പാലക്കാടിന്റെ പരിസരഗ്രാമങ്ങള്‍ മനോഹരമായ ഒരു കാലിലെ പാദസരത്തോളം എനിക്കിഷ്ടമാണ്.
ഇന്നു വൈകുന്നേരം സുഹൃത്തിന്‍റെ ബൈക്കില്‍ കയറി ഞാന്‍ മലന്പുഴയിലേക്ക് പോയി.മലന്പുഴയായിരുന്നില്ല ലക്ഷ്യം,മലന്പുഴയ്ക്കപ്പുറത്തെ കവ എന്ന ചെറുഗ്രാമമായിരുന്നു മനസ്സില്‍.ആദ്യമായിട്ടാണ് ഞാനവിടേക്ക് പോകുന്നത്.വൈകുന്നേരം മൂന്നരയോടെ ഇറങ്ങി.ടൌണില്‍ നിന്ന് അരമണിക്കൂറിന്‍റെ ദൂരമേയുള്ളൂ.ഞാന്‍ കാമറ കൈയിലെടുത്തിരുന്നു.
മലന്പുഴ ആദ്യം കാണുന്നതെന്നാണ്.?മറക്കാന്‍ പാടില്ലാത്ത ഓരോര്‍മ്മയുടെ അറ്റത്ത് അതില്‍ 1996 എന്നെഴുതിയിട്ടുണ്ടാവും.അന്നത്തെ മലന്പുഴയില്‍ നിന്ന് ഒരുപാട് മാറിയിട്ടുണ്ട് ഇന്നത്തെ മലന്പുഴ.ഉദ്യാനവും.അന്നുമിന്നും മലന്പുഴയില്‍ എന്നെ ആകര്‍ഷിക്കാറ് രണ്ടേ രണ്ട് കാര്യങ്ങള്‍ മാത്രമാണ്.ഒന്ന് മലയാളിയുടെ മുഴുവന്‍ സ്വകാര്യ അഹങ്കാരമായ കാനായിയുടെ യക്ഷി.രണ്ട് തടഞ്ഞുനിര്‍ത്തിയ ജലപ്രവാഹത്തില്‍ രൂപം കൊണ്ട ജലാശയം.ഇരുപത്തിരണ്ടോളം അണകളുടെയും ജലാശയങ്ങളുടെയും നാട്ടില്‍നിന്നു വരുന്ന എനിക്ക് ഇടുക്കി അണക്കെട്ടിനെക്കാളും പ്രിയങ്കരം മലന്പുഴയിലെ ജലാശയമാണ്.!
ഇടുക്കി അണക്കെട്ടിന്‍റെ ഏറ്റവും താഴെപ്പോയി അണക്കെട്ടില്‍ ചാരിനിന്ന് മുകളിലേക്ക് നോക്കുന്പോഴുള്ള ഭയം കലര്‍ന്ന,അത്ഭുതം കലര്‍ന്ന,അഹങ്കാരം കലര്‍ന്ന,അസൂയ കലര്‍ന്ന,സാഹസികത നിറഞ്ഞ വികാരം മറ്റേത് അണക്കെട്ടില്‍ പോയാലും എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല.അതിവിടെയും കിട്ടില്ല.പക്ഷേ സൌന്ദര്യം കൊണ്ട് നമ്മള്‍ മത്തുപിടിക്കുക ഇവിടെ നിന്നാല്‍ മാത്രമാവും.
മലന്പുഴയുടെ സമസ്ത സൌന്ദര്യവും കുടികൊള്ളുന്നത് ജലാശയത്തിനു ചുറ്റുമുള്ള മലനിരകളുടെ ഗാംഭീര്യത്തിലാണ്.നീലിമയണിഞ്ഞ കൊടുമുടികള്‍.സൂര്യനും ചന്ദ്രനും കുളിപ്പിച്ചു ഊട്ടിയുറക്കി പാടിയുറക്കുന്ന ഗിരിനിരകള്‍.മഴയും വേനലും മഞ്ഞും കളിപ്പാട്ടങ്ങള്‍ കിലുക്കി രസിപ്പിക്കുന്ന ശൃംഗങ്ങള്‍.കാറ്റ് തലയ്ക്ക് കിഴുക്കി ഓടിപ്പിടുത്തത്തിനു നിര്‍ബന്ധിപ്പിക്കുന്ന കാവല്‍ഭീമന്മാര്‍.അതാണ് മലന്പുഴയിലെ മലനിരകള്‍.
