Tuesday, February 22, 2011

ചില്ലറ വസ്തുക്കളുടെ വില്‍പ്പനയ്ക്കുശേഷം

ടിയുലഞ്ഞുപോവുകയാണ് പെട്ടിഓട്ടോ.അതിന്‍റെ പിന്നിലെ പെട്ടിയില്‍ കഷ്ടിച്ച് ഒരിടത്ത് കാലുറപ്പിച്ച് ഞാന്‍ നില്‍ക്കുന്നു.എന്‍റെ പെരുവിരലിനറ്റത്തുനിന്ന് എന്‍റെ തലയ്ക്കുമുകളിലേക്ക് വരെ കൂടിക്കിടക്കുകയാണ് എന്‍റെ ഭൂതകാലം.വഴിയാത്രക്കാരുടെ പരിചിതമിഴികളെ നോക്കി മന്ദഹസിച്ചുകൊണ്ട് ഞാന്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കി.അസ്തമയം.അതെ.അസ്തമയമാണിത്.ഞാന്‍ സ്വയം പറഞ്ഞു.
ഒരാഴ്ചക്കാലത്തെ അരിച്ചുപെറുക്കലും അളന്നെടുക്കലും വേര്‍തിരിക്കലും വിലയിരുത്തലുമാണ് ഇപ്പോള്‍ പെട്ടിഓട്ടോയില്‍ കേറി ആക്രിക്കടയിലേക്ക് ആഘോഷമായി പോകുന്നത്.ഇപ്പോള്‍ മനസ്സ് പരമശാന്തം.പക്ഷേ അല്പനിമിഷം മുന്പ് വരെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.നിസ്സാരമാണ് കാരണം.കഴിഞ്ഞ ഇരുത്തിയഞ്ചുകൊല്ലത്തെ ജീവചരിത്രമാണ് വേര്‍തിരിച്ചെടുത്ത് വിധി പറയാനായി മാറ്റിക്കൊണ്ടിരുന്നത്.അതുവേണോ ഇതുവേണോ എന്ന സംശയങ്ങള്‍.ഏത് സൂക്ഷിക്കണം ഏത് കളയണം എന്ന സന്ദേഹങ്ങള്‍..ഒടുവില്‍,വെള്ളത്തൂവല്‍ ഗ്രാമത്തില്‍നിന്നു പോന്നപ്പോള്‍ മുതല്‍ പല കാലത്തും ദേശത്തുമായി നെഞ്ചോടു ചേര്‍ത്തു കൊണ്ടു നടന്നിരുന്നെതെല്ലാം മറ്റൊന്നും നോക്കാതെ ഇവിടെവച്ച് എടുത്തുകളയുക.അതായത് ഗൃഹാതുരവിഷാദിയാവാതെ ഭൂതകാലത്തെ വലിച്ചെറിയുക!
അങ്ങനെ തീരുമാനിച്ചതോടെയാണ് മനസ്സ് ഒന്നു ശാന്തമായത്.പിന്നെ എല്ലാം എളുപ്പത്തില്‍ കഴിഞ്ഞു.കഴിഞ്ഞ കാലത്തിനിടയില്‍,വെള്ളത്തൂവലിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും എറണാകുളത്തും തമിഴ്നാട്ടിലും അടക്കം താമസിച്ച സ്ഥലങ്ങളില്‍ ഒഴിവാക്കാന്‍ മനസ്സു വരാതെ കാത്തുവച്ച തുണ്ടുകടലാസ് അടക്കം എല്ലാം ഞാന്‍ ആക്രിക്കാരനുള്ള ചാക്കില്‍ കേറ്റി.ജീവിക്കാന്‍ അച്ഛന്‍ തരുന്ന പണം മാത്രമുള്ള കാലത്തും പണിയില്ലാത്ത കാലത്ത് ഭക്ഷണം കഴിക്കാന്‍ മിച്ചം വച്ചിരുന്ന പണം മാത്രമുണ്ടായിരുന്ന കാലത്തും സ്വന്തമായി വരുമാനമായിത്തുടങ്ങിയപ്പോള്‍ ആഘോഷത്തോടെ പണം ചെലവിട്ട കാലത്തും വാങ്ങിവച്ച പുസ്തകങ്ങള്‍ എടുത്ത് ആദ്യമേ ചാക്കിലിട്ടു.പിന്നെ ആദ്യത്തെ ആ കുസൃതികള്‍ കോറിയ നോട്ടുബുക്കുകള്‍,അതിലെ നൂറുകണക്കിന് കുത്തിവരകള്‍,മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും പാഠാവലികളും നോട്ടുബുക്കുകളും,ജലച്ചായത്തിലും പോസ്റ്റര്‍ കളറിലും ഇന്ത്യന്‍ ഇങ്കിലും എണ്ണച്ചായത്തിലും വരച്ച ചിത്രങ്ങള്‍,ആല്‍ബം ഡിസൈനിങ് തൊഴിലാക്കിയിരുന്ന കാലത്ത് സ്പ്രേ ഗണ്ണില്‍ ചെയ്ത ആല്‍ബം പേജുകളുടെ മാതൃകകള്‍,പേപ്പര്‍ പള്‍പ്പില്‍ ചെയ്തിരുന്ന കുഞ്ഞുകുഞ്ഞു ശില്പങ്ങള്‍,സ്കൂള്‍കാലത്ത് ഓടിനടന്ന് വാങ്ങിയിരുന്ന വിവിധ മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍,യു.പി സ്കൂള്‍ കാലത്ത് അയല്‍പക്കത്തെ കുട്ടികളുടെ കൂടെ തയ്യാറാക്കിയിരുന്ന കൈയെഴുത്ത് മാസികകള്‍-ഹാ...'ഭാവന'..!അതായിരുന്നു അതിന്‍റെ പേര്.അതിനുമുന്പ് രണ്ടുലക്കം മാത്രം ഇറങ്ങിയ 'പുലരി'യുണ്ടായിരുന്നു-,ഹൈസ്കൂള്‍ കാലത്ത് ഇറക്കിയിരുന്ന ചുമര്‍പത്രമായ 'സംസ്കാര',സോവിയറ്റ് യൂണിയനിന്‍റെയും ജര്‍മ്മന്‍ ന്യൂസിന്‍റെയും ആര്‍ട്ടിസ്റ്റിന്‍റെയും ലക്കങ്ങള്‍,ഫോട്ടോഗ്രാഫി ഭ്രമവും തൊഴിലുമാക്കിയ ചെറിയ കാലത്ത് എടുത്ത ഫോട്ടോകളുടെ അസംഖ്യം നെഗറ്റീവുകളും പ്രിന്‍റുകളും,ആ പഴയ കാനണ്‍ എസ്.