Monday, October 31, 2011

പകല്‍ പോലെ ഒരു സ്‌ത്രീ


നാലുവര്‍ഷം മുമ്പ്‌ ഒരു മദ്ധ്യാഹ്നത്തില്‍ നിലത്തുവിരിച്ച പുല്‍പ്പായയില്‍ ഉച്ചമയക്കത്തിനു കിടന്നതായിരുന്നു ഞാന്‍.അന്നേരമാണ്‌ ഫോണ്‍ ശബ്‌ദിക്കുന്നത്‌.എനിക്കു പരിചയമില്ലാത്ത നമ്പരാണ്‌.ഉറക്കത്തിന്റെ സുഖം മുറിച്ച്‌ ഞാന്‍ ഫോണെടുത്തു.
``ഹലോ..?''
അങ്ങനെ പറഞ്ഞതും മറുവശത്തുനിന്ന്‌ സ്‌ത്രീസ്വരത്തില്‍ ഒരു ചീറല്‍ കേട്ടു.
``നിങ്ങളോടാരാണ്‌ ഫോണെടുക്കാന്‍ പറഞ്ഞത്‌.?''
എന്റെ ഉറക്കം പോയിക്കിട്ടി.ആളെ മനസ്സിലാവാതെ ഞാന്‍ പതിയെ ചോദിച്ചു.
``എന്റെ ഫോണില്‍ കോള്‍ വന്നാല്‍ പിന്നെ എടുക്കാതെ പറ്റുമോ..?''
മറുവശത്തുനിന്ന്‌ വിചിത്രമായ മറുപടി.
``ഞാന്‍ നിങ്ങളുടെ ഫോണിലെ പാട്ടുകേള്‍ക്കുകയല്ലേ.''
ഞാനമ്പരന്നുപോയി.ഞാന്‍ തിരക്കഥയെഴുതിയ `പകല്‍' എന്ന സിനിമയിലെ `എന്തിത്ര വൈകി നീ സന്ധ്യേ' എന്ന പാട്ടായിരുന്നു എന്റെ ഫോണില്‍.ഞാന്‍ പറഞ്ഞു.
``ശരി.നിങ്ങള്‍ പാട്ടുകേട്ടോളു.ഞാന്‍ ഫോണെടുക്കുന്നില്ല.''
അങ്ങനെ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌ത്‌ ഞാന്‍ കിടന്നു.
ആ നമ്പറില്‍നിന്ന്‌ വീണ്ടും കോള്‍ വന്നു.ഞാനെടുത്തില്ല.അവര്‍ എന്നോട്‌ സംസാരിക്കാനല്ലല്ലോ ആ പാട്ട്‌ കേള്‍ക്കാനല്ലേ വിളിക്കുന്നത്‌.എന്നാലും അവര്‍ക്കിഷ്‌ടപ്പെട്ട പാട്ട്‌ എന്റെ ഫോണിലുണ്ടെന്ന്‌ അവരെങ്ങനെ മനസ്സിലാക്കി എന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.
പിറ്റേന്നുമുതല്‍ ഇടയ്‌ക്കിടയ്‌ക്ക്‌ അവര്‍ വിളിക്കാന്‍ തുടങ്ങി.നമ്പര്‍ ഓര്‍മ്മയില്ലാതെ ഞാന്‍ ഫോണെടുക്കും.അവര്‍ പതിവുപോലെ എന്തിനാ ഫോണെടുത്തതെന്ന്‌ എന്നോട്‌ ചോദിക്കും.വേറൊന്നും പറയുകയുമില്ല.വാസ്‌തവത്തില്‍ ആ വിളികള്‍ എനിക്ക്‌ അരോചകമായി.എങ്കിലും ആ സ്വരത്തില്‍ ഒരു കുസൃതിയുണ്ടായിരുന്നു.അതെനിക്കിഷ്‌ടവുമായിരുന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
``അല്ല പാട്ടുകേട്ടാല്‍ മതിയോ.നിങ്ങള്‍ക്കെന്നോട്‌ സംസാരിക്കേണ്ടേ..?''
``വേണ്ട.പാട്ടുകേട്ടാല്‍ മതി.''
``എങ്കില്‍ എന്തിനാണ്‌ എന്റെ ഫോണിലേക്ക്‌ വിളിക്കുന്നത്‌.അതിന്റെ സിഡി വാങ്ങാന്‍ കിട്ടുമല്ലോ.''
``സിഡി കേള്‍ക്കാന്‍ എന്റെ കൈയില്‍ ഉപകരണമൊന്നുമില്ല.''
``എന്നാല്‍ റേഡിയോയിലേക്ക്‌ എഴുതി ചോദിക്ക്‌.അവരാ പാട്ട്‌ വച്ചുതരും.''
``ങാ,റേഡിയോയില്‍ നിന്നാ ഞാനാ പാട്ട്‌ കേട്ടിട്ടുള്ളത്‌.പക്ഷേ അതേത്‌ പടത്തിലേതാണെന്നൊന്നും എനിക്കറിയില്ല.ഞാന്‍ വിളിക്കുമ്പോ നിങ്ങള്‍ ഫോണെടുക്കാതിരുന്നാല്‍ മതി.നിങ്ങളുടെ ഫോണീന്ന്‌ ഞാന്‍ കേട്ടോളാം.''
ഒരാള്‍ നമ്മളെ പറ്റിക്കുകയാണെന്ന്‌ അറിഞ്ഞാല്‍ നമുക്കവരോട്‌ വല്ലാത്ത ദേഷ്യം തോന്നും.ഈ സംസാരവും കളിയാക്കുന്നതാണോ ആത്മാര്‍ത്ഥമായിട്ടാണോ എന്നറിയാന്‍ യാതൊരു വഴിയുമില്ല.അതുകൊണ്ട്‌ ദേഷ്യപ്പെടാനും വയ്യ.അവര്‍ പറഞ്ഞതുപോലെ ഒരു സിഡി പ്ലയറോ ഐപോഡോ ഒന്നുമില്ലാത്ത ഒരു സാധുവീട്ടിലെ കുട്ടിയാണെങ്കില്‍ ഞാന്‍ ധിക്കാരം കാണിക്കുന്നത്‌ അവിവേകമായിരിക്കും.ഞാന്‍ മയത്തില്‍ ചോദിച്ചു.
``നിങ്ങളുടെ പേരെന്താണ്‌..?''
``പേരെന്തിനാ അറിയുന്നത്‌.അതിന്റെ ആവശ്യമില്ല.''
താഴ്‌മയോടെ ഞാന്‍ അപേക്ഷിച്ചു.
``പേര്‌ അറിയണമെന്ന്‌ എനിക്കു നിര്‍ബന്ധമില്ല.അതറിഞ്ഞാല്‍ ഞാനീ ഫോണില്‍ സേവ്‌ ചെയ്‌തുവയ്‌ക്കാം.നിങ്ങളുടെ കാള്‍ വരുമ്പോള്‍ ഞാനെടുക്കാതിരിക്കാന്‍ അത്‌ സഹായിക്കും.അതിനാണ്‌.''
അതവര്‍ക്ക്‌ മനസ്സിലായെന്നു തോന്നുന്നു.എന്നോട്‌ പാതി അയഞ്ഞ സ്വരത്തില്‍ പറഞ്ഞു.
``എന്നാ ഏതെങ്കിലുമൊരു പേര്‌ സേവ്‌ ചെയ്യ്‌.''
ഞാന്‍ ഫോണില്‍ `പകല്‍' എന്ന്‌ അവരുടെ പേര്‌ രേഖപ്പെടുത്തി.
പിന്നീട്‌ പകലില്‍നിന്ന്‌ കോള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഫോണ്‍ എടുക്കാതിരുന്നു.അങ്ങനെ മാസങ്ങള്‍ നീങ്ങിപ്പോയി.ഏതോ കുട്ടിയുടെ കുസൃതി എന്ന നിലയില്‍ ഞാനതിനെ തള്ളുകയും ചെയ്‌തു.
ഇനി ഇത്തിരി ഗൗരവമുള്ള വിചാരങ്ങള്‍ കഴിഞ്ഞ്‌ ഈ ഫോണിലേക്ക്‌ തിരിച്ചെത്താം.ലോകത്തിന്നുവരെ ഞാന്‍ കണ്ട വിസ്‌മയം സ്‌ത്രീകളാണ്‌.ഞാന്‍ കണ്ട സൗന്ദര്യവും ശക്തിയും അതുതന്നെ.ആ അര്‍ത്ഥത്തില്‍ എല്ലാ സ്‌ത്രീകളോടും എനിക്ക്‌ ബഹുമാനമുണ്ട്‌.എന്നാലും ചിലര്‍ നമ്മളില്‍ ആദരവുണ്ടാക്കുന്നതില്‍ പരാജയപ്പെടും.അത്തരക്കാരായ ഏതെങ്കിലും സ്‌ത്രീയോട്‌,അവരെത്ര സുന്ദരിയായിരുന്നാലും ധനികയായിരുന്നാലും കേമിയായിരുന്നാലും എനിക്ക്‌ സംസാരിക്കാന്‍ പോലും കഴിയുകയില്ല.എന്റെ അമ്മയും മദര്‍ തെരേസയും മാധവിക്കുട്ടിയും ഇറോം ശര്‍മ്മിളയും ദയാബായിയും പ്രൊതിമാബേദിയുമാണ്‌ ലോകത്ത്‌ ഞാനാരാധിച്ചിട്ടുള്ള സ്‌ത്രീകള്‍.ഒരു സ്‌ത്രീയില്‍ സമ്മേളിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്ന ഘടകങ്ങളെല്ലാം ഇവരിലായി നിറഞ്ഞുകിടപ്പുണ്ട്‌.പുരുഷന്‌ ബഹുമാനം തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്നിടത്താണ്‌ സ്‌ത്രീയുടെ പൂര്‍ണ്ണത.
