Saturday, May 21, 2011

നീലനീലമാം രാവിതില്‍ തേച്ച ചന്ദനവരക്കുറി.

തേയ്,അന്നു ഞാനുറങ്ങുന്പോഴാണ് കുട്ടീ അവര്‍ വന്നത്.നേരം ഉച്ച കഴിഞ്ഞിരുന്നു.അവര്‍ എട്ടുപേരുണ്ടായിരുന്നു.ആരാന്നോ,ങാ,എട്ട് അരയന്നങ്ങള്‍.അതില്‍ നേതാവിന്‍റെ പേര് എന്താന്നറിയോ,സായാഹ്നലത.!
നീ പിണങ്ങല്ലേ,ഞാന്‍ പറയട്ടെ,സായാഹ്നലത എന്നോട് ചോദിച്ചു:
ഊം..എന്താ ഇങ്ങനെ ഉറങ്ങുന്നത്..ഞങ്ങള്‍ വരുമെന്നു പറഞ്ഞിരുന്നതല്ലേ..വേഗം വരൂ പോകാം..
എങ്ങോട്ട്..?
അന്ധാളിപ്പില്‍ നീ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം.പറയട്ടെ.ധൃതി പാടില്ല,ഒന്നിലും.അതുതന്നെയാണ് ഞാനും അവരോട് ചോദിച്ചത്.അപ്പോ കാര്യം പിടികിട്ടി.
അവരേ കഴിഞ്ഞ ദിവസം എന്നോട് ഫോണില്‍ സൌകര്യം ചോദിച്ചിരുന്നു.എന്തിനെന്ന് ചോദിക്കാന്‍ വരട്ടെ. അക്ഷമ വിടൂ..അവര് ചോദിച്ചത് അവരുടെ കൂടെ വരുന്നോന്നാണ്.വരുന്നോന്നോ..എവിടേക്ക്..അന്പരപ്പോടെ ഞാന്‍ തിരക്കിയിരുന്നു.അപ്പോ സായാഹ്നലത നേര്‍ത്ത ചിരിയോടെ പറയുകാ.,നമുക്ക് മാനസസരസ്സിനടുത്ത് ഒരു തടാകമുണ്ട്,അതിന്‍റെ പേര് സ്വപ്നസരസ്സെന്നാണ്,അവിടെപോകാം എന്ന്.അറിയില്ലേ,ഹിമാലയത്തിലാണ് സംഭവം.അങ്ങോട്ടാണ് പോകേണ്ടത്.!
ദേ,നോക്കൂ..നുള്ളരുത്,ഞാന്‍ പറഞ്ഞു,നീയില്ലാതെ ഞാനെവിടേക്കും വരില്ലാന്ന്.അപ്പോ സായാഹ്നലത ചുണ്ടു കൂര്‍ന്പിച്ച് എന്നോട് പിണങ്ങി.സത്യമായും പിണങ്ങി.ബാക്കി ഏഴ് അരയന്നങ്ങളും പിണങ്ങി.ഞാന്‍ തീര്‍ത്തു പറഞ്ഞൂട്ടോ നീ ഇല്ലാതെ വരാനാവില്ലെന്ന്.വേണെങ്കീ വിശ്വസിച്ചാമതി.
നീ അകലെയാണല്ലോ,എനിക്കറിയില്ലല്ലോ നീ എന്നു വരുമെന്ന്..ശരിക്കും എനിക്ക് നിന്നോട് ദേഷ്യമുണ്ടായിരുന്നു. അതുകൊണ്ട് അരയന്നങ്ങളുടെ കൂടെ കറങ്ങിവരാന്‍ വാസ്തവത്തില്‍ അരമനസ്സുണ്ടായിരുന്നു എനിക്ക്.
വേണ്ട,വേണ്ട,ഒരു കഷണം ബ്ലാക്ക് ഫോറസ്റ്റ് നീട്ടിത്തന്നാലൊന്നും തീരില്ല എന്‍റെ പിണക്കം.ങാ പറയട്ടെ,പിണക്കത്തില്‍ കഥ പറയാനും ഭംഗിയുണ്ട് അല്ലേ..നീയല്ലേ..അതേയ്,ബ്ലാക്ക് ഫോറസ്റ്റ് ഇങ്ങു തരൂ,നീട്ടിയതല്ലേ,ഇരിക്കട്ടെ.
ങാ,അങ്ങനെ പറഞ്ഞിട്ട് ഞാന്‍ തിരിഞ്ഞുകിടന്ന് പിന്നെയും ഉറങ്ങി.നല്ല ഉറക്കം.അപ്പോ ഉറക്കത്തില്‍ നിന്നെ കണ്ടു.നീ കണ്ണട വച്ച് സിനിമ കണ്ടുകൊണ്ടിരിക്കുന്നു.എനിക്കിഷ്ടായി നിന്‍റെ ഇരിപ്പ്.ഇടവേള വരുന്പോ എന്നെ നീ തലചെരിച്ച് നോക്കുമല്ലോ..പക്ഷേ പെട്ടെന്ന് ഭയങ്കര കുലുക്കമുണ്ടായി.ഞാന്‍ കണ്ണു തുറന്നു.
