കഴിഞ്ഞ ഒരു മാസം ലോകത്ത് എന്തെല്ലാമാണ് സംഭവിച്ചത്..?ലോകത്ത് മാത്രമല്ല,നമ്മുടെ ഇന്ത്യയിലും കേരളത്തിലും ..?കുറെയൊക്കെ എനിക്കറിയാം.കുറേ കാര്യങ്ങള്‍ നമ്മളറിഞ്ഞിട്ടും കാര്യമില്ലാത്തവ.ചിലത് നമ്മളറിയാതെ പോകുന്നവ.എന്നെസംബന്ധിച്ച് ഇവിടെ തിരക്കുകളായിരുന്നു.കിളിയച്ഛനും കിളിയമ്മയ്ക്കും പിന്നെ എനിക്കും.ആ ദിവസങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.അങ്കണവാടിയും വിമാനത്താവളവും ഒന്നിച്ച് ചേര്‍ന്നതായിരുന്നു ഈ വീട്...!
ഇനി ക്രമത്തില്‍ത്തന്നെ പറയാം.പുതുവര്‍ഷത്തിന് ഞാന്‍ ചെന്നൈയിലായിരുന്നു.ഡിസംബര്‍ 30ന് പോയതാണ്.ജനുവരി 3നാണ് മടങ്ങിയെത്തിയത്.അപ്പോളേ എനിക്കു തോന്നിയിരുന്നു.തിരിച്ചുവരുന്പോള്‍ കണ്‍മണികള്‍ രണ്ടെണ്ണം കാണുമെന്ന്.പിങ്ക് നിറമുള്ള രണ്ട് മുട്ടകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്.അവയ്ക്ക് മാറിമാറി രണ്ടുപേരും അടയിരിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ പോയതും.ഒരു സമാധാനമുണ്ടായിരുന്നു.ഞാന്‍ ചെന്നൈയ്ക്ക് പോകുന്ന ദിവസം കിട്ടു കയറിവന്നിരുന്നു.ദയനീയമായിരുന്നു വരവ്.ആദ്യം വാതില്‍ പാതി മറഞ്ഞുനിന്ന് ഒന്നു കരഞ്ഞു.ഞാനീ ലാപ്പില്‍ നിന്ന് തലപൊക്കി നോക്കിയപ്പോള്‍ ആളൊന്നുകൂടി കരഞ്ഞിട്ട് അകത്തേക്കു കയറാതെ പുറത്തേക്കിറങ്ങി.എന്തോ പന്തികേട് മണത്ത ഞാന്‍ പിന്നാലെ ചെന്നു.സംശയിച്ചതുതന്നെ.തലേദിവസത്തെ പോരാട്ടത്തില്‍ എതിരാളി കിട്ടുവിനെ മലര്‍ത്തിയടിച്ചിരിക്കുന്നു.തുട പൊളിഞ്ഞിട്ടുണ്ട്.പിന്നിലെ ഇടംകാല്‍ നിലത്തുകുത്തുന്നില്ല.ഞാന്‍ പിന്നിലുണ്ടെന്നറിഞ്ഞതേ ടെറസില്‍ കിടന്ന് മൂപ്പര് പൊളിഞ്ഞ ഭാഗം കാണിച്ചുതന്നു.പരമാവധി ദയനീയത മുഖത്തുകൊണ്ടുവന്ന് എന്നെ നോക്കുന്നുമുണ്ട്.ഞാന്‍ അടുത്തുചെന്നിരുന്നു.തൊടാന്‍ സമ്മതിക്കുന്നില്ല.സര്‍ ചാത്തുവിന്‍റെ കാര്യസ്ഥനെപ്പോലെ കിട്ടുവിന്‍റെ കാലിനും മുടന്തായി.ഞാനവനോട് പറഞ്ഞു.
''നന്നായെടാ.ഇനിയെങ്കിലും നിന്‍റെ എടുത്തുചാട്ടം കുറേ കുറയുമല്ലോ.''
മൂന്നുകാലുകൊണ്ട് ഞാന്‍ എടുത്തുചാട്ടം തുടരും എന്ന മട്ടില്‍ കിട്ടു വയലിന്‍ വായിച്ചു.അവനെ എനിക്കറിയാം.പൂച്ചയാണെന്നു പറഞ്ഞിട്ടോ ഒരു തുള്ളി പുലിയാണെന്നു പറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല.'മനുഷ്യത്വം' കൂടുതലാണ്.ചെന്ന് കടി വാങ്ങും.അടിയും കടിയും കിട്ടിയാല്‍ കുറേ ദിവസത്തേക്ക് പരമസാത്വികനാണ് തന്പുരാന്‍.എവിടെയെങ്കിലും കിടന്നോളും.കടിച്ചുനേടാന്‍ ത്രാണിയില്ലെങ്കില്‍ അവന് വഴക്കിന് പോകേണ്ട കാര്യമുണ്ടോ.?അതവന്‍ അനുസരിക്കുകയുമില്ല.ഇത്തവണ ഞാന്‍ മഞ്ഞള്‍പ്പൊടി കലക്കി ധാര കോരാനൊന്നും നിന്നില്ല.ഒന്നാമത് എനിക്കു നേരമില്ല.രണ്ടാമത്,പലതവണയായി ഈ കലാപരിപാടി.നാണമില്ലാതെ കടി വാങ്ങി വരിക,കരഞ്ഞുനിലവിളിച്ച് സഹതാപം വാങ്ങിക്കൂട്ടി ലീവെടുത്ത് കിടക്കുക..
