Sunday, May 22, 2011

ഒരു നടനും നടനവും അംഗീകരിക്കപ്പെടുന്നു.നമുക്ക് അഭിനന്ദിക്കാം.

പ്രിയപ്പെട്ട ശ്രീ സലീംകുമാര്‍,താങ്കള്‍ക്ക് എന്‍റെ ആത്മാര്‍ത്ഥമായ അഭിന്ദനങ്ങള്‍.ദേശീയ അംഗീകാരത്തിലും ഒപ്പം സംസ്ഥാന ബഹുമതിയിലും.
താങ്കളും താങ്കള്‍ക്ക് അവാര്‍ഡ് നേടിത്തന്ന സിനിമയായ ആദാമിന്‍റെ മകന്‍ അബുവും അതിന്‍റെ പ്രവര്‍ത്തകരും ഈ സന്തോഷം സ്വീകരിക്കുക.പ്രിയ സലീം അഹമ്മദ്,അനുമോദനങ്ങള്‍.
നമുക്ക് ചില ന്യായീകരണങ്ങളുണ്ട്.വിവാഹകന്പോളത്തിലാണെങ്കില്‍ പെണ്ണിന് ഗുണത്തേക്കാള്‍ ഏറെ നിറം മതി എന്നത് അതിലൊന്നാണ്.ആണിനാണെങ്കില്‍ ആണാണ് എന്നതുമാത്രം യോഗ്യതയായി പോരേ എന്നും.!തൊഴിലിടങ്ങളില്‍ മേലധികാരിയാണെങ്കില്‍ അത് പുരുഷനായിരിക്കണം,രണ്ടാമത് സവര്‍ണ്ണനായിരിക്കണം എന്നത് മറ്റൊന്ന്.(ഇല്ലെങ്കില്‍ കസേരയൊഴിഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ മേലധികാരി അതുവരെ ഇരുന്ന കസേരയിലും ഉപയോഗിച്ച കാറിലും ചാണകവെള്ളം തളിക്കും.കഴിഞ്‌ഞ മാസം തിരുവനന്തപുരത്ത് സംഭവിച്ചത്.)അങ്ങനെ മലയാളിയെ സംബന്ധിച്ച് ചില വിചാരങ്ങളുണ്ട്.അതില്‍ മത-ജാതീയത മുതല്‍ രാഷ്ട്രീയ-ലിംഗ വിഭാഗീയത വരെ പ്രതിഫലിക്കും എന്നത് തര്‍ക്കമില്ലാത്ത വസ്തുത.ഏത് രംഗത്തായാലും അംഗീകാരം നേടുന്നത് ഏതെങ്കിലും വിധത്തില്‍ അധകൃതനാണെങ്കില്‍ അംഗീകരിക്കാന്‍ നമ്മള്‍ അറയ്ക്കും.അത് ജാതീയമായിത്തന്നെ വേണമെന്നില്ല.ഉദാഹരണത്തിന് സ്കൂളില്‍ മികച്ച പാഠ്യേതരപ്രവ്രത്തനങ്ങള്‍ നടത്തി ഒരു അദ്ധ്യാപകന്‍ വല്ല ജനശ്രദ്ധയും നേടിയാല്‍ അത് പ്രാധാന അദ്ധ്യാപകന് അര്‍ഹതപ്പെട്ടതല്ലേ എന്ന് ചില 'വാലു'കള്‍ക്ക് ഒരു തോന്നല്‍ വരും.മറ്റൊരു ഉദാഹരണം പറഞ്‍ഞാല്‍, നാടുവിറപ്പിച്ച കള്ളത്തിരുമാലിയെ ജീവന്‍ പണയം വച്ച് ഏതെങ്കിലും കോണ്‍സ്റ്റബിള്‍ പിടികൂടിയാല്‍ പേരാര്‍ക്കാണ്?സി.ഐ മുതല്‍ സംവരണത്തില്‍ ഉല്‍പ്പെടുത്തി രണ്ട് വനിതാകോണ്‍സ്റ്റബിള്‍മാരടക്കമുള്ള പടയ്ക്ക്.!ഇങ്ങനെതന്നെ വാര്‍ത്ത വരണമെന്നത് ഈ വരേണ്യചിന്തയുടെ അലിഖിതകീഴ്വഴക്കമാണ്.അഥവാ നമ്മുടെ ഹിപ്പോക്രസി ഇങ്ങനെയൊക്കെയാണ് പെരുമാറാന്‍ പഠിപ്പിച്ചിരിക്കുന്നത്.അവിടെ മരണത്തെപ്പോലും മുഖാമുഖം കണ്ട യാഥാര്‍ത്ഥ സാഹസികന്‍ കൂട്ടത്തിലൊരാളായിരിക്കും. വീട്ടില്‍ കിടന്നുറങ്ങിയ(അല്ലെങ്കില്‍ നേതൃത്വം കൊടുക്കുകമാത്രം ചെയ്ത)മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും മുന്‍പന്തിയില്‍.ഇതെല്ലാം മലയാളി സമൂഹത്തില്‍ വ്യാപകമായ ചില പ്രവണതകളാണ്.
സലീംകുമാര്‍ എന്ന ചലച്ചിത്ര നടന്‍ ഏതു ജാതിയില്‍പ്പെട്ടയാളാണെന്ന് എനിക്കറിയില്ല.പക്ഷേ ജാതിവിഭാഗീയതക്കപ്പുറം അദ്ദേഹത്തെ ഒരു നടനായി അംഗീകരിക്കാന്‍ ഇവിടെ പലര്‍ക്കും തടസ്സമായി നില്‍ക്കുന്ന ഒരു പ്രധാന വസ്തുതയുണ്ട്.അത് അദ്ദേഹം പോപ്പുലര്‍ സിനിമകളില്‍ സ്ഥിരമായി തമാശവേഷങ്ങള്‍ കെട്ടുന്നു എന്നതുമാത്രമാണ്.അന്തരിച്ച നടന്മാരായ പപ്പുച്ചേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണനും അബൂബക്കറിനും ഒരു പരിധിവരെ ശങ്കരാടിച്ചേട്ടനും വേറൊരു വിധത്തില്‍ അച്ചന്‍കുഞ്ഞിനും നമ്മുടെയിടയില്‍ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.വിദ്യാരംഭമെന്ന ചലച്ചിത്രത്തില്‍ അതുവരെ തമാശവേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള മാമുക്കോയ എന്ന നടനിലെ അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടം നാം ഒരു സീനില്‍ വ്യക്തമായും കണ്ടു.ദി കിംഗില്‍ പപ്പു ചേട്ടനും മുഖത്തടി കൊടുക്കുംപോലെ അത് പ്രേക്ഷകനെ കാട്ടി.