Friday, November 19, 2010

ചക്ക

രു രാത്രിയാത്രയില്‍ അപ്രതീക്ഷിതമായിട്ടാണ്‌ പ്രീമിയര്‍ ജംഗ്‌ഷനിലിറങ്ങി വീട്ടിലേക്ക്‌ പോകേണ്ടിവന്നത്‌.പതിനഞ്ച്‌ നിമിഷമെടുക്കുന്ന ആ ഹ്രസ്വയാത്രക്കിടയില്‍,കൃത്യം അവിടെവച്ച്‌ ഓട്ടോറിക്ഷ നിന്നുപോവുകയായിരുന്നു.കുറേനേരം കിക്കര്‍ വലിച്ച്‌ വണ്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചശേഷം ഇനിയെന്തുചെയ്യുമെന്ന മട്ടില്‍ ഓട്ടോ ഡ്രൈവര്‍ തലതിരിച്ച്‌ എന്നെ നോക്കി.ആകാശത്ത്‌ അങ്ങിങ്ങ്‌ കാര്‍മേഘങ്ങളുണ്ടായിട്ടും മങ്ങിയ നിലാവുണ്ട്‌.എതിരെ വാഹനങ്ങളൊന്നും വരുന്നുണ്ടായിരുന്നില്ല.ഈ അസമയത്ത്‌ വഴിയില്‍ ആളുകളെ പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഡിത്തമാണ്‌.ഓട്ടോയില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``സാരമില്ല.ഇനി നടന്നോളാം.ഇവിടെ അടുത്താണ്‌..''
അയാള്‍ വണ്ടിക്കുള്ളിലെ വെളിച്ചമിട്ടു.ഞാന്‍ പണമെണ്ണി നല്‌കിയശേഷം ഒരു പയ്യനെപ്പോലെ തോന്നിച്ച ഡ്രൈവറോട്‌ ചോദിച്ചു.
``അല്ല.അനങ്ങാത്ത ഈ വണ്ടി ഇനി താനെന്തുചെയ്യും.''
കഴിഞ്ഞ രണ്ടുമൂന്ന്‌ വര്‍ഷമായി രാത്രി ഒന്‍പത്‌ മണി കഴിഞ്ഞാല്‍ നഗരത്തിലും പരിസരങ്ങളിലും ആളൊഴിയും.വീടിനുപുറത്തോ ഗേറ്റിനരികിലോ നിന്ന്‌ രാത്രി സംസാരിക്കുന്നതുപോലും ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റമായിട്ടാണ്‌ ആളുകളില്‍ പലരും പരിഗണിക്കുന്നത്‌.ചെറിയ വഴിക്കവലയിലോ മതിലരികിലോ ആരെയെങ്കിലുമൊക്കെ അങ്ങനെ കണ്ടെത്തിയാലും സംശയത്തോടെയേ നമുക്ക്‌ നോക്കാനൊക്കൂ.
ഓട്ടോറിക്ഷ നിന്നുപോയിരിക്കുന്ന സ്ഥലം വിജനപ്രതീതിയുള്ള ഒരു ചതുപ്പാണ്‌.അത്ര വിസ്‌തൃതമായിട്ടൊന്നുമില്ല.പഴയ വയലും തോടും ഇടിഞ്ഞുതൂര്‍ന്ന്‌ പുല്ലും ചെളിയുമായി മാറിയതാണ്‌.ധാരാളം വീടുകള്‍ക്കിടയില്‍ ഏറെക്കുറെ ഒറ്റപ്പെട്ട്‌ ഏതൊക്കെയോ പോയകാലത്തിന്റെ നിഗൂഢഭാവങ്ങളും രഹസ്യങ്ങളും പേറിയാണ്‌ ആ സ്ഥലം കിടക്കുന്നതെന്ന്‌ അതിലെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നാറുണ്ട്‌.
പകല്‍സമയം ധാരാളം പോത്തുകളും എരുമകളും എവിടെനിന്നൊക്കെയോ അവിടെ വന്നു കിടക്കുന്നത്‌ കാണാം.ഇടത്തരക്കാരും ഉദ്യോഗസ്ഥരുമായ നഗരവാസികള്‍ക്ക്‌ നായ്‌ക്കളെപ്പോലും വളര്‍ത്താനുള്ള ചുറ്റുപാടുകള്‍ ഇല്ല.ചിലപ്പോള്‍ നഗരപ്രാന്തത്തിലുള്ള ചുരുക്കം പാവപ്പെട്ടവരുടെ കറവ എരുമകളായിരിക്കാം അവ.കൊറ്റികളും താറാവുകളും തെരുവുനായ്‌ക്കളും ദേശാടനപ്പക്ഷികളും ആ ചതുപ്പില്‍ വരാറുണ്ട്‌.
ചതുപ്പിന്‌ അപ്പുറം മതില്‍ കെട്ടിയിട്ടിരിക്കുന്ന ചെറിയൊരു വളപ്പാണ്‌.നാലഞ്ച്‌ ഏക്ര ഉണ്ടാവും.അതിനുള്ളില്‍ പലതരത്തിലുള്ള പാഴ്‌മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്‌.ഗേറ്റിനരികില്‍ തുരുമ്പിച്ച തകരഫലകം.ഡിസൂസ വില്ല.നഗരത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിന്റെ കാഴ്‌ചകളാണ്‌ ഇത്തരം വളപ്പുകള്‍.വൈകാതെ ആ വളപ്പും ആരെങ്കിലും വാങ്ങിപ്പോകും.സ്വാഭാവികമായും ചതുപ്പും അപ്രത്യക്ഷമാകും.അവിടെയൊക്കെ ഹൗസിങ്ങ്‌കോളനികളുയരും.മുമ്പ്‌ ഒന്നുരണ്ട്‌ തവണ അതുവഴി വരേണ്ടിവന്നപ്പോള്‍ ഭാര്യയോട്‌ ഞാനത്‌ പറഞ്ഞിട്ടുമുണ്ട്‌.
അതേ ഡിസൂസ വില്ലയ്‌ക്കു മുമ്പിലാണ്‌ ഇപ്പോള്‍ വണ്ടി നില്‍ക്കുന്നത്‌.അതെല്ലാം മനസ്സില്‍ വച്ചാണ്‌ ഡ്രൈവറോട്‌ അങ്ങനെ ചോദിച്ചത്‌.വണ്ടി സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ പറഞ്ഞു.
``ഇതിപ്പോ ശരിയാവും.അല്ലേ ഏതെങ്കിലും വണ്ടി വരും''
``എന്നാ ശരി.''
ഇറക്കമിറങ്ങി ചതുപ്പു കാണാവുന്നിടത്ത്‌ എത്തിയപ്പോള്‍ ഞാന്‍ നിന്നു.നിലാവില്‍ തിളങ്ങിക്കിടക്കുന്ന ജലാര്‍ദ്രമായ പ്രദേശം.ഒരു നീളന്‍ ഞാഞ്ഞൂലിനെപ്പോലെ കിടക്കുന്ന മദ്ധ്യരേഖ കരിവെള്ളമൊഴുകുന്ന തോടാണ്‌.അങ്ങിങ്ങ്‌ ചേമ്പിന്‍കൂട്ടങ്ങള്‍.അതിന്റെ അഴകേറിയ ഇരുളിമ.ഇറക്കമിറങ്ങി വന്ന റോഡ്‌ വീണ്ടും കയറ്റത്തിലേക്ക്‌ പോകുന്നു.
ഒന്നിനുമല്ലാതെ അങ്ങനെ നിലാവും പരിസരവും കണ്ടുനിന്ന നിമിഷത്തില്‍ കലുങ്കിനു താഴെയായി തഴച്ചുവളര്‍ന്നിട്ടുള്ള കരിമ്പച്ചക്കാട്‌ യാദൃച്ഛികമായി ഞാന്‍ കണ്ടു.ഒരു ഞെട്ടലോടെയാണ്‌ ഞാനത്‌ കുനിഞ്ഞ്‌ നോക്കിയത്‌.എന്റെ സംശയത്തെ ശരിവയ്‌ക്കും വിധത്തില്‍ വളര്‍ന്നിട്ടുള്ള ഒരു കൂട്ടം പ്ലാവിന്‍തൈകള്‍ തന്നെയായിരുന്നു അത്‌.പത്തുനാല്‌പത്തഞ്ചെണ്ണമെങ്കിലും കാണും.
