Wednesday, October 10, 2012

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍


കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും യാത്രയുടെയും ഭാഷയുടെയും നിയമാവലികള്‍ തെറ്റിച്ച്‌ അഭംഗുരം യാത്ര ചെയ്യുന്നവനാണ്‌ എഴുത്തുകാരന്‍ .വഴിയമ്പലങ്ങള്‍ നല്‍കുന്ന പാഥേയമാണ്‌ അവന്‍ ലോകത്തിനു കൊടുക്കുന്ന സാഹിത്യകൃതികള്‍ .അത്‌ ഭുജിക്കാനും പ്രസാദം പോലെ സൂക്ഷിച്ചുവയ്‌ക്കാനും സഹജീവികള്‍ക്കു പകരാനും വിധിക്കപ്പെട്ട ഭാഗ്യശാലികളാണ്‌ വായനക്കാര്‍ .ലോകത്തെങ്ങുമുള്ള വായനക്കാര്‍ .
ബാല്യകൗമാരസാഹസങ്ങള്‍ക്കിടയില്‍ സാഹിത്യത്തെ ഉപാസിക്കുന്നവനായിത്തീരുന്നിടത്ത്‌ എന്നെ കാത്തുനിന്നത്‌ രണ്ടുപേരാണ്‌.ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും.റൂള്‍ഫോ അസ്സല്‍ അധ്യാപകനായിരുന്നു.എങ്ങനെ മാറിച്ചിന്തിക്കാം എന്നു ചിന്തകളെ മറിച്ചിട്ടു കാണിച്ചുതന്ന ഗുരു.ദസ്‌തയേവ്‌സ്‌കി ഋഷിയായിരുന്നു.ശാന്തതയും അപാരതയുമായിരുന്നു അവിടെനിന്ന്‌ കിട്ടിയത്‌.മനുഷ്യമനസ്സുകളാണ്‌ എഴുത്തുകാരന്റെ ഏറ്റവും വലിയ കളം എന്ന വലിയ പാഠം കിട്ടിയത്‌ അവിടെനിന്നാണ്‌.പിന്നീട്‌ വന്ന മിലാന്‍ കുന്ദേരയാവട്ടെ വായനക്കാരന്‍ കൂടിയാക്കി എന്നെ.എഴുത്തുകാരനായാല്‍ മാത്രം പോരാ അവനവന്റെ കൃതികളിലൂടെയും അന്യരുടെ കൃതികളിലൂടെയും അഭിരമിച്ചു കടന്നുപോകുന്ന വായനക്കാരന്‍ കൂടിയായിരിക്കണം നാം എന്ന്‌ ബോധ്യപ്പെടുത്തിയത്‌ കുന്ദേരയാണ്‌.ആ അര്‍ത്ഥത്തില്‍ എനിക്ക്‌ ഞാനെഴുതിയ ഓരോ കൃതിയെയും പൊളിച്ചെഴുതാം.വീണ്ടും അനവധി വായനകള്‍ അതില്‍ സൃഷ്‌ടിക്കാം.അത്‌ സാധ്യമാണ്‌.അത്‌ തിരുത്തുമാണ്‌.ഞാനതിന്‌ ഇപ്പോള്‍ മുതിരുന്നില്ലെങ്കിലും.
ഈ സന്ദര്‍ഭത്തിലാണ്‌ ഒരു വ്യാഴവട്ടത്തിനുമുമ്പ്‌ ഞാന്‍ പൗലോ കോയ്‌ലോയെ വായിക്കുന്നത്‌.കോയ്‌ലോ എന്ന എഴുത്തുകാരനാണ്‌ സഞ്ചാരിയുടെ ഗൃഹപാഠം എഴുത്തിലുപയോഗിക്കുന്നതിനെപ്പറ്റി ആദ്യമായി എനിക്ക്‌ പറഞ്ഞുതന്നത്‌.കാളിദാസനെ ഇവിടെ മറക്കുകയല്ല ചെയ്യുന്നത്‌.ആധുനികകാലത്തെ സാമൂഹികസാഹചര്യങ്ങളില്‍ നിന്ന്‌ ചിന്തിക്കാന്‍ ശ്രമിക്കുകമാത്രമാണ്‌.അങ്ങനെ നോക്കുമ്പോള്‍ എഴുത്തിലേക്ക്‌ സഞ്ചാരിയുടെ അനുഭവത്തെ ക്ലേശമില്ലാതെ കയറ്റിവയ്‌ക്കുന്നതില്‍ രാജന്‍ കാക്കനാടനോളം വിജയിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക്‌ സംശയമാണ്‌.പക്ഷേ അത്‌ യാത്രാനുഭവങ്ങളുടെ പുസ്‌തകമായിരുന്നല്ലോ.എന്നാല്‍ സാഹിത്യമെഴുതുമ്പോള്‍ യാത്രയില്‍ നിന്ന്‌ ലഭിച്ച ദര്‍ശനങ്ങള്‍ സമ്മിശ്രമായും അരോചകമാവാതെയും കഥാപാത്രങ്ങളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും കരുത്തോടെ പകരുന്നതില്‍ വിജയിച്ചത്‌ കോയ്‌ലോയാണ്‌.