അപ്പോഴൊക്കെ ഹാസ്യനടന്മാരെ നല്ല നടന്മാരായി അംഗീകരിക്കാന്‍ ചലച്ചിത്രലോകത്തിന്(പ്രേക്ഷകലോകത്തിനല്ല) മടിയാണ്.ഭരത് ഗോപിയും ഭരത് മുരളിയും അച്ചന്‍ കുഞ്ഞും ആദ്യമഭിനയിച്ച പടങ്ങള്‍ ഗൌരവമുള്ളതായിരുന്നില്ലെങ്കില്‍ അവരും തമാശപ്പടങ്ങളാണ് അഭിനയിച്ചിരുന്നതെങ്കില്‍ അവരെയും നല്ല നടന്മാരായി നമ്മള്‍ അംഗീകരിക്കില്ലായിരുന്നു.എന്തുകൊണ്ട് അവര്‍ക്ക് ഹാസ്യം വഴങ്ങില്ലെന്ന് നാം തീരുമാനിക്കുന്നു..?ജഗതി ശ്രീകുമാറും സലീംകുമാറും ഇന്ദ്രന്‍സും മാമുക്കോയയും അടങ്ങിയ നടന്മാര്‍ ആദ്യമേതന്നെ ഗൌരവമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ നമ്മുടെ മനോഭാവം മാറിയേനെ.പക്ഷേ അങ്ങനെ തീര്‍ത്തുപറയാന്‍ കഴിയില്ല.ഓരോരുത്തര്‍ക്കും തുറന്നുകിട്ടുന്നത് ഓരോ വഴിയാണ്.കിട്ടിയ വഴിയിലൂടെ വന്ന് വേദി പിടിച്ചടക്കുന്നതാണ് പ്രതിഭകളുടെ രീതി.അതാണ് അവരുടെ മിടുക്ക്.അതാണിപ്പോള്‍ സലീംകുമാര്‍ സാധിച്ചെടുത്തിരിക്കുന്നതും.
മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച നടന്മാരാണ്.അവര്‍ ആഴമുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കടന്നുവന്ന് പിന്നീട് ധാരാളം തമാശക്കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.നമ്മള്‍ അംഗീകരിച്ചിട്ടുമുണ്ട്.അതേപോലെ അസാമാന്യ പ്രതിഭകളായ തിലകന്‍ ചേട്ടനും നെടുമുടി വേണുവും ഒന്നാന്തരമായി ഹാസ്യം അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.ജഗതി ശ്രീകുമാറിനെ പോലുള്ള നടന്മാര്‍ അതിഗംഭീരമായി അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.അത് നടന്മാരുടെ കഴിവിന്‍റെ വ്യാപ്തിയാണ്.
എന്നാല്‍ മാമുക്കോയയെ പോലെ,സലീംകുമാറിനെപ്പോലെ,ഇന്ദ്രന്‍സിനെപ്പോലെ ഒരു നടന്‍ മുന്‍നിരയിലേക്ക് വരുന്പോള്‍ മലയാളത്തിലെ പല പ്രതിഭകള്‍ക്കും അവരുടെ വാലുകള്‍ക്കും സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമാണ്.മാധ്യമങ്ങള്‍പോലും ഒരു ചക്കവീണ് മുയല്‍ ചത്തു എന്ന മട്ടില്‍ സംഭവങ്ങളെ അവതരിപ്പിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.സംസ്ഥാന അവര്‍ഡ് പ്രഖ്യാപനം വരുന്ന ഇന്ന്(ഞായറാഴ്ച)മുഖ്യധാരയിലെ മറ്റ് പത്രങ്ങളല്ല മാധ്യമം പത്രമാണ് സലീംകുമാറിനെപ്പറ്റി എഡിറ്റ് പേജില്‍ എഴുതാന്‍ തയ്യാറായത്.നോക്കൂ,സിനിമയെ പ്രോത്സാഹിപ്പിക്കാത്ത ഒരു മതസംഘടനയുടെ പത്രമാണല്ലോ മാധ്യമം.
വിവാഹം കഴിക്കുന്ന പെണ്ണ് എന്തായാലും വെളുത്തിരിക്കണമെന്നും വരന്‍ കാഴ്ചയ്ക്ക് ആണായാല്‍ മതിയെന്നുമുള്ള കടുപിടുത്തങ്ങള്‍പോലെ നല്ല നടന്‍ തൊലിവെളുപ്പുള്ളവനും നല്ല കുടുംബാംഗവും സര്‍വ്വോപരി സ്ഥിരം സംവിധായകരുടെ സ്ഥിരം വടിവൊത്ത വേഷങ്ങള്‍ ചെയ്യുന്നവനുമായിരിക്കണമെന്ന ചിന്താഗതിയും നമുക്കൊന്ന് മാറ്റിപ്പിടിക്കാം.നമുക്ക് തുറന്ന മനസ്സോടെ കഴിവുള്ള ഏതൊരാളെയും അംഗീകരിക്കാം.അവരെ ഇനിയുമിനിയും പ്രോത്സാഹിപ്പിക്കാം.
ഇതിനുമുന്പ് സലീംകുമാറിന് നല്ല വേഷങ്ങള്‍ കൊടുത്ത ലാല്‍ജോസും കമലും അന്‍വര്‍ റഷീദും എം.പത്മകുമാറും ഇപ്പോള്‍ ഓര്‍ക്കപ്പെടേണ്ടതുണ്ട്.
സലീംകുമാര്‍ ഇനിയും പഴയ പോലെ എല്ലാ വേഷങ്ങളും ചെയ്യണം.അതിനിടയില്‍ സലീം അഹമ്മദിനെപ്പോലെ ചിലര്‍ വരും.അവരെ കണ്ടില്ലെന്നു വയ്ക്കാതിരുന്നാല്‍ മതി.ബാക്കി കാലമൊരുക്കിത്തരും.
ഒരിക്കല്‍ കൂടി,ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട സലീംകുമാര്‍ താങ്കള്‍ക്ക് പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍.

