കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടികാത്തുനില്‍ക്കുകയായിരുന്നു ഞാന്‍ .അധികം തിരക്കില്ലാത്ത ദിവസം.എനിക്കുള്ള വണ്ടി വരാന്‍ ഒരു മണിക്കൂറോളം സമയമുണ്ട്.സാധാരണ അത്തരം വേളകളില്‍ ലളിതമായ വായനകള്‍ക്കായി സമയം നീക്കിവയ്‌ക്കുകയാണ് പതിവ്.അന്ന് ഉച്ചനേരമായതിനാല്‍ ഊണു കഴിച്ചിട്ടാവാം യാത്ര എന്നു കരുതി വായന മാറ്റിവച്ച് നേരെ കാന്റീനിലേക്ക് നടന്നു.മേല്‍പ്പാലത്തിന്റെ പലഭാഗത്തായി കാറ്റേറ്റ് തീവണ്ടി കാത്തുനില്‍ക്കുന്നവരെ കാണാം.ശക്തിയായ പാലക്കാടന്‍ കാറ്റില്‍ അവരുടെ മുടിയും ഉടയാടകളും പാറിക്കളിക്കുന്നു.അവര്‍ക്കിടയിലൂടെ താഴേക്കിറങ്ങി.
പച്ചക്കറിഭക്ഷണമാണ് ശീലമെന്നതിനാല്‍ മേല്‍പ്പാലമിറങ്ങി ഇടത്തുവശത്തുള്ള വെജിറ്റേറിയന്‍ കാന്റീന്‍ ലക്ഷ്യമാക്കിയാണ് എന്റെ നടപ്പ്.കോഴിക്കോടും പാലക്കാടും നവീകരിച്ചിട്ടുള്ള വെജിറ്റേറിയന്‍ കാന്റീനുകളാണുള്ളത്.അവയുടെ ഉള്‍ഭാഗക്രമീകരണം ഭക്ഷണം കഴിക്കാന്‍ നമുക്കൊരു ആഹ്ലാദം തരുന്നതാണ്.അവിടെ ഭക്ഷണം തരുന്ന പുതിയ ഇനം പ്ലാസ്റ്റിക് പ്ലേറ്റുകളും കൊള്ളാം.വൃത്തി തോന്നിപ്പിക്കും.പാലക്കാട്ടെ റെയില്‍വേ കാന്റീനില്‍ കാലത്ത് ചെന്നാല്‍ നല്ല ഉപ്പുമാവ് കിട്ടും.പരിസരത്തുനിന്നു വീശിയടിക്കുന്ന പാലക്കാടിന്റെ തനതായ അപ്പിമണം മാറ്റിനിര്‍ത്തിയാല്‍ സംഗതി ആസ്വാദ്യകരം.എനിക്ക് അത്തരം ദുര്‍ഗന്ധങ്ങളോ കാഴ്‌ചകളോ വലിയ പ്രശ്‌നമായി അനുഭവപ്പെടാറുമില്ല.താരതമ്യേന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ആ ചീത്തപ്പേരില്‍ നിന്നും മോചനം നേടിവരുന്നുണ്ട്.
ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരിച്ചുവരാം.കൂപ്പണെടുത്ത് ഭക്ഷണമേശയ്‌ക്കടുത്തിരുന്നു.തിരക്കാവുന്നതേയുള്ളൂ.നീലയില്‍ കളങ്ങളുള്ള വേഷവും ഏപ്രണും കെട്ടിയ വിളമ്പുകാരികളും വിളമ്പുകാരന്മാരും അങ്ങിങ്ങ് അലസരായി നില്‍ക്കുന്നുണ്ട്.എനിക്ക് ചോറു വന്നു.വിളമ്പുകാരന്‍ കറികള്‍ വിളമ്പാന്‍ തുടങ്ങി.അപ്പോഴാണ് മടക്കിയ ഒരു നൂറുരൂപ നോട്ട് എന്റെ മുന്നിലേക്ക് നീണ്ടുവന്നത്.അത് വിളമ്പുകാരനായി നീട്ടിയതാണ്.അതെനിക്കു മനസ്സിലായി.ഒപ്പം അയാളോടുള്ള തമിഴ് കലര്‍ന്ന ഒരു കിളിമൊഴിയും കേട്ടു.
