പുല്ലുകള്‍ വളര്‍ന്ന ഒരു ഭൂപ്രദേശം മനസ്സില്‍ കാണുക.നമ്മുടെ ചുറ്റിനും കാലങ്ങളായിട്ടുള്ളതാണ് അത്.ഇപ്പോഴാണ് നമ്മളതിനെ ശ്രദ്ധിക്കുന്നതെന്നുമാത്രം.ഇടക്കിടെ മരങ്ങള്‍ .പലതും പടര്‍ന്നു പന്തലിച്ചത്.ചിലത് ഒറ്റപ്പെട്ടത്.പലതിലും കിളികള്‍ കുടുകെട്ടിയത്.കിളികള്‍ വന്നിരിക്കുകപോലും ചെയ്യാത്തതും.ചിലതിനുതാഴെ മൂര്‍ഖന്‍ പാമ്പുകളും പഴുതാരകളും വസിക്കുന്നുണ്ട്.പുല്ലുകള്‍ക്കിടയില്‍ കല്ലുകള്‍ .വലിയ പാറക്കെട്ടുകള്‍ .കുട്ടികള്‍ കണ്ടാല്‍ പെറുക്കി കീശയിലാക്കുന്നതരം വെള്ളാരങ്കല്ലുകളുമുണ്ട് അവയ്‌ക്കിടയില്‍ .പ്രാണികളുണ്ട്.ശലഭങ്ങളുണ്ട്.തേന്‍കുടിക്കുന്ന ചെറുപക്ഷികള്‍ക്കിണങ്ങിയ വിധത്തില്‍ കാണപ്പെടുന്ന പൂക്കളും പൂച്ചെടികളുമുണ്ട്.അതിനൊക്കെയിടയില്‍ കുറ്റിച്ചെടികളും പതുങ്ങിയിരിക്കുന്ന കാറ്റുമുണ്ട്.കാറ്റിനൊപ്പം പരക്കുന്ന സുധന്ധവും ദുര്‍ഗന്ധവുമുണ്ട്.മേലെ ആകാശമുണ്ട്.താഴെ അടരടരുകളായി മണ്ണും.
ഋതുഭേദങ്ങള്‍ മാറുന്നു.അതും നമ്മളറിയുന്നില്ല.നമ്മള്‍ ശ്രദ്ധിക്കുന്നില്ല അതൊന്നും.മഞ്ഞുകാലത്ത് മരങ്ങളും മണ്ണും പാറകളും വിറങ്ങലിക്കുന്നു.ആകാശം വിളറുകയും നിറം വയ്‌ക്കുകയും ചെയ്യുന്നു.വേനല്‍ക്കാലത്ത് അവ ആഹ്ലാദിക്കുന്നു.വേനലിനൊപ്പം വരുന്ന വസന്തകാലമാകട്ടെ പ്രപഞ്ചത്തെത്തന്നെ ശിശുക്കളെപ്പോലെ ഹര്‍ഷോന്മാദികളാക്കും.മഴക്കാലത്ത് വിത്തുകള്‍ വീഴുകയും മണ്ണ് അവയ്‌ക്കായി പുതിയ സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്യും.പൂക്കള്‍.ചിലത് നിറമില്ലാത്തത്.മണമില്ലാത്തത്.ചിലത് കൊതിപ്പിക്കുന്നതും മദിപ്പിക്കുന്നതും മറക്കാന്‍ സമ്മതിക്കാത്തതും.