കിട്ടുവിനും മനസ്സിലായിക്കാണണം.ട്രീറ്റ്മെന്‍റ് തനിയെ നടത്തിക്കോളാം എന്ന മട്ടില്‍ ഓട്ടോറിക്ഷ പോകുംപോലെ മൂന്നുകാലില്‍ കോണിയിറങ്ങി ആള്‍ താഴേക്ക് പോയി.ഞാന്‍ അകത്തുകയറി യാത്രക്കായി ബാഗ് ഒരുക്കുന്പോള്‍ ജനല്‍പ്പടിയിലെ കിളിക്കൂട്ടില്‍ പൊരുന്നക്കിളി അര്‍ദ്ധസമാധിയില്‍ ഇരിപ്പുണ്ട്.ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു.എന്തായാലും കിട്ടുവിന് ഒരാഴ്ച സിക്ക് ലീവാണ്.സമാധാനം.(കതകടച്ചുപോയാല്‍ അവന് അകത്തു കയറാന്‍ പറ്റില്ല.അതറിയാം.എന്നാലും വെടിമരുന്നും തീയുമല്ലേ..!)
ചെന്നൈയില്‍നിന്ന് ഞാന്‍ എത്തിയത് പുലര്‍ച്ചെയാണ്.മുറി തുറന്ന് നോക്കുന്പോള്‍ കൂട്ടില്‍ ആരുമില്ല.മുറി കുറേക്കൂടി വൃത്തികേടായി ഏതാണ്ട് ആഴ്ചച്ചന്ത പോലായിട്ടുണ്ട്.നേരിയ പരിഭ്രമത്തോടെ ഞാന്‍ ജനല്‍പ്പടിയില്‍ പിടിച്ചുകയറി കൂട്ടിലേക്കുനോക്കി.ഒന്നും കാണാനില്ല.കൂട്ടില്‍ എന്‍റെ സ്പര്‍ശനമോ മണമോ ഏല്‍ക്കേണ്ടെന്നു കരുതി വളരെ ശ്രദ്ധിച്ചാണ് എന്‍റെ നീക്കം.ഒന്നും കാണാതെ വന്നപ്പോള്‍ പലവിധ ആശങ്കകളോടെ ഞാന്‍ കുറേക്കൂടി അടുത്തേക്കുചെന്ന് നോക്കി.അദ്ഭുതം!ഒരു മുട്ട അവിടെത്തന്നെയുണ്ട്.അതിനരികില്‍ അറപ്പിക്കുന്ന കറുപ്പും ചുവപ്പും കലര്‍ന്ന നിറത്തില്‍ ഒരു വസ്തു.!ഒരു മാംസത്തുണ്ട്!
ഇതാണോ കിളിക്കുഞ്ഞ്...?ഇതാണോ തൂവലും ഭംഗിയും വന്ന് പക്ഷിയായി ലോകത്തെ മയക്കുന്നത്..!
സത്യത്തില്‍ എനിക്ക് നിരാശയും വേദനയും തോന്നി.അതൊരു പുഴുവിനോളമേ ഉണ്ടായിരുന്നുള്ളൂ.അതാണെങ്കില്‍ വലിയ തല വലിച്ച് പൊട്ടാത്ത മുട്ടയ്ക്കുമേലെ ഇഴയുന്നു.ചിറകെന്നോ വയറെന്നോ പറയാനാവാത്ത ഭാഗം വികൃതമായി അനങ്ങുന്നതിനെയാണ് ഞാന്‍ ചലനമെന്നു പറഞ്ഞത്.
ഞാന്‍ താഴെയിറങ്ങി.പിന്നെ ആലോചിച്ചു.ഞാനുണ്ടായപ്പോഴും ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാം.ചോരയും നീരും പുരണ്ട് പൊക്കിള്‍ക്കൊടിയുടെ ഭാരവും വേദനയുമായി കണ്ണുതുറക്കാനാവാതെ ഞാനും കിടന്നിട്ടുണ്ടാവുമല്ലോ.എന്നെക്കണ്ടും ആരെങ്കിലും മുഖം തിരിച്ചിട്ടുണ്ടാവാം. എല്ലാ പിറവിയും വൈരൂപ്യത്തില്‍ നിന്നാവാം സൌന്ദര്യമെന്ന അഹന്തയിലേക്ക് വളരുന്നത്.അവസാനം ചെന്നെത്തുന്നതും വൈരൂപ്യമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണല്ലോ.സുന്ദരനും സുന്ദരിയുമായി മരിക്കുന്നവര്‍ അപൂര്‍വ്വമല്ലേ..?
അടങ്ങിയിരിക്കാനാവാതെ പിറ്റേന്നും ഞാന്‍ കയറിനോക്കി.'അത് ' അതേപടി തന്നെ.ഇണപ്പക്ഷികള്‍ വരുന്നുണ്ട്.എന്നെ അവഗണിച്ചും ഭയപ്പെടാതെയും തീറ്റ കൊടുക്കുന്നുണ്ട്.കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ.ഞാന്‍ വിചാരിച്ചു.രണ്ടുദിവസം കൂടി കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടയും വിരിഞ്ഞു.ആദ്യത്തെ കുഞ്ഞ് ഇപ്പോള്‍ അല്പം കിളിരൂപമായിട്ടുണ്ട്.ഇറച്ചിനിറം മാഞ്ഞു.രോമത്തിന്‍റെ ഒരു കറുപ്പ് പരന്നിട്ടുണ്ട്.സമാധാനമായി.ഇപ്പോള്‍ തീറ്റകുടിയാണ് പരിപാടി.രണ്ടാളും മത്സരിച്ചാണ് തീറ്റ കൊണ്ടുവരുന്നത്.വായ മാത്രം പാതാളം പോലെ വലുതായ ജീവി പിറന്നുവീണ കിളിക്കുഞ്ഞാവാം!
