Wednesday, September 15, 2010

ഇടുക്കിയെന്ന ഹരിതോദ്യാനവും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും





പഠിക്കുന്ന കാലത്ത്‌ പതിവായൊരു ചോദ്യമുണ്ടാകുമായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ ജില്ല?ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ അകത്തിരുന്നുകൊണ്ട്‌ ആവേശത്തോടെ ഓരോ കുട്ടിയും ഉത്തരമെഴുതും.

ഇടുക്കി ജില്ല.

ആ ഉത്തരം അതേ ആവേശത്തോടെ പല പരീക്ഷയ്‌ക്കുമെഴുതി മാര്‍ക്കുവാങ്ങിച്ച ഒരാളാണ്‌ ഞാനും.

ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി അല്ല.ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടമ്പുഴ പഞ്ചായത്തിനെ എറണാകുളം ജില്ലയോട്‌ ചേര്‍ത്തതോടെ ഇടുക്കിക്ക്‌ വലുപ്പത്തിന്റെ പെരുമ നഷ്‌ടപ്പെട്ടു.അഥവാ കുറച്ചു കാലങ്ങളായി പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടുക്കിക്ക്‌ ഇപ്പോള്‍ ഭൂതകാലപ്പനി മാത്രം.വിട്ടുവിട്ടു ചരിത്രത്തെ പനിക്കുന്ന ഭൂതകാലത്തിന്റെ മാറാജ്വരം.

കേരളത്തിലെ വ്യാവസായിക ജില്ലയോ വരുമാനമുള്ള തീര്‍ത്ഥാടനമേഖലയോ ഐ.ടി മേഖലയോ അല്ല ഇടുക്കി.ദീര്‍ഘകാലവിളകളും ഹ്രസ്വകാലവിളകളുമടങ്ങിയ വിവിധയിനം നാണ്യവിളകളും ഭക്ഷ്യവിളകളും ഉല്‌പാദിപ്പിച്ചു വിതരണം ചെയ്യുന്ന സാധാരണകാര്‍ഷികമേഖലയാണ്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിയുംമുമ്പേ,വായ തിരിച്ചുള്ള പ്രസ്‌താവനകളും പ്രതിയോഗികളുടെ കഴിവുകേടുകള്‍ അക്കമിട്ടുനിരത്തുന്ന ഫ്‌ളക്‌സുകളും നിരത്തിലിറങ്ങുന്നതിനുമുമ്പേ ഒരു കാര്യം ഇടുക്കി ജില്ലക്കാരെയും ജില്ലയിലെ ഭരണസാരഥികളാകാന്‍ പോകുന്നവരേയും അറിയിക്കുന്നു.ഇടുക്കിക്ക്‌ ഇനി വേണ്ടത്‌ ജില്ല മുഴുവന്‍ ഉള്‍പ്പെടുന്ന സമഗ്ര ഹരിതസംരക്ഷണമാണ്‌.

ഏറ്റവും വലിയ ജില്ല അല്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായിത്തുടരുന്ന ഇടുക്കിയില്‍ ഏറ്റവും കൂടുതലുള്ളത്‌ കര്‍ഷകരാണ്‌.യാതൊരു തരത്തിലുമുള്ള പ്രത്യാശകളില്ലാതെ വേറേ നിവൃത്തിയില്ലാതെ കൃഷിപ്പണി തുടരുന്ന കര്‍ഷകര്‍.തരിപ്പണമായിനില്‍ക്കുന്ന അവരില്‍പ്പലര്‍ക്കും സാമ്പത്തികസഹായം നല്‍കി മാത്രമല്ല രക്ഷിക്കേണ്ടത്‌.മാറിയ കാലത്തിന്റെ രീതികള്‍ മനസ്സിലാക്കി ബോധവത്‌കരണം നല്‌കുകയുമാണ്‌.കൂടാതെ പാരമ്പര്യകൃഷികള്‍ മാത്രം തുടരാതെ ശീതകാലപച്ചക്കറികളും പൂകൃഷിയും പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പരിശിലിപ്പിച്ച്‌ വഴിതിരിച്ചുവിടുകയും വേണം.മറയൂര്‍ ഭാഗങ്ങളില്‍ കരിമ്പും പട്ടുനൂല്‍പ്പുഴു കൃഷിയുമുണ്ടെങ്കിലും ജില്ലയുടെ ഇതര ഭാഗങ്ങളിലേക്ക്‌ ഇനിയുമത്‌ വ്യാപിച്ചിട്ടില്ല.സര്‍ക്കാര്‍ ഇടപെട്ട്‌ കൃത്യമായി പ്രവര്‍ത്തിക്കുന്ന വിപണികൂടി അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണം.പൂകൃഷിക്ക്‌ ദൈനംദിനവിപണി ആവശ്യമാണ്‌.വിപണി കണ്ടെത്താന്‍ അതിന്‌ ഇടനിലക്കാരെയും ഗതാഗതസൗകര്യത്തെയും ഏര്‍പ്പെടുത്തണം.ഇതുതന്നെ പട്ടുനൂല്‍പ്പുഴുവിനും ബാധകമാണ്‌.തണുപ്പേറെയുള്ള സ്ഥലമായതിനാല്‍ നിഷ്‌പ്രയാസം വിജയിപ്പിക്കാന്‍ കഴിയുന്ന കൃഷികളാണ്‌ ഇത്‌.ഇതിനൊക്കെയാവശ്യമായ തണുപ്പും കാലാവസ്ഥയും നിലനിര്‍ത്താനാണ്‌ ജില്ലയ്‌ക്കാകെ ഹരിതസംരക്ഷണപദ്ധതി വേണമെന്നുപറയുന്നതും.

നാല്‌ കാര്യങ്ങളാണ്‌ ഇന്നത്തെ ഇടുക്കിക്ക്‌ അത്യാവശ്യം.

1)ഹൈറേഞ്ചിനെ ഗ്രീന്‍റേഞ്ചാക്കാനായി ഇടുക്കിജില്ലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഹരിതസംരക്ഷണപദ്ധതിയും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും.

2)കാറ്റാടി വൈദ്യതിയുടെ ഉത്‌പാദനവും വിരണവും.

3)വാണിജ്യാവശ്യങ്ങള്‍ക്കോ

വിനോദസഞ്ചാരമേഖലയുടെ വികസനത്തിനുവേണ്ടിയോ നടപ്പാക്കുന്ന റെയില്‍ ഗതാഗതം.

4)വിവിധ വകുപ്പുകളിലായി ജില്ലയിലേക്കയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സര്‍ക്കാറിന്റെ നേരിട്ടുള്ള സമിതി.

കര്‍ഷകരും ക്ഷീരകര്‍ഷകരും ഇതര ഉത്‌പാദകരുമടങ്ങുന്ന മുഴുവന്‍ ജനതയെയും ഭക്ഷ്യസുരക്ഷ നല്‍കി നിലനിര്‍ത്താനും സന്ദര്‍ശകരല്ലാത്ത സ്ഥിരം താമസക്കാരെ സാമ്പത്തികസുരക്ഷ നല്‍കി അധിവസിപ്പിക്കാനും കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച്‌ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്‌.വളരെ സമര്‍ത്ഥമായും പിഴവുകളില്ലാതെയും ജനപിന്തുണയോടെ നടപ്പാക്കാന്‍ കഴിയുന്ന ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമായാല്‍ ഒരു ജില്ലയുടെ പതനത്തില്‍നിന്ന്‌ അവിടുത്തെ ആയിരക്കണക്കിന്‌ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ കഴിയും.അത്ര വേഗതയിലാണ്‌ ഇന്ന്‌ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ ജില്ല വിട്ടുപോകുന്നത്‌.


  • എന്താണ്‌ ഹരിതസംരക്ഷണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

അത്‌ അനധികൃതകെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മൂന്നാറിന്റെ മാത്രം പച്ചപ്പ്‌ സംരക്ഷിക്കുന്ന മണ്ടന്‍ ആശയമല്ല.മൂന്നാര്‍ മാത്രം സംരക്ഷിക്കണമെന്നു വാദിക്കുന്നത്‌ മണ്ടന്‍ ആശയമാണെന്നു പറയാന്‍ കാരണം,ഒരിക്കലും ഒരു സ്ഥലത്തും ഒരു നിശ്ചിതപ്രദേശം മാത്രമായി വനസംരക്ഷണം നടത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നതുകൊണ്ടാണ്‌.അത്തരം കാര്യങ്ങള്‍ റിസോട്ടുമുറ്റങ്ങളുടെ ലാന്റ്‌സ്‌കേപ്പ്‌ ഡിസൈനിംഗില്‍ മാത്രമേ സാദ്ധ്യമാവൂ.ഭൂമിക്ക്‌ വരയിട്ട്‌ മേഘത്തിനോട്‌ അതിനകത്ത്‌ മാത്രം നിഴല്‍ വീഴ്‌ത്താന്‍ പറയുന്ന വങ്കത്തരം പോലെയാണത്‌.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ്‌ വികസിതകേരളത്തിലെ ഇടുക്കിയുടെ ശാപം.ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും ഇന്നും കൃഷിചെയ്‌താണ്‌ ജീവിക്കുന്നത്‌.സര്‍ക്കാര്‍ജോലികൊണ്ടോ പുറംവരുമാനംകൊണ്ടോ അല്ല.കൃഷിക്കൊപ്പം പശുവളര്‍ത്തിയും പാലുവിറ്റും പ്രധാനമായും അവര്‍ ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നു.കൃഷിയിറക്കാനും പശു വളര്‍ത്താനും ഏറ്റവും ആവശ്യം ആവാസവ്യവസ്ഥയുടെ സംതുലനമാണെന്നു തിരഞ്ഞെടുക്കപ്പെട്ടുവരുന്ന ജനനേതാക്കന്മാര്‍ മറന്നുപോകുമ്പോള്‍ നാട്ടില്‍ വറുതി പടരും.ഇന്ന്‌ പലര്‍ക്കും സമാധാനം കൊടുക്കുന്ന തൊഴിലുറപ്പു പദ്ധതിയൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ദീര്‍ഘകാലപരിഹാരമല്ലെന്ന്‌ അതുചെയ്യുന്ന സാധാരണക്കാര്‍ക്കുപോലും അറിയാം.ഇടുക്കിയില്‍ ദശകങ്ങളായി സംഭവിക്കുന്നത്‌ ഫണ്ടുകളുടെ വിതറല്‍ മാത്രമാണ്‌.വിവിധ ഏജന്‍സികളുടെയും സര്‍ക്കാറിന്റെയും പല വകുപ്പുകളില്‍പ്പെടുന്ന ഫണ്ടുകള്‍ ഇടുക്കിയിലും പാഴാകുന്നു.എന്തിനാണ്‌?ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ക്കായി പണം പാഴാക്കുന്നതല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനം.

തൊടുപുഴ,ദേവികുളം,ഉടുമ്പന്‍ചോല,പീരുമേട്‌ താലൂക്കുകളെ ഉള്‍പ്പെടുത്തി ജില്ലയാകെ സംരക്ഷിക്കപ്പെടുന്ന ഒരു ഹരിതോദ്യാന പദ്ധതി ആവിഷ്‌കരിക്കണം.അതിനായി ജില്ലയാകെ പൂച്ചെടി വച്ചുപിടിപ്പിക്കണമെന്നല്ല.ലളിതമായ വനസംരക്ഷണം എന്ന അടിസ്ഥനത്തില്‍ ജില്ലയുടെ പ്രത്യേകതകളായ തണുപ്പും കാലാവസ്ഥയും മഞ്ഞും നിലനിര്‍ത്തണം.അതിനായി അനാവശ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങളക്കമുള്ളവ നിര്‍ത്തിവയ്‌ക്കണം.ഈ ഹരിതോദ്യാനത്തില്‍ തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രവും നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകളും ചിന്നാര്‍ വന്യജീവിസങ്കേതവും പീരുമേട്ടിലെയും മൂന്നാറിയെയും തേയിലത്തോട്ടങ്ങളും ഇരവികുളം നാഷണല്‍ പാര്‍ക്കും ചന്ദനം നിറഞ്ഞ മറയൂരും തട്ടേക്കാട്‌ പക്ഷിസങ്കേതവും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും ആനമുടിയും എല്ലാം ഉള്‍പ്പെട്ടുകിടക്കും.അതിനോടു ചേര്‍ന്ന മറ്റുഭാഗങ്ങളും തുല്യമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഗ്രീന്‍ റേഞ്ച്‌ യാഥാര്‍ത്ഥ്യമാകും.ഇടഭാഗങ്ങള്‍ പ്രകൃതി തനിയെ പച്ചപിടിപ്പിച്ചുകൊള്ളും.അതിനൊക്കെ ദേവിമലയും കാത്തുമലയും കരിമലയും ചെന്തവരയും ആനമുടിയും മലകളായിട്ടുണ്ടല്ലോ.

