Sunday, December 2, 2012

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ


ടക്കന്‍ കേരളത്തിലെ അതിപ്രശസ്‌തമായ ഒരു കലാലയത്തില്‍ രണ്ടുദിവസമായി നടത്തിയ ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ പങ്കെടുക്കുകയുണ്ടായി.കേരള സര്‍ക്കാരിന്റെ 2011-12 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രമായിരുന്നു അത്‌.അതായത് കോളജധ്യാപകര്‍ക്കായി നല്‍കുന്ന ഹ്രസ്വകാല പരിശീലനപരിപാടി.കിട്ടിയ അറിയിപ്പനുസരിച്ചാണെങ്കില്‍ വിവിധ കലാലയങ്ങളിലെ പതിനഞ്ചോളം അസിസ്റ്റന്റ്‌ പ്രൊഫസര്‍മാര്‍ (യുവാക്കള്‍ !)രണ്ടു ദിവസങ്ങളായി നടന്ന ശില്‌പശാലയില്‍ പങ്കെടുത്തിട്ടുണ്ടാവണം.കേട്ടിരിക്കാനും കുറേപ്പേര്‍ വന്നിട്ടുണ്ടാവണം.സമൃദ്ധമായ ചര്‍ച്ചകളും വിലയിരുത്തലും നിഗമനങ്ങളും അപഗ്രഥനങ്ങളും രണ്ടുദിവസങ്ങളിലായി നടന്നിരിക്കാനിടയുണ്ടെന്ന പ്രതീക്ഷയിലാണ്‌ ഞാനവിടെ എത്തിയത്‌.കാരണം ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രാമാണല്ലോ ഇത്‌.എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്തിനാണ്‌ ഇത്തരം പരിപാടികള്‍ സര്‍ക്കാരിന്റെ ഫണ്ട്‌ മുടക്കി അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്നത്‌.?
കടലാസ്‌ അവതരിപ്പിക്കാനും സംവാദത്തില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതുവഴി ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണോ ഇത്തരം അധ്യാപകരുടെ കണ്ണ്‌.?
അതോ ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്നതുവഴി ഉദ്യോഗത്തിനു ലഭിച്ചേക്കാവുന്ന സല്‍പ്പേരിന്റെയും അധികയോഗ്യതയുടെയും ലാഭമോ.?
ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ മാനസിക തൃപ്‌തിയും അറിയാവുന്ന വിഷയത്തിന്റെ വിപുലീകരണത്തിലൂടെ ലഭിക്കുന്ന അറിവിന്റെ വികാസവുമാണ്‌ അവിടെ സംഭവിക്കേണ്ടത്‌.വന്ന യുവ അധ്യാപകര്‍ ആ മട്ടിലുള്ള വികാസവും ഉയര്‍ച്ചയുമാണ്‌ ഉദ്ദേശിച്ചതെന്ന്‌ എനിക്ക്‌ തോന്നിയില്ല.എനിക്കങ്ങനെ തോന്നാത്തത്‌ സംവാദത്തില്‍ പങ്കെടുത്ത സദസ്സിന്റെ പ്രതികരണം കണ്ടിട്ടാണ്‌.അതേതാണ്ട്‌ ശവസംസ്‌കാരവേളയില്‍ കാണപ്പെടാറുള്ളതരം വേദനിപ്പിക്കുന്ന നിശ്ശബ്‌ദത മൂടിയതായിരുന്നു.
വേദിയിലിരിക്കുന്നവരൊക്കെ മരിച്ചവരാണെന്നും അങ്ങനെ വേദിയില്‍ ചത്തിരിക്കുന്നവരുടെ സംസ്‌കാരകര്‍മ്മമാണ്‌ അവിടെ നടക്കുന്നതെന്നും അതില്‍ മറ്റുള്ളവര്‍ പങ്കുകൊള്ളുകയാണെന്നും എനിക്കു തോന്നിപ്പോയി.അടക്കം പറച്ചിലുകള്‍പോലും ഉതിരുന്നുണ്ടായിരുന്നില്ല.സംവാദവേദി അങ്ങനെയായിരുന്നെങ്കില്‍ അതിനുമുമ്പും പിമ്പും നടന്ന കടലാസവതരണങ്ങള്‍ ഉറക്കം തൂങ്ങികളുടെ മധ്യത്തിലുള്ള മൂകാഭിനയമായിരിക്കാനാണിട.ഇതാണ്‌ യുവ കോളജ്‌ അധ്യാപകര്‍ക്ക്‌ നല്‍കുന്ന ഹ്രസ്വകാല പരിശീലന പരിപാടിയെങ്കില്‍ `ഹാ,കൊള്ളാം'എന്നുമാത്രമേ പറയാനുള്ളൂ.കുറ്റം സര്‍ക്കാരിന്റേതോ സംഘാടകരുടെതോ അല്ല.പങ്കെടുത്ത `വിദഗ്‌ധ'ജനങ്ങളുടെത്‌ മാത്രമാണ്‌.അവരെ വിദഗ്‌ധരായി പരിഗണിച്ചവരുടെതും.
സെമിനാറില്‍ ആദ്യവസാനം ഇരിക്കാതെയും അവതരിപ്പിച്ച പേപ്പറുകള്‍ കേള്‍ക്കാതെയും ഇങ്ങനെ അടച്ച്‌ കുറ്റം പറയുന്നത്‌ ശരിയല്ലെന്ന്‌ എനിക്കും അറിയാം.പക്ഷേ സംവാദമെന്നത്‌ അവിടെ നടക്കുന്ന ആകെ കടലാസവതരണങ്ങളിലെ ഏറ്റവും കനമേറിയ പരിപാടിയാണ്‌.കാരണം,2000-നു ശേഷമുള്ള മലയാളനോവലിനെയാണ്‌ അവിടെ പഠനവിശകലനങ്ങള്‍ക്ക്‌ വിധേയമാക്കുന്നത്‌.മലയാള നോവലുകളുടെ ഫലപ്രദമായ സാംസ്‌കാരികവായനകളാണ്‌ സംഘാടകരും സര്‍ക്കാരും ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്‌.അതിനര്‍ത്ഥം അവിടെ സംവാദത്തിനുപോകുന്നത്‌ സൂക്ഷിച്ചുവേണമെന്നാണ്‌.ആമുഖ പ്രഭാഷണത്തില്‍ ഞാനത്‌ എടുത്തുപറയുകയും ചെയ്‌തു.അതായത്‌ മാരകമായ ചോദ്യങ്ങളുമായി നേരിട്ടാല്‍ പതറിപ്പോവുകയേ ഉള്ളൂ എന്നാണ്‌ അല്‌പജ്ഞാനിയും നോവലെഴുത്തിലെ തുടക്കക്കാരനുമായ ഞാന്‍ പറഞ്ഞത്‌.അത്‌ ആത്മാര്‍ത്ഥമായും സദസ്സിന്റെ കഴിവിനെ ആദരിച്ചും ബഹുമാനിച്ചും തന്നെയാണ്‌ പറഞ്ഞത്‌.എന്നാല്‍ ബധിരരും മൂകരുമായ കോളജ്‌ അധ്യാപകര്‍ അവരുടെ നിശ്ശബ്‌ദതകൊണ്ട്‌ സകല അലങ്കാരങ്ങളും എടുപ്പുകളും പൊളിച്ചുനിലത്തിട്ടുതന്നതാണ്‌ പിന്നീട്‌ കണ്ടത്‌.എനിക്കുതന്നെ തോന്നിപ്പോയി,ഇവരെ പേടിച്ചിട്ടാണോ വലിയ വലിയ ചോദ്യങ്ങള്‍ ചോദിക്കുമോ എന്ന്‌ ആശങ്കപ്പെട്ടതെന്ന്‌.
2000-നുശേഷം നോവലെഴുതിയവര്‍ തന്നെയായിരുന്നു വേദിയിലുണ്ടായിരുന്നത്‌.രാജു കെ.വാസു(ചാവൊലി)ഖദീജ മുംതാസ്‌(ബര്‍സ,ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌,ആതുരം)സുഭാഷ്‌ ചന്ദ്രന്‍ (മനുഷ്യന്‌ ഒരു ആമുഖം) പിന്നെ ഞാനും.ഇത്രയും പേരാണ്‌ ആദ്യ ദിവസത്തെ സംവാദവേദിയില്‍ അഭിമുഖമിരുന്നത്‌.