അങ്ങനെ എന്‍റെ നേരംപോക്ക് ഇതായി.എന്‍റെ ചലനം അറിഞ്ഞാലും കുഞ്ഞുങ്ങള്‍ വായ തുറന്ന് മേലേക്ക് നോക്കി തൊണ്ടയില്‍നിന്ന് ഒച്ചയുണ്ടാക്കും.പരമദയനീയമായ യാചന.അതിന്‍റെ ലോകത്ത് ചലനവും ശബ്ദവും എന്നാല്‍ ഭക്ഷണത്തിന്‍റെ വരവാണ്.!ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.കിളിയച്ഛനും കിളിയമ്മയും രാത്രി കൂട്ടില്‍ മക്കള്‍ക്ക് കൂട്ടിരിക്കുന്നില്ല.നേരം പുലരുന്പോഴാണ് രണ്ടാളും വരുന്നത്.അതു കൊള്ളാമല്ലോ എന്നായി ഞാന്‍.പിന്നെ പെട്ടെന്നാണ് വീട് അങ്കണവാടിയായത്.ആദ്യം പിറന്ന കുട്ടി കൂടിന് വെളിയിലേക്ക്,തൊട്ടടുത്തുള്ള അഴയിലേക്ക് പറന്നു.!അതോ ചാടിയതോ.?പിന്നെ കിളിയച്ഛന്‍റെ (അമ്മയുടെ) പരിശീലനപ്രക്രിയയാണ്.അടുത്ത അഴയിലിരുന്ന് ഒരുതരം ഒച്ചയുണ്ടാക്കിക്കൊണ്ട് അത് ചിറകടി കാണിച്ചുകൊടുക്കും.കുഞ്ഞിനുമുന്നില്‍ അങ്ങുമിങ്ങും പറന്നുകാണിക്കും.അസ്സല്‍ മിമിക്രി.നോക്കിനില്‍ക്കുന്ന നമ്മള്‍ അറിയാതെ ഇരുകൈയുമിളക്കിപ്പോകും.എന്നാലും കിളിക്കുഞ്ഞ് ഇതെല്ലാം നോക്കി കാലത്തു 'രണ്ടെണ്ണം' വിട്ടവനെപ്പോലെ തൂങ്ങിയിരിക്കും.കിളിക്കുഞ്ഞ് ഇരിക്കുന്നത് എവിടെയാണോ അവിടെവച്ചായി തീറ്റകൊടുക്കലൊക്കെ.ഞാന്‍ മുറിയിലെ വസ്ത്രങ്ങളും ബാഗുകളും മറ്റുമൊക്കെ സ്ഥലംമാറ്റി.കാരണം കിളിക്കുഞ്ഞുങ്ങളുടെ പ്രധാനവിനോദം തീറ്റ കഴിഞ്ഞാല്‍ ഉടനെ അപ്പിയിടുന്നതാണ്.ആദ്യമാദ്യം കുറെയൊക്കെ ഞാന്‍ മാറ്റി വൃത്തിയാക്കി.അപ്പോ തീറ്റ കൊടുത്തുകഴിഞ്ഞ് അടുത്തുതന്നെയിരുന്ന് വിശ്രമിക്കുന്ന വല്യകിളികളുടെ പരിപാടിയും ഇതുതന്നെയാണെന്ന് മനസ്സിലായി.രക്ഷിതാക്കളും കുട്ടികളും അപ്പിയിടല്‍ മത്സരം.അതും എന്നെ തോല്‍പ്പിക്കാന്‍.മുറി പാണ്ടുപിടിച്ചാലും വേണ്ടില്ല കക്ഷികള്‍ സ്ഥലം വിട്ടിട്ടേ ഇനി ആ മുറി വൃത്തിയാക്കലുള്ളൂ എന്ന് ഞാനും നിശ്ചയിച്ചു.
പിന്നെ പിന്നെ രണ്ടു കുട്ടികളും കൂടിയായി കളി.ഒരാള്‍ ഇത്തിരി പറന്നുതുടങ്ങി.(എന്നാല്‍,അതിന്‍റെ അഹങ്കാരമൊന്നും ഇല്ലാട്ടോ.ഹഹ..പഴേ തമാശ.ല്ലേ..?)മറ്റേയാള്‍ ഒരുനാള്‍ ഞാനും വളരും വലുതാകും എന്ന മട്ടില്‍ നോക്കിയിരിക്കും.ഇതിനിടയിലാണ് രക്ഷിതാക്കളുടെ പരിശീലനവും താരാട്ടും തീറ്റെകാടുക്കലും.
കിളിമക്കള്‍ പറന്നു തുടങ്ങിയതോടെ അടുത്ത പ്രശ്നം തലപൊക്കി.കിട്ടു ചില എക്സര്‍സൈസുകള്‍ കാലത്തും വൈകിട്ടും അടുത്ത വീട്ടില്‍ കിടന്ന് ചെയ്യുന്നത് ഞാന്‍ കാണാനിടയായി.ഒന്നുകില്‍ കടിയും വാങ്ങി നാണമില്ലാതെ കിടക്കാന്‍,അല്ലെങ്കില്‍ കിളിമക്കളുടെ ഇളംമാംസത്തിന്‍റെ രുചിയറിയാന്‍ പല്ലും രാകി മുകളില്‍ കേറിവരാന്‍..രണ്ടായാലും പ്രശ്നമാണ്.ഒറ്റ വഴിയേയുള്ളു.തല്‍ക്കാലത്തേക്ക് കിട്ടുവിനെ കണ്ടഭാവം വയ്ക്കാതിരിക്കുക.ഞാന്‍ അതുതന്നെ ചെയ്തു.അതോടെ ആ പ്രശ്നം ഒതുങ്ങി.അപ്പോഴേക്കും കിളിക്കുട്ടികള്‍ നിലത്തും നടുമുറിയിലും വന്നിരിക്കുന്നതും മറ്റും പതിവായി.ഞാന്‍ പുറത്തുപോയി വന്നാല്‍ വളരെ സൂക്ഷിച്ചേ അകത്തു കടക്കൂ.രണ്ടും കൂടി എവിടെയാ ഇരിക്കുക എന്നറിയില്ലല്ലോ.അറിയാതെങ്ങാനും ചവിട്ടിപ്പോയാലോ..ചിലപ്പോ മുറിയില്‍ ചെന്നുനോക്കുന്പോള്‍ ഒന്നിനെ കാണാനുണ്ടാവില്ല.പിന്നെ അതിനെ വിളിച്ച് നടക്കലാവും എന്‍റെ പണി.ഒടുവില്‍ കട്ടിലിനടിയിലോ ഭിത്തിയിലെ കോണ്‍ക്രീറ്റ്തട്ടില്‍ വച്ചിരിക്കുന്ന തട്ടുമുട്ടു സാധനങ്ങള്‍ക്കിടയിലോ ഇരുന്ന് ഉറങ്ങുന്നുണ്ടാവും.സംഗതി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ നമ്മുടെ ആവലാതി ഒഴിഞ്ഞു.ശരിക്കും കുട്ടികളെ വളര്‍ത്തുന്നതിന്‍റെ പങ്കപ്പാട് ഞാന്‍ കുറേയൊക്കെ മനസ്സിലാക്കിയത് ഇതോടെയാണ്.