``ശാപ്പാട് കൊട്.''
ഞാന്‍ നോക്കി.ഒരു കൊച്ചു തമിഴ് പെണ്‍കുട്ടിയാണ്.കടുത്ത ഓറഞ്ച് നിറമുള്ള പട്ടുപാവാടയും ബ്ലൗസുമാണ് വേഷം.അഞ്ചോ ആറോ വയസ്സുകാണും.അലസമായി കിടക്കുന്ന എണ്ണമയവും ജലമയവുമില്ലാത്ത മുടി.മുഷിഞ്ഞ കവിളുകളും കണ്ണുകളും.ജീവിതത്തിന്റെ അസ്വസ്ഥതകള്‍ കലരാത്ത സ്വരം.അവള്‍ക്ക് വേഗം തന്നെ തനിക്കുപറ്റിയ അബദ്ധം മനസ്സിലായി.അബദ്ധം മറയ്‌ക്കാന്‍ ഒന്നു ചിരിക്കുകപോലും ചെയ്യാതെ വിളമ്പുകാരനെ വിട്ട് അവള്‍ കൂപ്പണ്‍ കൊടുക്കുന്ന മേശയ്‌ക്കരികിലേക്ക് ഓടിപ്പോയി.ഓടിപ്പോവുകതന്നെയാണ് അവള്‍ ചെയ്‌തത്.അപ്പോഴാണ് ഞാനവളുടെ പിന്‍ഭാഗം കണ്ടത്.
പിന്‍ഭാഗത്ത് കുടുക്ക് വച്ചിട്ടുള്ളത് പൊട്ടിയിട്ട് തുറന്നു കിടക്കുകയായിരുന്നു അവളുടെ കൊച്ചുബ്ലൗസ്.അതിലൂടെ അവളുടെ ഇരുണ്ട പുറം മുഴുവന്‍ പുറത്തുകാണാമായിരുന്നു.അതില്‍ എല്ലുകള്‍ എഴുന്നുനില്‍ക്കുന്നു.വാരിയ ചോറ് കൈയില്‍ തടഞ്ഞു.അത് വായിലേക്കുയര്‍ത്താന്‍ എനിക്കായില്ല.അവള്‍ അതൊന്നും ശ്രദ്ധിക്കാതെ ഇതൊക്കെ ശീലവും ജീവിതവുമായതിന്റെ ചുറുചുറുക്കില്‍ മേശയ്‌ക്കരികില്‍നിന്ന് പണം കൊടുത്ത് ചോറിനുള്ള കൂപ്പണ്‍ വാങ്ങുകയാണ്.ഞാന്‍ തലതാഴ്‌ത്തിയിരുന്നു.