എല്‍.ആര്‍ കാമറ,പന്തീരാണ്ടുകൊല്ലത്തെ പ്രധാന ഞായറാഴ്ചപ്പതിപ്പുകള്‍,ദി ഹിന്ദു ഇറക്കിയിരുന്ന ഫോളിയോകള്‍,എണ്‍പതുകളില്‍ എന്‍റെ വല്യമ്മാവനെയും അദ്ദേഹത്തിന്‍റെ സ്കൂളിനെയും പറ്റി മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച സചിത്ര ഫീച്ചറുകള്‍ അടങ്ങിയ പത്രങ്ങള്‍,ഇ.എം.എസും തകഴിയും ഇന്ദിരാഗാന്ധിയും ഒ.വി.വിജയനും മാധവിക്കുട്ടിയും മരിച്ച ദിവസത്തെ എല്ലാ മലയാളപത്രങ്ങളും....എന്നെക്കുറിച്ചു വന്നിട്ടുള്ള ചെറുതും വലുതുമായ കുറിപ്പുകളുടെയും വിവരങ്ങളുടെയും സമാഹരണങ്ങള്‍,ഞാന്‍ കഥ എഴുതിത്തുടങ്ങിയ കാലത്തെ മിനിമാസികകളും വാരാന്തപ്പതിപ്പുകളും(എന്നെ ഞാനാക്കിയ കാലത്തിന്‍റെ സാക്ഷ്യങ്ങള്‍..),ഒരിക്കലും മറക്കാനാവാത്ത സൌഹൃദങ്ങള്‍ എനിക്കെഴുതിയ കത്തുകള്‍,അനേകം പെണ്‍കുട്ടികള്‍ ഓരോ കാലത്തായി എഴുതിയ പ്രേമാഭ്യര്‍ത്ഥനകള്‍,അവരയച്ച ആശംസാകാര്‍ഡുകള്‍...ഞാന്‍ സഹപത്രാധിപരായി പണിയെടുത്ത കാലത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളുടെ ബൈന്‍റ് ചെയ്ത വാള്യങ്ങള്‍,ഇത്രയും കാലം നെഞ്ചോടമര്‍ത്തി വച്ചിരുന്ന എന്‍റെ 'ഡി'യുടെയും '9'ന്‍റെയും 'പകലി'ന്‍റെയും മറ്റ് ഷോര്‍ട്ട്ഫിലിമുകളുടെയും കൈയെഴുത്ത് പ്രതികള്‍,ആദ്യ പുസ്തകമായ 'വെയില്‍ ചായുന്പോള്‍ നദിയോര'ത്തിന്‍റെ ഫസ്റ്റ്പ്രൂഫ്,പണ്ട് കീറിയാലും കളയാന്‍ കഴിയാതിരുന്ന ഇന്ന് കീറും മുന്പേ കളയാന്‍ സാഹചര്യമൊരുക്കുന്ന വസ്ത്രങ്ങള്‍,അടുക്കള പാത്രങ്ങള്‍(അതൊക്കെ നാട്ടിലുപയോഗിച്ചിരുന്നതാണ്.അമ്മയുടെ കൈരേഖ വീണിട്ടുള്ളവ.)പിന്നെ കഴിഞ്ഞ മൂന്നര വര്‍ഷത്തിന്‍റ നീക്കിയിരിപ്പുകളായ വളകളും സ്റ്റിക്കര്‍ കുങ്കുമവും സ്ലൈഡുകളും മറ്റും...അങ്ങനെ അങ്ങനെ ഒത്തിരി ചെറിയ വലിയ കാര്യങ്ങള്‍ ഞാനാ ചാക്കിലേക്ക് തള്ളി.ആഹാ..എന്തൊരു സുഖം..പൂര്‍വ്വഭാരങ്ങളുടെ പ്രൂഫില്ലാതെ ജീവിക്കാന്‍...എന്നു പറയാവുന്ന അവസ്ഥ!
അതൊക്കെയാണ് ഇപ്പോള്‍ സൌത്ത് കളമശ്ശേരിയിലെ ആക്രിക്കടയിലേക്ക് ഇങ്ങനെ ആടിയുലഞ്ഞ് പോകുന്നത്.
എന്‍റെ കാലില്‍ എന്തോ തട്ടി.ഞാന്‍ നോക്കി.പേനകള്‍ ഇട്ടുവച്ചിരുന്ന പാത്രമാണ്.ആരോ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ച് തന്നത്.അതായത് ആരുടെയോ സ്നേഹം,കരുതല്‍.എല്ലാം ഇത്രയേയുള്ളൂ..ഒരു പരിധിവരെ സൂക്ഷിക്കും.നിവൃത്തിയില്ലെന്നായാല്‍ ഉപേക്ഷിക്കും.ഞാന്‍ ചെയ്യുന്നതും അതുതന്നെയല്ലേ..?
അഞ്ചുകൊല്ലമായി ഞാന്‍ കാണുന്ന മരങ്ങള്‍ക്കിടയിലേക്ക് സൂര്യന്‍ ചരിയുന്നു.ഈ കാഴ്ചകളും അവസാനിക്കുകയാണ്.അഞ്ചുവര്‍ഷമായി താമസിച്ച വീടിനോടും വിട.ഓര്‍മ്മകള്‍...ഓര്‍മ്മകള്‍...!ഉയര്‍ച്ചകളും വീഴ്ചകളും വല്ലായ്മകളും കണ്ട വീട്.കിട്ടിയിട്ടുള്ള പുരസ്കാരങ്ങളും തിരസ്കാരങ്ങളും കാത്തുവച്ചിരുന്ന വീട്.സ്വപ്നവും കാമവും കണ്ട വീട്.വിശപ്പും വെറുപ്പും കണ്ട വീട്.എന്നോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്ത വീട്. ശരിക്കും ഇതുവരെ ഞാന്‍ താമസിച്ചതില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച വീട്.ഇത്രയും നല്ല വീട്ടുടമസ്ഥരെ ഇനി കിട്ടുകയില്ലെന്ന് എനിക്കുറപ്പുണ്ടാക്കിയ വീട്.(ഇപ്പോള്‍,വാടക കൂട്ടലില്ല,എഗ്രിമെന്റില്ല..ഉടന്പടികളില്ലാത്ത സ്നേഹം മാത്രം.ഒഴിപ്പിക്കാനുള്ള അനേകം സാഹചര്യങ്ങള്‍ വന്നിട്ടും എന്നെ അസ്വസ്ഥരാക്കാതിരുന്ന
നല്ല മനുഷ്യര്‍!ബെന്നിച്ചേട്ടനും കുടുംബത്തിനും എന്നുമെന്നും നന്ദിയും കടപ്പാടും ഹൃദയത്തിലിടവും.)

