തോമ ചുറ്റും നോക്കി.എന്നോ വെട്ടിക്കിളച്ചിട്ട മണ്ണില്‍ കരിഞ്ഞ പുല്ലുകള്‍ തണുത്തു പറ്റിക്കിടന്നു.കുരുമുളകിന്‍ ചുവടുകളിലെ കരിയിലകളില്‍ വെളുത്ത ചെറുപുഴുക്കള്‍ ഇഴഞ്ഞുനടന്നു.നാളത്തെ മഴ കൂടി;അഴുകാന്‍ തുടങ്ങും.ചൂട്ടുമലകളും കൊതുന്പുകളും ധാരാളം വീണിട്ടുണ്ട്.ഉണക്കത്തേങ്ങകളും.തോമ ഉണക്കത്തേങ്ങകളെ മടലുകള്‍ കൊണ്ട് മൂടി.പിന്നെയെടുക്കാം.സാവധാനം കിണറ്റുകരയിലെത്തി.രണ്ട് മഴ കൂടി.പിന്നെ നിന്‍റെ ആവശ്യമില്ല.തോമ കിണറ്റിനോട് പറഞ്ഞു.പിന്നെ തോട്ടില്‍ മുങ്ങിക്കുളിക്കാം.തണുത്ത വെള്ളത്തിലമരാം.തോര്‍ത്ത് ഒഴുകുന്ന വെള്ളത്തിലുരച്ചു വാരി കഴുകിയെടുക്കാം.തോമ സാവധാനം ഒരു തൊട്ടി വെള്ളം കോരി.പാണല്‍ക്കന്പു പിളര്‍ന്ന് നാവു വടിച്ചു.മുഖം കഴുകി.ഹാ,പുതുമഴ വന്നാല്‍ ഭൂമിയിലൊരു കരടുപോലും അതറിയാതെ പോവില്ല.വെള്ളത്തിനെന്തൊരു മണം.മഴയില്‍ പറന്നുവീണ ഉണക്കപ്പുല്ലുകളും ഇലകളും വെള്ളത്തില്‍ നിരന്നുകിടന്നു.
(സക്കറിയയുടെ മഴ എന്ന കഥയില്‍.)
ഇത് മഴക്കാലമല്ല.എന്നിട്ടും ഈ ഭാഗം ഞാനോര്‍മ്മിച്ചു.ഓര്‍ക്കാനെന്താണ് കാരണം..കഥയായതുകൊണ്ടാണോ..തണുപ്പും കുളിരും ഇപ്പോള്‍ പുലര്‍കാലത്തിന്‍റെ അതിഥികളാണല്ലോ.ശരിയാണ്.ഇത് മഞ്‍ഞുകാലമാണ്.അതുമാത്രമാണോ കാരണം..അല്ല.തിരുവാതിരയാണ്.
ഓ..മൃദുവാതിര.!
എനിക്കിഷ്ടമുള്ള ആതിരനിലാവിന്‍റെ സാന്നിദ്ധ്യം.
കുളങ്ങളുടെ സ്മരണ.
വെറ്റിലമുറുക്കിന്‍റെ വട്ടം.
ദൃഢനിതംബിനികളുടെ താഴ്ന്നിരുന്നുള്ള കളിമേളം.
മുറുക്കിച്ചുവന്ന ചുണ്ടുമായി ശൃംഗാരഹാസം പൊഴിക്കുന്ന പ്രകൃതിയുടെ ലാസ്യം.
ഓര്‍മ്മയില്‍ നിലാവിന്‍റെ സഖിയായി നീ വന്നകാലം മുതല്‍ തിരുവാതിര എന്നോടൊപ്പമുണ്ടായിരുന്നു.ഒരു കാലവും മുടക്കം വന്നിട്ടേയില്ല.പിന്നെ,നീ അരികിലുണ്ടായിരുന്നപ്പോള്‍ നിലാവിനെന്തൊരു വീര്യമായിരുന്നു.നടുകീറിയ വെറ്റിലയില്‍ ചിരിച്ചുകൊണ്ട് നീ നിലാവ് തേച്ചുതന്നു.അടക്കയുടെ കനവും ചവര്‍പ്പും നിലാവിന്‍റെ താരള്യവും വെറ്റിലനീരിന്‍റെ വൈദ്യസ്പര്‍ശവും..ഓര്‍ക്കാന്‍ വയ്യ.