നിനക്കു കേക്കണോ സംഭവിച്ചത്?എട്ട് അരയന്നങ്ങളും ചേര്‍ന്ന് അവരുടെ ചിറകിന്‍റെ വിരിപ്പില്‍ എന്നെ കിടത്തി പറന്നുപോവുകയാണ്.എവിടേക്കെന്നോ സ്വപ്നസരസ്സിലേക്ക്..!
നീ തീയേറ്ററില്‍ ഇരുന്ന് സിനിമ കാണുവാണല്ലോ,ഇടവേള വരുന്പോ നീ എന്നെ തിരയുമല്ലോ എന്നൊക്കെ ഞാനോര്‍ത്തു.വേവലാതിയോടെ അരയന്നങ്ങളുടെ ചിറകില്‍നിന്ന് ചാടാന്‍ പോയി.സത്യമായും ഞാന്‍ ചാടാന്‍ പോയി.അന്നേരം പെട്ടെന്ന് ഓര്‍ത്തു:
അങ്ങനെ ചാടി എന്‍റെ ജീവന്‍ പോയാല്‍ നീ ഭൂമിയില്‍ വിരസയാവില്ലേ.!
അതോര്‍ത്തപ്പോള്‍ എനിക്ക് താഴേക്ക് ചാടാന്‍ തോന്നിയില്ല.
അങ്ങനെ കുറേക്കഴിഞ്ഞ് സ്വപ്നസരസ്സിലെത്തി.
എന്താ ആ ജലഭംഗി മോളേ..നീലയാണോ,അല്ല സ്ഫടികത്തിളക്കമാണോ,അല്ല,പച്ചയാണോ,അല്ല,പിന്നെയെന്തു നിറമാണ്.!
ശരിക്കും നിന്‍റെ ത്വക്കിന്‍റെ ചന്തം.
ചന്ദനത്തണുപ്പുള്ള മൃദുവായ നിറം.നീ നിറഞ്ഞ് താഴെ ഒരു തടാകമായി കിടക്കുംപോലെ.!
ഉടന്‍ അരയന്നങ്ങളുടെ ചിറകുകളുടെ തല്പത്തില്‍നിന്ന് ഞാന്‍ സ്വപ്നസരസ്സിലേക്ക് എടുത്തുചാടി.എന്‍റെ പിന്നാലെ എട്ട് അരയന്നങ്ങളും പറന്നിറങ്ങി.അങ്ങനെ ഞങ്ങള്‍ സ്വപ്നസരസ്സില്‍ നീന്തിത്തുടിച്ചു.
സായാഹ്നലതയാണ് അസ്തമയം കഴിഞ്ഞപ്പോള്‍ നേരമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചത്.അതുവരെ നിന്നില്‍ തുടിക്കുകയായിരുന്ന ഞാന്‍ നേരം പോയത് അറിഞ്ഞിരുന്നില്ലല്ലോ.എനിക്കു മതി വന്നിരുന്നില്ല.ഞാന്‍ കോരി കോരി കുടിക്കുകയായിരുന്നു നിന്നെ.ജലകേളിയില്‍ എന്‍റെ നിറം തന്നെ നിന്‍റെ നിറമായി മാറിയിരുന്നു.
സൂര്യനൊക്കെ കടലില്‍ പോയി.മാനത്ത് അന്പിളി തളിക.!എനിക്കായി ആ തളിക താഴ്ന്നുവന്നു.ഈറന്‍ തുടയ്‌ക്കാന് നില്‍ക്കാതെ ഞാന്‍ അന്പിളിയുടെ പുറത്തേറി ഇങ്ങുപോന്നു.അപ്പോഴും സ്വപ്നസരസ്സില്‍ അരയന്നങ്ങള്‍ നീന്തുന്നുണ്ടായിരുന്നു.
ഇതാണ് അന്ന് സംഭവിച്ചത്.നോക്കൂ,ഇപ്പോ എനിക്ക് ജലദോഷമാണ്.അന്നത്തെ കളീം ചിരീം വരുത്തിവച്ചത്.പനിയാവുമോ..!
കണ്ടോ,പിണക്കം മാറി നീ ചിരിക്കുന്നത്!എനിക്ക് വയ്യാണ്ടായെന്ന് അറിഞ്ഞപ്പോ നിന്നെ കൊണ്ടുപോകാത്തതിന്‍റെ പിണക്കം മാറി ഇല്ലേ?
ചിരിക്കേണ്ട..സന്തോഷിക്കേണ്ട..നിന്നില്‍ കുത്തിമറിഞ്ഞിട്ടാണ് ഈ ജലദോഷം വന്നത്.നീയാണ് എനിക്കിത് തന്നത്.പിന്നേയ്,അരയന്നങ്ങള്‍ ഇനി നമ്മെ രണ്ടാളെയും കൊണ്ടുപോകാന്ന് പറഞ്ഞിട്ടുണ്ട് ട്ടോ.