28 comments:

  1. ഞാന്‍ ആദ്യമായാണ് സമകാലികസിനിമയെപ്പറ്റി എന്‍റെ ബ്ലോഗില്‍ എഴുതുന്നത്.ഇത് എഴുതാതെ വയ്യ.
    അഭിപ്രായങ്ങള്‍ പങ്കുവയ്ക്കൂ..

    ReplyDelete
  2. സലിം കുമാറിന് അഭിനന്ദനങ്ങള്‍...

    സുഷ്മേഷിന്റെ 'കന്നിസിനിമാലേഖനം' നന്നായിട്ടുണ്ട്..

    ReplyDelete
  3. സലിംകുമാര്‍ എന്ന നടന്‍ അഭിനയത്തോട് അഗാധമായ പ്രണയം ഉള്ള ഒരു അഭിനേതാവാണ്. വിവാഹത്തിന്റെ പിറ്റേ ദിവസം രാവിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയ ഒരു വ്യക്തിയാണ്. പിന്നെയും അഭിനയകലയുടെ അവസാന വാക്കായ നാടകങ്ങള്‍ നിലനിന്ന് കാണാന്‍ വേണ്ടി സ്വന്തമായി നഷ്ടങ്ങള്‍ സഹിച്ചും നാടകട്രൂപ്പ് ഉണ്ടാക്കിയ വ്യക്തിയാണ്. ജീവിതത്തെ പറ്റി, സമൂഹത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തിയാണ്.. സലിംകുമാറിന് നാഷണല്‍ അവാര്‍ഡ് ലഭിച്ച വേളയിലെ ദിലീപിന്റെ ഒരു പ്രസ്താവന ശ്രദ്ധിച്ചാല്‍ മലയാള സിനിമയില്‍ ജാതീയതയേക്കാളേറെ മറ്റൊരു വിഭാഗീയത ഉണ്ടെന്ന് കാണാം. കറുത്തവന്‍, അവര്‍ണ്ണന്‍ എന്നീ വിഭാഗീയത ഉണ്ടോ എന്നത് എനിക്കറിയില്ല. വിവാദപരമായ പല അഭിമുഖങ്ങളിലും അത്തരം ചിലതിനെ പറ്റി ചില നടന്മാര്‍ വികാരം കൊണ്ടത് കേട്ടിട്ടുണ്ട്. അത് അവിടെ നില്‍ക്കട്ടെ. പക്ഷെ, ഇവിടെ ദിലീപിന്റെ വാദഗതി ഒരു പരിധി വരെ ശരിയാണ്. മലയാള സിനിമയില്‍ മിമിക്രി നടന്മാര്‍ എന്നും അല്ലാത്ത നടന്മാരെന്നും ഒരു തരം തിരിവുണ്ട്. ദിലീപ് പറഞ്ഞത് തന്റെ കുഞ്ഞിക്കൂനന്‍ ദേശിയ അവാര്‍ഡ് ജൂറിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മലയാളിയായ ജൂറി അംഗം ഇറങ്ങിപ്പോയെന്നാണ്. ആ ജൂരി അംഗം ആരെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ, സത്യത്തില്‍ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. ദിലീപ് എന്ന നടനെയോ സിനിമയേയോ അദ്ദേഹം പിന്താങ്ങണം എന്ന് ഞാന്‍ പറയില്ല. പക്ഷെ മലയാളം അറിയാത്ത ജൂറിയിലെ മറ്റംഗങ്ങള്‍ക്ക് അല്ലെങ്കില്‍ സ്വന്തം ഭാഷയിലെ പടത്തോട് അതെന്തിന്റെ പേരിലാണെങ്കിലും അവഞ്ജ കാണിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കാണുമ്പോള്‍ മറ്റു ജൂറി അംഗങ്ങളില്‍ സിനിമ കാണും മുന്‍പേ ഉണ്ടാകുന്ന ഒരു നെഗറ്റീവ് ഇമ്പാക്റ്റ് അത് ദിലീപ് പറഞ്ഞതോട് ഞാന്‍ യോജികുന്നു. അത്തരത്തില്‍ തന്നെയായിരുന്നു മുന്‍പൊരിക്കല്‍ മണി ഒരു മുഖ്യധാരാ സംവിധായകനെ വെല്ലുവിളിച്ച സംഭവവും. മിമിക്രി എന്ന കോപ്രായമല്ല അഭിനയം എന്ന് പറഞ്ഞ അദ്ദേഹത്തോട് മണി അവശ്യപ്പെട്ടത് ഞാന്‍ ഉണ്ടാക്കുന്ന പോലെ ഒരു സൌണ്ട് അദ്ദേഹത്തിനോ അദ്ദേഹം പറയുന്ന വിഖ്യാതരായ നടന്മാര്‍ക്കോ അഭിനയിച്ച് കാട്ടാമോ എന്നതാണ്. വാസ്തവമല്ലേ.. ഇപ്പോള്‍ ഒരു മിമിക്രിക്കാരനായി അഭിനയിക്കുവാന്‍ സാദാരണ ഒരു നടനു ബുദ്ധിമുട്ടായിരിക്കും. തനതായ ജന്മ വാസന ഉണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതാണ് മിമിക്രി. അഭിനയം ഒരു പരിധി വരെ പഠിച്ച് ചെയ്യാം. മിമിക്രി അത് പോലെ പറ്റില്ല തന്നെ. അപ്പോള്‍ ഇത്തരം നടന്മാരെ മിമിക്രി എന്ന് ലേബല്‍ ചെയ്ത് ഒരു ജാതിയായി തരം തിരിക്കുന്നതോട് എതിര്‍പ്പുണ്ട്. ഗ്രാമഫോണ്‍, അച്ഛനുറങ്ങാത്ത വീട്, ബ്രിഡ്ജ് (അത് തന്നെയാണ് കേരള കഫേയിലെ ചിത്രത്തിന്റെ പേരെന്നോര്‍മ്മ) എന്നീ ചിത്രങ്ങളിലൂടെ തന്റെ കഴിവ് മുന്‍പേ തെളിയിച്ച നടനാണ് സലിംകുമാര്‍. അതുകൊണ്ട് തന്നെ ഈ രണ്ട് അവാര്‍ഡുകള്‍ അദ്ദേഹത്തിനു ചക്ക വീണപ്പോള്‍ കിട്ടിയതല്ല എന്നും അതുകൊണ്ട് തന്നെ മുന്‍‌കാലങ്ങളില്‍ പലവട്ടം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെറുപ്പിക്കാതിരിക്കാന്‍ തിലകന് അവാര്‍ഡ് നല്‍കി കോമ്പ്രമൈസ് ചെയ്തിരുന്ന നമ്മുടെ പഴയ ജൂറികളില്‍ നിന്നും പുതിയവര്‍ മാറ്റം ഉള്‍ക്കൊള്ളൂന്നതിനെ അംഗീകരിച്ചും സലിംകുമാറിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കട്ടെ