മേഘങ്ങള്‍ക്കിടയിലെ ചന്ദ്രബിംബം ആകാംക്ഷയോടെ താഴേക്ക്‌ നോക്കുന്നതായി എനിക്കുതോന്നി.തലപൊക്കി ഞാന്‍ ആകാശത്തേക്ക്‌ നോക്കി.മങ്ങിയ ചാരപ്പൊടിമേഘങ്ങള്‍ക്കിടയിലൂടെ ധൃതിയില്‍ ഭൂമിയിലേക്ക്‌ ചന്ദ്രന്‍ ഊര്‍ന്നിറങ്ങിവരുന്നു.ഉറക്കെ ശ്വാസമെടുത്തുകൊണ്ട്‌ കലുങ്കിലേക്ക്‌ ഞാനിരുന്നു.ഒട്ടിപ്പിടിച്ച്‌ കൂട്ടമായി വളര്‍ന്നുപൊങ്ങിയ പ്ലാവിലകളില്‍ ഞാന്‍ തൊട്ടു.എന്നെവന്ന്‌ ഒരു വല്ലാത്ത കുളിരുമൂടി.രാത്രിയുടെയോ മഞ്ഞുകാലാവസ്ഥയുടെയോ തരിപ്പായിരുന്നില്ല അത്‌.ആ പ്ലാവിലകള്‍ക്കു വിത്തു നല്‌കിയ ഒരു ചക്കയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഞെട്ടലായിരുന്നു.
ആറേഴ്‌ മാസം മുമ്പ്‌ വിഷുവിനോട്‌ അടുപ്പിച്ചാണ്‌.
ഞാനും ഭാര്യയും താമസിക്കുന്ന വാടകവീടിന്റെ അയല്‍പക്കത്ത്‌ പ്ലാവുള്ള ഒരു വീടുണ്ട്‌.ആ പരിസരത്താകെയുള്ള ഒരേയൊരു പ്ലാവ്‌ എന്നുവേണമെങ്കില്‍ പറയാം.വര്‍ഷങ്ങളായെങ്കിലും നഗരത്തിലെ വാടകക്കാരായ അയല്‍ക്കാരുടെ പൊതുസ്വഭാവത്തില്‍ കവിഞ്ഞൊന്നും ഞങ്ങളുടെ അയല്‍ബന്ധത്തിലും ഉണ്ടായിരുന്നില്ല.എന്നിട്ടും ഞായറാഴ്‌ചയുടെ ഉച്ചപ്പാതിയിലിരിക്കുമ്പോള്‍ നിറയെ കായ്‌ച്ചു കിടക്കുന്ന പ്ലാവുനോക്കി അന്നാളില്‍ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.
``എടോ..അവരുടെ ചക്ക കണ്ടോ..''
പ്ലാവിന്റെ ഉടമസ്ഥയും അതിനു ചുവട്ടില്‍ നില്‍പ്പുണ്ട്‌.അവര്‍ക്ക്‌ ഞങ്ങളുടെ സംസാരം കേള്‍ക്കാന്‍ കഴിയുകയില്ല.
``കാണാമെന്നല്ലാതെ..കൊതിച്ചിട്ടുകാര്യമില്ലല്ലോ..''
ഭാര്യ പെട്ടെന്നുതന്നെ മറുപടിയും പറഞ്ഞു.അതവഗണിച്ചുകൊണ്ട്‌ പ്ലാവില്‍ത്തന്നെ നോക്കി ഞാന്‍ പറഞ്ഞു.
``അതീന്ന്‌ ഇടിച്ചക്ക വെട്ടണം.എന്നിട്ട്‌ മിക്‌സിയില്‍ വച്ച്‌ ചതയ്‌ക്കണം.അവനെ ഉഴുന്നും അരിയും വറുത്തിട്ട്‌ ഇടിച്ചക്കക്കൂട്ടാനുണ്ടാക്കണം.ഞാന്‍ തൃശൂരായിരിക്കുമ്പോള്‍..''
``കാര്‍ത്യായനിയമ്മ അമ്മിക്കല്ലേ വച്ച്‌ ഇടിച്ച്‌ ഇടിച്ചക്കത്തോരന്‍ ഉണ്ടാക്കിത്തരണ കഥയല്ലേ.അതിവിടെ പലവാരം ഓടിയതാ.''
ഞാന്‍ അവളെ സ്‌നേഹത്തോടെയും സഹതാപത്തോടെയും നോക്കി.പിന്നെ പതുക്കെ തലയിലൊന്നു തലോടി.
``പറയുമ്പം കാര്‍ത്യായനിയമ്മ നായര്‍ത്തറവാട്ടിലൊക്കെയാ ജനിച്ചത്‌.വടക്കാഞ്ചേരിക്കപ്പുറമാ അവരുടെ വീട്‌.പക്ഷേ,പത്താംവയസ്സില്‌ വേറേ വീട്ടില്‌ വേലയ്‌ക്ക്‌ നില്‍ക്കാനായിരുന്നു യോഗം.''
ഞാന്‍ പറഞ്ഞു.
``ഞാനും ആ നാട്ടുകാരിയൊക്കെ തന്നെയാ..ചക്ക കൊണ്ടുവന്നാ അസ്സലായിട്ടു വച്ചുതരാം.''
ചെറുതും വലുതുമടക്കം അവരുടെ പ്ലാവില്‍ മുപ്പത്തിയൊന്നു ചക്കയുണ്ട്‌.കണ്ടാല്‍ കുശലം പറച്ചിലൊക്കെയുണ്ടെങ്കിലും കയറിച്ചെന്ന്‌ വീട്ടുകാരോട്‌ ചക്ക ചോദിക്കാനൊരു മടി.അവര്‍ വടക്കന്‍ പറവൂരുകാരാണെന്നറിയാം.എന്നാലും ഇന്നത്തെ കാലത്ത്‌ ഒരു വീട്ടില്‍ ചക്ക ചോദിച്ചുചെന്നാല്‍ ദരിദ്രവാസിയെന്നല്ലാതെ `തങ്കപ്പെട്ട മനുഷ്യന്‍' എന്നാരും പറയില്ല.അതുറപ്പാണ്‌.
``പ്രീമിയറീ ചെന്നാ ചക്ക വാങ്ങാന്‍ കിട്ടും.ചെലപ്പോ ഇടിച്ചക്കപ്പരുവോം കാണും.പോയി വാങ്ങീട്ടുവാ..''
കളമശ്ശേരിയില്‍ പണ്ട്‌ പ്രീമിയര്‍ ടയേഴ്‌സ്‌ ഉണ്ടായിരുന്ന കാലത്തെ പേരാണത്‌.ഇപ്പോള്‍ പ്രീമിയര്‍ പോയി അപ്പോളോ ടയേഴ്‌സ്‌ വന്നു.എന്നിട്ടും അറിയപ്പെടുന്നത്‌ പ്രീമിയര്‍ ജംഗ്‌ഷന്‍ എന്നുതന്നെ.അവിടെപ്പോയി ചക്ക വാങ്ങി വരാനുള്ള അവളുടെ നിര്‍ദ്ദേശം കുഴപ്പമില്ല.ലോറിയില്‍ കയറ്റി വാട്ടിക്കൊണ്ടുവന്ന ചക്കയാവുമെന്നേയുള്ളു.മുള്ളൊക്കെ ചതഞ്ഞിട്ടുണ്ടാകും.മുളഞ്ഞീനും കാര്യമായി ഉണ്ടാവില്ല.ചീരയും കപ്പയും മാങ്ങയുമൊക്കെയായി ഏരൂര്‍,മഞ്ഞുമ്മല്‍ ഭാഗത്തുനിന്ന്‌ പ്രായമായ കൃഷിക്കാരെത്തുന്നത്‌ പ്രീമിയറിലേക്കാണ്‌.
അങ്ങനെയൊക്കെ സംസാരിച്ചെങ്കിലും അന്ന്‌ ഞാന്‍ ചക്ക വാങ്ങാന്‍ പോയില്ല.എന്നിട്ടും വിഷുവിന്‌ മൂന്നുദിവസം മുമ്പ്‌ ഞാന്‍ നോക്കിക്കൊതിച്ച ചക്കയുടെ ഉടമസ്ഥ വലിയൊരു ചക്കയും ചുമന്ന്‌ കോണി കയറിവന്നു.ഞാനും ഭാര്യയും വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.നാലംഗങ്ങളുള്ള കുടുംബത്തിന്‌ രണ്ടു നേരം സുഭിക്ഷമായി കഴിക്കാനുള്ള വലുപ്പമുണ്ട്‌ ചക്കയ്‌ക്ക്‌.
``കൊറെ നാളായി വിചാരിക്കുന്നു നിങ്ങക്ക്‌ ചക്ക തരണമെന്ന്‌..''
എന്റെ മനസ്സു വായിച്ചതുപോലെ ചെവിപ്പുറകിലേക്ക്‌ മുടിയൊതുക്കിവച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.അവരുടെ പേര്‌ ജോളി എന്നാണ്‌.ഒത്ത ഉയരവും മദ്ധ്യവയസ്സിന്റെ ഉറച്ച ശരീരവും.ക്രിസ്‌ത്യന്‍ കുടുംബം.മുറ്റത്തെ പ്ലാവിലകള്‍ അടിച്ചുവാരുന്ന ജോളിയെ ഞാന്‍ രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാറുണ്ട്‌.ചക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ഉപചാരപൂര്‍വ്വം ചിരിച്ചു.മുള്ളമര്‍ന്ന മൂത്ത ചക്ക.പച്ചയ്‌ക്കുതന്നെ തിന്നാന്‍ തോന്നും.
