എന്‍റെയീ നിസ്സാരജീവിതത്തെ ഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയവായ്പോടെയോ സ്നേഹത്തോടെയോ നോക്കിയിട്ടുള്ള ഏതൊരാളെയും എന്‍റെ അവസാനശ്വാസം വരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുവാന്‍ ഞാനാഗ്രഹിക്കാറുണ്ട്.അതിന് കഴിയുന്നത്ര പരിശ്രമിക്കാറുമുണ്ട്.ഭൌതികനേട്ടങ്ങള്‍ക്കായി പുതിയ ബന്ധങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ എനിക്കുവലിയ നോട്ടമില്ല.എനിക്കിഷ്ടം ഒരിക്കെലെങ്കിലും എന്നെ ചേര്‍ത്തുപിടിച്ചവരെ സദാ സ്നേഹിക്കുന്നതാണ്.
പാലക്കാട്ടേക്ക് വന്നനാള്‍ മുതല്‍ വിചാരിക്കുന്നതാണ് എം.ടി.എന്‍ സാറിനെ വീട്ടില്‍ച്ചെന്ന് കാണണമെന്ന്.ഇവിടെ താമസമാക്കും മുന്പ് പാലക്കാട് വന്നുപോകുന്പോഴും വിചാരിക്കാറുണ്ടായിരുന്നു.കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ ദിവസം സുഹൃത്ത് പവിത്രന്‍ ഓലശ്ശേരിയെ വിളിച്ച് ഞാന്‍ പറഞ്ഞു.
എനിക്ക് എം.ടി.എന്‍ സാറിനെ കാണണമെന്നുണ്ട്.നമ്മള്‍ വരുന്നവിവരം അദ്ദേഹത്തെ വിളിച്ചുപറയണം.
സാറിന്‍റെ ഫോണ്‍ നന്പര്‍ പവിത്രന്‍ എടുത്തുതരികയും കൂടാതെ വിളിച്ചറിയിക്കുകയും ചെയ്തു.അത്ഭുതം!സാര്‍ എന്നെ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.!
ആ മനുഷ്യനും ഞാനുമായിട്ടുള്ള ബന്ധമെന്ത്..?പണ്‌ട്,വളരെ വര്‍ഷങ്ങള്‍ക്കുമുന്ന്,ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തില്‍ നിന്ന് സാഹിത്യത്തിന്‍റെയും പ്രണയത്തിന്‍റയും ചൂട് തലയ്ക്കുകേറി പാലക്കാട്ടെത്തുന്ന ഏതോ ഒരു പയ്യനായ എന്നോടും സംസാരിക്കാനുള്ള സൌമന്സ്യം കാണിച്ച വ്യക്തി എന്ന ബന്ധം.അതാണെനിക്ക് എം.ടി.നാരായണന്‍ നായര്‍.
ഇന്ന് സുസ്മേഷ് കാണാനാഗ്രഹിക്കുന്നു എന്നോ വന്നിരിക്കുന്നു എന്നോ പറഞ്ഞാല്‍,എഴുത്തും വായനയുമായി ബന്ധമുള്ള കുറച്ചുപേര്‍ക്കെങ്കിലും എന്നെ ഓര്‍മ്മ വരുമായിരിക്കും.എനിക്കൊരു കസേരയും സംസാരിക്കാനുള്ള സാഹചര്യവും കിട്ടുമായിരിക്കും.അന്ന്,ഇതൊന്നുമുണ്ടായിരുന്നില്ല.വെള്ളത്തൂവല്‍ പി.ഓ എന്ന നേരിയ വിലാസം മാത്രം.കഥകളെഴുതി ഇന്‍ലന്റ് മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടേയുള്ളു.പുസ്തകവായനയോ ലോകവിവരമോ ആയിട്ടില്ല.തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണിത്.പക്ഷേ ആ കൂടിക്കാഴ്ച അന്ന് എന്നില്‍ നിറച്ച ആത്മവിശ്വാസം വളരെ വലുതാണ്.ഞാനെന്തെങ്കിലുമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ ആ ആത്മവിശ്വാസം തന്ന പ്രേരണയും ചെറുതല്ല.