പെട്ടിഓട്ടോ കടയിലെത്തി.അവിടുത്തെ ജോലിക്കാര്‍ ഓരോ ചാക്കുകളായി നിലത്തിറക്കി.ഇത്രകാലം കുഞ്ഞുങ്ങളെപ്പോലെ ഞാന്‍ ഓമനിച്ചു പെരുമാറിയിരുന്ന വസ്തുക്കളാണ് അവരെടുത്ത് നിര്‍ദ്ദാക്ഷിണ്യം നിലത്തെറിയുന്നത്.!വിഷമം തോന്നിയില്ല.ഇനി വിഷമിക്കരുത് എന്ന് മനസ്സിനോട് പറഞ്ഞിരുന്നു.മനസ്സ് അത് നന്നായി അനുസരിക്കുന്നുമുണ്ട്.സ്വന്തമായി ഒന്നുമില്ലാത്തവന് ഒന്നിനും അര്‍ഹതയില്ല.ആര്‍ക്കുവേണ്ടിയും അവന്‍ ഒന്നും കരുതിവയ്ക്കേണ്ടതുമില്ല.അവന്‍ കൂട്ടിവച്ചിട്ടുള്ള ജീവിതം കണ്ട് ആരും ആനന്ദിക്കുകയോ അഭിമാനിക്കുകയോ അധികമായി സ്നേഹിക്കുകയോ ചെയ്യുകയുമില്ല.വലുതാകുന്പോള്‍ രക്തബോധത്തോടെ തൊട്ടുനോക്കാനായി ഒരു കുട്ടിയും മുതിരുകയുമില്ല..!ഒന്നുമില്ലാത്തവന്‍ അങ്ങനെയൊക്കെ സ്വപ്നം കാണുന്നതുതന്നെ തെറ്റ്. പിന്നെ എന്തിനാണ് ഭൂതകാലം...??
പെട്ടി ഓട്ടോ ശരിക്കും കാലിയായി.ഞാന്‍ ഓട്ടോയിലെ ആ ശൂന്യതയിലേക്ക് നോക്കി.ഒരു കുഞ്ഞുചെപ്പിലെ സിന്ദൂരം മാത്രം തട്ടിമറിഞ്ഞുകിടക്കുന്നു.എവിടെവച്ച് ഏതുദിവസം വാങ്ങിയതാവാം അത്..?ഓര്‍മ്മ വന്നില്ല.
ഓട്ടോഡ്രൈവര്‍ ഒരു ബ്രഷെടുത്ത് പെട്ടിക്കകം അടിച്ചു നിലത്തേക്കിട്ടു.സിന്ദൂരം മണ്ണില്‍ തൂവി.ഒപ്പം രണ്ട് ഫാന്‍സി വളകളും.ഓട്ടോക്കാരന് ഞാന്‍ കാശ് കൊടുത്തു.അയാള്‍ അലക്ഷ്യമായി വണ്ടി പിന്നിലേക്കെടുത്തപ്പോള്‍ അറിയാതെ ഞാന്‍ ഒച്ചവച്ചുപോയി.
അയാള്‍ വണ്ടി ചവിട്ടി നിര്‍ത്തി വേവലാതിയോടെ തല പുറത്തേക്കിട്ട് എന്‍റെ കാലിലേക്ക് നോക്കി ചോദിച്ചു.
''കാലേ മുട്ടിയോ..?''
ജാള്യം മറച്ച് ഞാന്‍ പറഞ്ഞു.
''ഇല്ല..എങ്കിലും ഇത്തിരി മാറ്റിയെടുത്തോളൂ.."
വീലുകള്‍ വളയില്‍ കയറാതെ മാറിപ്പോകുന്നത് ഞാന്‍ ഉള്ളിലൂറിയ ആശ്വാസത്തോടെ നോക്കിനിന്നു.പിന്നെ റോഡരികിലെ പൊടിയില്‍ കിടന്ന ആ വളകള്‍ എടുത്ത് തുടച്ചിട്ട് ആക്രിക്കാരന്‍ പലവകകള്‍ക്കായി വിരിച്ച ചാക്കിലെ അനേകമനേകം തട്ടുമുട്ടുസാധനങ്ങള്‍ക്കിടയിലേക്കിട്ടു.
''തീര്‍ന്നോ..?''
കടക്കാരന്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു.
''ഇതോടെ എല്ലാം തീര്‍ന്നു.''
അയാള്‍ എന്‍റെ ഭൂതകാലത്തെ തരം തിരിച്ചു വിലകൂട്ടി.