പോയിട്ട് ഒന്നിച്ചു ജലദോഷം പിടിച്ചു മടങ്ങിവരാം

18 comments:

 1. പിന്നേയ്,അരയന്നങ്ങള്‍ ഇനി നമ്മെ രണ്ടാളെയും കൊണ്ടുപോകാന്ന് പറഞ്ഞിട്ടുണ്ട് ട്ടോ.

  ReplyDelete
 2. പിണക്കം മാറീട്ടോ......................

  പിന്നെ "അൻപിളി" അല്ലല്ലോ.. 'അമ്പിളി'യല്ലേ

  ReplyDelete
 3. വായിച്ച് പോവാന് നല്ല രസം....കൂടെ കൊണ്ടു പോവുകയാണല്ലോ എഴുത്തുകാരന്റെ പതിവ്....

  നന്നായിട്ടുണ്ട് സുസ്മേഷ്....
  ജലദോഷം പെട്ടന്ന് മാറട്ടെ..പ്രണയം മാറാതെയും.........

  ReplyDelete
 4. അരയന്നത്തിന്റെ ഒപ്പം പോയിട്ട് ജലദോഷം പിടിച്ച് മടങ്ങി വരാം :):)

  രസകരമായ എഴുത്ത്.

  ReplyDelete
 5. വീണ്ടും വീണ്ടും ജലകേളിയ്ക്ക് കൊണ്ടുപോകുവാന്‍ അരയന്നങ്ങളോടാവശ്യപ്പെടൂ... ജലദോഷം പിന്നെ വരികയേ ഇല്ല. സ്വപ്നഭംഗിയില്‍ നീരാടുന്ന കഥാകാരനെ അമ്പിളി സവാരിയ്ക്ക് ക്ഷണിക്കുക തന്നെ ചെയ്യും.

