കൂടെ കൂകി പാഞ്ഞു പോയി..അപുവും ദുര്ഗയും നോക്കി നില്ക്കുമ്പോള് പൂത്തുമറിഞ്ഞ കാശ പുല്ലു പാടത്തിനപ്പുറം ഓടി മറയുന്ന ഒരു കറുത്ത തീവണ്ടി...മഞ്ഞു സമതലങ്ങള് താണ്ടുന്ന ഡോക്റ്റര് ഷിവാഗോയുടെ തീവണ്ടി...നാട്ടിന്പുറങ്ങളുടെ ഉള് തുടിപ്പറി ഞ്ഞു കൊണ്ട് അലസമോടുന്ന 'ഗാന്ധി' യിലെ തീവണ്ടി...).മഹത്തും ബൃഹത്തുമായ ജീവിതത്തിനെ വിഹ്വലമായ ഒരു നിമിഷത്തിന്റെ മഞ്ഞു തുള്ളിയില് പ്രതിഫലിപ്പിക്കുന്ന കണ്ണാടി വിദ്യ തന്നെ ഇവിടെയും..വായിച്ചുപോകവെ അറിയാതെ റഫിഖ് അഹമ്മദ് 'ഋതു' എന്ന സിനിമക്കുവേണ്ടി എഴുതിയ വരികള് മൂളിപോയി...." കുക്കു കൂ കുക്കു കൂ തീവണ്ടി ...കൂകി പായും വണ്ടി...കേറിക്കൊ കേറിക്കോ ചങ്ങാതി...ഇനി യാത്ര... കാലം നീര്ത്തും റെയിലൂടെ രാവും പകലും വരവായി.. ഋതു ഭേദങ്ങള് കൊടിവീശി.....ആദ്യം വേഗം ചെന്നത്താനായ് വണ്ടിക്കുള്ളില് പോകുന്നോരെ..കാലത്തിന്മേല് ചക്രം പായും വേഗം മാത്രം നമ്മുടെ ലോകം...മുന്നോട്ടൊരു പോക്കു പോയാല് വീണ്ടും വരുമോ ..ഇത് പിന്നാക്കം പായുംലോകം പോയാല് പോട്ടെ....."
  ആശംസകളോടെ . ..ഒരു വായനക്കാരന്

  ReplyDelete
 13. അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ കണ്ടാല്‍ കൊള്ളാമായിരുന്നു, സുസ്മേഷ്

  ReplyDelete
 14. എല്ലാ വായനക്കാര്‍ക്കും നന്ദി.സ്നേഹവും കടപ്പാടും അതോടൊപ്പം.

  ReplyDelete
 15. എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല.എന്റെ കൂടെ വരുവാനും ആരുമുണ്ടായിരുന്നില്ല.പതിവുപോലെ ഞാന്‍ തനിയെയായിരുന്നു.ഇപ്പോള്‍ എന്റെ കൂടെ അമ്മയോ ഭാര്യയോ കാമുകിയോ മകളോ ഉണ്ടായിരുന്നെങ്കില്‍ ഈ ഓട്ടം ഓടുവാന്‍ ഒരുപക്ഷേ അവര്‍ക്ക്‌ ആകുമായിരുന്നോ..അഥവാ ഓടിയെത്തിയാല്‍ തന്നെ അവരെന്നെ എത്രമാത്രം ശകാരവാക്കുകള്‍ പറയുമായിരിക്കും.അവരെത്ര പരിഭ്രമിക്കുമായിരിക്കും....

  കൂടെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ഓട്ടം വേണ്ടിവരില്ലായിരുന്നു....(ചിലപ്പോള്‍)(കാരണം അവാര്‍ഡ് വാങ്ങാനൊന്നുമല്ലെങ്കിലും അവസാനനിമിഷം ഓട്ടം പലതവണ വേണ്ടിവന്നിട്ടുണ്ട് ഞങ്ങള്‍ക്ക്...അതും വലിയ ബാഗുകളും ചുമന്ന്.... കഴിഞ്ഞമാസം തൃശൂര്‍ന്ന് ഞങ്ങള്‍ കയറാനുള്ള വണ്ടി സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുമ്പോ അതിനു മുന്നിലൂടെ നാലുബാഗും പിടിച്ചാണ് പ്ലാറ്റ്ഫോം മുറിച്ചുകടന്നത്, ബോഗി കണ്ടെത്തിയപ്പോഴേക്കും വണ്ടിനീങ്ങി.. പിന്നെ ഓടുന്ന വണ്ടിയില്‍ ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നവരെ തള്ളിമാറ്റി സര്‍ക്കസ് കളിച്ച് അകത്തുകയറല്‍ ... ഇപ്പോ ആലോചിക്കുമ്പോ തമാശ... )


  ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.ഒപ്പം ഓടിയെത്താന്‍ കഴിയാത്തവര്‍ ഉപേക്ഷിച്ചുപോകും.അല്ലെങ്കില്‍ ഇത്തരം ഓട്ടങ്ങളാണ്‌ ജീവിതമെന്ന്‌ മനസ്സിലാക്കാനാവാതെയും അടുത്ത ഓട്ടത്തെ നേരിടാനാവാതെയും ഇടയില്‍ പിന്തിരിഞ്ഞുപോകും.

  ഈ വരികള്‍ വായിക്കാന്‍ നല്ല രസമുണ്ട്.. അര്‍ത്ഥം എനിക്കത്ര മനസിലായില്ല..

  ReplyDelete
 16. പ്രിയപ്പെട്ട സുസ്മേഷ്..

  പതിവുപോലെ നല്ല പോസ്റ്റ്‌.
  വായിച്ചപ്പോള്‍ തോന്നിയ ഒന്ന് പറയട്ടെ..
  അന്ന് താങ്കളുടെ ഒപ്പം, അമ്മയോ, ഭാര്യയോ, കാമുകിയോ, മകളോ ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും താങ്കള്‍ അത്ര വൈകുമായിരുന്നില്ല. വളരെ വൈകി തീവണ്ടി ആപ്പീസിലേയ്ക്ക് പോകുന്ന റിസ്ക്‌ എടുക്കാന്‍ മാത്രം മനക്കട്ടി/തൊലിക്കട്ടി ഒരു പെണ്ണിനും, സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ട്രെയിന്‍ സമയത്തിന്റെ ഒരു മണിക്കൂര്‍ എങ്കിലും നേരത്തെ എത്തി വളരെ relax ആയി ഇരിക്കാനാണ് മിക്കവാറും പേരും ശ്രമിക്കുക .

  ഒരു പുരുഷനെ നേരെ വഴി നടത്താനും അതെ പോലെ വഴി തെറ്റിച്ച് നടത്താനും ഒരു പെണ്ണിന് കഴിയുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

  :)

  ReplyDelete

 17. കുറിപ്പ് കൊള്ളാമല്ലോ....

  ReplyDelete