ആല്‍ക്കെമിസ്റ്റ്‌ എന്ന നോവല്‍ സാന്റിയാഗോ എന്ന ഇടയന്റെ യാത്രയുടെ കഥയാണെന്ന്‌ സാമാന്യമായി പറയാം.സ്‌പെയിനിലെ ഒരു പള്ളിമുറ്റത്ത്‌ നിന്നാരംഭിക്കുന്ന സാധാരണമായ യാത്ര പിന്നീട്‌ അസാധാരണമായ യാത്രയായിമാറുന്നു.ഇതാണ്‌ സാന്റിയാഗോയുടെ ജീവിതക്കാഴ്‌ചകളുടെ പുസ്‌തകമായി തീരുന്നത്‌.ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ (വായനക്കാരനും)ഉത്തരം കൊടുക്കേണ്ടതുണ്ട്‌.അത്‌ ചിന്തകളിലെയും അനുഭവങ്ങളിലെയും പങ്കിടലാണ്‌.ആനന്ദിനെ വായിക്കുമ്പോള്‍ നമ്മള്‍ സര്‍ഗ്ഗാത്മകമായിട്ടാണ്‌ വായിക്കേണ്ടിവരുന്നതെന്ന്‌ പറയുംപോലെ പൗലോ കോയ്‌ലോയെ വായിക്കുമ്പോള്‍ നമ്മള്‍ ധ്യാനാവസ്ഥയെക്കൂടി പങ്കിടേണ്ടിവരുമെന്ന്‌ കണ്ടെത്താം.ഉദാഹരണം-``കുറേ കല്ലുകളുടെ ഒരു കൂമ്പാരം.പറഞ്ഞുവരുമ്പോള്‍ അതല്ലേ ഈ പിരമിഡ്‌.അതു കാണാന്‍ ഈ മരുഭൂമിയൊക്കെ കടന്ന്‌ ആരാ അത്രയും ദൂരം പോവുക..?''
രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ സാന്റിയാഗോ ജോലിചെയ്യുന്ന ചില്ലുപാത്രക്കടയുടെ മുതലാളി അവനോട്‌ ചോദിക്കുന്ന ചോദ്യമാണിത്‌.ഇത്‌ എന്നോട്‌ തന്നെ പലവട്ടം ഞാനും ചോദിച്ചു.കുറേ കല്ലുകളുടെ കൂമ്പാരമാണ്‌ പിരമിഡ്‌.അതെന്തിനു കാണണം.പിന്നെയും ഞാന്‍ ചോദിച്ചു.കുറേ എല്ലുകളുടെയും രക്തത്തിന്റെയും മുടിയുടെയും സ്രവങ്ങളുടെയും കൂമ്പാരമാണ്‌ മനുഷ്യസ്‌ത്രീ.അതില്‍ നിന്നെന്താണ്‌ ഇത്ര അത്ഭുതകരമായി അനുഭവിക്കാനിരിക്കുന്നത്‌.വീണ്ടും ഞാന്‍ എന്നോട്‌ ചോദിച്ചു.കുറേ സങ്കല്‍പ്പങ്ങളുടെയും ഭയങ്ങളുടെയും അഭയത്തിന്റെയും അവ്യക്തരൂപമാണ്‌ ദൈവം.ദൈവത്തെ പരമിതപ്പെടുത്തുന്നത്‌ എന്തിനാണ്‌.അഥവാ ദൈവത്തെ പേടിക്കുന്നത്‌ എന്തിനാണ്‌.അതായത്‌ കുറേ കല്ലുകളുടെ അസാധാരണമായ കൂട്ടിയിടലാണ്‌ പിരമിഡ്‌.എന്നിട്ടും അത്‌ ലോകാത്ഭുതമായി മാറുന്നു.വാക്കുകളും അതേപോലെ കൂട്ടിയിടുന്നു.പക്ഷേ അതും അമ്പരപ്പിക്കുന്ന ഒരു കഥയോ നോവലോ ആയി മാറുന്നു.അപ്പോള്‍ പരിസരത്തുള്ളതിനെ കണ്ടെത്തുകയോ കാഴ്‌ചകൊണ്ട്‌ നമ്മള്‍ അഴിക്കുകയോ ചെയ്യുകയാണ്‌.അപ്പോഴാണ്‌ പിരമിഡ്‌ കല്ലുകൂട്ടമാവുന്നത്‌.ഒരു ക്ഷേത്രത്തെ,പള്ളിയെ,മോസ്‌കിനെ,ഗുരുദ്വാരയെ ഒക്കെ നമ്മള്‍ അറിവുകൊണ്ട്‌ അഴിക്കുകയാണ്‌.അല്ലെങ്കില്‍ പൊളിക്കുകയാണ്‌.അപ്പോള്‍ അത്‌ ഒരുകൂട്ടം കല്ലുകളുടെയും ഇഷ്‌ടികകളുടെയും കൂട്ടം മാത്രമാണ്‌.അവിടെ നമുക്ക്‌ മതാധ്യക്ഷന്മാരും പുരോഹിതന്മാരും പറഞ്ഞുവച്ചിട്ടുള്ള ദൈവത്തെ കണ്ടെത്താനാവുകയില്ല.ഇത്‌ പൗലോ കോയ്‌ലോ ആവിഷ്‌കരിക്കുന്നുണ്ട്‌.ജീവിതത്തിലേക്കുള്ള വെറോനിക്കയുടെ തിരിഞ്ഞുനടപ്പിനെ ഞാന്‍ സത്യസന്ധമായി സ്‌നേഹിക്കുന്നത്‌ ഇക്കാരണത്താലാണ്‌.കാര്യകാരണസഹിതമാണ്‌ കോയ്‌ലോയുടെ കഥാപാത്രങ്ങള്‍ പെരുമാറുന്നത്‌.ലോജിക്ക്‌ എന്നത്‌ കഥയിലും ജീവിതത്തിലും പ്രധാനമാണല്ലോ.