``ഉപ്പേരിയുണ്ടാക്കാം കേട്ടോ.നിങ്ങടെ വിഷുവല്ലേ വരണത്‌.''
കൈ തമ്മിലുരച്ച്‌ മണ്ണുകളഞ്ഞുകൊണ്ട്‌ ജോളി പറഞ്ഞു.
``അല്ലെങ്കീ വെട്ടിപ്പുഴുങ്ങാം.ബാക്കി പഴുപ്പിക്കാം.നല്ലപോലെ മൂത്തതാ.പുഴുക്കുണ്ടാക്കാനൊക്കെ അറിയില്ലേ.''
എന്റെ ഭാര്യയോട്‌ അയല്‍ക്കാരി കാര്യമായിത്തന്നെ ചോദിച്ചു.അറിയാമെന്ന്‌ അവള്‍ സമ്മതിക്കുകയും ചെയ്‌തു.പിന്നെ അവരുടെ വര്‍ത്തമാനങ്ങളായി.ഞാന്‍ ചക്ക താങ്ങിയെടുത്ത്‌ അടുക്കളയില്‍ വച്ചു.അയല്‍ക്കാരിയുടെ ആരോഗ്യത്തില്‍ എനിക്ക്‌ മതിപ്പുതോന്നി.തേങ്ങയും ജീരകവും പച്ചമുളകും പാകത്തിന്‌ വെളുത്തുള്ളീം കറിവേപ്പിലയും വെളിച്ചെണ്ണയില്‍ കുഴഞ്ഞുകിടക്കുന്ന കടുംമഞ്ഞ ചക്കപ്പുഴുക്ക്‌ ഞാന്‍ മനസ്സില്‍ കണ്ടു.പ്ലേറ്റിന്റെ ഒരരികില്‍ നിന്ന്‌ കഴിച്ചുതുടങ്ങണം.കുറച്ചുനേരത്തെ സംസാരത്തിനുശേഷം അവര്‍ പോകാനൊരുങ്ങി.
``ഒരു ചക്ക താഴേം കൊടുക്കണം.നമ്മുടെ ഇത്തായ്‌ക്കും കൊടുക്കണം.''
ജോളി `താഴെ'എന്നതുകൊണ്ടുദ്ദേശിച്ചത്‌ ഞങ്ങളുടെ വീട്ടുടമസ്‌ഥരെയാണ്‌.അവരും ജോളിയുമൊക്കെ ഒരേ ഇടവകാംഗങ്ങള്‍ കൂടിയാണ്‌.തൊട്ടുമുന്നിലെ മറ്റുരണ്ട്‌ അയല്‍ക്കാരിലൊരാളാണ്‌ ട്രാവല്‍സ്‌ നടത്തുന്ന കരീമിക്കയും വ്യവസായവകുപ്പിലെ മുരളിയും.കരീമിക്കയുടെ ഭാര്യയാണ്‌ ഖദീജാത്ത.എപ്പോളും ചിരിക്കുന്ന ഞങ്ങളുടെ ഇത്ത.അതിനപ്പുറം ശേഖറും കുടുംബവും...ആര്‍ക്കും കാര്യമായ മുറ്റമോ കായ്‌കറികളോ അതിലൊരു വാഴയെങ്കിലുമോ ഇല്ല.
സര്‍ക്കാരുദ്യോഗസ്ഥരായിരുന്ന മുരളിക്കും ഭാര്യയ്‌ക്കും വീട്ടുമുറ്റത്ത്‌ രണ്ടുകൊല്ലം മുമ്പുവരെ വലിയൊരു പ്ലാവുണ്ടായിരുന്നു.ഇടപ്പള്ളി കവലയ്‌ക്കടുത്ത്‌ മറ്റൊരു വീടുകൂടി വച്ച്‌ അവര്‍ താമസം മാറിയതോടെ ഇവിടുത്തെ വീട്‌ അവരൊന്നു പരിഷ്‌കരിച്ചു.വില്‌പനയായിരുന്നു ഉദ്ദേശം.പുതുക്കിപ്പണിയലിന്റെ ഭാഗമായി മതിലിന്‌ ചേര്‍ന്ന്‌ തണല്‍ പരത്തി നിന്നിരുന്ന പ്ലാവ്‌ വെട്ടി.മുറ്റത്ത്‌ അകപ്പൂട്ടുള്ള ഇഷ്‌ടിക വിരിച്ചു.ആ പ്രദേശത്തിന്റെ ശോഭയും പോയി ചൂടും കൂടി.സമീപകാലത്തുണ്ടായ ഭൂമിവില്‌പനയിലെ ചില തകിടംമറികളാണ്‌ അവരുടെ വീടുവില്‌പനയെയും ബാധിച്ചത്‌.ഇപ്പോളുമത്‌ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.പ്ലാവ്‌ വെട്ടലും മോടിപിടിപ്പിക്കലും ഒഴിവാക്കിയിരുന്നെങ്കില്‍ വില കുറച്ച്‌ മുരളിക്ക്‌ വീട്‌ പണ്ടേ വില്‍ക്കാമായിരുന്നു.എന്തായാലും ആള്‍പ്പാര്‍പ്പില്ലാത്തത്‌ അവിടെമാത്രം.അങ്ങനെ 23 കുടുംബങ്ങള്‍.11 മാസം മുമ്പ്‌ ഞങ്ങളെല്ലാംകൂടി `സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍' രൂപീകരിച്ചു.അതോടെ ആലപ്പുഴക്കാരന്‍ ഔതാ മുതലാളി 1989-ല്‍ അവസാനിപ്പിച്ച ട്രാവന്‍കൂര്‍ ഒമേഗാ ഗ്ലാസ്‌ ഫാക്‌ടറിയുടെ ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ പ്രദേശം `സ്‌ട്രോബറി നഗറാ'യി മാറി.പേരങ്ങിനെയാണെങ്കിലും ആര്‍ക്കും മുറ്റത്ത്‌ സ്‌ട്രോബറിയൊന്നുമില്ല.
ജോളി പോയിക്കഴിഞ്ഞ ഉടനെതന്നെ ഞാനും ഭാര്യയും ചക്കയുടെ പണി തുടങ്ങി.താഴത്തെ വീട്ടില്‍ നിന്ന്‌ വലിയ മടവാള്‍ സംഘടിപ്പിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.ചക്ക രണ്ടുതുണ്ടമായി ഞാന്‍ വെട്ടിപ്പിളര്‍ത്തി.തറയിലേക്ക്‌ പാലുപോലെ മുളഞ്ഞീന്‍ ഒഴുകാന്‍ തുടങ്ങി.പ്രകൃതിയുടെ ജൈവഗന്ധം ചുറ്റിനും നിറഞ്ഞു.
``എന്തൊരു മണാ,അല്ലേടോ.''
ആവേളത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ ഭാര്യ എന്നെനോക്കി.അവള്‍ക്കറിയാം.കപ്പ,ചക്ക,ചേന.ചേമ്പ,കാച്ചില്‍ ഒക്കെയാണ്‌ എനിക്ക്‌ പ്രിയം.
``കുറച്ച്‌ പഴുപ്പിക്കാനെടുക്കാം.കുറച്ച്‌ വറുത്തുപ്പേരിക്കുമെടുക്കാം.''
ഞാന്‍ പറഞ്ഞു.മടല്‍ നീക്കിയ ചക്ക വെട്ടി ചുള വേര്‍തിരിക്കുന്നതിനിടയില്‍ അവള്‍ ഒരു മോഹം വെളിപ്പെടുത്തി.
``മാങ്ങ വാങ്ങിയാ ചക്കക്കുരുവിട്ട്‌ നല്ല കൂട്ടാന്‍ വയ്‌ക്കായിരുന്നു.''
``മാങ്ങേടെ വെലയെന്താന്നറിയ്യോ നിനക്ക്‌.കിലോയ്‌ക്ക്‌ അമ്പത്തിയെട്ട്‌ രൂപ.''
``അയ്യോ.എന്നാ മുരിങ്ങക്കായ മതി.''
മടലും മറ്റും വാരി തറ വൃത്തിയാക്കിയശേഷം ഞാനും അവളുടെ കൂടെക്കൂടി.കുരു വേര്‍പെടുത്തിക്കൊടുത്തു.അവള്‍ വേഗം വേഗം ചക്ക അരിഞ്ഞു.സ്‌ഫടികത്തിന്റെ വട്ടപ്പാത്രത്തില്‍ വിരല്‍നീളമുള്ള ചന്ദനച്ചക്കക്കൊത്തുകള്‍ നിറയാന്‍ തുടങ്ങി.ഇടക്കിടെ അതിലോരോന്നെടുത്ത്‌ ഞാന്‍ ചവച്ചു.
