Friday, August 31, 2012

എസ്‌.എം.എസ്‌ ഇല്ല,ഓട്ട്‌സ്‌ ഉണ്ട്‌!


ഗരങ്ങളിലൂടെ അലയുന്നവനാണ്‌ ഇവന്‍.കേരളത്തില്‍ മാത്രമായിട്ടല്ല.ഇന്ത്യയിലെ പലയിടത്തും.വലിയ നഗരങ്ങള്‍ മുതല്‍ ചെറിയ നഗരങ്ങള്‍ വരെ.അലച്ചില്‍ എന്നു പറയുമ്പോള്‍ പഴയകാലത്തെ കലാകാരന്മാരുടെ ശീലമായിരുന്ന ദാരിദ്ര്യത്തിന്റെയോ അസ്‌തിത്വവ്യഥകളുടെയോ ചോദ്യങ്ങള്‍ക്കുത്തരം തേടിയുള്ള അശാന്തിയുടെയോ യാത്രകളല്ല.ഓരോരോ ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍.താമസസ്ഥലവും സുരക്ഷിതത്വവുമുള്ള യാത്രകള്‍.അത്തരം സഞ്ചാരങ്ങളില്‍ കണ്ടുമുട്ടുന്ന യുവത്വത്തിനെ പരമാവധി ശ്രദ്ധിക്കാറുണ്ട്‌.യുവ@ഹൈവേയുടെ പിറവി അങ്ങനെയാണ്‌.എഴുതാനിരിക്കുമ്പോള്‍ മനസ്സിലേക്ക്‌ വരുന്നത്‌ യുവത്വത്തിന്റെ ലോകം തന്നെയാവുന്നതും അങ്ങനെ തന്നെ.