  ReplyDelete
 6. നമുക്ക് മാനസസരസ്സിനടുത്ത് ഒരു തടാകമുണ്ട്,അതിന്‍റെ പേര് സ്വപ്നസരസ്സെന്നാണ്,അവിടെപോകാം എന്ന്.അറിയില്ലേ,ഹിമാലയത്തിലാണ് സംഭവം.അങ്ങോട്ടാണ് പോകേണ്ടത്.

  ReplyDelete
 7. നല്ല വരികള്‍...
  ഏതോ സ്വപ്നലോകത്തെത്തിയ പ്രതീതി.

  ReplyDelete
 8. ആ അരയന്നങ്ങളോട് എന്നെ കൂടി കൊണ്ട് പോകുവാന്‍ പറയുമോ ? ആഹ ! എത്ര മനോഹരം ഈ സ്വപ്നം. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികലല്ലോ അല്ലെ. ഇനിയും സ്വപ്‌നങ്ങള്‍ കാണട്ടെ . അവ എത്തിപ്പിടിക്കാന്‍ കഴിയുകയും ചെയ്യട്ടെ

  ReplyDelete
 9. ഇന്നലെത്തന്നെ വായിച്ചിരുന്നു ഈ പോസ്റ്റ്.കമന്റിട്ടെന്ന് വിചാരിച്ചതുമാണ്.പക്ഷേ ഇപ്പോള്‍ നോക്കുമ്പോള്‍ കമന്റെങ്ങും കണ്ടില്ല :(
  നല്ല രസത്തോടെ വായിച്ച് പോയി ഈ പ്രണയകല്പനകള്‍..നല്ല ഉഗ്രന്‍ ജലദോഷത്തോടൊപ്പം വായിച്ചതോണ്ടാവും നന്നായിഷ്ടപ്പെട്ടു.:)

  ReplyDelete
 10. ജലദോഷം നന്നാ‍യി :)

  ReplyDelete
 11. സ്വപനങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവിതമുള്ള പ്രണയം ഇഷ്ടപെട്ടു....

  ReplyDelete
 12. മനോഹരം ഈ സ്വപ്നം!

  ReplyDelete
 13. വായിച്ചിട്ട് ആത്മാവിൽ ജലദോഷം പിടിച്ചു.:)

  ReplyDelete
 14. എന്‍റെ ജലദോഷം എല്ലാവര്‍ക്കും പിടിച്ചെന്ന് മനസ്സിലായി.അതില്‍ സന്തോഷമുണ്ട്.ഞാന്‍ പതിവുപോലെ ഹോമിയോ ഡോക്ടറെ തേടി.പക്ഷേ ഇത്തവണ പഞ്ചാര ഗുളികയല്ല തന്നത് കയ്പന്‍ തുള്ളിമരുന്നാണ്.ഇപ്പോ പാതി കയ്പില്‍...എനിക്കിഷ്ടല്ല ഈ മരുന്ന്.!

  ReplyDelete
 15. :) സ്വപ്നസഞ്ചാരം.സായാഹ്നലത്യ്ക്കൊപ്പം ചന്ദനത്തിന്റെ നിറമുള്ള സരസ്സ്..വറ്റാതിരിക്കട്ടെ സ്വപ്‌നങ്ങള്‍ ഒരു നാളും

  ReplyDelete
 16. <<<<>>>

  ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു...അമ്പിളിയുടെ പുറത്തേറി താഴെ നീല ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെ കാണുക....കാല്‍പ്പനികതയുടെ ഈ ഭാഗം അസ്സലായി അനുഭവപ്പെട്ടു.

  ReplyDelete
 17. സന്തോഷം സുഹൃത്തുക്കളേ...

  ReplyDelete