Tuesday, October 30, 2012

ചെരാതുറങ്ങുന്ന വീട്‌


ഴിഞ്ഞ ദിവസം ഞാനും എന്റെ പുതിയ സിനിമയുടെ സംവിധായകന്‍ ബിജു ബെര്‍ണാഡും കൂടി പാലക്കാട്‌ പോയി മടങ്ങിവരികയായിരുന്നു.വരുന്ന വഴി പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി എന്നോട്‌ ചോദിച്ചു.നമുക്ക്‌ ലോഹിയേട്ടന്റെ വീട്ടില്‍ കയറിയാലോ..?ഞാന്‍ അമ്പരന്നുപോയി.എങ്ങനെയാണ്‌ ആ ശൂന്യതയിലേക്ക്‌ കയറിച്ചെല്ലാനാവുക?
മനസ്സ്‌ വല്ലാതെ തിങ്ങി.എങ്കിലും ഞാന്‍ പറഞ്ഞു.

``പിന്നെന്താ..പോകാം.പരിചയമുണ്ടോ വഴിയൊക്കെ..?''
``ലോഹിയേട്ടന്‍ മരിച്ച ദിവസം വന്നതാണ്‌.അന്നിവിടെ മുഴുവന്‍ ജനപ്രളയമായിരുന്നു.ചിത കത്തിത്തീര്‍ന്നിരുന്നില്ല ഞങ്ങള്‍ ചെല്ലുമ്പോള്‍.ചോദിച്ച്‌ പോകാം.''
കാര്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ അകലൂരിലേക്ക്‌ നീങ്ങി.പാലക്കാട്‌ നിന്ന്‌ മാഞ്ഞുപോകാന്‍ പോകുന്ന ഗ്രാമീണഛായകളാണ്‌ ചുറ്റിനും.മലയാളത്തെ പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്‍ ജീവിക്കാന്‍ ഏറെ മോഹിച്ച സ്ഥലം ഇതായതില്‍ അത്ഭുതമില്ല.ഞാനേറെ കേട്ടിരുന്നു ലോഹിയേട്ടന്റെ വീടിനെപ്പറ്റി.ആ വീട്ടുമുറ്റത്തിരുന്ന്‌ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടിട്ടുണ്ടായിരുന്നു.എപ്പോഴോ ആ വീടും പരിസരവും കാണമെന്ന്‌ മനസ്സില്‍ തോന്നിയിരുന്നതാണ്‌.
ഞാന്‍ ബിജുവിനോട്‌ ചോദിച്ചു.
``അവിടെ ഇപ്പോ ആരെങ്കിലും ഉണ്ടാവുമോ..ഉണ്ടെങ്കില്‍ തന്നെ അവരെ നിങ്ങള്‍ക്ക്‌ പരിചയമുണ്ടോ..എന്തുപറഞ്ഞ്‌ നമ്മളവിടെ ചെല്ലും.?''
അതെന്റെ സ്ഥായിയായ തോന്നലില്‍ നിന്നുണ്ടായ സംശയമായിരുന്നു.അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക്‌ അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം.ഇവിടെ അതുമാത്രമായിരുന്നില്ല പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത്‌.അത്‌ ലോഹിയേട്ടന്റെ അഭാവമായിരുന്നു.
കാര്‍ ഇടവഴികളിലൂടെ നീങ്ങുകയാണ്‌.വഴി പിശകിയോ എന്ന്‌ ബിജുവിന്‌ സംശയം.
``അന്ന്‌ ധാരാളം ആളുകളും വാഹനങ്ങളും നിറഞ്ഞ്‌ നിബിഢമായിരുന്നല്ലോ വഴി.''

