പാലക്കാട്ടെ പകലുകളിലൊന്നിലെ അലസമായ ചുറ്റിനടക്കലുകള്‍ക്കിടയില്‍ ഒരു ദിവസം ഞാന്‍ വഴിയോരവിപണിയിലേക്ക് ചെന്നു.അടുക്കടുക്കായി വച്ചിരിക്കുന്ന പഴയ പുസ്‌തകങ്ങള്‍.ഏറെയും പൊടിപറ്റി മഞ്ഞനിറം പൂണ്ടത്.മുഖത്താളുകള്‍ പൊളിഞ്ഞത്.എങ്കിലും ഞാനവയെ നോക്കിനിന്നു.അവ ഏറെ വിറ്റുപോയ, ഇന്നും വിറ്റുകൊണ്ടിരിക്കുന്ന നല്ല പുസ്‌തകങ്ങളുടെ കള്ളപ്പതിപ്പുകളാണ്.കള്ളപ്പതിപ്പുകളാകട്ടെ എങ്കിലും അവ നല്ല നല്ല പുസ്‌തകങ്ങളാണല്ലോ.
ഇംഗ്ലീഷിലേക്ക് വന്നിട്ടുള്ളതും ഇംഗ്ലീഷില്‍ നേരിട്ടെഴുതിയിട്ടുള്ളതുമായ ജനപ്രിയ നോവലുകളാണ് അധികവും.മറ്റുള്ളവ പഠിക്കാനുള്ളതും ചിലരൊക്കെ പഠിച്ചുകഴിഞ്ഞതുമായ പുസ്‌തകങ്ങള്‍.ചിലത് ഞാനെടുത്തുനോക്കി.അഗതാക്രിസ്റ്റിയൊക്കെയാണ്.എറണാകുളത്ത് വച്ചു കാണുമ്പോഴൊക്കെ എന്നോട് ഇംഗ്‌ളീഷ് പുസ്‌തകങ്ങള്‍ പരമാവധി വായിക്കണമെന്ന് ഏറെക്കുറെ ശകാരം പോലെ ഓര്‍മ്മിപ്പിക്കാറുള്ള വൈക്കം മുരളി സാറിനെ ഞാനോര്‍ത്തു.അത്തരം ചില ഓര്‍മ്മയില്‍ അവിടെനിന്നുകൊണ്ട് ഏതാനും പുസ്‌തകങ്ങള്‍ മറിച്ചുനോക്കി.ചേതന്‍ ഭഗതിന്റെ ട്രെന്റ് അറിയാനും വഴിക്കച്ചവടക്കാരനെ സമീപിച്ചാല്‍ മതിയല്ലോ ഇപ്പോള്‍.ചിലപ്പോള്‍ അവന്‍,കച്ചവടക്കാരന്‍ ഏതെങ്കിലും ഭീകരനെ പൊക്കിക്കാണിച്ച് ഇത് വായിച്ചതാണോ എന്നു ചോദിച്ച് നമ്മെ നാണം കെടുത്താനും മതി.എന്തായാലും ഓര്‍ഹാന്‍ പാമുഖിനും മാര്‍ക്കേസിനും പൗലോ കോയ്‌ലോയ്‌ക്കും ചേതന്‍ ഭഗതിനും ഇടയില്‍ പെട്ടെന്ന് ചെറിയൊരു പുസ്‌തകം ഞാന്‍ കണ്ടു.ഒരാവേശത്തോടെ ഞാനത് വലിച്ചെടുത്തു.അത് വളരെ പേരുകേട്ട ഒരു പഴയ നോവലായിരുന്നു.ഡോക്‌ടര്‍ ഷിവാഗോ എന്നായിരുന്നു അതിന്റെ പേര്.