ഇനി ആ ഫോണ്‍ സംഭാഷണത്തിലേക്ക്‌ വരാം.മാസങ്ങള്‍ കഴിഞ്ഞ്‌ പകല്‍ എന്ന നമ്പറില്‍നിന്ന്‌ ഒരു സന്ദേശം വന്നു.എന്തുകൊണ്ട്‌ ഞാന്‍ ഫോണ്‍ എടുക്കുന്നില്ല എന്ന ചോദ്യമായിരുന്നു അത്‌.അതിനും തുടര്‍ന്നുവന്ന വിളികള്‍ക്കും ഞാന്‍ നിശ്ശബ്‌ദതതന്നെ ഉത്തരമായി നല്‍കി.അവര്‍ വീണ്ടും സന്ദേശമയച്ചു.ദയവായി ഫോണെടുക്കൂ,നിങ്ങളുടെ കഥകള്‍ ഞാനിപ്പോഴാണ്‌ വായിക്കുന്നത്‌,എനിക്ക്‌ സംസാരിക്കാനുണ്ട്‌ എന്നായിരുന്നു അത്‌.അങ്ങനെ ഞാന്‍ അവരുടെ ഫോണ്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്‌തു.
പിന്നീട്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അന്ന്‌ വിളിക്കാനുള്ള പ്രേരണയെന്തായിരുന്നുവെന്ന്‌.ആയിടയ്‌ക്ക്‌ കലാകൗമുദിയില്‍ ഞാനുമായുള്ള അഭിമുഖം വന്നിരുന്നു.അതു വായിച്ചപ്പോഴാണ്‌ അവര്‍ക്ക്‌ വിളിക്കാന്‍ തോന്നിയത്‌.വിളിച്ചപ്പോള്‍ കേട്ടത്‌ ആ പാട്ടാണ്‌.പാട്ടു കേള്‍ക്കുന്നത്‌ തടസ്സപ്പെടുത്തി ഞാന്‍ കോള്‍ എടുത്തതുകൊണ്ടാണ്‌ അന്നങ്ങനെ ഇത്തിരി ദേഷ്യപ്പെട്ടതെന്ന്‌ അവര്‍ പറഞ്ഞു.അതില്‍ കൂടുതലൊന്നും അവരെപ്പറ്റി വിശദീകരിച്ചില്ല.
എന്നെക്കാള്‍ മുതിര്‍ന്ന ഒരാളായിരുന്നു അവര്‍.കുട്ടിത്തം കൈമോശം വരുത്താത്ത സൗന്ദര്യമുള്ള ഒരു നല്ല സ്‌ത്രീ.പക്ഷേ വഴിയെ ചില കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി.അപ്പോഴാണ്‌ അതുവരെ തോന്നിയ ലാഘവത്വം മാറി ഞാന്‍ അമ്പരപ്പിലായത്‌.
അവരും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ്‌.എന്നിട്ടും സ്വന്തമായി വീടുവയ്‌ക്കാതെ സര്‍ക്കാര്‍ കൊടുത്ത താമസസ്ഥലത്ത്‌ താമസിക്കുന്നു.ഫ്രിഡ്‌ജ്‌,ടെലിവിഷന്‍,സിഡിപ്ലയര്‍,ആഡംബരകസേരകള്‍,കട്ടിലുകള്‍,ഗൃഹോപകരണങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നു.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പരിസരങ്ങളിലും റോഡുകളിലും ആരുടെയും പിന്തുണ നോക്കാതെ വ്യത്യസ്‌തങ്ങളായ മരങ്ങള്‍ നട്ടുപരിപാലിക്കുന്നു.ഒഴിവുദിവസങ്ങളില്‍ സ്‌കൂളുകളില്‍ പ്രൊജക്‌ടറുകളുമായി ചെന്ന്‌ ചെറിയ ചെറിയ സിനിമകള്‍ കുട്ടികള്‍ക്കായി കാണിച്ചുകൊടുക്കുന്നു.അല്ലാത്ത ദിവസങ്ങളില്‍ സാമൂഹിക പ്രസക്തിയുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുന്നു.സാധാരണ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നു.തീയേറ്ററുകളില്‍ പോയി കുടുംബസമേതം സിനിമകള്‍ കാണുന്നു.നിര്‍ദ്ധനര്‍ക്ക്‌ കുടകളും വസ്‌ത്രങ്ങളും വാങ്ങിക്കൊടുക്കുന്നു.ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ കത്തുകളെഴുതുന്നു.അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ സൗജന്യസേവനം ചെയ്യുന്നു.ഏതിനുമുപരിയായി ധാരാളം പുസ്‌തകങ്ങള്‍ വായിക്കുന്നു.വായിച്ച പുസ്‌തകങ്ങളെപ്പറ്റി സംസാരിക്കുന്നു.പരാതികള്‍ക്കിടകൊടുക്കാതെ കുടുംബം നോക്കുന്നു.ശമ്പളം കിട്ടുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി ലോക്കറുകളിലേക്ക്‌ ഓടാതിരിക്കുന്നു.പ്രിഡിഗ്രി പഠനത്തിനുശേഷം സാരിയുടുത്തിട്ടില്ലാത്ത,സ്വര്‍ണ്ണമണിയാത്ത,അംഗവൈകല്യമുള്ള ഒരാളെ പ്രണയിച്ചു വിവാഹം കഴിച്ച,അതിനെ എതിര്‍ത്ത വീട്ടുകാരെ അകറ്റിനിര്‍ത്തിയ ആ സ്‌ത്രീയുടെ ധൈര്യത്തെയും കറയില്ലാത്ത കാഴ്‌ചപ്പാടുകളെയും ഞാന്‍ നമിക്കുന്നു.
പുരുഷന്റെ സൗഹൃദമോ തണലോ പിടിച്ചുപറ്റാനായി നിലവാരമില്ലാത്ത കള്ളത്തരങ്ങള്‍ കാഴ്‌ചവയ്‌ക്കുന്ന സ്‌ത്രീകളെ കണ്ടുമടുത്ത എനിക്ക്‌ അവര്‍ അത്ഭുതം തന്നെയാണ്‌.എന്റെ പേപ്പര്‍ ലോഡ്‌ജ്‌ എന്ന നോവലിലെ ദീദിയെ ഞാന്‍ സൃഷ്‌ടിക്കുമ്പോള്‍ അവരായിരുന്നു മാതൃക.
അവര്‍ എന്നിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിസ്‌മയങ്ങള്‍ക്ക്‌ കണക്കില്ലെന്ന്‌ പറയാന്‍ കാരണം അവര്‍ എടുത്തു വളര്‍ത്തുന്ന അഞ്ച്‌ അനാഥക്കുട്ടികള്‍ കൂടിയാണ്‌.ഒരിക്കലും ആ കുട്ടികളെ മുഷിഞ്ഞതോ നിറമില്ലാത്തതോ ഫാഷനബിള്‍ അല്ലാത്തതോ ആയ വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടേയില്ല.സ്വന്തമായിട്ടുള്ള മകനൊപ്പം അവര്‍ മറ്റു മക്കളേയും സംരക്ഷിക്കുന്നു.
എനിക്ക്‌ അമ്പരപ്പും അസൂയയുമാണ്‌ ആ ജീവിതത്തോട്‌.നാട്ടുകാരുടെ കൈയടിയും മാധ്യമശ്രദ്ധയും അവര്‍ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടാണ്‌ അവരുടെ പേര്‌ ഞാന്‍ പറയാതിരിക്കുന്നത്‌.ഇന്നും എന്നെ വിസ്‌മയിപ്പിക്കുന്ന ആദരവുള്ള സൗഹൃദമായി അത്‌ തുടരുന്നു.
ആള്‍ക്കൂട്ടത്തിലിറങ്ങാന്‍ നാണവും മടിയുമുള്ള എന്നെ വിളിച്ച്‌ കുറേനാള്‍ മുമ്പ്‌ അവര്‍ ചോദിച്ചു.
``നീ വരുന്നോ,ഞാന്‍ നിന്റെ നഗരത്തിലൂടെ പോവുകയാണ്‌.''
``എവിടേക്ക്‌.?''
``ഒരാളുടെ കൂടെ രണ്ടുദിവസം കഴിയാന്‍.വരുന്നെങ്കില്‍ വാ..''
``ആരാ അത്‌..?''
``ദയാബായി എന്നാ പേര്‌..''
ആ സമയത്ത്‌ ദയാബായി മലയാള മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല.സ്വാഭാവികമായും ദയാബായി എന്ന പേര്‌ ഞാനപ്പോള്‍ കേട്ടിട്ടുമില്ലായിരുന്നു.ഞാന്‍ പറഞ്ഞു.
``ഞാനില്ല.നിങ്ങള്‍ പൊയ്‌ക്കോ.''
ചില നഷ്‌ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ നമ്മുടെ പോരായ്‌മ മൂലമാണ്‌.അത്‌ തിരികെ പിടിക്കാന്‍ എത്ര ജന്മം ജീവിച്ചാലും കഴിയുകയുമില്ല.അക്കാര്യം ബോദ്ധ്യമാക്കിത്തരുന്ന സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍.
(ഈ വര്‍ഷത്തെ ഇന്ത്യാ ടുഡേ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണിത്.ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കുമല്ലോ.)