ഇത്‌ വായിക്കുന്ന വായനക്കാര്‍ പറയൂ.നോവലും സമൂഹവും തമ്മിലുള്ള പാരസ്‌പര്യം തിരിച്ചറിയാനും സാംസ്‌കാരികമായ അന്വേഷണങ്ങളിലേക്ക്‌ വഴി തെളിക്കാനുമുള്ള പരിശ്രമമാണ്‌ ഈ ശില്‌പശാല എന്നു സംഘാടകര്‍ വിശേഷിപ്പിച്ചത്‌ അന്വര്‍ത്ഥമാക്കാന്‍ സദസ്സിന്‌ കഴിയേണ്ടതല്ലേ.?അതോ കടലാസവതരണങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്കുള്ള ദിവസക്കൂലി തന്നേക്കൂ,അതിലപ്പുറം സംസാരിക്കണമെങ്കില്‍ കാശ്‌ വേറെ തരേണ്ടിവരും എന്നാണോ.?അതോ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ സാദാവിദ്യാര്‍ത്ഥികളല്ല എന്ന ഭാവമോ.?അതുമല്ലെങ്കില്‍ വേദിയിലിരുന്ന എഴുത്തുകാര്‍ക്ക്‌ ശോഭ പോരാത്തതുകൊണ്ടാണോ.?
ഇതൊന്നുമല്ലെങ്കില്‍ അധ്യാപകരെ അധ്യാപകരാക്കുന്ന ഇവിടുത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്‌ കാര്യമായ പോരായ്‌മ ഉള്ളതുകൊണ്ടാണെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.മിക്കവാറും അതായിരിക്കാനാണിട.എഴുന്നേറ്റ്‌ നിന്ന്‌ അവിടെ നടക്കുന്ന മുഖ്യവിഷയത്തിലൂന്നി ഒരു കാര്യം പോലും തിരക്കാന്‍ കഴിയാത്തവരാണ്‌ ആ അധ്യാപകരെങ്കില്‍ അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരായിത്തീരാനാണിട.!
എനിക്ക്‌ അമര്‍ഷമുണ്ട്‌.സര്‍ക്കാരിനോടല്ല,സംഘാടകരോടല്ല,പ്രതിബദ്ധതയില്ലാതെ എന്തോ എന്തിനോ കാട്ടിക്കൂട്ടന്ന ഈ അസിസ്റ്റന്‌റ്‌ പ്രൊഫസര്‍മാരോട്‌.ഇവരൊക്കെ നോവലുകള്‍ വായിക്കാതെയും അതിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കാതെയും ഇരിക്കുന്നതാണ്‌ നല്ലത്‌.അതേപോലെ ഇത്തരം മൂല്യശോഷണം വന്ന സദസ്സുകളിലേക്ക്‌ സംവാദത്തിനെന്ന പേരില്‍ എഴുത്തുകാരെ എഴുന്നള്ളിക്കാതിരിക്കാനും മാന്യത കാട്ടണം.വേറൊന്നുമല്ല,ഏര്‍പ്പെടുന്ന പ്രവൃത്തി നാലാളറിയുന്ന വിധത്തില്‍ വൃത്തിയായി ചെയ്യുന്നവരാണ്‌ എഴുത്തുകാരിലെ പലരും.ബധിരതയും മൂകതയും സമ്മേളിക്കുന്നിടത്ത്‌ കാഴ്‌ചവസ്‌തുവാക്കാനുള്ളതല്ല എഴുത്തുകാരനെ.

(യുവ @ ഹൈവേ-പുതിയ ലക്കം)

29 comments:

  1. Replies


    1. ബ്രണ്ണന്‍ കോളേജിലെ ശില്പശാലയില്‍ ‍ മുഴുവന്‍ ‍ സമയവും പങ്കെടുത്ത ഒരാളെന്ന നിലയിലാണ് ഈ കുറിപ്പ്. മുഴുവന്‍ ‍ സമയം പങ്കെടുത്ത ഒരാളും കേവലം ഒന്നര മണിക്കൂര്‍ ‍ മാത്രം കണ്ടിരുന്ന ഒരാളും തമ്മിലുള്ള ഒരു സംവാദമായി ഈ കുറിപ്പ് കലാശിക്കരുതെന്ന മോഹവും ഉണ്ട്.

      2000 ത്തിനു ശേഷം മലയാളത്തില്‍ ‍ എഴുതപ്പെട്ട നോവലുകളെ കേന്ദ്രീകരിച്ചുകൊണ്ട് ,ഞാന്‍ ‍ മനസ്സിലാക്കിയതനുസരിച്ചു കേരള സര്‍ക്കാരിന്റെ കേവലം 20000 രൂപ പ്ലാന്‍ ‍ ഫണ്ട്‌ സംഖ്യ ഉപയോഗിച്ച് നാല്പതോളം അധ്യാപകര്‍‍ക്ക് താമസവും ഭക്ഷണവും യാത്രാപടിയും എഴുത്തുകാരെ വേദിയിലെത്തിക്കലും അടക്കം എല്ലാം ഭംഗിയായി നടത്തിയ ശില്പശാലയായിരുന്നു അത്( സംഘാടകരുടെ കയ്യില്‍ ‍ നിന്ന് കാശ് പോയിട്ടുണ്ടാവുമെന്നു മൂന്നര തരം ). അതിനെക്കാളും അപ്പുറം എന്നും മലയാള സാഹിത്യത്തിന്റെ പിന്നില്‍ ‍ കെട്ടിയ കലയായ നിരൂപണ സാഹിത്യത്തെ അക്കാദമികമായ സമീപനത്തിലൂടെയെങ്കിലും സമകാലീനമാക്കാനുള്ള , എന്ന് വെച്ചാല്‍ സുസ്മേഷ് അടക്കമുള്ള പുതിയ എഴുത്തുകാരെ സാഹിത്യത്തില്‍ പ്ലൈസ് ചെയ്യാനുള്ള മലയാളത്തിലെ ആദ്യത്തെ ശ്രമമായിരുന്നു അതെന്നു വേണം മനസ്സിലാക്കാന്‍ ‍.