ആല്‍ക്കെമിസ്റ്റാണ്‌ ഞാന്‍ അദ്ദേഹത്തിന്റേതായി ആദ്യം വായിച്ച പുസ്‌തകം.(ലോകമെങ്ങും 65 മില്യന്‍ കോപ്പികള്‍ വിറ്റുപോയ പുസ്‌തകം.67 ലോകഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തുപോയ പുസ്‌തകം.വായനക്കാരന്റെ വിസ്‌മയം.ഓരോ എഴുത്തുകാരന്റെയും ആസൂയ.അതല്ലേ ആല്‍ക്കെമിസ്റ്റ്‌?)പിന്നെ ഫിഫ്‌ത്‌ മൗണ്ടന്‍ ,വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു തുടങ്ങി ഒട്ടെല്ലാ നോവലുകളും വായിച്ചിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ചില പാട്ടുകളും പിന്നീട്‌ നെറ്റില്‍ പോയി തിരഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ശ്രമിച്ചിട്ട്‌ കഴിഞ്ഞുമില്ല.എങ്കിലും അദ്ദേഹം അതൊന്നുമല്ല,നോവലിസ്റ്റാണ്‌.അതെനിക്കുറപ്പുണ്ട്‌.കാരണം പൗലോ കോയ്‌ലോ ലോകമെങ്ങും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.സരളമായ ഭാഷയിലൂടെ സംവദിച്ചുകൊണ്ടേയിരിക്കുന്നു.
എന്നെ സംബന്ധിച്ച്‌,മുന്നേ പറഞ്ഞപോലെ ഹുവാന്‍ റൂള്‍ഫോയെയോ ദസ്‌തയേവ്‌സ്‌കിയെയോ അതിശയിപ്പിക്കുന്ന നോവലിസ്റ്റല്ല ഈ ബ്രസീലിയന്‍ എഴുത്തുകാരന്‍ . ആല്‍ക്കെമിസ്റ്റിന്റെ ഇതിവൃത്തം തന്നെ നമ്മള്‍ ഭാരതീയര്‍ക്ക്‌ അസാധാരണമല്ല.യേശുവിന്റെ യാത്രകളും അത്ഭുതപ്രവര്‍ത്തികളും മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസവും നമുക്കന്യമല്ലാത്തതുപോലെ.(ഹൈറേഞ്ചില്‍ ജനിച്ചു ബാല്യകൗമാരം കഴിച്ച എനിക്ക്‌ ഹൈറേഞ്ചില്‍ കാണാത്ത ഒരു മാജിക്കല്‍ റിയലിസവും മാര്‍ക്കേസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌.)അതേസമയം കോയ്‌ലോ വിസ്‌മയിപ്പിക്കുന്നുണ്ട്‌.ആശയങ്ങളിലൂടെയും ഭാഷയിലൂടെയും.പൗലോയും ക്രിസും മരുഭൂമിയിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ (ദി വാല്‍കിരീസ്‌)ഒരെഴുത്തുകാരന്റെ തുടര്‍ച്ചയുടെയോ അനിവാര്യമാകുന്ന ചില ആവര്‍ത്തനങ്ങളുടെയോ കഥയോര്‍മ്മിപ്പിക്കുന്നുണ്ട്‌.കോയ്‌ലോയില്‍ ഭാരതീയത കൂടിയ അളവില്‍ കിടപ്പുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.അങ്ങനെയുള്ള ചില നിരീക്ഷണങ്ങളും വായിച്ചിട്ടുണ്ട്‌.ലാറ്റിനമേരിക്കന്‍ കടല്‍ത്തീരങ്ങളോടും ജീവിതത്തോടും നമുക്കുള്ള മമത പോലെ ഭാരതത്തിലെ ഗഹനമായ വിജ്ഞാനശ്രോതസ്സുകളോട്‌ ഒരു ബ്രസീലിയന്‍ എഴുത്തുകാരനും മമത ഉണ്ടാകാവുന്നതാണ്‌.
തീര്‍ച്ചയായും പൗലോ കോയ്‌ലോ എന്ന എഴുത്തുകാരനില്‍നിന്നു കിട്ടുന്ന പ്രേരണകളാണ്‌ എന്നെ സംബന്ധിച്ച്‌ പ്രധാനം.സഞ്ചാരിയുടെ കുതൂഹലങ്ങള്‍ എന്നും എഴുത്തുകാരന്റെ അതിന്ദ്രീയ മനോവ്യാപാരങ്ങള്‍ എന്നും ആ അറിവുകളെ വിളിക്കാം.അതുകാരണമാണ്‌ എനിക്ക്‌ നൂതനമായിരിക്കാനും സാധിക്കുന്നത്‌.