51 comments:

 1. ചില നഷ്‌ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ നമ്മുടെ പോരായ്‌മ മൂലമാണ്‌.അത്‌ തിരികെ പിടിക്കാന്‍ എത്ര ജന്മം ജീവിച്ചാലും കഴിയുകയുമില്ല.അക്കാര്യം ബോദ്ധ്യമാക്കിത്തരുന്ന സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍.

  ReplyDelete
 2. അസാധാരണമായ വ്യക്തിത്വമാണ് അവരുടേത്. അവരെ മനസാ നമിക്കുന്നു.

  ReplyDelete
 3. :) ഹൃദയത്തില്‍ തൊട്ടു.

  ReplyDelete
 4. ആദ്യം വായിക്കുന്നതാ..അസൂയ തോന്നുന്നു അവരോട്..

  ReplyDelete
 5. ഇങ്ങിനെയൊക്കെ ജീവിക്കാനാഗ്രഹിച്ചാലും ശമ്പളം കിട്ടുമ്പോള്‍ സ്വര്‍ണം വാങ്ങി ലോക്കറില്‍ വയ്ക്കേണ്ടി വരുന്നവരുമുണ്ട്, സുസ്മേഷ്.. തനിക്കായല്ലാതെ..
  ജീവിതം പലരെയും വരിഞ്ഞു പിടിക്കുന്നത് പല തരത്തിലാണ്..

  ReplyDelete
 6. വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി കഥയാണെന്ന്,കാരണം ഇത്പോലുള്ള ഒരു കഥ ഈയടുത്ത് വായിച്ചിരുന്ന്.ഒരാള്‍ റിംഗ്ടോണ്‍ കേള്‍ക്കാന്‍ ഫോണ്‍ ചെയ്യണതും മറ്റും. കാന്‍സര്‍ ബാധിതയായ ഒരു സ്ത്രീയായിരുന്നു അങ്ങേ തലക്കല്‍,പിന്നീടെപ്പോഴൊ അയാള്‍ വിളിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവാണു ഫോണ്‍ എടുത്തത്,അവര്‍ മരിച്ചു പോയീന്ന് പറയാന്‍,മരിക്കുന്നതിനു മുന്‍പ് അവര്‍ പറഞ്ഞിട്ടുണ്ടത്രെ ഈ റിങ് ടോണ്‍ ഒരിക്കലും മാറ്റരുതെന്നും ഒരാള്‍ പാട്ടുകേള്‍ക്കാന്‍ വിളിക്കുമെന്നും...

  താങ്കള്‍ പറഞ്ഞത് ശരിയാണു,ചില നഷ്റ്റങ്ങള്‍,എത്ര ശ്രമിച്ചാലും തിരികെ പിടിക്കാന്‍ ആവില്ല.
  ഭാവുകങ്ങള്‍...