      അതല്ലാതെ എഴുത്തുകാരെ വിളിച്ചു വരുത്തി ഞങ്ങള്‍ അധ്യാപകര്‍ ഞങ്ങളുടെ കയ്യിലുള്ള വിവരം അവരുടെ മുന്‍പില്‍ ‍ വിളമ്പി അവരെ ഞെട്ടിച്ചില്ല, അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാനം കെടുത്തിയില്ല അതല്ലെങ്കില്‍ അങ്ങനെ മാനം കെടുത്തി വിടാതിരിക്കാന്‍ ‍ മാത്രമുള്ള കയ്യിലിരിപ്പ് ഞങ്ങള്‍‍ക്കില്ല ഇത്രമാത്രമാണല്ലോ സുസ്മേഷിന്റെ ആരോപണത്തിന്റെ കഴമ്പ്. എഴുത്തുകാരെ വിളിച്ചു വരുത്തി ഞങ്ങള്‍ അധ്യാപകര്‍ ഞങ്ങളുടെ കയ്യിലുള്ള വിവരം അവരുടെ മുന്‍പില്‍ വിളമ്പി അവരെ ഞെട്ടിച്ചില്ല, അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാനം കെടുത്തിയില്ല അതല്ലെങ്കില്‍ അങ്ങനെ മാനം കെടുത്തി വിടാതിരിക്കാന്‍ ‍ മാത്രമുള്ള കയ്യിലിരിപ്പ് ഞങ്ങള്‍ക്കില്ല ഇത്രമാത്രമാണല്ലോ സുസ്മേഷിന്റെ ആരോപണത്തിന്റെ കഴമ്പ് . അതല്ലാതെ ആ രണ്ടു ദിവസങ്ങളില്‍ അവിടെ നടന്ന പ്രബന്ധ-ആശയാവതരണങ്ങളും അതിനു മുകളില്‍ ‍ നടന്ന ചര്‍ച്ചകളും അതിന്റെ ഗതി വിഗതികളും ഒന്നും സുസ്മേഷിനറിയുകയും ഇല്ല. ഒരു പ്രബന്ധാവതാരകാനും അവതാരികയും നിശിതമായ ചോദ്യങ്ങള്‍ ‍ നേരിടാതെയും അവനവനെ വിശദീകരിക്കാതെയും അവിടുന്ന് പോയിട്ടില്ല. പല പ്രബന്ധങ്ങള്‍ക്കും മികച്ച സപ്ലിമെന്‍ടെഷനുകള്‍‍ ഉണ്ടായിരുന്നു. ഏതൊക്കെ തന്നെ ആ ശില്പശാല വിഭാവനം ചെയ്ത ഓരോ ത്രസ്റ്റ്നോടും പൂര്‍‍ണ്ണമായും നീതി പുലര്‍ത്തുന്നവയും ആയിരുന്നു.ദുര്‍ബലമായ അവതരണങ്ങള്‍ ‍ തീര്‍‍ച്ചയായും ഉണ്ടായിരുന്നു. അത് വിരലില്‍ എണ്ണാവുന്നവ. നിശിതമായി അവയും വിമര്‍‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്ത അവസരത്തില്‍ ‍ അവരാകും മികച്ച അവതാരകര്‍ . അതാണ്‌ മുന്‍ ‍ അനുഭവം. പിന്നെ അവിടെ ഇരുന്ന ഒരു കോളേജ് അധ്യാപകനെയും /അധ്യാപികയെയും ആരും ഒരു സുപ്രഭാതത്തില്‍ വിളിച്ചു 'നാളെ മക്കള്‍ പോയി കോളേജില്‍ ‍ പഠിപ്പിച്ചോ' എന്നും പറഞ്ഞു പണി തന്നതല്ല. ഹൈമെരിറ്റില്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ ‍ കഴിഞ്ഞ് അനുബന്ധ ഗവേഷണ ബിരുദങ്ങളും യു ജി സി യുടെ ടെസ്റ്റും കേരള പബ്ലിക് സര്‍‍വീസ് കമ്മീഷന്‍ ‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കേരള സര്‍ക്കാര്‍ 'ശരി നീയിതിനു യോഗ്യന്‍ ‍/ യോഗ്യ' എന്നും പറഞ്ഞു തെരഞ്ഞെടുത്തതാണ്. മഹാന്മാരായ അധ്യാപകരെ ഓര്‍ക്കുന്നത് നല്ലത് തന്നെ. അവരില്‍ ചിലരുടെ വിദ്യാര്‍‍ഥി ആയിരിക്കാന്‍ യോഗം ഉണ്ടായിട്ടുള്ള ഒരാളാണ് ഞാനും. അവര്‍ ‍ അക്കാലത്ത് നേരിട്ട എഴുത്തുകാര്‍ ‍ നവോഥാന കാലത്തെ വന്മലകളും ആധുനികതയുടെ കാലത്തെ ആഴക്കടലുകളും ആയിരുന്നു.ഇന്നും ഉയരവും ആഴവും അക്കാദമിക ലോകം പോലും വേണ്ടത്ര നിര്‍‍ണ്ണയിച്ചു കഴിഞ്ഞിട്ടില്ലാത്തവര്‍ ‍.ഞങ്ങളുടെ മുന്‍‍ തലമുറയിലെ അധ്യാപകര്‍ ‍ ആര്‍ജ്ജിച്ചതും അതിനു ശേഷം രൂപപ്പെട്ടതുമായ സകല വൈഞാനിക മേഖലകളെയും കയ്യെത്തിപ്പിടിക്കാന്‍‍ ആയുന്ന ഒരു തലമുറയിലെ അധ്യാപകരാണ് അവിടെ ഇരുന്നത് എന്നുകൂടി ഓര്‍ക്കണം . അത് മാത്രമല്ല, അമര്‍ത്തി രണ്ടു ചോദ്യം ചോദിച്ചാല്‍ ‍ പപ്പടം പൊടിയും പോലുള്ള സാഹിത്യമേ ' പണി നന്നായിട്ട് അറിയുന്നവര്‍' എന്ന് സുസ്മേഷ് പ്രഖ്യാപിച്ച എഴുത്തുകാരില്‍ ‍ പലര്‍ക്കും ഉള്ളൂ എന്ന വാസ്തവം മറന്നു കൊണ്ടായിരുന്നില്ല ഞങ്ങളില്‍ പലരും അവിടെ ഇരുന്നത്.
      ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ നീളുന്ന ഈ സംവാദ സമാഗമം അനാവശ്യമായ ഇകഴ്തലുകളിലേക്ക് കടക്കരുതെന്നും ഒരു സൌഹൃദാന്തരീക്ഷത്തില്‍ ‍ കാര്യങ്ങള്‍ ‍ നീങ്ങണം എന്ന ബോധ്യവുമാണ് സുസ്മേഷ് പറഞ്ഞ നിശ്ശബ്ദതയുടെ മുഖ്യ കാരണം. അതല്ലാതെ സുസ്മേഷ് അടക്കമുള്ള എഴുത്തുകാരുടെ പ്രതിഭ കണ്ടു ഭയന്നിട്ടോ അവരെ അളക്കാന്‍ ‍ അളവ് കോലുകള്‍ ‍ ഇല്ലാഞ്ഞിട്ടോ അല്ലെന്നു ധരിച്ചു വെച്ചാല്‍ ‍ ഇവരൊക്കെ എഴുതുന്നതിന്റെ മൂല്യം, അങ്ങനെയൊന്നു ഉണ്ടെങ്കില്‍, വെളിപ്പെടുത്താനുള്ള ചില ഇടങ്ങളെയെങ്കിലും 'സര്‍ക്കാരിന്റെ ഫണ്ട്‌' കൊണ്ട് സൃഷ്ടിക്കുന്നത് ഞങ്ങളെക്കാള്‍ ‍ ഭാവിയില്‍ പ്രയോജനം ചെയ്യുക ഇവര്‍ക്കൊക്കെ തന്നെയായിരിക്കും.

      Delete
    2. ''അമര്‍ത്തി രണ്ടു ചോദ്യം ചോദിച്ചാല്‍ ‍ പപ്പടം പൊടിയും പോലുള്ള സാഹിത്യമേ ' പണി നന്നായിട്ട് അറിയുന്നവര്‍' എന്ന് സുസ്മേഷ് പ്രഖ്യാപിച്ച എഴുത്തുകാരില്‍ ‍ പലര്‍ക്കും ഉള്ളൂ എന്ന വാസ്തവം മറന്നു കൊണ്ടായിരുന്നില്ല ഞങ്ങളില്‍ പലരും അവിടെ ഇരുന്നത്.''
      ഇങ്ങനെ ആസനം അമര്‍ത്തിയുറപ്പിച്ച് രണ്ടു ചോദ്യം തദവസരത്തില്‍ ചോദിക്കാതിരുന്നതെന്തെന്നുമാത്രമേ ഞാനും പ്രതികരണത്തില്‍ ചോദിച്ചിട്ടുള്ളൂ സുഹൃത്തേ.ഇപ്പോള്‍ പോലും നിങ്ങളെന്തിനു സ്വന്തം പേര് വെളിപ്പെടുത്താന്‍ ഭയക്കുന്നു/മടിക്കുന്നു/ലജ്ജിക്കുന്നു/സംശയിക്കുന്നു?
      എന്തായാലും പറയേണ്ടത് തന്നെയാണ് ഞാന്‍ പറഞ്ഞതെന്ന് ഈ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കുന്നു.അതെന്‍റെ സന്തോഷം.