ഒരു മോഹമുണ്ടായിരുന്നു.
ഒരിക്കല്‍...മധ്യത്തിലേക്ക് നാലുപാടും പടവുകള്‍ കെട്ടിയിറക്കിയ കുളത്തില്‍ ആതിരരാവില്‍ നീ നീരാടുന്നതു നോക്കിയിരിക്കണം.പച്ചച്ച ജലത്താലത്തില്‍ പുടവ വലിയ വെള്ളക്കുമിളകളായും കുടകളായും വിരിഞ്‍ഞുയരുന്നത് കാണണം.എന്നിട്ട്,പടവുകളിലിരിക്കണം.മുകളിലെ തളികയില്‍ വച്ച് ചന്ദനമരച്ചുരുട്ടി നിനക്കിട്ടു തരുന്ന വാനത്തെ മുത്തശ്ശിയെ ശുണ്ഠിപിടിപ്പിച്ചുകൊണ്ട് കളിക്കണം.കൈയടിച്ചുകൈയടിച്ചുകളിക്കണം,ജലത്തില്‍.
ശബ്ദങ്ങള്‍ കുളപ്പടവുകളിലും ഭിത്തികളിലും തല്ലിയമരണം..
അതിലേതാണ് നിന്‍റെ ചിരിയെന്ന് കാതുഴിഞ്ഞ് ചികയണം ചരാചരങ്ങള്‍.!
അതിനുശേഷമുള്ള ആലിംഗനങ്ങള്‍..പൊട്ടിപ്പൊട്ടിച്ചിരികള്‍...പിന്നത്തെ...വേണ്ട.നിലാവണഞ്ഞുപോകും ഇനി പറഞ്ഞാല്‍!
ഇപ്പോള്‍ നിന്നെ ഞാന്‍ കാണുന്നുണ്ട്.പറയട്ടെ..?
ഉടുത്തമുണ്ടിന്‍റെ ഞൊറിവുകള്‍ ഒട്ടും ശരിക്കായില്ല.മുറുക്കിക്കെട്ടാത്തതുകൊണ്ട് മുടി തുളുന്പിപ്പോയിരിക്കുന്നു.കരിയെണ്ണയെഴുതിയതുകൊണ്ട് പേടമാനുകളുടെ കണ്ണുതട്ടും മട്ടില്‍ കണ്‍വെള്ളക്കിത്ര തിളക്കവും. എന്നിട്ടും എന്തു ഭംഗിയാണ് നിനക്ക്.!
അതെ.കൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാതിരാവുകളുടെയും ഏകാന്തധന്യമായ പാലപ്പൂഗന്ധത്തിന്‍റെയും പൊന്നാതിര.നമുക്കെല്ലാം അങ്ങനെയോരോന്നാണ് ധനുമാസ നിലവൊളി ചൂടിയ പ്രിയമെഴും തിരുവാതിര.
മുകളിലെ കഥയില്‍ പ്രിയകഥാകാരന്‍ മഴയെപ്പറ്റിയാണ് പറയുന്നത്.അവിടെ നിന്നാണ് ഞാനീ തിരുവാതിര സ്മൃതികളിലേക്ക് എത്തിയത്.ഞങ്ങള്‍ എഴുത്തുകാര്‍ എന്തിനെയും ഏതിനെയും ബന്ധിപ്പിച്ചു കാണുന്നവരും അറിയുന്നവരുമാണല്ലോ.
കൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാതിരാവുകളുടെയും ഏകാന്തധന്യമായ പാലപ്പൂഗന്ധത്തിന്‍റെയും പൊന്നാതിര.