അക്കാലത്തൊരിക്കല്‍,തൊണ്ണൂറ്റാറില്‍ പാലക്കാട് വരുന്പോള്‍ ഇതേ പവിത്രന്‍ തന്നെയാണ് ഓര്‍മ്മിപ്പിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ ഇവിടെയാണ് താമസം.തുറന്ന കത്ത് എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്ററാണ് അദ്ദേഹം.വേണമെങ്കില്‍ പോകാം.
വോളന്‍റററി റിട്ടയര്‍മെന്‍റിനുശേഷമുള്ള അദ്ദേഹത്തിന്‍റെ വാസമുറപ്പിക്കലായിരുന്നു അത്.അതൊന്നും അന്നറിയില്ല.എം.ടിയുടെ ജ്യേഷ്ഠന്‍ എന്ന പരിചയപ്പെടുത്തല്‍,വിവര്‍ത്തകന്‍ എന്ന നിലയിലുള്ള വായനാപരിചയം അത്രയുമേ അദ്ദേഹത്തെ കാണണമെന്ന് വിചാരിക്കുന്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ മേട്ടുപാളയം സ്ട്രീറ്റിലുള്ള തുറന്ന കത്തിന്‍റെ ഓഫീസില്‍ പോയി.
അവിടെ നിരന്തരം ഓളിയിടുന്ന പഴയൊരു ലെറ്റര്‍ പ്രസ്സിന്‍റെ വശത്തുള്ള പത്രാധിപര്‍ക്കുള്ള കുടുസ്സുമുറിയില്‍ പ്രൂഫില്‍ ചില തിരുത്തുകളുമായി അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു.മേശപ്പുറത്ത് പച്ചനിറമുള്ള പഴയൊരു ഫോണ്‍.ഞാനാവട്ടെ ചില ലിറ്റില്‍ മാഗസിനുകളിലേ അതുവരെ എഴുതിയിട്ടുള്ളൂ എങ്കിലും കാഫ്കയോ ഹുവാന്‍ റൂള്‍ഫോയോ ആണെന്ന മട്ടിലായിരുന്നു എന്‍റെ നടപ്പ്.ആ മട്ടിലാണ് തുറന്ന കത്തിലേക്ക് കയറിച്ചെല്ലുന്നതും.മുഖത്തത് പ്രകടമാക്കിയിട്ടുമുണ്ടാവണം.എന്നിട്ടും എം.ടി.എന്‍ സാര്‍ ഇരിക്കാന്‍ പറഞ്ഞു,വിശേഷങ്ങള്‍ ചോദിച്ചു.
വെറുതെ പരിചയപ്പെടാനായി വന്നതാണെന്ന് ഞാന്‍പറഞ്ഞപ്പോള്‍ അദ്ദേഹം തിരക്കുകള്‍ക്കിടയിലും സംസാരിക്കാന്‍ തയ്യാറായി.ഇടയ്ക്ക് പ്രസ്സിലെ ജോലിക്കാര്‍ പ്രൂഫോ മറ്റോ ആയി വരും.തുണി കെട്ടി മറച്ചതിനപ്പുറം സ്ത്രീകള്‍ ധൃതിയില്‍ വാര്‍ത്ത കന്പോസ് ചെയ്യുന്ന ശബ്ദം.വേറൊരിടത്ത് പേജുകള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്നു.തുറന്ന കത്ത് പാലക്കാട്ടെ പേരുള്ള,വായനക്കാരുള്ള,പരസ്യവരുമാനമുള്‌ള സായാഹ്നപത്രമായിരുന്നു അക്കാലത്ത്.(വന്‍കിട പത്രങ്ങള്‍ മിഡ് ഡേ ഡെയിലി എന്ന പരിപാടി ആരംഭിച്ചിരുന്നില്ല എന്നുസാരം.)അതിനിടയിലാണ് ഞങ്ങളോട് സംസാരിക്കാനുള്ള സാറിന്‍റെ സാഹസം.ഞാന്‍ നോക്കി.എം.ടിയുടെ ഛായ.ചിലപ്പോള്‍ അതേ ചിരി,കണ്ണുകള്‍.മീശ വെട്ടിയിരിക്കുന്നതുപോലും അങ്ങനെ തന്നെ.(മനപ്പൂര്‍വ്വമാവണമെന്നില്ല)എനിക്ക് അന്നുമിന്നും എം.ടിയുമായി അടുത്ത് സന്പര്‍ക്കമില്ല.അതിനുള്ള അവസരങ്ങളുണ്ടായിട്ടില്ല.ഉണ്ടായപ്പോള്ത്തന്നെ,സ്വയം പരിചയപ്പെടുത്തിയ സന്ദര്‍ഭത്തില്‍ കണ്ണുകളിലെ വലിയ ചിരിയോടെ അറിയാം,വായിക്കാറുണ്ട് എന്നോമറ്റോ പതിയെ പറഞ്ഞതല്ലാതെ വളരെയൊന്നും സംസാരിച്ചിട്ടുമില്ല.അതൊക്കെ അടുത്ത കാലത്താണ്.