മലന്പുഴ ജലാശയത്തിന്‍റെ പടിഞ്ഞാറന്‍ പിന്‍ഭാഗത്താണ് കവ എന്ന ഗ്രാമം.അവിടേക്കിപ്പോള്‍ നല്ല വഴിയുണ്ട്.വഴിയില്‍ മയിലുകളുണ്ടാവും.ഇന്ന് ഞാനും കണ്ടു ആറേഴ് മയിലുകളെ.അവ പാതയ്ക്കു നടുവില്‍ അക്ഷരശ്ലോകം ചൊല്ലി നില്‍ക്കുകയായിരുന്നു.ഞങ്ങളുടെ ബൈക്ക് കണ്ടപ്പോള്‍ വഴിയൊഴിഞ്ഞുനിന്നു.അപ്പുറത്തെ റബ്ബര്‍ത്തോട്ടത്തിലെ കരിയിലകള്‍ക്കുമേലെക്കൂടി അധികം ഒച്ച കേള്‍പ്പിക്കാതെ നടന്ന് കവിതകള്‍ കേമമായി ചൊല്ലിനീങ്ങി.
കവ ഒരു സുന്ദരി തന്നെ.വെള്ളമിറങ്ങിത്തുടങ്ങിയിരുന്നു.രണ്ടാഴ്ച മുന്പ് ഭാര്യാസമേതനായി വരുന്പോള്‍ അക്കരെ ആനക്കരയ്ക്കു കടക്കാന്‍ പാടി(ചങ്ങാടം)യുണ്‌ടായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന മാഷ് പറഞ്ഞു.ഇപ്പോള്‍ ചേറില്‍ പുതഞ്ഞുകിടക്കുകയാണ് ആ പാടി.
കരയില്‍ നിന്നു വെള്ളം പിന്‍വാങ്ങിയ ഭാഗത്ത് ഉണങ്ങിയ പുല്ലിന്‍ കുറ്റികള്‍.അതിന്‍റെ വരണ്ട ദൃശ്യരൂപങ്ങള്‍.ചേറും വെള്ളവും കെട്ടിനില്‍ക്കുന്ന പരന്ന കുഴികള്‍ക്കരികില്‍ തവളയുടെ ജാതകം തിരുത്താനിറങ്ങിയ കൊറ്റികള്‍.അവസാനത്തെ ഊണിനും വെറ്റിലമുറുക്കിനും ഇറങ്ങിയിട്ടുള്ള കരുമാടിപ്പോത്തുകളും എരുമകളും കരയില്‍ കൂട്ടം കൂടുന്നുണ്ട്.
പണി പാതിയില്‍ നിലച്ച പാലത്തിനക്കരെ കടക്കാന്‍ കോണ്‍ക്രീറ്റ് അവശേഷിപ്പുകളില്‍ മുളയേണി ചാരിവച്ചിട്ടുണ്ട്.വെള്ളം വറ്റിയാല്‍ ഇതിലൂടെ അക്കരെ കടക്കുക തന്നെ വേണം ആനക്കരയ്ക്ക് പോകാന്‍.