നിലവിലുള്ള ജനങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കൃഷിയെയും മറ്റ്‌ വാണിജ്യ-വ്യാപാരാവശ്യങ്ങളെയും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ അനധികൃതകൈയേറ്റങ്ങളേയും വനനശീകരണത്തെയും നിയമത്താല്‍ തടഞ്ഞുകൊണ്ടും സംരക്ഷിച്ചുകൊണ്ടുമായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്‌.സംസ്ഥാനത്തിന്റെ ഹരിതോദ്യാനമായി ജില്ലയെ പ്രഖ്യാപിക്കണം.ഓരോ കര്‍ഷകനും അതിഥിയെ സ്വീകരിക്കുന്ന ആതിഥേയന്മാരായി മാറാന്‍ അവസരമുണ്ടാകും.ടൂറിസത്തിന്റെ പുത്തന്‍ സാദ്ധ്യതയാണത്‌.ഇനിയതിന്റെ ആവശ്യം വളരെ പ്രസക്തമാണ്‌.കാരണം കുടിയേറ്റത്തിന്റെ എല്ലാ പ്രവാഹവും നിലച്ചുകഴിഞ്ഞു.ആരുമിപ്പോള്‍ മണ്ണ്‌ പൊന്നാക്കാന്‍ മല കയറുന്നില്ല.മറിച്ച്‌ മലയിറങ്ങുന്നവര്‍ നിരവധിയുണ്ടുതാനും.അവരില്‍ പുതുതലമുറ ഭൂരിഭാഗവും,ആണും പെണ്ണുമടക്കം,ജോലി തേടി നഗരങ്ങളെ സ്വീകരിച്ചുകഴിഞ്ഞു.അവിടെ ബാക്കിയായിരിക്കുന്നത്‌ ഇന്നും കൊക്കോ പറിച്ചും റബ്ബറുവെട്ടിയും കുരുമുളകുനട്ടും പാലുവിറ്റും പഴയപടി ജീവിക്കുന്ന പ്രായംചെന്നവരാണ്‌.

അടിമാലി മുതല്‍ ബൈസണ്‍വാലിയും ചിന്നക്കനാലും വരെയുള്ള പ്രദേശങ്ങള്‍ റിസോട്ടുടമകളുടെയും ഹോട്ടല്‍നടത്തിപ്പുകാരുടെയും കൈകളിലാണ്‌.കുമളിയും കട്ടപ്പനയും നെടുങ്കണ്ടവും വ്യത്യസ്‌തമല്ല.ഇതിനിടയില്‍ കുടിവെള്ളത്തിനു മുതല്‍ നടക്കാനുള്ള വഴിക്കുവരെ മറുനാടന്‍ മുതലാളിമോരോട്‌ വഴക്കുണ്ടാക്കേണ്ട ഗതികേടിലാണ്‌ അവിടുത്തുകാര്‍.കൃഷിയില്‍ താല്‌പര്യമില്ലാത്ത യുവതലമുറയും കൃഷി മടുത്ത ഇത്തിരി കാര്യപ്രാപ്‌തിയുള്ള ചേട്ടന്മാരും സ്വന്തം പറമ്പില്‍ ബോര്‍ഡ്‌ വച്ച്‌ മൂന്നാര്‍ കാണാന്‍ പോകുന്നവര്‍ക്ക്‌ കപ്പയും പുഴമീനും കൊടുക്കുന്ന സല്‍ക്കാരപ്രിയരായി മാറി.ഇവരാരും മനസ്സിലാക്കാത്തത്‌ കാലാവസ്ഥ മാറിയാല്‍ സഞ്ചാരികള്‍ മൂന്നാറിനെ കൈയൊഴിയുമെന്ന യാഥാര്‍ത്ഥ്യമാണ്‌.മിതമായ രീതിയില്‍ താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മൂന്നാറിലും ജില്ലയുടെ ഇതരഭാഗങ്ങളിലും ടൂറിസം നടപ്പാക്കാനാവും.ആശയപരമായി അതിന്‌ എതിരുനില്‍ക്കുന്നവരുണ്ടാകുമെന്ന്‌ തോന്നുന്നില്ല.പരിസ്ഥിതിസൗഹൃദ ജൈവകൃഷി കര്‍ഷകരിലെത്തിക്കണം.കൃഷിയും പ്രകൃതിയും ഒന്നിക്കണം.അതിലൂടെ വരുമാനവും നിലനില്‍പ്പുമുണ്ടാവണം. അത്‌ ജില്ലയാകെ നല്ല രീതിയില്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ്‌ ജില്ല തന്നെ ഒരു പരിസ്ഥിതിപാര്‍ക്ക്‌ എന്ന ആശയത്തിലൂടെ വിഭാവന ചെയ്യുന്നത്‌.എല്ലാത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളെയും കൈയേറ്റങ്ങളെയും ചെറുത്തുനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ കഴിയും.അതിന്‌ എല്ലാ പഞ്ചായത്തുകളെയും പഞ്ചായത്ത്‌ ഭരണാധികാരികളെയും തയ്യാറാക്കണം.കേരളത്തില്‍ ഇത്രയേറെ പരിസ്ഥിതിപ്രാധാന്യമുള്ള വേറൊരു ജില്ലയുമില്ലെന്നത്‌ നാം മറക്കാന്‍ പാടില്ല.

സുഗന്ധവ്യഞ്‌ജനങ്ങളുടെയും സംരക്ഷിതപ്രദേശങ്ങളുടെയും ആദിവാസിഗോത്രങ്ങളുടെയും ഉറവകളുടെയും നാട്‌ എന്ന അര്‍ത്ഥത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഒന്നിച്ചുനിന്ന്‌ നടപ്പാക്കേണ്ടത്‌ ഹരിതസംരക്ഷണ പദ്ധതിയാണ്‌.


  • വരളുന്ന നദികളും വറ്റുന്ന ഡാമുകളും.

വൈദ്യുതിയുല്‍പ്പാദനത്തിലെ മേല്‍ക്കോയ്‌മയിലാണ്‌ ജില്ല പിന്നെ അറിയപ്പെടുന്നത്‌.ജലത്തെ ആശ്രയിച്ച്‌ വൈദ്യൂതോല്‌പ്പാദനം നടത്തുന്നതിന്റെ കെടുതികള്‍ ലോകം മനസ്സിലാക്കിത്തുടങ്ങിയ സമയമാണിത്‌.പെരിയാറും മീനച്ചിലാറും മണിമലയാറും മുവാറ്റുപുഴയാറുമാണ്‌ ജില്ലയില്‍നിന്ന്‌ ഉത്ഭവിക്കുന്ന നദികള്‍.മുതിരപ്പുഴയാറും പെരിഞ്ചാന്‍കുട്ടിയും പാമ്പാറും പോഷകനദികള്‍.വനപ്രദേശം വര്‍ദ്ധിച്ച തോതില്‍ ചൂഷണം ചെയ്യപ്പെടുകയും രാസവളപ്രയോഗത്താല്‍ മണ്ണ്‌ ഊഷരമായിത്തീരുയും ചെയ്‌തതോടെ ഇവിടുത്തെ ഉറവകള്‍ മണ്ണിലേക്ക്‌തന്നെ വലിഞ്ഞുതുടങ്ങിയിരിക്കുന്നു.വേനല്‍ക്കാലത്ത്‌ രൂക്ഷമായ കുടിവെള്ള പ്രശ്‌നമനുഭവിക്കുന്നവരാണ്‌ ജില്ലയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ളവര്‍.താല്‌ക്കാലിക തടയണകളോ കോണ്‍ക്രീറ്റ്‌ ജലവീപ്പയോ അല്ല അതിന്‌ പരിഹാരം.അശാസ്‌ത്രീയമായ കൃഷിരീതികള്‍ അവസാനിപ്പിക്കാനും ജൈവകൃഷിരീതി നടപ്പാക്കാനും അടിത്തട്ടുമുതല്‍ ശ്രമമുണ്ടാകണം.ഹരിതസംരക്ഷണ പദ്ധതിയിലൂടെ നീര്‍ച്ചാലുകളുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും കഴിയും.അതേസമയം പരമാവധി ജലവിനിയോഗം ചുരുക്കുക എന്ന ലക്ഷ്യം വച്ച്‌ മറ്റ്‌ പ്രകൃതിസ്രോതസ്സുകളെ വൈദ്യുതിയുല്‌പ്പാദനത്തിനായി നമുക്കുപയോഗിക്കാനും കഴിയണം.

രാമക്കല്‍മേട്‌ കാറ്റാടി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അതാണ്‌.വെറുതെ ലഭിക്കുന്ന കാറ്റിനെ കറന്റാക്കി മാറ്റാന്‍ നമുക്ക്‌ കഴിയാത്തത്‌ അധികൃതരുടെയും ഇടനിലക്കാരുടെയും ഉദ്ദേശ്യത്തില്‍ വേറെ ലക്ഷ്യം കലരുമ്പോഴാണ്‌.മണിക്കൂറില്‍ നൂറ്‌ മുതല്‍ നൂറ്റിയിരുപത്‌ വരെ വേഗതയില്‍ കാറ്റ്‌ ലഭിക്കുന്ന മറ്റു പ്രദേശങ്ങള്‍ നമുക്ക്‌ കേരളത്തിലില്ല.സമതലങ്ങളില്ലാത്ത കുന്നുകളേറെയുള്ള ജില്ലയില്‍ തമിഴ്‌നാട്‌ നോക്കിക്കിടക്കുന്ന രാമക്കല്‍മേട്‌ മാത്രമേ ഇത്ര കാറ്റുള്ളൂ.പക്ഷേ വലിയൊരു സാധ്യതയായി നമ്മളത്‌ തിച്ചറിയുന്നില്ല.


  • കടലും തീവണ്ടിയും കടന്നുവരാത്ത ജില്ല

ഇതൊരു സ്വപ്‌നമാണ്‌.കടലിനെ കെട്ടിവലിച്ചു കൊണ്ടുവരിക എന്തായാലും സാദ്ധ്യമല്ല.എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നാറിലുണ്ടായിരുന്ന റെയിലിനെ മറ്റുവഴികളിലൂടെ വീണ്ടുമെത്തിക്കാന്‍ നമുക്ക്‌ സാധിക്കില്ലേ. വിനോദസഞ്ചാരികള്‍ക്കായി മൂന്നാറിന്റെ പരിസരപ്രദേശത്തുമാത്രമായിട്ടും റെയില്‍ഗതാഗതം നടപ്പാക്കാം.സ്വിറ്റ്‌സര്‍ലന്റിലും ഊട്ടിയിലും സാദ്ധ്യമായിട്ടുള്ള മലമ്പാതയാത്രതന്നെ ഇത്‌.(മെട്രോ റെയില്‍ പണ്ടേയ്‌ക്കുപണ്ടേ വരേണ്ട എറണാകുളത്ത്‌ അതിനിയും വന്നിട്ടില്ല.പിന്നല്ലേ ഈ കാട്ടുമുക്കില്‍ എന്നു പരിഹസിക്കുന്നവരുണ്ടാകാം.ശരിയാണ്‌.എന്തുചെയ്യാം.)

ഇപ്പോള്‍ ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റിയായ തൊടുപുഴ വരെ വരുന്ന വിധത്തില്‍ റെയില്‍വേയുടെ സര്‍വ്വേ നടത്തിയെങ്കിലും അതും നടപടിയാവാതെ പോവുന്നതാണ്‌ നാം കാണുന്നത്‌.പുനരാലോചനയ്‌ക്ക്‌ വയ്‌ക്കേണ്ട കാര്യമാണിത്‌.തൊടുപുഴ വരെയല്ല,പത്തനംതിട്ട ജില്ലയില്‍ നിന്ന്‌ നേര്യമംഗലം വരെയെങ്കിലും റെയില്‍ഗതാഗതം സ്ഥാപിക്കാന്‍ കഴിയണം.ഹൈറേഞ്ചിലേക്കുള്ള വാതിലാണല്ലോ നേര്യമംഗലം.

റെയില്‍ ഗതാഗതമെന്നതിലൂടെ പ്രധാനമായും രണ്ട്‌ ഉദ്ദേശമാണുള്ളത്‌.

1)ജില്ലയുടെ യാത്രാ-വാണിജ്യ ആവശ്യങ്ങള്‍ പരിഹരിക്കുക.

2)മൂന്നാറിലേക്ക്‌ കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുക.

നിലവില്‍ വളരെയധികം യാത്രാക്ലേശമനുഭവിക്കുന്നവരാണ്‌ ഇടുക്കിജില്ലക്കാര്‍.റോഡുകള്‍മാത്രം യാത്രാദുരിതം പരിഹരിക്കുകയില്ല.യാത്രാദുരിതം മറികടക്കാനും മറ്റുജില്ലക്കാര്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ കടന്നുവരാനും ഇതിലൂടെ കഴിയും.ജില്ല 'ഹരിതകേദാര'മാവുമ്പോള്‍ അതിന്റെ ഫലം നാനാമേഖലകളിലേക്കും പടരുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.തീവണ്ടിയുടെ ആവശ്യകതയും അപ്പോള്‍ കൂടുതലായി ഉയര്‍ന്നുവരും.


  • മടിയന്മാരായ സര്‍ക്കാര്‍നിയമിതപ്രഭുക്കന്മാരും പാദസേവകരും

ജില്ല രൂപീകരിച്ച കാലം മുതല്‍ ഇടുക്കി ജില്ലയ്‌ക്കുള്ള പ്രധാനദോഷമാണ്‌ ശിക്ഷ കിട്ടി പണിക്കുവരുന്നവരുടെ അലസത.സര്‍ക്കാര്‍ നിയമിതപ്രഭുക്കന്മാരായ അവരുടെ ആത്മരോഷവും അതുമൂലമുള്ള അലസതയും ജില്ലയെ മറ്റുജില്ലകളില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.ഭാവനാശാലിയായ ഉദ്യേഗസ്ഥര്‍വേണം ഇടുക്കി ഭരിക്കാന്‍.അപ്പോഴോ ജില്ല ശരിയായ രീതിയില്‍ സൗന്ദര്യവും ആരോഗ്യവും കൈവരിക്കൂ.പഞ്ചായത്ത്‌ ഓഫീസുകളും വില്ലേജ്‌ ഓഫീസുകളും കൃഷി ഭവനുകളും സഹകരണബാങ്കുകളും പറയുന്നതുകേട്ട്‌ ജീവിക്കുന്ന ധാരാളം പേരുണ്ട്‌ ഇടുക്കിയില്‍.അവരെ കൃത്യമായി സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അധികാരത്തിലിരുന്നാല്‍ സാധാരണക്കാര്‍ക്ക്‌ വലിയ ആശ്വാസമാവും.പലപ്പോഴും സര്‍ക്കാര്‍ കാട്ടുന്ന ഉദ്യോഗസ്ഥനിയമനങ്ങളുടെ അലംഭാവപ്രകൃതത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികള്‍ വലിയ താല്‌പര്യം കാട്ടാറില്ല.പിന്നാക്കജീവിതാവസ്ഥകളോട്‌ പൊരുതിക്കയറിയ ആ പാവം ജനനേതാക്കന്മാര്‍ക്ക്‌ അതിനുള്ള ഭാവനയും ജില്ലയ്‌ക്ക്‌ ആവശ്യമുള്ളത്‌ നേടിയെടുക്കാനുള്ള ആര്‍ജ്ജവവും ഇല്ല.പൊലീസിലായാലും ഫോറസ്റ്റിലായാലും പഞ്ചായത്തിലായാലും തനിക്ക്‌ വഴങ്ങുന്നവരെ വാഴിക്കുക എന്നതാണല്ലോ സമാന്തരനാടുവാഴികളുടെ കാലാകാലമായുള്ള തന്ത്രം.അതിന്‌ മാറ്റം വരണം.