ഇന്ന്‌ ഇന്ത്യയില്‍ എവിടെപ്പോയാലും മാറിയ യുവത്വത്തിനെ കാണാം.പാരമ്പര്യവേഷങ്ങളല്ല അവര്‍ക്ക്‌.ഇന്ത്യയിലെവിടെയും സാധാരണമായ വേഷം.പ്രാദേശികതയുടെ നിയന്ത്രണങ്ങളില്ല വേഷത്തിലും ഭക്ഷണത്തിലും.ജീന്‍സ്‌,ബ്രാന്റഡ്‌ ഷര്‍ട്ട്‌,ചുരിദാര്‍ അല്ലെങ്കില്‍ ജീന്‍സും ടോപ്പും.മലയാളിയാണോ മറാത്തിയാണോ കശ്‌മീരിയാണോ എന്ന്‌ വേഷം നോക്കി ആരെയും നമുക്ക്‌ തിരിച്ചറിയാന്‍ പറ്റില്ല.അതുതന്നെ സൗഹൃദങ്ങളുടെ കാര്യത്തിലും.ഇന്നത്തെ ചെറുപ്പക്കാരന്റെ/ചെറുപ്പക്കാരിയുടെ സുഹൃത്തുക്കളില്‍ അയല്‍ക്കാരനും സഹപാഠിക്കും അപ്പുറം അന്യനാട്ടുകാരന്‍ മുതല്‍ വിദേശി വരെയുണ്ടാകും.`അഭിയും നാനും' എന്ന തമിഴ്‌പ്പടം ഓര്‍ക്കുക.പ്രകാശ്‌ രാജിന്റെ മകള്‍ ഇഷ്‌ടപ്പെടുന്നത്‌ ഒരു പഞ്ചാബിയെയാണല്ലോ.രണ്ട്‌ സംസ്‌കാരങ്ങള്‍ കലര്‍ന്നേ പറ്റു എന്ന്‌ ചില അവസരങ്ങളില്‍ അങ്ങനെ നാം മനസ്സിലാക്കുന്നു.
ഉത്തരേന്ത്യയില്‍ ഹോളിക്കും ദീപാവലിക്കുമിടയില്‍,ബംഗാളില്‍ കാളിപൂജയ്‌ക്കും നവരാത്രിക്കും ഇടയില്‍,തമിഴ്‌നാട്ടില്‍ പൊങ്കലിനും ആടിയാഘോഷത്തിനുമിടയില്‍,കേരളത്തില്‍ ഓണത്തിനും പെരുന്നാളിനുമിടയില്‍ എവിടെയും ആഘോഷദിവസങ്ങളെ പൊലിപ്പിക്കുന്നത്‌ യുവത്വമാണ്‌.എല്ലാക്കാലത്തും അത്‌ അങ്ങനെയായിരിക്കും.നമ്മുടെ മാതാപിതാക്കളുടെ യൗവനത്തിലെ ആഘോഷങ്ങളെയാണ്‌ അവരെല്ലായ്‌പ്പോഴും ഓര്‍മ്മിക്കുന്നത്‌.അല്ലാതെ അവരുടെ വാര്‍ദ്ധക്യത്തിലെ ഓര്‍മ്മകളല്ല.പഴയ കാലത്തിന്റെ ഓര്‍മ്മയിലാണ്‌ അവര്‍ ഓരോന്ന്‌ ചെയ്യുന്നത്‌.പുതിയ കാലത്തിന്റെ തിരിച്ചറിവിലല്ല.ബാല്യവും കൗമാരവും യൗവനവുമാണ്‌ മനുഷ്യനെ കരുത്തനും വ്യത്യസ്‌തനുമാക്കുന്നത്‌.അങ്ങനെ ചിന്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴികാട്ടുന്ന യുവാക്കളുടെ തിമിര്‍പ്പാണ്‌ ഓരോ വിശേഷദിവസവും എന്നു പറയാന്‍ കഴിയും.ഇവിടെ മാത്രമല്ല,ലോകത്തെവിടെയും.
കേരളത്തിലെ ഓണാഘോഷത്തിലേക്ക്‌ വന്നാല്‍,കാലം മാറുന്നതിനനുസരിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളില്‍ നിര്‍ബന്ധിതമായ മാറ്റം വരികയാണ്‌.ആ മാറ്റത്തെ നാം മിമിക്രിയാക്കരുത്‌.കണ്ടില്ലെന്നു നടിക്കുകയുമരുത്‌.കഴിഞ്ഞ കുറേക്കാലമായി പൂവിളി ഇല്ലാതായില്ലേ.!ആരാണ്‌ പൂ വിളിച്ചിരുന്നത്‌.അത്‌ കുട്ടികളായിരുന്നവത്രേ.ഇന്ന്‌ കുട്ടികള്‍ക്ക്‌ പൂ പറിക്കാന്‍ പോകേണ്ടതില്ല.ഞാനാലോചിക്കും.നമ്മള്‍ ദിനപത്രങ്ങളിലും ചാനലുകളിലും വിശേഷദിവസങ്ങളില്‍ കാണിക്കുന്നതിനായി കുട്ടികളെ ഒരുക്കിനിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത്‌ പ്രദര്‍ശിപ്പിക്കുമല്ലോ.