ഷിവാഗോ കൈയിലിരുന്നപ്പോള്‍ ഞാന്‍ അജയ് പി.മങ്ങാട്ട് എന്ന നാട്ടുകാരനും മിത്രവുമായ വലിയ വായനക്കാരനെയാണ് ആദ്യം ഓര്‍ത്തത്.അതങ്ങനെയാണല്ലോ.വെള്ളത്തൂവലില്‍ അജയ് ആയിരുന്നു പുസ്‌തകങ്ങളിലേക്കുള്ള വഴികാട്ടി.ആദ്യമായി ഹുവാന്‍ റൂള്‍ഫോവിനെ,ദസ്‌തയേവസ്‌കിയെ,ജയന്ത് മഹാപത്രയെ,കെ.എ.ജയശീലനെ,(ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല,മറ്റേപ്പൂവിന്‍ വിചാരം നിമിത്തം!)ഹെര്‍മ്മന്‍ ഹെസ്സെയെ ഒക്കെ ഞാനറിയുന്നത് അങ്ങനെയാണ്.
എന്റെ മനസ്സിലൂടെ പലവിധത്തിലുള്ള ചിത്രങ്ങള്‍ ഓടി.ആ പുസ്‌തകവും കൈയില്‍ പിടിച്ച് ഞാന്‍ നിന്നു.പണ്ട് കോഴിക്കോടന്‍ വഴിയോരവാണിഭപ്പുരയില്‍നിന്ന് ഇതേപോലെ എനിക്കൊരു പുസ്‌തകം കിട്ടിയിരുന്നു.പാപ്പിയോണ്‍ എന്ന അതിമഹത്തായ നോവലായിരുന്നു അത്.പക്ഷേ അത് കള്ളപ്പതിപ്പായിരുന്നു.എന്നിട്ടും അന്നത്തെ ദാരിദ്യത്തില്‍ അത് വാങ്ങി.അന്ന് അത് വാങ്ങാനെ കഴിയുമായിരുന്നുള്ളൂ.എന്നാല്‍ എന്റെ കൈയിലിരിക്കുന്ന ഡോ.ഷിവാഗോ കള്ളപ്പതിപ്പല്ല.അതായിരുന്നു അതിശയം.അതൊരു പേപ്പര്‍ബാക്ക് എഡിഷനായിരുന്നു.
റഷ്യയില്‍നിന്ന് ഇംഗ്ലീഷിലേക്ക് മാക്‌സ് ഹേവാഡും മാന്യ ഹരാരിയും ചേര്‍ന്ന് തര്‍ജ്ജമ ചെയ്‌തിട്ടുള്ള ഈ പതിപ്പ് ആ പുസ്‌തകത്തിന്റെ മുപ്പത്തിയഞ്ചാമത്തെ പതിപ്പാണ്.1958 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നതാകട്ടെ ന്യൂയോര്‍ക്കിലെ പ്രസാധകരും.
എന്താണെന്നുവച്ചാല്‍ ഞാന്‍ അജയിനെ ഓര്‍ത്തതുപോലെ അജ്ഞാതനായ മറ്റൊരാളെയും ഓര്‍ക്കുകയായിരുന്നു അപ്പോള്‍.അത് ആ പുസ്‌തകം തെരുവുകച്ചവടക്കാരനിലേക്ക് കൈമാറിയെത്തുന്നതിനുമുമ്പ് സൂക്ഷിച്ചിരുന്ന-പ്രണയിനിയെ എന്നപോലെ കരുതിവച്ചിരുന്ന-ഉടമസ്ഥനെപ്പറ്റിയല്ലാതെ വേറെ ആരെക്കുറിച്ചും ആയിരുന്നില്ല.കാരണം അതിന്റെ ആദ്യപേജില്‍ ആ ഉടമസ്ഥന്റെ ശാന്തഗംഭീരവും ആജ്ഞാശക്തിയുള്ളതുമായ കൈയൊപ്പുണ്ടായിരുന്നു.അക്കാലത്ത് കേരളത്തില്‍ പുസ്‌തകം വിറ്റത് കറന്റ് ബുക്‌സ് തൃശൂരാണ്.(അവിടെ തോമസ് മുണ്ടശേരിക്കൊപ്പമുണ്ടായിരുന്ന പഴയ മാനേജര്‍ ജയപാലമേനോന്റെ കൈവിയര്‍പ്പ് പതിഞ്ഞതാണല്ലോ അക്കാലത്തെ നല്ല ഇംഗ്ലീഷ് പുസ്‌തകങ്ങളെല്ലാം)പഴക്കം മൂലം മഷി പടര്‍ന്ന തൃശൂര്‍ കറന്റിന്റെ റബ്ബര്‍മുദ്രയാണ് അത് വ്യക്തമാക്കിയത്.