അങ്കണവാടിയായ് വീട് മാറി.പിന്നെ പരിശീലനപ്പറക്കല്‍ നടുമുറിയിലൂടെയായി.വിമാനങ്ങള്‍ പറന്നിറങ്ങുകയും ഉയരുകയും ചെയ്യുന്ന വിമാനത്താവളം.പറക്കുന്ന പക്ഷികളെ മുട്ടാതെ നടക്കേണ്ട അവസ്ഥയായി എനിക്ക്.തരിപോലും പേടിയില്ല വല്യ രണ്ടു കിളികള്‍ക്കും.വാസ്തവത്തില്‍ അവരുടെ ഔദാര്യം പോലെയായിരുന്നു ആ ദിവസങ്ങളിലെ എന്‍റെ അവിടുത്തെ താമസം.അതായത് രാത്രി കുട്ടികള്‍ രണ്ട് അഴകളിലുമായിട്ടാവും ഇരുന്ന് ഉറങ്ങുന്നത്.അഴയില്‍ വിരിച്ചിട്ട തോര്‍ത്തു പോലും എനിക്കടുക്കാനാവില്ല.അഴയനങ്ങിയാല്‍ അവരുടെ ഉറക്കം പോകുമല്ലോ.ഉറക്കം കാണാനും നല്ല രസമാണ്.തല എവിടെയാണെന്ന് മനസ്സിലാവില്ല.തല ദേഹത്ത് എവിടെയോ തിരുകിയിട്ടാണ് ഉറക്കം.അഴയില്‍ ഉരുണ്ട എന്തോ സാധനമിരിക്കുന്നതുപോലെയേ നമുക്കു തോന്നു.ഇതാണോ വളര്‍ന്ന് തൊപ്പിയും വാലും നിറവും കൊക്കുമുള്ള പക്ഷിയാവുന്നത്..?ഞാന്‍ ഏറെ നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും.വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്പോള്‍ നമ്മള്‍ ഒച്ചയനക്കങ്ങള്‍ ഒഴിവാക്കുമല്ലോ.
ഒരു ദിവസം വൈകിട്ട് പുറത്തുപോകാനായി ഞാന്‍ കുളിച്ചൊരുങ്ങി ആ മുറിയില്‍ ചെന്നു.അവരോട് പറയാതെ പോകാന്‍ തോന്നാറുണ്ടായിരുന്നില്ല.എന്‍റെ വീടിന്‍റെ ചലനം അവരായിരുന്നല്ലോ.ചൈതന്യവും.പക്ഷേ രണ്ടെണ്ണത്തില്‍ ഒരാളെ കാണാനില്ല.കാണാതായതാണ് അത്യാവശ്യം പറക്കാറായത്.ഞാന്‍ കുറേ തിരഞ്ഞു.ഒടുക്കം മുന്നിലെ ടെറസ്സില്‍ ചെന്നപ്പോള്‍ ദാ കക്ഷി അവിടെ ഇരിക്കുന്നു.കിട്ടു മുതല്‍ നാലഞ്ച് പൂച്ചകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്ന പരിസരമാണ് ഇത്.മണം കാറ്റില്‍ പരക്കാനും അവന്മാരുടെ മൂക്കിലെത്താനും അധികനേരം വേണ്ട.അതിനെ അവിടെ ഇരുത്തി ഞാനെങ്ങനെ മനസ്സമാധാനത്തോടെ പുറത്തുപോകും.!എനിക്കിതിനെ എടുത്ത് അകത്തു വയ്ക്കാം.പക്ഷേ എന്‍റെ മണം പുരണ്ടിട്ട് അതിനെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചാലോ.തനിയെ അധികം പറക്കാനും തീറ്റതേടാനും ആയിട്ടുമില്ല.ഞാന്‍ ശൂ..ശൂ...എന്നൊക്കെ കുറേ ഒച്ചവച്ചുനോക്കി.പേപ്പറെടുത്ത് അരികില്‍ തട്ടി അകത്തേക്ക് ഓടിച്ചുകയറ്റാന്‍ നോക്കി.അത് തമാശക്കളിയിലാണ്.അങ്ങുമിങ്ങും പറന്നുമാറും.അകത്തേക്കുമാത്രം കേറില്ല.എത്രപറഞ്ഞാലും കേള്‍ക്കാത്ത കളി.കുറുന്പ്.