ഒന്നുകില്‍ വൃദ്ധസദനം എന്നുപേരുകേട്ട ജില്ല അല്ലെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ വരാതായതോടെ മനുഷ്യരുപേക്ഷിച്ചുപോയ ജില്ല.ഇതിലൊരു ദുഷ്‌പേരായിരിക്കും രണ്ടോ മൂന്നോ ദശകങ്ങള്‍ കഴിഞ്ഞാല്‍ ഇടുക്കിയെപ്പറ്റി പഠിക്കാനുണ്ടാവുക.അതുകൊണ്ട്‌,ജില്ലയെ സമഗ്രമായി മനസ്സിലാക്കുന്ന ദീര്‍ഘവീക്ഷണമുള്ള ഭാവനാശാലികളായ ഭരണതന്ത്രജ്ഞരും അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥരുമാണ്‌ ഇടുക്കിക്ക്‌ ഇന്നാവശ്യം. കേരളത്തിന്റെ ഔദ്യോഗിക ഹരിതചിഹ്നമാവാന്‍ അതിലൂടെ ഇടുക്കിക്ക്‌ കഴിയും.

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Saturday, September 4, 2010

നാനോ ഓണം


വി.കെ.എന്‍ `നമത്‌ വാഴ്‌വും കാലമും`എഴുതുന്ന സമയം.മദനന്‍ മാഷാണ്‌ വര.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്ക്‌ സംഭവം വരുന്നത്‌.ഞാനതിന്റെ സ്ഥിരം വായനക്കാരനും.അതിലൊരിക്കല്‍ വി.കെ.എന്‍ 'പകര്‍ച്ച 'എന്നൊരു കഥയെഴുതി.ഓഫീസില്‍ പോയിരിക്കുന്ന ഭര്‍ത്താവിന്‌ ഉച്ചയൂണുണ്ടാക്കി 'പകര്‍ച്ച ' കൊടുത്തയക്കുന്നതാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌.അമ്പമ്പോ എന്നല്ലാതെ എന്തുപറയാന്‍!സാരി ചരിച്ചുകുത്തി,കീഴ്‌പ്പാവാടയുടെ അടിവശത്തെ ഞൊറിവൊക്കെ കാണിച്ച്‌,അടുക്കളയില്‍ വിയര്‍പ്പൊഴുക്കി നായിക നില്‍ക്കുന്ന പടമാണ്‌ മദനന്‍മാഷ്‌ വരച്ചിരിക്കുന്നതും.നാക്കിലയുടെ അറ്റത്തെ ചുരുണ്ട നാരും പൊട്ടലും അടുക്കുപാത്രത്തിനു പുറത്തേക്ക്‌ കാണാം.ശ്രീമതി ഓട്ടോ വിളിച്ചാണ്‌ സദ്യവട്ടത്തെ കയറ്റിയയക്കുന്നത്‌.അതില്‍ ഒരു പ്രയോഗമുണ്ട്‌.മിച്ചം വന്ന കഷണങ്ങളെല്ലാം തടുത്തുകൂട്ടി അവിയലുണ്ടാക്കി എന്ന്‌!അടുക്കളയില്‍ കൂട്ടാന്‍ വേകുമ്പോള്‍,പ്രത്യേകിച്ചും അത്‌ അവിയലാണെങ്കില്‍,ഞാനീ കാര്യമോര്‍മ്മിക്കും.ഓണസദ്യയൊരുങ്ങുമ്പോഴും ഇക്കാര്യമോര്‍മ്മിക്കും.അത്‌ വി.കെ.എന്നിനുമാത്രം കഴിയുന്ന സാമര്‍ത്ഥ്യമാണ്‌.ഭക്ഷണത്തെ സാമര്‍ത്ഥ്യത്തോടെ വര്‍ണ്ണിക്കുക എന്നത്‌.ഓണക്കാലമാകുമ്പോള്‍ ഞാനീ കഥയെ പതിവായി ഓര്‍ക്കാറുണ്ട്‌.അതിന്‌ ഓണവുമായി ബന്ധമില്ലെങ്കിലും,ഓണവും ചമയലും രസികനായി വരുന്ന കഥാസന്ദര്‍ഭങ്ങള്‍ വേറെയുണ്ടെങ്കിലും,ഇക്കഥയാണ്‌ എന്തുകൊണ്ടോ ഓര്‍മ്മ വരിക.അതില്‍ സദ്യവട്ടത്തിന്റെ കനപ്പെട്ട ശൈലികള്‍ അമര്‍ന്നുകിടക്കുന്നതുകൊണ്ടാകാം.

എന്റെ കുട്ടിക്കാലത്ത്‌ ഗൃഹോപകരണങ്ങളാല്‍ സമൃദ്ധമായ അടുക്കളയൊന്നും വീട്ടിലുണ്ടായിരുന്നില്ല.ഓണമാവുമ്പോള്‍ കൂടുതലളവില്‍ പായസമുണ്ടാക്കാനായും സാമ്പാര്‍ വയ്‌ക്കാനായും അമ്മയുടെ ഒരു പരാക്രമമുണ്ട്‌‌.അധികമായി ആരെങ്കിലും ഉണ്ണാനുണ്ടാവുമെന്നതാണ്‌ പ്രധാനകാരണം.പിന്നെ,അയല്‍വീടുകളില്‍ പകര്‍ച്ച കൊടുക്കുകയും വേണം.വലിയ പാത്രങ്ങള്‍ കുറേ വാങ്ങിവച്ചിട്ടും കാര്യമില്ല.മഴക്കാലത്ത്‌ പെയ്‌ത്തുവെള്ളം പിടിക്കാമെന്നല്ലാതെ വേറെന്തുവിശേഷം!സാധാരണ ദിവസങ്ങളില്‍ നാലാള്‍ക്കു ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.ഓണത്തിന്റെ ഓര്‍മ്മകളില്‍ സജീവമായി വി.കെ.എന്‍ കയറിവരാനുള്ള കാരണം ഉണ്ണുന്നതിന്റെ പ്രിയംതന്നെയാണ്‌.ഞാനൊരു ആഹാരപ്രിയനാണ്‌.എന്തും വലിച്ചുവാരിക്കഴിക്കുന്നതല്ല ശീലം,മറിച്ച്‌ നല്ല ചിട്ടയൊപ്പിച്ച്‌ നമ്മുടെ നാട്ടുഭക്ഷണം നന്നായി കഴിക്കുന്നതിലാണ്‌.അതൊക്കെ എല്ലായ്‌പ്പോഴും പ്രയാസമാണല്ലോ.പ്രത്യേകിച്ചും ഹൈറേഞ്ചിലെ ഏറെക്കുറെ ഇല്ലായ്‌മയുടെ സാഹചര്യങ്ങളില്‍.എന്നാല്‍ ഓണത്തിന്‌ അങ്ങനെയല്ല.തരാതരം ഭക്ഷണം ആസ്വദിച്ചുതന്നെ കഴിക്കാം.ഒരിടത്തുനിന്നല്ല,അയല്‍വീടുകളില്‍നിന്നും.ഒരു ഗ്ലാസ്‌ പായസമെങ്കിലും അന്നത്തെ ദിവസം അയല്‍പക്കത്ത്‌ നിന്ന്‌ കഴിച്ചിരിക്കണമെന്ന്‌ നിര്‍ബന്ധമാണ്‌.നമുക്കുമാത്രമല്ല,അവര്‍ക്കും.എനിക്കിഷ്ടമാണ്‌ അത്‌.ഇന്നും പ്രിയമുള്ള വീടുകളില്‍നിന്ന്‌ ഭക്ഷണം കഴിക്കാന്‍ എനിക്കിഷ്ടമാണ്‌.അതിലൊരു നല്ല സന്ദേശംകൂടിയുണ്ട്‌.മാധവിക്കുട്ടിയുടെ കഥകളിലും വെപ്പുകാരന്റെ ക്രിയകള്‍ കാണാം.ആ കഥകളിലെ കുട്ടികളെപ്പോലെ വെപ്പുകാരന്‍ വന്നാലാണ്‌ എനിക്കുത്സാഹമാവുക.കഥയിലായാലും ജീവിതത്തിലായാലും.എന്റെ ഓര്‍മ്മയിലുമുണ്ട്‌,ഒരു 'കലി നാരായണന്‍നായര്‍'.ഞങ്ങളുടെ നാട്ടിലെ പേരെടുത്ത ദേഹണ്ഡക്കാരന്‍ ഗോപാലന്‍ചേട്ടന്‍.കല്യാണമോ അടിയന്തിരമോ മറ്റോ വന്നാല്‍ ഗോപാലന്‍ ചേട്ടന്‍ ആഘോഷമായിപ്രവേശിക്കും.വലിയ കുട്ടകങ്ങളും ചെമ്പുകളും വാര്‍പ്പുകളും വയ്‌ക്കാനുള്ള മുട്ടന്‍ അടുപ്പുകളുടെ പണിയാണ്‌ ആദ്യം.പിന്നെ,ചേന,ചേമ്പ്‌,കായ,മത്തന്‍,കുമ്പളം,പപ്പടം,പരിപ്പ്‌,നെയ്യ്‌‌,എണ്ണ,തേങ്ങ എന്നിങ്ങനെ ഒരു ബഹളം.ഗോപാലന്‍ചേട്ടന്റെ കരവിരുതുകള്‍ നല്ലപോലെ കാണാനൊന്നും എനിക്കുകഴിഞ്ഞിട്ടില്ല.എന്റെ കുട്ടിക്കാലമാണത്‌.മുതിര്‍ന്നപ്പോഴേക്കും അദ്ദേഹം ദേഹണ്ഡംനിര്‍ത്തി ഉപജീവിതത്തിന്‌ വേറെ പണി നോക്കി തുടങ്ങിയിരുന്നു.