ബിജു പറഞ്ഞു.
``ആരോടെങ്കിലും ചോദിക്കാം.''
കാര്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട്‌ ചോദിക്കാന്‍ നേരം ഞാന്‍ പിന്നെയും കുഴങ്ങി.എന്താണ്‌ ചോദിക്കേണ്ടത്‌.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക്‌ വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്‌.അതായത്‌ അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?എന്റെ പരുങ്ങല്‍ കണ്ടിട്ടാവണം,ബിജു പെട്ടെന്ന്‌ അന്വേഷിച്ചു.
``ലോഹിതദാസിന്റെ വീടെവിടെയാ..?''
ഞാനൊന്ന്‌ അന്ധാളിച്ചു.ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്തും നാടകകൃത്തും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?ആ സംശയത്തെ ശരി വയ്‌ക്കുന്ന വിധത്തില്‍ ഗ്രാമീണനായ മനുഷ്യന്‍ പറഞ്ഞു.
``നേരെ പോയാമതി.''
ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.ഇല്ലെങ്കില്‍ വഴി പറഞ്ഞുതന്ന മനുഷ്യന്‍ ഞങ്ങളെ രൂക്ഷമായി നോക്കുമായിരുന്നു.ഞങ്ങളുടെ കാറോടുന്ന മണ്‍വഴിയിലൂടെ അന്നുരാവിലെയും ലോഹിയേട്ടന്‍ നടക്കാന്‍ പോയിവന്നിട്ടുണ്ടാകണം.അങ്ങനെ ബിജുവിനും തോന്നിയിട്ടുണ്ടാകണം.കാറില്‍ അസുഖകരമായ മൗനം നിറഞ്ഞു.അതിനെ ഭേദിക്കാന്‍ ഞങ്ങള്‍ ലോഹിയേട്ടന്‍ ചെയ്‌ത സിനിമകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.തനിയാവര്‍ത്തനം മുതല്‍ എത്രയെത്ര സിനിമകള്‍.അധികം ശ്രദ്ധിക്കപ്പെടാതെ പോയ എഴുതാപ്പുറങ്ങളും മാലയോഗവും രാധാമാധവവും മുതല്‍ ചക്രം വരെ.ഹിറ്റുകളുടെ ബഹളത്തിനിടയില്‍ വേറിട്ടുനിന്ന മൃഗയയും സസ്‌നേഹവും കുടുംബപുരാണവും മഹായാനവും കുട്ടേട്ടനും വരെ.അങ്ങനെയങ്ങനെ സംസാരം നീണ്ടപ്പോള്‍ വീണ്ടും വഴിയെപ്പറ്റി സംശയമായി.അതുവഴി വന്ന പര്‍ദ്ദയിട്ട ഉമ്മയോട്‌ തിരക്കി.ഉമ്മയും കൈ ചൂണ്ടി നിസ്സംശയം വഴി പറഞ്ഞുതന്നു.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാന്‍ വിഷാദിയാവാന്‍ ആരംഭിച്ചു.
ലോഹിതദാസ്‌ ഒരെഴുത്തുകാരനായിരുന്നു.കടലാസിലും അഭ്രപാളിയിലും പകര്‍ത്തിയതിലുമധികം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ ഉലാത്തിയിട്ടുണ്ടാവും എന്നത്‌ ഒരെഴുത്തുകാരനായ എനിക്കൂഹിക്കാം.അത്തരം ചിന്തകള്‍ അദ്ദേഹത്തിനു മനസ്സില്‍ തോന്നിയത്‌ പല്ലു തേയ്‌ക്കുമ്പോഴോ വെറുതെ വഴിയിലേക്ക്‌ നോക്കിയിരുന്നപ്പോഴോ ഇത്തിരി കഞ്ഞി കുടിച്ചപ്പോഴോ അര്‍ദ്ധമയക്കത്തിലോ ആയിരിക്കാം.അത്തരം ചിന്തകളിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും അവിടെ കാണുകയും ചെയ്യും.അവിടേക്കാണ്‌ ഞങ്ങള്‍ ചെല്ലുന്നത്‌.ഇടവഴികള്‍ പരിസരത്തെ ക്ഷേത്രത്തെ ഒന്നുവളഞ്ഞു.കാടുമൂടിയ പറമ്പുകളാണ്‌ ചുറ്റിനും.തഴച്ചുവളര്‍ന്ന മുളങ്കൂട്ടം.
ഞാന്‍ പിന്നെയും തിരക്കി.
``നമ്മള്‍ എന്തു പറയും..എന്തിനു വന്നതാണെന്നു പറയും..?''
എന്റെ പരിഭ്രമം മനസ്സിലാക്കി ബിജു സമാധാനിപ്പിച്ചു.
``ലോഹിയേട്ടനുമായി പരിചയമുണ്ടായിരുന്നല്ലോ.ഇതുവഴി വന്നപ്പോ കയറിയതാണെന്ന്‌ പറയാം.''
അതുപറഞ്ഞുതീര്‍ന്നതും ബിജു പുറത്തേക്ക്‌ കൈചൂണ്ടി പറഞ്ഞു.
``അതാ ആ കാണുന്നതാണ്‌ വളപ്പ്‌.അതാണ്‌ വീട്‌.ദാ..അവിടെയാണ്‌ സംസ്‌കരിച്ചത്‌.''
