കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന 2012 ലെ യുവപുരസ്‌കാറിന് ഇത്തവണ മലയാളത്തില്‍നിന്നും അര്‍ഹയായത് ലോപയാണ്.`പരസ്‌പരം' എന്ന കാവ്യപുസ്‌തകത്തിനാണ് മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ലോപയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
മലയാള കവിതയെ ബാധിച്ച തളര്‍ച്ച തന്നെ ബാധിക്കാതിരിക്കാന്‍ പരിശ്രമിക്കുന്ന കവയിത്രിയാണ് ലോപ എന്ന് അവരുടെ കവിതകള്‍ക്ക് വായിക്കുന്നൊരാള്‍ക്ക് മനസ്സിലാകും.യുവലോകത്തെ കാവ്യസപര്യയാല്‍ ദീപ്‌തമാക്കിയ ലോപയെ നമുക്ക് ആത്മാര്‍ത്ഥമായി അഭിനന്ദിക്കാം.
എഴുത്തുമേശതന്‍
ജനാലയ്‌ക്കപ്പുറം
വിളര്‍ത്തുപോകുന്ന
വ്യഥിതചന്ദ്രന്റെ
വെളിച്ചത്തില്‍ നിന്റെ-
യഴകു കണ്ടു ഞാന്‍
നിറമൊടുങ്ങാത്ത
കടല്‍ മയൂരമേ...(സ്വര്‍ണത്താമര)
ഇതാണ് ലോപയുടെ കവിതയുടെ ഭാവം.മാതൃഭൂമി വിഷുപ്പതിപ്പ് കവിതാമത്സരത്തില്‍ സമ്മാനാര്‍ഹയായ കാലം മുതല്‍ വായനക്കാരനെന്ന നിലയില്‍ ഞാന്‍ ലോപയെ പിന്തുടരുന്നു.പിന്നീടിങ്ങോട്ട് ഇടയ്‌ക്ക് സജീവമായും ഇടക്കാലം നിശ്ശബ്‌ദയായും മറ്റൊരവസരം ഇടവിട്ടിടവിട്ടും ലോപ കവിത നല്‍കിക്കൊണ്ടേയിരുന്നു.
`പരസ്‌പരം' എന്ന പുസ്‌തകം വന്നപ്പോള്‍ അത് വാങ്ങി പലര്‍ക്കും സമ്മാനിച്ചിരുന്നു.ഇടയ്‌ക്ക് ലോകത്തെ വെറുത്തിരിക്കുന്ന ഇടനേരങ്ങളില്‍ മറിച്ചുനോക്കി മനസ്സുമായി കിന്നരിക്കാനിടമൊരുക്കുന്ന കവിതകളാണിവ.അതില്‍ നമുക്ക് നമ്മെ കാണാന്‍ കഴിയും.മലയാള കവിത അന്തസ്സോടെ സഞ്ചരിച്ച വഴിയും കാണാനാവും.വിട്ടുപോന്ന തറവാടിന്റെ ഓര്‍മ്മയില്‍ തറവാടിത്തം വിടാതെ നടക്കുന്ന കവിയുടെ കാല്‍പ്പാടുകള്‍ പുതഞ്ഞതാണ് പരസ്‌പരത്തിലെ കവിതകള്‍ .
പരസ്‌പരത്തിന് അവതാരിക എഴുതിയ കെ.പി.ശങ്കരന്‍ മാഷ് പറയുന്നുണ്ട്,``ഇന്നത്തെ പുതുകവികളില്‍ ഭൂരിപക്ഷത്തിനും വൃത്തമോ ഈണമോ വേണമെന്നേയില്ല,അങ്ങനെയിരിക്കേ,ലോപ ഏറെ രചനകളിലും രണ്ടും നിലനിര്‍ത്തിയിരിക്കുന്നതില്‍ ഏതോ ആദിധാരയുടെ പ്രേരണയുണ്ടാവാം''എന്ന്.
കവിതയ്‌ക്ക് വൃത്തവും ഛന്ദസും വേണമെന്ന കാര്യത്തില്‍ എനിക്കുമില്ല കണിശത.പക്ഷേ കവിതയ്‌ക്ക് താളമുണ്ടാവണം.പദങ്ങളില്‍ പടരുന്ന ഉന്നതമായ ഒതു താളത്തില്‍ അനുവാചകഹൃദയമാനത്തേറി വിരിയുന്നതാവണം കവിത.
കൈകോര്‍ത്തൊപ്പം നടന്നാലും
കൈവിട്ടോടും മനസ്സിനെ
ഒന്നായിച്ചേര്‍ത്തുനിര്‍ത്തുന്ന
താലിനൂല്‍പ്പാലജാഗ്രത...