എന്റെ മനസ്സിലൂടെ വീടും വിദ്യാഭ്യാസവുമില്ലാത്ത അനേകം മക്കളുടെ മുഖങ്ങള്‍ ഓടിപ്പോയി.ഇന്ത്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പലസ്‌തീനിലെയും ഇറാഖിലെയും ഇസ്രയേലിലെയും മക്കള്‍ .ഇന്ത്യയിലെ തെരുവുകളിലെ മക്കള്‍ . അതിലൊരാളാണ് ആ പെണ്‍കുട്ടിയും.അവളുടെ വീട് ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന്‍ തന്നെയാവാം.അല്ലെങ്കില്‍ അതുപോലുള്ള റെയില്‍വേസ്റ്റേഷനുകള്‍ .എന്റെ തൊട്ടടുത്ത് എത്രയോ അമ്മമാര്‍ ഇരിക്കുന്നുണ്ട്.അച്ഛന്മാരുണ്ട്.അവരുടെയൊക്കെ മക്കളുടെ ഉടുപ്പിന്റെ ഒരു കുടുക്ക് പൊട്ടിയാല്‍ ഇതുപോലുള്ള കുട്ടികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുത്തിട്ട് പുതിയത് വാങ്ങിക്കൊടുക്കാന്‍ സാമൂഹിക സാഹചര്യമുള്ളവര്‍ .ആരെയും കുറ്റപ്പെടുത്താനാവില്ല.ഓരോരോ പ്രദേശത്തെ ഓരോരോ സാഹചര്യങ്ങള്‍ .കാലാകാലങ്ങളായി നമ്മുടെ ചുറ്റിനും ഇല്ലാത്തവരെ കാണുന്നുണ്ട്.ഒരിക്കലും ലോകത്തുനിന്ന് ദാരിദ്ര്യവും ഇല്ലായ്‌മയും ചൂഷണവും പൂര്‍ണ്ണമായും തുടച്ചുനീക്കാനും സാധിക്കില്ല.മനുഷ്യകുലത്തിന്റെ വിധിയാണിത്.നമുക്കതില്‍ പരിതപിക്കാനേ കഴിയൂ.
ആ കുട്ടി അഴിഞ്ഞുപോയ ഉടുപ്പുമായി പ്ലാറ്റ്‌ഫോമുകള്‍ തോറും നടക്കുന്നതും അവളെ ചിലരെങ്കിലും ദുരുദ്ദേശത്തോടെ നോട്ടമിടുന്നതും ഞാന്‍ സങ്കല്‍പ്പിച്ചു.അവളുടെ കുരുന്ന് പാവാടക്കുത്ത് അഴിഞ്ഞുവീഴാന്‍ എത്ര ഇരുട്ടുപരക്കേണ്ടതുണ്ടെന്ന് മാത്രം ആലോചിച്ചാല്‍ മതി.സൗമ്യ കൊല്ലപ്പെട്ടത് ഇവിടെനിന്നും അധികം ദൂരെയായിട്ടല്ലല്ലോ.മനസ്സില്‍ വീണ കനലണയാന്‍ ഇനി സമയമെടുക്കുമെന്ന് ഉറപ്പാണ്.സാവകാശം ഞാന്‍ തലയുയര്‍ത്തിനോക്കി.പെട്ടെന്ന് എന്റെ ചുണ്ടിലൊരു പുഞ്ചിരി പരന്നു.
കൗണ്ടറിനരികില്‍ നിന്നുകൊണ്ട് യൂണിഫോമിട്ട വിളമ്പുകാരികളിലൊരാള്‍ ആ പെണ്‍കുട്ടിയുടെ ഉടുപ്പിനു ക്ഷമയോടെ പിന്നു കുത്തി കൊടുക്കുന്നു.ഒരമ്മയെപ്പോലെ,ഒരു സഹോദരിയെപ്പോലെ..ഒരേ സമയം സമാധാനം തരുന്നതും അതേസമയം ഈ ലോകത്തെ തന്നെ വല്ലാതെ സ്‌നേഹിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു കാഴ്‌ചയായിരുന്നു അത്.ഞാനോര്‍ത്തു.ആ വിളമ്പുകാരി രാവിലെ ജോലി ചെയ്യാനായി അവിടേക്ക് വരുന്നത് അതേ പോലുള്ള മക്കളെ സ്‌കൂളിലയച്ചിട്ടാവാം.മക്കളുള്ള ഒരാള്‍ക്കല്ലേ മറ്റൊരാളുടെ മക്കളെയും സ്വന്തം മക്കളെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയൂ.ഒരുപക്ഷേ അവര്‍ക്കുള്ള കുട്ടിയും അതേപോലൊരു പെണ്‍കുട്ടി തന്നെയാവണം.ആ അമ്മയ്‌ക്ക് നല്ലതു ഭവിക്കട്ടെ എന്നു മനസ്സില്‍ നേര്‍ന്നു.അതെന്റെ കൃതജ്ഞതയായിരുന്നു.