    ഓണ്‍ : ആദ്യം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനമായിരുന്നു വന്നിരുന്നതെങ്കില്‍ എന്താവുമായിരുന്നു എന്നറിയാന്‍ ഇപ്പോള്‍ ഒരു പൂതി.. നമ്മുടെ ജൂറിമാരല്ലേ. ആ വാല്‍ നേരെയാവാന്‍ സാദ്ധ്യത കുറവായതോണ്ടാ :):)

    ReplyDelete
  4. "മാമുക്കോയയെ പോലെ,സലീംകുമാറിനെപ്പോലെ,ഇന്ദ്രന്‍സിനെപ്പോലെ ഒരു നടന്‍ മുന്‍നിരയിലേക്ക് വരുന്പോള്‍ മലയാളത്തിലെ പല പ്രതിഭകള്‍ക്കും അവരുടെ വാലുകള്‍ക്കും സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമാണ്".

    ReplyDelete
  5. ജാസ്മിക്കുട്ടീ..എന്‍റെ പേര് തെറ്റിച്ചെഴുതല്ലേ!മനോരാജ്,ശ്രീ..മൂന്നാള്‍ക്കും നന്ദി.

    ReplyDelete
  6. പ്രിയപ്പെട്ട സുസ്മേഷ്
    നന്ദിയും സ്നേഹവും അറിയിക്കട്ടെ
    ഞാന്‍ സ്ഥിരമായി വായിക്കാറുള്ള ബ്ലോഗുകളിലൊന്നാണിത്.
    തീര്‍ച്ചയായും എഴുതാതിരിക്കാനാവാത്ത ആ വികാരത്തിന് നന്ദി
    സുസ്മേഷിന്റെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ
    ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട സലീംകുമാര്‍ താങ്കള്‍ക്ക് പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍
    സ്നേഹം

    ReplyDelete
  7. സുസ്മേഷ് ക്ഷമിക്കു...കുറെ തവണ ടൈപ്പ് ചെയ്തിട്ടും ശെരിയായില്ല...അതാ ആരാ ഈ പേരിട്ടേ...? :)

    ReplyDelete
  8. പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
    സലീം കുമാറിനു അവാര്‍ഡ് നല്‍കിയതിനെ സംബന്ധിച്ച താങ്കളുടെ കുറിപ്പുകള്‍ക്ക് ഒരു അടി ഒപ്പ്.
    കഥാ രചനകള്‍ക്കിടയില്‍ ബ്ലോഗില്‍ സമകാലിക പ്രശ്നത്തിന്മേല്‍ ഇങ്ങിനെ ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ തോന്നിയ താങ്കളുടെ നല്ല മനസിനും നന്ദി.
    സ്വന്തം ആവശ്യങ്ങള്‍ക്കായി കൃഷി ഇടത്തില്‍ പ്രയത്നിക്കുന്ന സലീം കുമാറിലെ മറ്റൊരു മനുഷ്യനെയും നമിക്കുന്നു. കാരണം ആ പ്രവണത ഇപ്പോള്‍ ആരിലും കാണുന്നില്ലല്ലോ.
    സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. താങ്കള്‍ സൂചിപ്പിച്ച (>>>സിനിമയെ പ്രോത്സാഹിപ്പിക്കാത്ത ഒരു മതസംഘടനയുടെ പത്രമാണല്ലോ മാധ്യമം.<<<<)ആ മത സംഘടനയുടെ വിദ്യാര്‍ത്ഥി സംഘടന ആ സമുദായത്തിലെ ഇതര സംഘടനകള്‍ കാണിക്കാത്ത ഒരു തന്റേടം ഈ അടുത്ത കാലത്ത് കാഴ്ചവെക്കുകയുണ്ടായി. അതായത് ലോക ക്ലാസിക് സിനിമകളുടെ ഒരു പ്രദര്‍ശനം അവര്‍ കോഴിക്കോടു നടത്തി.. കാഴ്ചപ്പാടിനു വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്.
    ഇനിയും ബ്ലോഗില്‍ താങ്കളുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.ആശംസകള്‍

    ReplyDelete
  9. ആളുകളെ സസൂക്ഷ്മം നിരീക്ഷിച്ചും പഠിച്ചും അനുകരിക്കുകയാണ് അഭിനയം. മിമിക്രിയിലും ചെയ്യുന്നത് അത് തന്നെ. പ്രസക്തമായ പോസ്റ്റ്... അഭിനന്ദനങ്ങൾ!