അതിന്റെ റിയാലിറ്റി എന്താണ്‌..?മുതിര്‍ന്ന കൗമാരക്കാരികളെ ഇന്നത്തെ അമ്മമാര്‍ പട്ടുപാവാടയും ഉടുപ്പുമിടുവിച്ച്‌ മുടിയില്‍ പൂവും ചൂടി കൈയില്‍ കൂടയുമായി അടുത്ത തൊടികളിലേക്ക്‌ പൂ പറിക്കാന്‍ വിടുമോ.വിരൂപകളെയും മനോവിഭ്രാന്തിയുള്ളവരെയും അന്യസംസ്ഥാനത്തൊഴിലാളികളിലെ പെണ്ണുങ്ങളെയുംവരെ മിഴിയുഴിഞ്ഞ്‌ ജീവിക്കുന്ന മലയാളികള്‍ക്കിടയിലേക്ക്‌ ഒരമ്മയും പെണ്‍മക്കളെ അങ്ങനെ വേഷം കെട്ടിച്ച്‌ വിടില്ല.അവര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി കാറിലിരുന്ന്‌ കൈനീട്ടി കച്ചവടക്കാരില്‍നിന്ന്‌ പൂ വാങ്ങും.പ്ലാസ്റ്റിക്‌ കവറില്‍ പൂക്കളും പിന്‍സീറ്റില്‍ ചുരുട്ടിവച്ച പൂക്കളത്തിന്റെ ഡിസൈനുമായി അവര്‍ വീട്ടില്‍ പോകും.ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന കുട്ടികള്‍ക്ക്‌ വെള്ളം തളിച്ചിട്ടോ റഫ്രിജറേറ്ററിലോ വച്ചിരിക്കുന്ന പൂക്കളെടുത്ത്‌ കൊടുക്കും.അതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ്‌ ദിനപത്രങ്ങളില്‍ ഇന്ന്‌ വരേണ്ടത്‌.ചാനലുകളില്‍ വരേണ്ടതും ആ യാഥാര്‍ത്ഥ്യമാണ്‌.എന്നാല്‍ മാധ്യമങ്ങള്‍ ജനങ്ങളെ പിന്നിലേക്ക്‌ കൊണ്ടുപോയി മായാലോകത്ത്‌ നിര്‍ത്തുന്നു.നൊസ്റ്റാള്‍ജിയയാണ്‌ കേമം എന്നു ഉറപ്പിച്ചു പറയുകയും കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.അവിടെയാണ്‌ യുവത്വം സ്വത്വം വീണ്ടെടുക്കുന്നതും സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ മുന്‍കൈയെടുക്കുന്നതും.
ഓണക്കാലത്തും പരീക്ഷക്കാലത്തും അവര്‍ ജീന്‍സും ടീ ഷര്‍ട്ടും ലെഗ്ഗിസും ഫ്രോക്കും ധരിക്കും.ഓണ്‍ലൈനില്‍ ബുക്കുചെയ്‌ത്‌ വരുത്തിയ ബ്രാന്റഡ്‌ കണ്ണട മുഖത്തണിയും.ബൈക്കിലും കാറിലും കറങ്ങും.ബിയര്‍ കുടിക്കും.എന്നുകരുതി അഴിഞ്ഞുനടക്കുകയല്ല നമ്മുടെ യുവത്വം.അവരൊക്കെ സമയത്ത്‌ വീട്ടില്‍ വരും.രക്ഷിതാക്കളുടെ കൂടെ അവരുടെ കുറെ സെന്റിമെന്‍സുകളില്‍,അതായത്‌,പഴയ കാലത്തെ ഓര്‍മ്മകള്‍,ബന്ധുവീടുകളിലെ വിശേഷങ്ങള്‍,ഏത്‌ ആഘോഷമായാലും വയ്‌ക്കുന്ന പായസമെന്ന മാരകസംഭവം..എന്നതിലൊക്കെ മുഴുകും.പിന്നെ ടി.വി കാണും.വൈകിട്ട്‌ പുറത്തുപോയി റെഡിമിക്‌സ്‌ ഫുഡ്‌ കഴിക്കും.വീട്ടില്‍ വന്നാല്‍ വീട്ടുകാരുടെ വക ഉപ്പേരിയും പപ്പടവും ഇലയിട്ടുള്ള സദ്യയുമായി വീടുമായി ഇഴുകിച്ചേരും.ഇതൊക്കെയല്ലേ ഇന്ന്‌ നടക്കുന്നത്‌.അല്ലാതെ ചാനലുകളില്‍ കാണിക്കുന്ന ഓണത്തിന്റെ പീരീഡ്‌ ഷോകളാണോ.അല്ല.അല്ലേയല്ല.