ReplyDeleteആതിരയ്ക്ക് മഴയാവാം, മഞ്ഞിൽ വിടർന്ന നിലാവു ചൂടാം, ഒരു കുടന്ന മുല്ലപ്പൂക്കളെ കൈവെള്ളയിൽ ചിരിപ്പിയ്ക്കാം
ReplyDeleteപിന്നെപ്പിന്നെ.....
ചിലപ്പോൾ ചിലപ്പോൾ മാത്രം വല്ലാതെ കൊതിച്ച് കൊതിച്ച് വെറുതെ ഒരു ഫോൺ ചിലയ്ക്കലും ആവാം.....
കുളവും കൂട്ടുകാരും ഇല്ലെങ്കിലും തണുതണുത്ത വെള്ളം ബക്കറ്റിൽ പിടിച്ച് തുടിച്ച് കളിയ്ക്കാം, പിന്നെ മലരു വറുക്കാം, ശിവപുരാണം വായിയ്ക്കാം, നൂറ്റെട്ട് വെറ്റിലയും തിന്നാം.....
പാതിരാപ്പൂക്കൾ ഇപ്പോഴും വിരിയുന്നുണ്ടാവും, എവിടെയെങ്കിലും...
മനോഹരമായ ഒരാതിരാക്കുറിപ്പ്. നന്ദി. കണ്ണീർമഴയത്ത് ഒരു ചിരിയുടെ കുട ചൂടൂ കെട്ടോ!
ReplyDeleteഹമ്മേ....ഇതു...!!!!!!!!!!!!!!!! എനിക്ക് ചേട്ടന്റെ ബുക്സ് എല്ലാം വളരെ ഇഷ്ട്ടം ആണ്...am so glad to see u here...
ReplyDeleteellam ormakalayi marayunnu...
ReplyDeleteormikkaan manasullavanu samayamilla
samayamullavanu manasilla...
ആതിരയോളം...........!
ReplyDeleteകാലമിനിയുമുരുളും , വിഷു വരും, വര്ഷം വരും...
ReplyDeleteതിരുവാതിര വരും, പിന്നെയോരോ തളിരിലും പൂ വരും കായ് വരും..
അതെ.. വരുമാതിര...
ആതിരക്കുറിപ്പ് നന്നായി. ആതിരയെ പറ്റി ഒട്ടേറ അറിയാത്തത് കൊണ്ട് മൌനം ഭൂഷണമാക്കുന്നു :)
ReplyDeleteആതിരയൊരു പെണ്ണാണ്, കൊതിപ്പിക്കുന്ന പെണ്ണ്, പാതിരാപ്പൂ ചൂടി നില്‍ക്കുന്നവള്‍ ... ഒരു കഥാകാരനെ മോഹിപ്പിക്കുവാന്‍ അതിലേറെ എന്തു വേണം... മോഹം വേദനയാകുന്നതും ....
ReplyDeleteകൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാതിരാവുകളുടെയും ഏകാന്തധന്യമായ പാലപ്പൂഗന്ധത്തിന്‍റെയും പൊന്നാതിര.
ReplyDeleteആതിര, വരുന്നേരം..
വേണ്ട,നിലാവണഞ്ഞുപോകും ഇനി പറഞ്ഞാല്‍....
ReplyDeleteപ്രിയപ്പെട്ടാ കഥാകാരാ... ഓർമകൾ പലപ്പോഴും കരയിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കുകയും ചെയ്യും. ഒടുവിൽ സാന്ത്വനത്തിന്റെ ഒരു തണുത്ത സ്പർശമേൽപ്പിക്കും...
ഇന്ന്
ReplyDeleteഈ ധനുമാസതിരുവാതിര നാളില്‍
ആര്‍ദ്രമാം മനസിന്റെ ഓര്‍മ്മകള്‍
പറഞ്ഞത് കേട്ടിരുന്നു.