``മതി.വയറുവേദനയെടുക്കും.ചക്കയാ സാധനം.''
നികക്കെ വെള്ളമൊഴിച്ച്‌ ഉപ്പിട്ട്‌ ചക്ക അടുപ്പില്‍ കയറുന്നതുവരെ ഞാന്‍ അതിലെ ചുറ്റിപ്പറ്റി നടന്നു.പിന്നെ ചക്കയെ വേകാന്‍ അനുവദിച്ച്‌ പുറത്തുകടന്നു.
വലിയൊരു കഷണം ബാക്കിയുണ്ട്‌.വിഷുവിന്‌ ചക്കയുപ്പേരി പുറത്തുനിന്ന്‌ വാങ്ങേണ്ടതില്ല.വറുത്താലും ബാക്കിവരും.അത്‌ പഴുപ്പിക്കാം.പെട്ടെന്ന്‌ മറ്റൊരാശയം തോന്നി.
``എങ്കീ നമുക്ക്‌ ചക്കപ്പഴം വരട്ടി ചക്കയടയുണ്ടാക്കാം.''
``അതിന്‌ നല്ല കനമുള്ള ഉരുളി വേണം.പിന്നെ ചക്ക വരട്ടാന്‍ പണിയെത്രയുണ്ടെന്നറിയാമോ..എളുപ്പമല്ല.''
നിരാശനാവാതെ ഞാന്‍ പറഞ്ഞു.
``നോക്കാം.വരട്ടെ.''
അന്നത്തെ അത്താഴം ഹൃദ്യമായി.ചോറല്ല,ചക്കപ്പുഴുക്കാണ്‌ അധികവും കഴിച്ചത്‌.കടുമാങ്ങ ഉപ്പിലിട്ടതായിരുന്നു തൊടുകറി.
പിറ്റേന്ന്‌ വൈകുന്നേരം,ചക്ക കുറച്ചെടുത്ത്‌ വറുത്തുപ്പേരിയുണ്ടാക്കി.അപ്പോഴാണ്‌ അവളോര്‍ത്തത്‌.
``അടുത്ത കൊല്ലം നമ്മള്‌ ചക്ക തിന്ന്‌ മടുക്കും.''
``എന്തേ..പ്ലാവു വല്ലതും പാട്ടത്തിനെടുക്കാന്‍ പ്ലാനുണ്ടോ.''
ഞാന്‍ ചോദിച്ചു.
``ചന്ദ്രേട്ടാ..തമാശ കള.''
``കളഞ്ഞു.''
``ഈ വല്യ ചക്കമുറി നമുക്ക്‌ കണി വയ്‌ക്കാം.''
വിഷുവിന്‌ രണ്ടുദിവസം കൂടിയുണ്ട്‌.ആശയം നല്ലതായി എനിക്കും തോന്നി.കഴിഞ്ഞ രണ്ടു കൊല്ലവും ചക്കയുണ്ടായിരുന്നില്ല.തുടര്‍ന്ന്‌ ഒരു സംശയവും അവള്‍ തന്നെ ചോദിച്ചു.
``അപ്പളേക്കും പഴുത്തുപോക്വോ.''
``പഴുത്താല്‍ പഴുക്കട്ടെ.അല്ലെങ്കില്‍ പഴച്ചക്കയാവട്ടെ കണി.''
അവള്‍ക്ക്‌ ചെറുതായി ദേഷ്യം വന്നു.ചുണ്ടു കൂര്‍മ്പിച്ചുപിടിച്ച്‌ അവള്‍ പറഞ്ഞു.
``എന്നാപ്പിന്നെ പഴമാങ്ങ,പഴച്ചക്ക...''
ബാക്കി ഞാന്‍ പൂരിപ്പിച്ചു.
``പഴപ്പാവുമുണ്ട്‌,പഴവാല്‍ക്കണ്ണാടി,പഴക്കണ്ണന്‍...''
അവള്‍ എന്നെയൊന്നുനോക്കി.പിന്നെ താഴെ വീടുകളില്‍ വറുത്തുപ്പേരി കൊടുക്കാനായി പടിയിറങ്ങി.
രണ്ടുപേരുടെയും ജോലിത്തിരക്കിനിടയില്‍ അടുക്കളത്തട്ടിനു താഴെ വച്ചിരുന്ന ചക്കയെപ്പറ്റി ഞങ്ങള്‍ പിന്നീട്‌ ഓര്‍ത്തില്ല.വിഷുത്തലേന്നാണ്‌ ആ കാര്യം ആലോചിച്ചത്‌.നോക്കുമ്പോള്‍ ഭാഗ്യം,പഴുത്തിട്ടില്ല.പൂപ്പല്‍ പരന്നിട്ടുണ്ട്‌.ഒരു വൃത്തിയുമില്ലാത്ത കറുത്ത പൂപ്പല്‍.
``ഈ കരി കാണണോ കാലത്തുതന്നെ..''
``അതു കരിയൊന്നുമല്ല.ഫംഗസാ..''
``സിഫിലിസ്‌ കയറിയ ചക്ക.''
``ഛേ..''
വിഷു കഴിഞ്ഞ്‌ രണ്ടു ദിവസമായിട്ടും ചക്ക പഴുത്തില്ല.
ഞാന്‍ ഓഫീസില്‍ പലരോടും ഇതേപ്പറ്റി പറഞ്ഞിരുന്നു.ഒരു ചക്ക കിട്ടിയതിനെപ്പറ്റി ഇത്രയൊക്കെ പറയാനുണ്ടോന്ന്‌ ചിലരൊക്കെ തിരക്കുകയും ചെയ്‌തു.എന്തായാലും പഴച്ചക്ക മണം പരത്താന്‍ കാത്തിരിക്കുന്നതിനിടയിലാണ്‌ പുതിയ വീട്ടില്‍ താമസം തുടങ്ങിയ മുരളി വിളിച്ചത്‌.
``ചന്ദ്രകുമാറേ..ഒരു ടൂറുണ്ട്‌.കൂടുന്നോ..''
ഒരാഴ്‌ചത്തെ ഉല്ലാസയാത്രയാണ്‌ അവര്‍ ഒരുക്കിയിരുന്നത്‌.ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെ ഒരു പര്യടനം.ആകെ ആറുകുടുംബം.അതിലൊരു സംഘം അവിചാരിതമായി യാത്ര ഒഴിവാക്കി.ആ വിടവില്‍ രണ്ടുപേര്‍ക്ക്‌ പോകാം.ആരെങ്കിലും പോയേ പറ്റൂ.ഇല്ലെങ്കില്‍ മറ്റുള്ളവരുടെ യാത്രയും തകരാറിലാവും.
``എന്താ വേണ്ടേ..ഈ അവസ്ഥയില്‍ അവര്‌ നമ്മളെ പ്രതീക്ഷിക്കുന്നുണ്ട്‌.''
``എന്നാ പോകാം.ലീവുണ്ടല്ലോ..പൈസയ്‌ക്കും വല്യ പ്രശ്‌നമില്ല.''
``പക്ഷേ..?''
ഞാന്‍ ചെറിയൊരാലോചന നടത്തി.അവള്‍ക്ക്‌ മനസ്സിലായില്ല.
``ഊം..എന്താണ്‌.''
``ചക്ക പഴുക്കുമ്പോ...''
അവള്‍ എന്നെയൊന്നു നോക്കി.പിന്നെ ഒട്ടും ചിരിക്കാതെ സ്‌ത്രീസഹജമായ നര്‍മ്മത്തില്‍ പറഞ്ഞു.
``നമുക്കതും കൂടി എടുക്കാം.വണ്ടീവച്ച്‌ തിന്നാല്ലോ.''
ഞങ്ങള്‍ തീര്‍ത്ഥാടനത്തിന്‌ പോകാന്‍ തന്നെ തീരുമാനിച്ചു.അപ്പോഴാണ്‌ വീണ്ടും ചക്ക പ്രശ്‌നമായത്‌.ബാക്കിയിരിക്കുന്ന അരമുറി ചക്കയെ എന്തുചെയ്യണം.മൂന്ന്‌ അയല്‍ക്കാര്‍ക്കും വേണ്ട.അതിനാല്‍ കളഞ്ഞേ പറ്റൂ.എവിടെ കളയും.
സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നതു വരെ ടി.ഓ.ജി റോഡരികിലായിരുന്ന ഇവിടുത്തുകാര്‍ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്നത്‌.അതൊക്കെ ചീഞ്ഞുനാറി ദുര്‍ഗന്ധമായി.ഒടുവിലാണ്‌ അസോസിയേഷന്‍ ഉണ്ടാക്കിയതും കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തിയതും.അതോടെ റോഡ്‌ മാലിന്യമുക്തമാകുകയും വെള്ളയും നീലയും തകരക്കുട്ടകള്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു.കുടുംബശ്രീ തരുന്ന കുട്ടകളിലായി ഇവിടത്തുകാരുടെ മാലിന്യശേഖരണം.