(കറന്‍റ് ബുക്സ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത് )

15 comments:

 1. വളരെ ശരിയാണ്. പത്തുകൊല്ലം മുൻപാണ് ഞാനും ആദ്യമായി പൌളോ കോയ് ലോയെ വായിക്കുന്നത്. ദാർശനികത എഴുത്തിൽ സമന്വയിപ്പിക്കുന്നതോടൊപ്പം അത് സരളമായ ഭാഷയിൽ അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് എന്നെ ആകർഷിച്ച വസ്തുത. ശരാശരിക്കു മുകളിൽ ബുദ്ധിശക്തിയുള്ള ഒരു വായനക്കാരന് ആസ്വാദനത്തേക്കാൾ ബൌദ്ധികവ്യായാമമായി വായന മാറാൻ പാടില്ല എന്ന പക്ഷക്കാരനാണ് ഞാൻ. അതിലലളിതവൽക്കരണമല്ല ഉദ്ദേശിച്ചത്. തലച്ചോറിനേക്കാൾ ഹൃദയം കൊണ്ടുള്ള വായന ഇഷ്ടപ്പെടുന്നു എന്നതുകൊണ്ടാണത്.

  താങ്കളുടെ എഴുത്തും വളരെ ഇഷ്ടമാണ്.

  ReplyDelete
 2. വളരെ ഹൃദ്യമായി തോനി താങ്കളുടെ ഈ എഴുത്തിലും വായനയിലൂടെയും ഉള്ള സഞ്ചാരം

  ആശംസകള്‍

  ReplyDelete
 3. കണ്ടെത്തിയത് കല്ലുകളല്ല..

  ReplyDelete
 4. ഇന്നലെ കറന്റ്ബുക്സ് ബുള്ളറ്റിനില്‍ വായിച്ചിരുന്നു...

  ReplyDelete
 5. ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.പലരും പറഞ്ഞു കേട്ടിട്ടല്ലാതെ ഞാന്‍ ഇത് വരെ അല്‍കെമിസ്റ്റ്‌ വായിച്ചിട്ടില്ല.ഇനി നാട്ടില്‍ പോകുമ്പോള്‍ ആദ്യം വാങ്ങുന്ന പുസ്തകം അല്‍കെമിസ്റ്റായിരിക്കും