സന്തോഷം
അജിത
ഏകാന്ത ധന്യമായ പാലപ്പൂഗന്ധത്തിന്‍റ??? പൊന്നാതിര
ReplyDeleteവായിച്ചു , ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിലപ്പുറം ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ലല്ലോ :-)
ReplyDeleteപ്രിയപ്പെട്ട വായനക്കാരേ,ഒരു നല്ല പോസ്റ്റ് എഴുതിയിട്ടിട്ട് മനസ്സു തുറന്നൊന്നു കമന്‍റിടാന്‍ പോലും നിങ്ങള്‍ക്കാവുന്നില്ലല്ലോ.പ്രണയത്തെപ്പറ്റി പറയാന്‍ ഇപ്പോഴും യാഥാസ്ഥിതികത്വം അനുവദിക്കുന്നില്ല അല്ലേ.
ReplyDeleteമന്‍സൂര്‍-ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിലപ്പുറം ഒരഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു.
പ്രിന്‍സ്,എഴുത്തുകാര്‍ക്ക് കിട്ടുന്ന സാന്തവനത്തിന്‍റെ തണുത്ത സ്പര്‍ശം വായനക്കാരുടെ പ്രതികരണങ്ങളാണ്.
മനോരാജ്-പ്രത്യേകിച്ച് ഒരാതിരയില്ല.അല്ലെങ്കില്‍ എല്ലാവരുടെ ഉള്ളിലും ഒരാതിരയുണ്ട്.അത്രേയുള്ളൂ.
മിനി ടീച്ചറേ,എത്ര കാലമായി കക്കാടിന്‍റെ കവിത തന്നെ കേള്‍ക്കുന്നു.ടീച്ചറെങ്കിലും പുതിയ ഏതെങ്കിലും കവിയുടെ രണ്ട് വരി പറയൂ.നമുക്ക് വ്യത്യസ്തതകള്‍ വേണ്ടേ..?
സങ്കല്‍പങ്ങള്‍-ഓര്‍മ്മിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് ഞാന്‍ പറയുക.മറ്റുള്ളവര്‍ക്ക് ഓര്‍മ്മിക്കാനുള്ള അവസരം നമ്മള്‍ കൊടുക്കുകയും വേണം.
ശ്രീനാഥന്‍ മാഷേ,സമ്മതിക്കുന്നു.പക്ഷേ വെറും ചിരിയല്ല,പൊട്ടിച്ചിരിയാണ് ചൂടാറ്.
അക്ഷി,വളരെ സന്തോഷം കേട്ടോ.ഈ വര്‍ഷം ചില പുസ്തകങ്ങള്‍ കൂടി വരും.ബ്ലോഗിലൂടെ ഞാനറിയിക്കാം.വായിച്ചാല്‍ പോരാ നിശിതമായ വിമര്‍ശനവും വേണം.
കുസുമം ടീച്ചര്‍,അജിത,ശങ്കൂന്‍റെമ്മ,സ്മിത മീനാക്ഷി,സുഗന്ധി,എച്ച്മുക്കുട്ടി..വന്നതിലും വായിച്ചതിലും സന്തോഷം.
എല്ലാവര്‍ക്കും നന്ദി.
മരം കോച്ചുന്ന തണുപ്പിലീ പുഴുക്കിന്റെ രുചിയിത്തിരി നിലാവു പരത്തി ഉടൽ വടിവുകൾ താളം പിടിച്ചു.
ReplyDeleteതിരുവാതിര, കുളിരും മഞ്ഞും നിലാവും അകലെ കേള്‍ക്കുന്ന തുടിതാളവും പാതിരാപ്പൂവും 'വീരാ വിരാട..'യും ഒക്കെകുഴഞ്ഞു മറിഞ്ഞ മധുരോദാരമായ ഓര്‍മ്മയാണ്. അതിലും മഴയും കണ്ണീരും കലരും,അല്ലെ..?
ReplyDeleteകാല്‍പ്പനിക കല്പ്പനകളുടെ മധുരം കിനിയുന്ന തിരുവാതിര കക്കാടിന് ശേഷം ആരുടെ,സുസ്മേഷ്...?