വീട്ടില്‍ ഞങ്ങള്‍ രണ്ടാളുകള്‍ മാത്രമായതിനാലും സസ്യഭുക്കുകളായതിനാലും അടുക്കളമാലിന്യം നന്നേ കുറവായിരുന്നു.ഇത്തിരി പഴകിയ കറി..അല്‌പം പച്ചക്കറിത്തോല്‌..അതൊക്കെ തൊട്ടടുത്ത ആളില്ലാപ്പറമ്പിലേക്ക്‌ ടെറസ്സില്‍ നിന്ന്‌ എറിയുകയായിരുന്നു പതിവ്‌.വില്‍ക്കാതെ തര്‍ക്കത്തില്‍ പെട്ടുകിടക്കുന്ന തരിശുപറമ്പായിരുന്നു അത്‌.പ്ലാസ്റ്റിക്കും കടലാസ്സുമൊക്കെ താഴെ വീട്ടുടമസ്ഥരുടെ അനുമതിയോടെ പിന്‍വശത്തെ ഇടുങ്ങിയ മുറ്റത്തിട്ട്‌ കത്തിക്കും.നാലുമാസം മുമ്പ്‌ തര്‍ക്കം തീരുകയും ഒഴിഞ്ഞുകിടന്ന സ്ഥലം ഭാഗങ്ങളാക്കി വിറ്റുപോവുകയും അവിടെ വിസ്‌മയിപ്പിക്കുന്ന വേഗതയില്‍ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്‌തു.അതോടെ ഞങ്ങള്‍ക്ക്‌ മാലിന്യം കളയാന്‍ വാസ്‌തവത്തില്‍ ഇടമില്ലാതായി.
``മുമ്പാണെങ്കില്‍ ചക്ക അങ്ങോട്ട്‌ ഇട്ടാല്‍ മതിയായിരുന്നു.''
പിന്നിലായി ഉയര്‍ന്നിട്ടുള്ള മൂന്നുനില വീടു നോക്കി അടുക്കളക്കടുത്തുനിന്ന്‌ ഞാന്‍ പറഞ്ഞു.
``കുടുംബശ്രീയില്‍ പറഞ്ഞ്‌ നമുക്കും രണ്ട്‌ ബക്കറ്റ്‌ വയ്‌ക്കണം.''
``ഈ നേരത്ത്‌ അതുപറ്റില്ലല്ലോ.ഇപ്പോള്‍ എന്തുചെയ്യും.അതാലോചിക്ക്‌.''
``റോഡില്‍ക്കൊണ്ടുപോയിട്‌.''
``വീപ്പകളൊന്നുമില്ല.വെറുതെയിടാനും പറ്റില്ല.''
അവള്‍ ആലോചിച്ചുനിന്നു.പിന്നെ ആത്മഗതം നടത്തി.
``വെറുതെയല്ല മനുഷ്യന്മാരൊക്കെ ഹോട്ടല്‍ജീവികളായത്‌.''
എന്തായാലും ചക്കയെ അടുക്കളയില്‍ നിന്ന്‌ ഒഴിവാക്കിയേ പറ്റൂ.അല്ലെങ്കില്‍ തീര്‍ത്ഥാടനം കഴിഞ്ഞ്‌ വരുമ്പോളേക്കും പഴുത്തുനാറി വീട്‌ വൃത്തികേടായിട്ടുണ്ടാവും.
പിറ്റേന്ന്‌ യാത്രപോകാനുള്ള ഒരുക്കങ്ങളിലാണ്‌ ഭാര്യ. അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തെ പറ്റി ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.ഒടുവിലാണ്‌ ഈ സ്ഥലം മനസ്സില്‍ തെളിഞ്ഞത്‌.യൂണിവേഴ്‌സിറ്റി സ്റ്റോപ്പ്‌ വഴിയാണ്‌ ഞങ്ങളുടെ യാത്രകള്‍ അധികവും.പ്രീമിയര്‍ ജംഗ്‌ഷനിലേക്ക്‌ അധികം പോകാറില്ല.എങ്കിലും ചക്ക കളയാനായി പ്രീമിയറിലേക്കുള്ള വഴിയിലെ ചതുപ്പുസ്ഥലത്തുപോകാനായി ഞാന്‍ തീരുമാനിച്ചു.
``അയ്യോ.കുരു എടുത്തുവച്ചിട്ട്‌ കളയായിരുന്നു.''
ചക്കയുമായി ഇറങ്ങാന്‍നേരം അവള്‍ പറയുന്നത്‌ കേട്ട്‌ എനിക്കു ദേഷ്യം വന്നു.ഇത്രനാളും ഇവിടെയിരുന്നിട്ട്‌ തോന്നാത്ത കാര്യംമാണ്‌ ഇപ്പോള്‍ മൂന്നാംമണിക്കൂറില്‍....ഒരു പ്രേതത്തെ കൊണ്ടുപോയി മറവുചെയ്യുന്നതുപോലെ ദുഷ്‌കരമായതും കണ്ടുപിടിക്കപ്പെട്ടാല്‍ നാണക്കേടാവുന്നതുമാണ്‌ ഈ കര്‍മ്മം.കൊല ചെയ്യുന്നതിനേക്കാള്‍ പാതകമാണ്‌ നഗരത്തില്‍ മാലിന്യം വിതററുന്നത്‌.
ഞാന്‍ ചക്കയെ ഒരു പോളിത്തീന്‍ കവറിലാക്കി.ഒരു കബന്ധം ഒളിപ്പിക്കുന്നതുപോലെ എനിക്ക്‌ ശൂന്യത അനുഭവപ്പെട്ടു.മൂകമായ മനസ്സോടെ ഞാന്‍ ചതുപ്പിലേക്ക്‌ നടന്നു.പരിസരത്തെ വീടുകള്‍ മിക്കവാറും നിശ്ശബ്‌ദമായിരുന്നു.ദൂരെ നിന്ന്‌ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദങ്ങള്‍ മാത്രം.ഞാന്‍ പതിയെ നടന്നു.
ഇറക്കമിറങ്ങിക്കിടക്കുന്ന പച്ചപ്പിന്റെ നെടുംവര.നിലാവിന്റെ സമ്മോഹനമായ രാക്കാഴ്‌ച.
കലുങ്കിനരികില്‍ ചെന്നുനിന്ന്‌ ചുറ്റും നോക്കി ചക്കപ്പൊതി ഞാന്‍ പതിയെ നിലത്തേക്ക്‌ ഊര്‍ത്തിയിട്ടു.കൈയിനെയും ശരീരത്തെയും ആവേശിച്ചിരുന്ന ഭയാനകമായ ഭാരം ഒഴിഞ്ഞുപോയി.
``ഓടിവരണേ...ആരോ ശവം തള്ളിയേച്ച്‌ പോണേ...''
ആ നിമിഷം ഇരുട്ടില്‍നിന്ന്‌ അങ്ങനെയാരോ വിളിച്ചുകൂവുന്നതായി എനിക്കുതോന്നി.കിതച്ചുകൊണ്ട്‌ ഞാന്‍ ചുറ്റും നോക്കി.ആരുമില്ല.എന്റെ വിഭ്രാമകമായ തോന്നല്‍മാത്രം.പക്ഷേ അതെന്നെ വല്ലാതെ വിയര്‍പ്പിച്ചിരുന്നു.
ആഴ്‌ചകള്‍ കഴിഞ്ഞിട്ടും അതേ തോന്നലാണ്‌ ഇപ്പോഴുമെനിക്ക്‌.ഞാനെറിഞ്ഞ അവശിഷ്‌ടം നിരവധി സാക്ഷികളോടെ ആ പാഴ്‌പ്പറമ്പില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയാനാവാത്ത മനുഷ്യരുടെ രഹസ്യംപോലെ..
അരമുള്ള കരിമ്പച്ച ഇലകളില്‍ നിലാവനങ്ങുന്നു.ഞാന്‍ പ്ലാവിലകളില്‍ തലോടി.കരുത്തോടെയാണ്‌ അവ തലപൊക്കിനില്‍ക്കുന്നത്‌.
കലുങ്കിന്‌ താഴേക്കിറങ്ങി ഇളകിയ മണ്ണില്‍നിന്ന്‌ ഒരു പ്ലാവിന്‍ തൈ ഞാന്‍ പിഴുതെടുത്തു.ചക്കക്കുരു പിളര്‍ന്ന്‌ ഉയര്‍ന്ന തണ്ടില്‍നിന്ന്‌ നാലഞ്ചിലകള്‍.അപ്പോഴൊരു കാറ്റുവീശി.കഥകളില്‍ പറയാറുള്ളതുപോലെ,കുളിര്‍പ്പിക്കുന്ന ഒരു മന്ദമാരുതനായിരുന്നു അത്‌.