അമരാവതി എന്ന വീട്‌ ഞാന്‍ കാറിലിരുന്ന്‌ കണ്ടു.ഞങ്ങള്‍ പുറത്തേക്കിറങ്ങി.ഇരുവശവും കാട്ടുകല്ല്‌ വച്ച്‌ കെട്ടിയ ചെറിയ മതില്‍.അതിനപ്പുറം ലോഹിയേട്ടന്റെ വീടിരിക്കുന്ന സ്ഥലം.പറമ്പില്‍ മേയുന്ന പശു.അതിന്റെ അഴിഞ്ഞുകിടക്കുന്ന കയറ്‌.പലതരം പക്ഷികളുടെ ശബ്‌ദങ്ങള്‍.തണുത്ത നിഴല്‍ പതിഞ്ഞ വഴി നയിക്കുന്നത്‌ പടിപ്പുരയ്‌ക്ക്‌ മുന്നിലേക്കാണ്‌.ഞങ്ങള്‍ നിശ്ശബ്‌ദരായി നടന്നു.എന്തുകൊണ്ടാണ്‌ ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്‌ദത സംഭവിച്ചത്‌.അറിയില്ല.എന്തുകൊണ്ടാണ്‌ ഞങ്ങളുടെ ശ്വാസത്തിനുപോലും അമിതമായ കനം അനുഭവപ്പെട്ടത്‌.അറിയില്ല.
ഇരുവശവും മുള്ളുവേലി വച്ചു തിരിച്ച വഴിയുടെ അറ്റത്തുള്ള പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.അവിടെ ആരുമുണ്ടായിരുന്നില്ല.ദ്രവിച്ചുതുടങ്ങിയ പടിപ്പുരക്കതകിന്റെ വിടവിലൂടെ ഞാന്‍ അകത്തേക്ക്‌ നോക്കി.വലിയ വീട്‌.വിശാലമായ ഉമ്മറം.കല്ലിട്ടു ചുവട്‌ കെട്ടിയ മരങ്ങള്‍.സുഗന്ധസസ്യങ്ങള്‍ തിങ്ങിയ മുറ്റം.ഇടത്തുമാറി ഒരറ്റത്ത്‌ രണ്ട്‌ കല്ലോടുകള്‍ ചരിച്ചുവച്ച ഒരിടം.ഒരു ചെരാത്‌ അവിടെ ഇരിക്കുന്നുണ്ടാകണം.ശരിയാണ്‌.ലോഹിതദാസ്‌ അവിടെയില്ല.ആള്‍ത്താമസമില്ലാത്തതിന്റെ പരുക്കന്‍സ്വഭാവം പരിസരത്തിനുണ്ട്‌.ഞങ്ങള്‍ വെറുതെ അടച്ചിട്ട പടിപ്പുരത്തിണ്ടില്‍ ഇരുന്നു.
ഞാനും ബിജുവും എഴുത്തുകാരാണ്‌.ലോഹിയേട്ടനെ അവസാനമായി കാണാന്‍ വന്ന്‌ നമസ്‌കരിച്ചുപോയ ആളാണ്‌ ബിജു.ആ പറമ്പിലെവിടെയോ അലിഞ്ഞുകിടക്കുന്ന ലോഹിയേട്ടന്റെ സ്‌മരണയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയുടെ ഒരു തുമ്പ്‌ ഞങ്ങളിലൂടെയും അദൃശ്യമായി തുടരുന്നുണ്ട്‌.അതുകൊണ്ടാണ്‌ ഞങ്ങള്‍ക്കിവിടെ എത്താന്‍ തോന്നിയത്‌.
അപ്പോള്‍ ഇലകളും ചുള്ളികളും ഞെരിയുന്ന ഒച്ചകേട്ടു.മുള്ളുവേലിക്കപ്പുറം കൈയിലുള്ള കമ്പിന്റെ ബലത്തില്‍ നടന്നുവരുന്ന ഒരു വൃദ്ധ.ഞാനും ബിജുവും അമ്പരപ്പോടെ മുഖാമുഖം നോക്കി.
``ഇത്‌..ഇത്‌..അവരല്ലേ..കന്മദത്തിലേ..!''
ബിജു എന്നോട്‌ ചോദിച്ചു.മറുപടി പറയാനാവാതെ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.അതെ എന്നു ഞാന്‍ പറയും മുമ്പ്‌ അവരിങ്ങോട്ട്‌ ചോദിച്ചു.
``ആരാ..എന്തിനാ വന്നേ..?''
``ഞങ്ങള്‍ ഇതിലെ പോയപ്പോള്‍ കയറിയതാണ്‌.''
``ഓ..ഇവിടെ ആരുമില്ല.ഞാനീ പശുവിനെ തെളിക്കാന്‍ വന്നതാ..''
അവര്‍ അതും പറഞ്ഞ്‌ നടന്നുനീങ്ങി.ഞാനും ബിജുവും വാക്കുകള്‍ നഷ്‌ടപ്പെട്ട്‌ നിന്നു.അത്‌ `കന്മദം' സിനിമയിലെ മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയുടെ ഛായയുള്ള ആരോ ആയിരുന്നു.ആ കഥാപാത്രത്തിന്റെ ഛായ അവര്‍ക്ക്‌ അത്ഭുതകരമായ വിധത്തില്‍ കൃത്യമായിരുന്നു.ഞങ്ങള്‍ ഇരുവര്‍ക്കും അത്‌ ഒരേപോലെ തോന്നിയതാണോ തോന്നിപ്പിച്ചതാണോ അതോ എല്ലാം ഒരു തോന്നലാണോ.!നിശ്ശബ്‌ദരായി വന്ന്‌ ഞങ്ങള്‍ കാറില്‍ കയറി.
കാര്‍ അകലൂരില്‍ നിന്നിറങ്ങി തിരിച്ച്‌ ഹൈവേയില്‍ കയറിയിട്ടും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല.
(ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്നത്.)

