Wednesday, October 20, 2010

ഗസല്‍


ചെഞ്ചൊടിമലരുകള്‍ തളരുമ്പോലെ

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചതോര്‍മ്മയില്ലേ

കവിളിലേക്കിഴയുമെന്‍ ചുണ്ടുകള്‍ക്കൊപ്പം നീ

വിരലിനാലെന്‍ മുടി ചുറ്റിപ്പിടിച്ചിട്ടും

മതിയെന്നു പറഞ്ഞിട്ടും

കുതറാന്‍ മറന്നു നിന്നില്ലേ

എന്നോടമര്‍ന്നു നിന്നില്ലേ


കുളമേറിനിറഞ്ഞൊരാ മഴയുടെ വരവിലന്നുനിന്‍

ഉടലാകെ പൂവിട്ടു വാസനിച്ചുവോ

പിന്നില്‍ വന്നെന്‍ ഈറന്‍ വിരലുകളമര്‍ത്തി

പ്പിടിച്ചുനീ കസ്‌തൂരി പൂശി തുടുത്തുവോ

സാരംഗിയില്‍വീഴുമൊരു വിരല്‍ നടനമായിന്ന്‌

ഹൃദയത്തിലമരുന്നു കാലത്തിന്‍ കണ്ണീര്‌..


നിഴലായെന്നും കൂടെയലഞ്ഞ

ഗാനശകലങ്ങളെന്തെന്തു പരിഭവം പറഞ്ഞില്ല!

അടര്‍ന്നുപോയ പൂവിതളുകള്‍ തണ്ടില്‍

വന്നൊരുവട്ടംകൂടി ചേരട്ടേയെന്നെത്രയോ

നീ കേള്‍ക്കേയോതിയില്ല..!


ഓര്‍മ്മയില്ലേ നിനക്കാമുറിപ്പാടുകള്‍ തന്നൊരു

പൂക്കാവസന്തത്തിന്‍ നേരൊലിപ്പാട്ടുകള്‍

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചു

വേര്‍പെട്ടതോര്‍മ്മയില്ലേ..?

ഓര്‍മ്മയില്ലേ,

ഒന്നുമൊന്നും നിനക്കോര്‍മ്മയില്ലേ..?

ഛായ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌

27 comments:

 1. ഇനി ഗസല്‍ ?കവിത..?
  അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. "എന്താ സഹോദരാ ഈ ബ്ലോഗിലെ കമന്റു ബോക്സില്‍ കൂറ പെറ്റുകിടക്കുന്നത്! ഓ.., ആരും തിരിഞ്ഞു നോക്കുന്നില്ല അല്ലെ? ഒരു വഴിയുണ്ട്. ചുമ്മാ ഏതെന്കിലും നല്ല ബ്ലോഗില്‍ കയറിച്ചെന്നു വല്ലതും പറഞ്ഞു പ്രശ്നമുണ്ടാക്കു. അപ്പോള്‍ ആരെങ്കിലും ഇതുവഴി വരും."

  "നന്ദി കണ്ണൂരാനെ, പെരുത്ത്‌ നന്ദി.."

  ReplyDelete
 3. ഒരു പാട്ടു പോലെ മനോഹരമായ കവിത.
  പ്രണയിക്കുമ്പോള്‍ നല്ല രസമാണ്. പക്ഷേ വേര്‍പ്പെടുമ്പോള്‍ പറിച്ചെടുക്കുന്ന വേദനയാണ്‌. അതു കൊണ്ട് അവള്‍ മറന്നിട്ടുണ്ടാകില്ല.

  ReplyDelete
 4. കുളമേറിനിറഞ്ഞൊരാ മഴയുടെ വരവിലന്നുനിന്‍


  ഉടലാകെ പൂവിട്ടു വാസനിച്ചുവോ


  പിന്നില്‍ വന്നെന്‍ ഈറന്‍ വിരലുകളമര്‍ത്തി


  പ്പിടിച്ചുനീ കസ്‌തൂരി പൂശി തുടുത്തുവോ


  സാരംഗിയില്‍വീഴുമൊരു വിരല്‍ നടനമായിന്ന്‌


  ഹൃദയത്തിലമരുന്നു കാലത്തിന്‍ കണ്ണീര്‌.