പടിഞ്ഞാറ് നോക്കിയാല്‍ ചുവന്ന മാനം.കസവിട്ട മേഘങ്ങള്‍ നീന്തുന്ന വാനം.സൂര്യനെ കാണാനില്ല.ഭൂമിയില്‍ ഏറ്റവും സ്നേഹിക്കുന്ന പുല്‍ക്കൊടിയോട് നാളെക്കാണാമെന്ന് പറയാന്‍ മലകള്‍ക്ക് മറഞ്ഞ് പോയതാവും.കിഴക്ക് ഒറ്റപ്പെട്ട നക്ഷത്രക്കുട്ടന്മാര്‍.അവര്‍ കണ്ണുചിമ്മിക്കാണിക്കുന്ന ജലാശയം താഴെ.നീലയായ ജലപ്പരപ്പ്.ഓളങ്ങള്‍ക്ക് സൂര്യന്‍ കൊടുത്ത അവസാനചുംബനത്തിന്‍റെ അരുണിമ.ആനക്കരയുടെ ഭാഗത്ത് തടാകത്തിന് കാവല്‍ നില്‍ക്കുന്ന കരിന്പനകള്‍.ചെറിയ കാട്ടുപടര്‍പ്പുകള്‍.
സന്ധ്യകള്‍ക്ക് വല്ലാത്ത വിഷാദഭാവമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്കും തോന്നിയിട്ടുണ്ട്.ഇന്നും തോന്നി.മരിക്കാനുള്ള വെന്പല്‍.ഒന്നിനുമല്ല.ഇഷ്ടം പോലെ സമയമുണ്ടല്ലോ.അതുകൊണ്ട് ഒന്നുമരിച്ചുവരാമെന്ന തോന്നല്‍.
കരയില്‍ കണ്ട അലക്കുകല്ലില്‍ ഞാനിരുന്നു.വെള്ളമിറങ്ങിയതിനാല്‍ അലക്കാനും കുളിക്കാനുമായി ആരോ അവിടെ സ്ഥാപിച്ചതാണ്.ഏതൊക്കെയോ വീടുകളിലെ നൊന്പരങ്ങളും തേങ്ങലുകളും സന്തോഷക്കണ്ണീരും തല്ലിക്കഴുകിയ കല്ല് ഞാനിരുന്നപ്പോള്‍ ഒന്നു നെടുവീര്‍പ്പിട്ടോ.തോന്നിയതാവും!
അകലെ നിന്ന് നനഞ്ഞ തുണി കല്ലില്‍ വീഴുന്ന ശബ്ദം നിശ്ശബ്ദതയെ പിളര്‍ത്തി.വരുന്പോള്‍ കണ്ടിരുന്നു വെളുത്തു തടിച്ച ഏതോ ചെറുപ്പക്കാരി മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിനില്‍ക്കുന്നത്.അവരുടെ നഗ്നമായ കൈകളും പുറവും അന്തിവെയിലില്‍ മഞ്ഞള്‍ തേച്ചപോലെ ജ്വലിച്ചിരുന്നു.അവര്‍ കുളികഴിഞ്ഞ് നേരം വൈകിയ ധൃതിയില്‍ ഉടുത്ത പുടവ തല്ലിക്കഴുകുകയാവും.
അമ്മയെ ഓര്‍ത്തു.കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം കുളിക്കാന്‍ തോട്ടില്‍ പോയിരുന്ന കാലം.സന്ധ്യ കലങ്ങുന്പോള്‍ കുളിച്ചുകയറാന്‍ അമ്മ ധൃതി വയ്ക്കുമായിരുന്നു.അവിടെയും വഴിവക്കില്‍ പനകള്‍ കാവല്‍ നിന്നിരുന്നു.ഇവിടുത്തെ കരിന്പനകളല്ല,കുടപ്പനകള്‍.
പോത്തുകളും എരുമകളും അടുത്തുവന്നു.കൈയില്‍ അവര്‍ക്ക് കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ.കാമറ കണ്ടിട്ടാവാം അടുത്തുവന്നത്.അതുകൊണ്ട് അവരുടെയും കുറേ ഫോട്ടോകള്‍ ഏടുത്തു.