  ReplyDelete
 7. "സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍"
  അതെ ശരിക്കും അതിശയിപ്പിക്കുന്ന കഥാപാത്രത്തെയാണ് താങ്കള്‍ അവതരിപ്പിച്ചത്‌

  ReplyDelete
 8. അവരെ പോലുള്ളവര്‍ ഒട്ടേറെ ഉണ്ടാകട്ടെ..
  പകല്‍ എന്ന ഒരു സിനിമയെ പറ്റി ഞാന്‍ കേട്ടിട്ടില്ല. സുസ്മേഷ് പറഞ്ഞത് പോലെ അത് എന്റെ പോരായ്മയാണ്. ദയവായി ആ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാമോ ? മീന്‍സ്, ഡയറക്ടര്‍, നടന്‍, നടി, ഏത് വര്‍ഷം? സുസ്മേഷിന്റെ ഏതെങ്കിലും കഥ സിനിമയാക്കിയതാണോ.. അതോ സിനിമക്കായി എഴുതിയ കഥതന്നെയോ ??

  ReplyDelete
 9. അവസാന മൂന്ന് വരികൾക്ക് നമസ്ക്കാരം. ആ അർഥമുള്ള ഒരു ഗസൽ എന്റെ മനസ്സിലുണ്ട്. എങ്കിലും ആ വരികൾ ഫോക്കസില്ലാത്തതുകൊണ്ട് എഴുതാനാവുന്നില്ല.

  കുറിപ്പ് ഇഷ്ടപ്പെട്ടു. അവരെയും....

  ReplyDelete
 10. ഒരിക്കല്‍ വായിച്ചതാണ്... വീണ്ടും വായിച്ചിട്ടും മുഷിപ്പ് തോന്നുന്നില്ല...

  ReplyDelete
 11. .പുരുഷന്‌ ബഹുമാനം തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്നിടത്താണ്‌ സ്‌ത്രീയുടെ പൂര്‍ണ്ണത ... എത്ര ശരി. തികച്ചും മിഴിവുറ്റ ഒരു ചിത്രമായി പകലിന്റേത്. മാറി നടക്കുന്ന സ്ത്രീ.

  ReplyDelete
 12. നേരത്തെ വായിച്ചിരുന്നു. നല്ല കുറിപ്പ്. എല്ലാം വെറും ഷോ ആയി മാറുന്ന ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടല്ലോ.

  ReplyDelete
 13. കഥയിലായിരുന്നെങ്കില്‍ കഥാപാത്രത്തിണ്റ്റെ അസ്വഭാവികതകള്‍ ചൂണ്ടിക്കാട്ടുമായിരുന്നു.
  പക്ഷെ, ജീവിതത്തില്‍....
  മനുഷ്യരെന്ന സര്‍വ്വകലാശാലകളിലേയ്ക്ക്‌ അമ്പരപ്പോടെ വെറുതെ നോക്കിയിരിയ്ക്കാനെ കഴിയൂ....
  ഇത്തരം സര്‍വ്വകലാശാലകളിലേയ്ക്കുള്ള വാതിലുകള്‍ ഇനിയും തുറക്കട്ടെ...

  ReplyDelete
 14. വായിച്ചു....
  ഞാനാശംസകളറിയിക്കാനാളല്ല....

  ReplyDelete
 15. സുസ്മേഷ്,
  ഇത്തരം ചില അത്ഭുതങ്ങളെ നാം കണ്ടു മുട്ടാറുണ്ട്.
  എടുത്തു വയ്പ്പുകളില്ലാതെ ജീവിക്കുന്നവര്‍. എന്റെ
  ഡിഗ്രി ക്കാലത്ത് അധ്യാപകര്‍ ക്ലാസ്സില്‍ വന്നു
  തുടങ്ങുന്നതേയുള്ളൂ.പലരും പല വേഷത്തില്‍.
  അതില്‍ ഒരാള്‍ക്ക് മമ്മൂട്ടിയുടെ അംഗ വിക്ഷേപങ്ങള്‍
  ഉണ്ടായിരുന്നു.എന്നാല്‍ ഒരു വിഷയത്തിനു മാത്രം
  അദ്ധ്യാ പകന്‍എത്തിയില്ല.അങ്ങനിരിക്കെ ഒരാള്‍
  ക്ളാസ്സി ലേക്ക് കയറിവന്നു.മേശപ്പുറത്തിരുന്നു.
  അലസമായി ഉടുത്തി രിക്കുന്ന മുണ്ടും,ഇസ്ത്തിരി
  വീഴാത്ത ഷര്‍ട്ടും.കൈകള്‍ചുരുട്ടി ക്കയട്ടി വച്ചിട്ട്
  അതിന്റെ അറ്റത്തു ഒരു കര്‍ചീഫും തിരുകിയിട്ടുണ്ട്.
  ആകെ ക്കൂടി ഒരു പ്യൂണ്‍ സ്റ്റൈല്‍ .ഈ മനുഷ്യനെ
  ഞാന്‍ പലയിടത്തു വച്ചും കണ്ടിട്ടുണ്ട്. കാന്റീനില്‍
  ബഞ്ചില്‍ ചമ്രം പടഞ്ഞിരുന്നു ചായ കുടിക്കുന്നതായിട്ടും,
  ഒരു പേപ്പര്‍ ചുരുട്ടി കക്ഷത്ത്‌ വച്ചുകൊണ്ട് വരാന്തയിലൂടെ
  അലസമായി നടക്കുന്ന തായിട്ടുമൊക്കെ.അദ്ദേഹം
  ആയിരുന്നു പ്രൊഫ .ഇസ്താക്ക് .യുക്തിവാദ സംവാദങ്ങളില്‍
  എതിരാളിയെ നിലം പറ്റിക്കുന്ന അപാര പ്രതിഭ, ജീനിയസ്
  .പ്രസിദ്ദീകരിക്കാന്‍ വേണ്ടി ഒന്നും എഴുതരുതെന്ന് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം

  ReplyDelete
 16. ഹ്രദ്യമായ വായനാനുഭവം
  ആശംസകൾ!

  ReplyDelete
 17. സുമേഷ് ഏറെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്. നമ്മുടെ ചെയ്തികളെ ചെയ്തികളെ ആവര്‍ത്തിച് വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നു ഇത്തരം ആളുകള്‍......സസ്നേഹം

  ReplyDelete
 18. എഴുത്തിന്റെ ഇന്റിമസി കൊണ്ട് എന്നെങ്കിലും പരിചയപ്പെടണമെന്ന് തോന്നിയിട്ടുള്ള ഒരാളാണ് താങ്കള്‍. കൂടുതല്‍ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു.
  animeshxavier.blogspot.com

  ReplyDelete
 19. Read it and loved it and love you for writing it.