(പാലങ്ങള്‍ /ജീവിതം)
എന്നു വായിക്കുമ്പോള്‍ വായനക്കാരനെ അവനവന്റെ ജീവിതം വന്നു വിളിക്കാതിരിക്കില്ല.സമൂഹത്തോടും വ്യക്തിയോടും പിന്തിരിഞ്ഞുപോയിട്ട് വ്യര്‍ത്ഥസ്വപ്‌നങ്ങളെപ്പറ്റി മൂഢമനസ്സോടെ പാടുകയല്ല,പ്രതിബദ്ധത നിറഞ്ഞ ബോധത്തോടെ പ്രതികരിക്കുകയാണ് ലോപയുടെ കവിത.
മാധവിക്കുട്ടിയുടെ ചരമസംസ്‌കാരം നടക്കുമ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെപ്പറ്റി ലോപ എഴുതുന്നതില്‍ കവിയുടെ കണ്ണ് ജ്വലിക്കുന്നത് കാണാം.
പ്രഹസനങ്ങള്‍ തന്‍
തെരുവിലാഘോഷം
തിമര്‍ക്കയാണു നീ
ചിറകൊതുക്കുമ്പോള്‍ ..(സ്വര്‍ണത്താമര)
ഈ അടുത്തകാലത്താണ് ലോപ വീണ്ടും സജീവമായത്.ചില ഫോണ്‍ സംഭാഷണങ്ങളില്‍ എന്റെ പ്രിയസുഹൃത്തിനോട് ഞാന്‍ അപേക്ഷിക്കാറുണ്ടായിരുന്നു,കവിതയിലേക്ക് വരൂ എന്ന്.പതിഞ്ഞ ചിരിയുടെ മറുപടിക്കിപ്പുറം പ്രത്യാശ പുരട്ടിയ മൗനവുമായി ഞാന്‍ നിശ്ശബ്‌ദനാകും.എഴുതാതിരിക്കാനാവില്ല ഈ കവിക്കെന്ന് വായനക്കാരനുറപ്പുണ്ടല്ലോ.ലോപയുടെ കവിതയിലെ പല വരികളും നമ്മുടെ കൂടെ പോരും.കൂടെ പോരുന്ന ചില വരികള്‍ പൂര്‍വ്വികരുടെ അനുഗ്രഹസ്‌പര്‍ശങ്ങളെ നമുക്ക് കാട്ടിത്തന്നേക്കും.അതും ഒരു ധന്യതയാണ്.ഒന്നും മൗലികമായി ഈ ഭൂമിയിലില്ലല്ലോ.`ഒരു മുക്കൂറ്റിപ്പൂങ്കനകത്താക്കോലാല്‍ തുറന്ന മഹാവസന്തത്തിന്‍ നട' എന്നെഴുതി വായിക്കുമ്പോള്‍ അതിലെന്റെ പ്രിയമഹാകവി പി.കുഞ്ഞിരാമന്‍ നായരെ കാണാനാവുന്നത് സന്തോഷം തന്നെയാണ്.`സ്‌നേഹം തിങ്ങുന്ന കണ്ണെല്ലാം നിന്‍ പീലിക്കണ്ണുതാനെടോ' എന്ന് `കൃഷ്‌ണാര്‍പ്പണ'ത്തില്‍ ലോപ എഴുതുമ്പോള്‍ അതില്‍ `ഉണ്ണികൃഷ്‌ണനോട്' എന്ന കവിതയില്‍ ഇടശ്ശേരി കണ്ണനെ `എടോ' എന്നു വിളിച്ചതിന്റെ ധീരസാമ്യം നിഴലിച്ചിരിക്കുന്നതിനെപ്പറ്റി ശങ്കരന്‍ മാഷ് പറയുന്നുണ്ട്.``ഇതില്‍ ലോപയെപ്പോലെ ഉത്തിഷ്‌ഠമാനസയായ കവിക്ക് ലജ്ജിക്കാനൊന്നുമില്ല,`ഉണ്ണികൃഷ്‌ണനോട്' എന്ന രചനയിലെ ഉല്ലംഘത പുനരാവിഷ്‌കരിക്കുന്നതുപോട്ടെ,ഉള്‍ക്കൊള്ളുന്നതുപോലും പുതിയൊരു കവിക്ക് പ്രചോദകമല്ലേ'' എന്നാണ് മാഷ് ചോദിക്കുന്നത്.എത്ര അര്‍ത്ഥഗര്‍ഭമാണ് മാഷിന്റെ വിസ്‌താരം.ഇങ്ങനെയെങ്കില്‍ ഒരു പഴഞ്ചന്‍ കവിയാണോ ഈ ലോപ എന്നാരും ധരിക്കേണ്ട.