  ശരിക്കും ഗസലിന് പറ്റിയ വരികൾ തന്നെ..കേട്ടൊ ഭായ്

  ReplyDelete
 5. ഓര്‍മ്മകളോര്‍ക്കാനൊരോര്‍മ്മപ്പെടുത്തല്‍..
  ..യെ മെരാ,ഗസല്‍...എന്ന് മൂളിപ്പാടാനാവുന്നില്ലാ.
  വരികള്ക്ക് തെളിച്ചവും,വെളിച്ചവുമേറെയുണ്ട്.
  ആശംസകള്‍.

  ReplyDelete
 6. ഏയ് സുമേഷ്,
  ഞാനങ്ങനെ വിളിയ്ക്കട്ടെ. ആപേരുമായി എനിയ്ക്ക് കൂടുതല്‍ അടുപ്പം. അതുകൊണ്ടാണ്.കണ്ണൂരാന്‍ പറഞ്ഞതു പോലെ പറ്റിച്ചല്ലോ. അതുകൊണ്ടല്ലേ
  ഞാനും ഇവിടെ വന്നത്. "What an idea sedjee"
  താങ്കളുടെ profile കണ്ടിട്ട് എന്തു കമന്‍െറിടാന്‍ എന്നു തോന്നിപ്പോകുന്നു.
  എന്നാലും പറയട്ടെ നല്ല വരികള്‍. ഗസല്‍ കേട്ടെങ്കിലേ കൂടുതല്‍ ആസ്വദിയ്ക്കാന്‍
  പറ്റൂ.എല്ലാം ഒന്നു നോക്കട്ടെ. വഈണ്ടും വരാം. അങ്ങോട്ടും കടക്കുക

  ReplyDelete
 7. പ്രണയം മനോഹരം,പക്ഷെ വിരഹം ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ നാം അതിന്റെ സുഖം ശരിക്കും അനുഭവിക്കുന്നത്

  ReplyDelete
 8. ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെടായ്കയൊന്നുമില്ല എന്നതാണ് സത്യം.
  ഒപ്പം "കണ്ണൂരാനെ... ഇത് വേണോ?" എന്ന് അയാളോട് ചോദിക്കുന്നുമില്ല. കാരണം -ഒരുതരം ബുജി സംസ്കാരം അനുവദിക്കാന്‍ ആവാത്ത ഒന്നാണ് നമ്മുടെ ബ്ലോഗ്‌ സാഹിത്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും. അവിടെ ആരും ഈ പറഞ്ഞ സാഹിത്യ ബുജികള്‍ ആയിട്ടുള്ളവരല്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഇല്ലാത്ത സമയം ഉണ്ടാക്കി അവരുടെ എഴുതാനുള്ള ആഗ്രഹം കൊണ്ട് മാത്രം ബ്ലോഗ്‌ എഴുതുന്നവരാണ് 90% ബ്ലോഗ്ഗര്മാരും. അക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ഞാനും. 100 ബ്ലോഗുകള്‍ ചേരുമ്പോള്‍ ഇടയ്ക്ക് ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാടോ, ഒരു ബ്ലോഗ്‌ മീറ്റിനു അതിഥി ആയി പോകാന്‍ വേണ്ടി മാത്രം രണ്ട്‌ കവിതകള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് 'ഞാനും ഒരു ബ്ലോഗ്ഗര്‍ ആണേ' എന്ന് പറഞ്ഞ്, മീറ്റിനിടെ ബ്ലോഗിങ്ങിനെ കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമല്ല എന്ന് തലക്കനം കാണിച്ച് ബാക്കി ബ്ലോഗേഴ്സിനെ മണ്ടന്മാരാക്കിയ മുരുകന്‍ കാട്ടാക്കടയോ, പിന്നെ സുസ്മേഷ് ചന്ദ്രോത്ത് (സത്യം പറഞ്ഞാല്‍ ഈ പേര് ഞാന്‍ ഇപ്പോഴാണ് കേള്‍ക്കുന്നത്) എന്ന താങ്കളോ ഒക്കെ കണ്ടേക്കാം. നിങ്ങളെ പോലുള്ള സാഹിത്യ പ്രതിഭകള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് നിങ്ങളുടെ കമന്റിനെതിരെ ഒത്തൊരുമിച്ചു നിന്ന മറ്റു ബ്ലോഗര്‍ സുഹൃത്തുക്കളുടെ ഐക്യം തന്നെയാണ്. വിമര്‍ശിക്കണ്ട എന്നല്ല. വിമര്‍ശനം ഇല്ലാതെ ആരും വളരാനും പോകുന്നില്ല. പക്ഷെ വിമര്‍ശനത്തില്‍ കാര്യമുണ്ടാകണം. മാന്യതയുണ്ടാകണം. വിമര്‍ശിക്കാനായി വിമര്‍ശിക്കുന്നതിനു പേര് വേറെയാണ്. അതാണ്‌ മുകളില്‍ കണ്ണൂരാന്‍ എന്ന ബ്ലോഗറെ കൊണ്ട് അങ്ങനെ കമന്റ് എഴുതാന്‍ പ്രേരിപ്പിച്ചതും. അത്രെയുള്ളൂ... എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരിക്കല്‍ കൂടി പറയട്ടെ, എനിക്ക് ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു. വീണ്ടും കാണാം.