ഒടുക്കം എന്‍റെ പുറത്തുപോകല്‍ മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.സമയം അപ്പോള്‍ സന്ധ്യ കഴിഞ്ഞിട്ടുണ്ട്.പിന്നെ ഒരു തോന്നലിന് ഞാന്‍ ജനലുകള്‍ മലര്‍ക്കെ തുറന്നിട്ടു.അപ്പോള്‍ എന്തുകൊണ്ടോ അത് അകത്തേക്ക് പറന്നുവന്നു.വലിയ ആശ്വാസത്തോടെ ഞാന്‍ എല്ലാം അടച്ചുപൂട്ടി പുറത്തുപോയി.
ഇങ്ങനെയായിരുന്നു ജനുവരിയിലെ എന്‍റെ ദിനരാത്രങ്ങള്‍.ശരിക്കും ആഹ്ലാദകരം.വീട് നിറയെ അനക്കം.തിളക്കം.ഉത്സാഹം.
എത്ര വേഗത്തിലാണ് കിളിക്കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായത്..അവയ്ക്ക് ഭംഗി വന്നത്..അവ തനിയെ പറക്കാറായത്..എത്ര ഇണക്കത്തിലാണ് അവ എന്നോട് പെരുമാറിയിരുന്നത്...സത്യത്തില്‍ ചെറിയ വേദന തോന്നി.അത്ര വേഗം അവ വലുതാകേണ്ടിയിരുന്നില്ല.ഇനി എപ്പോള്‍ വേണമെങ്കിലും അവയ്ക്ക് പറന്നുപോകാം.അതേപോലെ തന്നെ സംഭവിച്ചു.
ഒരു ദിവസം പുറത്തുപോയി രാത്രി ഞാന്‍ തിരിച്ചെത്തുന്പോള്‍ മുറി ശൂന്യമായിരുന്നു.ഇരുവരും വലുതായതില്‍ പിന്നെ കൂട്ടില്‍ക്കിടപ്പ് അവസാനിപ്പിച്ച് അഴയിലോ ജനല്‍ക്കന്പികളിലോ ആയിരുന്നു ഉറക്കം..ഇപ്പോള്‍ കൂടും ശൂന്യമായി,വീടും ശൂന്യമായി.
ഒരു കാര്യത്തില്‍മാത്രം വല്ലാത്ത ദുഖം തോന്നി.നാലാള്‍ക്കും എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നു.ഞാനുള്ളപ്പോള്‍ എന്‍റെ മുന്നിലൂടെ മക്കളെ പറത്തിക്കൊണ്ടുപോകാമായിരുന്നു.അതെനിക്ക് നിറയെ സന്തോഷമായേനെ.ഇതിപ്പോള്‍ എനിക്കറിയില്ല.അവര്‍ പറന്നുപോയതുതന്നെയാണോ എന്ന്.ഞാന്‍ ദുഖത്തോടെ നിലത്തുനോക്കി.അവര്‍ തിന്ന കുരുമുളക് മണി പോലത്തെ എന്തോ കായകള്‍ നിലം നിറയെ ചിതറിക്കിടക്കുന്നു.നിലത്തും ഇരുഭാഗത്തെയും ജനാലപ്പടിയിലും മറ്റു വസ്തുക്കളിലും ഉണങ്ങിയ കിളിക്കാട്ടം.പഴച്ചാറ് പിഴിഞ്ഞപോലെ തറനിറയെ കിളിത്തൂറല്‍.അന്നുരാത്രി ഈ വീട്ടില്‍ ഞാനനുഭവിച്ച ഏകാന്തതയാണ് ഏകാന്തത.എന്തൊരു നിശ്ശബ്ദതയായിരുന്നു ഇവിടെ.കണ്ണടച്ചാല്‍ തലങ്ങും വിലങ്ങും പറക്കുന്ന കിളികളും മക്കളുമായിരുന്നു മനസ്സില്‍.
പിറ്റേന്ന് കാലത്ത് ഞാനെന്തോ ചെയ്യുന്പോള്‍ ഒരനക്കം കേട്ടു.ജനല്‍ക്കന്പിയില്‍ ആ അച്ഛന്‍കിളിയും അമ്മക്കിളിയും.അവര്‍ തിരിച്ചുവന്നതോ എന്നെ കാണാന്‍ വന്നതോ.അടുത്തേക്ക് ചെന്ന് ഞാന്‍ ചോദിച്ചു.
''എവിടെ കിളിക്കുട്ടികള്‍...?''
അവര്‍ ഒന്നും പറഞ്ഞില്ല.മുറിയില്‍ ഒന്നു വട്ടം ചുറ്റിയിട്ട് രണ്ടാളും പുറത്തേക്ക് പറന്നുപോയി. യാത്ര പറയാനോ പറയാതെ മക്കളെ കൂട്ടി പോയതിന് ക്ഷമാപണം നടത്താനോ അവര്‍ വന്നത്.?അറിയില്ല.പിന്നീട് ഇന്നുവരെ അവര്‍ വന്നിട്ടുമില്ല.ആ മക്കള്‍ വലുതായി എന്‍റെ മുന്നിലൂടെ പറന്നാലും ഞാനവരെ ഇനി തിരിച്ചറിയുകയുമില്ല.ആ അച്ഛന്‍കിളിയെയും അമ്മക്കിളിയെയും പോലും അറിയുകയില്ല.അത്രയ്ക്കുണ്ട് നിസ്സാരനായ എന്‍റെ അറിവ്.
ഇപ്പോഴും ആ കൂട് അതേപടി ജനല്‍ക്കന്പിയിലുണ്ട്.കഴിഞ്ഞദിവസം വെറുതെ ഞാന്‍ കയറിനോക്കി.അതിനകത്ത് മാറാല നിറഞ്ഞിരിക്കുന്നു.ഉള്ളു നൊന്തു.എന്നിട്ടും കൈതൊട്ട് കൂട് വൃത്തിയാക്കാന്‍ തോന്നിയില്ല.അവര്‍ ഇനി ഈ കൂട് ആശ്രയിക്കുകയില്ലെന്നറിയാം.എങ്കിലും എന്‍റെ മണം പരന്നിട്ട് കൂടിനൊരു ദോഷവും വരേണ്ട..!