ഇനി മടങ്ങാം എന്നുതോന്നി.തണുത്ത കാറ്റ്.നൊന്പരപ്പെടുത്തുന്ന ശാന്തത.ധ്യാനിയായ പിതാവിനെപ്പോലെയാണ് ഇപ്പോള്‍ കൊടുമുടികള്‍.കുളികഴിഞ്ഞ് സന്ധ്യാവിളക്കിനരികിലിരിക്കുന്ന അമ്മയെപ്പോലെ ജലാശയം.ചുറ്റുനിന്നും കിളികളുടെ ഭജന.കാറ്റ് ഭസ്മം തൊട്ടപോലെ അവിടവിടെയായി കൊറ്റികള്‍.ആ തണുത്ത ശാന്തതയില്‍വച്ച് ശരിക്കും എനിക്ക് സങ്കടം വന്നു.
മാഷെ വിട്ട് ജലാശയത്തിന്‍റെ വിജനതയിലേക്ക് ഞാന്‍ നടന്നു.ഇരുട്ടായിക്കഴിഞ്ഞു.നിലം അത്ര വ്യക്തമല്ല.ഒരിടത്ത് ഞാനിരുന്നു.അവിടെയിരുന്നുകൊണ്ട് ഏറെനാളുകള്‍ക്കുശേഷം പി.ടി.അബ്ദുറഹിമാന്‍ സാഹിബ് എഴുതിയ കവിത ഓര്‍ത്തെടുത്തു.
ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്ന കാലം..
ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കയാണ് നീലമേഘം..
കോന്തലയ്ക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക,
കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക...
എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയപ്പെട്ട ഈ പാട്ട് ഓര്‍ത്തെടുക്കുന്നത്.ഒരു വരിപോലും മറന്നുപോയിരുന്നില്ല.അപ്പോള്‍ ഒന്നുകൂടി മനസ്സിലായി.
ഇല്ല,ഒന്നും മറന്നുപോയിട്ടേയില്ല.
എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയപ്പെട്ട ഈ പാട്ട് ഓര്‍ത്തെടുക്കുന്നത്.ഒരു വരിപോലും മറന്നുപോയിരുന്നില്ല.അപ്പോള്‍ ഒന്നുകൂടി മനസ്സിലായി.
ReplyDeleteഇല്ല,ഒന്നും മറന്നുപോയിട്ടേയില്ല.
കുറച്ചു പടംസ് ഇടാമായിരുന്നു മാഷേ, എന്റെ ബ്ലോഗിലും ഒന്ന് വന്നു നോക്കൂന്നേ.
ReplyDeleteസ്കൂളിലെ ആദ്യ പഠനയാത്രയില്‍ കയറിക്കൂടിയ ഇഷ്ടമാണ് പാലക്കടിനോടും മലമ്പുഴയോടും.
ReplyDeleteപാദസരത്തിന്‍റെ കിലുക്കം പോലെ ഇഷ്ടപ്പെടുന്ന ഭംഗി.
കാനായിയുടെ യക്ഷിയോട് എനിക്കിന്നും പ്രേമമാണ്. :-)
പറഞ്ഞു പറഞ്ഞു പീ ടി യുടെ ആ പാട്ടിലേക്ക് എത്തി അവസാനിപ്പിച്ചത് നന്നായി.
യാത്ര അനുഭവമാകുന്ന നല്ലൊരു കുറിപ്പ്.
കവിത പോലെ മനോഹരം..
ReplyDeleteമനോഹരമായ സന്ധ്യ. അതിനു ചായം പൂശാന്‍ ഓര്‍മ്മകള്‍. ഒന്നും മറക്കാതിരിക്കട്ടെ.. ഒന്നും.
ReplyDeleteആ കഥകളൊക്കെ അപ്പടീ നീ മറന്ന്...!
ReplyDeleteപാലക്കാടൻ ഗ്രാമവും മലമ്പുഴയും കാര്യമായ് ഒന്നും പറഞ്ഞില്ലെങ്കിലും വാക്കുകളിലെ ഗ്രാമീണത ഇഷ്ടമായി.
ReplyDeleteകൊതിപ്പിക്കുന്ന ബിംബങ്ങളാണ് ഇതിലുടനീളം..