എവിടെയാണ്‌ ഓണക്കോടിയുടെ പുതുമ ഇന്ന്‌ കാണാന്‍ കഴിയുന്നത്‌.എവിടെയാണ്‌ ഓണസദ്യയുടെ വിശിഷ്‌ടതയ്‌ക്കായി വിശക്കുന്നവര്‍ കാത്തിരിക്കുന്നത്‌.പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഓണത്തിന്‌ അവധി കൊടുക്കാന്‍ പറ്റാത്തവരുടെ വീടുകളില്‍ ദാരിദ്ര്യം കൊണ്ടല്ല,അനാരോഗ്യാവസ്ഥകൊണ്ടാണ്‌ ഓണദിവസവും സാധാരണ ദിവസമാകുന്നത്‌.അവിടെയും വിശേഷദിവസത്തെ വിശേഷദിവസമായി ആഘോഷിക്കുന്നതും അറിയുന്നതും സമൂഹത്തെ അറിയിക്കുന്നതും യുവാക്കളാണ്‌.യൂവാക്കള്‍ മാത്രം.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ,മലയാളിയുടെ പുതിയ ഭക്ഷണശീലത്തെ.?അത്‌ ഓട്ട്‌സിന്റെ ജനപ്രീതി നിങ്ങളോട്‌ വിളിച്ചുപറയും.
``ഒരു ഗ്ലാസ്‌ ഓട്ട്‌സ്‌ കുടിച്ചു.മതി.''
പലരുടെയും സ്ഥിരം വര്‍ത്തമാനവും ഇപ്പോഴത്തെ ചിട്ടയും ഇങ്ങനെയാണ്‌.
എന്തായാലും പൊറോട്ടയും ഓംലെറ്റും കയറിവന്നതുപോലെ തീന്‍മേശയിലെ പ്രഥമനായി ഓട്ട്‌സുല്‍പ്പനങ്ങള്‍ മാറിക്കഴിഞ്ഞു എന്നത്‌ സത്യമാണ്‌.
ഇതിന്റെ ചരിത്രമെന്താണ്‌.കഴിഞ്ഞ കാല്‍നൂറ്റാണ്ടിനടുത്തായി കേരളത്തിലെ പ്രധാന വിപണികളില്‍ ഓട്ട്‌സ്‌ ലഭ്യമായിരുന്നു.ഇടത്തരക്കാരും അതിനുമേലെയുള്ളവരുമായ പല വീട്ടമ്മമാര്‍ക്കും ഓട്ട്‌സിനെപ്പറ്റി മുന്നേ അറിയാമായിരുന്നു.ഇന്നത്‌ ഏത്‌ സാധാരണക്കാരനും പരിചിതമായി എന്നുമാത്രം.രൂപയുടെ മൂല്യം കുറഞ്ഞാലും മലയാളിക്കിന്ന്‌ കാണം വില്‍ക്കാതെ ഓട്ട്‌സും ഷവര്‍മ്മയും കഴിക്കാമെന്നു സാരം.പറഞ്ഞുവരുന്നത്‌ ഇത്‌ പുതിയ അത്ഭുത സംഭവമല്ല എന്നറിയിക്കാനാണ്‌.പക്ഷേ അതൊരു സംഭവമായി നമ്മുടെ വീടുകളില്‍ മാറിക്കഴിഞ്ഞു.ഒരുകാര്യം ഏറെക്കുറെ ഉറപ്പാണ്‌.ഈ ഓണക്കാലത്ത്‌ ഓട്ട്‌സും നമ്മുടെ വീടുകളില്‍ അത്ഭുതം കാണിച്ചേക്കാം.ഓണവിഭവങ്ങളില്‍ കുറേയെങ്കിലും ഓട്ട്‌സ്‌ വിഭവങ്ങളായേക്കാം.അതില്‍ അസാധാരണത്വമൊന്നും കാണേണ്ടതില്ല.ഇപ്പോഴത്തെ യുവാക്കളുടെ രക്ഷിതാക്കളും ഏറെക്കുറെ യുവാക്കളായിരിക്കുമല്ലോ.അവരും പറയും.ഓണത്തിന്‌ ഓട്ട്‌സ്‌ മതി!
ഇത്തവണ അത്തം മുതല്‍ പത്തുദിവസമില്ലല്ലോ തിരുവോണത്തിന്‌.ഒന്‍പത്‌ ദിവസമേയുള്ളൂ.അത്‌ ചരിത്രത്തിലെ ഒരപൂര്‍വ്വത.മറ്റൊരു ആധുനികമായ അപൂര്‍വ്വതയും ഇക്കുറി ഓണക്കാലത്തെ കാത്തിരിക്കുന്നുണ്ട്‌.അത്‌ ഓണത്തിന്‌ എസ്‌.എം.എസില്ല എന്നതാണ്‌.!