  ReplyDelete
 9. ഡെൽ ഹി വരെ പോയപ്പോഴേക്കും കവിതയും ഗസലുകളും വിരിയുന്നല്ലോ ?
  യു പി യിലേക്കൊക്കെ പോയലോ ?
  കഥകളെ മറക്കല്ലേ....

  ReplyDelete
 10. ഡെല്‍ഹി ക്യാമ്പില്‍ പോയപ്പോള്‍ കവിതയും ഗസലുമൊക്കെ വന്നു തുടങ്ങിയോ??

  ഹമ്പടാ...

  ReplyDelete
 11. ഒരു കവി കവിത മതിയാക്കി അഭിനയം തുടങ്ങിയപ്പോള്‍
  ഒരു കഥാകൃത്ത് കവിയായി മാറിയിരിക്കുന്നു. നല്ലത്
  ചങ്ങമ്പുഴയുടെ ആ ,രാവില്‍ നിന്നോടു ഞാനോതിയ രഹസ്യം
  ഓര്‍മ്മിപ്പിന്നു ഈ കവിത

  ReplyDelete
 12. ഒരു ഫീല്‍ ഉണ്ട് വരികളില്‍..പാടിക്കേട്ടാലെ കൃത്യം അഭിപ്രായം പറയാനാവൂ..

  ReplyDelete
 13. സുസ്മേഷ്..

  ഗസലുകള്‍ ഞാന്‍ വളരെ കുറച്ചേ കേട്ടിട്ടുള്ളു.. കവിതയായി തോന്നിയെങ്കിലും ഗസലായി തോന്നിയില്ല..

  @ആളവന്‍താന്‍ : വിമല്‍.. പ്ലീസ്.. വിവാദങ്ങള്‍ അവസാനിപ്പിക്കൂ.. നമ്മളാരും വലിയവരല്ല. ദയവ് ചെയ്ത് ഇനിയും അതൊന്നും കുത്തിപ്പൊക്കണ്ട. ഞാന്‍ പറയുന്നത് നല്ല അര്‍ത്ഥത്തില്‍ നീ എടുക്കുമെന്ന് തന്നെ എന്റെ വിശ്വാസം.

  ReplyDelete
 14. പിഞ്ഞിപ്പോയ പട്ടുറുമാലിന്റെ ശീലിലൊരു പാട്ടുണ്ടാക്കി തരണമെന്നവൾ കൊഞ്ചിയോ സുസ്മേഷ്? സുഖകരമായി, മന്ത്രിച്ചോളൂ കാതിൽ.

  ReplyDelete
 15. സുഹൃത്തുക്കളേ,
  അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും നന്ദി.അറിയാവുന്ന പണി ചെയ്‌താല്‍ പോരെ എന്നാണ്‌ ചിലരെങ്കിലും ചോദിച്ചതെന്ന്‌ മനസ്സിലായി.
  അങ്ങേയറ്റം ആര്‍ദ്രമായ ചില നിമിഷങ്ങളില്‍ വെറുതെ ഒരു റിലാക്‌സിന്‌ എഴുതി പ്പോകുന്ന വരികളാണിത്‌.അതിന്‌ അത്രയും ഗൗരവം കൊടുത്താല്‍മതി.
  നന്ദി.