പുസ്‌തകത്തിന്റെ ആദ്യതാളില്‍ ഇളം നീല മഷിയില്‍ നൊസ്‌റ്റാള്‍ജിയ എന്ന വാക്കിന്റെ ആഴം പോലെ ഉടമസ്ഥന്റെ കൈയൊപ്പ് അമര്‍ന്നുകിടന്നിരുന്നു.എനിക്കത് വായിക്കാനായില്ല.വരിഷ്‌ഠനായ ആരുടെയോ കൈമുദ്ര തന്നെയായിരുന്നു അത്.അനേകം പെണ്‍കൊടികള്‍ അനുരാഗികളായി വീണിരിക്കാനിടയുള്ള കൈയൊപ്പ്.അത്ര സുഭഗത അതിനുണ്ട്.നീല മഷിയില്‍ രണ്ട് കൈയൊപ്പുകള്‍ ആ പുസ്‌തകത്തില്‍ കാണാം.അതിനര്‍ത്ഥം അത് രണ്ടുവട്ടം വിവാഹം കഴിക്കുകയോ പ്രണയത്തില്‍ പെടുകയോ ചെയ്‌തിട്ടുണ്ട് എന്നാണല്ലോ.ഒന്നില്‍ താഴെ തീയതി എഴുതിയിട്ടുണ്ട്.14-10-1972.
ദൈവമേ,നിന്റെ കാരുണ്യമാണോ അതോ താക്കീതാണോ ഇത്തരം ആകസ്‌മികതകള്‍.ഞാന്‍ അറിയാതെ ചോദിച്ചുപോയി.ഞാന്‍ ജനിക്കുന്നതിനും അഞ്ച് വര്‍ഷം മുമ്പുള്ളതാണല്ലോ ആ തീയതി.അത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചൊന്നുമില്ല.എത്രയോ കാര്യങ്ങള്‍ നമ്മുടെ പിറവിക്കുമുന്നേ സംഭവിച്ചിരിക്കുന്നു.പക്ഷേ,ഒരു വായനക്കാരനെ സംബന്ധിച്ച് അതൊരു പുസ്‌തകമാവുമ്പോള്‍ അതൊരു വിലയേറിയ നിധിതന്നെയായി മാറുകയാണ്.ഒരു ചുമതലയായി പരിവര്‍ത്തനപ്പെടുകയാണ്.എന്തെന്നാല്‍,ആരോ ഇത്രകാലം കൈവശം വച്ച്,നിവൃത്തിയില്ലാതെ ഉപേക്ഷിച്ച ഒരു പുസ്‌തകത്തെ ഇനി സൂക്ഷിക്കേണ്ട ചുമതല എന്നിലാണ് വന്നുചേര്‍ന്നിരിക്കുന്നത്.അതൊരു കഷണം അപ്പമോ റൊട്ടിയോ ആയിരുന്നെങ്കില്‍,ഒരു കഷണം തുണിയായിരുന്നെങ്കില്‍,ഒരു പാറക്കഷണമോ വാളോ മറ്റേതെങ്കിലും ആയുധമോ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ.ഇത്രയും കാലം നിലനില്‍ക്കുമായിരുന്നില്ല.ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം.അതൊരു പുസ്‌തകമായതിനാല്‍ മാത്രമാണ് അത് നശിച്ചുപോകാതിരുന്നത്.അതുകൊണ്ടുമാത്രമാണ് അതെന്റെ കൈയിലേക്ക് സൂക്ഷിക്കപ്പെടുവാനുള്ള അഭ്യര്‍ത്ഥനയുമായി എത്തിപ്പെട്ടത്.വാസ്‌തവത്തില്‍ മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ അതിന്റെ ഉടമസ്ഥന്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവില്ലേ..