ആസാം കലാപത്തെത്തുടര്‍ന്ന്‌ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ എസ്‌.എം.എസുകള്‍ക്ക്‌ തടയിടാനാണ്‌ സെപ്‌തം 8 വരെ ദിനംപ്രതി ഒരാള്‍ക്ക്‌ 5 (പിന്നീട് 20)  എസ്‌.എം.എസ്‌ മാത്രം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്‌.ഏതായാലും അത്‌ സെല്ലുലാര്‍ കമ്പനികള്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും ദുരിതമായി.ഇക്കാരണത്താല്‍ ചിലപ്പോള്‍ ഈ ഓണക്കാലത്ത്‌ ആശംസാക്കാര്‍ഡുകള്‍ വിപണിയിലേക്ക്‌ മടങ്ങിവന്നേക്കാം.കാരണം നമുക്ക്‌ വിശേഷാവസരങ്ങളെ ആഘോഷിക്കാതെ വയ്യ.ഓട്ട്‌സ്‌ കുടിച്ചും സദ്യവട്ടത്തിനിടയില്‍ അല്‌പം ചിക്കന്‍ വിളമ്പിയും പുറത്തുപോയി ബിയര്‍ മോന്തിയും ഇന്‍ര്‍നെറ്റിനുമുന്നില്‍ ആകാംക്ഷപ്പെട്ടിരുന്നും നമുക്ക്‌ ആഘോഷിക്കാതെ വയ്യ.മാറിയ കാലത്ത്‌ ആഘോഷമെന്നാല്‍ അത്‌ ഫോണ്‍സന്ദേശങ്ങളും കൂടിയാണ്‌.
എസ്‌.എം.എസ്‌ ഇല്ലാതെന്തു ഓണം എന്നു ചോദിക്കും ഇക്കൊല്ലത്തെ യുവതലമുറ.കാരണം മലയാളി യുവത്വത്തിന്റെ സ്‌നേഹിതര്‍ കിടക്കുന്നത്‌ ഇങ്ങ്‌ കേരളത്തില്‍ മാത്രമല്ല.ബാംഗ്ലൂരും ചെന്നൈയും മുംബൈയും സിംഗപ്പൂരും ദെല്‍ഹിയും മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളും യുറോപ്യന്‍ രാജ്യങ്ങളും വരെയാണ്‌.മലയാളികള്‍ തന്നെയാവണമെന്നില്ല.മറുഭാഷക്കാരും ആവാം.പഠിക്കാന്‍ പോയിട്ടും രക്ഷിതാക്കളുടെ കൂടെ താമസിച്ചിട്ടും കിട്ടിയവര്‍.ഫേസ്‌ബുക്കും വെബ്‌ക്യാമും സ്‌മാര്‍ട്ട്‌ഫോണും വഴി ലഭിച്ചവര്‍.സൗഹൃദത്തിന്‌ കാലദേശഭേദങ്ങളില്ലാതാവുന്നത്‌ കാട്ടിത്തരുന്നതും യുവാക്കള്‍ തന്നെ.
എസ്‌.എം.എസ്‌ ഇല്ലെങ്കിലും റംസാനും ക്രിസ്‌മസും വിഷുവും ഓണവും ഒരുത്സവമാണ്‌.മാറി മാറി ഉടയാടകള്‍ അണിയുന്ന കാലത്തിന്റെ ഉത്സവം.തരുണീമണികളും തരുണന്മാരും പെട്ടെന്ന്‌ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവരായി മാറിപ്പോകുന്നത്‌ ഏതെങ്കിലും ഉത്സവത്തിനോട്‌ അടുപ്പിച്ചായിരിക്കുമല്ലോ.ഓര്‍ത്തുനോക്കുമ്പോള്‍ സത്യമാണെന്ന്‌ മനസ്സിലാവും.ഇത്തവണയും മലയാളി യുവത്വങ്ങളില്‍ നിന്ന്‌ കുറേപ്പേര്‍ ഈ ഓണത്തിന്‌ പെട്ടെന്ന്‌ ഗൗരവക്കാരായി മാറി മൗനികളാകും.അവരെ നോക്കി പച്ചയായ ജീവിതം പറയും.
``കമോണ്‍ ഗൈയ്‌സ്‌..ഇത്‌ ലൈഫാണ്‌.മൂഡൗട്ടാകാതെ വന്ന്‌ അടിച്ചുപൊളിക്ക്‌..!''
അതെ.അവന്‍/അവള്‍ അടിച്ചുപൊളിക്കാന്‍ പോകാന്‍ തീരുമാനിക്കും.അതായത്‌ കുടുംബസ്ഥനാകാന്‍.എന്നുപറഞ്ഞാല്‍ പാരമ്പര്യങ്ങളുടെ തുടര്‍ച്ച കൊണ്ടുപോകാനായി ഒരു പെണ്ണിന്റെ/ആണിന്റെ കൈപിടിക്കാന്‍!
ആശംസകള്‍.