  ReplyDelete
 16. ഒരു ഗസല്‍ തന്നെ ........ശരിക്കും ഗസല്‍ .......
  ഒരു ഗായകന്‍ അല്ലാതെ പോയതിനു ദുഃഖം ................

  ബൂലോകത്ത് ഒരു പ്രശനം ഉണ്ടായപ്പോള്‍ ....സുസ്മേഷ് പേര് പൊന്തി വന്നു ..ഒരു ഇ മൈലിലുടെ .....ഹി ഹി

  ആരാ സുസ്മേഷ് ചന്ത്രോത്ത് എന്ന് ചോദിച്ചവരോട് ഇതാണ് എന്ന് പറയാം അല്ലെ .......

  ReplyDelete
 17. ഉം.......തരക്കേടില്ല്യ, പക്ഷേ, .......പോര!!!!!!!

  ReplyDelete
 18. സുസ്മേഷ് , ഈ ഗസല്‍ / കവിത ഒന്ന് ചൊല്ലി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാമോ? അങ്ങനെയും ഒരു സാ‍ധ്യത ബ്ലോഗില്‍ ഉള്ളത്കൊണ്ട് പറഞ്ഞതാണ്. ഓഡിയോ പോസ്റ്റ് ചെയ്യാന്‍ അറിയാമെന്ന് കരുതുന്നു. സംശയമുണ്ടെങ്കില്‍ ഇവിടെ നോക്കുക.

  സസ്നേഹം,

  ReplyDelete
 19. ഓര്‍മകള്‍ക് മേലൊരു മാറാല വന്നുപോയ്‌
  കാലം പാഞ്ഞപ്പോള്‍ പിരകിലായിപ്പോയ് നീ സുഹൃത്തേ ............

  ReplyDelete
 20. അയ്യോ പറഞ്ഞില്ല .ഞാന്‍ ഡി വായിചിടുണ്ട്.കണ്ടതില്‍ സന്തോഷം

  ReplyDelete
 21. Priyapetta ezhuthukara,

  Mathrubhoomiyil vanna ningalude oro kadhayum vayikumbozhum thonniyittund ningalk ezhuthanamenne.
  Kavitha ...gazal...kollam...pakshe...ningalude kadhakal thanne enik kooduthal priyam...

  ReplyDelete
 22. സുസ്മേഷ് ജി ആദ്യം ഇവിടെ..കവിത വായിച്ച് പിരിഞു പൊകുന്നത് അടുത്ത പ്രാവശ്യം വരാന്‍

  ReplyDelete
 23. ഇവിടെ ആദ്യം വായിച്ചു വരവു വെച്ചു..പറഞോര്‍മ്മ പെടുത്തേണ്ടതെന്തെ വന്നു...?

  ReplyDelete
 24. ഛെ...കഷ്ടം തന്നെ. എന്താണ് കൂട്ടുകാരെ ഒരു സാഹിത്യക്കാരനെക്കുറിച്ച് ഇത്രയും വിമര്‍ശനങ്ങള്‍. ഞാനൊന്നു ചോദിക്കട്ടെ, ഇത്രയും വിമര്‍ശിക്കാന്‍ മാത്രം നിങ്ങള്‍ക്കെല്ലാം എന്താണ് യോഗ്യത? അത്രയും യോഗ്യതയുള്ളവരെങ്കില്‍ ഇതിലും നല്ലൊരു ഗസല്‍ എഴുതി കഴിവ് കാണിക്കു. സുസ്‌മേഷേട്ടാ കഥകളില്‍ മാത്രമല്ല ഒരു നല്ല കവിയെന്നുകൂടി കാണിച്ചുതന്നിരിക്കുന്നു. വിമര്‍ശനങ്ങളെല്ലാം അതിന്റെ വഴിക്കുവിടുന്ന ആളാണെന്നറിയാം. വിമര്‍ശനങ്ങള്‍ സുസ്‌മേഷ് എന്ന സാഹിത്യകാരനിലേക്ക് കൂടുതല്‍ വെളിച്ചം വീശട്ടെ. പേനയെടുക്കാന്‍ കണ്ണൂരാനെ പോലുള്ള ഒരു ബോറന്റെ കമന്റ്‌സിന് പ്രസ്‌ക്തിയില്ല.