പ്രിയ സുസ്മേഷ്, പ്രണയത്തിന്റെ ഭാഷ മൌനമായത് കൊണ്ടാവാം പലരും വാക്കുകളില്‍ മിതത്വം പാലിച്ചത്. അല്ലെങ്കില്‍ കഥകാരനില്‍ നിന്നും ഒഴുകിയിറങ്ങിയ പ്രണയനിലാവ് സ്വന്തം പ്രണയാതുര രാവുകളിലെക്കുള്ള വഴി തെളിച്ചു കാണണം. ആതിരയ്ക്കും, നിലാവിനും, കുളിരിനും പുതുമ നഷ്ടപ്പെടുന്നില്ലെന്കില്‍ ഹൃദയം കവര്‍ന്ന ഈ വരികള്‍ക്ക് പുതുമ നഷ്ടപ്പെടുന്നതെങ്ങനെ? ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക് കുളിരായ് ഒഴുകിയെത്തിയ പ്രണയമേ നിന്റെ പുതുമ നഷ്ടപ്പെടുന്നതെങ്ങനെ?
ReplyDeleteകര്‍ക്കിടക മാസത്തിലെ അമാവസകളുടെ എണ്ണം കൂടുന്ന ജീവിതത്തില്‍ മാര്‍ക്കഴി മാസത്തിലെ ആതിരയില്‍ അല്‍പ നേരം ഓര്‍മ്മളിലൂടെയെങ്കിലുംപ്രണയാര്‍ദ്രമായ ഒരു ജലക്രീഡയുടെ സുഖം ആസ്വദിച്ചു.
ReplyDeleteഈ അനുഭവത്തിന് നന്ദി.
കലാവല്ലഭന്‍-നന്ദി.
ReplyDeleteസേതുലക്ഷ്മി-ഏതോര്‍മ്മയിലും ഇത്തിരി കണ്ണീരുണ്ടാകും.സന്തോഷത്തിന്‍റെ,അല്ലെങ്കില്‍ അസഹ്യമായ നൊന്പരത്തിന്‍റെ.
കക്കാടിന്‍റെ വരികളെ ഇകഴ്ത്തിയതല്ല.വിഷുവിനും തിരുവാതിരയ്ക്കും അതുതന്നെയാണ് ഏതൊരാള്‍ക്കും sms!മടുത്തില്ലേ അനവസരത്തില്‍ അതുതന്നെ വായിച്ച്!കക്കാടും വൈലോപ്പിള്ളിയും ജിയും പിയുമൊക്കെ 70-80 കളിലെ ചലച്ചിത്ര ഗാനങ്ങളെപ്പറ്റി പറയുന്നതുപോലെയാണ്.ഇനി തിരിച്ചുകിട്ടുകയേയില്ല.പിന്നെ,പുതിയ കാലത്തെ കവിതകളില്‍ വല്ല നിലാവോ കുളിരോ ആര്‍ദ്രതയോ ഉണ്ടോ..വല്ലതുമുണ്ടാകാറുണ്ടോ...(ചില പ്രതിഭകളുണ്ട്.അവരെ മറക്കുന്നില്ല,അവരുടെ കവിതകളെയും.)
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിന് നന്ദി.സന്തോഷവും.
മിനി ടീച്ചര്‍-ഞാനൊന്നു പ്രകോപിപ്പിച്ചതാണ്.നല്ല മറുപടിയിട്ടതിന് നന്ദി.
പൊട്ടന്‍-ആഹാ..അസലായി.
എല്ലാവര്‍ക്കും വണക്കം.
പ്രിയ സുസ്മേഷ് ....
ReplyDeleteപ്രണയം എന്ന ലേബലില്‍ തികച്ചും അനുയോജ്യമായ ഒരു കുറിപ്പ്...മഞ്ഞും കുളിരും നിലാവും ഒക്കെ കുടി ധനുമാസം ആരെയും ഒന്ന് മോഹിപ്പിയ്ക്കും ....തിളങ്ങുന്ന കണ്ണുകളുള്ള ....തുളുമ്പുന്ന മുടിയഴകുള്ള പൊന്നാതിര.....കൊതിച്ചു വരുത്തുന്നത് തന്നെയാണ് സായംകാലങ്ങളും നിലാവറിഞ്ഞ പാതിരാവുകളും ...വല്ലാതെ മോഹിച്ചാല്‍ സാധിയ്ക്കും എന്നൊരു പക്ഷവുമുണ്ടല്ലോ ....സുസ്മേഷിന്റെ മനസ്സിനെ ചിന്തകളെ കുളിരണിയിക്കുന്ന പ്രിയമെഴും തിരുവാതിര ...നിലാവിന്റെ ആ സഖി എന്നും കുടെയുണ്ടാവട്ടെ ....