43 comments:

 1. ആദ്യമായാണ് ഞാനീ ബ്ലോഗില്‍ എന്‍റെയൊരു കഥ ചേര്‍ക്കുന്നത്.ഇത് ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.ഒരിക്കല്‍ വായിച്ച വായനക്കാര്‍ ക്ഷമിക്കുമല്ലോ.
  കഥയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ എഴുതിയാലും.

  ReplyDelete
 2. കഥ മാധ്യമത്തില്‍ വായിച്ചതാണ്, ഇഷ്ടപ്പെട്ടതും.....

  ഇവിടെ ഇഷ്ടപ്പെട്ടത് മറ്റൊന്ന്.. അച്ചടിമാധ്യമത്തില്‍ നിന്ന് ബൂലോകത്തേക്കുള്ള വരവ് ആദ്യായിട്ടാവണം... ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് അച്ചടിമാധ്യമങ്ങളുടെ ഔദാര്യം ആണെന്ന് തോന്നും ചിലപ്പോള്‍.. അതിനൊരു അടിയായി ഇത്.. അഭിനന്ദനങ്ങള്‍.. ആശംസകള്‍..

  ReplyDelete
 3. ഗൃഹാതുരമായ നമ്മടെ ചക്ക മനസ്സില്‍ ഒരു ആളൊഴിഞ്ഞ പറംബു തേടുന്നതിന്റെ ശോകമൂകമായ ദുഖം ഒരു ഫ്ലാറ്റിലിരുന്നു കടിച്ചമര്‍ത്തുന്ന എല്ലാവര്‍ക്കും ബാധകമായ കഥ :) ഹൃദ്യമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

  ReplyDelete
 4. കഥ നേരത്തെ വായിച്ചിട്ടില്ല, പച്ചപ്പുള്ള അവതരണം വളരെ ഇഷ്ടമായി.
  നന്ദി, കഥ ബ്ലോഗില്‍ ചേര്‍ത്തതിന്..

  ReplyDelete
 5. നല്ല ഭംഗിയുള്ള എഴുത്ത്.കഥ മുന്നേ വായിക്കാത്തതു കൊണ്ട് സുന്ദരമായി ഇപ്പോള്‍ വായിച്ചു.:)

  ReplyDelete
 6. നല്ല 'ചക്ക'..:)

  'ഓര്‍മ്മകള്‍,
  ഓര്‍മ്മകള്‍ വന്നെന്റെ
  മനസ്സുനിറയുന്നു'..

  ReplyDelete
 7. pleasant...like a moonlitnight.(kochu kochu kothikale virunnoottunnumundu ee katha)

  ReplyDelete
 8. കാരൂരിനെ ഓര്മ വരുന്നു...കഥ വായിക്കുമ്പോള്‍...

  ബ്ലോഗില്‍ ഇനിയും ഏറെ കഥകള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 9. നല്ലൊരു കഥ.മഹാനായ ബഷ്ീറ്ിന്റെ പൂവമ്പഴം ഒര്തു പോയി!!

  ReplyDelete
 10. കഥ വായിച്ചിരുന്നു.
  പിന്നെ ചക്ക എന്റെയും പ്രിയപ്പെട്ടതായതിനാല്‍ അഭിപ്രായം എഴുതാതെ വയ്യ.
  ശ്രീമതിയുടെ പക്ഷമാണ് ഞാനും കുരു കളയുന്നത് സങ്കടം തന്നെ.

  അവാര്‍ഡ്‌ കിട്ടിയത് പത്രത്തില്‍ കണ്ടു.
  അഭിനന്ദനങ്ങള്‍..

  ReplyDelete
 11. ഇനിയും പോരട്ടേ.......

  ReplyDelete
 12. ചക്കക്കഥ ചക്കപോലെ പ്രിയങ്കരമായി.

  ReplyDelete
 13. കഥ വായിച്ചു എനിക്കിഷ്ടപെട്ടിട്ടില്ല ........
  ഒരു ചെറിയ കാര്യം പറയാന്‍ ഇത്രയും വളഞ്ഞു
  മൂക്ക് പിടിക്കെണ്ടിയിരുന്നില്ല .
  -- നിലവാരമുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 14. ഞാന്‍ താങ്കളുടെ ഒരു കഥ വായിക്കാന്‍ വന്നതാണ്

  ReplyDelete
 15. ചക്കപുരാണം ഇഷ്ടപ്പെട്ടു.

  ReplyDelete
 16. ചക്കയും ചക്കപ്പുഴുക്കും നന്നായി. ഒഴുക്കുള്ള വായനാനുഭവം. താങ്കളുടെ ഒരു സുഹൃത്താണു മരണവിദ്യാലയം പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന് ആദ്യം നന്ദി. ഇനിയും വായിക്കും.