      Delete
  2. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാന്‍ ആഗ്രഹത്തോടെ ആയിരം പേര്‍ പുറത്തു നില്‍ക്കുമ്പോഴാണ് അക്കാദമിക താല്പര്യം പോലും പുലര്‍ത്താത്ത അധ്യാപകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് എന്നത് ഏറെ അസ്വസ്ഥത ഉളവാക്കുന്നു. പ്രതികരണമില്ലാത്ത ഒരു സദസ്സിനു മുന്നില സംവാദത്തിനിരുന്നാല്‍ മനസ്സിലുണ്ടാകുന്ന അമര്‍ഷം ഉള്‍ക്കൊള്ളുന്നു സുസ്മേഷ്.

    ReplyDelete
  3. ആരോടും ഉത്തരം പറയേണ്ട ബാധ്യതയില്ലെങ്കില്‍ .......പിന്നെ

    ReplyDelete
  4. This is not confined to Kerala only. I am a Professor of Computer Science working in north India. Here the situation is worse than that in Kerala. A couple of weeks before, I had an opportunity to attend the World IT Forum held at Vigyan Bhavan, New Delhi. Representatives from more than 27 countries were there. The situation was not different from that narrated by Shri. Susmesh. People with proper academic and research interests are very less in academics now. Teaching is the "last option" for everybody. Neither a passion nor a choice.

    ReplyDelete
    Replies
    1. നന്ദിയും സന്തോഷവും സര്‍ .എതിരഭിപ്രായങ്ങളും വരുന്നുണ്ട്.ചര്‍ച്ച ഗുണപ്രദമാകട്ടെ എന്ന് പ്രത്യാശിക്കാം.

      Delete
  5. സുസ്മേഷ് പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്....ഏത് വഴിയിലൂടെയെങ്കിലും യോഗ്യതകള്‍ സമ്പാദിച്ചു ജോലിയില്‍കയറിക്കുടുക, മാക്സിമം ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്നല്ലാതെ ഇക്കൂട്ടര്‍ക്ക് വേറൊരു ലകഷ്യവുമില്ല...ശരിക്കും വിദ്യാര്‍ത്ഥികളെ ഓര്‍ക്കുമ്പോഴാണ് സങ്കടം....

    ReplyDelete
  6. പതിവ് സെമിനാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ശിൽ‌പ്പശാലയാണ് അവിടെ സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. നല്ല രീതിയിൽ തന്നെ ശിൽ‌പ്പശാല പ്രയോജനപ്പെട്ടു എന്നാണ് ക്യാമ്പിൽ രണ്ടു ദിവസവും പങ്കെടുത്ത അംഗമെന്ന നിലയിൽ എനിക്കു പറയാനുള്ളത്. എങ്ങനെയെങ്കിലും തല്ലിക്കൂട്ടി പ്രബന്ധം അവതരിപ്പിച്ച് പോവാമെന്ന് ആർക്കും അവിടെ കരുതാനാവുമായിരുന്നില്ല. അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും അടങ്ങുന്ന സദസ്സ് വളരെ ഗൌരവത്തോടെയാണ് ഓരോ അവതരണങ്ങളേയും സമീപിച്ചത്. പത്തുമിനുട്ട് പേപ്പറിനും ഇരുപതു മിനുട്ട് ആ പേപ്പറിനേക്കുറിച്ചുള്ള സംവാദവുമെന്ന നിലയിൽ നടന്ന ശിൽ‌പ്പശാല ഞങ്ങൾക്ക് പുതിയൊരനുഭവമായിരുന്നു. ഡിസ്കഷനുകൾ കൂടുതൽ സമയത്തേക്ക് നീണ്ടുപോവുകയുണ്ടായി ആദ്യ ദിവസം. ഏറ്റവും ഒടുവിലാണ് എഴുത്തുകാരുമായി സംവാദമുണ്ടായത്. അപ്പോഴേക്കും വളരെ വൈകിയിരുന്നു. എങ്കിലും ഖദീജ മുംതാസും സുഭാഷ് ചന്ദ്രനും സുസ്മേഷ് ചന്ത്രോത്തും രാജു .കെ. വാസുവും ഒക്കെ അടങ്ങുന്ന ആ സെഷൻ എഴുത്തുകാരോടുള്ള ബഹുമാനം കൊണ്ട് നിറഞ്ഞിരുന്നു. സാധാരണയിൽ കവിഞ്ഞ അഹം ഭാവമുള്ള സുഭാഷ് ചന്ദ്രനോട് പോലും വളരെ അനായാസമായി ഇടപെടാൻ സദസ്സിന് കഴിഞ്ഞിരുന്നു. രാജു കെ വാസുവിന്റെ “ചാവൊലി” എന്ന നോവലിന് അക്കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന, സംഘാടകരിൽ ഒരാളും കൂടിയായ സന്തോഷ് മാണിച്ചേരി നടത്തിയ പഠനത്തെക്കുറിച്ചും അതുവഴി ആ പുസ്തകവും താനും ശ്രദ്ധിക്കപ്പെട്ടതുമൊക്കെ എഴുത്തുകാരൻ തന്നെ പറഞ്ഞതുകേട്ടപ്പോൾ വളരെ അഭിമാനവും ഞങ്ങൾക്ക് തോന്നിയിരുന്നു. അതേപ്പറ്റി ഒന്നും പറയാഞ്ഞതെന്തേ? നേരമേറെ വൈകിയിട്ടും സദസ്സ് ഓരോരോ സംശയങ്ങളുമായിത്തന്നെ സംവദിക്കുകയായിരുന്നു. പോകാൻ ധൃതിയുണ്ടായത് വേദിയിലുണ്ടായിരുന്നവർക്കു തന്നെയായിരുന്നു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റപ്പെടുന്ന ഭാഗങ്ങൾ വിവാദമാകുന്നുവെന്ന സുഭാഷിന്റെ വേവലാതിയും വിശദീകരണവും തന്നെ പാതിയിലേറെ സമയമെടുത്തു. പലപ്പോഴും ഞാൻ ഞാൻ ഞാൻ എന്ന ആവർത്തനത്തിനപ്പുറം എഴുത്തിനെക്കുറിച്ച് വേദിയിൽ നിന്നും കാര്യമായൊന്നും കിട്ടിയതായി ഓർക്കുന്നില്ല.