കീറക്കടലാസ് എന്ന ഗണത്തില്‍ എന്‍റെ എല്ലാ കൈയെഴുത്തുപ്രതികളും വന്നുപെട്ടു.അതിന് വിലകുറവാണ്.ഞാന്‍ സമ്മതിച്ചു.ഒടുവില്‍ അയാള്‍ കണക്കുകൂട്ടി കടലാസ്സ് കാണിച്ചു.ഞാന്‍ പറഞ്ഞു.
''തന്നാമതി.എനിക്കു ബോദ്ധ്യമാണ്.''
എന്‍റെ ജീവിതം എനിക്കു ബോദ്ധ്യമുള്ളതായിരുന്നു.എന്‍റെ ഭൂതകാലവും.അയാള്‍ തന്ന പണം വാങ്ങി ഞാന്‍ ഇരുട്ടു പറ്റിയ വഴികളിലൂടെ വീട്ടിലേക്ക് നടന്നു.അതിപ്പോള്‍ വീടാണോ..?അതോ വീടിന്‍റെ ഫ്രെയിമോ..!
പിറ്റേന്നുരാത്രി പതിവുപോലെ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം നിലത്തുവിരിച്ച ദിനപ്പത്രത്തില്‍ വച്ച് ഞാന്‍ കഴിക്കാനിരുന്നു.ഇപ്പോള്‍ ചുറ്റിനും ഒന്നുമില്ല.ശൂന്യമായ വീട്.കഴിക്കാനുള്ള ഭക്ഷണവും ആ പത്രക്കടലാസും മാത്രം.ഞാനിട്ടിരിക്കുന്ന വേഷവും.ബാക്കിയെല്ലാം ഞാന്‍ അമ്മയുടെ അടുത്തേക്ക് മാററിയിരുന്നു.അതായത് സുസ്മേഷ് എന്ന വ്യക്തി ഇപ്പോള്‍ ഒരു അലമാരയില്‍ കൊള്ളാനുള്ള അത്രയും ചെറിയ ജീവിതമുള്ള ഒരുവനായിരിക്കുന്നു.ഇടാനുള്ള വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും പുരസ്കാരഫലകങ്ങളും ഈ ലോപ്ടോപ്പും മാത്രം.എവിടേക്കു വേണമെങ്കിലും പോകാം.തയ്യാറെടുപ്പുകളുടെ ആവശ്യമില്ല.മനുഷ്യന്‍ വരുന്നതും കൈയിലൊന്നുമായിട്ടല്ലല്ലോ.
ഇന്നുരാത്രികൂടി 'റോസ് വില്ല'യില്‍ തനിയെ കഴിയണമെന്നത് എന്‍റെ വാശിയായിരുന്നു.
ഭക്ഷണം കഴിച്ചശേഷം നിലാവ് കണ്ട് ഞാന്‍ ടെറസ്സില്‍ പോയിരുന്നു.കിഴക്കേമാനത്ത് ദിവസങ്ങള്‍ക്കുശേഷം ചന്ദ്രനുദിക്കുന്നു.ഞാന്‍ അകത്തുപോയി നിലത്ത് പത്രം വിരിച്ച് കിടന്നു.അകത്തേക്ക് പതിവുപോലെ നിലാവ് കടന്നുവന്നിട്ടുണ്ട്.മനസ്സിലോര്‍ത്തു.
നാളെമുതല്‍ ഞാനിവിടെ ഇല്ല.
അതിനിയും ഞാന്‍ തീരുമാനിച്ചിട്ടില്ല.അല്ലെങ്കിലും വ്യക്തിജീവിതത്തില്‍(എഴുത്തുജീവിതത്തിലല്ല)ഞാനെടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം തെറ്റായിരുന്നതിനാല്‍ ഇനിയും ഞാനെടുക്കുന്ന തീരുമാനത്തിനെന്താണ് പ്രസക്തി..!?എല്ലാം വരുന്നതുപോലെ വരട്ടെ.
ഞാന്‍ നിലാവില്‍ കുളിര്‍ന്നു കിടന്നു...അകമേ എല്ലാത്തിനോടും നന്ദിയും യാത്രയും വിനീതമായി പറഞ്ഞുകൊണ്ട് വെറും നിലാവില്‍ വെറുതെ....!