ReplyDelete(പാലക്കാട്ട് നിന്ന് തസറാക്കിന്റെ വഴിയിലൂടെ നെന്മാറയ്ക്ക്. പിന്നെ നെന്മാറ നിന്ന് കൊല്ലങ്കോട് വഴി ചിറ്റൂര്‍ക്ക്. അവിസ്മരണീയമായ ആ യാത്രകള്‍ ഓര്‍ത്തുപോയി. ദൈവം ചൂണ്ടു വിരല്‍ കൊണ്ട് ഭൂമിയുടെ മാറില്‍ വരച്ചിട്ട ചിത്രങ്ങള്‍ പോലുള്ള പാലക്കാടന്‍ ഗ്രാമങ്ങള്‍. ജീവിതം തീര്‍ന്നുപോകുന്നല്ലോ എന്ന് ഞാന്‍ വേവലാതിപ്പെടുന്നത് പാലക്കാടിന്റെ ഗ്രാമ സൌന്ദര്യം കാണുമ്പോഴാണ്.)
21 വര്‍ഷങ്ങള്‍ക്കു മുന്‍പിലെ ഒരു പുലരിത്തണുപ്പ് ഓര്‍ത്തെടുത്ത ഈ പ്രഭാതത്തില്‍ ഓര്‍മ്മകളില്‍ പിണഞ്ഞ ഈ പാലക്കാടന്‍ കാഴ്ച മനോഹരമായി തോന്നുന്നു
ReplyDeleteവാക്കുകൊണ്ട് വാട്ടര്‍ കളര്‍ ചെയ്യുന്ന സുഹൃത്തേ...വര്‍ണ്ണകൂട്ടുകള്‍ ഒരിക്കലുമൊഴിയാതിരിക്കട്ടെ നിങ്ങളുടെ തൂവലില്‍.....
ReplyDeleteമണലാരണ്യങ്ങളിലും മലകള്‍ക്ക് മുകളിലും ജീവിതം തള്ളി നീക്കുന്ന പ്രവാസികള്‍ക്ക് ഇത് ഗൃഹാതുരത്വത്തിന്‍റെ വേദന പകര്‍ന്നു നല്‍കുന്നു. ശ്രീ.സുസ്മേഷിനോടൊപ്പം ആ തണുത്ത ശാന്തതയില്‍ വന്നിരുന്നപ്പോള്‍ അകാരണമായ ഒരു ദുഃഖം തോന്നി..........
ReplyDelete"സന്ധ്യകള്‍ക്ക് വല്ലാത്ത വിഷാദഭാവമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്കും തോന്നിയിട്ടുണ്ട്.ഇന്നും തോന്നി.മരിക്കാനുള്ള വെന്പല്‍.ഒന്നിനുമല്ല.ഇഷ്ടം പോലെ സമയമുണ്ടല്ലോ.അതുകൊണ്ട് ഒന്നുമരിച്ചുവരാമെന്ന തോന്നല്‍."
ReplyDeleteസന്ധ്യ മയങ്ങുമ്പോൾ ഇങ്ങനെ "രമിക്കാൻ" തോന്നുന്നത് കഥാകാരനായതുകൊണ്ടായിരിക്കാം.
താങ്കൾ എഴുതിയ വാക്ക് ഇനി ദയവായി ഉപയോഗിക്കരുത്.
തുടക്കത്തിലെ ആ പാദസര പ്രയോഗം നല്ല സുഖമുള്ള വിവരണമായിണ്ട്... പിന്നെ ഒന്നും മറക്കണ്ട... Keep writing!
ReplyDeleteക്യാമറ കൊണ്ടു പോയിരുന്നൂന്ന് എഴുതീട്ട്... മരുന്നിനെങ്കിലും ഒരു പടം ഇടായിരുന്നില്ലേ?
ReplyDeleteഗംഭീരമായി എഴുതീട്ടുണ്ടല്ലോ. സൌന്ദര്യം ചാലിച്ച് ചാലിച്ച്...