ആ തമിഴ്‌പ്പെണ്‍കുട്ടി പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ കൗണ്ടറിലുള്ള വേറൊരു സ്‌ത്രീയോട് തമാശകള്‍ പറഞ്ഞ് ചിരിക്കുകയാണ്.പിന്നെ പൊതിച്ചോറും വാങ്ങി എങ്ങോട്ടോ പോയി.ഞാനോര്‍ത്തു,ആ പെണ്‍കുട്ടിക്ക് എന്നുമെന്നും ചിരിക്കാന്‍ കഴിയട്ടെ.ജീവിതം അതിനെ കരയിക്കാതിരിക്കട്ടെ.സന്തോഷം തോന്നിയ മനസ്സുമായി വേഗം വേഗം ഞാന്‍ ഭക്ഷണം കഴിക്കാനാരംഭിച്ചു.
ഇതും ജീവിതം.
ReplyDeleteഒരു നേര്‍ക്കാഴ്ച .. അഭിനന്ദനങള്‍ സുസ്മേഷ്
Deleteകണ്ടിട്ടുണ്ട് ഇത്തരം ഒരുപാട് പെണ്‍കുട്ടികളെ പലയിടങ്ങളിലും..അല്‍പനേരം നൊമ്പരമായി മനസ്സില്‍ ഉടക്കിനില്‍ക്കും..പിന്നെ ഉള്ളില്‍ ലേശം കുറ്റബോധവുമായി എന്റെ പ്രാരാബ്ദങ്ങളിലേക്ക് മടങ്ങും...കുറച്ചുകൂടിക്കഴിഞ്ഞാല്‍ അതും ഇല്ലാതാകും...ഭൂരിഭാഗം മനുഷ്യരേയും പോലെ...
Deleteചിരിക്കാനാകട്ടെ അവൾക്കെന്നും.പറയുന്ന എനിക്കു പോലും ഉറപ്പില്ല അവളുടെ കാര്യത്തിൽ, എന്നാലും ഞാൻ അതിനു തന്നെ ആഗ്രഹിക്കുന്നു.
ReplyDelete:)
ReplyDeleteഇതുപോലെ എത്രയെത്ര ജീവിതങ്ങൾ ഈ ലോകത്ത് ഹോമിക്കപ്പെടുവാനായി... എല്ലാവരെയും ചിന്തിപ്പിക്കുന്ന അനുഭവം, സുസ്മേഷ്...
ReplyDeleteഒരേ സമയം സമാധാനം തരുന്നതും അതേസമയം ഈ ലോകത്തെ തന്നെ വല്ലാതെ സ്‌നേഹിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു കാഴ്‌ചയായിരുന്നു
ReplyDeleteആ സമാധാനവും സ്നേഹവും സുസ്മേഷ് വാക്കുകളിലൂടെ എന്നിലേയ്ക്കും പകര്‍ത്തി. താങ്ക്സ്
ഇങ്ങനെ പിന്നു കുത്തിക്കൊടുക്കാന്‍ നന്മയുടെ കരങ്ങള്‍ അവശേഷിക്കുന്നതു കൊണ്ടു മാത്രമാണു് ഈ ലോകം നിലനില്‍ക്കുന്നത് എന്നു തോന്നുന്നു....
ReplyDeleteമനസ്സിനെ സംസ്കരിക്കുവാന്‍ പോരുന്ന ഈ എഴുത്തിനു നന്ദി പറയുന്നു.
നന്മയുടെ തിരി എവിടെയൊക്കെയോ കെടാതെ കത്തുന്നുണ്ട് .അത് മാത്രമാണ് പ്രതീക്ഷയും .
ReplyDeleteഒരു കാഴ്ചയുടെ കഥ .ഇഷ്ടമായി
സ്നേഹാശംസകള്‍
വല്ലാതെ നൊമ്പരപ്പെട്ട് എഴുതിയ കുറിപ്പാണിത്.പലപ്പോഴും നിസ്സഹായരാണ് നമ്മളൊക്കെ.ആ നിസ്സഹായതയെ കുറ്റബോധം നീറ്റാതിരിക്കാനാണ് ഇതൊക്കെ എഴുതുന്നത്.