39 comments:

  1. ഞാന്‍ നിലാവില്‍ കുളിര്‍ന്നു കിടന്നു...അകമേ എല്ലാത്തിനോടും നന്ദിയും യാത്രയും വിനീതമായി പറഞ്ഞുകൊണ്ട് വെറും നിലാവില്‍ വെറുതെ....!

    ReplyDelete
  2. സുസ്മേഷ് ശരിക്കു വീടു മാറിയോ?

    ReplyDelete
  3. സുസ്മേഷ് .. ഇത് വല്ലാതെ ഭയപ്പെടുത്തുന്നു.
    NIDHISH

    ReplyDelete
  4. വല്ലാതെ തട്ടി സുസ്മേഷേ .........സമാനമായ ഒരു പടം പൊഴിക്കല്‍ അനുഭവിച്ചത് കൊണ്ടാവാം നൊന്തു പോയത്..
    അറിഞ്ഞത് പറയാന്‍ കഴിയുക അനുഗ്രഹമാണ് ചങ്ങാതീ ..

    ReplyDelete
  5. വായിച്ചു, വളരെ ഇഷ്ടപ്പെട്ടു.ഞാനും എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ് ഒരു ലഘുത്വത്തിനു..പിന്നെ, തലയില്‍ വര നന്നാക്കാന്‍ ജാതകം കത്തിക്കുന്നത് പോലെ ആകുമോ ഇത്? കളഞ്ഞ വളയും സിന്ദൂര ചെപ്പുമൊക്കെ ഹൃദയത്തില്‍ ഇരട്ടി ഭാരമാകാതിരിക്കട്ടെ.

    ReplyDelete
  6. എന്താ സുസ്മേഷേട്ടാ..????????????

    ReplyDelete
  7. ആക്രിക്കടയില്‍ വില്‍പ്പനക്ക് വെച്ച ഇന്നലെകള്‍ പറയുക ആത്മാവിന്റെ രഹസ്യങ്ങളാണ്...
    നന്നായിരിക്കുന്നു.

    ReplyDelete
  8. ഒട്ടും ദയയില്ലാതെ ഭൂതകാലത്തെ അവശേഷിപ്പുകൾ മുഴുവൻ ഇല്ലാതാക്കുവാൻ സുസ്മേരനായി ഭാവിയെ ഉറ്റുനോക്കുന്നവന് മാത്രമേ സാധിക്കു ...കേട്ടൊ ഭായ്

    ReplyDelete
  9. ഭൂതകാലത്തിന്റെ ഭൌതിക ശേഷിപ്പുകള്‍ ആക്രിക്കടയില്‍ odungi .. pakshe ava bodhatthil nikshepichu poya aantharika ശേഷിപ്പുകള്‍ evide upekshikkum ??

    ReplyDelete
  10. എല്ലാം കയ്യൊഴിച്ച് വെറു നിലാവില്‍ കുളിര്‍ന്നു കിടക്കുന്നത് എഴുത്തിൽ നന്നായി കാണാം, താങ്കൾ അങ്ങനെ ഒരു നടയ്ക്ക് പോവുകയോ ഒരലമാരിയിൽ കൊള്ളുകയോ ഇല്ലല്ലോ!

    ReplyDelete
  11. ഓരോ വാടക വീട് ഒഴിയുമ്പോഴും പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.അതിനൊക്കെ ആളുകളുടെ കണ്ണില്‍ വില ഇല്ലായിരിക്കും.നമുക്ക് അമൂല്യവും.നല്ല വരികള്‍.എന്‍റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം കുറിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  12. നന്നായിരിക്കുന്നു ശരിക്കും ഉള്ളില്‍ തട്ടി
    കല്യാണം കഴിഞ്ഞു എന്റെ വീട്ടില്‍ നിന്ന് പോരുമ്പോള്‍ ഞാനും എടുക്കാന്‍ തുനിഞ്ഞു ഇങ്ങനെ കുറെ സമ്പാദ്യങ്ങള്‍ , കുറെമാതൃഭൂമി പത്ത്രത്തിന്റെ വാരാന്ത്യപതിപ്പുകള്‍, എന്റെ സമ്പാദ്യങ്ങള്‍.......... ഇല്ല നടന്നില്ല തിളങ്ങുന്ന ആടയാഭരണങ്ങള്‍ക്കിടയില്‍ അവ വെറും ചവറായെ തോന്നിയുള്ളൂ എല്ലാര്ക്കും നിസ്സഹായയായ് തിരിച്ചു വച്ച് . പിന്നെ ആരൊക്കെയോ എടുത്തു തീയിട്ടിട്ടുണ്ടാവണം

    ReplyDelete
  13. പ്രിയപ്പെട്ട വസ്തുക്കള്‍ നഷ്ടപെടുത്തേണ്ടിവരുമ്പോള്‍ ഉള്ളിലൊരു തേങ്ങലാണ് ഉണ്ടാകുക.നിസ്സംഗമായ മനസ്സോടെ അതിനെ നോക്കിക്കാണാന്‍ പറ്റുന്നത് വലിയൊരു കാര്യം തന്നെ.ഒരു മാറ്റത്തിനു ഒരുങ്ങിയിരിക്കുന്ന ഞാന്‍ എങ്ങിനെയാവും അതിനെ നേരിടുക എന്നോര്‍ത്ത് വേവലതിപ്പെട്ടിരിക്കുന്നു.ശരിക്കും മനസ്സില്‍ തട്ടിയ എഴുത്ത്.