  ReplyDelete
 17. 'ചക്ക ചരിതം' കൊള്ളാം...
  പരിചിതമല്ലാത്ത നഗരവിശേഷങ്ങളിലൂടെ ചക്കയുടെ മണം മനസ്സില്‍ എത്തിച്ചു തന്നതിന് നന്ദി..
  ഗ്രാമങ്ങളില്‍ വേരുപിടിച്ച മനസ്സ് നഗരങ്ങളിലേക്ക് പറിച്ചുനടുമ്പോള്‍ ഉണ്ടാവുന്ന ചില ഉള്‍പ്പോരുകള്‍ !
  ഹൃദ്യമായ അവതരണം.
  ചക്കതിന്നിട്ടില്ലാത്ത തലമുറയ്ക്ക് ദഹിക്കുമോ എന്ന് മാത്രമേ ഉള്ളു സംശയം .
  ചക്കയെക്കാളുമോ പ്ലാവിനെക്കാളുമോ ആയുസ്സ് ഇത്തരം കഥകള്‍ക്ക് മലയാള മണ്ണിനെ സ്നേഹിക്കുന്ന വായനക്കാര്‍ നല്‍കിയാലേ നാട്ടുനന്മകള്‍ക്കായുള്ള എഴുത്തുകാരന്റെ ഹൃദയവ്യഥകള്‍ക്ക് അല്പമെങ്കിലും ശമനമുണ്ടാകൂ എന്ന് എനിക്ക് തോന്നുന്നു.
  ഒറ്റ നിരീക്ഷണം മാത്രം; പറയാന്‍ ഞാന്‍ ആരുമല്ല എങ്കിലും.
  premier junction -ല്‍ നിന്ന് കലുങ്കിലെക്കുള്ള ദൂരം അല്പം കുറയ്ക്കാമായിരുന്നു!
  വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആണെങ്കിലും കഥാസാരത്തിന് അതില്ലാത്തതിന്റെ പേരില്‍ രുചികുറവു ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല. (=ഓട്ടോക്കാരനോട് ആ dialogu പറഞ്ഞിട്ട് അതിന്റെ വിശദീകരണം നല്‍കാന്‍ പോകണ്ടായിരുന്നു).
  എങ്കിലും അമ്മയ്ക്ക് എപ്പോഴും മോള് സുന്ദരി തന്നെ അല്ലെ!
  http ://mkoottumkal .blogspot .com

  ReplyDelete
 18. കഥ ഇഷ്ട്ടമായി... മനോഹരമായ ക്രാഫ്റ്റ്.
  ഇനിയും കഥകള്‍ ബ്ലോഗില്‍ ഇടുമല്ലോ?

  ReplyDelete
 19. katha nerathe vayichirunnu...abhinadhanagal..............k a kodungallur award -anumodhangallum...........

  ReplyDelete
 20. ഇക്കഥ മുന്‍പ് വായിച്ചതാണ്,
  വീണ്ടും വായിച്ചപ്പോള്‍,
  ചക്കപ്പുഴുക്കിന്റെയും,
  ശര്‍ക്കര ചേര്‍ത്തു ഉണ്ടാക്കാറുള്ള
  ചക്ക അടയുടെയും മണവും
  വന്നെന്നെ പൊതിയുന്നു.
  ആശംസകള്‍,
  വീണ്ടും വരാം.
  സ്നേഹപൂര്‍വ്വം
  താബു

  ReplyDelete
 21. "chakka"has that nice flavour of story telling.but it seems that it is more of 'mulanjil' rather than 'chula'.any way hats off to your craftsmanship.....with best wishes

  ReplyDelete
 22. സൂപ്പർ എന്നൊന്നും പറയാനില്ല, ‘ഒടുവിലത്തെ തച്ച്’ ഒക്കെ മനസ്സിലുള്ളതുകൊണ്ട്. ഈ തീം ഇത്രയേ വികസിപ്പിക്കാൻ സാധിക്കൂ. ഭായ് അതു ഭംഗിയായി ചെയ്‌തു.
  :-)

  ഉപാസന

  ഓഫ് ടോപ്പിക് :

  “മരണവിദ്യാലയം“ വായിച്ചു. അനുകാലികസംഭവങ്ങളെ കഥയിലേക്കു പരിവർത്തിപ്പിക്കുമ്പോൾ വായനക്കാരന്റെ മുൻ‌വായനയെ (പത്രത്തിലുള്ളത്) വിസ്‌മൃതിയിലേക്കു പുറന്തള്ളാൻ കഴിയണം. അല്ലെങ്കിൽ വിഷയത്തിന്റെ തുടർച്ചയിലേക്കു അവൻ ഊന്നും. (എല്ലാം ഇങ്ങിനെയുള്ള കഥകളാണെന്നു ഞാൻ അർത്ഥമാക്കിയിട്ടില്ല)

  ‘മരണവിദ്യാലയം’, “നരജന്മത്തിന്റെ മാനിഫെസ്റ്റോ’ എന്നിവ ബോറടിപ്പിച്ചു. രണ്ടാമത്തേത് മുഴുവൻ വായിപ്പിച്ചില്ല. :-)

  ചുടലയിൽ‌നിന്നുള്ള വെട്ടം, ഭൂതമൊഴി, ഹരിതമോഹനം എന്നിവ കൂടുതൽ ഇഷ്‌ടമായി. ഹരിതമോഹനത്തിൽ പ്രകൃതിയുണ്ട്, നല്ല മീഡിയമായി.

  ആശംസകൾ
  :-)
  ഉപാസന

  ReplyDelete
 23. എല്ലാവര്‍ക്കും നന്ദി.ഓരോ പ്രതികരണത്തിലും വളരെ സന്തോഷം.

  ReplyDelete
 24. എന്നാലും ആ ചക്ക നിങ്ങള്ക്ക് വണ്ടിയില്‍
  കൊണ്ടു പോകാമായിരുന്നില്ലേ ? വളരെ
  ഹൃദ്യം ആയി വിവരണങ്ങള്‍.

  ReplyDelete
 25. അങ്കണം അവാർഡ് കിട്ടിയല്ലോ, അനുമോദനങ്ങൾ!

  ReplyDelete
 26. രസകരമായി വായിച്ചു സുസ്മേഷ് ... ന്നാലും ആ ചക്ക കളയേണ്ടി ഇരുന്നില്ല ....
  ബ്ലോഗ്‌ ഇഷ്ടമായി .. പിന്തുരരുന്നു ...

  ReplyDelete
 27. അഭിനന്ദനങ്ങള്‍..
  സ്നേഹപൂര്‍വ്വം.

  ReplyDelete
 28. ചക്ക കഥ ....നന്നായി പറഞ്ഞു

  ReplyDelete
 29. 'ചക്ക' കേരളത്തിന്റെ ദേശീയ ഫലം ആയി പ്രഖ്യാപിക്കണം അല്ലെ? ചക്ക ഇഷ്ടമല്ലാത്ത കേരളീയനില്ല......ആശംസകള്‍ ...... കഥ വല്യ ഇഷ്ടമായി....

  ReplyDelete
 30. ചക്ക എനിക്കിഷ്ടമായി, നല്ല അവതരണം.