ഒരു പക്ഷേ പ്രായാധിക്യത്തില്‍ കുടുംബകാര്യങ്ങള്‍ കൈയില്‍നിന്ന് പോയപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോ മരുമക്കളോ പേരക്കുട്ടികളോ ആയിരിക്കാം ആ പുസ്‌തകത്തെ വഴിയില്‍ വലിച്ചറിഞ്ഞത്.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണശേഷം ഉപേക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടതാവാം അത്.എന്തായാലും ഡോ.ഷിവാഗോ ഇപ്പോള്‍ എന്നോടൊപ്പമുണ്ട്.ഇനിയും വായിച്ചിട്ടില്ലാത്ത ആ പുസ്‌തകത്തിന്റെ കാവലാള്‍ ഇനി ഞാനാണ്.58 ല്‍ പുറത്തിറങ്ങി,72ല്‍ ആരുടെയോ കൈയൊപ്പ് കിട്ടി,2011 ല്‍ എന്റെ കൈയിലെത്തിയ ഈ പുസ്‌തകത്തിന് അതിന്റെ ഉള്ളടക്കത്തെക്കാള്‍ സംഭവബഹുലമായ ഒരു ചരിത്രം ഉണ്ടായിട്ടുണ്ടാവാം.ആര്‍ക്കറിയാം.ഒരു പുസ്‌തകം ഒരുപാട് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു,ഉള്ളടക്കം കൊണ്ടു മാത്രമല്ല,അതിന്റെ ചരിത്രം കൊണ്ടും.ആ തിരിച്ചറിവിലാണ് ഞാന്‍ എഴുത്തുകാരനായി 2012 ലേക്ക് സധൈര്യം കടക്കുന്നത്.
(ഇത് നാട്ടുപച്ചയിലും തോര്‍ച്ച മാസികയിലും പ്രസിദ്ധീകരിച്ചതാണ്.രണ്ട് മൂന്നിടത്ത് ആവര്‍ത്തിക്കാനുള്ള കേമത്തമുണ്ടായിട്ടല്ല,ഒരിക്കല്‍ വായിക്കാത്ത വായനക്കാര്‍ക്കായിട്ടാണ് ഇപ്പോള്‍ ബ്ലോഗിലും ഇടുന്നത്.രണ്ടാമത് വായിക്കേണ്ടി വന്നവര്‍ ക്ഷമിക്കുമല്ലോ.)
ആ തിരിച്ചറിവിലാണ് ഞാന്‍ എഴുത്തുകാരനായി 2012 ലേക്ക് സധൈര്യം കടക്കുന്നത്.
ReplyDeleteരണ്ടാമത് വായിക്കേണ്ടി വന്ന കുറ്റം ക്ഷമിച്ചിരിക്കുന്നു. ഹൃദയത്തില്‍ തൊട്ടു എഴുതിയ എഴുത്ത്! ഏറ്റവും ചെറിയ കാര്യങ്ങളെ ഇത്ര ഹൃദയസ്പര്‍ശിയായി എഴുതാനുള്ള ആ കഴിവിനെ നമിക്കുന്നു. എല്ലാ ആശംസകളും, കൂട്ടത്തില്‍ ഒന്നുകൂടി.. മാതൃഭൂമിയിലെ കഥ, "ഇടത്, വലത്, പാര്‍ശ്വം എന്നിങ്ങനെ" നന്നായി. സമൂഹത്തെ ബാധിക്കുന്ന അപചയങ്ങളെ എടുത്തു കാണിക്കുന്ന കഥ.
ReplyDeleteനാട്ടുപച്ചയില്‍ വായിച്ചിരുന്നു..
ReplyDeleteപഴയ പുസ്തകങ്ങളെ തേടി അലയുന്ന എനിക്ക് ഒരു പുതിയ അറിവ് കൂടി കിട്ടി. വഴിയോരങ്ങളില്‍ നാം അന്വേഷിക്കുന്നത് കണ്ടെത്താം; നന്ദി.
Deleteകൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ ,കാലം അവ വീണ്ടും കൈമാറ്റം ചെയ്യുന്നു ,സഞ്ചരിക്കട്ടെ അവ സ്നേഹത്തിന്റെ സന്ദേശങ്ങളും പേറി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്.......