    എല്ലാം തികഞ്ഞൊരു ശിൽ‌പ്പശാലയെന്ന് ഞങ്ങളാരും അവകാശപ്പെടില്ലെങ്കിലും വളരെ നല്ലൊരു സംരംഭമായിരുന്നു. സംഘാടകർ അഭിനന്ദനമർഹിക്കുന്നു. കൂടുതൽ മികച്ചതിലേക്കുള്ള യാത്രക്ക് ഇത് പ്രചോദനമാകട്ടെ. പാകപ്പിഴകൾ പരിഹരിച്ച് നമുക്ക് മുന്നോട്ട് പോകാം..കുട്ടികൾ പഠിച്ചാൽ വീട്ടുകാരുടേയും പഠിച്ചില്ലേൽ അധ്യാപരുടേയും കുറ്റമാണല്ലോ. നോക്കൂ, എഴുത്തുകാരോടും കുട്ടികളോടും സർവ്വോപരി സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവേണ്ട ഏക വിഭാഗം അധ്യാപകരാണോ? ഒരു സമൂഹത്തെയപ്പാടെ ആക്ഷേപിച്ചത് ശരിയായില്ല.
    ഇതേ സെമിനാറിൽ ഞാൻ അവതരിപ്പിച്ച പേപ്പറിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
    http://www.mathrubhumi.com/books/article/other_books/2134/#storycontent

    ReplyDelete
    Replies
    1. പ്രിയ സുഗന്ധി,
      സംവാദത്തില്‍ ലഭിച്ചതെന്ത് എന്നതിനെ മുന്‍നിര്‍ത്തിയാണ് എന്‍റെ കുറിപ്പ്.ശില്പശാല വിജയമായിരുന്നു എന്ന് അറിയിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കട്ടെ.വായനക്കാരും ശ്രദ്ധിക്കുമല്ലോ.സെമിനാറില്‍ അവതരിപ്പിച്ച പേപ്പറിന്‍റെ ലിങ്ക് തന്നത് നന്നായി.എനിക്ക് വിഡ്ഢിത്തം പറ്റിയതെവിടെയെന്ന് വായനക്കാര്‍ക്ക് പെട്ടെന്ന് ഗ്രഹിക്കാനാവുമല്ലോ.

      Delete
    2. രാജു കെ വാസുവിന്റെ നോവൽ “ചാവുതുള്ളലാണ്. തെറ്റു പറ്റിയതിൽ ഖേദിക്കുന്നു.സുസ്മേഷിന്റെ പോസ്റ്റ് വായിച്ചയുടനായതുകൊണ്ട് ആ പേര് ആവർത്തിച്ചു പോയതാണ്.
      വിമർശനങ്ങൾ വേണം..പക്ഷേ എന്തൊക്കെ നടന്നു എന്നറിയാതെ അവനവന്റെ ബ്ലോഗിലായാലും എന്തും എഴുതാമോ? ഇപ്പറയുന്ന അധ്യാപകർക്കും സുസ്മേഷിന്റെ പ്രായമേയുള്ളൂ..തിരുത്തലുകൾ,നിർദ്ദേശങ്ങൾ ഒക്കെയല്ലേ ആരോഗ്യകരമായ ഒരു രീതി. തീർച്ചയായും ഞങ്ങൾക്കു മുന്നേ പോയ മഹാന്മാരായ അധ്യാപകരെ നമിക്കുന്നു. ഞങ്ങൾക്കുമുണ്ടാവണം കൃത്യമായ ജാഗ്രത. മൂല്യച്യുതികൾ ഏതു രംഗത്തെക്കുറിച്ചും പൊതുവായി പറയുന്നതാണ്. അത് മാറണം. പുതിയ കാലത്തിന്റെ, തലമുറയുടെ രീതികൾ കൂടുതൽ ക്രിയാത്മകമാകണം. ഇതൊക്കെ ആരാണ് സമ്മതിക്കാത്തത്? ഏതു കാലത്താണ് ഇതിലൊക്കെ പൂർണ്ണമായ തൃപ്തി ഉണ്ടാവുക. ഇക്കാലത്തെ എഴുത്തുകാർ, വിദ്യാർത്ഥികൾ, കുടുംബബന്ധങ്ങൾ, പ്രകൃതിയോടുള്ള സമീപനങ്ങൾ, ഇങ്ങനെ എല്ലാ രംഗത്തേയും പോലെയല്ലാതെ അധ്യാപകർക്കു മാത്രമായി ,കോളേജ് അധ്യാപകർക്കു മാത്രമായി,എന്തു മാറ്റമുണ്ടായിപ്പോയെന്നാണ്?

      Delete


    3. ബ്രണ്ണന്‍ കോളേജിലെ ശില്പശാലയില്‍ ‍ മുഴുവന്‍ ‍ സമയവും പങ്കെടുത്ത ഒരാളെന്ന നിലയിലാണ് ഈ കുറിപ്പ്. മുഴുവന്‍ ‍ സമയം പങ്കെടുത്ത ഒരാളും കേവലം ഒന്നര മണിക്കൂര്‍ ‍ മാത്രം കണ്ടിരുന്ന ഒരാളും തമ്മിലുള്ള ഒരു സംവാദമായി ഈ കുറിപ്പ് കലാശിക്കരുതെന്ന മോഹവും ഉണ്ട്.

      2000 ത്തിനു ശേഷം മലയാളത്തില്‍ ‍ എഴുതപ്പെട്ട നോവലുകളെ കേന്ദ്രീകരിച്ചുകൊണ്ട് ,ഞാന്‍ ‍ മനസ്സിലാക്കിയതനുസരിച്ചു കേരള സര്‍ക്കാരിന്റെ കേവലം 20000 രൂപ പ്ലാന്‍ ‍ ഫണ്ട്‌ സംഖ്യ ഉപയോഗിച്ച് നാല്പതോളം അധ്യാപകര്‍‍ക്ക് താമസവും ഭക്ഷണവും യാത്രാപടിയും എഴുത്തുകാരെ വേദിയിലെത്തിക്കലും അടക്കം എല്ലാം ഭംഗിയായി നടത്തിയ ശില്പശാലയായിരുന്നു അത്( സംഘാടകരുടെ കയ്യില്‍ ‍ നിന്ന് കാശ് പോയിട്ടുണ്ടാവുമെന്നു മൂന്നര തരം ). അതിനെക്കാളും അപ്പുറം എന്നും മലയാള സാഹിത്യത്തിന്റെ പിന്നില്‍ ‍ കെട്ടിയ കലയായ നിരൂപണ സാഹിത്യത്തെ അക്കാദമികമായ സമീപനത്തിലൂടെയെങ്കിലും സമകാലീനമാക്കാനുള്ള , എന്ന് വെച്ചാല്‍ സുസ്മേഷ് അടക്കമുള്ള പുതിയ എഴുത്തുകാരെ സാഹിത്യത്തില്‍ പ്ലൈസ് ചെയ്യാനുള്ള മലയാളത്തിലെ ആദ്യത്തെ ശ്രമമായിരുന്നു അതെന്നു വേണം മനസ്സിലാക്കാന്‍ ‍.