ആ പ്രദേശത്തുകൂടി യാത്ര ചെയ്യുകയായിരുന്നു.പല പല കാലങ്ങളില്‍ .അപ്പോളൊക്കെ അവിടെ കരിയിലകള്‍ വീഴുന്നുണ്ടായിരുന്നു.വീഴുന്ന കരിയിലകള്‍ മണ്ണിലേക്ക് ലയിക്കുകയായിരുന്നു.ഇല കനം കുറഞ്ഞ് കനം കുറഞ്ഞ് മണ്ണിന്റെ ഏറ്റവും ഉപരിതലത്തോട് ചേര്‍ന്ന് മാഞ്ഞുപോകുന്ന പ്രക്രിയ നോക്കിനില്‍ക്കുന്നതാരായിരിക്കാം.!തീര്‍ച്ചയായുമത് കുറുനരികളോ സിംഹങ്ങളോ ആയിരിക്കാനിടയില്ല.ചിതലുകളും ചെറിയ പ്രാണികളുമായിരിക്കും ഒരു കരിയിലയുടെ ഭൂമിയിലേക്കുള്ള അപ്രത്യക്ഷമാകല്‍ കണ്ടിരിക്കാനിട.ചിലപ്പോള്‍ കരിയിലനിറവും തീക്ഷ്‌ണമഞ്ഞനിറവുമുള്ള ശലഭങ്ങള്‍ ഇലയുടെ ഫോസിലിനുമീതെ അല്‌പംകാലം വിശ്രമിച്ചിരിക്കാം.അവയോട് കരിയിലയുടെ അസ്ഥികള്‍ അവസാനത്തെ ഉറക്കത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിരിക്കാം.എന്നാലും മടുക്കുന്നില്ലല്ലോ നമുക്ക്.എന്തൊരു വൈവിദ്ധ്യമാണ് ഭൂമിയിലെ കാഴ്‌ചകള്‍ക്ക്!
ഇനി അല്‌പം ചിന്ത.ഈ ഭൂമിയില്‍ എവിടെയെല്ലാം കാണാം ഇത്തരം സ്ഥലങ്ങളും സന്ദര്‍ഭങ്ങളും.ഇലകളുടെ മരണത്തെക്കുറിച്ച് നാം ചിന്തിക്കാറില്ല.ഇലകള്‍ മരിക്കേണ്ടതുതന്നെയാണെന്നും അത് അനുസ്‌മരിക്കപ്പെടേണ്ടതല്ലെന്നും നാം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.പുലിയുടെ വിശപ്പിനെപ്പറ്റി നാമാലോചിക്കാറേയില്ല.പുലി എല്ലാ കാലത്തും പുലികളും ഈച്ചകള്‍ എല്ലാ കാലത്തും ഈച്ചകളുമാണെന്നാണ് നമ്മള്‍ കരുതുന്നത്.പൂച്ചകളാകുകയാണ് ചില പുലികള്‍ ചില കാലങ്ങളില്‍.എന്നാലും പൂച്ചകള്‍ക്കൊരിക്കലും പുലികളാകാന്‍ കഴിയുകയില്ല.നാട്ടിലിറങ്ങി നാശനഷ്‌ടം വരുത്തിയ പുലിയെ കെണിയൊരുക്കി പിടിച്ച് കൊന്നിട്ട് പോസ്‌ററ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ വൈദ്യന്‍ അസന്നിഗ്‌ധമായി വിധിയെഴുതുന്നു.പുലിയുടെ ആമാശയത്തില്‍ ഭക്ഷണം ചെന്നിട്ട് ആഴ്‌ചകളായിരിക്കുന്നു.!പുലിയുടെ ക്ഷോഭത്തോടാണ് നമ്മുടെ പക.പുലിയുടെ വിശപ്പിനോടോ വിശപ്പ് എല്ലാവര്‍ക്കും ബാധകമാണെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുബോധത്തോടോ കടമയോടോ അല്ല.
തിലകന്‍ എന്ന അഭിനേതാവ് മരിച്ചുപോയി.ആരായിരുന്നു തിലകന്‍ .?ഒരില.ഒരു ചെന്നായ.ഒരു ഒറ്റയാന്‍ .മരുഭൂവിലെ ഒരു മരം.കൊടുങ്കാട്ടിലെ ഏകാന്തനായ ഒരു വൃക്ഷം.പൊയ്‌കയിലെ തളിര്‍ജലത്തിനുമീതെ അഭ്യാസം കാട്ടുന്ന ഒരു നീര്‍ക്കുതിര.മരത്തില്‍ നിന്നു മരത്തിലേക്ക് വല കെട്ടുന്ന ചിലന്തി.അനേകം മനുഷ്യര്‍ക്കിടയില്‍ രക്തമുണ്ടായിരുന്ന ഒരു ജീവി.സ്വന്തം രക്തത്തെ വെള്ളമായി സങ്കല്‍പ്പിക്കുന്നിടത്ത് രക്തത്തെ രക്തമായി തിരിച്ചറിയുന്നതാണ് ജീവിയുടെ സത്യം.