    ReplyDelete
  10. പതിറ്റാണ്ടിനിപ്പുറം സലിം കുമാർ മലയാളത്തിനു എത്തിച്ചു തന്ന അർഹതപ്പെട്ട അംഗീകാരത്തിന്‌ ഒരു സല്യൂട്ട്...
    ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരിന്നപ്പോൾ കിട്ടിയ അനുഭവ സമ്പത്തും പ്രതിഭാവിലാസവും ചേർത്ത് ചാലിച്ച്, തിരക്കഥയും സംവിധാനവും സ്വയം ചെയ്ത്, മനസ്സിലെ സിനിമയെ ഒരു മഹാവിസ്മയമാക്കിമാറ്റിയ സലിം അഹമ്മദിനും നന്ദി...

    ReplyDelete
  11. ചലച്ചിത്രലോകത്തെ പ്രാന്തവൽക്കരിക്കപ്പെട്ട കഴിവുള്ള കലാകാരന്മാർക്കു വേണ്ടി ഉചിതമായൊരു കുറിപ്പായി.

    ReplyDelete
  12. പ്രിയ ഷെരീഫ് കൊട്ടാരക്കര,സിനിമ തീര്‍ച്ചയായും കാലാകാലങ്ങളില്‍ നല്ലതും ചീത്തയുമായ സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കിവരുന്നുണ്ട്.എന്നുകരുതി അവഗണിക്കാവുന്നതോ ഒഴിവാക്കാവുന്നതോ ആയ കലാരൂപമല്ല സിനിമ.ഇറാനിലെ സിനിമകള്‍ ഓര്‍ക്കുക.താങ്കളുടെ നല്ല കാഴ്ചപ്പാടിനോട് യോജിക്കുന്നു.വളരെ സന്തോഷം.
    പ്രിയ അലി,താങ്കള്‍ പറഞ്ഞത് വലിയൊരു പരിധിവരെ ശരിതന്നെ.പക്ഷേ ഒരു നടന്‍ കഥാപാത്രമായി മാറുന്ന അഭിനയത്തില്‍ മിമിക്രിയിലെ അഭിനയാംശം മാറിനില്‍ക്കണം.എങ്കിലേ കഥാപാത്രം വിജയിക്കൂ.കാരിക്കേച്ചറും പോര്‍ട്രെയ്റ്റും പോലുള്ള വ്യത്യാസമുണ്ട് ഇതില്‍.ദിലീപും കലാഭവന്‍ മണിയും നല്ല നടന്മാരാണ്.അത് അംഗീകരിച്ചുകൊണ്ട് പറയട്ടെ വര്‍ഷങ്ങള്‍ക്കുമുന്പ് ഇരുവരുമഭിനയിച്ച രണ്ടു കഥാപാത്രങ്ങളില്‍ മിമിക്രിയിലെ അനുഭവാംശത്തിന്‍റെ സാവാധീനം പ്രകടമായിരുന്നു.അതുകൊണ്ടാണ് വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും,ചാന്തുപൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവര്‍ക്ക് അവാര്‍ഡ് ലഭിക്കാതെ പോയത്.അത് ആ രണ്ടു നടന്മാരും പിന്നീട് ഏറെ മനസ്സിലാക്കിയിട്ടുമുണ്ട്.പക്ഷേ സലീംകുമാര്‍ ആ പരിമിതിയെ അല്ലെങ്കില്‍ ആ സ്വാധീനത്തെ നിസ്സശംയം മറികടക്കുകയാണ് ചെയ്തത്.തിലകന്‍ ചേട്ടന്‍(മുരളി തുടങ്ങിയവര്‍..) അഭിനയിക്കുന്പോള്‍ വര്‍ഷങ്ങള്‍ നീണ്ട നാടകാരങ്ങിന്‍റെ സ്വാധീനം വരാറേയില്ല ഒരിക്കല്‍പ്പോലും.എന്നാല്‍ രാജന്‍ പി.ദേവ് എന്ന നല്ല നടനെ എല്ലായ്പ്പോഴും അരങ്ങിന്‍റെ സ്വാധീനം ദുര്‍ബലപ്പെടുത്തിയിരുന്നു.ഉദാഹരണത്തിന് അദ്ദേഹം മരിക്കുംവരെ സംഭാഷണം കാമറയ്ക്കുമുന്നില്‍ വിളിച്ചുപറയുകയാണ് ചെയ്തിരുന്നത്.കാമറയ്ക്കുമുന്നില്‍ അഭിനയം വേണ്ട,പെരുമാറ്റം മതി.അഭിനയിക്കേണ്ടത് നാടകത്തിലും മിമിക്രിയിലുമാണ്.
    ശ്രീനാഥന്‍,രഞ്ജിത്,അനീഷ് നന്ദി.
    ജാസ്മിക്കുട്ടീ അത് കാര്യാക്കണ്.പലര്‍ക്കും പെട്ടെന്ന് വഴങ്ങാത്ത പ്രകൃതവും പേരുമാണ് എന്‍റെത്.
    എന്‍റെ ജനനം അര്‍ദ്ധരാത്രിയിലായിരുന്നു.ആശുപത്രിയില്‍.അപ്പോള്‍ ആശുപത്രിയിലേക്ക് ഒരു പുലി കയറിവന്നു.ഇന്നത്തെപ്പോലെ കാട്ടില്‍ തീറ്റയില്ലാതെ നാട്ടിലിറങ്ങി പുല്ല് തിന്നേണ്ട ഗതികേട് പുലിക്ക് അന്നുണ്ടായിരുന്നില്ല.പുലി ഭക്ഷണമൊക്കെ കഴിഞ്‍് വെറുതെ വന്നവഴി ജനലിലൂടെ നോക്കുകയാണത്രേ ഉണ്ടായത്.അമ്മ ഭയന്നുപോയി,മറ്റുള്ളവരും.ഞാന്‍ നിര്‍ഭീകരമായി പുലിയെ നോക്കി ചിരിച്ചു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.എന്തായാലും അതോടെ പൌരാവലി തീരുമാനിച്ചതാണത്രേ ഈ പേര്.
    നന്ദി,നമസ്കാരം.