എന്നാല്‍ അന്ന് എം.ടി.എന്‍ സാര്‍ മടിയില്ലാതെ സംസാരിച്ചുതുടങ്ങിയതോടെ ലോകസാഹിത്യം തുറന്ന കത്തിന്‍റെ മുറിയിലേക്ക് വരാന്‍ തുടങ്ങി.എന്നിലെ കാഫ്ക ഇറങ്ങിയോടി ഒറിജിനല്‍ കാഫ്കയെ കൂട്ടിവന്നു.ബര്‍ട്രാന്‍റ് റസ്സല്‍ വന്നു.ജിദ്ദു വന്നു.പാസ്റ്റര്‍നാക്ക് വന്നു.ജോസഫ് കെസ്സലും ആല്‍ബര്‍ട്ടോ മൊറോവിയയും കാവാബാത്തയും വന്നു.അവര്‍ വന്നപ്പോള്‍ ഇരിക്കാനും നില്‍ക്കാനുമിടമില്ലാതെ ഞാന്‍ ചുരുങ്ങാന്‍ തുടങ്ങി.ഒടുവില്‍ ഒരു മൂലയ്ക്ക് ഒതുങ്ങിനില്‍പ്പായി.അതാണ് അനുഭവം.
ഗുരുക്കന്മാര്‍ അങ്ങനെയാണ്.നമ്മളെ ചെറുതാക്കിത്തരും.അതാണ് ആഹ്ലാദം.അഹം വഴിമാറുന്ന ആഹ്ലാദം.
പിന്നീട് ഒന്നോ രണ്ടോ വട്ടംകൂടി അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിരുന്നു.പിന്നീട് കുറേക്കാലത്തേക്ക് പാലക്കാട് ചെന്നതൊക്കെ മറ്റാരെയും പരിഗണിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.ആ നാളുകള്‍ വേഗം പോയി. ആരെയും കാണാനില്ലാത്ത,കണ്ടിട്ട് ഉന്മേഷമില്ലാത്ത കാലം ധൃതിയില്‍ വന്നു.ഞാന്‍ എം.ടി.എന്‍ സാറിനെയും മറന്നു.
അതിനിടയിലാണ് ഡി പിറക്കുന്നത്.അതിലെ വി.എന്‍ എന്ന പത്രാധിപരെ അനായാസം ഞാന്‍ സൃഷ്ടിച്ചെടുത്തത് എം.ടി.എന്‍ സാറിനെ മാതൃകാസ്ഥാനത്ത് നിര്‍ത്തിയായിരുന്നു.നെഹ്റു നേരിട്ട് സ്വന്തം പേന കൊടുത്ത പത്രാധിപരായിരുന്നു വി.എന്‍.
ഇടയില്‍ സാറിനെ ഓര്‍മ്മ വന്നപ്പോള്‍ എറണാകുളത്തുനിന്ന് ഞാന്‍ കത്തുകള്‍ അയച്ചു.സാറെനിക്ക് മറുപടിയും എഴുതി.അതില്‍ ചില അസുഖങ്ങള്‍ ശല്യപ്പെടുത്തുന്ന വിവരമൊക്കെയുണ്ടായിരുന്നു.