മരങ്ങള്‍ക്ക് തണുക്കും.പാറകള്‍ക്ക് പൊള്ളും.പ്രാണികള്‍ക്ക് രോഗങ്ങള്‍ വരും.വിത്തുകള്‍ പൊട്ടുമ്പോള്‍ മണ്ണിന് വിറ വരും.നമ്മളത് അിറയുന്നേയില്ല.തിരിച്ചറിവുകളില്ലാത്ത നമ്മള്‍ ആരാണ്?ശരിയാണ്.ആ പ്രദേശം എല്ലാക്കാലത്തേക്കുമായി അങ്ങനെ കിടക്കുന്നു.അവിടെ പാറകളും പറവകളും ജന്തുക്കളുമുണ്ട്.ആനകളും കഴുതകളും മുല്ലകളും നക്ഷത്രങ്ങളുമുണ്ട്.കാറ്റും വെളിച്ചവും മഞ്ഞും മഴയും പൊടിപടലങ്ങളുമുണ്ട്.എന്നിട്ടും അത് അങ്ങനെ നിലകൊള്ളുന്നു.അതായിത്തന്നെ തുടരുന്നു.കൂസാതെ.
തിലകന്‍ എന്ന അഭിനേതാവിനെ തിരശ്ശീലയിലാണ് എനിക്കേറെ പരിചയം.`കോലങ്ങള്‍' എന്ന സിനിമ മറക്കാനാവില്ല.കള്ളുവര്‍ക്കിയെയും.കെ.ജി ജോര്‍ജ്ജിനെയും.`നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമ മറക്കാനാവില്ല.അത് ഒരിക്കലേ കണ്ടിട്ടുള്ളൂ.അതിന്റെ തിരക്കഥ പാതി വരെയേ ഇന്നും വായിച്ചിട്ടുള്ളൂ.പത്മരാജനോടും തിലകനോടുമുള്ള ആദരവോടെയാണ് പറയുന്നത്.അത് അവരുടെ വിജയമായിരുന്നു.എഴുത്തുകാരന്റെയും നടന്റെയും.എഴുതിയുണ്ടാക്കിയ കഥാപാത്രത്തിന് ഒരു നടന്‍ വന്ന് ഭാവം പകരുമ്പോള്‍ പ്രപഞ്ചത്തെയാണ് ഓര്‍മ്മ വരിക.പ്രപഞ്ചത്തിലെ ചരാചരങ്ങളെയും.നടന്‍ പ്രതിനിധാനം ചെയ്യുന്നത് ചരാചരങ്ങളുടെ സവിശേഷ ഭാവങ്ങളെയാണ്.അല്ലാതെ മറ്റൊരു മനുഷ്യന്റെ ഭാവഹാവാദികളെയല്ല.അത് മിമിക്രിയാണ്.സ്വാംശീകരണമല്ല.സ്വാംശീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവന്റെ മൗനമാണ് ഋതുക്കളെ ഓര്‍മ്മിപ്പിക്കുക.ഓരോ ഋതുവും മൗനമാണ്.മൗനത്തിനൊടുവില്‍ മണ്ണിനെ വിറപ്പിച്ചുകൊണ്ട് ഒരു വിത്ത് പൊട്ടുന്നു.എഴുത്തുകാരനും നടനും ആ വിറയലിന് വഴിയൊരുക്കുന്ന ശക്തികളാണ്.അതാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ തിലകനെ വെറുക്കുന്നതും ഒരു സിനിമയെത്തന്നെ(സൃഷ്‌ടിയെത്തന്നെ)അമ്പരപ്പോടെ സമീപിക്കാന്‍ മടിക്കുന്നതും.ഒരിക്കലേ `കിരീടം' കണ്ടിട്ടുള്ളൂ.അത് അവിടെത്തന്നെ പതിഞ്ഞുകിടക്കുകയാണ്.വീണ്ടും കാണേണ്ടതില്ല.നാടകമാണ് വീണ്ടും കാണേണ്ടത്.നാടകത്തിലാണ് നടന്‍ ഒരുവേഷം മാറിമാറി അഭിനയിക്കുന്നത്.സിനിമയില്‍ നടന്‍ ഒരിക്കലേ അഭിനയിക്കുന്നുള്ളൂ.അത് യഥാര്‍ത്ഥ കാണി ഒരിക്കലേ കാണുന്നുള്ളൂ.ഞാനിപ്പോള്‍ `ദി റേ' എന്ന അനശ്വര ചലച്ചിത്രം ഓര്‍ക്കുന്നു.റേ ചാള്‍സ് എന്ന പാട്ടുകാരന്റെ ജീവിതത്തെ ആസ്‌പദമാക്കി ടെയ്‌ലര്‍ ഹാക്ക് ഫോഡ് സംവിധാനം ചെയ്‌ത് റേ ആയി ജാമി ഫോക്‌സ് അഭിനയിച്ച വിഖ്യാത ചലച്ചിത്രം.അങ്ങനെ ഒരു ബയോഗ്രാഫിക്കല്‍ സിനിമ തിലകനെക്കുറിച്ചും ഉണ്ടാവേണ്ടതുണ്ട്.പക്ഷേ അതില്‍ ആരഭിനയിക്കും തിലകനായി!തിലകന്റെ പുലര്‍കാലത്തെ മരണസമയം നാം ഓര്‍മ്മിക്കുക.ജീവിതം വച്ച് ശരിയാക്കിയ കണക്കു തെറ്റിക്കുന്നവരാണ് പ്രതിഭകള്‍.