അഭിനന്ദനങ്ങൾ.
ഫിയോനിക്സ്,അത്ര വേണോ..ചുമ്മാ ഡോക്യുമെന്‍റ് ചെയ്യുന്നതാണ് എന്‍റെ ഫോട്ടോഗ്രാഫി,അതില്‍ വല്യ കഴന്പുണ്ടാവില്ല.നോക്കാം.ഇതുതന്നെയാണ് എച്ച്മുക്കുട്ടിയോടും പറയാനുള്ളത്.നല്ല പടമൊന്നും ഇല്ലാന്നേ.ഒക്കെ ഒരു പടമല്ലേ!!
ReplyDeleteയാമിനി,അഭിനന്ദനം ശ്രദ്ധേയം.
കലാവല്ലഭന്‍,അതൊക്കെ ആ നിമിഷത്തിന്‍റെ കുസൃതികളല്ലേ..പ്രകൃതി നമ്മെ ധ്യാനികളാക്കും,ചിലപ്പോള്‍
തത്വജ്ഞാനികളും.
പൊട്ടന്‍.സന്ധ്യകള്‍ അങ്ങനയല്ലേ..
താരകന്‍,അക്ഷി,അതൊക്കെ പ്രകൃതി എഴുതിപ്പിക്കുന്നതാണ്.എന്‍റേതൊന്നുമില്ല.മാത്രവുമല്ല ആ ശൈലിക്ക് കടപ്പാട് കവി കുഞ്ഞിരാമന്‍ നായരോടാണ്.അദ്ദേഹത്തിന്‍റെ കവിയുടെ കാല്‍പ്പാടുകള്‍ എനിക്ക് മധുരമാണ്.ആ സ്വാധീനമുണ്ട്.
സേതുലക്ഷ്മി എന്നെ അന്പരപ്പിച്ചു.അറിയാമല്ലേ ഈ സ്ഥലമൊക്കെ..!
സ്മിത മീനാക്ഷി,സാന്ദര്‍ഭികമാണ് പലതും.
മിനി ടീച്ചര്‍,കെ.കെ.എസ്..കഥകളൊക്കെ ആരുമറക്കാന്‍.
സങ്കല്‍പ്പങ്ങള്‍,കവയെപ്പറ്റി പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്.മലന്പുഴയൊക്കെ പലര്‍ക്കും സുപരിചിതമാണല്ലോ.അതാണ് വിശദീകരിക്കാതിരുന്നത്.പിന്നെ പറയാന്‍ നോക്കിയാല്‍ പലതും പറഞ്ഞുപോകും.കാരണം അതിപ്പോള്‍ സൌന്ദര്യം കൂട്ടി കൂട്ടി ഏതാണ്ട് മരം പോലും കോണ്‍ക്രീറ്റാക്കുന്ന മട്ടിലാണ് നീങ്ങുന്നത്.
പ്രതികരിച്ച എവ്വാവരോടും നന്ദി.സന്തോഷം.
പണ്ട്, മലമ്പുഴ ഡാമിനക്കരെ എലാക്ക് എന്ന സ്ഥലത്ത് ഒരു കൂട്ടുകാരന്റെ വീട്ടിലേയ്ക്ക് പോകുമായിരുന്നു. വേനല്‍ക്കാലത്താണ്, വരണ്ട പാടം പോലെയുണ്ടാകും പോകുന്ന വഴി. വെള്ളം നിറയുമ്പോളോ, അന്ന് നടന്ന വഴിയിലൂടെ ബോട്ടില്‍ പോകണം..എന്തൊരു അനുഭവമായിരുന്നു അത്...പിന്നെയുമുണ്ട് പാലക്കാട്ടോര്‍മ്മ, കിണാശ്ശേരി പാലത്തിന്റെ ചുവട്ടിലെ വൈകുന്നേരങ്ങള്‍, പൊള്ളാച്ചി തീവണ്ടി പോകുന്നതും നോക്കിയിരിപ്പ്...സൈക്കിള്‍ ചവുട്ടി തോല്‍പ്പിച്ച ചിതലി മല, ശകുന്തള ജങ്ക്ഷനടുത്ത് റെയില്‍ വേയുടെ ഗോഡൌണോ മറ്റോ, അവിടെ മരച്ചുവട്ടിലും ഏറെ നേരം സംസാരിച്ചിരിക്കാമായിരുന്നു...അങ്ങിനെയങ്ങിനെ...നന്നായി ഈ ഓര്‍മ്മപ്പെടുത്തല് സുസ്മേഷ്‍..