ReplyDeleteഞാനാദ്യമായിട്ട് വായിച്ചതാണ്. നല്ല കുറിപ്പ് വായിച്ചതിൽ സന്തോഷം. മിയ്ക്കവാറും കുറിപ്പുകൾ മൂന്നും നാലും പ്രാവശ്യം വായിയ്ക്കാറുമുണ്ട്.
ReplyDeleteമനസ്സിലോര്‍ത്തഗാനം മറ്റൊരാള്‍ പാടികേള്‍ക്കുന്ന ഒരു സുഖം തോന്നി ഇതു ണ്ടപ്പോള്‍...
ReplyDeleteനോവല്‍ വായിച്ചിട്ടില്ല. പക്ഷെ ഡേവിഡ് ലീന്‍ സം വിധാനം ചെയ്ത ,ഒമര്‍ ഷെരീഫ് ടൈറ്റില്‍ റോള്‍ ചെയ്ത ഡോക്റ്റര്‍ ഷിവാഗോ എന്റെ പ്രിയപെട്ട സിനിമകളില്‍ ഒന്നാണ്.
ഇതു പോലൊരു പുസ്തകം ഞാനും ദീര്‍ഘകാലം സൂക്ഷിച്ചു വച്ചിരുന്നു.ചെറിയ ഒരു തുകക്ക് സെക്കന്‍ഡ് ഹാന്‍ഡായി കിട്ടിയ ഒരു റഷ്യന്‍ പുസ്തകം - "എ സ്റ്റോറി ഓഫ് ഫസ്റ്റ് ലവ്".നൂറുപേജപ്പുറം നീളാത്ത ഒരു
സാധാരണപ്രണയ കഥ.ഒരു ചെറിപഴം അണയ്ക്കലിട്ടു ഞെരിക്കുന്ന ലാഘവത്തോടെ വായിച്ചു തീര്‍ക്കാവുന്ന ഒന്ന്.
അതിന്റെ പുറകില്‍ ചല്പാര്‍ക്ക്(chelpark) മഷിയില്‍ ,ചരിഞ്ഞ അക്ഷരങ്ങളില്‍ എഴുതിവച്ചിരുന്നു: " ടു അനിത വിത്ത് ലവ്.... ബൈ T.R".ഈ അനിതയേയും ടിയാറിനെയും ഒരു പാടുകാലം ഞാന്‍ മനസ്സില്‍ ചുമന്നു.ഈ പ്രണയ സമ്മാനം നഷ്ടപെടുത്താന്‍ മാത്രം അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്- ഹരി അനിതയെ വഞ്ചിച്ചോ? അല്ലെങ്കില്‍ അവര്‍ വിവാഹിതരായോ?(രണ്ടായാലും പ്രണയം നഷ്ടപെടാമല്ലോ),.ഏതെങ്കിലും ഒരു കാലം എന്റെ അതിഥികളായി എത്തി, അവരോ അവരുടെ കുട്ടികളോ ഈ പുസ്തകം ഷെല്‍ഫില്‍ നിന്ന് കണ്ട് പിടിച്ച് നെഞ്ചോട് ചേര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയും എനിക്ക് ഒരു കഥയെഴുതാനുള്ള പ്ലോട്ട് ഉണ്ടാക്കി
തരികയും ചെയ്യുമോ...,എന്നിങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍...
എന്തായാലും അതെല്ലാം വീണ്ടും ഓര്‍ക്കാന്‍ അവസരം ഒരുക്കി ഈ ചെറുകുറിപ്പ്..
വീണ്ടും പ്രസിദ്ധീകരിച്ചത് നന്നായി സുസ്മേഷ്. അതുകൊണ്ട് എനിക്കും വായിക്കാനായല്ലോ.
ReplyDeleteമാതൃഭൂമിയില്‍ കഥ വായിച്ചു. സുസ്മേഷിന്റെ കഥയ്ക്ക് അഭിപ്രായം പറയാനുള്ള ധൈര്യം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു,എനിക്ക്.