18 comments:

  1. കൽക്കരിയിൽ കടുവ കളിച്ച്‌ ഭരണയന്ത്രം വരെ ഓണം പ്രമാണിച്ച്‌ അടച്ചിട്ട്‌ ആഘോഷിക്കുന്ന ദേശീയോൽസവമായി മാറിയിരിക്കുന്ന വിവരം വെള്ളത്തിൽ മുങ്ങുന്ന കേരളീയർ അറിയുന്നില്ലെങ്കിലും മാവേലി അറിയുന്നുണ്ടാവും.

    ഓണാശംസകൾ

    ReplyDelete
  2. ആശംസകള്‍, ജീവിതം ആഘോഷിക്കുന്ന യുവത്വങ്ങള്‍ക്കും.

    ReplyDelete
  3. നന്നായി എഴുതി നല്ല നിരീക്ഷണം
    ആശംസകള്‍

    ReplyDelete
  4. മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ വാരിപ്പുണരുന്നരുന്നവര്‍ നമ്മള്‍ മലയാളികള്‍ .. ഒപ്പം അതുണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു പഴമയുടെ മഹത്വം പുകഴ്ത്തി നടക്കും. ചില ചിഹ്നങ്ങളെ നമുക്ക് ഉപേക്ഷിക്കാന്‍ വയ്യ.. ജീന്‍സ്‌ പാന്റും ടീ ഷര്‍ട്ടും ഇട്ടു ഐ ഫോണുമായി സാഹിത്യ വേദികളിലേക്ക് കയറി ചെന്നാല്‍ അരസികന്‍ എന്ന മുന്‍ധാരണ. സാഹിത്യത്തെ കുറിച്ച് ഒന്നുമറിയാത്തവന്‍ എന്ന പുച്ഛം. നമ്മുടെ സാഹിത്യവും സാഹിത്യകാരന്മാരും കാലത്തിനു ഒരു പാട് പുറകില്‍ സഞ്ചരിക്കുന്ന പോലെ പലപ്പോഴും തോന്നാറുണ്ട്.. പ്രശസ്തനായ ഒരു എഴുത്തുകാരനായ താങ്കളോട് ഒരു വിഷയത്തെ കുറിച്ച് വെറുമൊരു വായനക്കാരന്‍ മാത്രമായ എനിക്ക് എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നു എന്നയിടതാണ് പുതിയ കാലത്തിന്റെ വേഗ സഞ്ചാരം. ഈ ഒരു മാറ്റത്തിലേക്ക് താങ്കള്‍ ഇറങ്ങി വരുന്നതില്‍ ഒരു പാട് സന്തോഷം.. നല്ല നിരീക്ഷണങ്ങള്‍ ..

    ReplyDelete
  5. എല്ലാ നാട്ടിലും ആഘോഷങ്ങള്‍ ഇങ്ങനെ മാറി,അല്ലെങ്കില്‍ ഉടനെ മാറും. ഈ നിരീക്ഷണങ്ങള്‍ ഇഷ്ടമായി.

    ReplyDelete
  6. കാലം അതിന്‍റെ വഴിക്ക്‌ പോകുന്നു. മാറ്റങ്ങള്‍ എപ്പഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതൊരു ഒഴുക്കാണ്. ആ ഒഴുക്കില്‍ പെടാതെയും പെട്ടും മാറിനിന്നും കൂടിച്ചേര്‍ന്നും നോക്കുമ്പോള്‍ വളരെ രസകരമായി തോന്നും. പക്ഷെ എല്ലാ പോറലുകളും പ്രകൃതിയ്ക്കാണ്. നമ്മളും പ്രകൃതിയുടെ ഒരു കണികയാണെന്നിരിക്കെ നമ്മള്‍ എന്ത് പറയാന്‍ ! ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ ഉചിതം. ആശംസകള്‍ ......