ഇലഞ്ഞിപ്പൂവുകള്‍ ചൊരിയുമോര്‍മ്മകള്‍
പുലരുന്നേയുള്ളൂ,കനിഞ്ഞുകിട്ടിയ
കടുനാളിന്റെ കൈപിടിച്ചു നീങ്ങുമ്പോള്‍
കുരുന്നുകാലടി പുണര്‍ന്നു പൂവിടാ-
തുറങ്ങിയേല്‍ക്കുന്ന വിളര്‍ത്ത മുറ്റങ്ങള്‍
വിയര്‍പ്പും ചോരയും കലര്‍ന്നപോലുപ്പില്‍
നിറങ്ങള്‍ ചാലിച്ച ബഹുവര്‍ണ്ണക്കളം
അടഞ്ഞ വാതിലിനകത്തു ചാനലിന്‍
പെരുമഴ വീണു നിറയും ടിവികള്‍
ഇലപോലും വിലകൊടുത്തു വാങ്ങുവോര്‍
വിളമ്പും സദ്യതന്‍ വിരോധാഭാസങ്ങള്‍ ..!(മടങ്ങും മുമ്പ്)
എന്തൊരു സന്തോഷമാണ് ഈ കവിതകള്‍ വായിക്കുമ്പള്‍ .!യുവപുരസ്‌കാരം അത് അര്‍ഹിക്കുന്ന കൈകളിലാണ് കിട്ടിയിരിക്കുന്നതെന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.തീര്‍ച്ചയായും സാമകാലികരായ കവികള്‍ നേര്‍ത്ത രോഷത്തോടെയും പരിഹാസത്തോടെയും എതിര്‍പ്പോടെയുമാവും ലോപയുടെ പുരസ്‌കാരലബ്‌ധിയെ സ്വീകരിക്കുക എന്നത് തര്‍ക്കമില്ലാത്ത വസ്‌തുതയാണ്.അവരുടെ വഴി വിട്ട പോക്കിനെ അനുകരിക്കാത്തതാണ് ലോപയുടെ വഴക്കം.2001 ല്‍ കലാകൗമുദിയില്‍ വിജയലക്ഷ്‌മി എഴുതിയ `ലോപയ്‌ക്ക്' എന്ന കവിത ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം.
ഇപ്പോഴും നില്‍ക്കുന്നൂ ഞാ-
നത്ഭുതാദരാല്‍ ,മഷി-
പ്പച്ചയും സ്ലേറ്റും കൈയി-
ലേന്തി നീയെഴുതുമ്പോള്‍ ,
`കോടിവാക്കുകള്‍ ..'കുഞ്ഞേ,
തേടുക പദം,പദം,
നേടുക ജഗല്ലയം
പദസന്നിധൗ മാത്രം!
ലോപയ്ക്ക് അഭിനന്ദനങ്ങള്‍ ..
ReplyDeleteസുഭാഷ് ചന്ദ്രൻ., ഹേമ, ലോപ....
ReplyDeleteഹാ! ലോപയ്ക്കു കൊടുത്തിടാ-
ReplyDeleteനൊരുകുലപ്പൂ നൽകിടാ,മെത്രയും
ചേലിൽ പൈതൃക താളമിട്ടു കവിത-
ക്കേകുന്നിവൾ ജീവനെ
ആലോചിക്കിലസാധ്യമിന്നു പുതുകാ-
വ്യക്കാർക്കു തുന്നാൻ പഴേ
ശീലിൽ, ച്ചാരുതമുറ്റിടുന്ന ചരടിൽ-
ക്കോർക്കുന്ന കാവ്യത്തിനെ
ലോപയ്ക്ക് ആയിരം അഭിനന്ദനങ്ങള്‍...,....
ReplyDeleteലോപയ്ക്ക് അഭിനന്ദനങ്ങള്‍
ReplyDeleteസുസ്മേഷിന് നന്ദി
വൃത്തവും ഈണവും ഉള്ള കവിതകളുടെ ആരാധകന്‍ എന്ന നിലയില്‍ യുവകവികള്‍ ഇങ്ങനെയെഴുതുന്നുവെന്ന് കേള്‍ക്കുന്നതെത്ര സന്തോഷം. മൂന്നുനാല് വര്‍ഷങ്ങളായിട്ട് വായനയെന്നാല്‍ ഇ-വായന മാത്രമായിരിയ്ക്കുന്നു. അതുകൊണ്ട് എഴുത്തുലോകത്തെ വാര്‍ത്തകള്‍ അറിയുന്നതും വിരളം. എന്തായാലും പുസ്തകം വാങ്ങാം.