    ReplyDelete
  14. എന്താണിത്!!!!
    വളകളും സിന്ദൂര ചെപ്പും വലിയ സങ്കടമായി....

    ഇതു വായിച്ച ശേഷം ഞാൻ സൂക്ഷിച്ചിരിക്കുന്ന,എന്റെ പ്രിയപ്പെട്ട ചിലതിനെ എടുത്തു നോക്കി.. ഒരു ആക്രിക്കടയിലേയ്ക്ക് അവ ഒരിക്കലും എനിക്ക് ചാക്കിലാക്കി കൊണ്ടുപോകാൻ കഴിയുകയേയില്ല സുസ്മേഷ്...

    ReplyDelete
  15. സുസ്
    കയ്യെഴുത്തുപ്രതികള്‍ക്ക് ഇനിയെന്തു പ്രസക്തി. നിന്റെ പുതിയ കഥകളും നോവലുകളുമെല്ലാം ഭദ്രമായി ആ ലാപ്‌ടോപ്പിലില്ലേ.. എവിടേക്കുപോയാലും കൂടെക്കൂടി? ഒന്‍പതും, ഡിയുമെല്ലാം എഴുതുന്ന കാലത്ത് അക്ഷരങ്ങള്‍ ഡിജിറ്റലാകാതെപോയതിന് നാമെന്തു പിഴച്ചു?
    എന്തായാലും, പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് നീ എനിക്കയച്ചുതന്നെ വാരാന്തപ്പതിപ്പു കഥകളുടെ ഫോട്ടോസ്റ്റാറ്റ് ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു.... എന്റെ ഫയലുകള്‍ക്കിടയില്‍... കാലം എത്ര പുരോഗമിച്ചാലും നമ്മെ വിട്ടുപോകാത്ത ചില അവശിഷ്ടങ്ങളുണ്ടാകും....
    എന്തായാലും വരികള്‍ക്കിടയില്‍ ഞാന്‍ വായിക്കുന്നില്ല, തല്‍ക്കാലം.

    ReplyDelete
  16. കഷ്ടമായിപ്പോയി.. ഇന്ന് സുസ്മേഷിന്റെ പോസ്റ്റ്‌ നു ഒരു കമന്റ്‌ ഇടണം എന്ന് വിചാരിച്ചു വന്നതാണ്..
    വായിച്ചത് താങ്കളുടെ സങ്കടം ആയിപ്പോയി.. എന്ത് പറ്റി സുസ്മേഷ്? അതോ ഇതും നിങ്ങള്‍ എഴുത്തുകാരുടെ
    കിറുക്കുകളില്‍ ഒന്ന് മാത്രമോ? ആണെങ്കില്‍ എന്ന് ആശിക്കുന്നു... സാധാരണ കമന്റ്‌ കള്‍ക്ക് മറുപടി പറയാനും ഇത്ര വൈകാറില്ലല്ലോ?

    ReplyDelete
  17. കിട്ടുന്നവയില്‍ നല്ലതെതെന്ന് തോനുന്നവ എല്ലാം ഇഷ്ട്ടത്തോടെ സൂക്ഷിച്ച് വെക്കും. പിന്നെ ഭാരമായി തോനുമ്പോ എടുത്ത് കളയും..... എടുത്ത് വെക്കുമ്പോ തോന്നുന്ന ഇഷ്ട്ടത്തേക്കാള്‍ ഒഴിവാക്കാനുള്ള വെഗ്രതയായിരിക്കും അപ്പോ മനസ്സിനെ കീഴടക്കുക.

    എങ്കിലും സ്വന്തം രചനകളെ എല്ലാം ഉപേക്ഷിച് ... എങ്ങനെ......

    കഥയായി വായിച്ചു.. ഇഷ്ട്ടായി.
    അവസാനം അനുഭവം എന്ന് കണ്ടപ്പോ....!!

    ReplyDelete
  18. എന്തിനായിരുന്നു .. ഇങ്ങനെ ഒക്കെ .... ?

    ReplyDelete
  19. ഇത്തരം കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരികയെന്നത് ആര്‍ക്കായാലും സങ്കടാണ്.പക്ഷേ ശ്രീനാഥന്‍ മാഷ് പറഞ്ഞ പോലെ അത്ര പെട്ടെന്നൊന്നും ചുരുട്ടിക്കൂട്ടി ഒരു മൂലയ്ക്ക് വെയ്ക്കാനാവുന്നതല്ലല്ലോ എഴുത്ത് അവശേഷിപ്പിച്ച അടയാളങ്ങള്‍..മനസ്സിലടുക്കി വെച്ച ഒരു കുഞ്ഞോര്‍മ്മ പോലും ഒരാക്രിക്കടയ്ക്കും സ്വന്തമാക്കാനാവില്ലല്ലോ..

    ഇനി ചെന്നെത്തുന്നയിടവും റോസ് വില്ല പോലെ ഉള്ള് നിറയെ സ്നേഹം നിറയ്ക്കുന്ന ചുറ്റുപാടും,ആള്‍ക്കാരുമുള്ളയിടമാവട്ടെ.