29 comments:

 1. പതിവുപോലെ തന്നെ, ഹൃദയത്തെ തൊട്ട എഴുത്ത്. ഏതൊരു ചെറിയ അനുഭവത്തെയും അവിസ്മരണീയമായ സൃഷ്ടിയാക്കുന്ന ആ കഴിവ് ഒരിക്കല്‍ കൂടി വായിച്ചറിഞ്ഞു. അഭിനന്ദനങ്ങള്‍... ചെറുകാട് അവാര്‍ഡ്‌ വാങ്ങിയ വാര്‍ത്ത പത്രത്തില്‍ കണ്ടു.

  ReplyDelete
 2. മനോഹരമായ കുറിപ്പ്.
  സാധാരണജനങ്ങൾ നമ്മളെക്കാൾ എത്രയോ ഉയരത്തിലാണ്!

  ReplyDelete
 3. ഒരു കുളിര്‍കാറ്റ് വന്ന് മേലെല്ലാം തൊടുന്നപോലെ..

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ.അതുതന്നെയായിരുന്നു അനുഭവം.

   Delete
 4. പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം.

  ReplyDelete
 5. Susmesh..ezhuthe gambiramayi. Manasil athilolabavangal nirakunna shaily shaktham thanne. Kuttithathinte bhavana, nishkalankatha ezhuthiludaneelam niranju nilkunnu. Cherukadu award jethavinu ella bavukangalum ashamsikunnu..

  ReplyDelete
 6. “അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക്‌ അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം...”

  ഒരാളെപ്പോലെ ഏഴുപേരുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു. എന്നാൽ എന്റെ സ്വഭാവം പോലെ മറ്റൊരാൾക്കുണ്ടെന്ന് ആദ്യമറിയുകയാണ്...!
  മലയാളത്തിന്റെ പ്രിയ കലാകാരനെ തേടിയുള്ള യാത്ര ഭംഗിയായി..
  ആശംസകൾ...