ഞങ്ങളുടെ ഭാഗത്ത് തിരുവാതിര ഇനിയും വന്നു ചേരണം..
ReplyDeleteകക്കാടിനെയും സുസ്‌മേഷിനെയും ഒക്കെ വാ.യിച്ച് കിട്ടുന്ന തിരുവാതിരകളേ ഇവിടെ ഉള്ളൂ..
ഒരു തിരുവാതിര കൂടാന്‍ വരണമെന്നുണ്ട്...
പ്രണയത്തിനു പുതുമ നഷ്ടപ്പെടില്ലെന്നോ? എന്തൊരു നുണയാണത്.. എത്രയെത്ര പ്രണയങ്ങളാണു നിറം മങ്ങിയ വര്‍ണ്ണക്കുടകള്‍ പോലെ മച്ചിലും കതകിന്റെ മൂലയിലുമായി പല വീടുകളില്‍ ഇരിക്കുന്നത്? വിട്ടുപോന്ന വാടകവീട്ടിലും എഴുതി മാറ്റിയ ഡയറിയുടെ താള്‍ വഴികളിലും അനാഥമായി മരണം കാത്തു കിടക്കുന്നത്? എത്ര നദികളാണു വറ്റി വരണ്ടിട്ടുള്ളത്? എത്ര പുല്‍മേടുകളാണു മരുഭൂമികളായിട്ടുള്ളത്? പക്ഷേ , പ്രണയം ചിതകള്‍ വിട്ടെഴുനേറ്റ് പുനര്‍ജനിക്കുന്നു, പുതിയ മുഖങ്ങളില്‍ പൂക്കള്‍ വിരിയുന്നു.. ആരെയൊക്കെയൊ ചുറ്റി വരിയുന്നു, ഉമ്മ വച്ചുറക്കുന്നു... സ്വന്തം നിലനില്‍പ്പാണു പ്രണയത്തിനു പ്രധാനം ..
ReplyDeleteanonymous-താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല.എങ്കിലും പറയട്ടെ,പ്രണയം എന്ന വാക്ക് താങ്കള്‍ ഉദ്ദേശിക്കുന്ന തരം ബന്ധത്തെ നിര്‍വ്വചിക്കാനായി ഉപയോഗിക്കല്ലേ.അതിനെ പ്രേമമെന്നോ ശാരീരിക ആകര്‍ഷണമെന്നോ വെറും ലൈനടി എന്നോ വളയ്ക്കല്‍ എന്നോ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ..
ReplyDeleteപ്രണയം അനുഭവിക്കുന്നവര്‍ക്കിടയില്‍ സ്വാര്‍ത്ഥത,വെറുപ്പ്,കുശുന്പ്,കുന്നായ്മ,സംശയം,പേടി,ആകുലത,വിമുഖത ഒന്നുമുണ്ടാവില്ല.പരസ്പരമുള്ള സ്നേഹം മാത്രമേ ഉണ്ടാവൂ..അത് അവര്‍ക്കിടയില്‍ ഓക്സിജന്‍ പോലെ സദാ ഉണ്ടായിരിക്കുകയും ചെയ്യും.അവര്‍ക്ക് ഒന്നാകണമെന്നോ ഒരുമിക്കണമെന്നോ ലക്ഷ്യമുണ്ടാകില്ല.അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിരാശയും കാണില്ല.അവര്‍ എല്ലായ്പ്പോഴും എവിടെയായിരുന്നാലും ഒന്നായിരിക്കും.അങ്ങനെയാവാനെ പ്രണയികള്‍ക്ക് കഴിയൂ..