    ReplyDelete
  20. പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  21. "ഓർമ്മകളുണ്ടായതുകൊണ്ടുമായില്ല. അത്രയധികമാവുമ്പോൾ അവയെ മറക്കാനും നിങ്ങൾക്കു കഴിയണം; അവ മടങ്ങിവരുംവരെ കാത്തിരിക്കാനുള്ള അനന്തമായ സഹനശക്തിയും നിങ്ങൾ കാണിയ്ക്കണം. ഓർമ്മകൾക്കു സ്വന്തനിലയ്ക്കു പ്രാധാന്യവുമില്ലല്ലോ. അവ നമ്മുടെ സ്വന്തം ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിൽപ്പിന്നെമാത്രമേ, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതെയായതിൽപ്പിന്നെ മാത്രമേ- അതിൽപ്പിന്നെമാത്രമേ അത്യപൂർവമായൊരു മുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുയരുകയും മുന്നോട്ടുവരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു."
    റില്‍ക്കെ യുടെ വരികളാണ്, ( കടപ്പാട്- പരിഭാഷ ബ്ലോഗ് ) ഓര്‍മ്മകള്‍ , ജീവനില്‍ അത്രയ്ക്ക്, വേര്‍തിരിക്കാന്‍ വയ്യാത്ത അത്രയ്ക്ക് , ചേര്‍ന്നിരിക്കട്ടെ. കവിത തുളുമ്പുന്ന വരികളാകട്ടെ. ഹൃദയം കോണ്ടു ഹൃദയത്തിന്റെ ചിത്രം വരയ്ക്കുമ്പോള്‍ രക്തത്തിനു വേദനിപ്പിക്കുന്ന ചുവപ്പ്.

    ReplyDelete
  22. കണ്ണു നിറഞ്ഞു. ഇത് എന്റെയും കൂടി ആത്മഗതം. എന്റെയും ജീവിതം. കൈവിടാതെ എന്നും കൂട്ടാറുണ്ട് ഇതുപോലെ അനേകം വസ്തുക്കള്‍. ആക്രി ആവുന്നതിനു മുമ്പ് ജീവനോളം അടുപ്പത്തില്‍ പിടിച്ചവ. പല നേരങ്ങളിലായി അവയോരോന്നായി അവയുടെ അവസാന ഇടം തേടി പോയി. ചിലത് തീ വിഴുങ്ങി. ചിലത് ആക്രിക്കടകളും. അവസാനമായി കഴിഞ്ഞ വര്‍ഷമായിരുന്നു ഉറയുരിഞ്ഞത്. വീണ്ടും സ്വന്തമെന്നപോലെ വന്നടിയുന്ന സ്മാരകങ്ങള്‍ ആക്രികളാവുന്നതിന്റെ വഴിക്കണക്ക് തേടുമ്പോഴാണ് ഈ കുറിപ്പ് കണ്‍മുന്നില്‍.
    കൈവിട്ടുപോയ പട്ടിക്കുട്ടി ഏറെ നാള്‍ കഴിഞ്ഞ് അവിചാരിതമായെത്തി കാലില്‍ നക്കുന്നതുപോലെ ഈ കുറിപ്പെന്നെ തൊട്ടു. നന്ദി.

    ReplyDelete
  23. എന്ത് പറ്റി?!

    ReplyDelete
  24. ഓരോ വാടകവീട് മാറുമ്പോഴും കൂടെ കൊണ്ടു പോകാനാകാത്ത സാധനങ്ങളെ നോക്കി നെടുവീര്‍പ്പിടാറുണ്ട്. ഇപ്പൊ ഞാനൊന്നും ഇഷ്ട്ടപ്പെട്ട് വാങ്ങാറില്ല. ഒരുനാള്‍ അതെനിക്ക് പിന്നിലുപേക്ഷിക്കേണ്ടി വരും എന്നൊര്‍ത്ത്...
    നന്ദി നല്ലൊരു വായനക്ക്.

    ReplyDelete
  25. എന്തൊക്കെയൊ എവിടെയൊക്കെയൊ ഒരു നൈരാശ്യത്തിന്റെ നിഴൽ വായനയിലുടനീളം..
    എല്ലാ നന്മകളും നേരുന്നു

    ReplyDelete
  26. ഒരു കൂടുമാറ്റം കഴിഞ്ഞ വേദനയില്‍ ഇരിക്കുന്ന എനിക്ക് ,ഈ പോസ്റ്റ്‌ വായിച്ചപോള്‍ വിഷമം തന്നെ ആണ് തോന്നിയത് .എല്ലാവര്ക്കും വേണ്ടി പുസ്തകങ്ങള്‍,ആരോ തന്ന സമ്മാനകള്‍അതെല്ലാം കൂടെ കൊണ്ട് പോന്നു ...ബാക്കി കുറെ കുറെ ഉപേക്ഷിക്കേണ്ടി വന്നു.

    ഒരുപുതിയ യാത്ര തുടങ്ങുന്നപോലെ തോന്നി ..എല്ലാ വിധ ആശംസകളും ..

    ReplyDelete
  27. പത്തു വർഷത്തിലേറേയായ് ഒരേമുറിയിലെ അന്തേവാസിയാണ് ഞാൻ.. അല്പം ക്രൂരതയാണെങ്കിലും ഇതിനോളം മറ്റെന്തിനെയെങ്കിലും എനിക്ക് സ്നേഹിക്കാനാവുമൊ എന്ന് ചിലപ്പൊഴൊക്കെ സംശയിക്കാറുണ്ട്.. ഓരോ ഇറങ്ങിപ്പോക്കിനു ശേഷവും തിരിച്ചെത്തി എനിക്ക് ഞാനാവാൻ കഴിയുന്നിടം - മുഖം മൂടികളും ചമയങ്ങളും വലിച്ചെറിഞ്ഞ് എനിക്ക് മാത്രം സ്വന്തമാവുന്നിടം..