കഴിഞ്ഞ പോസ്റ്റിന് വായനക്കാര്‍ നല്‍കിയ സ്നേഹത്തിന് ആദരവോടെ..,ജനുവരിയുടെ വിഷാദം.
ReplyDelete:)
ReplyDeleteകൂടൊഴിഞ്ഞത് സങ്കടകരമാണെങ്കിലും
സാരല്ല.,
പറക്കമുറ്റിയപ്പോള്‍ പറന്നുപോയതാണല്ലോ എന്ന് ആശ്വസിക്കാം.
ഹൃദ്യമായ തുടര്‍ച്ച. നന്ദി.
കഴിഞ്ഞ പോസ്റ്റിന് മറുപടിയായി കിളിമുട്ടകള്‍ വിരിഞ്ഞ കാര്യം പറയാതിരുന്നപ്പഴേ ഉറപ്പിച്ചിരുന്നു പുതിയ പോസ്റ്റ് കിളിക്കുഞ്ഞുങ്ങളാണെന്ന്. എന്നാല്‍ ഇത്ര തീവ്രമായി ജീവിതം വരച്ചിടുമെന്ന് സങ്കല്പിച്ചിരുന്നില്ല.
ReplyDeleteമുട്ട വിരിഞ്ഞ കൌതുകം, വളരുന്നതിന്‍റെ ആഹ്ളാദം, കുസൃതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആനന്ദം, ഒടുവില്‍ അനിവാര്യമായ വേര്‍പാടിന്‍റെ തീരാത്ത നൊമ്പരം... എല്ലാം മനോഹരമായിത്തന്നെ വരച്ചിരിക്കുന്നു...
ചില കാര്യങ്ങള്‍ നടന്നേ തീരൂ സുസ്മേഷ്ജി.. നമ്മള്‍ ഒരു നിമിത്തം മാത്രം.. ആ കിളിക്കുഞ്ഞുങ്ങളുടെ പിറവിക്ക് നിമിത്തമായതില്‍ തൃപ്തിപ്പെടൂ.. എല്ലാ കുഞ്ഞുങ്ങളും പറക്കാറായാല്‍ ആകാശം തേടുകതന്നെ ചെയ്യും. അതില്‍ സങ്കടപ്പെടുകയല്ല, മക്കള്‍ വലുതായതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?
ശരിയാണ്, ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു... ഒരുപക്ഷേ, അമ്മക്കിളിയോടും അച്ഛന്‍കിളിയോടും പറയാതെ കുഞ്ഞുങ്ങള്‍ പറന്നകന്ന് കാണും, ആ സങ്കടം പങ്കുവക്കാനാവും താങ്കളെ തേടി പിന്നെയും വന്നത്....
ആര്‍ദ്രമായ ഈ മനസ് കൈമോശം വരാതിരിക്കട്ടെ എന്നെന്നും...
നല്ലൊരു കിളികൊഞ്ചൽ പോലുള്ള കിഞ്ചന വർത്തമാനത്തിൽകൂടി ജനനം മുതൽ പറക്കമുറ്റുവരെയുള്ള കിളി കളിവിളയാട്ടങ്ങൾ അഴകായി കുറിച്ചിട്ടിരിക്കുന്നു...
ReplyDeleteപോസ്റ്റ് വായിച്ചു തീരുന്ന വരെ ഞാനാ മുറിയിലെ സ്നേഹക്കൂട്ടിലെ കുഞ്ഞുങ്ങളേം,കിളിയച്ഛനേം,അമ്മയേം പിന്നെ അവര്‍ക്ക് കാവലായിരിക്കുന്ന മനസ്സിന്റെ ആന്തലും,കരുതലുമൊക്കെ കണ്‍ നിറയെ കണ്ടു.വല്ലാത്ത സന്തോഷം ഇത്തരം കൊച്ചു,കൊച്ചു നന്മകള്‍ കൂടെ കൊണ്ടു നടക്കുന്നത് കാണുമ്പോള്‍...
ReplyDeleteമൈലാഞ്ചി ചേച്ചി പറഞ്ഞ പോലെ എല്ലാ കുഞ്ഞുങ്ങളും പറക്കാറായാല്‍ ആകാശം തേടുകതന്നെ ചെയ്യും. ആ അച്ഛന്‍ മനസ്സ് നേരത്തെ തിരിച്ചറിയാന്‍ ആ കിളിക്കുഞ്ഞുങ്ങള്‍ കാരണമായില്ലേ എന്നോര്‍ത്ത് സന്തോഷിക്കൂ..
കിളിക്കുഞ്ഞുങ്ങൾ അവരുടെ ആകാശം തേടട്ടേ! പൂച്ചയേയും കിളിയേയും തൊട്ട് മനോഹരമായി ജീവിതം പറഞ്ഞു! തോപ്പിൽ രവി അവാർഡ് കിട്ടിയതിന് അഭിനന്ദനങ്ങൾ!
ReplyDeleteസുസ്മേഷ് ,
ReplyDelete' കിളിമുട്ടകള്‍' വായിച്ചപ്പോള്‍ മുതല്‍ ശേഷം ഭാഗം അറിയാന്‍ കാത്തിരിയ്ക്കുകയായിരുന്നു...
ഈ പോസ്റ്റില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ കിളികുഞ്ഞുങ്ങള്‍ ആയിരുന്നു എങ്കിലും കുറെ കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു തന്നു സുസ്മേഷ്...