പിന്നീട് രണ്ടായിരത്തിന്‍റെ മദ്ധ്യത്തിലൊരിക്കല്‍ പാലക്കാട് വന്നപ്പോള്‍ ഞാന്‍ ധോണിയിലുള്ള സാറിന്‍റെ വീട് അന്വേഷിച്ചുപോവുകതന്നെ ചെയ്തു.കണ്ടു.സംസാരിച്ചു.അപ്പോഴേക്കും പതിവായി ഓഫീസില്‍ പോകുന്നത് സാര്‍ വേണ്ടെന്നുവച്ചിരുന്നു.
മുപ്പതോളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട് അദ്ദേഹം.കാവാബാത്തയുടെ ഹിമഭൂമിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണ ഗ്രന്ഥങ്ങളും കോളിന്‍ വില്‍സന്‍റെ ലൈംഗീകവാസനയുടെ ഉല്‍പ്പത്തിയുമടക്കം നിരവധി ഗ്രന്ഥങ്ങള്‍.മാതൃഭൂമിയും ഡിസിയും ഒലിവും പഴയ മള്‍ബെറിയുമൊക്കെയാണ് ആ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.എന്നിട്ടും പലര്‍ക്കും അദ്ദേഹത്തെ വേണ്ടപോലെ അറിയില്ലെന്ന് തോന്നുന്നു.സതേണ്‍ റെയില്‍വേയിലായിരുന്നു ജോലി.പ്രധാനമായും വിവര്‍ത്തന പരിശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.അദ്ദേഹവുമായി സംസാരിച്ചിരിക്കുന്പോള്‍ എനിക്കു തോന്നാറുണ്ട്,നേരിട്ട് എഴുത്തില്‍ വന്നിരുന്നെങ്കില്‍,സ്വന്തമായി ഫിക്ഷന്‍ എഴുതിയിരുന്നെങ്കില്‍ ഇദ്ദേഹത്തില്നിന്ന് എത്രയോ മികച്ച കൃതികള്‍ മലയാളത്തിന് ലഭിക്കുമായിരുന്നു എന്ന്.എനിക്കുതോന്നുന്നത് ആദ്യകാലത്ത് അദ്ദേഹം സ്വന്തമായി കഥകളെഴുതിയിരുന്നു എന്നുതന്നെയാണ്.
ഇന്നലെ വൈകുന്നേരം നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഞാന്‍ സാറിനെ തേടിപ്പോയി.ഇനിയും മുഴുവനായും പോയിട്ടില്ലാത്ത അഹങ്കാരത്തില്‍ എന്‍റെ മരണവിദ്യാലയമെടുത്ത് കൈയില്‍ വച്ചു.ലോകത്തെ വിറപ്പിച്ച മഹാസാഹിത്യകാരന്മാരെ വായിക്കുന്ന ഒരാള്‍ക്കാണ് ഞാന്‍ സ്വന്തം പുസ്തകം കൊണ്ടുപോകുന്നത്.അതേ കൊടുക്കാനുണ്ടായിരുന്നുള്ളൂ.
ലോകസാഹിത്യം പിന്നാലെ നടന്ന് വായിക്കുന്ന ഒരാളല്ല ഞാന്‍.അതിനുള്ള കഴിവുമില്ല.അതുകൊണ്ടുതന്നെ സാര്‍ വായിക്കാത്ത ഒരു കേമന്‍ പുസ്തകം ഇതാ എന്നുപറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചെല്ലാനുള്ള ധൈര്യവുമില്ല.അപ്പോള്‍പിന്നെ,സാറ്‍ വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകം ഇതുതന്നെയായിരിക്കണം.!
റെയില്‍വേ കോളനിയിലേക്കുള്ള വഴി എത്രയോ മാറിയിരിക്കുന്നു.ഉമ്മിണിയും എഞ്ചീനീയറിംഗ് കോളജിലേക്കുള്ള പാതയും ഒക്കെ വല്ലാതെ മാറിയിട്ടുണ്ട്.തെക്കേപ്പാട്ട് എന്ന വീടിരിക്കുന്ന ചെറിയ മേടും മാറ്റങ്ങള്ക്ക് വിധേയമായി.പരിസരത്ത് ധാരാളം വീടുകള്‍ വന്നു.
മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്‍.എന്നെയും സമഭാവനയോടെ പരിഗണിച്ച അതേ മനുഷ്യന്‍.ഒന്നരവര്‍ഷം മുന്പ് സാറിന്‍റെ ഭാര്യ മരിച്ചു.മകളാണിപ്പോള്‍ കൂടെ.പകലുകളുടെ വിരസതയെ അതിജീവിക്കാനായി സാറിപ്പോഴും പുസ്തകങ്ങള്‍ വായിക്കുന്നു,അത് വിവര്‍ത്തനം ചെയ്യുന്നു.മുന്നിലെ മേശപ്പുറത്ത് കുഞ്ഞ് കൈയക്ഷരങ്ങള്‍ അടുങ്ങിക്കിടക്കുന്ന കടലാസുകള്‍.ഇത്തവണ എന്‍റെ കൂടെ വന്നത് സദാനന്ദന്‍ ആയക്കാട് എന്ന സ്നേഹിതനായിരുന്നു.വണ്ടി തന്നയച്ചത് പവിത്രനും.
മനസ്സിന് വളരെ ലാഘവം തോന്നി.കാണണമെന്ന് കരുതിയിരുന്ന യൊരാളെയാണ് കാണാന്‍ കഴിഞ്ഞത്.സായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മറ്റൊന്ന്.
ഞാന്‍ സാറിന് ഒരു പുസ്തകം കൊടുത്തപ്പോള്‍ എനിക്കു തരാനായി സാര്‍ പൊതിഞ്ഞുവച്ചിരുന്നത് നാല് പുസ്തകങ്ങള്‍!വീണ്ടും അങ്ങനെ തന്നെ.ഗുരുക്കന്മാര്‍ ഗുരുക്കന്മാര്‍ തന്നെ.
മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്‍.എന്നെയും സമഭാവനയോടെ പരിഗണിച്ച അതേ മനുഷ്യന്‍
ReplyDeleteപുസ്തകങ്ങളുമായി അല്പം വായനാബന്ധമുണ്ടെങ്കിലും ഈ ഗുരുവിനെ അറിഞ്ഞിരുന്നില്ല, പരിചയപ്പെടുത്തിയതിനു നന്ദി,എല്ലാ ഗുരുക്കന്മാരെയും മനസ്സുകൊണ്ട് നമിക്കുന്ന ഈ ശീലത്തിനും.
ReplyDeleteസുസ്മേഷ്......
ReplyDeleteഎം.ടി .എന്‍ സാറിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ സുസ്മേഷ് പറയുമ്പോഴാണ് .....
കയ്യടി ആവശ്യപ്പെടാതെ ഇങ്ങിനെ എത്രയോ പേര്‍ നമുക്കിടയില്‍ ....
മനസ്സില്‍ തൊടുന്ന ഒരു ചിത്രം വരയ്ക്കാന്‍ സുസ്മേഷിനു കഴിഞ്ഞൂ .....
അഹം വഴിമാറുന്ന ആഹ്ലാദം.......
സുസ്മേഷ് ഈ അനുഭവം വളരെ ഹൃദയ സ്പര്‍ശിയായി തോന്നി.ഇടയ്ക്ക് ഇങ്ങനത്തെ പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുന്നതില്‍ ഒത്തിരി സന്തോഷം,നന്ദി.