  ReplyDelete
 20. മനുഷ്യത്വത്തെ പിടിച്ചുകെട്ടിയിരിക്കുന്ന ഇതു പോലുള്ള ചില വന്മരങ്ങള്‍
  ഉള്ളതിനാലാവും ക്ഷോഭങ്ങളില്‍ വേരോടെ പിഴുതു പോകാത്തത്, നന്മകള്‍

  ReplyDelete
 21. നല്ല മനുഷ്യര്‍ നല്ല് പാഠപുസ്തകങ്ങളോ അതിനുമപ്പുറം സര്‍വ്വകലാശാലകളൊ തന്നെയാണ്, അതു തിരിച്ചറിയാന്‍ കഴിയുന്നതും വലിയ കാര്യം തന്നെ.. നല്ലൊരു കുറിപ്പിനു നന്ദി.

  ReplyDelete
 22. വളരെപ്പെട്ടെന്ന് ഒരുപാട് പേര്‍ ബ്ലോഗിലും പ്രതികരിച്ച കുറിപ്പാണിത്.അതില്‍ ഒരുപാട് സന്തോഷം.ഇന്ത്യാടുഡേയില്‍ വന്നപ്പോഴും ധാരാളെപേര്‍ വായിച്ച് വിളിച്ചിരുന്നു.എല്ലാം അവരുടെ നന്മയ്ക്കു കിട്ടിയ തൂവലുകള്‍.
  കേരളദാസനുണ്ണി,മനോജ് കെ.ഭാസ്കര്‍,സുജീഷ്,സുഗന്ധി,റോസാപ്പൂക്കള്‍,എച്ചുമുക്കുട്ടി,ശ്രീനാഥന്‍ മാഷ്,സുവര്‍ണ്ണം,manickethaar,മിനി എം.ബി,സങ്കല്‍പങ്ങള്‍,സിയാഫ് അബ്ദുള്‍ഖാദര്‍,മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,pjj ആന്‍റണി,സുനില്‍ ജി.കൃഷ്ണന്‍,സ്മിതാ മീനാക്ഷി..എല്ലാവര്‍ക്കും നന്ദി.നല്ല പിന്തുണയാണ് നിങ്ങളൊക്കെ നല്‍കിയത്.
  റൊണാള്‍ഡ് ജയിംസിന് പ്രത്യേകനന്ദി,വീണ്ടും വായിച്ചതിന്.
  ഒരു യാത്രികന്‍,ഞാന്‍ സുമേഷ് അല്ലാട്ടോ,സുസ്മേഷ് ആണേ..
  അനിമേഷ്,താങ്കളെ പരിചയപ്പെടാന്‍ എനിക്കും താല്‍പര്യമുണ്ട്.അതിനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
  കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍,ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ചതിന് നന്ദി.
  സുരേഷ് കീഴില്ലം,ചില അനുഭവങ്ങളെ കഥയായി എഴുതാനാവില്ല നമുക്ക്.അത് ആരോടെങ്കിലുമൊക്കെ പറയാതിരിക്കാനുമാവില്ല.അപ്പോഴാണ് ഇങ്ങനെ എഴുതിപ്പോകുന്നത്.
  മനോരാജ്,പകല്‍ 2006 ഡിസംബറില്‍ പുറത്തുവന്ന സിനിമയാണ്.കഴിഞ്ഞയാഴ്ചയും ഏഷ്യാനെറ്റില്‍ രാവിലെ പകല്‍ ഉണ്ടായിരുന്നു.ഡിവിഡി കിട്ടും.പ്രിഥ്വിരാജും ജ്യോതിര്‍മയിയുമായിരുന്നു നായികാനായകന്മാര്‍.തിലകന്‍,ജഗതി,ജഗദീഷ്,സുധീഷ്,ശ്വേതാ മേനോന്‍,സീനത്ത്,അനൂപ് ചന്ദ്രന്‍,ടി.ജി രവി,ശ്രീജാ ചന്ദ്രന്‍,കനകലത,എം.സി കട്ടപ്പന,ലിഷോയ്,ഇബ്രാഹിം വെങ്ങര എന്നവരായിരുന്നു നടീനടന്മാര്‍.എം.ജി രാധാകൃഷ്ണനും ഗിരീഷ് പുത്തഞ്ചേരിയും യേശുദാസും വേണുഗോപാലും അപര്‍ണ്ണയും വിപിന്‍ മോഹനും പ്രധാന പിന്നണിക്കാര്‍..സംവിധാനം.എം എ നിഷാദ്.
  മുല്ല,ആ കഥ വായിച്ചിട്ടില്ല.വായിക്കാന്‍ ശ്രമിക്കാം.
  ഒരുപാവം പൂവ്,മനസ്സിലായെടോ ആ അവസ്ഥ.സാരല്യ.
  എല്ലാവരോടും ഒരുപാട് നന്ദി പറയുന്നു ഈ കുറിപ്പ് വായിച്ച് സജീവമായി പ്രതികരിച്ചതില്‍.
  വീണ്ടും കാണാം.

  ReplyDelete
 23. അവരെ പരിചയപ്പെടാന്‍ തോന്നുന്നു..
  എല്ലാ മനുഷ്യരും ഓരോ സര്‍വകലാശാലകള്‍ തന്നെ.

  കുറിപ്പുകള്‍ വായിക്കാന്‍ വല്ലാത്ത ഒരു സുഖമുണ്ട്. എന്നെങ്കിലും എഴുതണം എന്ന് മോഹം തോന്നും ഓരോന്നും വായിക്കുമ്പോള്‍..:)

  ReplyDelete
 24. ചില നഷ്‌ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ നമ്മുടെ പോരായ്‌മ മൂലമാണ്‌.അത്‌ തിരികെ പിടിക്കാന്‍ എത്ര ജന്മം ജീവിച്ചാലും കഴിയുകയുമില്ല.അക്കാര്യം ബോദ്ധ്യമാക്കിത്തരുന്ന സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍

  nandi susmesh ..

  ReplyDelete
 25. ഷാരോണ്‍..എഴുതൂ..എന്‍റെ ഭാവുകങ്ങള്‍.
  ചേച്ചിപ്പെണ്ണേ,ഈ വഴിയൊക്കെ മറന്നില്ലല്ലോ.വളരെ സന്തോഷം.
  രണ്ടാള്‍ക്കും നന്ദി.

  ReplyDelete
 26. ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട് സുസ്‌മേഷ്...
  പക്ഷേ പാട്ട് ഇതായിരുന്നില്ല എന്ന് മാത്രം..
  നയാപൈസയില്ല
  കൈയ്യിലൊരു നയാപ്പൈസയില്ല
  നഞ്ച് വാങ്ങിത്തിന്നാന്‍ പോലും നയാപ്പൈസയില്ല..
  അതായിരുന്നൂ പാട്ട്...

  ReplyDelete
 27. ഞാൻ ആദ്യമായിട്ടാണിവിടെ...
  മാഷ് പറഞ്ഞതു പോലെ ചിലർ സർവ്വകലാശാലകളാണ്.. അവരെ നേരിൽ കാണുമ്പോൾ അങ്ങനെയൊന്നും തോന്നില്ലെങ്കിലും.
  ഇനിയും വരാം...
  ആശംസകൾ...

  ReplyDelete
 28. സുസ്മേഷ്,
  ഓരോരുത്തരും സന്തോഷം കണ്ടെത്തുന്നത് ഒരോ രീതിയിലാണ്.അവര്‍ നന്മയുടെ പാത തിരഞ്ഞെടുത്തു. സമാനഹ്രുദയര്‍ തിരിച്ചറിയുന്നു. പങ്കു വക്കുമ്പോള്‍ മനസില്‍ നിന്ന് മനസിലേക്ക് നന്മ പകരുന്നു.
  അജിത.