  ReplyDelete
 25. കവിതയൊക്കെ കുറച്ചുകൂടി റേഞ്ചുള്ളവര്‍ക്കുളളതാണു സുസ്മേഷേ.
  താങ്കളെന്തിനാണ് താങ്കളുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നത്?
  മറുപടികളില്‍ ജാഡ കലര്‍ത്തുന്നത്.

  ഫേസ്ബുക്കിലും ബ്ലോഗുകളിലും സച്ചിദാനന്ദനെപ്പോലുള്ളവര്‍ പോലും ഇടപെടുന്നത് കാണുക.
  ഈ കമന്റ് താങ്കള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഉറപ്പുണ്ട്.കാരണം വിമര്‍ശനങ്ങളെ അംഗീകരിക്കാനുള്ള ധൈര്യം താങ്കള്‍ക്കില്ല.

  താങ്കള്‍ അത്രവലിയ ഒരെഴുത്തുകാരന്‍ ഒന്നുമല്ല മലയാളസാഹിത്യത്തില്‍ എന്ന് മനസ്സിലാക്കുക.

  ReplyDelete
 26. പ്രിയപ്പെട്ട ശ്രീ സുകുമാരന്‍,
  ഹൃദ്യമായ വാക്കുകള്‍ക്ക്‌ ഒരുപാട്‌ നന്ദിയും സന്തോഷവും.പാടാനറിയില്ല.(പാടിയാല്‍, കേള്‍ക്കുന്നവര്‍ വല്ലാതെ പാടുപെടുമെന്നതിനാല്‍ വേണ്ട.)
  പ്രിയ സുലേഖ,ആഹാ..ഡി കഴിഞ്ഞ്‌ 9 വന്നു.ദാ.."മാധ്യമ"ത്തില്‍ "പേപ്പര്‍ ലോഡ്‌ജ്‌"പുതിയ നോവല്‍ വരാന്‍ പോകുന്നു.അടുത്ത ലക്കത്തില്‍ തുടങ്ങും.അതൊന്നു വായിക്കണേ..
  പിന്നെ പ്രിയ കിച്ചു,
  ദൗര്‍ബല്യങ്ങളാണ്‌ മനുഷ്യനെ മൃഗങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌.എനിക്ക്‌ മനുഷ്യനാവാനാണ്‌ ഇഷ്ടം.എന്തുചെയ്യാം.!മറുപടികളില്‍ എന്നല്ല ജീവിതത്തിലും നല്ല കനത്തില്‍ ജാഡയുണ്ട്‌.അതു സഹിക്കുന്ന സ്‌നേഹിതരാണ്‌ എന്റെ കരുത്ത്‌.താങ്കളങ്ങനെ ആവണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നതില്‍ കഴമ്പില്ലല്ലോ.താങ്കള്‍ താങ്കളാവുക..
  സച്ചിദാനന്ദന്‍ മാഷിനോട്‌ എന്നെ എന്തിനാണ്‌ താരതമ്യത്തിന്‌ പരിഗണിക്കുന്നത്‌..??നക്ഷത്രമെവിടെ ഈ പുല്‍ക്കൊടിയെവിടെ..!!
  മലയാളസാഹിത്യത്തില്‍ ഞാന്‍ അത്ര വലിയ എഴുത്തുകാരനല്ലെന്ന്‌ ചൂണ്ടിക്കാണിച്ചതിന്‌ ഒരുപാട്‌ നന്ദി.കുറേക്കാലമായി പിടികിട്ടാതിരുന്ന ഒരു കാര്യമാണത്‌.
  എന്തായാലും അങ്ങേയ്‌ക്ക്‌ സമയമുണ്ടെങ്കില്‍ ഈ കവിതയും വായിക്കൂ...

  അഭിപ്രായം പറഞ്ഞ മറ്റ്‌ ഓരോരുത്തര്‍ക്കും വിനയപൂര്‍വ്വം കൂപ്പുകൈ.

  ReplyDelete
 27. താങ്കള്‍ക്കും ജാടയോ ? അതൊന്നും ആതീവണ്ടിയില്‍വെച്ചു കണ്ടില്ലല്ലോ ...
  ഓ അന്ന് വീട്ടീന്നെടുക്കാന്‍ മറന്നതാകും അല്ലേ

  ReplyDelete