അരികുത്തുമില്ലും ചില പുന്നാരങ്ങളും

അക്കാലത്ത്‌‌ ഞങ്ങളുടെ നാട്ടില്‍ ഒരേയൊരു അരികുത്തുമില്ലേ ഉണ്ടായിരുന്നുള്ളൂ.അത്‌ പാടം കടന്നുചെല്ലുന്ന ചെമ്മണ്‍ നിരത്തിനരികിലാണ്‌.ഒരു കൊല്ലത്തിന്റെ കൂട്ടിവയ്‌ക്കലുകള്‍ മുഴുവന്‍ നാട്ടുകാര്‍ കുത്തിത്തീര്‍ക്കുന്നത്‌ ആ മില്ലിലായിരുന്നു.ഓണക്കാലമായാല്‍ അവിടെ തിരക്കേറും.തവിടിന്റെയും ഉമിയുടെയും പുഴുക്കനെല്ലിന്റെയും ഗ്രീസിന്റെയും ഡീസലിന്റെയും വാസന നിറഞ്ഞുകിടക്കുന്ന ഒരിടം.മില്ലില്‍ തട്ടമിട്ടു തലമറച്ച ചെറുപ്പക്കാരികള്‍ നെല്ലുകുത്താന്‍ വന്നുനില്‍പ്പുണ്ടാകും.പ്രായം ചെന്ന സ്‌ത്രീകള്‍ അവിടെത്തന്നെ പടിഞ്ഞിരുന്ന്‌ അരിയിലെ ഉമി കൊഴിച്ചെടുക്കുന്നുണ്ടാവും.കൂട്ടിനുവന്ന കുട്ടികള്‍ ത്രികോണാകൃതിയില്‍ കമുകിന്‍പട്ട കീറിയടിച്ച മറയില്‍ മൂക്കു ചേര്‍ത്തുവച്ച്‌‌ യന്ത്രത്തിന്റെ ബെല്‍റ്റ്‌ കറങ്ങുന്നത്‌ നോക്കിനില്‍പ്പുണ്ടാകും.അരി കുത്തുന്ന ആക്കൊച്ച്‌‌ ചേട്ടന്‍ അരിവരുന്ന കുഴലില്‍ വിരലിട്ട്‌ മുഷിഞ്ഞുനില്‍പ്പുണ്ടാകും.കുത്തുകൂലി പണമോ നെല്ലോ ആണ്‌‌.പണം കൊടുക്കുന്നവര്‍ വിരളം.ആ മില്ല്‌ എന്റെ ഓര്‍മ്മകളുടെ പരിധികളിലുണ്ടായിരുന്നു എന്നും.അനവധി ഓണക്കാലങ്ങള്‍ ആ മില്ലിനെ ചുറ്റിപ്പറ്റി കടന്നുപോയിട്ടുണ്ട്‌.നെല്ല്‌ നിറച്ച ചാക്കോ കുട്ടയോ തലയിലേറ്റി നന്നേ വീതികുറഞ്ഞ പാടവരമ്പിലുടെ നടക്കുക എന്നത്‌ യാതന നിറഞ്ഞകാര്യമാണ്‌.വരമ്പിനരികില്‍ത്തന്നെ കമുകുകളും വച്ചുപിടിപ്പിച്ചിട്ടുണ്ടാകും.നല്ല ഉയരമുള്ള കമുകുകള്‍.അതില്‍ ഒരു കൈ ചുറ്റിപ്പിടിച്ച്‌,തലയിലെ ഭാരം ചരിയാതെ സൂക്ഷിച്ചുവേണം വരമ്പ്‌ കടക്കാന്‍.മഴക്കാലത്ത്‌ വരമ്പിനപ്പുറത്തെ തോട്‌ കവിഞ്ഞൊഴുകും.പക്ഷേ,തോട്ടിറമ്പിലെമ്പാടും പൂക്കളായിരിക്കും.നല്ലനല്ല ഓണപ്പൂക്കള്‍.മില്ലില്‍ വന്നുകൊണ്ടിരുന്ന തട്ടമിട്ട സ്‌ത്രീകള്‍ ഞങ്ങളുടെ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നുള്ളവരായിരുന്നു.ചുറ്റിലും വിശാലമായ പാടങ്ങളായിരുന്നതിനാല്‍ എല്ലാവരും സുപരിചിതരുമായിരുന്നു.പണിക്കാരും പണക്കാരും പണിയെടുപ്പിക്കുന്നവരും ചേര്‍ന്നുണ്ടായ കൃഷിക്കാലം.അങ്ങനെയൊരു മില്ലിനെപ്പറ്റി,പത്മരാജന്‍ 'കള്ളന്‍ പവിത്രന്‍ 'എന്ന സിനിമയില്‍ പറയുമ്പോള്‍,ഞാനാ ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു.മില്ലുകാരന്‍ മാമച്ചന്‍ അതിലാണല്ലോ.ആ സിനിമയിറങ്ങിയ നാളുകളിലായിരുന്നു എന്റെ കുട്ടിക്കാലം.പക്ഷേ ജീവിതകഥ സിനിമയിലെപ്പോലെ ആയിരുന്നില്ലെന്നുമാത്രം.പിന്നീട്‌ അങ്ങനൊരു മില്ല്‌ കണ്ടത്‌ മഞ്ചേരിക്കടുത്ത്‌ ഇളയൂരിലാണ്‌.അവിടെ എന്റെ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ അത്തരമൊരു മില്ലുണ്ടായിരുന്നു.ഇരമ്പുന്ന മില്ല്‌.മണ്ണെണ്ണയുടെയും ഗ്രീസിന്റെയും ഡീസലിന്റെയും നെല്ലിന്റെയും മണമുള്ള യന്ത്രശാല.അവിടെ കാത്തുനിന്നിരുന്ന പെണ്ണുങ്ങള്‍ മുഴുവന്‍ തല മറച്ചവരായിരുന്നു.അവര്‍ നമ്മളെക്കാണുമ്പോള്‍ ഒന്നുകൂടി അകത്തേക്കുവലിയും.മൈലാഞ്ചിച്ചെടി കൊളുത്തിവലിച്ചിട്ടെന്ന പോലെ.ആ മില്ലിരിക്കുന്നതിനടുത്ത്‌ ഒരു പഞ്ചായത്ത്‌ കുളമുണ്ട്‌.അപ്പുറം കൈതകള്‍ തലകുനിച്ച്‌ മാറിടം നോക്കിനില്‍ക്കുന്ന തോടും.പിന്നെ അത്തരം മില്ലുകള്‍ കണ്ടിട്ടുള്ളത്‌ പാലക്കാടാണ്‌.സിമന്റിട്ട വലിയ മുറ്റങ്ങളുണ്ടാകും.നെല്ല്‌ നിരത്തി ചിക്കിയിട്ടുണ്ടാവും.നെല്ല്‌ പുഴുങ്ങുന്ന യന്ത്രത്തില്‍നിന‌ ആവി മേലേക്ക്‌ പോകുന്നുണ്ടാവും.പാലക്കാട്ടെ ചെട്ടിച്ചികളും മൂത്താന്മാരും ഈഴവരും കാക്കുന്ന നെല്‍ക്കാലങ്ങള്‍.!
ഓണമെന്നൊന്നുമില്ല സ്‌നേഹസമ്പന്നരായ പാലക്കാട്ടുകാര്‍ക്ക്‌‌.അവരുടെ മനസ്സിലെന്നും ഓണമാണ്‌.മലയാളി എന്നാല്‍ പാലക്കാട്ടുകാരായിരുന്നെങ്കില്‍....!ഇന്ന്‌ നാട്ടില്‍ ആധുനിക അരിമില്ലുകളുള്ളത്‌ കാലടിയിലാണ്‌.നിറം കലര്‍ത്തിയ കല്ലില്ലാത്ത അരി വരുന്ന കാലടിയുടെ അരിപ്പെരുമ!

പ്രപഞ്ചമേ,പൂക്കളമിടാന്‍ കുറച്ച്‌ ഇ വേസ്‌റ്റ്‌ ഇറക്കിത്തരൂ...

എന്തും പ്രയോജനപ്പെടുത്തുക എന്നാവുമ്പോള്‍ എന്തും പ്രയോജനപ്പെടുത്താം എന്നുതന്നെയാണ്‌.പൂക്കളമിടാന്‍ ഇലക്ട്രോണിക്‌ വേസ്‌റ്റ്‌ ആവാം.അതിന്റെ പൂരൂപങ്ങള്‍ പുതുമയാവാം.വൈകാതെ നമുക്കിത്‌ പരസ്യങ്ങളില്‍ കാണാന്‍കഴിയും.പ്രകൃതിയെ മുറ്റത്തേക്ക്‌ ആവാഹിക്കുന്ന പൂക്കളങ്ങളെ എനിക്കിഷ്ടമാണ്‌.അതിലെ സങ്കല്‍പം എത്ര ദിവ്യമാണ്‌.പക്ഷേ,ഇന്നും ഇനി വരും നാളുകളിലും അതത്ര സാദ്ധ്യമല്ലാതെ വരും.പ്രകൃതിയില്‍ നിന്ന്‌ നമ്മളകലുന്നതുകൊണ്ടാണതെന്ന്‌ എനിക്കു അഭിപ്രായമില്ല.മാറുന്നകാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങളാണ്‌ അതെല്ലാം.നമ്മളിപ്പോള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌‌മെന്റ്‌സിലോ മറ്റോ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചാലും മക്കള്‍ ഓണക്കാലത്ത്‌ പത്തുദിവസവും പൂവിടണമെന്നില്ല.ചില ഉള്‍നാടന്‍ദേശങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും ഇന്ന്‌‌ കുട്ടികള്‍ പതിവായി പൂവിടുന്നുണ്ടാവുമോ? ഓണപ്പൊട്ടനും മറ്റും കണ്ണൂര്‍,തൃശൂര്‍,പാലക്കാട്‌ ജില്ലകളില്‍ മാത്രമായി ഒതുങ്ങി.കര്‍ക്കിടകം 1 മുതല്‍ പൂവിടുന്നതും ഒറ്റത്തിരുവോണം നോക്കുന്നതും അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി.വാസ്‌തവത്തില്‍ തിരുവിതാംകൂറും മലബാറും മധ്യകേരളവും ഓണത്തെ വ്യത്യസ്‌തമായിത്തന്നെയാണ്‌ സ്വീകരിക്കുന്നത്‌.ഒരു ചരിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഐക്യകേരളപ്പിറവി ഓണത്തിന്റെ മിത്തിനെ പൊളിച്ചടുക്കിയിട്ടില്ല.തലമുറ കഴിയുംതോറും നഷ്ടമാവുന്നതാണ്‌ മാമൂലുകളോടുള്ള പ്രതിപത്തി.പിന്നീട്‌ അതൊരു നേര്‍ത്ത ഓര്‍മ്മയായിമാറും.ഇനിയൊരു അമ്പത്‌ കൊല്ലംകഴിഞ്ഞാല്‍ ഓണത്തിന്‌ ഇന്നത്തെയത്രപോലും സവിശേഷത നല്‍കാന്‍ അന്നത്തെ മലയാളികള്‍ തയ്യാറാകണമെന്നില്ല.അനുഷ്‌‌ഠാനങ്ങള്‍ വൈകാരികശീലത്തില്‍നിന്നുണ്ടാവുന്നതാണ്‌.ആ വൈകാരികതയാണ്‌ നാള്‍ക്കുനാള്‍ നമുക്ക്‌ നഷ്ടമാവുന്നത്‌‌.അത്‌ മാറ്റമാണ്‌.അംഗീകരിക്കേണ്ട മാറ്റം.പക്ഷേ,ഇന്നത്തെ മലയാളി രണ്ടുനാള്‍ ഓണം ആഘോഷിക്കുന്നുണ്ട് കുറേക്കാലമായിട്ട്‌‌.കുറേക്കാലംകൂടി അതുതുടരും.വാസ്‌തവത്തിലത്‌‌-ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്‌‌-വിപണിയുടെ ഓണാഘോഷമാണ്‌.അഥവാ ആവശ്യമാണ്‌.എന്നാല്‍ വരും നാളുകളില്‍ വിപണിയുടെ ഇന്നത്തെ സങ്കല്‍പം മാറും.അന്ന്‌ ഓണവും വിഷുവും അപ്രധാനമാകും.എല്ലാ പ്രാദേശികതയും നഷ്ടമാകും.അതേസമയം ആഗോളപ്രചാരമുള്ള ക്രിസ്‌തുവിന്റെ പിറവി നിലനില്‍ക്കുകയും ചെയ്യും.കാരണം,ഓണം കേരളത്തിന്റെ,മലയാളിയുടെ മാത്രം ആവേശമാണ്‌.അയല്‍പക്കമായ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോപോലും അതിന്റെ അലയൊലികളില്ല.ഇല്ലെന്നുതീര്‍ത്തും പറഞ്ഞുകൂടാ.ഉള്ളത്‌ വിപണിയുടെ നാണയാധിഷ്ടിതമായ അധീശത്വമാണ്‌.അവരുടെ വിപണിയില്‍നിന്ന്‌ നമ്മുടെ ഓണവിപണിയിലേക്ക്‌‌ വരുന്ന വിഭവങ്ങളുടെ സമകാലികത മാത്രം.ഇതൊക്കെയാണെങ്കിലും ഇന്നത്തെ മലയാളിക്ക്‌‌,ഇതുവരെയുള്ള മലയാളിക്കും,ഓണം ഗൃഹാതുരതയാണ്‌.നാളത്തെകാര്യം അങ്ങനെയാവില്ലെങ്കിലും.ഇന്നത്തെക്കാലത്ത്‌ സമൃദ്ധമായ ഭക്ഷണം എന്നത്‌ കേള്‍ക്കാനത്ര സുഖമില്ലാത്ത കാര്യമാണ്‌.എന്നുംതന്നെ സമൃദ്ധമായ ഭക്ഷണമാണല്ലോ.ബി.പി.എല്ലിനുതാഴെയുള്ളവരാണെങ്കിലും അല്ലെങ്കിലും.എല്ലാം ലഭ്യമാണ്‌ എന്നതാണ്‌ സംഗതി.അതിന്‌ പണം മാത്രംമതി.പണമോ,പഴയ പോലെയല്ല,ആവശ്യത്തിന്‌ കിട്ടാനുണ്ട്‌‌.സ്വകാര്യമേഖലയുടെ വളര്‍ച്ച,നാട്ടിലെ ദാരിദ്യമകറ്റിയിരിക്കുന്നത്‌ ചെറിയ തോതിലൊന്നുമല്ലല്ലോ.നമ്മളാരുമത്‌ സമ്മതിച്ചുതരില്ലെങ്കിലും.അതിന്റെ മാറ്റം 'ഇല'യിലാണ്‌.സദ്യ എന്നുപറഞ്ഞാല്‍ ഇലയില്‍ ബ്രഡ്ഡും വെണ്ണയും അല്ലെങ്കില്‍ എണ്ണ പുരട്ടാത്ത ചപ്പാത്തിയും കറിയും കോഴിക്കാലുമെന്നായിട്ടുണ്ട്‌.ഇല പേപ്പറില.അതിലൊന്നും കുഴപ്പമില്ല.കാലത്തിനൊപ്പമാണ്‌ നാം സഞ്ചരിക്കേണ്ടത്‌.എന്നാലും,സദ്യയെന്നാല്‍,എന്നെസംബന്ധിച്ച്‌ ചോറും കറിയും പപ്പടവും വറുത്തപ്പേരിയും ഉപ്പിലിട്ടതും പായസവും തന്നെയായിരിക്കണം.

ഓണക്കോടി.ഓടിക്കോ!