  ReplyDelete
 7. നിങ്ങള്‍ കണ്ടില്ലെങ്കിലും നിങ്ങളെ കണ്ടിരിക്കും ...അതു പറയാനായിരിക്കാം ആകഥാപാത്രത്തെ പറഞ്ഞു വിട്ടത്..

  ReplyDelete
  Replies
  1. ഇട്ടിമാളൂ..ജീവിച്ചിരിപ്പുണ്ടോ..വളരെ പഴയ ബ്ലോഗര്‍ അല്ലേ താങ്കള്‍ ..?
   വന്നതിനും അഭിപ്രായപ്പെട്ടതിനും നന്ദി.

   Delete
 8. എല്ലാ വായനക്കാര്‍ക്കും നന്ദി.

  ReplyDelete
 9. ലോഹി സാറിനെയും അദ്ധ്യേഹത്തിന്റെ സിനിമകളെയും പറ്റി ഓര്‍ക്കാന്‍ ഒരവസരം കൂടി തന്നു ഈ എഴുത്ത്. നന്ദി

  ReplyDelete
 10. വാക്കുകള്‍ വിരല്‍ത്തുമ്പു നീട്ടി
  ഞാനും കണ്ടു.........
  എനിക്കും അനുഭവമായി.......
  സസ്നേഹം അജിത

  ReplyDelete
 11. സുസ്മേഷ്, ആ സ്മരണയെ തിരഞ്ഞു ചെന്ന സമാനഹൃദയര്‍ പോകുന്നതും നോക്കി ആ പടിപ്പുരയില്‍ നിന്നിരിക്കാം, എന്റെ പ്രിയ പാഥേയത്തിന്റെയും അമരത്തിന്റെയും എഴുത്തുകാരന്‍..

  ReplyDelete
 12. ലോഹിത ദാസിനെ എന്നെങ്കിലും കാണാന്‍ പറ്റുമെന്നും അന്ന് കാണുമ്പോള്‍ ചെങ്കോല്‍ എന്ന സിനിമയിലെ "നിങ്ങളാണോ എന്റെ അച്ഛന്‍, നിങ്ങളെ ആണോ ഞാന്‍ സ്നേഹിച്ചത്,ആരാധിച്ചത് " എന്ന ഹൃദയ ഭേദകമായ ആ വരികള്‍ എങ്ങനെ എഴുതാന്‍ കഴിഞ്ഞു എന്നും ചോദിക്കണം എന്ന് കരുതിയിരുന്നു..അത് സാധിച്ചില്ല..

  ആ ചിത്രം വീണ്ടും കാണുമ്പോള്‍ എന്റെ ഉള്ളില്‍ ആദ്യം ഉണ്ടായ അതേ വേദന ഇന്നും മനസ്സില്‍ നിറയുന്നത് ആ മഹാനായ എഴുത്തുകാരന്റെ തൂലികയുടെ ശക്തി കൊണ്ട് തന്നെ .

  മലയാള സിനിമ ഉള്ളിടത്തോളം താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കും..

  ഈ നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍ ..

  ReplyDelete
  Replies
  1. ഒരു കലാകാരന്‍റെ കരുത്ത് നമുക്കവിടെ ഫീല്‍ ചെയ്തു സുഹൃത്തേ.
   നന്ദി.

   Delete
 13. ചേട്ടന്റെ കഥകളിലും നോവലിലും അനുഭവപ്പെട്ടിരുന്ന അതേ അമ്പരപ്പും ആശ്ചര്യവും നൊമ്പരവും ഇതിന്റെ ആദ്യ പാര മുതല്‍ ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും ഉള്ളില്‍ തട്ടുന്ന വരികള്‍
  എന്നാലും താന്‍ വളര്‍ത്തിയ ഒരാളും പിന്നീട് ഈ പച്ചമനുഷ്യന്റെ കുടുംബത്തെ തേടി വന്നില്ലല്ലോ. സൂപ്പറും മെഗായും ആലോചിക്കട്ടെ; അവര്‍ എങ്ങനെ അവരായെന്ന്!

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി.