Deleteകവിത പോലെ മനോഹരം..
Deleteനന്നായിട്ടുണ്ട് മാഷെ ....അഭിനന്ദനങ്ങൾ.
ReplyDeleteമനോഹരമായ സന്ധ്യകള്‍ പോലെ സുന്ദരമായ ഓര്‍മ്മകള്‍...
ReplyDeleteആ പാദസര പ്രയോഗം മനസ്സില്‍ തുളുമ്പുന്നു...
സന്ധ്യ കലങ്ങുന്പോള്‍ കുളിച്ചുകയറാന്‍ അമ്മ ധൃതി വയ്ക്കുമായിരുന്നു
ReplyDeleteസന്ധ്യ കലങ്ങുമ്പോള്‍
പാലക്കാട്ട് ഇരുന്നിട്ടും കാണാതെ പോവുന്ന പാലക്കാട്ടിനെ ക്കുറിച്ച് സങ്കടം തന്നു
പാലക്കാട് എനിക്ക് തീരെ പരിചയം ഇല്ലാത്ത ജില്ലയാണ്. അവിടെ ബന്ധുക്കളുമാരുമില്ല. ഇനി ഈ വക്കുകളുടെ കൈവിരലുകളില്‍ തൂങ്ങി കുറച്ച് ഗ്രാമകാഴ്ച്ചകള്‍ കാണാം
ReplyDeleteവിശേഷങ്ങള്‍ കേള്‍ക്കാം....അല്ലേ
കാത്തിരിക്കുന്നു.................
സ്നേഹത്തോടെ
അജിത
പ്രിയ മന്‍സൂര്‍, വളരെ സന്തോഷം.അതി മനോഹരമാണ് പാലക്കാടന്‍ ഗ്രാമങ്ങള്‍.... പി യുടെ എഴുത്തില്‍ മുങ്ങിയാണ് ഞാന്‍ ആ വഴിയില്‍ എത്തിയത്.
ReplyDeleteനന്ദി.
പ്രിയ ജയേഷ്,പലക്കാടിനെപ്പറ്റി പറയാന്‍ ഏരെയുണ്ട്.പല വഴികളിലും ഇനിയും പോകണം.താങ്കള്‍ പറഞ്ഞ വഴിക്കൊന്നും പോയിട്ടില്ല.പോകാം.
ReplyDeleteനന്ദി.
കവിത തുളുമ്പുന്ന വരികള്‍ എന്ന് പറഞ്ഞാല്‍, അതില്‍ അതിശയോക്തിയുടെയോ പുകഴ്തലിന്റെയോ അംശം ഇല്ല. ഗംഭീരം ആയിരിക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷെ വരികളിലുള്ള പാലക്കാടന്‍ ഭംഗി നേരിട്ട് ഇല്ല എന്നാണ് അനുഭവം.
ReplyDeleteനല്ല സുഖമുള്ള അവതരണം, "സന്ധ്യകള്‍ക്ക് വല്ലാത്ത വിഷാദഭാവമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്കും തോന്നിയിട്ടുണ്ട്" എത്ര കൃത്യമാണ് എന്റെ കാഴ്ചപ്പാടും അത് തന്നെ. അതെ സന്ധ്യകള്‍ ദുഃഖമാണ്... വിലപിടിച്ച എന്തോ കളഞ്ഞുപോയ പ്രതീതി ആണ് എനിക്ക് സൂര്യാസ്തമയ സമയം വിജനതയില്‍ നടക്കുമ്പോള്‍ അനുഭവപ്പെടുക.