നമ്മള്‍ക്ക്‌ 'അക്ഷയതൃതീയ'യുടെ ജ്വരം പിടിച്ചത്‌ ഓര്‍മ്മയില്ലേ.അതേപോലെയാണ്‌ ഓണക്കോടിയുടെ കാര്യവും.എനിക്കുമനസ്സിലാവാത്തത്‌ ഇപ്പോള്‍ നാട്ടിലുയരുന്ന സ്വര്‍ണ്ണക്കടകളുടെയും തുണിക്കടകളുടെയും ബാഹുല്യമാണ്‌‌.ആരാണ്‌ ഇത്ര ഉപഭോഗജ്വരമുള്ള മലയാളി സമൂഹം?ആരാണ്‌ ഇത്രശേഷിയുള്ള കച്ചവടക്കാര്‍?നികുതിവകുപ്പും സര്‍ക്കാരും മാനം നോക്കിനില്‍ക്കുന്ന കാഴ്‌ച കാണണമെങ്കില്‍ പത്രം നോക്കിയാല്‍ മതി.ആഴ്‌ചയിലൊന്നെങ്കിലും മുഴുവന്‍താള്‍ പരസ്യമുണ്ടാകും,ഏതെങ്കിലും ജ്വല്ലറിയുടെയോ തുണിക്കടയുടെയോ ഉദ്‌ഘാടനം വിളംബരം ചെയ്‌ത്‌.എവിടെനിന്നാണ്‌ ഈ വരുമാനം.അതിനിടയില്‍ ഓണക്കോടി എന്നൊന്നില്ല,എന്നും ഓണക്കോടിയാണ്‌.അതാണ്‌ ആദ്യമേ പറഞ്ഞ വിപണിയുടെ കെണി.അതില്‍ മുങ്ങിപ്പോകുന്നത്‌ ഐതിഹ്യമാണ്‌.നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകം ഇനി അരങ്ങില്‍ കളിക്കാനുള്ളതല്ല,ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കാനുള്ളതാണെന്ന്‌ കാലംപറയുംപോലെ.മാനുഷരെല്ലാരുമൊന്നുപോലെ എന്ന്‌ ഇനി പറയാനാവാത്തതുപോലെ.മനുഷ്യരെ വിഭിന്നരാക്കുന്നതാണ്‌ മാറിയകാലം.മാറിയകാലത്ത് നിലനില്‍ക്കുന്നതെന്താണോ അതാണ്‌ 'ആധുനികമായ' ഐതിഹ്യം.ആധുനികമായ ഐതിഹ്യത്തിന്‌ ഒരു മൈക്രോചിപ്പിലൊതുങ്ങാനുള്ള സ്ഥലമേ യന്ത്രവാസികളും യന്ത്രസംസ്‌കാരവാഹികളുമായ
മനുഷ്യന്‍ അനുവദിക്കൂ.
അതുകൊണ്ട്‌ അതിനെ ഇനി നാനോഓണം എന്നുവിളിക്കാം.

ഫോട്ടോ.സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Sunday, August 22, 2010

ബൗദ്ധികനിരാഹാരകാലത്തെ ഓണം

എല്ലാ മലയാളിക്കും ഓണക്കാലത്ത്‌ ഒരു സവിശേഷചിന്തയുണ്ടാകുന്നു.പണ്ട്‌,മലയാളികള്‍ ഇത്ര തിരക്കുള്ളവരായിരുന്നോ..?അല്ലെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.മുമ്പ്‌,എണ്ണിപ്പറയാന്‍ നമുക്ക്‌ ധാരാളം ആഘോഷങ്ങളുണ്ടായിരുന്നു.അതൊക്കെ ഭയങ്കരമായ പണച്ചിലവുള്ള ആഘോഷങ്ങള്‍ ആയിരുന്നുമില്ല.അന്ന്‌,ഒരുപാട്‌ വിനോദോപാധികളും നമുക്കുണ്ടായിരുന്നില്ല.കൊല്ലത്തിലൊരു ചാത്തമോ പിറന്നാളോ പറയെഴുന്നള്ളിപ്പോ ഓണമോ തന്നെ ധാരാളം.അതുകൊണ്ട്‌ കൊല്ലം മുഴുവന്‍ അതിനേപ്പറ്റിയായിരുന്നു ആളുകളുടെ ചിന്ത.പിന്നെ,ഒരുപാടൊരുപാട്‌ സമയവും ആളുകള്‍ക്കുണ്ടായിരുന്നു.അന്നായിരുന്നു നേരമ്പോക്കുകള്‍ സമൃദ്ധമായി പിറന്നിരുന്നത്‌.അപ്പോഴായിരുന്നു സന്തോഷം കുടുംബത്തിലേക്ക്‌ പടികയറിവരുന്നതും.ചിലരുടെയെങ്കിലും അഭിപ്രായത്തില്‍ അതായിരുന്നു യഥാര്‍ത്ഥത്തില്‍ `ഓണക്കാലം'.
ചേറില്‍ താമര വിരിയുന്നതുപോലെയാണ്‌ ആഘോഷങ്ങള്‍.കഷ്‌ടപ്പാടുകള്‍ക്കും-ജാതിവേര്‍തിരിവുകള്‍,സാമ്പത്തികാസമത്വം,സ്‌ത്രീ-പുരുഷ വിവേചനം,സ്‌ത്രീക്കുള്ള വേര്‍തിരിവുകള്‍,കുട്ടികള്‍ക്കുള്ള എല്ലാത്തരം പരിമിതികളും..-അടിച്ചമര്‍ത്തപ്പെട്ട സ്വപ്‌നങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനൊരു ദിവസം.അങ്ങനെയാണ്‌ പത്തുകൊല്ലംമുമ്പ്‌ വരെയുള്ള ആഘോഷവേളകള്‍.അതൊക്കെയാണ്‌ ഓണമായും നേര്‍ച്ചയായും പെരുന്നാളായും വിളിക്കപ്പെടുന്നത്‌.അതൊക്കെ ദിവസങ്ങള്‍ നീളുന്ന ഉത്സവമായി മാറുന്നത്‌ അന്നത്തെക്കാലത്ത്‌ സ്വാഭാവികം.ലോകത്തെങ്ങും മനുഷ്യരുടെ ഉത്സവങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന്‌ പല സാഹിത്യകൃതികളും വായിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും.കാലാകാലങ്ങളില്‍,അവയ്‌ക്കൊക്കെ നമ്മുടെ ഓണത്തിനു സംഭവിച്ചിട്ടുള്ള മൂല്യച്യുതിതന്നെ നേരിടേണ്ടിവന്നിട്ടുമുണ്ട്‌.
ഓണപ്പതിപ്പുകളുടെ പേറ്റുമുറി
കഥയെഴുതി തുടങ്ങിയകാലം വെള്ളത്തൂവലിലെ കുട്ടിക്കാലമാണ്‌.അന്ന്‌ ആഡംബരമായി മോഹിച്ചിരുന്നത്‌ ഓണപ്പതിപ്പുകളായിരുന്നു.ഓണപ്പതിപ്പുകളില്‍ വരുന്ന കഥകള്‍ വായിക്കാനും ഫോട്ടോകള്‍ കാണാനുമായിരുന്നു കമ്പം.എം ടി,ഓണപ്പതിപ്പുകളില്‍ നിന്നു മാറിത്തുടങ്ങിയ കാലത്താണ്‌ എന്റെ വായന വരുന്നത്‌.അപ്പോഴും ടി,പത്മനാഭനും മാധവിക്കുട്ടിയും എം.മുകുന്ദനും കാക്കനാടനും വി.കെ.എന്നും ഒ.വി വിജയനുമുണ്ട്‌.പക്ഷേ അന്ന്‌ ഓണപ്പതിപ്പുകള്‍ എല്ലാം വാങ്ങാന്‍ പണമുണ്ടായിരുന്നില്ല.മാത്രവുമല്ല,എന്റെ നാട്ടില്‍ എല്ലാ ഓണപ്പതിപ്പുകളും വരികയുമില്ല.എങ്കിലും സസൂക്ഷ്‌മം പരസ്യങ്ങള്‍ ശ്രദ്ധിക്കും.ആരൊക്കെ എഴുതുന്നു എന്നു നിരീക്ഷിക്കും.അവരെപ്പോലെയൊക്കെ എഴുതാന്‍ പരിശ്രമിക്കും.
മാതൃഭൂമിയുടെ ഓണപ്പതിപ്പ്‌/ആഴ്‌ചപ്പതിപ്പ്‌ അച്ഛന്‍ വരുത്താറുണ്ട്‌.മനോരമയും കലാകൗമുദിയും വാങ്ങാന്‍ കിട്ടും.പക്ഷേ,ദേശാഭിമാനിയോ ദീപികയോ ജനയുഗമോ മറ്റ്‌ ഓണപ്പതിപ്പുകളോ അങ്ങനെ ഞങ്ങളുടെ നാട്ടില്‍ വരികയില്ല.അവയുടെയൊന്നും ഓണപ്പതിപ്പുകള്‍ വായിക്കാന്‍ അക്കാലത്തവിടെ ആളുണ്ടായിരുന്നില്ല.അതൊക്കെ കാണുന്നത്‌ പുറത്തേക്ക്‌ വല്ല സാഹിത്യപരിപാടിക്കും പോകുമ്പോഴാണ്‌.
അന്നത്തെ ഹൈറേഞ്ചില്‍ മംഗളം മുതല്‍ ചെമ്പകം വരെ പന്ത്രണ്ടോളം ജനപ്രിയപ്രസിദ്ധീകരണങ്ങള്‍ പതിവായിരുന്നു.അതായിരുന്നു അവിടെ പ്രചരിച്ചിരുന്ന ഉത്തമസാഹിത്യം.
ഞങ്ങളുടെ വീട്ടിലെ ഒരു മുറിയിലാണ്‌ കൊല്ലംതോറും ഓണപ്പതിപ്പുകള്‍ പ്രസവിക്കുന്നത്‌.വാസ്‌തവത്തിലത്‌ ഈറ്റുമുറി തന്നെയായിരുന്നു.കൃഷിക്കാരന്റെ ഇരുട്ടറ അഥവാ കലവറ.കൊല്ലത്തിലൊരിക്കല്‍ സാഹിത്യത്തിന്റെ പ്രസവമുറി.എങ്ങനെയാണത്‌ പേറ്റുമുറിയാവുന്നതെന്ന്‌ ചോദിച്ചാല്‍,ഇടയ്‌ക്കിടെ ഞാനവിടെ ചെല്ലും.ഓണപ്പതിപ്പുകളെടുത്ത്‌ കഥകള്‍ വായിക്കും.ഓരോ കഥയും എന്റെ നെഞ്ചില്‍ നൂറുനൂറായി പുനര്‍ജ്ജനിക്കും.ആ മുറിയാണോ എന്റെ ഹൃദയമായിരുന്നോ യഥാര്‍ത്ഥപേറ്റുമുറി എന്നുചോദിച്ചാല്‍ മൗനം മറുപടി.
ഇരുട്ടൊഴുകിക്കിടക്കും ആ മുറിയില്‍.ഇഞ്ചിയും കാച്ചിലും ചേമ്പും ചാണകം മുക്കിയ വിത്തുകളും നെല്ലും ഉണക്കക്കപ്പയും സംഭരിച്ചുവയ്‌ക്കുന്ന മുറിയായിരുന്നു അത്‌.വല്ലംകൊട്ടയിലും വള്ളിക്കൊട്ടയിലും പഴമുറത്തിലും ചാക്കിലും നിലത്തുമൊക്കെയായി കൂട്ടിവച്ചിരിക്കുന്ന കായ്‌കറികള്‍ക്ക്‌ വല്ലാത്ത ഒരു മണമുണ്ട്‌.അതിനകത്ത്‌ പകല്‍ പോലും തനിച്ചുകയറാന്‍ നന്നേകുട്ടിക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു.പാമ്പുണ്ടെന്ന്‌ തോന്നും.ഇല്ല.അതൊന്നുമില്ല.എന്നാലും ഭയം.ആ മുറിയിലാണ്‌ ഈ ഓണപ്പതിപ്പുകളും അച്ഛന്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്‌.അതുകൊണ്ട്‌ എനിക്ക്‌ ഇടക്കിടെ അവിടെ കയറാതെ വയ്യ.അങ്ങനെ ആ മുറിയോടുള്ള ഭയം മാറി.
കയറുകെട്ടി പലക വച്ച ഒരു തട്ടിന്മേലാണ്‌ സാഹിത്യമിരിക്കുന്നത്‌.പൊടിയും മാറാലയുമുണ്ടാകും.കൂറയും പല്ലിയും എട്ടുകാലിയുമുണ്ടാകും.ജനലുകളില്ലായിരുന്നു ആ മുറിക്ക്‌.വാസ്‌തവത്തില്‍ ഓണപ്പതിപ്പുകളുടെ കലവറയായിരുന്നു അത്‌.കഥകള്‍..കവിതകള്‍..ലേഖനങ്ങള്‍..ഫോട്ടോകള്‍..അന്നൊക്കെ,ഓണപ്പതിപ്പുകളില്‍ ദേശവിശേഷങ്ങള്‍ വലിയ പുതുമയായിരുന്നു. ഓണത്തിന്റെ വിവിധതരം ഫോട്ടോകളുണ്ടാകും നടുത്താളുകളില്‍.തൃശൂരങ്ങാടിയുടെ,ചാല മാര്‍ക്കറ്റിന്റെ,കാഴ്‌ചക്കുലയുടെ..അരവിന്ദനും എ.എസും മലയാറ്റൂര്‍ രാമകൃഷ്‌ണനും ഓണത്തിന്‌ കാര്‍ട്ടൂണുകള്‍ വരയ്‌ക്കും.അതെല്ലാം പിന്നീടിരിക്കുന്നത്‌ ഈ ചേന-ചേമ്പ്‌-കാച്ചില്‍-ഇഞ്ചി-മഞ്ഞള്‍-ചുക്ക്‌-സമൃദ്ധികള്‍ക്കിടയിലാണ്‌.ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌ ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.

ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌
ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.
ഓണപ്പതിപ്പുകള്‍ അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്‌കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
അന്നൊക്കെ ഞാന്‍ പരീക്ഷയ്‌ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ്‌ അന്വേഷിക്കുന്നത്‌.ആ അന്വേഷണത്തിന്റെ ചുവട്‌ പിടിച്ചാണ്‌ പിന്നത്തെ എഴുത്ത്‌.കഥ മാത്രമല്ല കവിതയും വായിക്കും.ഓണപ്പതിപ്പിലെ കവിതകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.സാധാരണ കവികള്‍ പരക്കെ പ്രയോഗിക്കുന്ന വിഷാദവും വിപ്ലവാത്മകതയും ക്ഷോഭവും അവയിലുണ്ടാവില്ല. അവയ്‌ക്കൊക്കെ സന്തോഷഭാവമായിരിക്കും.സന്തോഷമുള്ള കവിതകളെ ഓണപ്പതിപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ.
അന്നുമിന്നും എഴുത്തുകാര്‍-ഇവിടത്തെയായാലും വിദേശത്തെയായാലും-എനിക്ക്‌ ആരാധനാപാത്രങ്ങളാണ്‌.1937-ല്‍ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്‌ത ഹംഗേറിയന്‍ സാഹിത്യകാരനാണ്‌ അറ്റില ജോസഫ്‌.(ഓര്‍ക്കണം,മുപ്പത്തിരണ്ട്‌ വയസ്സ്‌ വളരെ അപകടകാരിയാണ്‌.പലരും,ക്രിസ്‌തുവും പത്മിനിയും ചങ്ങമ്പുഴയും സില്‍വിയാ പ്ലാത്തുമടക്കം നിരവധിപേര്‍ സ്വയം ചാവേറുകളായത്‌ പ്രായത്തിന്റെ മുപ്പതുകളിലാണ്‌.)ലോകത്തിന്റെ മാറ്റം കൊതിച്ചിരുന്ന കവിയായിരുന്നു അറ്റില ജോസഫ്‌.അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇങ്ങനെയുണ്ട്‌.
ഞാന്‍ ജീവിച്ചിരുന്നപ്പോള്
‍ചുഴലിക്കാറ്റിനെതിരെ നില്‍ക്കുവാന്‍ശ്രമിച്ചിരുന്നു.
തമാശ ഇതാണ്‌,
എന്നെ ഉപദ്രവിച്ചതിനേക്കാള്‍കുറവുമാത്രമേ ഞാന്‍ ഉപദ്രവിച്ചിട്ടുള്ളൂ.
ഞാന്‍ പറഞ്ഞുവന്നത്‌ എന്റെ വീട്ടില്‍ കുട്ടിക്കാലത്തുണ്ടായിരുന്ന ഇരുട്ടുമുറിയെപ്പറ്റിയാണ്‌.സാഹിത്യത്തിനോടുള്ള മമതയും ആഴം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഭിനിവേശവുമാണ്‌ എന്നെ ആ ഇരുട്ടുമുറിയില്‍ നിന്ന്‌ ഇവിടെ എത്തിച്ചത്‌.പിന്നീട്‌,മക്കള്‍ മുതിര്‍ന്നപ്പോള്‍ നാണ്യവിളകള്‍ മാറ്റി അമ്മയാണ്‌ ആ മുറി ഒഴിപ്പിച്ചുതന്നത്‌.അവിടേക്ക്‌ വെളിച്ചം കയറി.ഇരുട്ടുമുറി എന്ന പേരുതന്നെ മാറി.ചുമരുകളില്‍ പുതിയ പലകത്തട്ടുകള്‍ വന്നു.എന്റെയും അനുജന്റെയും പാഠപുസ്‌തകങ്ങള്‍ അവിടെനിരന്നു.സാഹിത്യഗ്രന്ഥങ്ങള്‍ കൊക്കോ ചെടികളെയും കാപ്പിച്ചെടികളെയും വകഞ്ഞുമാറ്റി ഇടവഴിയിറങ്ങി മുറ്റം കയറിവന്നു.പത്രമാസികകളല്ല,പുസ്‌തകങ്ങള്‍..പുസ്‌തകങ്ങളാണ്‌ വന്നത്‌.ആദ്യം പരിഷത്തിന്റെ ശാസ്‌ത്രപുസ്‌തകങ്ങള്‍.പിന്നെ വായനശാലയിലെ സാഹിത്യകൃതികള്‍.അക്കൂട്ടത്തില്‍,തീര്‍ച്ചയായും എഴുത്തുകാരും പരിചയപ്പെടാന്‍ വന്നു..മുറ്റത്ത്‌,ഉള്ള സ്ഥലത്ത്‌ അവരെല്ലാവരും വട്ടമിട്ടിരുന്നു.ആ ചെമ്പരത്തിക്കൊമ്പുകള്‍ പലവട്ടം ഞാന്‍ അതിഥികള്‍ക്ക്‌ തലമുട്ടാതിരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചു.കുമ്പളങ്ങ കായ്‌ച്ചുകിടന്ന മുരിക്കുമരം വമ്പന്മാരെക്കണ്ട്‌ ഫാഷന്‍ഫ്രൂട്ടിന്റെ ശിഖരങ്ങളോട്‌ വര്‍ത്തമാനത്തിനു ചെന്നു.
ഗംഭീരമായ സായാഹ്നങ്ങളായിരുന്നു അത്‌.ഉറൂബ്‌,പൊറ്റെക്കാട്‌,തകഴി,ബഷീര്‍,വി.ടി,പുനത്തില്‍,വി.കെ.എന്‍,വിജയന്‍,മുകുന്ദന്‍,മാധവിക്കുട്ടി,സി.രാധാകൃഷ്‌ണന്‍,പത്മനാഭന്‍,എം.ടി,ബാറ്റണ്‍ബോസ്‌,കോട്ടയം പുഷ്‌പനാഥ്‌,തോമസ്‌ പാലാ,മരട്‌ രഘുനാഥ്‌,ദുര്‍ഗാപ്രസാദ്‌ ഖത്രി,ആര്‍തര്‍ കോനന്‍ ഡോയല്‍,അഗതാക്രിസ്റ്റി...ആര്‍ക്കുമിടയില്‍ അകല്‍ച്ചകളൊന്നുമില്ല.ചിലര്‍ ചെറിയ തിണ്ണയില്‍ ഇരിക്കുന്നു.ചിലര്‍ മാറിനിന്ന്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യോഗസ്ഥലത്ത്‌ കൂട്ടംവിട്ടുനിന്ന്‌ സ്വകാര്യം പറയുന്നതുപോലെ ചെവിയില്‍ കേള്‍ക്കാന്‍ സംസാരിക്കുന്നു.വേറെ ചിലര്‍ അവിടെക്കിടന്ന മാസികകള്‍ എടുത്തുനോക്കുന്നു.യു.കെ കുമാരനും കെ.പി രാമനുണ്ണിയും സി.വി ബാലകൃഷ്‌ണനും രവിയും ഗ്രേസിയും സാറാ ജോസഫും മനോജ്‌ ജാതവേദരുമടക്കം പലരും ഇരിക്കാനിടമില്ലാതെ നില്‍ക്കുകയാണ്‌.അന്ന്‌,ചെക്കോവോ പാസ്റ്റര്‍നാക്കോ മാര്‍ക്കേസോ ഹുവാന്‍ റൂള്‍ഫോയോ അരുന്ധതി റോയിയോ പ്രതിഭാറായിയോ ജയന്ത്‌ മഹാപത്രയോ അമിതാവ്‌ ഘോഷോ റോസ്‌മണ്ട്‌ പിള്‍ച്ചറോ പ്രവേശിച്ചിരുന്നില്ല.ആനന്ദും കോവിലനും മേതിലും നിര്‍മ്മല്‍കുമാറും കയറിവരികയും ക്ഷോഭിച്ച്‌ പലതവണ ഇറങ്ങിപ്പോവുകയും ചെയ്‌തിട്ടുണ്ടെങ്കിലും!
സാഹിത്യത്തിനോടും സാഹിത്യകാരന്മാരോടുമുള്ള എന്റെ ആരാധനയുടെ തോത്‌ മനസ്സിലാക്കാനായി ഇന്നും ഞാന്‍ പൊടിപിടിച്ച അലമാരത്തട്ടുകള്‍ക്കരികില്‍ കുനിഞ്ഞിരുന്നാല്‍ മാത്രം മതി.വാരികത്താളുകളില്‍ നിന്നിറങ്ങിവരുന്ന എഴുത്തുകാരെ ഞാന്‍ എഴുന്നേറ്റുനിന്നു നമസ്‌കരിക്കും.അത്‌ ബാലപംക്തിയില്‍ എഴുതുന്നവരായാല്‍ക്കൂടിയും.
എന്നെ സ്വാധീനിച്ച രണ്ടു പേര്‌ ഞാന്‍ പറയാം.വിക്‌ടര്‍ ലീനസ്സും യു.പി ജയരാജും.എനിക്ക്‌ സംശയമില്ല.ഞാന്‍ മനസ്സിലാക്കിയ സാഹിത്യം എഴുതിയത്‌ അവരാണ്‌.ഇന്നും എഡിറ്റിംഗ്‌ വേണ്ടാതെ അതിശയിപ്പിച്ചുകൊണ്ട്‌ അവര്‍ കാലത്തിനുമുന്നില്‍ നില്‍ക്കുന്നു.
അവരിരുവരും-വളരെ കുറച്ച്‌ കഥകള്‍ മാത്രം എഴുതിയവര്‍.നോവലെഴുതാത്തവര്‍.പ്രശസ്‌തിക്കു പിന്നാലെ പോകാത്തവര്‍.കത്തുകള്‍ എഴുതിയവര്‍.സ്‌നേഹിച്ചവര്‍.ഒരിക്കലും മരിക്കാത്ത സ്‌നേഹിതരുള്ളവര്‍..ജീവിതത്തില്‍ രണ്ടേരണ്ടു ഫോട്ടോ മാത്രം അവശേഷിപ്പിച്ചവര്‍!
എന്റെ മുറിയില്‍ വിക്‌ടര്‍ലീനസ്സും യു.പി.ജയരാജും ആരുമില്ലാത്തപ്പോഴേ വരാറുണ്ടായിരുന്നുള്ളൂ.അവര്‍ വന്നാല്‍മാത്രം ആകാശവും പൂച്ചയും കോഴികളും ചര്‍ച്ച കേള്‍ക്കാന്‍ പ്രവേശിക്കും.പിന്നെ,പറമ്പുകളില്‍ അടയാളങ്ങളില്ലാതെ കുഴിതോണ്ടി അടക്കം ചെയ്യപ്പെട്ട കുടിയേറ്റക്കാരായ പലതരം പരേതരും.
ഒരുതരത്തില്‍ പറഞ്ഞാല്‍ നശിച്ച ജന്മങ്ങളാണ്‌ രണ്ടിന്റേതും.അതുകൊണ്ടാണ്‌ കുഴിയിലടക്കപ്പെട്ടതിനുശേഷവും വായനക്കാരെ അസ്വസ്ഥരാക്കാനായി അവര്‍ രാക്ഷസന്മാരായി പരിണമിച്ചത്‌.യഥാര്‍ത്ഥ പിശാചുക്കള്‍!
വെള്ളത്തൂവലിലെ ബുദ്ധിജീവി
ഒരിക്കല്‍,വെള്ളത്തൂവലിലെ ഏ.കെ.ജി ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌,ഓണക്കാലത്ത്‌ നടത്തിയ ഓണപ്പരിപാടികളിലൊന്ന്‌ കഥയെഴുത്തുമത്സരമായിരുന്നു.ഞാനും പങ്കെടുത്തു.
അന്ന്‌ വെള്ളത്തൂവല്‍ വലിയ പട്ടണമാണ്‌.ധാരാളം വാഹനങ്ങളും കച്ചവടക്കാരും തിരക്കുമുള്ള പട്ടണം.ചുറ്റുപാടുകളില്‍ നിന്ന്‌ മലയിറങ്ങി ആളുകള്‍ വരിക വെള്ളത്തൂവലിലേക്കാണ്‌.ചന്ത,സിനിമാക്കൊട്ടക,അച്ചടിശാല,നാടകവേദി,ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്‌,അനവധി സ്ഥിരവരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ സൈ്വരവിഹാരകേന്ദ്രങ്ങള്‍,ആള്‍ക്കൂട്ടവലിപ്പമുള്ള കുട്ടികള്‍ പഠിക്കുന്ന വലിയ സ്‌കൂള്‍,അത്രത്തോളം കുട്ടികള്‍ പഠിക്കുന്ന പാരലല്‍കോളജ്‌,ടൈപ്പ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌...
പഴയമട്ടിലുള്ള കെട്ടിടങ്ങളാണ്‌ അധികവും.മരത്തിന്റെ കോണിപ്പടികളും ഇരുമ്പിന്റെ ചുറ്റുഗോവണികളുമുള്ള രണ്ടുനിലമന്ദിരങ്ങള്‍.അതിലൊന്നിലാണ്‌ ഏ.കെ.ജി ക്ലബും.താഴെ മക്കാരുടെ റേഷന്‍കട.റേഷന്‍കടയുടെ അരികിലൂടെ കുത്തനെവച്ച തടിച്ച മരഗോവണി കയറണം മുകളിലെത്താന്‍.മത്സരത്തില്‍ പങ്കെടുക്കാനായി അച്ഛനൊപ്പം ഞാന്‍ ചെന്നു.
വരാന്തയില്‍ പലഭാഗത്തുനിന്നുമെത്തിയ കുറേ കുട്ടികള്‍ കാത്തുനില്‍പ്പുണ്ട്‌.ക്ലബ്‌ തുറന്നിട്ടില്ല.പലരും നേരത്തേ വന്നവരാണ്‌.എല്ലാവരുമങ്ങനെ കാത്തുനില്‍ക്കുമ്പോള്‍,ഒരാള്‍ വലിയ ഗൗരവത്തില്‍ വന്ന്‌ ക്ലബ്‌ തുറന്നു.ഉണ്ണി എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌.പാക്കുണ്ണി എന്നു പറഞ്ഞാലേ നാട്ടുകാരറിയൂ.പാക്ക്‌ പറിക്കലാണ്‌ പ്രധാനജോലി.എത്ര ഉയരമുള്ള അടയ്‌ക്കാമരത്തിലും കയറും.ആടിയാടി മരം പകര്‍ന്ന്‌ പോകും.ഒരു തോട്ടത്തിലെ ഒരു മരത്തിലേ കയറൂ.അടയ്‌ക്ക മുഴുവന്‍ പറിച്ചുതീര്‍ത്ത്‌ തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുചെന്ന്‌ ഇറങ്ങും.അധികമാരോടും സംസാരിക്കില്ല.പാക്കുണ്ണിച്ചേട്ടന്‌ പുസ്‌തകം വായനയൊക്കെ ഉണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു.ക്ലബിലേക്ക്‌ കയറിവരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തടിച്ച നാലഞ്ച്‌ പുസ്‌തകങ്ങളുണ്ട്‌.ആരോടും സംസാരിക്കാതെ അദ്ദേഹം കതകു തുറന്ന്‌ അകത്തുകയറി ചുമരലമാരയില്‍ നിന്നൊരു പുസ്‌തകമെടുത്തു തുറന്നു.അത്‌ വായിക്കാന്‍ തുടങ്ങി.അഗാധമായ വായന.കാലിന്മേല്‍ കാല്‍ കയറ്റിവച്ച്‌ പരിസരം ശ്രദ്ധിക്കാതെ ഗംഭീരമായ വായന. ഞങ്ങള്‍ കുറേ കുട്ടികള്‍,രക്ഷിതാക്കളും ജനലിലൂടെ ഇടക്കിടെ നോക്കുന്നുണ്ട്‌. ഇരിപ്പുകണ്ടാല്‍ ഏംഗല്‍സോ കൊസാംബിയോ ആണെന്നുതോന്നും!
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക തുടങ്ങിയവ.
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും
ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി
മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു
ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക
തുടങ്ങിയവ.
ഉണ്ണിച്ചേട്ടന്‍ എതീസ്റ്റിന്റെ യുക്തിവാദഗ്രന്ഥങ്ങളാണ്‌ വായിച്ചുകൊണ്ടിരുന്നത്‌ എന്നു ഞാനോര്‍ക്കുന്നു.അന്ന്‌ യുക്തിവാദവും നിരീശ്വരചിന്തയും മാര്‍ക്‌സിസ്‌റ്റുകാര്‍ക്കിടയില്‍ പ്രകടമായ വികാരമായിരുന്നു.
വെള്ളത്തൂവലില്‍ വാച്ച്‌ നന്നാക്കുന്ന കട നടത്തിയിരുന്ന വിശ്വന്‍(വിശ്വനാഥന്‍)ചേട്ടനായിരുന്നു മറ്റൊരു യുക്തിവാദി.ആ കടയില്‍,അകത്ത്‌ ട്യൂബ്‌ ലൈറ്റിട്ട ചില്ലുകൂടിനടിയില്‍,ഒരു കണ്ണില്‍ ഭുതക്കണ്ണാടിയും വച്ച്‌ വിശ്വന്‍ ചേട്ടനിരിക്കും.അഴിച്ചലങ്കോലമാക്കിയിട്ട ഒരുപാട്‌ വാച്ചുകള്‍ക്കിടയില്‍,ദാലിയുടെ കാറുകളുടെ പ്രേതമെന്ന ചിത്രത്തിലേപ്പോലെ,ഘടികാരരൂപങ്ങളുടെ ജ്യോമട്രിയില്‍ ഈശ്വരനുമായി ഒരു നിശ്ശബ്‌ദസംവാദം.നിരത്തിലൂടെ ശവം വലിച്ചിഴയ്‌ക്കുന്ന ഒച്ചയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടാകും. ഇടക്കിടെ പുറംലോകത്ത്‌ നടക്കുന്നതെന്താണെന്ന്‌ അറിയാന്‍ അദ്ദേഹം തലപൊക്കിനോക്കും.
ഇപ്പോള്‍ എറണാകുളത്ത്‌ ചുറ്റിനടക്കുമ്പോഴും ഞാനിത്തരം പഴയ കടകള്‍ അങ്ങിങ്ങായി കാണാറുണ്ട്‌.വളരെ പഴയ കടകള്‍.മരത്തിന്റെ തട്ടിയും ആമത്താഴുമുള്ള എണ്ണപ്പശയുണങ്ങാത്ത കടകള്‍.എണ്ണം വളരെ കുറവാണെങ്കിലും അവ പോയകാലത്തിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.അത്തരം കടകളില്‍ കുത്തിയിരുന്ന വിശ്വനാഥന്മാര്‍ ഏതു ശവക്കല്ലറകളിലാണ്‌ അന്ത്യവിശ്രമം കൊള്ളുന്നത്‌?
ഓര്‍മ്മകളല്ല ഇവയെല്ലാം.ഭരണകൂടം ഇറോംശര്‍മ്മിളയ്‌ക്ക്‌ നിര്‍ബന്ധമായി കൊടുക്കുന്ന പാനീയാഹാരം പോലുള്ള ചെലുത്തലുകളാണ്‌.ഇറോം ശര്‍മ്മിള വേണ്ട വേണ്ട എന്നുപറഞ്ഞാലും നിയമവും ഭരണകൂടവും സമ്മതിക്കില്ല.അതേപോലെ എഴുത്തുകാരനും പൊറുതികേടുകള്‍മൂലം ബൗദ്ധികമായ നിരാഹാരം കിടക്കുമ്പോള്‍ സമൂഹം നിര്‍ബന്ധമായി ഊട്ടുന്ന അന്നപാനീയങ്ങളാണ്‌ സ്‌മൃതികള്‍.അതുകൊണ്ടാണ്‌ എനിക്ക്‌ വെള്ളത്തൂവലിനെ ഓര്‍ക്കേണ്ടിവരുന്നത്‌.
അന്ന്‌,കുറേക്കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ചുമതലയുള്ളവര്‍ ക്ലബിലേക്ക്‌ എത്തി.ഉണ്ണിച്ചേട്ടന്‍ മാറിയിരുന്ന്‌ വായന തുടര്‍ന്നു എന്നുമാത്രം.ഞങ്ങളെയും കൂട്ടി സംഘാടകര്‍ തൊട്ടടുത്ത കുന്നിന്മുകളിലുള്ള പാരലല്‍കോളജിലേക്ക്‌ പോയി.അവിടെ പലതരം ഓണമത്സരങ്ങള്‍ നടക്കുന്നുണ്ട്‌.നിരവധി കാഴ്‌ചക്കാര്‍.അധികവും ചുറ്റുമുള്ള കോളനികളിലെ സ്‌ത്രീകള്‍.ഊഴം വന്നപ്പോള്‍ കഥാമത്സരം തുടങ്ങി.തന്ന വിഷയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.പ്രോത്സാഹനസമ്മാനമുണ്ടായിരുന്നു.ഒരു സ്റ്റീല്‍ടംബ്ലര്‍.ഞാനിപ്പോള്‍ അതിലാണ്‌ എഴുത്തുപേനകള്‍ സൂക്ഷിക്കുന്നത്‌.അതില്‍ എ.കെ.ജി എന്നെഴുതിയ സ്റ്റിക്കറുണ്ട്‌.അന്ന്‌ നാലിലോ അഞ്ചിലോ ആണ്‌ പഠിക്കുന്നത്‌.ഇപ്പോള്‍ പാക്കുണ്ണിച്ചേട്ടന്‍ എവിടെയാവും?അദ്ദേഹം യുക്തിവാദിയായിരുന്നതിനാല്‍ ഈശ്വരനോട്‌ ചോദിക്കുക വയ്യ.പലകാര്യങ്ങളും അങ്ങനെയാണ്‌.ഒരു ഘട്ടം കഴിഞ്ഞാല്‍ ഈശ്വരനോടുപോലും ചോദിക്കാനാവാതെ വരും.അവിടെയാണ്‌ സാഹിത്യവും സാഹിത്യകാരനും മായാജാലം കാണിക്കുന്നത്‌.
അടിച്ചുതളിയില്ലാത്ത
കരളിനുള്ളിലേക്കു ഹാ,
നെടുവീര്‍പ്പിട്ടുനോക്കുന്നു
ധനുമാസനിലാവൊളി.(തോണിപ്പുരയില്‍.)
കോട്ടക്കല്‍ ശിവരാമനെ ദമയന്തി ശിവരാമനെന്നു വിളിച്ച,രാത്രിനിലാവത്ത്‌ വെറ്റില മുറുക്കുമ്പോള്‍,നിലാവും ചുണ്ണാമ്പും തമ്മില്‍ മാറിപ്പോകുന്നു എന്നു പറഞ്ഞ,പി.കുഞ്ഞിരാമന്‍ നായരുടെ വരികളാണിത്‌.ഓണമാവുമ്പോള്‍ ഓണത്തെപ്പറ്റി മുപ്പത്തിയാറിലധികം കവിതകളെഴുതിയ കുഞ്ഞിരാമന്‍ മാഷേ എനിക്കോര്‍മ്മ വരും.മറ്റാരേ ഓര്‍ക്കാന്‍?
ആരംഭിച്ചത്‌,നന്മകളെപ്പറ്റി പറഞ്ഞാണ്‌.പോയതായിരുന്നു നല്ലതെന്ന അതിവിചാരം എനിക്കില്ല.ഇന്നത്തെക്കാലം മുന്നില്‍ വയ്‌ക്കുന്ന സൗഭാഗ്യങ്ങള്‍ വേറേതുകാലത്ത്‌ കിട്ടും?കുട്ടികള്‍ സ്വതന്ത്രരായി.സ്‌ത്രീകള്‍ സ്വയംപ്രാപ്‌തരായി.പ്രത്യക്ഷമായ തീണ്ടലും തൊടീലും അവസാനിച്ചു.സാമൂഹികസമത്വം എല്ലാവര്‍ക്കുമുണ്ട്‌.പഠിക്കാന്‍ പണസഹായം കിട്ടും.ഇന്റര്‍നെറ്റും ടെലിവിഷനുമുണ്ട്‌.സ്വകാര്യമേഖലയില്‍ പണി കിട്ടാനുണ്ട്‌.വിദേശത്തുപോകാന്‍ എളുപ്പമുണ്ട്‌.
ഇതാണ്‌ കാലം.ഇപ്പോള്‍,അമേരിക്ക അമേരിക്ക അല്ല.റഷ്യ റഷ്യയുമല്ല.ഇന്ത്യന്‍ എന്ന അപകര്‍ഷവും വേണ്ട.നമ്മള്‍ ഏകലോകജീവികളായി.വാസ്‌തവത്തില്‍ ഇതാണ്‌ നല്ല `ഓണക്കാലം.'