  ReplyDelete
 31. simply said... nice story,,,maadhyamathil vaayichirunnu.
  nidhish

  ReplyDelete
 32. ഞാന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ഒരുപാട് നല്ല എഴുത്തുകാര്‍ ഉണ്ടെന്നത് ആഹ്ലാദം നല്‍കുന്നു ..
  പ്രിയ എ സ് കുസടിനടുത്ത് .. പിന്നെ സുസ്മേഷ് പ്രിമിയരിനടുത്ത് ..
  ഒരൂസം കുസാറ്റ് ജങ്ഷനില്‍ സുകുമാര്‍ മാഷ് നില്‍ക്കുന്നത് കണ്ടു
  ലീലാവതി ടീച്ചര്‍ എന്റെ ഭാരത മത കോളേജിന്റെ അടുത്ത് ..
  സുസ്മേഷ് ഒരു കാര്യം കൂടി കൃഷ്ണക്രാന്തി വേണമെങ്കില്‍ ആ KSEB യുടെ quarters കോമ്പൌണ്ട് ന്റെ ഉള്ളില്‍ ഉണ്ട് .. :)

  ReplyDelete
 33. പ്രിയ സുസ്മേഷ്,

  'ചക്ക' വായിച്ചു. കണ്ണൂരില്‍ 'മുളഞ്ഞീന്‍' 'വെളഞ്ഞീര്‍'ആണ്‌. നല്ല വായനാനുഭവം.
  - മുയ്യം രാജന്‍, സിംഗറോളി, മദ്ധ്യപ്രദേശ്

  ReplyDelete
 34. പ്രിയപ്പെട്ട രാജേട്ടാ,
  എത്ര കാലത്തിനുശേഷമാണ് നമ്മള്‍ ഇങ്ങനെ കാണുന്നത്!ഒരുപാട് സന്തോഷം തോന്നുന്നു.അന്ന്,പതിനഞ്ച് വര്‍ഷം മുന്പ് പതിനഞ്ച് പൈസയുടെ പോസ്റ്റ്കാര്‍ഡായിരുന്നു നമ്മുടെ ആയുധം.ഇന്ന് ബ്ളോഗായി.അല്ലേ..?സുഖമായിരിക്കുന്നോ..?
  ഞാനൊരു കണ്ണൂര്‍കാരനാണ്.പക്ഷേ കഥയിലെ കഥാപാത്രം മധ്യകേരളത്തിലുള്ള ആളായതിനാലാണ് മുളഞ്ഞീന്‍ എന്നെഴുതിയത്.കഥ ഇഷാടായതില്‍ ആഹ്ലാദം.ഇനിയും എഴുതണം.
  പ്രിയപ്പെട്ട ചേച്ചിപ്പെണ്ണേ,അഭിമാനത്തോടെ ഒരാളെക്കൂടി പരിചയപ്പെടുത്തട്ടെ,ദേശീയ അവാര്‍ഡ് ജേതാവ് പി.എഫ്.മാത്യൂസും കുസാറ്റിനടുത്താണ്.പിന്നെ ജോണി മിറാന്‍ഡയും അവിടെത്തന്നെ.ഗ്രേസി ടീച്ചര്‍ ഇടക്കിടെ ആലുവ വരും.ഒരുപാട് പ്രശസ്തരുണ്ട് എറണാകുളത്ത്.എനിക്ക് അതിലേറെ സന്തോഷം പല ബ്ളോഗുകളിലായി പരല്‍മീനിനെപ്പോലെ വെട്ടിവെട്ടിപാഞ്ഞുകൊണ്ടിരുന്ന ചേച്ചിപ്പെണ്ണ് ഈ നീര്‍ച്ചാലും കണ്ടു എന്നതിലാണ്.ശരിക്കും സന്തോഷം.കേട്ടോ.
  കേളികൊട്ട്,തെച്ചിക്കോടന്‍,മൈഡ്രീംസ്,എന്‍റെ ലോകം,നന്ദി.
  റാണിപ്രിയ,അങ്ങനെയാവട്ടെ.
  ശ്രീനാഥന്‍,പ്രത്യേക നന്ദി.
  എല്ലാവരുടേയും ചക്കപ്രേമത്തിന് ഭാവുകങ്ങള്‍..

  ReplyDelete
 35. ചക്ക എന്ന് തലക്കെട്ട് വായിച്ചതും ആ പ്ലാവിൻ തൈക്കളെ തലോടിയതും വായിച്ചപ്പോ പശുക്കുട്ടിയ്ക്ക് മനസ്സിലായി......

  ഇഷ്ടമായി, കഥ.
  അഭിനന്ദനങ്ങൾ.

  എന്റെ വീട്ടിൽ പ്ലാവുണ്ട്, ഇടിയൻ ചക്ക തോരനുമുണ്ട്.

  ReplyDelete
 36. ഓര്‍മ്മിച്ചതിന്‌ നന്ദി. എല്ലാം ഓര്‍ക്കാറുണ്ട്. മുപ്പതു വര്‍ഷ്മായിവിടെ. ഇനിയുമൊരു 9 വര്‍ഷം കൂടിയുണ്ട്. മൂത്ത മകള്‍ പഠിക്കുന്നതിപ്പോള്‍ കൊച്ചിയിലാണ്‌. ഈ ഏപ്രിലില്‍ മോളെ കാണാന്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ആലുവയില്‍ വണ്ടിയിറങ്ങിയപ്പോള്‍ ആദ്യം ഓര്‍ത്തത് സുസ്മേഷിനെയാണ്‌. പിന്നെ, പണ്ട് മാസിക നടത്തിയിരുന്ന രഞ്ജിത് മട്ടാഞ്ചേരിയേയും. "തര്‍ജ്ജിനി"യില്‍ സ്മിത മീനാക്ഷിയുടെ "ഭൂപടങ്ങള്‍" എന്ന കവിത വായിച്ചപ്പോള്‍, അവരുടെ ബ്ലോഗ് വഴിയാണ്‌ സുസ്മേഷിന്റടുത്തെത്താന്‍ കഴിഞ്ഞത്. ഭാവുകങ്ങള്‍ നേരുന്നു;നല്ല കഥകള്‍ക്കും ഭാവി ജീവിതത്തിനും..

  ReplyDelete
 37. ഒരു ചക്ക മനസ്സില്‍ സൃഷ്ട്ടിച്ച സുഖം.. വേദന .. അങ്ങിനെ ഒരുപാട് വികാരങ്ങള്‍ പറയാന്‍ വാക്കുകള്‍ എനിക്ക് മതിയാവുന്നില്ല..
  നന്ദി നല്ലൊരു വായന തന്നതിന്..

  ReplyDelete
 38. മാഷെ ഞാന്‍ ഒരു കപ്പല്‍ വാങ്ങി ചുമ്മാ ഓടിച് കളിക്കാലോ .....
  പിന്നെ "കളമശ്ശേരിയില്‍ പണ്ട്‌ പ്രീമിയര്‍ ടയേഴ്‌സ്‌ ഉണ്ടായിരുന്ന കാലത്തെ പേരാണത്‌.ഇപ്പോള്‍ പ്രീമിയര്‍ പോയി അപ്പോളോ ടയേഴ്‌സ്‌ വന്നു.എന്നിട്ടും അറിയപ്പെടുന്നത്‌ പ്രീമിയര്‍ ജംഗ്‌ഷന്‍ എന്നുതന്നെ."
  ഈ പേരിനെ ചൊല്ലി ഞാന്‍ കുറെ തല പുകഞ്ഞതാ ....താങ്ക്സ്

  ReplyDelete
 39. പ്രിയ സുസ്മേഷ്,

  നവവത്സരാശംസകള്‍ ! പ്രതികരിക്കാന്‍ വൈകി. അതെ. ഗോണ്‍ ആര്‍ ദ ഡെയ്സ് ! ഞാനിപ്പോഴും പോസ്റ്റ് കാര്‍ഡില്‍ തന്നെ എഴുതുന്നു. 30 വര്‍ഷം കഴിഞ്ഞു കത്തെഴുത്ത് തുടങ്ങിയിട്ട്. 9 വര്‍ഷം കൂടിയുണ്ടിവിടെ. മൂത്തമകള്‍ കൊച്ചിയിലാണ്‌ പഠിക്കുന്നത്. 2 / 3 പ്രാവശ്യം കൊച്ചിയില്‍ വന്നിരുന്നു. നന്മകളോടെ,

  - മുയ്യം രാജന്‍, സിംഗറോളി, മദ്ധ്യപ്രദേശ്

  ReplyDelete
 40. മാധ്യമത്തിൽ വായിച്ചിരുന്നു.
  ലളിതമനോഹരമായൊരു സുസ്മേഷ് കഥ. വായന തുടങ്ങിയപ്പോൾ കഥാഗതിയെക്കുറിച്ച് മറ്റു പലതും ചിന്തിച്ചു. താങ്കളുടെ മറ്റു കഥകളും സൗകര്യം പോലെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുമ്ല്ലോ.....

  ReplyDelete
 41. അകപ്പൂട്ടുള്ള ഇഷ്ടിക പോലത്തെ ചില പ്രയോഗങ്ങൾ കൊള്ളാം സുസ്മേഷ്. :)

  ReplyDelete