      അതല്ലാതെ എഴുത്തുകാരെ വിളിച്ചു വരുത്തി ഞങ്ങള്‍ അധ്യാപകര്‍ ഞങ്ങളുടെ കയ്യിലുള്ള വിവരം അവരുടെ മുന്‍പില്‍ ‍ വിളമ്പി അവരെ ഞെട്ടിച്ചില്ല, അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാനം കെടുത്തിയില്ല അതല്ലെങ്കില്‍ അങ്ങനെ മാനം കെടുത്തി വിടാതിരിക്കാന്‍ ‍ മാത്രമുള്ള കയ്യിലിരിപ്പ് ഞങ്ങള്‍‍ക്കില്ല ഇത്രമാത്രമാണല്ലോ സുസ്മേഷിന്റെ ആരോപണത്തിന്റെ കഴമ്പ്. എഴുത്തുകാരെ വിളിച്ചു വരുത്തി ഞങ്ങള്‍ അധ്യാപകര്‍ ഞങ്ങളുടെ കയ്യിലുള്ള വിവരം അവരുടെ മുന്‍പില്‍ വിളമ്പി അവരെ ഞെട്ടിച്ചില്ല, അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാനം കെടുത്തിയില്ല അതല്ലെങ്കില്‍ അങ്ങനെ മാനം കെടുത്തി വിടാതിരിക്കാന്‍ ‍ മാത്രമുള്ള കയ്യിലിരിപ്പ് ഞങ്ങള്‍ക്കില്ല ഇത്രമാത്രമാണല്ലോ സുസ്മേഷിന്റെ ആരോപണത്തിന്റെ കഴമ്പ് . അതല്ലാതെ ആ രണ്ടു ദിവസങ്ങളില്‍ അവിടെ നടന്ന പ്രബന്ധ-ആശയാവതരണങ്ങളും അതിനു മുകളില്‍ ‍ നടന്ന ചര്‍ച്ചകളും അതിന്റെ ഗതി വിഗതികളും ഒന്നും സുസ്മേഷിനറിയുകയും ഇല്ല. ഒരു പ്രബന്ധാവതാരകാനും അവതാരികയും നിശിതമായ ചോദ്യങ്ങള്‍ ‍ നേരിടാതെയും അവനവനെ വിശദീകരിക്കാതെയും അവിടുന്ന് പോയിട്ടില്ല. പല പ്രബന്ധങ്ങള്‍ക്കും മികച്ച സപ്ലിമെന്‍ടെഷനുകള്‍‍ ഉണ്ടായിരുന്നു. ഏതൊക്കെ തന്നെ ആ ശില്പശാല വിഭാവനം ചെയ്ത ഓരോ ത്രസ്റ്റ്നോടും പൂര്‍‍ണ്ണമായും നീതി പുലര്‍ത്തുന്നവയും ആയിരുന്നു.ദുര്‍ബലമായ അവതരണങ്ങള്‍ ‍ തീര്‍‍ച്ചയായും ഉണ്ടായിരുന്നു. അത് വിരലില്‍ എണ്ണാവുന്നവ. നിശിതമായി അവയും വിമര്‍‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്ത അവസരത്തില്‍ ‍ അവരാകും മികച്ച അവതാരകര്‍ . അതാണ്‌ മുന്‍ ‍ അനുഭവം. പിന്നെ അവിടെ ഇരുന്ന ഒരു കോളേജ് അധ്യാപകനെയും /അധ്യാപികയെയും ആരും ഒരു സുപ്രഭാതത്തില്‍ വിളിച്ചു 'നാളെ മക്കള്‍ പോയി കോളേജില്‍ ‍ പഠിപ്പിച്ചോ' എന്നും പറഞ്ഞു പണി തന്നതല്ല. ഹൈമെരിറ്റില്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ ‍ കഴിഞ്ഞ് അനുബന്ധ ഗവേഷണ ബിരുദങ്ങളും യു ജി സി യുടെ ടെസ്റ്റും കേരള പബ്ലിക് സര്‍‍വീസ് കമ്മീഷന്‍ ‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കേരള സര്‍ക്കാര്‍ 'ശരി നീയിതിനു യോഗ്യന്‍ ‍/ യോഗ്യ' എന്നും പറഞ്ഞു തെരഞ്ഞെടുത്തതാണ്. മഹാന്മാരായ അധ്യാപകരെ ഓര്‍ക്കുന്നത് നല്ലത് തന്നെ. അവരില്‍ ചിലരുടെ വിദ്യാര്‍‍ഥി ആയിരിക്കാന്‍ യോഗം ഉണ്ടായിട്ടുള്ള ഒരാളാണ് ഞാനും. അവര്‍ ‍ അക്കാലത്ത് നേരിട്ട എഴുത്തുകാര്‍ ‍ നവോഥാന കാലത്തെ വന്മലകളും ആധുനികതയുടെ കാലത്തെ ആഴക്കടലുകളും ആയിരുന്നു.ഇന്നും ഉയരവും ആഴവും അക്കാദമിക ലോകം പോലും വേണ്ടത്ര നിര്‍‍ണ്ണയിച്ചു കഴിഞ്ഞിട്ടില്ലാത്തവര്‍ ‍.ഞങ്ങളുടെ മുന്‍‍ തലമുറയിലെ അധ്യാപകര്‍ ‍ ആര്‍ജ്ജിച്ചതും അതിനു ശേഷം രൂപപ്പെട്ടതുമായ സകല വൈഞാനിക മേഖലകളെയും കയ്യെത്തിപ്പിടിക്കാന്‍‍ ആയുന്ന ഒരു തലമുറയിലെ അധ്യാപകരാണ് അവിടെ ഇരുന്നത് എന്നുകൂടി ഓര്‍ക്കണം . അത് മാത്രമല്ല, അമര്‍ത്തി രണ്ടു ചോദ്യം ചോദിച്ചാല്‍ ‍ പപ്പടം പൊടിയും പോലുള്ള സാഹിത്യമേ ' പണി നന്നായിട്ട് അറിയുന്നവര്‍' എന്ന് സുസ്മേഷ് പ്രഖ്യാപിച്ച എഴുത്തുകാരില്‍ ‍ പലര്‍ക്കും ഉള്ളൂ എന്ന വാസ്തവം മറന്നു കൊണ്ടായിരുന്നില്ല ഞങ്ങളില്‍ പലരും അവിടെ ഇരുന്നത്.
      ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ നീളുന്ന ഈ സംവാദ സമാഗമം അനാവശ്യമായ ഇകഴ്തലുകളിലേക്ക് കടക്കരുതെന്നും ഒരു സൌഹൃദാന്തരീക്ഷത്തില്‍ ‍ കാര്യങ്ങള്‍ ‍ നീങ്ങണം എന്ന ബോധ്യവുമാണ് സുസ്മേഷ് പറഞ്ഞ നിശ്ശബ്ദതയുടെ മുഖ്യ കാരണം. അതല്ലാതെ സുസ്മേഷ് അടക്കമുള്ള എഴുത്തുകാരുടെ പ്രതിഭ കണ്ടു ഭയന്നിട്ടോ അവരെ അളക്കാന്‍ ‍ അളവ് കോലുകള്‍ ‍ ഇല്ലാഞ്ഞിട്ടോ അല്ലെന്നു ധരിച്ചു വെച്ചാല്‍ ‍ ഇവരൊക്കെ എഴുതുന്നതിന്റെ മൂല്യം, അങ്ങനെയൊന്നു ഉണ്ടെങ്കില്‍, വെളിപ്പെടുത്താനുള്ള ചില ഇടങ്ങളെയെങ്കിലും 'സര്‍ക്കാരിന്റെ ഫണ്ട്‌' കൊണ്ട് സൃഷ്ടിക്കുന്നത് ഞങ്ങളെക്കാള്‍ ‍ ഭാവിയില്‍ പ്രയോജനം ചെയ്യുക ഇവര്‍ക്കൊക്കെ തന്നെയായിരിക്കും.


      Delete
    4. മറുപടി മുകളില്‍ വായിക്കുക.