അതേ യുവപുരസ്കാരം അത് അർഹിക്കുന്ന കൈകളിൽ തന്നെ കിട്ടി....ലോപ എന്റെ നാട്ടുകാരികൂടി ആകുമ്പോൾ ..ഇരട്ടി മധുരം...(ഈ അടുത്താണ് ഞാൻ അറിയുന്നത് ലോപ ഹരിപ്പാട് കാരിയാണെന്ന്.....)നന്ദി സുസ്മേഷ് ചേട്ടാ.....
ReplyDelete'സമകാലികരായ കവികള്‍ നേര്‍ത്ത രോഷത്തോടെയും പരിഹാസത്തോടെയും എതിര്‍പ്പോടെയുമാവും ലോപയുടെ പുരസ്‌കാരലബ്‌ധിയെ സ്വീകരിക്കുക എന്നത് തര്‍ക്കമില്ലാത്ത വസ്‌തുതയാണ്."'-ആയിരിക്കണമെന്നില്ല.താഴ്മതാനഭ്യുന്നതി എന്നറിയുന്നവരുമുണ്ടാകില്ലേ അവർക്കിടയിൽ?ജിയും പിയും ഒക്കെഗുരുസ്ഥാനത്തുള്ളവർ അവർക്കിടയിലും കാണില്ലേ?നന്മയുള്ളവർ നന്മയെ കാണാതിരിക്കില്ല.സുസ്മേഷ് നന്നായി എഴുതി.
ReplyDeleteഎന്റെ നാട്ടുകാരിയും അയലത്തുകാരിയുമായ ലോപക്കും
ReplyDeleteഇതെഴുതിയ സുഹൃത്ത് സുസ്മേഷിനും ആശംസകള്‍
അഭിനന്ദനങ്ങള്‍
ReplyDeleteലോപക്ക് അഭിനന്ദനങ്ങള്‍....
ReplyDeleteമറ്റൊരാള്‍ക്ക് കിട്ടിയ പുരസ്കാരത്തില്‍ സന്തോഷിക്കുന്ന താങ്കളുടെ നല്ല മനസിനും....
ലോപക്ക് അഭിനന്ദനങ്ങള്‍... ..... . ഒരു എഴുത്തുകാരന് ഇന്ധനം വായനക്കാരന്റെ പ്രതികരണമാണ്. വായന കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള സുസ്മേഷിന്റെ ശ്രമത്തിനും അഭിനന്ദനങ്ങള്‍.
ReplyDeleteലോപക്ക് അഭിനന്ദനങ്ങള്‍. . എഴുത്തുകാരന് ഇന്ധനം വായനക്കാരന്റെ പ്രതികരണമാണ്. വായന കൂടുതല്‍ പേരിലെത്തിക്കാനുള്ള നിങ്ങളുടെ ഈ ശ്രമത്തിനും അഭിനന്ദനങ്ങള്‍.
ReplyDelete:)
ReplyDeleteലോപയ്ക്ക് അഭിനന്ദനങ്ങള്‍
ReplyDeleteലോപയ്ക്കു എല്ലാ അഭിനന്ദനങ്ങളും ......
ReplyDeleteശുഭാശംസകള്‍ ......
“ഇനി നിന്റെ ചിരിയെന്റെ ഇരുൾ വീണ കരളിന്റെ
ReplyDeleteഇതളിൽ വീണലിയുവാനമൃതമായ് തൂവുക..“ ലോപയുടെ വരികളാണെന്നാണ് ഓർമ. ഓർമ ശരിയാണോ?
ലോപയ്ക്ക് അഭിനന്ദങ്ങൾ. ഷാജി നായരമ്പലം മുകളിൽ കുറിച്ച കമന്റ് കവിതയ്ക്കും
ReplyDeleteമാഷേ സമയം കിട്ടുമ്പോള്‍ ഇടയ്ക്കെന്റെ ബ്ലോഗില്‍ ഒന്ന് എത്തി നോക്കിയിട്ട് പോകണേ...
ReplyDeleteഎല്ലാ വായനക്കാരോടും നന്ദിയും സന്തോഷവും അറിയിക്കുന്നു.
ReplyDeleteഒരെഴുത്തുകാരന്‍ ഒരു യുവ കവിയത്രിയെ (ലോപ) പരിചയപ്പെടുത്തല്‍ എത്ര മാത്രം ലാളിത്യമുള്ളതും വളരെ പ്രോല്‍സാഹജനകവുമായ കാര്യം. സുഷ്മേഷ് ചന്ദ്രോത്തിന്‍റെ ഈ സഹൃദയത്തത്തിന് വളരെ നന്ദി. എങ്ങനെ എഴുത്തും ''ഇ'' വിനിമയവും ഒന്നിച്ചു കൊണ്ട് പോകുന്നതിന് പ്രത്യേകം ആദരവ്.
ReplyDeleteഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി.....
ReplyDelete