താങ്കള്‍ പറഞ്ഞത് എതിര്‍ലിംഗത്തിന്‍റെ ശാരീരിക ആകര്‍ഷണത്തില്‍ പെടുന്നവരെപ്പറ്റിയാണ്.അതൊക്കെ കാലം കഴിയുന്പോള്‍ നിറം മങ്ങിയ വര്‍ണ്ണക്കുടകളായി മാറുമായിരിക്കാം.അനാഥമായി മരണം കാത്ത് കിടക്കുമായിരിക്കാം.ചിതകള്‍ വിട്ടെഴുന്നേറ്റ് പുതിയ മുഖങ്ങളില്‍ പൂക്കള്‍ തേടുമായിരിക്കാം.അങ്ങനെയാവാനേ അവയ്ക്കൊക്കെ കഴിയൂ..കാരണം അവയൊന്നും സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പ്രണയമല്ലല്ലോ.!
പിന്നെ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഞാന്‍ എതിരും തടസ്സവുമല്ല.എന്നാലും anonymous ആയി കമന്‍റ് ഇടുന്നത് കഷ്ടമാണ്.പറയാനുള്ള കാര്യം നിര്‍ഭയമായി പറയൂ..അല്ലെങ്കില്‍ വല്ല കള്ളപ്പേരെങ്കിലും ഉപയോഗിക്കൂ..അതുമല്ലെങ്കില്‍ ഇത് പ്രസിദ്ധീകരിക്കരുത് എന്ന് പറഞ്ഞ് കമന്‍റ് അയക്കൂ.ഞാനത് ഒരു കാരണവശാലും പ്രസിദ്ധീകരിക്കുകയില്ല.എങ്കിലും anonymous എന്തോ പോലെ...
susmeshchandroth.d@gmail.com എന്ന മെയ്ല്‍ വിലാസവും ഉപയോഗിക്കാം.
പല പോസ്റ്റിനും ധാരാളം anonymous കമന്‍റുകള്‍ എനിക്ക് വരുന്നുണ്ട്.അവയില്‍ ഒന്നോ രണ്ടോ മാത്രമേ ഞാന്‍ ഇതുവരെ publish ചെയ്തിട്ടുള്ളൂ!നിങ്ങള്‍ പറയുന്നത് പ്രസക്തമായ കാര്യമാവാം.എങ്കിലും ഒരു pen name എങ്കിലും ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥന.
അന്പിളി-ആശംസകള്‍ക്കും നല്ല വാക്കിനും നന്ദി.90 കള്‍ക്ക് ശേഷം ജനിച്ച കുട്ടികളില്‍ ഇതൊന്നുമുണ്ടാവില്ല.ഉണ്ടാകണമെന്ന് നമ്മള്‍ ശഠിക്കേണ്ട കാര്യവുമില്ല.അവര്‍ പുതിയ നൊസ്റ്റാള്‍ജിയകള്‍ കണ്ടെത്തട്ടേ.അല്ലേ..?
ReplyDeleteബീനച്ചേച്ചീ,സന്തോഷം.നന്ദി.
സത്യമാണ്...ഇത്തരം കുളിർമ്മയുള്ള കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഇനി നമ്മുടെ സ്മൃതി പഥങ്ങളിൽ മാത്രം....ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവങ്ങളുടെ മധുരം അറിയുവാൻ കഴിയുന്നില്ലല്ലോ എന്ന ദുഃഖമുണ്ട് ആവോളം.എല്ലാം ദിനം പ്രതി മാറുകയല്ലേ.......ഇതും ഒരു നഷ്ട സുഗന്ധം.....
ReplyDeleteആതിര വരും പോകുമല്ലേ സഖി..... കക്കാടിന്റെ വരികള്‍ ആണ് ഓര്‍ത്തത്....
ReplyDeleteനല്ല ഒരമകള്‍... ഇനി ഇതൊക്കെ ഓര്‍മകളില്‍ താലോലിക്കാം.. അല്ലാതെ എന്ത് ചെയ്യാം..
മാറുന്ന മലയാളീ,khaadu,നന്ദി.
ReplyDelete