    ഓർമ്മപ്പെടുത്തലുകളിൽ ഒരിക്കൽ ഞാനും എന്നെന്നേക്കുമായി പടിയിറങ്ങണം..അപ്പോൾ ഇതു പോലെ എന്തൊക്കെയാവണം ഞാൻ വലിച്ചെറിയേണ്ടത്..കുറെ നേരമായി ഞാൻ ഇത് വായിച്ചതിനു ശേഷം ഇരുന്ന് ആലോചിക്കുന്നു.. ഓർമ്മകളുടെ കൂമ്പാരത്തിൽ നിന്ന് എറിഞ്ഞു കളയാൻ ഏറ്റവും ഉചിതം എന്നെതന്നെയാണെന്ന് തോന്നുന്നു..

    ReplyDelete
  28. Dear Susmesh,
    I am an ardent fan of u and I like your posts. This time some nostalgia added.Very good post.
    Best regards.
    Shanavas thazhakath.

    ReplyDelete
  29. ഓരോ സ്ഥലം മാറ്റങ്ങളും എന്നെയും ഇതേ മാനസികാവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്.
    നാലഞ്ചു ദിനങ്ങളിലെ അരിച്ചു പെറുക്കല്‍ ,ഫ്ലാഷ് ബാക്ക് ദര്‍ശനം. കടിച്ചു പിടിച്ചിരിക്കുന്ന സ്മരണകളുടെ പിടി വിടുവിക്കാന്‍ ഒടുക്കം വേദനകളോടെ എല്ലാം വലിച്ചു കീറിയിട്ടു തിരിഞ്ഞു നോക്കാതൊരു പോക്ക്...
    മാതൃ രാജ്യം വിട്ടപ്പോള്‍ അത് എനിക്ക് മരണത്തിന്റെ ഒരു ധ്യാനനിമിഷമായിരുന്നു...
    എല്ലാം ഓരോ 'നാനോ' മരണങ്ങള്‍ ...അതല്ലേ സത്യം സുസ്മേഷ്..?

    ReplyDelete
  30. സുസ്മേഷ്,നിങ്ങള്‍ എന്റെ ഉള്ളില്‍ തൊട്ടു..

    ReplyDelete
  31. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
    പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..

    ReplyDelete
  32. .ഒരു പരിധിവരെ സൂക്ഷിക്കും.നിവൃത്തിയില്ലെന്നായാല്‍ ഉപേക്ഷിക്കും..
    !!

    ReplyDelete
  33. എന്നാലും ഇത്രയും വേണ്ടായിരുന്നു. ആദ്യത്തെ ആ കുസൃതികള്‍ കോറിയ നോട്ടുബുക്കുകള്‍,അതിലെ നൂറുകണക്കിന് കുത്തിവരകള്‍,കഥ എഴുതിത്തുടങ്ങിയ കാലത്തെ മിനിമാസികകളും വാരാന്തപ്പതിപ്പുകളും പിന്നെ കഴിഞ്ഞ മൂന്നര വര്‍ഷത്തിന്‍റ നീക്കിയിരിപ്പുകളായ വളകളും സ്റ്റിക്കര്‍ കുങ്കുമവും സ്ലൈഡുകളും ഭൂതകാലത്തിന്റെ മറ്റുപല ഓര്‍മ്മത്തുണ്ടുകളും ഒരു അസ്തമയസമയത്ത് എന്തിനായിരുന്നു ഇതെല്ലാം ചാക്കിലാക്കി ആക്രിക്കച്ചവടക്കാരന് കൊടുത്തത്? കഥയറിയാതെ ആട്ടം കാണുന്ന ഒരാളുടെ ചോദ്യം ആണന്ന് വിചാരിച്ചോളു.

    ReplyDelete
  34. കരയുന്ന വീടുകള്‌

    മക്കളെല്ലാം‌ ഇറങ്ങിക്കഴിയുമ്പോള്‌
    പൊടിയടങ്ങിക്കഴിയുമ്പോള്‌
    എറാലിയില്-
    നനവുകാണാം‌
    ജനലുകളുടെ
    ഞെരക്കം‌ കേള്ക്കാം‌

    കുട്ടികളുടെ ചിരിയൊഴിയുമ്പോള്‌
    കുമ്മായം‌ അടര്ന്നു വീഴുന്നു
    ചുവരുകള്‌ മുഷിഞ്ഞുപോകുന്നു

    ഭയപ്പെടുത്തുന്ന
    നിഴലുകള്‌ മാത്റം
    ചുഴലുന്നു

    ആളൊഴിഞ്ഞ വീടുകള്-
    തേങ്ങുന്നുണ്ട്
    നമുക്കു കേള്ക്കാവുന്നത്റയും
    ഉറക്കെത്തന്നെ.

    ReplyDelete
  35. എനിക്ക് വല്ലാതെ വിഷമം തോന്നുന്നു.. പിന്നിട്ട യാത്രയില്‍ കിട്ടിയതൊന്നും, ഒരു പൊടി പോലും വഴിയിലുപേക്ഷിക്കുവാനാവാത്ത വിധം ദുര്‍ബലനാണ് ഞാന്‍..

    ReplyDelete
  36. ഇത് ഒരു സാധാരണ വീടു മാറ്റമല്ലെന്നും , സാധാരണ ആക്രിക്കടയുമല്ലെന്നും അറിയുന്നു.

    ReplyDelete