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിയ പുസ്തകങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാനും ആലോചിച്ചിട്ടുണ്ട്,എനിക്കു ശേഷം ആരു വായിക്കും ഇതൊക്കെ എന്ന്. ഇപ്പോള്‍ തോന്നുന്നു, ഇതേപോലെ എന്റെ കയ്യൊപ്പും നോക്കി നില്‍ക്കാന്‍ കാലം ഒരു പിന്‍ഗാമിയെ കരുതിയിട്ടുണ്ടാവും എന്ന്.
സേതുലക്ഷ്മീ,കഥയെപ്പറ്റി തോന്നിയത് പറയൂ..പുകഴ്ത്തലുകളേക്കാള്‍ എനിക്കിഷ്ടം സത്യസന്ധമായ വിമര്‍ശനങ്ങളാണ്.അതില്‍ പ്രയാസം തോന്നാറില്ല.അതിനാല്‍ ധൈര്യമായി പറയാം.
ReplyDeleteതാങ്കളുടെ പുസ്തകങ്ങളെത്തേടിയും ഒരു പിന്‍ഗാമി എത്തട്ടെ.നന്ദി.
താരകന്‍,ഞെട്ടിപ്പിച്ചു താങ്കള്‍.ദൈവമേ,ഈ ലോകത്തെന്തെല്ലാം...!
ReplyDeleteവായിക്കാത്തവരും പുസ്തകം കൈകൊണ്ട് തൊടാത്തവരും എത്ര നിര്‍ഭാഗ്യവാന്മാരാണ് അല്ലേ..?
ആത്മാര്‍ത്ഥമായ താങ്കളുടെ പ്രതികരണത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും വരണം,വായിക്കണം.
നിലേഷ്..അങ്ങനെ തന്നെയാവട്ടെ.
ReplyDeleteഎച്ച്മുക്കുട്ടീ..ഒത്തിരിയൊത്തിരി നന്ദിയും സ്നേഹവും.കഥ വായിച്ചോ..?അഭിപ്രായം പറയുമല്ലോ.
ഷെരീഫ്,മനോരാജ്..നന്ദി.
മിനിടീച്ചര്‍,വളരെ സന്തോഷം കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക്.ഒരു റിപ്പോര്‍ട്ടിംഗ് ആയി എഴുതിയ കഥയാണത്.രസിപ്പിക്കാനല്ല,പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്ന് സാരം.നന്ദി.
വായിക്കാൻ സാധിച്ചതിൽ സന്തോഷം .
ReplyDeleteഎത്ര മനോഹരമായി എഴുതിയിരിക്കുന്നു, കയ്യൊപ്പിനെ കുറിച്ചെഴുതിയതിൽ സുസ്മേഷിന്റെ കയ്യൊപ്പുണ്ട്!
ReplyDeleteകര്‍ഷകസദനം എന്ന പേരില്‍ ഒരു ലഘു നോവല്‍ എഴുതിയിട്ടുണ്ട് എന്റെ അപ്പൂപ്പന്‍. കുട്ടിക്കാല വായനകളില്‍ ഏറെ ആകര്‍ഷിച്ച ഒരു ചെറു പുസ്തകം..ഒരു 40 കൊല്ലമെങ്കിലും പഴക്കമുള്ളത്..ഒരിക്കല്‍ കോഴിക്കോട് വഴിയോരത്തെ പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ തിരയുമ്പോള്‍ കര്‍ഷക സദനത്തിന്റെ കോപ്പി ഇരിക്കുന്നത് കണ്ടു. അപ്പൂപ്പന്‍ മരിച്ച് ഏഴെട്ടു കൊല്ലങ്ങള്‍ക്കിപ്പുറം ആരുടെയൊക്കെയോ കൈകളിലൂടെ ഏതൊക്കെയോ ദേശങ്ങള്‍ കടന്ന്‍ എന്റെ കൈകളിലേക്ക്. ആ നിമിഷത്തിന്റെ ഞെട്ടല്‍, ഊറിക്കൂടിയ സങ്കടം, വെളിപ്പെടുത്താനാവാത്ത ആഹ്ലാദം..പുസ്തകം വാങ്ങിയില്ല..മറ്റാരുടെയെങ്കിലും വായനക്കുപകരിക്കട്ടെ എന്ന് കരുതി..