    ReplyDelete
  13. നല്ല പ്രതിഭയുള്ള ഒരു നടന്‍ ആണ് സലിം കുമാര്‍.പി.ജെ.ആന്റണിയെയും കൊടിയേറ്റം ഗോപിയേയും അന്ഗീകരിക്കേണ്ടി വന്നില്ലേ, അവരും പ്രിതിഭാധനന്മാര്‍ ആയിരുന്നു.മനോരാജ് ഉന്നയിച്ച സംശയം പ്രസക്തമാണ്.ആദ്യം വന്നത് സംസ്ഥാന അവാര്‍ഡ് ആയിരുന്നെങ്കില്‍?എന്തായാലും താങ്കളെപ്പോലെയുള്ള ഒരു എഴുത്ത് കാരന്റെ ഈ വിഷയത്തില്‍ ഉള്ള പോസ്റ്റ്‌ എന്ത് കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നു.ആശംസകള്‍.

    ReplyDelete
  14. ദേശീയ അവാര്‍ഡ് വരുന്നതിനു മുന്‍പാണ്‌ സംസ്ഥാന അവാര്‍ഡ്‌ വന്നിരുന്നത് എങ്കില്‍ ,സംസ്ഥാന അവാര്‍ഡ്‌ സലിം കുമാറിന് പകരം പ്രഞ്ചിയെട്ടനിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ചേനെ .
    നമ്മള്‍ ഇപ്പോഴും കുറെ മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത് .അതില്‍ നിന്നും പുറത്തു കടക്കാന്‍ ഇത്തരം ചില പൊളിച്ചുപണിയലുകള്‍ അനിവാര്യമാണ് . സലിം കുമാറിനും ഒപ്പം 'ആദാമിന്റെ മകന്റെ' അണിയറ പ്രവര്‍ത്തകര്‍ക്കും , സലീമ്കുമാരിനെ വെച്ച് 'അച്ഛനുറങ്ങാത്ത വീട് ' സംവിധാനം ചെയ്യാന്‍ ധൈര്യം കാണിച്ച ലാല്‍ ജോസിനും ,ഒപ്പം അന്‍വര്‍ റഷീദിനും അഭിനന്ദനങള്‍ .

    ReplyDelete
  15. പ്രിയപ്പെട്ട സുസ്മേഷ്
    സിനിമയില്‍ അഭിനയം മാത്രം പോര. മറ്റുപലതും ഉണ്ടെങ്കിലെ നടക്കൂ .. എന്നത് പൊതുവേയുള്ള ഒരു ധാരണയാണ്. ഒരു പരിധി വരെ ശരിയാണുതാനും. സലിം കുമാറിനെ പോലെയുള്ളവര്‍ ഇത്തരം പൊതു ധാരണകളെ തിരുത്തി കുറിക്കുന്നവരാണ്. സുസ്മേഷിന്‍റെ നിരീക്ഷണങ്ങളെല്ലാം അസ്സലായി.

    ReplyDelete
  16. സലിം കുമാറിനു കിട്ടിയ അവാര്‍ഡില്‍ സന്തോഷവും അതേപോലെ അദ്ദേഹത്തിനു അഭിനന്ദനങ്ങളും നേരുന്നു.ഇനിയും മികച്ച നിരവധി വേഷങ്ങള്‍ പകര്‍ന്നാടാനും നിരവധി അംഗീകാരങ്ങള്‍ കിട്ടുവാനുമിടയാകട്ടെ.

    സംവിധായകന്‍ രഞ്ജിത്തിനെക്കുറിച്ച് സലിം കുമാറിന്റെ അഭിപ്രായം ഒട്ടും നന്നായില്ല.ജെ.പി ദത്ത എന്ന ഹിന്ദി സംവിധായകനെടുക്കുന്നതുപോലെയുള്ള ഷോട്ടുകളൊക്കെ രഞ്ജിത്തിനെക്കൊണ്ട് എടുക്കുവാനാകുമോയെന്നും അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ വിശ്വാസമില്ലെങ്കില്‍ സ്വന്തം ചിത്രം പിന്‍വലിക്കുകയാണു സംവിധായകന്‍ രഞ്ജിത് ചെയ്യേണ്ടിയിരുന്നതെന്നും സലിം കുമാര്‍. ഇതൊരു സൈറ്റില്‍ നിന്നും വായിച്ചതാണ്. ഇതൊരുവേള സത്യമാണെങ്കില്‍ അഹങ്കാരം എന്നത് സലിം കുമാറിന്റെ തലയ്ക്ക് പിടിച്ചിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരത്തിന്റെ മാന്യത കളഞ്ഞുകുളിക്കുന്ന രീതിയില്‍ അദ്ദേഹം വികാരപ്രകടനങ്ങള്‍ നടത്താതിരിക്കുന്നതാണുചിതം.

    ReplyDelete
  17. ശ്രീക്കുട്ടന്‍,ശരിയാണ്.ജെ.പി.ദത്തയെപ്പോലെ ഷോട്ടെടുക്കേണ്ട ബാധ്യതയോ കടമയോ രഞ്ജിത്തിനില്ല.താങ്കളുടെ അഭിപ്രായം സലീംകുമാര്‍ ശ്രദ്ധിക്കട്ടെ.പ്രദീപ്,ദീപുപ്രദീപ്,ഷാനവാസ്...നന്ദി.

    ReplyDelete
  18. പോസ്റ്റ് നന്നായി, സമയോചിതമായി.