ReplyDeleteഎംടിയുടെ ജ്യേഷ്ടനെ സുസ്മെഷിന്റെ വക്കുകളിലൂടെ ആദ്യമായി അറിഞ്ഞു.ഭംഗിവാക്ക് പറയുകയല്ല..എന്തെഴുതിയാലും വായിച്ചു കഴിയുമ്പോഴും സ്നേഹത്തിന്റെയോ വത്സല്യത്തിന്റെയോ പ്രണയത്തിന്റെയോ സൌഹ്രുദത്തിന്റെയോ......നന്മയുടെ ഒരു സ്പര്‍ശം മനസില്‍ ബാക്കി നില്‍ക്കും.ജീവിതത്തോട് കൂടുതല്‍ സ്നേഹം തോന്നും.ഒപ്പം വീണ്ടും ഈ വാക്കുകളെ തേടി വരാന്‍ പ്റേരണയും....ഇനിയും ഇതു പോലെയുള്ള ഓര്മ്മകളും വിചാരങ്ങളും പങ്ക് വക്കുക
ReplyDeleteസായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മറ്റൊന്ന്.
ReplyDeleteആ വിസ്മയം പന്കു വയ്ക്കാത്തതെന്തേ...അത് വായിക്കാനാണ് വായിച്ചത്..
മാറ്റമില്ലാത്തത് സാറിന് മാത്രം എന്ന് പറയുമ്പോള്‍ സുസ്മേഷില്‍ മാറ്റമുണ്ടെന്നാണോ... അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDeleteഎം.ടി.എന്‍.അതിലൊക്കെ വലിയ മനുഷ്യനാണ് സുസ്ന്മേഷ്.
ReplyDeleteചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. നിശബ്ദം കടന്നുപോകും, ചുറ്റും നന്മയുടെ സുഗന്ധം പരത്തിക്കൊണ്ട്.
ReplyDeleteഗുരുക്കന്മാര്‍ ഗുരുക്കന്മാര്‍ തന്നെ...നന്നായി എഴുതി..വായിക്കാന്‍ നല്ല സുഖം
ReplyDeleteഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയാവായ്പോടെയോ സ്നേഹത്തോടെയോ നോക്കിയിട്ടുള്ള ഏതൊരാളെയും അവസാനശ്വാസം വരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുവാന്‍ ആഗ്രഹിക്കാറുണ്ട്.
ReplyDeleteഇത് എന്റെയും ജീവിതമാണ്.
വളരെ സജീവമായി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദിയും സ്നേഹവും.
ReplyDeleteപ്രിയ മനോരാജ്,സംശയിച്ചത് ശരിയാണ്.സുസ്മേഷിന് വളരെ മാറ്റമുണ്ട്.മാറ്റം വേണ്ടേ അനുദിനംമാറുന്ന ഈ ലോകത്തില്‍..?
ബീനച്ചേച്ചീ,ഉദ്ദേശിച്ചത് മനസ്സിലായില്ല.ക്ഷമിക്കൂ..
സീഡീയന്‍,അങ്ങനെയാണോ ആ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയത്.കഷ്ടായല്ലോ..ഞാനൊരു സധാരണക്കാരനായ മനുഷ്യനാണ്.കുറച്ചു നല്ല കഥകളെഴുതിയിട്ടുണ്ട്.എങ്കിലും അതൊരു വലുപ്പമുണ്ടാക്കിയോ എന്നറിയില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്മകള്‍ നേരുന്നു...
സ്വയം കയ്യടിക്കാതെ ജീവിക്കുന്നവരെ കയ്യടി തേടി വരും.
ReplyDeleteനല്ല കുറിപ്പ്.
അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെ.പരിചയപ്പെടുത്തിയതിന് ...നന്ദി .എഴുത്തിന്‍റെ വഴികളില്‍ മുന്നേറിക്കൊണ്ടേയിരിക്കുക. ഒരു പഴയ ഇടുക്കിക്കാരന് ഒരു പഴയ ഇടുക്കിക്കാരിയുടെ ആശംസകള്‍. അഭിവാദ്യങ്ങള്‍....
ReplyDeleteസുസ്മേഷ് ഞാന്‍ പാലക്കാട് റെയില്വേയില്‍ പണിചെയ്തിരുന്ന കാലത്ത് പരിചയമുണ്ട്.എം.ടി,എന്‍റ്റെ മകള്‍ അയല്‍ക്കാരിയായിരുന്നു.സഹൃദയനായ മരുമകനായിരുന്നു മോഹനന്‍ നായര്‍ എന്ന കണ്ട്രോളര്‍.സാധാരണ മനസിലൊന്നും പുറത്ത് മറ്റൊന്നുമായി ജീവിക്കുന്നവരേക്കാള്‍ വലിയ മനുഷ്യനായിരുന്നു.അതാണ് ഞാന്‍ ഉദ്ദേശിച്ചത്.താങ്കള്‍ തെറ്റി ധരിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്.