ReplyDeleteമാഷ്‌ടെ കുറിപ്പ് വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍മ്മ വന്നു...കുറിപ്പ് വളരെ ഹൃദ്യമായിത്തോന്നി..
തികച്ചും യാദൃച്ഛികമായിരിക്കാം,
ReplyDeleteനാട്ടുപച്ച യില്‍ വായിച്ചപ്പോള്‍ തന്നെ എഴുതണമെന്ന് കരുതിയതാണ്... കുറിപ്പ് വായിച്ച ദിവസം ഞാന്‍ പഠിച്ചു (എം എ. ഇംഗ്‌ളീഷ് രണ്ടാം വര്‍ഷം പഠനം) കൊണ്ടിരുന്നത് ഡോ.ഷിവാഗോ ആയിരുന്നു. സാറിസ്‌ററ് റഷ്യയിലും ഒക്‌ടോബര്‍ വിപ്‌ളവകാലത്തും വിപ്‌ളവാനന്തര കാലത്തും സോവിയററ് യൂണിയനില്‍ ജീവിച്ചിരുന്ന ഒരാളുടെ ജീവിതത്തെയാണല്ലോ ബോറിസ് പാസ്‌ററര്‍നാക്ക് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.യൂറി ഷിവാഗോ യും ഭാര്യ ടോനിയ യും ലാറ എന്ന ലാരിസാ ഫിയദൊറോവ്‌ന ഗ്യുഷാര്‍ ഉം ചേര്‍ന്നൊരുക്കുന്ന അത്യപൂര്‍വ്വമായ കഥ. ലാറ യുടെയും ഷിവാഗോയുടെയും പ്രണയത്തെക്കാള്‍ മനോഹരമായി ആരും പ്രണയിച്ചിട്ട#ില്ലെന്ന് തോന്നിപ്പോകും.. ് റഷ്യന്‍ വിപ്‌ളവത്തെ നിരാകരിച്ചു എന്നതിന്‌റെ പേരില്‍ സ്വന്തം നാട്ടില്‍ പുസ്തകം വിമര്‍ശനം നേരിട്ടുവെന്കിലും പാശ്ചാത്യ വായനക്കാര്‍ ഡോ.ഷിവാഗോ യെ അംഗീകരിച്ച് ആസ്വദിച്ചു.1958 ലെ നോബല്‍ സമ്മാനം ഈ നോവലിനായിരുന്നുവല്ലോ..
മറ്റൊന്ന് കൂടി.. ഈ പുസ്തകം എനിക്കും കിട്ടിയത് സെക്കന്‌റ് ഹാന്‌റ് പുസ്തകക്കടയില്‍ നിന്നായിരുന്നു.. 3- þ9 þ2002 ല്‍ കല്‍ക്കത്ത യിലെ തെരുവ് പുസ്തക്കാരനില്‍ നിന്ന് വാങ്ങിയ പുസ്തകത്തില്‍ ഒപ്പിട്ടു വയ്ക്കുമ്പോള്‍ അത് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടും എന്ന് കരുതിയിരുന്നില്ല. സുസ്‌മേഷ് എഴുതിയ മനോഹരമായ കുറിപ്പ് സ്‌നേഹത്തോടെ ഡോ.ഷിവാഗോ യെ പഠിക്കന്‍ പ്രേരണ നല്‍കി..നന്ദി...
പുസ്തകങ്ങള്‍ ....നമ്മെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അതല്ലേ
സങ്കള്‍പങ്ങള്‍,ശ്രീനാഥന്‍ മാഷ് പ്രതികരിച്ചതില്‍ വളരെ സന്തോഷം.ഹൃദ്യമായ നന്ദി.
ReplyDeleteചിത്ര,
ReplyDeleteഎങ്ങനെയാണ് താങ്കളുടെ അനുഭവത്തോട് പ്രതികരിക്കുക എന്നറിയില്ല.അത്രമാത്രം ഉള്ളില്‍ തട്ടി.കാലത്തിന്‍റെ നടത്തം ഏതു വഴിയിലൂടെയാണെന്ന് ആര്‍ക്കറിയാം.