    ReplyDelete
  19. ചില സിനിമാ താല്പരകക്ഷികള്‍ ഇത്തവണ അയ്യത്തട ആയിപ്പോയി. കാരണം അവര്‍ ഇപ്രാവശ്യം ദേശീയ അവാര്‍ഡ്‌ സമിതിയില്‍ ഇല്ലായിരുന്നല്ലോ. ഉണ്ടായിരുന്നേല്‍ ഇങ്ങനെ സംഭാവിക്കില്ലായിരുന്നല്ലോ.. അതാ മുകളില്‍ ഒരാള്‍ ഉണ്ടെന്ന് പറയുന്നത്. കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയിരിക്കും. സലിംകുമാറിന് അഭിനന്ദനങ്ങള്‍ . സുസ്മേഷിനും ഭാവുകങ്ങള്‍.

    ReplyDelete
  20. :)
    നല്ല എഴുത്ത്.
    തമാശ ചെയ്തവന്‍ തമാശക്കാരനായി തന്നെ കഴിയണം എന്ന അലിഖിത നിയമം മാറ്റിയെഴുതിയ സലിം കുമാറിന് അഭിനന്ദനങള്‍.

    ReplyDelete
  21. ഇത് അവാര്‍ഡ് 'സാധാരനക്കാരനിലേക്കും' എത്തും എന്ന സന്തോഷകരമായ ഒരു നല്ല നല്‍കുന്നു.

    സലിം കുമാറിനും, സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  22. സലിം കുമാറിന് ആശംസകള്‍..
    ഒപ്പം ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ട
    സുസ്മേഷിനും..

    ഒപ്പം മറ്റൊരു ആശങ്ക പങ്കു വയ്ച്ചോട്ടെ.. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി , ബാലചന്ദ്രമേനോന്‍.. ഇവര്‍ക്കൊക്കെ എത്രയോ മുന്‍പ് ദേശിയ പുരസ്ക്കാരം കിട്ടാന്‍ അര്‍ഹരായിരുന്ന തിലകന്‍ , നെടുമുടി വേണു.. ഇവര്‍ക്ക് കിട്ടാത്ത ഈ പുരസ്ക്കാരത്തിനെ നമ്മള്‍ മലയാളികള്‍ എത്രത്തോളം വില വെയ്ക്കണം?

    ReplyDelete
  23. ഉചിതമായ ഒരു പോസ്റ്റ്‌...മുന്‍പ് പലപ്പോഴും തോന്നിയിരുന്ന കാര്യങ്ങള്‍ സുസ്മേഷ് അടിവരയിട്ടു കാണിച്ചിരിയ്ക്കുന്നു.....
    പെരുമഴക്കാലം , അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകള്‍ ഒരു തമാശക്കാരന്‍ എന്നതിനപ്പുറം ‍ സലിംകുമാറിന്റെ അഭിനയമികവ് കാണിച്ചു തന്നിരുന്നു.....

    പിന്നെ സുസ്മേഷ്, പേരിന്റെ പുറകിലെ ചരിത്രം അസ്സലായി.....

    ReplyDelete
  24. സുസ്മേഷ്, നന്നായി ഈ കുറിപ്പ്.
    പൊതുവെ ഹാസ്യത്തിലൂടെ തുടക്കം കുറിച്ച നടന്മാർ മിക്കപ്പോഴും ആ കാറ്റഗറിയിൽ തന്നെ ഒതുങ്ങിപ്പോവാറാണ് പതിവ്‌. വില്ലന്മാരും അങ്ങനെ തന്നെ.( ജയൻ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ നടന്മാരുടെ സമയം നല്ലതായിരുന്നതിനാൽ വില്ലനിൽ മാത്രമൊതുങ്ങാതെ വഴി മാറിപോകാനായി) ഒരു നടനെ സംബന്ധിച്ചിടത്തോളം സിനിമയിൽ അയാൾ ചെയ്യുന്ന ആദ്യ കഥാപാത്രത്തെ ആശ്രയിച്ചായിരിക്കും അയാളുടെ വ്യക്തമായ സ്ഥാനം നിർണ്ണയിക്കപ്പെടുക എന്ന കണ്ടെത്തൽ തെറ്റല്ല. അത്തരമൊരു മുൻവിധി പ്രേക്ഷർക്കും, സിനിമാക്കാർക്കുമിടയിലുണ്ട്. അതിനെ അതിജീവിക്കാൻ, കഥാപാത്ര വൈവിധ്യത നേടാൻ പലപ്പോഴും നടന്മാർ ആഗ്രഹിച്ചാലും, സന്നദ്ധത പ്രകടിപ്പിച്ചാലും സ്ഥിരം ചേരുവയായി ഒതുങ്ങിപ്പോകാനാണ് വിധി. സലിമിന് ഭാഗ്യമുണ്ട്. ജഗതിച്ചേട്ടനുപോലും അപൂർവ്വമായി മാത്രമേ അത്തരം വേഷങ്ങൾ ലഭിച്ചിരുന്നുള്ളു. ഹാസ്യനടൻമാർ മലയാള സിനിമയിൽ വെറുമൊരു ഘടകം മാത്രമാണ്. ഒരു ഫോർമുലയിൽ കൃത്യമായ അനുപാതങ്ങളോടെ ചേർക്കപ്പെടുന്ന സപ്പോട്ടീവ് ഫില്ലറുകൾ. ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയിൽ ഇന്ദ്രൻസിനും സ്ഥിരം ശൈലിയിൽ നിന്ന്‌ മോചനം കിട്ടിയെങ്കിലും ആ സിനിമ തന്നെ ഒരു പരാജയമായതിനാൽ ഇന്ദ്രൻസും ശ്രദ്ധിക്കപ്പെടാതെ പോയി. ഒരു നടന് അർഹിക്കുന്ന കഥാപാത്രങ്ങളെ നിഷേധിക്കപ്പെടാതിരിക്കാൻ, മനോഭാവങ്ങളും, മുൻവിധികളും, ശീലങ്ങളും മാറുവാൻ സലിംകുമാറിനെ തേടിയെത്തിയ ഈ പുരസ്കാരം ഒരുപക്ഷെ നിർണ്ണായമാകും.