  ReplyDelete
 6. ആല്‍കെമിസ്റ്റ് വായിച്ചിട്ടുണ്ട്. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് പറയാന്‍ വയ്യ. പക്ഷെ വല്ലാത്ത ഒരു ഊര്‍ജം പകര്‍ന്നുതന്നു, ആ നോവല്‍. അതിലെ പല ആശയങ്ങളും വല്ലാതെ സ്വാധീനിച്ചു. ഒരു പുതിയ വാക്ക് പോലും എഴുത്തുകാരന്‍ പുതിയതായി ഉണ്ടാക്കുന്നില്ല. എന്നിട്ടും ചിരപരിചിതങ്ങള്‍ ആയ വാക്കുകളെ കൂട്ടിച്ചേര്‍ത്ത് അവന്‍ എന്തെന്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നില്ല! ഓരോ സൃഷ്ടിയും കാലങ്ങളോളം ഊര്‍ജത്തെ പുറത്തേക്ക് വിടുന്ന അണുവിസ്ഫോടനം ആയിത്തീരുന്ന അത്ഭുതത്തെയാണ് നാം ആരാധിക്കുന്നത്!

  ReplyDelete
 7. ജയന്‍ ഏവൂര്‍ ..വളരെ ശരിയാണ് താങ്കള്‍ പറഞ്ഞത്.പൌലോ കോയ് ലോ ഇവിടെയുണ്ടാക്കിയ ബൂമിനു കാരണം ഇവിടുത്തെ എഴുത്തുകാര്‍ ഒഴിച്ചിട്ട ഒരിടത്തിലേക്ക് അദ്ദേഹം പാകമായി എന്നതാണ്.
  നന്ദി.

  ReplyDelete
 8. എല്ലാ വായനക്കാര്‍ക്കും നന്ദി.

  ReplyDelete
 9. കുറിപ്പ് ഇഷ്ടപ്പെട്ടു.....

  ReplyDelete
 10. മാര്‍ക്വേസിനെപ്പറ്റി പറഞ്ഞത് പൗലോക്കും ബാധകമാണ്, സത്യം.അതിഭാവുകത്വം നമ്മുടെ ഏതേതുചിന്തകളെയാണ് കീഴ്പ്പെടുത്തിയിട്ടുള്ളതെന്ന് തിരിച്ചറിയാനും കാലമെടുക്കും.ദസ്തേയ് വ്സ്കിയെ അറിഞ്ഞയാള്‍ എല്ലാം കാലക്രമേണ തിരിച്ചറിയും!സി എന്‍ ന്റെ നാടകത്രയം ഒന്ന് മനസ്സിരുത്തി വായിക്കുമോ?സാഹിത്യത്തെപ്പറ്റി പറയാന്‍ നമ്മള്‍ പേടിക്കും,ചില അവസരങ്ങളില്‍ .....

  ReplyDelete
 11. മിനി പറഞ്ഞത് വളരെ ശരിയാണ്. ചിരപരിചിതമായ വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്നവര്‍ തന്നെയാണ് പ്രതിഭാസമ്പന്നരായ എഴുത്തുകാര്‍. അതുകൊണ്ടാണല്ലോ എംടിയുടെയും സി.രാധാകൃഷ്ണന്റെയും നിളകള്‍ വ്യത്യസ്തമാവുന്നത്..
  പൌലോ കൊയ്ലോയുടെ എല്ലാ കൃതികളും ഒരുപോലെ ഇഷ്ടപ്പെടാനായിട്ടില്ല.
  സുസ്മേഷ്,പതിവുപോലെ,സുന്ദരം.

  ReplyDelete
 12. മാര്‍ക്വേസിനെപ്പറ്റിയുള്ള അഭിപ്രായംപൗലോകൊയ്ലോക്കുംബാധകംതന്നെ.അതിഭാവുകത്വം ഇക്കാര്യത്തില്‍ നമ്മെ വഴിതെറ്റിക്കാനിടയുണ്ട്. പലപ്പോഴും നാമറിയാതെ തന്നെ.അതേസമയം ദസ്തേയ് വ്സ്കി നൂറുശതമാനവും ശരിയായ കണ്ടെത്തലാണ്.കാലംചെല്ലുമ്പോള്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് തോന്നിക്കാത്ത സമ്പൂര്‍ണ്ണശരി.ഇങ്ങനെ ചിലത് ലങ്കാലക്ഷ്മിയിലെ രാവണ‍ന്‍ പറയുന്നതായി സി എന്‍ നാടകത്രയത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.വിഷയസ്വീകാരത്തിനും എഴുത്തിനും അഭിനന്ദനങ്ങള്‍

  ReplyDelete
 13. സുസ്മേഷ്,ഇതുംഒക്ടോ 14 ലെ അഭിപ്രായവും ദയവായി നീക്കം ചെയ്യുക.സാങ്കേതിക പിഴവാണത്.

  ReplyDelete