ReplyDeleteഫോട്ടോകള്‍ വേണ്ടിയിരുന്നു.
ഭാവുകങ്ങള്‍!
"സന്ധ്യകള്‍ക്ക് വല്ലാത്ത വിഷാദഭാവമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്കും തോന്നിയിട്ടുണ്ട്". എത്ര കൃത്യമാണ് എന്റെ കാഴ്ചപ്പാടും അത് തന്നെയാണ്. അസ്തമയ സമയം വിജനതയില്‍ നടക്കുമ്പോള്‍ എന്തോ വിലപ്പെട്ടത് കളഞ്ഞുപോയ പ്രതീതി ആണ് എനിക്ക്.
ReplyDeleteനല്ല സുഖമുള്ള അവതരണം...
ഫോട്ടോകള്‍ വേണ്ടതായിരുന്നു.
ഭാവുകങ്ങള്‍!
പാലക്കാട് എന്ന വലിയ ജില്ല. അതിന്റെ കിഴക്കേ അറ്റത്ത്, കുഴല്‍മന്ദം, ആയിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം (ഒന്ന് മുതല്‍ ഒന്നാം വര്‍ഷ പ്രീ ഡിഗ്രി വരെ). അതിന്റെ പടിഞ്ഞാറെ അറ്റത്ത്, കപ്പൂര്‍, എന്റെ സ്വന്തം നാട്. കുഴല്‍മന്ദം കുറേകൂടി തമിഴ് നാടിന്‍റെ രീതികളാണ് അവലംബിക്കുന്നതെങ്കില്‍ കപ്പൂര്‍ കൂടുതല്‍ വള്ളുവനാടന്‍ രീതികളോട് പ്രാമുഖ്യം കാണിക്കുന്നു. ഒരേ ജില്ലയിലെ സമൂഹത്തിന്റെ വൈരുധ്യങ്ങള്‍ ഇത്രയും പ്രകടമായ ഒരു ജില്ല കേരളത്തില്‍ ഇല്ലെന്നു തോന്നുന്നു. അതെ പോലെ തന്നെ കുഴല്‍മന്ദത്തെ ജീവിതത്തില്‍ കൂടുതല്‍ ഓര്‍മയില്‍ നില്കുന്നത് മലമുകളില്‍ ഉദിച്ചു വരുന്ന സൂര്യനെ ആണെങ്കില്‍ കപ്പൂരില്‍ അറബിക്കടലിന്റെ (കടല്‍ നേരിട്ട് കാണാന്‍ പറ്റില്ല എങ്കിലും) ചക്രവാളത്തില്‍ അസ്തമിക്കുന്ന സൂര്യനെ ആണ്.... ഈ ലേഖനത്തിലെ സായാഹ്നം എന്നെ രണ്ടിടതേക്കും കൂട്ടിക്കൊണ്ടു പോയി. 2002 മുതല്‍ 2004 വരെ ഞാന്‍ പാലക്കാട് ഒരു സ്ഥാപനത്തില്‍ ജോലി എടുത്തിരുന്നു. അന്നെല്ലാം "വൈകീട്ടെന്താ പരിപാടി?" എന്ന ചോദ്യത്തിന് രണ്ടുത്തരമേ ഉള്ളൂ. ഒന്ന് നേരെ മലമ്പുഴ, വെറുതെ കറങ്ങുക, തിരിച്ചു പോരുക. രണ്ടു പാലക്കാട് കോട്ട, ഹനുമാന്റെ അമ്പലത്തില്‍ പോകുക പിന്നെ പുല്‍ത്തകിടിയില്‍ ഇരുന്നു സൊറ പറയുക. പ്രവസിയാകുമ്പോള്‍ (ചെന്നൈ അത്ര അകലെ അല്ലെങ്കിലും) ഇത്തരം ഓര്‍മ്മകള്‍ ഊര്‍ജ പ്രദായിനികള്‍ തന്നെ.
ReplyDelete