  ReplyDelete
 29. സുസ്മേഷ് പകലിനെ പറ്റിയുള്ള ഈ വിശദീകരണത്തിന് നന്ദി. സിഡി വാങ്ങുവാന്‍ ശ്രമിക്കട്ടെ.

  ReplyDelete
 30. വി.കെ.സ്വാഗതം.ഒഴിവുള്ളപ്പോള്‍ വരികയും വായിക്കുകയും വേണം.
  മനോരാജ്,നന്ദി.ചിത്രം കാണൂ..
  അജിത,പങ്കു വയ്ക്കുന്പോള്‍ മനസ്സില്‍ നിന്ന് മനസ്സിലേക്ക് നന്മ പകരുന്നു..ശരിയാണ്.
  ഷാജീ...ആ പാട്ട് കലക്കി കേട്ടോ.അതിപ്പോഴും മാറ്റേണ്ട എന്നാ അഭിപ്രായം.കേള്‍ക്കുന്നവര്‍ ചുമ്മാ തെറ്റിദ്ധരിക്കട്ടെ..
  എല്ലാവരോടും സ്നേഹത്തോടെ.

  ReplyDelete
 31. പകല്‍ കണ്ടിരുന്നു.

  ഇത് വായിച്ചിരുന്നില്ലെങ്കില്‍ മറ്റൊരു നഷ്ടം ആയേനെ. നന്ദി.

  ReplyDelete
 32. താങ്കളുടെ കഥാരചനയുടെ ആകര്‍ഷണരീതിയില്‍ യുക്തിബോധം അടഞ്ഞുപോയ മനസ്സുകള്‍ക്ക് മാത്രമേ ഈ കഥയെ "അനുഭവം" എന്ന രീതിയില്‍ വായിക്കാന്‍ കഴിയൂ. മറിച്ച് ഭാവന ആണെങ്കില്‍ താങ്കള്‍ മനോഹരമായി എഴുതി. ഇത്തരം സങ്കല്‍‌പ്പ കഥകള്‍ എഴുതി "അനുഭവം" എന്നു പറഞ്ഞ് ദയവുചെയ്ത് ആളുകളെ വഞ്ചിക്കരുത്‌.

  ReplyDelete
 33. മുരളിക നന്ദി.
  ചാന്ദ്നി,എന്‍റെ കഥാരചനയ്ക്ക് ആകര്‍ഷണ ശക്തി ഉണ്ടെന്ന് പറഞ്ഞതില്‍ വിനീതമായ നമസ്കാരം.അതെനിക്കിഷ്ടായി.പക്ഷേ ഞാന്‍ എന്‍റെ അനുഭവത്തെ അനുഭവമായി ഇന്ത്യാ ടുഡേയിലും ഇപ്പോള്‍ ബ്ലോഗിലുമെഴുതിയ ഈ കുറിപ്പിനെ താങ്കള്‍ നിസ്സംശയം ഭാവന എന്നുവിശേഷിപ്പിച്ചത് ഏത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.അനുഭവത്തെ സങ്കല്‍പകഥയായി എഴുതി എന്‍റെ വായനക്കാരെ ഞാന്‍ വഞ്ചിക്കുകകയായിരുന്നു എന്നു പറയാന്‍ താങ്കള്‍ക്കെന്താണ് ആധികാരിക യോഗ്യത എന്നു വെളിപ്പെടുത്താന്‍ അപേക്ഷ.സ്വന്തം മേല്‍വിലാസം മറച്ചുവച്ചിട്ടല്ല ഞാന്‍ എന്തെങ്കിലും എഴുതാറ്.എഴുതുന്നത് കഥയാണെങ്കില്‍ കഥയാണെന്നും അനുഭവമാണെങ്കില്‍ അനുഭവമാണെന്നും പറയാനുള്ള സത്യസന്ധതയും ആര്‍ജ്ജവും എനിക്കുണ്ട്.ചാന്ദ്നി എന്ന പേര് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിച്ച്(എനിക്കുറപ്പില്ലാത്ത കാര്യം പറഞ്ഞ് താങ്കളെ അപമാനിക്കാന്‍,എന്നോട് ഈ പ്രതികരണത്തിലൂടെ താങ്കള്‍ ചെയ്തതുപോലെ ചെയ്യാന്‍ എന്‍റെ ജീവിതബോധം എന്നെ അനുവദിക്കുന്നില്ല)ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.
  'പകല്‍ പോലെ ഒരു സ്ത്രീ' ഞാനെഴുതിയ മനോഹരമായ ഭാവനയാണെന്ന് തെളിയിക്കാന്‍.
  മറിച്ചാണെങ്കില്‍,അതൊരു ജീവിച്ചിരിക്കുന്ന സ്ത്രീയാണെങ്കില്‍,അവരുടെ ജീവിതം ഞാന്‍ എഴുതിയപോലെയല്ലെങ്കില്‍, ഞാന്‍ പറഞ്ഞതിലൊന്നും തരിപോലും നുണയില്ലെങ്കില്‍, പ്രിയപ്പെട്ട ചാന്ദ്നി എന്നോട് മാപ്പ് പറയുമോ..?ഇതിനൊക്കെ തയ്യാറാണെങ്കില്‍ susmeshchandroth.d@gmail.com എന്ന എന്‍റെ സ്വന്തം മേല്‍വിലാസത്തില്‍ അറിയിക്കാനും താഴ്മയായി അപേക്ഷിക്കുന്നു.ഈ ബ്ലോഗിലൂടെയും താങ്കള്‍ക്ക് വിവരമറിയിക്കാം.അതിനായി ബോദ്ധ്യമുള്ള ഏത് ബ്ലോഗ് വായനക്കാരനെയും കൂടെക്കൂട്ടാവുന്നതാണ്.
  ഇനി, പ്രിയമുള്ള ചാന്ദ്നി താങ്കളൊരു സ്ത്രീയാണെങ്കില്‍,സ്ത്രീകളുടെ മുഴുവന്‍ കരുത്തും പ്രകടമാക്കി ജീവിക്കുന്ന മറ്റ് സ്ത്രീകളോടുള്ള അസൂയ തീര്‍ക്കാന്‍ ദയവായി എന്‍റെ മെക്കിട്ടുകേറാന്‍ വരല്ലേ..!
  സ്നേഹത്തോടെ സുസ്മേഷ്.

  ReplyDelete
 34. ഇതിലും വിചിത്രങ്ങളായ സംഭവങ്ങള്‍ കൊണ്ട് സമ്പന്നമാണു പലരുടെയും ജീവിതങ്ങള്‍ . കൌതുകം പകരുന്ന വൈചിത്ര്യങ്ങള്‍ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന ഒട്ടേറെ മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്, അങ്ങനെയുള്ളവരെ കണ്ടുമുട്ടാനും, അത്തരം സംഭവങ്ങളിലൂടെ കടന്നുപോകുവാനും കഴിയാത്തവരോ കഴിവില്ലാത്തവരോ ആണു ഇവയെയൊക്കെ ഭാവനയായി കണക്കാക്കുന്നത്. അവര്‍ക്ക് അങ്ങനെ ചിന്തിക്കാനുള്ള അവകാശമുണ്ടെങ്കിലും മറ്റൊരാളുടെ അനുഭവത്തെ തള്ളിപ്പറയുവാനും ആക്ഷേപിക്കുവാനുമുള്ള അവകാശമില്ല. ഒരു കഥാകാരനായതുകൊണ്ടു മാത്രംഒരാള്‍ സ്വന്തം അനുഭവങ്ങള്‍ അനുഭവങ്ങളാണെന്നു പറയുവാന്‍ പാടില്ലെന്നുണ്ടോ?