    ReplyDelete
  7. മനോഹരമായ വീക്ഷണം നല്ല പാകമായ വാക്കുകളിലൂടെ വാങ്മയ ചിത്രമാക്കിയത്തിനു അഭിനന്ദനങ്ങള്‍ !! തുടരുക...

    ReplyDelete
  8. ലേഖനം നന്നായിരിക്കുന്നു.
    മാറ്റങ്ങള്‍ കാലത്തിന്റെ അനിവാര്യതകളല്ലേ? .

    ReplyDelete
  9. യൗവനം തന്നെ ഒരുത്സവമല്ലേ ചന്ത്രോത്തേ?നിറഞ്ഞ് നിരപ്പായ പഴമനസ്സ് കൂടുതല്‍ ഉള്‍ക്കൊള്ളാനാകാതെ വിങ്ങുന്നതും ഇളമനസ്സ് ഇടമൊഴിവുള്ളതിനാല്‍ പുതുമയെ വാരിപ്പുണരുന്നതും സ്വാഭാവികംതന്നെ.എന്നാല്‍ കാലമെത്തുന്നതിനു മുന്‍പ് നരകേറിമുടിഞ്ഞ് അവശതകളുടെ വാര്‍ദ്ധക്യം പടയോട്ടം നടത്തുന്ന ആധുനിക യുവത്വത്തിന്റെ ഭാവി ഒട്ടും ശോഭനീയമല്ല.ചിട്ടയൊപ്പിച്ച് പായുമ്പോഴും നമ്മുടെ യുവത്വങ്ങള്‍ അകാലവാര്‍ദ്ധക്യം ഇരന്നു വാങ്ങേണ്ടി വരുന്നതില്‍ അസ്വാഭാവികതയുണ്ട്,അവിശ്വസനീയതയുണ്ട്.നാം ഉണര്‍ന്ന് ചിന്തിക്കേണ്ടതുണ്ട്.

    ReplyDelete
  10. നാട്ടില്‍ പോയി ഓണമൊക്കെ ആഘോഷിച്ച്
    കാലത്തിന്‍ കൈയ്യുംകാലുംപെട്ടുപെട്ടൊന്നും
    ഓര്‍മ്മകള്‍ മായുന്നില്ലല്ലോ
    എന്നു വിചാരിച്ചാഹ്ളാദിച്ചു
    തിരിച്ചെത്തിയതേയുള്ളൂ.
    അതുകൊണ്ട് ഓണം കഴിഞ്ഞാണു കുറിപ്പ് വായിക്കാന്‍ കഴിഞ്ഞത്.
    ബാല്യകൌമാരങ്ങള്‍ കുഗ്രാമത്തിലും
    ഇപ്പോഴത്തെ ജീവിതം നഗര മദ്ധ്യത്തിലുമായതു കൊണ്ട് അന്നും
    ഇന്നും തമ്മിലുള്ള വ്യത്യാസം നന്നായി അറിയാന്‍ കഴിയുന്നുണ്ട്.
    ഒക്കെയും ശരി തന്നെ.
    എങ്കിലും ഹൃദയത്തില്‍ പൊന്നോണം തുടരും
    എന്നു മൂളിപ്പാടി നടക്കാനാണെനിക്കിഷ്ടം..

    ReplyDelete
  11. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവും. പുതിയത് സ്വീകരിക്കാന്‍ മടി കാണിക്കേണ്ട ഒരു കാര്യവുമില്ല. ഇന്നിന്‍റെ സന്തോഷമാണ് ഓരോ ആഘോഷങ്ങളും. ഗൃഹാതുരത്വം നല്ലത് തന്നെ. പക്ഷെ ജീവിതം മുഴുവന്‍ ഗൃഹാതുരത്വം ആയാലോ... നല്ല മാറ്റങ്ങള്‍ വരട്ടെ.. അവ ഉള്‍ക്കൊള്ളാന്‍ നമുക്ക് മനസ്സിനെ ഇപ്പോഴും ചെറുപ്പമാക്കിവെക്കാം.

    ReplyDelete
  12. എല്ലാ വായനക്കാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി.

    ReplyDelete
  13. Well said !
    kurachaayi ee vazhiyokke vannittu. Sukhamalle Susmesh ?

    ReplyDelete