ReplyDeleteപെട്ടെന്നുതന്നെ പ്രതികരിച്ച സമാനമനസ്കര്‍ക്ക് കൂപ്പുകൈ.
അമ്മിണിക്കുട്ടിക്കും എനിക്കും കുരിപ്പ്പു ഇഷ്ടായി.അഴിയുന്ന ഉടുപ്പിന്റെ പിന്നു കുത്തി കൊടുക്കുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ കുറിപ്പ് തരുന്ന നൊമ്പരം സഹായിക്കട്ടെ
Deleteട്രെയിനില്‍ വച്ചുള്ള അനുഭവം പ്രിയ സുഹൃത്ത് നിത്യഹരിത എഴുതിയത് വായിച്ചു വിഷമിച്ചു. ഇപ്പോള്‍ ഇതുവായിച്ചപ്പോള്‍ ഒരു പ്രത്യാശ തോന്നുന്നു.. പൂര്‍ണ്ണമായും മനുഷ്യത്വം നശിച്ചിട്ടില്ല..
ReplyDeleteനന്ദി സുസ്മേഷ് ...ഉറങ്ങാന്‍ പോകുന്ന നേരത്താണ് ഈ കുറിപ്പ് കണ്ണില്‍ പെടുന്നത്. നിങ്ങള്‍ക്കുണ്ടായ അതേ സന്തോഷത്തോടെ ഇന്നിനി ഉറങ്ങാം :)
ReplyDeleteഅമ്മിണിക്കുട്ടിക്കും എനിക്കും കുരിപ്പ്പു ഇഷ്ടായി. അഴിയുന്ന ഉടുപ്പിന്റെ പിന്നു കുത്തി കൊടുക്കുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ കുറിപ്പ് തരുന്ന നൊമ്പരം സഹായിക്കട്ടെ....
ReplyDeleteസുസ്മേഷ്,ഏതുപ്രതിസന്ധിഘട്ടത്തിലും നാം തളരാതിരിക്കേണ്ടത് മനുഷ്യനിലെ നന്മയിൽ ആത്മാർത്ഥമായും വിശ്വസിച്ചുകൊണ്ടായിരിക്കണം.ഇതു പോലുള്ള കാഴ്ചകളും അനുഭവങ്ങളും നമ്മുടെ വിശ്വാസം ശരിയാണെന്ന് ഇടയ്ക്കിടെ തെളിയിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
ReplyDeleteആട് ജീവിതത്തിലെ ഇഷ്ടികക്കളത്തിലെ ചെടിയെ പോലെ ഒരു നല്ല അനുഭവഭേദ്യമായ വിവരണം
ReplyDeleteഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാൻ നമുക്ക് കഴിഞ്ഞേക്കും. എന്നാൽ, ഇതുപോലെ ചിലതിലൊക്കെ നമ്മൾ ശരിക്കും നിസ്സഹായർ തന്നെയല്ലെ?....
ReplyDeleteinganeyum chila jeevithangal nanukidayil undu manasakshi ullavarku kanathirikkan kazhiyilla
ReplyDeleteഎഴുത്തുകാരന്‍ അനുഭവിച്ച ആ അവസ്ഥ വായനക്കാരും അനുഭവിച്ചു.. അവസാനം ഒരു ദീര്‍ഘശ്വാസം.. ഞാനും ഓര്‍ക്കുന്നു, അത്തരമൊരു കാഴ്ച.ഒരു രാത്രി കുടുംബത്തോടെ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വിസ്താരമേറിയ പാര്‍ക്കിംഗ് ഏരിയയുടെ ഒരു അറ്റത്ത് ഒരു യുവതിയായ അമ്മയും രണ്ടു വയസു പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞും ഉറങ്ങുന്നു.അമ്മയുടെ ചൂട് പറ്റി സുരക്ഷിതത്വബോധത്തോടെ ഉറങ്ങുന്ന ആ കുഞ്ഞിന്‍റെ ഭാവി എന്തെന്ന് ഞാന്‍ നൊമ്പരത്തോടെ ഓര്‍ത്തു. അതോര്‍ത്ത്കൊണ്ട് ഞാന്‍ എന്‍റെ രണ്ടു വയസ്സായ മകളെ ചേര്‍ത്ത്പിടിച്ചു. എനിക്കപ്പോള്‍ അതേ കഴിയുമായിരുന്നുള്ളൂ.