  ReplyDelete
 35. സുസ്,
  ചിലരിങ്ങനെയാണ്. മനസ്സില്‍ തൊടുന്നതോ തങ്ങള്‍ക്ക് നേരിട്ടറിയാവുന്നതോ ആയ ചിലതിനെപ്പറ്റി ചലര്‍ എഴുതുന്നതോ പറയുന്നതോ കാണുമ്പോള്‍ അതിനെ നിഷേധിക്കാനുള്ള ത്വരയുണ്ടാകും. സുസ്‌മേഷ് അനുഭവത്തില്‍ പറയുന്ന സ്ത്രീയെ അടുത്തറിയാവുന്ന ആരാധിക്കുന്ന ഒരാളായിരിക്കും ചാന്ദ്‌നി. അതുകൊണ്ടുതന്നെ ഇതു വായിച്ചതില്‍ നിന്നുണ്ടായ സന്തോഷം കൊണ്ടെഴുതിയ ഒരു നിഷേധക്കുറിപ്പായിരിക്കണമത്. അങ്ങിനെ നമുക്കു ചിന്തിച്ചുകൂടേ...
  പിന്നെ, പകല്‍പോലെ ഒരു സ്ത്രീ വായിച്ചപ്പോള്‍ ഞാനോര്‍ത്തത് ഇന്ന് നമ്മോടൊപ്പമില്ലാത്ത രണ്ടുപേരേയാണ്, ഗീരീഷ് പുത്തഞ്ചേരിയേയും എം.ജി.രാധാകൃഷ്ണനേയും. അവരിരുവരും ചേര്‍ന്നൊരുക്കിയ ഈ മനോഹരഗാനം ഇത്രമാത്രം നന്മയുള്ള ഒരു ജീവിതത്തെ വല്ലാതെ ആകര്‍ഷിച്ചെങ്കില്‍ ആ രണ്ടു ജന്മങ്ങളും എത്രമാത്രം പുണ്യം ചെയ്തവയായിരിക്കണം...

  ReplyDelete
 36. സ്മിതയുടെ അഭിപ്രയത്തെ അനുകൂലിയ്ക്കുന്നു രാജേഷിനോട് തികച്ചും വിയോജിചിച്ചു കൊണ്ടു തന്നെ..
  നമുക്ക് അടുത്തറിയാവുന്ന ആരെയെങ്കിലും കുറിച്ച് നല്ലത് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ എങ്ങിനെയാണ്‌ രാജേഷ്‌ നിഷേധിയ്ക്കാന്‍ തോന്നണത്...സന്തോഷം കൊണ്ടു നിഷേധ കുറിപ്പ് എഴുതുമോ??അതെന്തു മനസ്സാണ്..

  പിന്നെ നമുക്കും ചെയ്യണം എന്ന് ആഗ്രഹമുള്ളതും പല സാഹചര്യങ്ങള്‍ കൊണ്ടു സാധിയ്ക്കാതെ വരുന്നതുമായ കാര്യങ്ങള്‍ മറ്റൊരാള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അന്ഗീകരിചില്ലെങ്കിലും 'ഭാവന ' എന്ന് പറഞ്ഞു നിഷേധിയ്ക്കാതിരിയ്ക്കാമല്ലോ ..

  'ദീദി' ഇതൊക്കെ വായിക്കാനിട വന്നാല്‍ ,പരിചയമില്ലെങ്കിലും എന്‍റെ ഒരു നമസ്ക്കാരം..
  ഏന്തായാലും സ്വന്തം 'അനുഭവത്തെ' 'ഭാവനയാക്കി' കണ്ട വായനക്കാരിയോട് ( കാരന്‍ ?) സുസ്മേഷിന്റെ വെല്ലുവിളി ഉചിതമായി..

  ReplyDelete
 37. സ്മിതയുടെ അഭിപ്രയത്തെ അനുകൂലിയ്ക്കുന്നു രാജേഷിനോട് തികച്ചും വിയോജിചിച്ചു കൊണ്ടു തന്നെ ...
  നമുക്ക് അടുത്തറിയാവുന്ന ആരെയെങ്കിലും കുറിച്ച് നല്ലത് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ എങ്ങിനെയാണ്‌ രാജേഷ്‌ നിഷേധിയ്ക്കാന്‍ തോന്നണത്...സന്തോഷം കൊണ്ടു നിഷേധ കുറിപ്പ് എഴുതുമോ??....അതെന്തു മനസ്സാണ്....
  പിന്നെ നമുക്കും ചെയ്യണം എന്ന് ആഗ്രഹമുള്ളതും പല സാഹചര്യങ്ങള്‍ കൊണ്ടു സാധിയ്ക്കാതെ വരുന്നതുമായ കാര്യങ്ങള്‍ മറ്റൊരാള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അന്ഗീകരിചില്ലെങ്കിലും 'ഭാവന ' എന്ന് പറഞ്ഞു നിഷേധിയ്ക്കാതിരിയ്ക്കാമല്ലോ .....
  " ദീദി " ഇതൊക്കെ വായിക്കാനിട വന്നാല്‍ ,പരിചയമില്ലെങ്കിലും എന്‍റെ ഒരു നമസ്ക്കാരം....
  ഏന്തായാലും സ്വന്തം 'അനുഭവത്തെ ' 'ഭാവനയാക്കി ' കണ്ട വായനക്കാരിയോട് ( കാരന്‍ ?) സുസ്മേഷിന്റെ വെല്ലുവിളി ഉചിതമായി......


  ആശംസകളോടെ

  ReplyDelete
 38. ചില യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നതെക്കള്‍ സുന്ദരമായിരിക്കും. , അവിശ്വസനീയത തോന്നുന്നത് സ്വാഭാവികം, പക്ഷെ തനിക്കു വിശ്വസിക്കാന്‍ പറ്റാത്തതിനാല്‍ ഇതെല്ലം നുണയാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

  ReplyDelete
 39. താങ്കള്‍ ദയാഭായിയെ കുറിച്ച് എഴുതിയതുപോലെ;
  ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍......
  അവരെ അറിയാതെയുള്ള ഇവിടുത്തെ ജീവിതം ഒരു വലിയ നഷ്ടം തന്നെയാണ്
  തോന്നിപോകുന്നു. ദയവായി
  അവരെ കുറിച്ച് കൂടുതല്‍ പറയാമോ?
  സ്വകാര്യമായി അറിയിച്ചാലും മതി.