      Delete
  7. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന ശില്പശാലയെക്കുറിച്ച് സുസ്മേഷിന്റെ രോഷ പ്രകടനം വായിച്ചു.പരിപാടിയുടെ സംഘാടകനെന്ന നിലയിലും സുസ്മെഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചയാലെന്ന നിലയിലും ചില കാര്യങ്ങള്‍ സൂചിപ്പിക്കാനാഗ്രഹിക്കുന്നു.അധ്യാപകരുടെ റിഫ്രക്ഷ്ര്‍ പ്രോഗ്രാം എന്ന നിലയില്‍ കോളേജില്‍ നടന്ന പരിപാടി വളരെ മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയ ഒരു പരിപാടിയായിട്ടാണ് ഞങ്ങള്‍ വിലയിരുത്തുന്നത്.പരിപാടിയുടെ ഭാഗമായി നടന്ന സംവാദത്തിലെ പ്രതികരണങ്ങളെ ആസ്പദമാക്കി ഒരു സാമാന്യ്വല്‍കരനതിലെത്തുന്നതും അത് പൊതു സത്യമായി അവതരിപ്പിക്കുന്നതും ശരിയാണോയെന്ന് സുസ്മെഷിനെ പോലുള്ളവര്‍ ചിന്തിക്കുന്നത് കൊള്ളാം ..ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള നോവലിനെ സൈദ്ധാന്തികമായി സ്ഥാന പ്പെടുത്താനുള്ള ഒരു പരിശ്രമമായിരുന്നു ആ ശില്പശാല .അതിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞു എന്നതാണ് ആ പരിപാടിയുടെ ഫലശ്രുതി.അത് കേവലം ഒരു സംവാദത്തെ പ്രതി ഇകഴ്ത്തി കാണിക്കുന്നത് സുസ്മെഷിനെ പോലെയുള്ള ഒരു എഴുത്ത് കാരനില്‍ നിന്ന് പ്രതീഷിക്കുന്ന കാര്യമല്ല.അത് ഞങ്ങളെ വേദനിപ്പിക്കുന്നു.പിന്നെ പൊതു പണത്തിന്റെ കാര്യം .പൊതുപണം പല രീതിയി ഗവ.അനുവദിക്കുന്നുണ്ട്.അത് കാര്യഷമമായി വിനിയോഗിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ആ ശില്പശാല.എഴുതുകാരുമായുള്ള സംവാദം എന്നാ സെഷന് പല നിലയിലും പരിമിതികളുണ്ടായിരുന്നു.എഴുത്തുകാര്‍ വേദിയിലെതുമ്പോള്‍ അവരുടെ പരിവേഷത്തില്‍ മാത്രം ചര്‍ച്ച ലഘൂകരിക്കപ്പെട്ടു പോവുന്നത് സാധാരണ കാണുന്ന കാര്യമാണ്.അതിനെ കുറിച്ച് മാത്രം വിലയിരുത്തി പരിപാടിയുടെ ഫലം നിര്നയിക്കാമോ.പുതിയ നോവലുകളെ കുറിച്ചുള്ള പഠനങ്ങളില്‍ എത്ര മാത്രം ഉണര്വുണ്ട്ടാക്കാന്‍ ഈ ശില്പശാലക്കു കഴിഞ്ഞു എന്നതില്‍ അവിടെ നടന്ന ചര്‍ച്ചകളുടെ സ്വഭാവം വിലയിരുത്തുന്ന ആര്‍കും മനസ്സിലാകുമെന്നിരിക്കെ അവിടെ വരാത്ത ആയിരക്കണക്കിന് വായനക്കാര്‍ക്ക് തെറ്റിധാരണ ഉണ്ടാക്കാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരമൊരു അഭിപ്രായ പ്രകടനം സുസ്മെഷില്‍ നിന്ന് ഒരിക്കലും പ്രതീഷിച്ചില്ല.

    ReplyDelete
    Replies
    1. ''എഴുത്തുകാര്‍ വേദിയിലെതുമ്പോള്‍ അവരുടെ പരിവേഷത്തില്‍ മാത്രം ചര്‍ച്ച ലഘൂകരിക്കപ്പെട്ടു പോവുന്നത് സാധാരണ കാണുന്ന കാര്യമാണ്.അതിനെ കുറിച്ച് മാത്രം വിലയിരുത്തി പരിപാടിയുടെ ഫലം നിര്നയിക്കാമോ.''
      പ്രിയ സന്തോഷ്,ഈ ഭാഗത്തിനോടാണ് ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതും.അത് പങ്കെടുത്തവരുടെ പോരായ്മയാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു.ആ അധ്യാപകര്‍ക്ക് ചര്‍ച്ച സജീവമാക്കാമായിരുന്നു.അതിനു കഴിയാത്തതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് വിട്ടുനില്‍ക്കാനാവില്ല.

      Delete
  8. കോളേജ് അധ്യാപകസംസ്കാരം എന്തെന്ന് ധരിച്ചിട്ടില്ലാത്ത സുസ്മേഷിന്റെ ആദ്യാനുഭവമാകും ഇത്.ഏതെങ്കിലും എൽ.പി.,യു.പി,കുട്ടികൾ പങ്കെടുക്കുന്ന എഴുത്തുകൂട്ടം ക്യാമ്പുകൾ സന്ദർശിക്കൂ..നിങളെ അവർ ചോദ്യശരങൾ കൊൺട് മൂടും.ഒപ്പം സ്നേഹവും വിശ്വാസവും ആർജ്ജവവും എന്തെന്ന് അനുഭവിച്ചറിയാം.അവരുടെ കൂടെ വരുന്ന വാധ്യാന്മാരും നിങളോട് എന്തെങ്കിലുമൊക്കെ ചോദിക്കും.അവർ സാഹിത്യം കൈകാര്യം ചെയ്യുന്നില്ലല്ലൊ..

    ReplyDelete
    Replies
    1. കേരളത്തിലെ സാധാരണ വിദ്യാലയങ്ങളില്‍ കുറെയൊക്കെ പോകാന്‍ കഴിഞ്ഞിട്ടുണ്ട്.താങ്കള്‍ പറഞ്ഞതുപോലുള്ള അനുഭവമാണ് ഉണ്ടായിട്ടുള്ളതും.എന്നാല്‍ b ed,phd വിദ്യാര്‍ത്ഥികളുമായുള്ള സംസാരത്തില്‍ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിക്കുക അപൂര്‍വ്വമാണ്.

      Delete
  9. നോ കമന്റ്സ്
    വിഷയം അറിയില്ലാത്തതുകൊണ്ടാണ്

    ReplyDelete
  10. മരണ വിദ്യാലയങ്ങള്

    ReplyDelete
  11. pl note sir, your presence in the programme was just two hours in the two days workshop,that too for the programme 'interaction with the writers'.By attending that session you have evaluated the two days workshop.i agree no questions were asked to you by the participants. it means you need to improve your presentation. please take this positively..
    a participant

    ReplyDelete
  12. സുസ്മേഷ്.കലാലയഅധ്യാപകരെമൊത്തമായി ഇങ്ങനെഅടച്ചുപറയരുത്..തലശ്ശേരിയില്‍
    നടന്ന..നോവല്‍സംവാദം..ഒരു..നല്ലതുടക്കമാവട്ടെ..ചിലമുന്‍വിധികള്‍..നിങ്ങളുടെ..വിചാരതിലുണ്ട്''

    ReplyDelete
  13. നല്ല സംവാദമാണ്.പ്രതികരണങ്ങൾ ഇനിയും വരട്ടെ.സുസ്മേഷ് നന്നായി തുടങ്ങിവച്ചു.

    ReplyDelete
    Replies
    1. താങ്കള്‍ക്കും താങ്കളുടെ അഭിപ്രായം പറയാം ശ്രീ രമേഷ് സുകുമാരന്‍ .
      എങ്കിലല്ലേ ഇത് സംവാദമാകൂ.

      Delete
  14. സര്‍ക്കാര്‍ പണം ഇങ്ങിനെ തെറ്റായിട്ടാണ് വിനിയോഗിക്കുന്നത് എന്നറിഞ്ഞതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ തെറ്റായി ഉപയോഗിക്കപ്പെടുന്നതിന്റെ പങ്കു സുസ്മേഷ് പറ്റിയിട്ടുണ്ടാകില്ല എന്നും, സര്‍ക്കാര്‍ പണം പേപ്പര്‍ വര്‍ക്കുകളിലൂടെ പെരുപ്പിച്ച് കാട്ടി അതിനു വേണ്ടി ഇരയായി തന്നെ ഉപയോഗപ്പെടുത്തിയതില്‍ സംഘാടകരോട് പ്രതിഷേധം അറിയിച്ചിട്ടാകും സുസ്മേഷ് പോന്നിട്ടുണ്ടാകുക എന്നും കരുതുന്നു.
    അല്ലാതെ വല്ലോം കൊത്തിത്തിന്നിട്ട്‌ കാക്കകളുടെ പോലെ വൈകുന്നേരം മേലില്‍ ഈ പണിക്കില്ല എന്ന് പറയുന്ന ട്ടൈപ്പല്ല സുസ്മേഷ് ചന്ദ്രോത്ത്...