ReplyDeleteറൊണാള്‍ഡ്,സന്തോഷം.
ReplyDeleteഅനാമിക ടീച്ചര്‍,വെള്ളത്തൂവലാണ് സ്വദേശം.പഴയ ഇടുക്കിക്കാരന്‍ ..പ്രയോഗം ഇഷ്ടായി.
സീഡിയന്‍,ഇപ്പോള്‍ ക്ളീയറായി.വ്യക്തത വരുത്തിയതിന് ഒരായിരം നന്ദി.
ഈ കുറിപ്പ് വളരെ നന്നായി. ഗുരുക്കന്മാർ ഇങ്ങനെയാവണം അല്ലേ? നല്ല കുറിപ്പിനു നല്ല നമസ്ക്കാരം.
ReplyDeleteഇങ്ങനെയൊരാളെ കുറിച്ച് അറിയില്ലായിരുന്നു പരിചയപ്പെടുത്തിയ നല്ലെഴുത്തിനു നന്ദി.
ReplyDeleteഒരാളെ കൂടി പരിചയപെട്ടു നന്ദി ,,,,,,,,,,,,,,, കഴിയുമെങ്കില്‍ എന്റെ ബ്ലോഗ് ഒന് വാഴിച്ചു ഒരു കമന്റ് എഴുതന്നം ..ബ്ലോഗ് നെയിം എന്റെ കാല്പാടുകള്‍
ReplyDeleteഎല്ലാവരിലും സ്പാര്‍ക്ക് ഉണ്ടാക്കുന്ന ഒരു അധ്യാപന്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മെ, നമ്മുടെ വഴിയിലേക്ക് ഒരു ചൂണ്ടു വിരല്‍ ആയി. എനിക്കുമുണ്ട്. ബ്ലോഗ് എന്ന ആശയം മനസ്സില്‍ വീണപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം നിര്‍ദേശിച്ച പേര് ഞാന്‍ സ്വീകരിച്ചു. നന്ദി പ്രകാശനം നടത്തുകയും ചെയ്തു.ഇന്ന് എന്റെ മകള്‍ ഭാഷാപരമായി ഒരു സംശയം വന്നാല്‍ ആ മഹത് പാദങ്ങള്‍ തേടാറുണ്ട്. നന്ന് സുസ്മെഷ് .
ReplyDeleteഎച്ചുമുക്കുട്ടീ,തെച്ചിക്കോടന്‍,കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍ വന്നതിലും വായിച്ചതിലും സന്തോഷം.
ReplyDeleteഅരുണ്‍ ബാബു,ബ്ലോഗില്‍ പോയി നോക്കി.വായിച്ചു.എന്‍റെ കാല്‍പാടുകള്‍ എന്ന ബ്ലോഗ് ഹിറ്റാവട്ടെ.
വളരെ നന്നായി ഈ കുറിപ്പ്. താങ്കളെപ്പോലുള്ള ഒരാൾ അദ്ദേഹത്തെ ഈവിധം അവതരിപ്പിച്ചതിന് നന്ദി. അറിയാമെങ്കിലും നേരിട്ടു പരിചയമില്ല എനിക്ക്.( മകൾ അനിത പഞ്ചായത്ത് മെമ്പർ ആയിരുന്നു, അറിയാം). പിന്നെ മരണവിദ്യാലയം വായിച്ചു.ഗണ്ടനാമോ (ഗംഭീരം), ഹരിതമോഹനം, മരണവിദ്യാലയം ഒക്കെ വളരെ നല്ല രചനകളാണ്
ReplyDeleteMilk is good as itself but when added some sugar it becoming more good.. like wise your writing is becoming more good when it accompanied a spiritual touch... thank you
ReplyDelete