കര്‍ഷകസദനം വായിക്കാന്‍ എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കില്‍ അതിന്‍റെ photocopy എനിക്കയച്ചു തരാന്‍ അപേക്ഷ.
susmeshchandroth.d@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ.അഡ്രസ് തരാം.
ഒരു യാത്രയും വെറുതെയല്ല എന്നത് എത്ര സത്യമാണ്.
ബീനച്ചേച്ചീ,ഒരുപാടൊരുപാട് സന്തോഷം.
ReplyDeleteസ്നേഹപൂര്‍വ്വം നന്ദി.
മാതൃഭൂമിയില്‍ പുസ്തകപ്പുഴു എന്നാ പേരില്‍ ആര്‍ .ഉണ്ണി എഴുതിയ കുറിപ്പിന് പിറകെ ഇതാ സുസ്മേഷ് .സെക്കന്റ് ഹാന്‍ഡ് പുസ്തകക്കട പൊതുവേ ശ്രദ്ധിക്കാറില്ലാത്ത ഞാന്‍ ഇനി അത് തേടിപ്പോകും ,മാതൃഭൂമിയിലെ കഥ വായിച്ചിരുന്നു ,ലാല്നഗര്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചതാണെന്ന് എനിക്ക് തോന്നി ,ആ മാതിരിയുള്ള കഥകള്‍ മനസ്സിലേക്ക് കയറുകയില്ല എനിക്ക് ,പൊന്‍കുന്നം വര്‍ക്കിയെക്കാളും എനിക്കിഷ്ടം കാരൂരിനെയും ബഷീരിനെയുമാണ് ...
ReplyDeleteവളരെ മനോഹരമായ കുറിപ്പ്..രണ്ടാമതും വായിക്കാം കേട്ടോ :)
ReplyDeleteഞാന്‍ ആദ്യം വായിക്കുകയാണ് ഈ കുറിപ്പ്...ഡോക്ടര്‍ ഷിവാഗോയെക്കുറിച്ചും ആദ്യമായാണ് അറിയുന്നത്. എന്റെ നാട്ടിലെ ലൈബ്രറിയില്‍ ഈ പുസ്തകം ഉണ്ടെങ്കില്‍ ഞാനും വായിക്കും.. നന്ദി സുസ്മേഷ് ജി...
ReplyDeleteനന്നായിട്ടുണ്ട് ....എനിക്കും എഴുതാന്‍ ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഒരു എഴുതുകാരനാകാനുള്ള ഒന്നും കയ്യിലില്ല....ഒരു പ്രണയവും പ്രണയ നൈരാശ്യവും മാത്രം പോരല്ലോ ഒരു നല്ല എഴുത്തുകാരനാകാന്‍ ,ഇപ്പോള്‍ ഒരു തരാം ശൂന്യതയാണ്.....ഒറ്റപ്പെട്ടവന്റെ
ReplyDelete"ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല
ReplyDeleteമട്ടെറേറപ്പൂവിന്റെ
വിചാരം മൂലം"
എന്നാണ്.
ഏര്യ മാറിക്കളിക്കുന്നത് സൂക്ഷിച്ചുവേണം!!!
പഴയ പുസ്തകത്തിനും, ചുവരുകള്‍ക്കും, ജാലകങ്ങള്‍ക്കും ഒരു പാട് കഥകള്‍ പറയാനുണ്ടാവും. അതില്‍ കൈ പതിച്ച്, ഹൃദയം ചേര്‍ത്ത് വെച്ചാല്‍ ആ കഥകള്‍ കേള്‍ക്കാം. അങ്ങിനെയൊന്നു ഞാനും മുന്‍പ് കുറിച്ചിട്ടുണ്ട്. ഈ കുറിപ്പ് എനിക്കിഷ്ടമായി.
ReplyDeleteകല്ലിനുമുണ്ട് കഥ പറയാന്‍..... അപ്പോള്‍ പുസ്തകത്തിന്റെ കാര്യം പറയാനില്ലലോ...
ReplyDeleteആദ്യമായിട്ടാണിവിടെ... inspiring post..
ReplyDeletei love to be ur reader !
ReplyDeleteI LOVE TO BE UR READER!
ReplyDelete