    ReplyDelete
  15. എന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ alif shah,കൃത്യമായും അവര്‍ തന്ന പണം വാങ്ങുകയും സല്‍ക്കാരം സ്വീകരിക്കുകയും ചെയ്തിട്ടാണ് മടങ്ങിപ്പോന്നത് എന്നുകൂടി അറിയിക്കട്ടെ.കാരണം ഞാന്‍ പറഞ്ഞതുപോലെ ചെല്ലുകയും അവിടെ അവരുടെ മുന്നില്‍ ആവശ്യപ്പെട്ട സമയം മുഴുവന്‍ സ്വബോധത്തോടെ ഇരിക്കുകയും ചെയ്തതാണ്.അത് പ്രയോജനപ്പെടുത്താത്തതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്.അതുകൊണ്ടുതന്നെ എന്‍റേതല്ലാത്ത കാരണത്താല്‍ നടക്കാതെ പോയ സംവാദത്തിന് പരിഹാരമായി ഞാനെന്തിനു വണ്ടിക്കാശ് വാങ്ങാതിരിക്കണം?പിന്നെ, സംഘാടകരോട് ഞാനെന്തിനു പ്രതിഷേധം അറിയിക്കണം.?ഞാനാവശ്യപ്പെട്ടിട്ട് നടത്തിയ പരിപാടി അല്ലായിരുന്നല്ലോ അത്.
    അതുകൊണ്ട് alif shah, വിമര്‍ശനത്തെ നാമെല്ലാവരും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ പരിശീലിക്കുക.ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്താതിരിക്കുക.
    പ്രതികരിച്ചതിന് നന്ദി.ഇത് വായിക്കുമെങ്കില്‍ താങ്കള്‍ എനിക്കുള്ള മറുപടിയും തരിക.

    ReplyDelete
  16. എഴുത്തിന്റെ വിഷയത്തില്‍ താങ്കളുടെ ഭാഷയോടും അവതരണത്തോടും പുലര്‍ത്തുന്ന തികഞ്ഞ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ...
    ഇത്തരം മിക്ക പ്രോഗ്രാമുകളും പ്രഹസനങ്ങള്‍ മാത്രമാണെന്ന്
    അറിഞ്ഞിരിക്കേ വീണ്ടും അതില്‍ പങ്കെടുക്കുകയും അതിനെ വിമര്‍ശിക്കുകയും ചെയ്ത രീതിയെ ആണ് ഞാന്‍ പരോക്ഷമായി എതിര്‍ത്തത് ...
    എതിരഭിപ്രായങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ ആല്ലേ സംവാദം അതിന്റെ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ...
    പറയാനുള്ളത് പറയുന്നതിനെ കൊഞ്ഞനം കുത്തുക എന്നാ കുറ്റിയില്‍ കെട്ടരുത്...
    അതുകൊണ്ട് alif shah," വിമര്‍ശനത്തെ നാമെല്ലാവരും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ പരിശീലിക്കുക"
    ഈ വാക്ക് സ്വീകരിക്കുന്നു...
    വിയോജിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്ന നിലപാടുകളോട് വിയോജിപ്പുകള്‍ തുടരുകയും നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുകയും ചെയ്യുന്നു...

    ReplyDelete
    Replies
    1. പക്വമായ മറുപടിക്ക് ആദരം.വിയോജിപ്പുകളും യോജിപ്പുകളും നമുക്ക് തുടരാം.വിവാദം വേണ്ട സംവാദം മതി എന്ന പക്ഷമാണ് എനിക്കും.
      സ്നേഹം.നന്ദി.

      Delete
  17. ''അമര്‍ത്തി രണ്ടു ചോദ്യം ചോദിച്ചാല്‍ ‍ പപ്പടം പൊടിയും പോലുള്ള സാഹിത്യമേ ' പണി നന്നായിട്ട് അറിയുന്നവര്‍' എന്ന് സുസ്മേഷ് പ്രഖ്യാപിച്ച എഴുത്തുകാരില്‍ ‍ പലര്‍ക്കും ഉള്ളൂ എന്ന വാസ്തവം മറന്നു കൊണ്ടായിരുന്നില്ല ഞങ്ങളില്‍ പലരും അവിടെ ഇരുന്നത്.'' എന്ന് പറഞ്ഞ അജ്ഞാതനായ അധ്യപകാ.. എന്തൊരു ധാര്‍ഷ്ട്യമാണ് നിങ്ങളുടെ വാക്കുകളില്‍.. സുസ്മെഷിനെപ്പോലെയും, സുഭാഷ്ചന്ദ്രനെയും പോലെയുള്ള എഴുത്തുകാരെ മലയാളികള്‍ എന്തുമാത്രം ബഹുമാനിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ വിവരം വിളമ്പിയാല്‍ പറന്നുപോകുന്ന സാഹിത്യമേ അവര്‍ക്കുള്ളൂ എന്ന് പറഞ്ഞതിലൂടെ നിങ്ങളുടെ അല്പ്പത്തരമാണ് പുറത്തായത്. അങ്ങനെ നിങ്ങളുടെ ഔദാര്യത്തിലാണ് അവര്‍ അവിടന്ന് മനം കെടാതെ വന്നത് അല്ലെ. എന്തൊരു മഹാമനസ്കത! അവര്‍ക്ക് ഉത്തരം മുട്ടിപ്പോയാലോ എന്ന് പേടിച്ചാണ് നിങ്ങള്‍ മിണ്ടാതിരുന്നതും. നിങ്ങളൊക്കെ ഒന്ന് വിചാരിച്ചാല്‍ ഇടംകൈ കൊണ്ട് കിട്ടാവുന്നതാണ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. പിന്നെ ബാക്കി സാഹിത്യകാരന്മാര്‍ ജീവിച്ചുപോക്കോട്ടേ എന്ന് കരുതി വെറുതെ വിടുന്നതാണ്. നമിക്കുന്നു.. നിങ്ങളെ... പിന്നെ യു.ജി.സി, സെറ്റ്‌, നെറ്റ്, ഇതൊക്കെ കടലാസുയോഗ്യതകലാണ്.മികച്ചഅധ്യാപകന്‍ എന്ന യോഗ്യത ക്ലാസ്സില്‍ കുട്ടികള്‍ തരേണ്ടതാണ്.ഇതൊക്കെ പറയുന്ന ഞാന്‍ അജ്ഞാതയല്ല. അത്യാവശ്യം എഴുതുന്ന ഒരു സാധാരണ UP school അധ്യാപികയാണ്.

    ReplyDelete
  18. വാദത്തെ സംവാദമാക്കിയ എല്ലാ വായനക്കാര്‍ക്കും നന്ദി.തിരിഞ്ഞും മറിഞ്ഞും അഭിപ്രായം പറയുന്നത് നമുക്ക് തുടരാം.ഇതില്‍ ശത്രുതയോ ജാള്യമോ കാണേണ്ടതില്ലെന്ന് പറയട്ടെ.അഭിപ്രായം എന്തായാലും അത് പറയുക.എതിര്‍പ്പുകളെയും വിയോജിപ്പുകളെയും സംയമനത്തോടെ സ്വീകരിക്കുക.എല്ലാവരെയും സുഹൃത്തുക്കളായി കണ്ടാണ് ഞാന്‍ ബ്ലോഗ് എഴുതുന്നതും കമന്‍റുകള്‍ക്ക് മറുപടി എഴുതുന്നതും.

    ReplyDelete