Ugly Duckling ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും നമ്മളും അതെ പോലെ ആയിരുന്നിരിയ്ക്കാം എന്നൊന്നും മനസ്സില്‍ തോന്നിയിട്ടേ ഇല്ല...
ഇനി അവസാന കാലവും ഏതാണ്ട് അതേപോലെ ആവും എന്നും ഓര്‍മ്മിപ്പിച്ചു......
'കിളിമുട്ടകള്‍ ' വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു പോസിറ്റീവ് ഫീല്‍ ഉണ്ടായെങ്കില്‍ , ഇത്തവണ ഒരു വിഷാദം ആണ് തോന്നിയത്...കാരണം എന്താണെന്നു തിരിച്ചറിയാത്ത ഒരു വിഷമം ...എഴുത്തുകാരന്റെ "Empty Nest Feel " വായനക്കാരിലേക്കും പകര്‍ന്നതാവാം....
തോപ്പില്‍ രവി അവാര്‍ഡ് വിവരം അറിഞ്ഞു......അഭിനന്ദനങ്ങള്‍ ....കൈ നിറയട്ടെ ഇനിയും......
കിളിയൊഴിഞ്ഞ കിളിക്കൂട്... വേദനയില്‍ പങ്കു ചേരുന്നു.
ReplyDelete(പിന്നെ, ഡിസംബറിലെ കിളിമുട്ടകള്‍ ബ്ലോഗേനയില്‍ കണ്ടു. വന്നു വന്നു ബ്ലോഗേന കൂടി വലിയ എഴുത്തുകാര്‍ കയ്യടക്കി, അല്ലേ? അതത്ര ശരിയല്ലെന്നു എഴുത്തുകാരന്‍ ബ്ലോഗറോടും മാതൃഭൂമിയോടും..)
അഭിപ്രായം എഴുതാന്‍ വാക്കുകള്‍ കിട്ടാത്തത്ര ദരിദ്രനാണെന്നു ഞാനെന്ന് ഈ കുറിപ്പ് വായിച്ചപ്പോള്‍ തോന്നുന്നു സുസ്.... അല്ലാതെന്തുപറയാന്‍.
ReplyDeleteനാം ഒരിക്കൽ പോലും ചിന്തിക്കുകകൂടി ചെയ്യാത്ത പക്ഷികളുടെ കുടുമ്പ ജീവിതവും, സ്നേഹവും എല്ലാം നേരിട്ടറിയാൻ താങ്കൾക്ക് കഴിഞ്ഞല്ലൊ...?
ReplyDeleteപക്ഷികൾ കൂട് വിട്ട്, വീട് ഹ്ൻട്ട് താങ്കളെ തനിച്ചാക്കി പോയപ്പോൾ.... അത് വല്ലാതെ സങ്കടപ്പെടുത്തി വായനക്കാരെയും..
നന്നായി എഴുതി..
എല്ലാ ആശംസകളും!
സ്മിത മീനാക്ഷി പറഞ്ഞതിനൊരു കയ്യൊപ്പ്.
ReplyDeleteമേഷ്ജി.., ഒഴിഞ്ഞ കൂട്ടിൽ ഭാവിയിൽ ഒരു കിളിക്കഥയുണ്ടാവാൻ വേണ്ടി കഥാകാരന്റെ മനസ്സു അടയിരിക്കാൻ തുടങ്ങിയെന്നു വിചാരിക്കുന്നു
ReplyDeleteമേഷ്ജി....,ഒഴിഞ്ഞ കൂട്ടിൽ ഒരു കിളിക്കഥയ്ക്കു വേണ്ടി എഴുത്തുകാരൻ അടയിരിക്കാൻ തുടങ്ങിയെന്നു കരുതുന്നു
ReplyDeleteസുന്ദരമായ കുറിപ്പ്!
ReplyDeleteഅസൂയ തോന്നുന്നു മാഷെ ... ഭാഗ്യവാന്‍ ആണ് താങ്കള്‍ .....
ReplyDeleteപിന്നെ ആ കൂട് കിട്ടു മാന്തിപ്പൊളിക്കാതെ കാക്കണേ ... താങ്കള്ക് കാണാനും ഞങ്ങള്‍ക്ക് വായിക്കാനും ഭാഗ്യം ഉണ്ടെങ്കില്‍ ഇരട്ട തലച്ചി ഇനിയും വരും .. ആറ് മാസത്തിനകം .. താങ്കള്‍ടെ വീട് ഇനീം ലേബര്‍ റൂം ആക്കാന്‍ ... പിന്നെ കളമശ്ശേരി യില്‍ വേറൊരു വീട്ടിലും ബുല്‍ ബുള്‍ കുഞ്ഞുങ്ങള്‍ ഉണ്ടായതു കമന്റ് ലിങ്കില്‍ തൂങ്ങി പോയി വായിച്ചു ... കളമശ്ശേരി യും ബുല്‍ ബുല്‍ കളും തമ്മില്‍ എന്ത് ... ?????? :))))))
ഡിസംബറിലെ മുട്ടകള്‍ വിരിഞ്ഞ് ജനുവരിയിലെ നൊമ്പരമാകുന്നത് എത്ര വര്‍ണ്ണത്തൂവലുകളാലാണ് വരച്ചിട്ടിരിക്കുന്നത്. സുന്ദരം !
ReplyDeleteകിളിയൊഴിഞ്ഞ കിളിക്കൂട്..
ReplyDeleteജീവിതത്തിന്റെ അനിവാര്യതകളും വരച്ചുകാണിച്ചിരിക്കുന്നു!!
അഭിനന്ദനങ്ങള്‍!!!
നന്നായി...
ReplyDeleteപ്രിയ സുസ്മേഷ്.....കിളികള്‍ പഠിപ്പിച്ചു തരുന്നത് കുറെ തിരിച്ചറിവുകള്‍ സ്നേഹം...ഒരിത്തിരി വിഷാദം ...