ആദ്യമായി `പകല്‍ ' എന്ന ചലച്ചിത്രത്തിന് തിരക്കഥയൊരുക്കുമ്പോള്‍ എനിക്കറിയുമായിരുന്നില്ല അതില്‍ തിലകന്‍ അഭിനയിക്കുമെന്ന്.പക്ഷേ അതിലെ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ എഴുതുമ്പോള്‍ ശക്തനായ ഒരു നടന്‍ ചമയങ്ങളില്ലാതെ നടനായിത്തന്നെ എന്റെ അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു.എഴുതിത്തീര്‍ത്ത് സ്‌ക്രിപ്‌റ്റ് കൊടുക്കുന്നതും കാത്ത്.തിലകന്‍ ചേട്ടനാണ് പകലിലെ കുഞ്ഞപ്പനായത്.ആദ്യദിവസം മുതല്‍ അവസാനദിവസം വരെ കാമറയ്‌ക്കും മോണിറ്ററിനും മുന്നില്‍ നിന്ന് ഞാനാ മനുഷ്യനെ കണ്ടുകൊണ്ടിരുന്നു.അന്ന് ഒന്നിച്ചെടുത്ത ഫോട്ടോകള്‍ പോലും ഇന്നെന്റെ കൈയിലില്ല.തിലകന്‍ ചേട്ടന്റെ ഒപ്പം ഞാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോയല്ല ഓര്‍മ്മയില്‍ വേണ്ടത്.ഞാനെഴുതിയ സ്‌ക്രിപ്‌റ്റ് കൈയില്‍ വാങ്ങി വായിച്ച് അതിനെപ്പറ്റി സംസാരിക്കുന്ന അഭിനേതാവിന്റെ അകത്തുനിന്നു വരുന്ന ഊര്‍ജ്ജമാണ്.ആ ഊര്‍ജ്ജം ഞാന്‍ തിരിച്ചറിയുന്നു.എന്നെയൊക്കെ വീണ്ടും എഴുത്തുകാരനാക്കി നിലനിര്‍ത്തിയതിനുപിന്നില്‍ കലാകാരനുണ്ടായിരിക്കേണ്ട ആ ഊര്‍ജ്ജത്തിന്റെ ഓര്‍മ്മപ്പെടുത്തലുണ്ട്.
മഴ പെയ്യുന്നു.ഇലകള്‍ മഴയില്‍ താഴുന്നു.ചിലയിടങ്ങളില്‍ വെയില്‍ പരക്കുന്നു.പക്ഷികള്‍ താഴ്‌ന്നു പറക്കുന്നു.കാറ്റ് സമ്മിശ്രഗന്ധങ്ങളുമായി നിരന്തരം പ്രവഹിക്കുന്നു.പ്രപഞ്ചം നിലകൊള്ളുന്നു.ഊര്‍ജ്ജത്തിന്മേല്‍.അപാരമായ ഊര്‍ജ്ജപ്രവാഹങ്ങളില്‍ ഊറ്റം കൊള്ളുന്നു.തിലകന്‍ അത്തരത്തിലൊരു മഹാമേരുവായി നിലകൊള്ളുന്നുണ്ട്,സദാ.