   Delete
 14. നന്നായിട്ടുണ്ട്. ലോഹിതദാസ് വീണ്ടും ഓര്‍മയില്‍ നിറയുന്നു. ഇതിനൊപ്പം ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി ചേര്‍ക്കട്ടെ. ആഴ്ചപതിപ്പില്‍ തരംഗിണി സംഗീത സഭ വായിച്ചു പഴയ കഥകളിലെ ബിംബങ്ങളില്‍ നിന്ന് ഉള്ള മാറ്റം ശ്രദ്ധിച്ചു.ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. ഏറെ നാളുകളായി യാമിനി എന്‍റെ ബ്ലോഗില്‍ വന്നിട്ടും കമന്റിട്ടും.
   അത് സന്തോഷം.
   കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.

   Delete
 15. മറ്റെല്ലാ വായനക്കാര്‍ക്കും നന്ദിയും സ്നേഹവും.

  ReplyDelete
 16. വാര്‍ത്തകളിലൂടെ അറിഞ്ഞതാണ് അമരാവതിയെ...രാവിലെ ലുങ്കിയുമുടുത്ത് ആ വീട്ടില്‍നിന്നുമിറങ്ങി അകലൂരിലേക്ക് നടക്കുന്ന ആ കലാകാരനെ....അടച്ചുപൂട്ടിക്കിടക്കുന ആ വീടിന്റെ ചിത്രം അതേപടി മനസിലേക്ക് കൊണ്ടുവരുന്ന എഴുത്ത്..... പലരും മറന്നുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തിനെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ടുവന്നതിന് നന്ദി.....

  ReplyDelete
 17. കുറിപ്പ് മനസ്സ് തൊടുന്നത്, സുന്ദരം.

  ReplyDelete

 18. സുസ്മേഷ് ,ലോഹിസാറിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും അമരാവതിയില്‍ ഉണ്ട് .അതു കൊണ്ടാണ് പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി നിങ്ങളോട് ചോദിച്ചത് ."നമുക്ക്‌ ലോഹിയേട്ടന്‍റെ വീട്ടില്‍ കയറിയാലോ..?"എന്ന്.

  സമയം അനുവദിക്കുമെങ്കില്‍ ഈ ഓര്‍മ്മ ക്കുറിപ്പ്‌ ഒന്ന് വായിക്കു........
  http://enteswapnam-suja.blogspot.in/2011/06/blog-post.html (അമരാവതിയിലെ കണ്ണീര്‍ പൂക്കള്‍ ........)

  -സുജ -

  ReplyDelete
 19. എന്താണ്‌ ചോദിക്കേണ്ടത്‌.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക്‌ വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്‌.അതായത്‌ അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?

  അല്ല സുസ്മേഷേട്ടാ,നിക്കൊരു സംശയം. നമ്മൾ നമ്മുടെ പരിചയത്തിലുള്ള ഒരാളുടെ മരണശേഷവും അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ,ആ പേര് ചോദിച്ചു തന്നേയല്ലേ വഴിയും വീടും ചോദിക്കുക. അതിനയാൾ ഇപ്പോഴില്ല എന്നതൊരു പ്രശ്നമുള്ള കാര്യാണോ ?
  എനിക്ക് തോന്നുന്നില്ല,അപ്പോൾ ബിജ്വേട്ടൻ ചോദിച്ച ചോദ്യത്തിന് കുഴപ്പൊന്നും എനിക്ക് തോന്നുന്നില്ല. ലോഹിതദാസിന്റെ വീടേതാ ന്ന് തന്നെയാ ചോദിക്ക്വാ ന്നാ ന്റീം അഭിപ്രായം.

  ചുമ്മാ വർത്തമാനങ്ങൾക്കിടയ്ക്ക് പോസ്റ്റിന്റെ കാര്യം പറയാൻ മറന്നു. സുന്ദരമായ ലോഹിതദാസ് ഓർമ്മകളിൽ മുഴുകാൻ സഹായിക്കുന്ന എഴുത്ത്.!
  നന്ദി,ആ ഓർമ്മകൾ വീണ്ടും മനസ്സിലേക്കെത്തിച്ചതിന്.
  ആശംസകൾ.

  ReplyDelete