ReplyDeleteവളരെ വളരെ സന്തോഷം പ്രിയജനങ്ങളേ...ഒരു തരിപോലും കലര്‍പ്പില്ലാതെ എഴുതിയ കുറിപ്പായിരുന്നു അത്.നന്ദി.
ReplyDeleteആ അമ്മയ്‌ക്ക് നല്ലതു ഭവിക്കട്ടെ
ReplyDelete"അവിടെ ചെന്നായ്ക്കള്‍ ഉണ്ട്,അങ്ങോട്ടു പോകരുത് കുഞ്ഞേ" എന്ന് നമ്മോടു പറഞ്ഞു തരുന്നവന്‍ പോലും ഒരു കണ്‍ചിമ്മലിന്റെ നിമിഷ വേഗത്തില്‍ മറ്റൊരു ചെന്നായയെ പോലെ പല്ലിളിച്ച് കാണിച്ച് ഭീതിപ്പെടുത്തുന്ന കാലത്തിലൂടെ കടന്നു പോകുമ്പോള്‍ നന്മയുടെ പ്രകാശമുള്ള എഴുത്തും മനസും സന്തോഷവും ആശ്വാസവും തരുന്നു, പ്രിയ സുസ്മേഷ്.
ReplyDeleteസസ്നേഹം അജിത
ആ കുഞ്ഞിന്റെ പുഞ്ചിരിയെന്നും മായാതെ നിൽക്കട്ടെ
ReplyDeleteആ കുരുന്ന് പുഞ്ചിരിയെന്നും അവളില്‍ മങ്ങാതെ കാക്കാന്‍ അവള്‍ക്ക് ചുറ്റുമുള്ളവര്‍ക്കാവട്ടെ..ആ അമ്മയെപോലെ , ഒരച്ഛനെപോലെ, സഹോദരനെപോലെ അവള്‍ക്ക് ചുറ്റും അവളെകാത്ത് ചിലരെങ്കിലുമുണ്ടാവാന്‍ പ്രാര്‍ത്ഥനകള്‍
ReplyDeleteആ അമ്മക്ക് നല്ലത് മാത്രം വരട്ടെ. ഒപ്പം ആ പെണ്‍കുട്ടിയുടെ പുഞ്ചിരി ഇന്നിന്റെ കപട സധാചാരത്തില്‍ പെട്ട് നശിക്കതിരിക്കട്ടെ
ReplyDeleteഎനിക്കൊരുപാട് സന്തോഷായി.ഞാന്‍ പങ്കിട്ട വികാരത്തെ നിങ്ങള്‍ സമാനമനസ്സോടെ സ്വീകരിച്ചതില്‍ .നമ്മുടെയെല്ലാം ഹൃദയത്തില്‍ ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം ഒരിക്കലും അണയാതിരിക്കട്ടെ.
ReplyDeleteകുറിപ്പ് നേരത്തെ വായിച്ചിരുന്നു. എന്‍റെ നെടുങ്കന്‍ യാത്രകളില്‍ എപ്പോഴും കാണാറുള്ള ചില കാഴ്ചകള്‍ ...ചില അനുഭവങ്ങള്‍ ഇങ്ങനെയാവാറുണ്ട്.. വളരെ ഭംഗിയായി എഴുതി.
ReplyDeleteNANMAKAL VATTATHIRIKATTE...........EKKALAVUM..............
ReplyDelete