എന്നും യുവാവായിരുന്ന ഒരാളാണ് തിലകന്‍.വൃദ്ധനായും ക്ഷോഭിക്കുന്നവനായും മരണപ്പെട്ടവനായും വേഷം കെട്ടുകമാത്രമാണ് അദ്ദേഹം ചെയ്‌തിട്ടുള്ളത്.
(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)
തിലകം
ReplyDeleteസമൂഹമെന്ന ഭൂരിപക്ഷം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ചില പൊതുസ്വഭാവങ്ങളുണ്ട്. അത് അനുസരിച്ചും അനുകരിച്ചും പോകുന്നവരാണ് അന്നത്തെ "നല്ല മനുഷ്യര്‍". വേറിട്ട് സ്വന്തം പാത കണ്ടെത്തുന്നവര്‍ എന്നും കണ്ണിലെ കരടാകുന്നു. പക്ഷെ കാലം കഴിഞ്ഞുപോകുമ്പോള്‍, സമയത്തിന്‍റെ അരിപ്പയിലൂടെ, ചരിത്രത്തിന്‍റെ ഭാഗമാകുന്നവര്‍ എന്നും ഈ വ്യത്യസ്തരായിരിക്കും. അവര്‍ തിരിച്ചറിയപ്പെടുന്നതും, അന്ഗീകരിക്കപ്പെടുന്നതും കാണാന്‍ പലപ്പോഴും അവര്‍ ഉണ്ടായെന്നു വരില്ല. അങ്ങനെ ഒറ്റയ്ക്ക് നടന്ന വലിയ അഭിനേതാവാണ് തിലകന്‍.
ReplyDeleteസുസ്മേഷ് കാണേണ്ടതു കണ്ടു.നന്നായി.
ReplyDeleteസ്മരണാഞ്ജലി
ReplyDeleteവളരെ കൌതുകകരമായ ചിന്തകള്‍ ..കണ്ടതില്‍ അപ്പുറമുള്ള കാഴ്ച്ചകള്‍ വരികളില്‍ തെളിയുന്നു.
ReplyDeleteകാഴ്ച്ചയ്ക്കപ്പുറമുള്ള ഒരു ലോകവും വീക്ഷണവും............
ReplyDeleteസാധാരണ പറയാറുള്ള ഒരു വാചകം 'തിലകന് പകരം തിലകന്‍ മാത്രമേയുള്ളൂ' എന്നത് അതിനുള്‍ക്കൊള്ളാവുന്ന മുഴുവന്‍ ആത്മാര്‍ഥതയോടും കൂടി പറയുന്നു.'നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ', മൂന്നാം പക്കത്തിലെ, കുലത്തിലെ, ഋതു ഭേദത്തിലെ..സ്ഫടികത്തിലെ.. ഈ ലിസ്റ്റ് വലുതാണല്ലോ.
ReplyDeleteസുസ്മേഷിന്റെ വാക്കുകളില്‍ നിറഞ്ഞ ആത്മാര്‍ഥത..
ആ മഹാ നടന്റെ അഭിനയ മികവിനെ പറ്റിയും ധീരമായ വ്യക്തിത്വത്തെ പറ്റിയുമൊക്കെയുണ്ടായിരുന്ന കണ്ടറിവിന്റെയും കേട്ടറിവിന്റെയും കൂടെ ഈ പങ്കു വച്ച ഓര്‍മ്മകളും വിചാരങ്ങളും കൂടി സാദരം ചേര്‍ത്തു വക്കുന്നു.
ReplyDeleteഓരോ ഋതുവും മൗനമാണ്.മൗനത്തിനൊടുവില്‍ മണ്ണിനെ വിറപ്പിച്ചുകൊണ്ട് ഒരു വിത്ത് പൊട്ടുന്നു.എഴുത്തുകാരനും നടനും ആ വിറയലിന് വഴിയൊരുക്കുന്ന ശക്തികളാണ്.
ReplyDeleteകാണാത്ത തിലക കാഴ്ചകള്‍.....
നല്ല ചിന്തകള്‍ മാഷേ.
ReplyDelete(മാതൃഭൂമി ഓണപ്പതിപ്പിലെ കഥ വായിച്ചത് ഈയിടെയാണ്, നന്നായിരുന്നു.)
മഹാനടനെക്കുറിച്ച് എഴുതിയത് നേരത്തെ തന്നെ വായിച്ചിരുന്നു.
ReplyDelete