ReplyDeleteനമ്മുടെ മക്കള്‍ നമ്മളിലൂടെ വരുന്നു എന്നല്ലേ ഉള്ളൂ അവര്‍ നമ്മളുടെതല്ലല്ലോ (ജിബ്രാന്‍)...സ്നേഹിക്കാന്‍ ഉള്ള മനസിന് എന്റെ അഭിനന്ദനങ്ങള്‍
ജനുവരിയിലെ വിഷാദം ഫെബ്രുവരില്‍ വായിച്ചു. . നന്നായി..പിന്നെ...
ReplyDeleteഎല്ലാ മാസവും ഓന്നോ രണ്ടോ അവാര്‍ ഡുകള്‍ വന്നു ചേരാനും പ്രാ ര്‍ഥിക്കുന്നു
മനോഹരമായ കുറിപ്പ് ...:)
ReplyDelete"കൂടറിയുന്നില്ല പക്ഷി തന്‍ ദുഃഖം
ReplyDeleteപക്ഷിയറിയുന്നില്ല ഒഴിഞ്ഞ കൂടിന്റെ ദുഃഖം "
നന്നായി ..............
അനാഗതശ്മശ്രുവിന്റെ കമന്റില്‍ പറഞ്ഞത് പോലെ ജനുവരിയിലെ വിഷാദം ഫെബ്രുവരിയില്‍ വായിച്ചു.വളരെ നന്നായിരിക്കുന്നു.
ReplyDeleteഈ കിളിയൊഴിഞ്ഞ കൂട്ടിൽ,എത്തിച്ചേരാൻ വൈകി...വേർപാടിന്റെ നൊമ്പരം മനസ്സിൽ പടർത്തിയ വായനക്കു നന്ദിയല്ലാതെ മറ്റെന്തു പറയാൻ...?പറക്കമുറ്റിയ കുഞ്ഞുങ്ങൾ, കൂടുവിട്ടു പറന്നകലുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാനല്ലാതെ...
ReplyDeletenamichu mashe :)
ReplyDeleteരണ്ട് പോസ്റ്റുകളും ഒരുമിച്ച് ആണ് വായിച്ചത് ..വായിച്ചു തീര്‍ന്നപ്പോള്‍ എന്‍റെ വീട്ടിലും ഇതുപോലെ ഒരു കിളിക്കൂട് കുറെ നാള്‍ ഞാന്‍ സൂക്ഷിച്ച് വച്ചിരുന്നു ,ചെരുപ്പ് വാങ്ങിയ ഒരു ബോക്സ് നു അകത്ത് .കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അത് നശിച്ചു പോയി ..എന്തോ അതെല്ലാം ഓര്‍മ്മ വന്നു ........
ReplyDeleteഈ പോസ്റ്റ് വളരെ നന്നായിരുന്നു ,ഇനിയും ഒരുപാട് കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ ,എല്ലാ വിധ ആശംസകളും നേരുന്നു ...
നമസ്കാരം.എല്ലാവര്‍ക്കും നന്ദി.അവര്‍ഡ് വിവരമറിഞ്ഞ് പ്രതികരിച്ചവര്‍ക്കും.സന്തോഷം.
ReplyDeleteSusmeshji,
ReplyDeleteI have read your post and it says that you are a born writer.Such a good narration and expect more and more.
regards.
shanavas,punnapra.
കിളികളുടെ സൈക്കോളജി ശരിക്കും അറിയില്ല. എങ്കിലും അടുത്തവര്‍ഷം മുട്ടയിടുവാന്‍ അതേ സ്ഥലം തിരഞെടുക്കുവാന്‍ ശ്രമിക്കും എന്നാണ് തോന്നുന്നത്. ഒരിക്കല്‍ അതേകൂട്ടില്‍ തന്നെ മുട്ടയിടുകയും ചെയ്തതായി ഓര്‍ക്കുന്നു. അതോ അവരുമാത്രം ‘ഗോയിങ്ങ് ഗ്രീന്‍‘ റീസൈക്കിളിങ്ങ്’ ആയതാണോ എന്നും അറിയില്ല. ഒരിക്കല്‍ മുറിക്കുള്ളില്‍ ഇരുന്ന മരത്തില്‍ കുടുകൂട്ടുന്നതിനായി അടഞുകിടന്ന കണ്ണാടി ജനാലയിലൂടെ ചുണ്ടില്‍ ഒരു നാരുമായി അകത്തുകയറുവാന്‍ വിഫലശ്രമം നടത്തി തലപൊട്ടി ചോരയൊലിച്ചതും ഞാന്‍ മരം മാറ്റിവെക്കേണ്ടി വന്നതും ഓര്‍ക്കുന്നു. വെറുതെയല്ല ‘ബേര്‍ഡി ബ്രൈന്‍’ എന്നു വിശേഷിപ്പിക്കുന്നത്.
ReplyDeleteമനോഹരമായി എഴുതി ട്ടോ..അവര്‍ പോയപ്പോള്‍ അനുഭവിച്ച ഏകാന്തത വായനക്കാരിലും എത്തിക്കാന്‍ കഴിഞ്ഞു.കുഞ്ഞിനെ ഉറക്കുമ്പോള്‍ സായിപ്പിന്റെ നാട്ടില്‍ പാടുന്ന "Stay Little" എന്നാ ഉറക്ക് പാട്ട് ഓര്‍മ്മ വന്നു..
ReplyDeleteവായിയ്ക്കാൻ വൈകിപ്പോയി. എന്നാലും സാരമില്ല.
ReplyDeleteഅതു പിന്നെ അവർക്ക് പോകണ്ടേ? അവരെ കണ്ടാലറിയാത്ത നമ്മളോട് അവരെങ്ങനെയാ പറഞ്ഞിട്ട് പോവുക?