    ReplyDelete
  25. സലിം കുമാറിന് അവാര്‍ഡ്‌ കിട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി .. മറ്റൊന്നുമല്ല, നമ്മുടെ ഹിപ്പോക്രസി തകര്‍ന്നല്ലോ എന്ന സന്തോഷം, മാത്രമല്ല സലിം മികച്ച നടന്‍ തന്നെയാണ്...
    എനിക്ക് തോന്നിയ ഒരു കാര്യം പങ്കു വയ്ക്കട്ടെ...വേറൊരു തരത്തിലുള്ള തരം തിരിവ്, ഇന്ത്യന്‍ സിനിമയില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ കിട്ടണമെങ്കില്‍ സീരിയസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം.. അതിപ്പോ സലിം കുമാര്‍ ആയാലും മോഹന്‍ലാല്‍ ആയാലും...ഉദാഹരണത്തിന്, മോഹന്‍ലാല്‍ വാനപ്രസ്ഥത്തില്‍ ചെയ്തത് പോലെ, മമ്മൂട്ടി പൊന്തന്‍ മാട, വിധേയന്‍ തുടങ്ങിയ സിനിമകളില്‍ ചെയ്തത് പോലെ. തമാശ അല്ലെങ്കില്‍ ലൈറ്റ് weight സിനിമകള്‍, അവയിലെ അഭിനയം എത്ര മികച്ചതായാലും ശരി, അവാര്‍ഡ്‌ കിട്ടാകനിയാണ്..ഓര്‍മയില്ലേ വെള്ളാനകളുടെ നാട്ടിലെയും, നാടോടിക്കാറ്റിലെയും ഒക്കെ മോഹലാലിന്റെ അഭിനയം. എത്ര സ്വാഭാവികവും മനോഹരവും ആയിരുന്നത്.. വാനപ്രസ്തതെക്കാള്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രങ്ങള്‍..

    ഇത് നടന്മാരുടെ കാര്യത്തില്‍ മാത്രമല്ല, മികച്ച സിനിമ തിരഞ്ഞെടുക്കുമ്പോഴും പൊതുവേ ഈ ഒരു mentality കാണാം.. മെലോഡ്രാമ അല്ലാതെ pure കോമഡിയോ, സര്‍കാസമോ അല്ലെങ്കില്‍ വേറേതെങ്കിലും സങ്കേതത്തില്‍ എടുത്ത ഒരു ചിത്രമോ അന്ഗീകരിക്കാനോ അവാര്‍ഡ്‌ നല്‍കാനോ ഇന്ത്യന്‍ സിനിമയിലെ പുലികള്‍ വളര്‍ന്നിട്ടില്ല എന്നത് കഷ്ടം തന്നെ.. ആര്‍ട്ട്‌ ഫിലിം അല്ലെങ്കില്‍ പാരലല്‍ ഫിലിം എന്ന, സാധാരണക്കാര്‍ കാണാത്ത ഒരു സിനിമ ശാഖ ഉണ്ടാകാന്‍ തന്നെ കാരണം മേല്‍ പറഞ്ഞതാകണം...

    ReplyDelete
  26. നല്ല കുറിപ്പുകളായി കേട്ടൊ ഭായ്

    ReplyDelete
  27. സലിം കുമാറിന് അഭിനന്ദനങ്ങള്‍...

    നല്ല ഒരു കുറിപ്പിന് സുസ്മേഷ് സാറിനും നന്ദി..

    സ്വന്തം അഭിപ്രായം വിളിച്ച് പറയാന്‍ സംവിധായകര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന രീതിയില്‍ ആണ് കാര്യങ്ങള്‍..
    രഞ്ജിത്തു പലപ്പോഴും ചില മോശം അഭിപ്രായങ്ങള്‍ പറഞ്ഞു നാടിനെ മുഴുവന്‍ നെറ്റി ചുളിപ്പിക്കാറുണ്ട്. വിദ്യാഭ്യാസവും തന്റേടവും ഉള്ളവര്‍ അതിനെ എതിര്‍ത്താല്‍ അതൊരു കുറ്റമാണോ?

    പ്രാന്ജിയെട്ടന്‍ ഒരു നല്ല ചിത്രമാണ്. എങ്കിലും മികച്ച നടനിലെക്ക് എത്തപ്പെടാന്‍ മമ്മൂട്ടിയെ സഹായിക്കുന്ന കഥാപാത്രം ഒന്നുമല്ല അത്. എന്നിട്ടെന്തേ സംസ്ഥാന അവാര്‍ഡിനും അത് തഴയപ്പെട്ടു?അവിടെയും ഉണ്ടായിരുന്നോ ജെ പി ദത്ത?

    അന്തിക്കാട് ചിത്രങ്ങളും മിക്കവയും ഒരേ അച്ചില്‍ വാര്‍ത്തതാണ് എന്നൊരു അഭിപ്രായം പണ്ടെങ്ങോ പറഞ്ഞതിനാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലും സലിം തഴയപ്പെടുന്നത് കാണാം. ബുദ്ധിയുടെ മോത്തവ്യാപാരികലായ പിന്നണി പ്രവര്‍ത്തകര്‍ എന്തെങ്കിലും പറഞ്ഞാല്‍ നടന്മാര്‍ എന്ന പാവകള്‍ അഭിപ്രായപ്രകടനം നടത്തരുത്. സലിം സൂക്ഷിക്കുക..നിങ്ങള്‍ ഇനിയും തഴയപ്പെട്ടെക്കാം.

    ReplyDelete
  28. വളരെ നല്ല പ്രതികരണങ്ങള്‍.എല്ലാവരുടെയും അഭിപ്രായങ്ങളില്‍ കഴന്പുണ്ട്.ഇങ്ങനെ ബ്ലോഗെഴുത്ത് ചലനാത്മകമാകുന്പോള്‍ സന്തോഷം.എല്ലാവര്‍ക്കും നന്ദി.

    ReplyDelete