Thursday, August 12, 2010

താരാട്ടും പൂതപ്പാട്ടും


താരാട്ടുപാട്ടുകളാണ്‌ എക്കാലത്തേയും എന്റെ ദൗര്‍ബല്യം.വേണമെങ്കില്‍ ജാടയ്‌ക്ക്‌ മറ്റെന്തെങ്കിലും പറയാം.അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.എന്നെസംബന്ധിച്ച്‌,പ്രിയപ്പെട്ട കവി പി.കുഞ്ഞിരാമന്‍നായരും പ്രിയപ്പെട്ട കവിത ഇടശ്ശേരിയുടെ `പൂതപ്പാട്ടും' എന്നു പറയുന്നപോലെയാണ്‌ അത്‌.ഒരു വൈരുദ്ധ്യംതന്നെയാണത്‌.

കഥകളിപ്പദങ്ങളും കര്‍ണ്ണാടകസംഗീതവും മൈക്കല്‍ ജാക്‌സനും ഗ്ലൂമി സണ്‍ഡേ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും എന്റെ ആത്മാവ്‌ തന്നെ ലയിച്ചുകിടക്കുന്ന ബാബുരാജിന്റെ സിനിമാഗാനങ്ങളും ഹിന്ദുസ്ഥാനി ഗസലുകളും എനിക്കിഷ്‌ടമാണ്‌.ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കേള്‍ക്കുന്നവയുമാണ്‌.അല്ലെങ്കില്‍ ഏതുപാട്ടിനോടാണ്‌ ഒരു മനുഷ്യന്‌ പ്രിയമില്ലാതിരിക്കുന്നത്‌?നമ്മളറിയാത്ത ഭാഷയിലെ,നമ്മളറിയാത്ത ഗായകരുടെ എത്രയെത്ര പാട്ടുകള്‍ നമ്മുടെ ഹൃദയത്തെ ഞെരിച്ചിരിക്കുന്നു!പക്ഷേ,ഇഷ്‌ടം,ആ വാക്കിന്റെ ആര്‍ദ്രമായ ഭാവത്തില്‍,ഉള്ളിന്റെയുള്ളില്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നത്‌ താരാട്ടുകളെയാണ്‌.താരാട്ടില്‍ ഗഹനമായ സാഹിത്യമില്ല.ചിലപ്പോള്‍ വാക്കുകള്‍ തന്നെയില്ല.വെറും മൂളലില്‍നിന്ന്‌ താരാട്ടുണ്ടാക്കാം.ഒരാളെ ഉറക്കാനോ സമാധാനിപ്പിക്കാനോ സാദ്ധ്യമാവുന്ന പാട്ട്‌.അതൊരു വിശേഷപ്പെട്ട സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്‌.ആര്‍ക്കും അവിടെ എഴുത്തുകാരിയും സംഗീതസംവിധായകയും ഗായികയുമാവാം.താരാട്ടില്‍ മാത്രമേ അതിനു കഴിയൂ..കേള്‍ക്കുന്നവരും കുറ്റം പറയുകയില്ല.കേട്ടുറങ്ങുന്ന കുഞ്ഞും കുറ്റം പറയുകയില്ല.ആ സ്വാതന്ത്ര്യത്തില്‍നിന്നാണ്‌ താരാട്ടുസാഹിത്യമുണ്ടാവുന്നത്‌.അല്ലെങ്കില്‍,സ്വകാര്യമായ അഭിമാനത്തിന്റെ നിമിഷങ്ങളില്‍നിന്നാണ്‌ ഓരോ അമ്മയും അച്ഛനും പാട്ടുകാരാവുന്നത്‌.ജീവിതത്തില്‍,മറ്റൊരു സന്ദര്‍ഭത്തിലും വേറൊരാള്‍ കേള്‍ക്കേ അവര്‍ പാടുകയില്ലായിരിക്കാം.അവിടെ അവരെക്കൊണ്ട്‌ പാട്ടുപാടിപ്പിക്കുന്നത്‌ കുഞ്ഞാണ്‌.കുഞ്ഞിന്റെ സ്‌നേഹവും കുഞ്ഞിനോടുള്ള സ്‌നേഹവുമാണ്‌.ആവിഷ്‌കാരത്തിന്റെ സ്വതന്ത്രമായ ആ നിമിഷങ്ങളില്‍ തൊണ്ടയില്‍നിന്ന്‌ പാറിപ്പറക്കുന്നത്‌ കുഞ്ഞിന്റെ കണ്ണിലും കാതിലും ചെന്നുപറ്റുന്ന ശലഭങ്ങളായിരിക്കാം.