  ReplyDelete
 40. താങ്കള്‍ പറഞ്ഞതുപോലൊരു സ്ത്രീ ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇത്രയും മഹനീയയായ ഒരു സ്ത്രീ താങ്കളുടെ ഫോണിലേക്ക് പാട്ട് കേള്‍ക്കാന്‍ മാത്രം നിരന്തരം വിളിച്ചുകൊണ്ടിരുന്നു എന്ന് വായിച്ചപ്പൊള്‍ എന്റെ സാമാന്യം ബുദ്ധിക്ക് അതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടായി. മറിച്ച് താങ്കള്‍ ഇതൊരു ഭാവനയല്ല അനുഭവമാണ്‌ എന്ന് ആണയിട്ട് പറഞ്ഞതു കൊണ്ട് ഞാന്‍ വിശ്വസിരിച്ചിരിക്കുന്നു. താങ്കളെ വെല്ലുവിളിക്കാനോ, താങ്കളുമായി മല്‍സരിക്കാനോ അല്ല ഞാനിത് എഴുതിയത്. ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് സത്യസന്ധമായി എഴുതിയെന്നു മാത്രം. എന്റെ എല്ലാവിധ ഭാവുകങ്ങളും.

  ReplyDelete
 41. ചാന്ദ്നി,
  താങ്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയ 'സംശയിക്കാനുള്ള' സാഹചര്യം എന്നെ സന്തോഷിപ്പിക്കുന്നു.താങ്കള്‍ മറുപടിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയല്ലോ. അവര്‍ പാട്ട് കേള്‍ക്കാനായല്ല എനിക്ക് ഫോണ്‍ ചെയ്യുന്നത്.എന്നോട് സംസാരിക്കാനാണ്.അപ്രതീക്ഷിതമായി ആ പാട്ട് കേട്ടപ്പോള്‍ അല്പം കുസൃതിയോടെ അവര്‍ അങ്ങനെ പ്രതികരിച്ചു എന്നുമാത്രം.
  കുറിപ്പ് എഴുതുന്പോള്‍ അതേ സംഭവത്തില്‍നിന്നു ഞാന്‍ തുടങ്ങിയത് വായിക്കുന്നവര്‍ക്ക് തുടര്‍ന്നും വായിക്കണമെന്ന ആകാംക്ഷയുണ്ടാകണമെന്ന് കരുതിയാണ്.ആളുകള്‍ വായിക്കണമെന്നാഗ്രഹിക്കുന്നത് എഴുത്തിലെ ഒരു ചതിയോ വഞ്ചനയോ ഒന്നുമല്ലല്ലോ.
  എന്‍റെ എഴുത്തിനെയും എഴുത്തിലെ സത്യസന്ധതയെയും അകാരണമായി മുറിപ്പെടുത്തുന്ന വിധത്തില്‍ താങ്കള്‍ സംശയിക്കുന്നു എന്നു തോന്നിയപ്പോഴാണ് ഞാന്‍ പ്രകോപിതനായത്.ഭാവനയല്ല അനുഭവമാണ് എന്നു ഞാന്‍ സമര്‍ത്ഥിച്ചത് എന്‍റെ സത്യസന്ധത തെളിയിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനായതുകൊണ്ടും.തീര്‍ച്ചയായും അത് താങ്കളെ വിശ്വസിപ്പിക്കാനല്ല.
  ഭാവുകങ്ങള്‍ക്ക് നന്ദി.

  ReplyDelete
 42. ചാന്ദ്നിയുടെ അഭിപ്രായത്തോട് സജീവമായി പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
  venpal,നന്ദി.

  ReplyDelete
 43. താങ്കളുടെ അനുഭവം ചിന്തിപ്പിച്ചു .പ്രത്യേകിച്ചും സ്നേഹം പിടിച്ചു പറ്റാനുള്ള സ്ത്രീകളുടെ ശ്രമത്തെ കുറിച്ചുള്ള പരാമര്‍ശം .സ്ത്രീകളെ അത്തരത്തിലാണ് സമൂഹം വളര്‍ത്തിക്കൊണ്ടു വരുന്നത് എന്നതല്ലേ ശരി .വീടിനു പുറത്തേയ്ക്ക് സംഖര്‍ഷങ്ങള്‍ രൂപാന്തരപ്പെടുത്തന്‍ കഴിയാതെ വരുന്നത് കൊണ്ടല്ലേ അത്തരം ശീലങ്ങള്‍ രൂപമെടുകുന്നത് .ഭാവനയോ ?യഥാര്ത്യമോ ? എന്ന തര്‍ക്കവും നന്നായി .സത്യത്തില്‍ ഒരു കാഴ്ച ആര് കാണുന്നു എന്നത് വളരെ പ്രധാനമാണ് .ആര് അനുഭവിക്കുന്നു, ആര് പറയുന്നു,എന്നതും അതുപോലെ തന്നെ . അതാണ്‌ മറ്റൊരാള്‍ക്ക് അയതാര്‍ത്ഥം എന്ന് തോന്നാന്‍ കാരണം . താങ്കളെ വായിക്കാറുണ്ട് .ആകര്‍ഷകമാണ് താങ്കളുടെ അനുഭവം ചിന്തിപ്പിച്ചു .പ്രത്യേകിച്ചും സ്നേഹം പിടിച്ചു പറ്റാനുള്ള സ്ത്രീകളുടെ ശ്രമത്തെ കുറിച്ചുള്ള പരാമര്‍ശം .സ്ത്രീകളെ അത്തരത്തിലാണ് സമൂഹം വളര്‍ത്തിക്കൊണ്ടു വരുന്നത് എന്നതല്ലേ ശരി .വീടിനു പുറത്തേയ്ക്ക് സംഖര്‍ഷങ്ങള്‍ രൂപാന്തരപ്പെടുത്തന്‍ കഴിയാതെ വരുന്നത് കൊണ്ടല്ലേ അത്തരം ശീലങ്ങള്‍ രൂപമെടുകുന്നത് .ഭാവനയോ ?യഥാര്ത്യമോ ? എന്ന തര്‍ക്കവും നന്നായി .സത്യത്തില്‍ ഒരു കാഴ്ച ആര് കാണുന്നു എന്നത് വളരെ പ്രധാനമാണ് .ആര് അനുഭവിക്കുന്നു, ആര് പറയുന്നു,എന്നതും അതുപോലെ തന്നെ . അതാണ്‌ മറ്റൊരാള്‍ക്ക് അയതാര്‍ത്ഥം എന്ന് തോന്നാന്‍ കാരണം . താങ്കളെ വായിക്കാറുണ്ട് .ആകര്‍ഷകമാണ്

  ReplyDelete
 44. 'പുരുഷന്‌ ബഹുമാനം തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്നിടത്താണ്‌ സ്‌ത്രീയുടെ പൂര്‍ണ്ണത' ഇതാണ് എന്നെ ഏറെ ആകര്‍ഷിച്ച വാചകം. നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 45. പകല്‍ പോലെ തെളിഞ്ഞ അവരെ ഒരു കഥയായി കാണുന്നതാണെനിക്കിഷ്ടം. അതു പക്ഷേ അനുഭവത്തെ അവിശ്വസിക്കുന്നത് കൊണ്ടല്ല, ജീവിതത്തിന്‍റെ പങ്കപ്പാടുകള്‍ക്കിടയിലും ഒരു സ്വപ്നത്തിന്‍റെ വിശുദ്ധിയോടെ ജീവിക്കുന്നത്തിലുള്ള ആരാധനയാല്‍.

  ReplyDelete
 46. പ്രിയ ഖനനം,ഷബീര്‍,പാണന്‍,
  വന്നതില്‍ സന്തോഷം,വായിച്ചതിലും.നന്ദി.

  ReplyDelete