അമ്മയല്ലേ ആദ്യത്തെ ഗായിക?അമ്മ പാടിയ ആദ്യത്തെ പാട്ടല്ലേ നമ്മുടെ ആദ്യത്തെ ഗാനം?തീര്‍ച്ചയായുമത്‌ താരാട്ടായിരിക്കും.താരാട്ടുമൂളാത്ത ഒരമ്മയും ഉണ്ടാവില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.ഓരോ സ്‌ത്രീയിലും ഒരമ്മയുണ്ട്‌.സ്‌ത്രീയുടെ ഓരോ ഭാവത്തിലും വിഭിന്ന ഘട്ടങ്ങളില്‍ മാതൃത്വവുമുണ്ട്‌.ആ മാതൃത്വം കൊണ്ട്‌ സംഗീതമൂട്ടാത്ത ഒരു സ്‌ത്രീയും പുരുഷന്റെ ജീവിതത്തിലുണ്ടാവില്ല.അതിന്റെ ധന്യതയിലാണ്‌ ഓരോ പുരുഷന്റെയും പില്‍ക്കാലജീവിതം.എനിക്കും അങ്ങനെതന്നെ.

എന്റെ അമ്മ നല്ലൊരു ഗായികയായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ കാലുംനീട്ടി ചുമര്‍ ചാരിയിരുന്ന്‌ അമ്മ പാടിത്തന്നിട്ടുള്ള പാട്ടുകള്‍ എനിക്കോര്‍മ്മയുണ്ട്‌.അന്നേരം പുറത്തെ പ്രകൃതിയും മൗനമായി രാത്രിയുടെ സംഗീതമാലപിക്കുകയായിരിക്കും.അഭിരുചികള്‍ രൂപപ്പെട്ടുവരുന്ന നാലഞ്ചുവയസ്സിനപ്പുറം പ്രായം കാണില്ല എനിക്കന്ന്‌.

കുട്ടിക്കാലത്ത്‌ തൊട്ടടുത്താണ്‌ തറവാട്‌.അവിടെച്ചെന്നാല്‍,മുത്തച്ഛനൊരു സ്വഭാവമുണ്ട്‌.പിടിച്ചിരുത്തി ശ്ലോകങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കും.നമുക്ക്‌ അതൊക്കെ പെട്ടെന്ന്‌ മടുക്കും.പഴയ മുക്തകങ്ങള്‍,അജ്ഞാതനാമാവിന്റെ കീര്‍ത്തനങ്ങള്‍,കാവ്യശകലങ്ങള്‍,സംസ്‌കൃതപദ്യങ്ങള്‍,ശ്ലോകരൂപത്തിലുള്ള ഗുണപാഠങ്ങള്‍..അതൊക്കെയാണ്‌ മുത്തച്ഛന്‍ ചൊല്ലുക.അദ്ദേഹം കുടിപ്പള്ളിക്കൂടത്തിലെ അദ്ധ്യാപകനായിരുന്നു.പിന്നെ പന്ത്രണ്ടരയ്‌ക്ക്‌ കണിശമായ ഊണും കഴിഞ്ഞ്‌ അദ്ദേഹം റേഡിയോ തുറക്കും.പ്രാദേശികവാര്‍ത്തകള്‍ കഴിഞ്ഞാല്‍ ഒരു മണിക്ക്‌ കര്‍ണ്ണാടകസംഗീതമോ,കഥകളിപ്പദങ്ങളോ കേള്‍ക്കും.നമ്മള്‍ കാത്തിരിക്കുന്നത്‌ അതുകഴിഞ്ഞുള്ള ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനാണ്‌.പക്ഷേ,അദ്ദേഹമത്‌ കേള്‍ക്കുകയുമില്ല റേഡിയോ നിര്‍ത്തിവയ്‌ക്കുകയും ചെയ്യും!എന്നിട്ട്‌ രണ്ടരവരെ ഗാഢമായി ഉറങ്ങും.ആ സമയത്ത്‌ ഉറക്കെ സംസാരിക്കാന്‍ കൂടി വീട്ടിലാര്‍ക്കും കഴിയില്ല.ഞാനന്ന്‌ മനസ്സിലാക്കിയത്‌ കേള്‍ക്കാന്‍ കൊള്ളാത്ത പാട്ടുകള്‍മാത്രം കേള്‍ക്കുന്ന ഒരാളാണ്‌ അദ്ദേഹമെന്നാണ്‌.പിന്നീട്‌ സാഹിത്യത്തിലേക്കും സംഗീതത്തിലേക്കും താല്‍പര്യം വന്ന കാലമായപ്പോഴേക്കും അദ്ദേഹം മരിച്ചുപോകുകയും ചെയ്‌തു. ആ അഭിരുചികള്‍ സ്വാധീനിച്ചിരിക്കുന്നത്‌ എന്നെയാണെന്ന്‌ വൈകാതെ എനിക്കു മനസ്സിലായി. അങ്ങനെയാണ്‌ കാലം തിരിച്ചറിവുകള്‍ നല്‍കുന്നത്‌.വേണമെന്നു തോന്നുമ്പോഴേക്കും അകന്നുപോയിട്ടുണ്ടാവും.പിടിച്ചാല്‍ കിട്ടാത്ത അകലത്തിലേക്ക്‌.അങ്ങനെതന്നെയാണ്‌ താരാട്ടിലേക്കും എന്റെ ശ്രദ്ധ തിരിയുന്നത്‌.നഷ്‌ടപ്പെട്ടുപോയ കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള മനുഷ്യന്റെ വൃഥാശ്രമമാണ്‌ അത്‌.മായികമായ അനുഭൂതികള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ബാല്യത്തെ,അതിന്റെ കനമില്ലാത്ത സുഖാനുഭൂതികളെ ഒക്കെ തിരികെപിടിക്കാനുള്ള ശ്രമം.വെറും ശ്രമം.മുതിര്‍ന്നുകഴിഞ്ഞ്‌ ആസ്വദിക്കുമ്പോഴുള്ള താരാട്ടുകളുടെ സവിശേഷത അതാണ്‌.

കുട്ടിത്തംവിട്ട്‌ അധികം മുതിര്‍ന്നിട്ടില്ലാത്ത സമയത്താണ്‌ ഞാനാ പാട്ട്‌ കേള്‍ക്കുന്നത്‌.വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം പോലെ.

വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍
കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍
താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി
ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം
പോലെ.


എന്റെ പ്രിയപ്പെട്ട പാട്ടും അതുതന്നെയായതില്‍ അദ്‌ഭുതമില്ല.
അഭയദേവാണ്‌ `സീത'എന്ന സിനിമയ്‌ക്കുവേണ്ടി അതെഴുതിയിട്ടുള്ളത്‌.കേള്‍ക്കുമ്പോള്‍ ചെറിയ ഒരു താരാട്ടുപാട്ട്‌.ആലോചിക്കുമ്പോള്‍ വിസ്‌മയിപ്പിക്കുന്ന ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്ന വരികളും സംഗീതവും.`ഉന്തുന്തുന്തുന്തുന്താളെയുന്ത്‌'എന്ന താരാട്ട്‌ പോലെ മറ്റൊന്ന്‌. `ഉന്തുന്താളെയുന്ത്‌'വെറും താരാട്ടുമാത്രമല്ല,കാന്തനുള്ള വിജയപ്രേരണകൂടിയാണ്‌.ചതുരംഗം ജയിക്കാനുള്ള പിന്തുണ.പുരുഷന്റെ അലസതയ്‌ക്ക്‌ സ്‌ത്രീയുടെ കൈത്താങ്ങ്‌.അതില്ലെങ്കില്‍ പിന്നെ പുരുഷന്റെ ശൂരത്വങ്ങള്‍ ശബ്‌ദപഥമില്ലാത്ത ചലച്ചിത്രരംഗം പോലെയാണല്ലോ.ഓരോ താരാട്ടും മനുഷ്യവര്‍ഗ്ഗത്തിനുള്ള സ്‌ത്രീയുടെ പിന്തുണ പ്രഖ്യാപിക്കല്‍ കൂടിയാകുന്നത്‌ ഇങ്ങനെയാവാം.

നമുക്ക്‌ അഭയദേവിന്റെ വരികളിലേക്ക്‌ വരാം.

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..

നിന്നാളില്‍ പുല്‍മാടം പൂമേടയായെടാ

കണ്ണാ നീ എനിക്കു സമ്രാജ്യം കൈവന്നെടാ..

രാജാവായിത്തീരും നീ ഒരു കാലമോമനേ..

മറക്കാതെ അന്നുതന്‍ താതന്‍ ശ്രീരാമനേ..രാമനേ..

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

ഒരു കുട്ടിക്ക്‌ നല്‌കാന്‍ അമ്മയ്‌ക്ക്‌ കഴിയുന്ന ആത്മവിശ്വാസം മുഴുവനും ഈ പാട്ടിലുണ്ട്‌.അതോടൊപ്പം ലക്ഷ്യബോധവും.ഈ സാന്ത്വനവും അതേസമയം ആഹ്വാനവും കേട്ടുവളരുന്ന ഒരു കുഞ്ഞിന്‌ എങ്ങനെയാണ്‌ അമ്മയെ തല്ലാനാവുക?അവനെങ്ങനെയാണ്‌ നല്ലമാര്‍ഗ്ഗം വെടിഞ്ഞ്‌ ജീവിക്കാനാവുക.?മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍ വളര്‍ച്ചയുടെ ഘട്ടത്തിലെ എന്നും കുടിക്കാവുന്ന മുലപ്പാലാണ്‌ താരാട്ടുകള്‍.

നമ്മുടെ പൈതൃകമായ ഓമനത്തിങ്കള്‍ക്കിടാവും,നിറന്ന പീലികളും,ഓമനപ്പൈതലും,ഓമനക്കുട്ടനും എത്രകേട്ടാലാണ്‌ മതി വരിക?

ഓമനത്തിങ്കള്‍ക്കിടാവോ..

നല്ലകോമളത്താമരപ്പൂവോ..

പൂവില്‍ നിറഞ്ഞ മധുവോ..

പരിപൂര്‍ണ്ണേന്ദുതന്റെ നിലാവോ..

പുത്തന്‍ പവിഴക്കൊടിയോ..

ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ..

ചാഞ്ചാടിയാടും മയിലോ..

മൃദുപഞ്ചമംപാടും കുയിലോ..

തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍ മറ്റെന്തുണ്ട്‌?അതില്‍ നിറയുന്ന പാരിസ്ഥിതികാവലോകനത്തെപ്പറ്റി ഇന്ന്‌ ഉപന്യാസമെഴുതാന്‍ കഴിയില്ലേ..?



തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും
ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും
ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ
പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും
എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ
കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍
മറ്റെന്തുണ്ട്‌?


കെ.എസ്‌.ചിത്രയുടെ സവിശേഷമായ ആലാപനത്തില്‍ പുനര്‍ജ്ജനിച്ച ഓമനത്തിങ്കള്‍ക്കിടാവ്‌ കേട്ടാല്‍ എല്ലാ മാനസികസംഘര്‍ഷങ്ങളും അകലെപ്പോകുന്നതായി എനിക്കു അനുഭവപ്പെടാറുണ്ട്‌.നമ്മളപ്പോള്‍ കനം വെടിഞ്ഞ്‌ ബാല്യത്തിലെത്തും.മുലപ്പാലിന്റെ അമ്മിഞ്ഞമണം ചുറ്റിലും പടരും.അഹം തകര്‍ന്ന്‌ ശുദ്ധരാകും.


പ്രിയപ്പെട്ട കവിതയായി ഞാന്‍ കരളില്‍ സൂക്ഷിക്കുന്ന പൂതപ്പാട്ടിലും നിറഞ്ഞുകിടക്കുന്നത്‌ മുഗ്‌ധവാത്സല്യംതന്നെ. അമ്മയ്‌ക്ക്‌ മുന്നില്‍ തോറ്റുമടങ്ങുന്ന പൂതത്താന്‍.എഴുത്താണി (വിദ്യാഭ്യാസം) ദൂരെക്കളയാന്‍ ആവശ്യപ്പെടുന്ന പൂതപ്പേടി.പൂതത്തിന്റെ ഭയാനകതയും കൗശലവും ഒടുവില്‍ പൂതത്തോടുള്ള നമ്മുടെ അലിവായി മാറുന്നത്‌ കവിയുടെ വ്യക്തിത്വവൈശിഷ്‌ട്യം.വിഭിന്നമണ്‌ഡലങ്ങളെയാണ്‌ പൂതപ്പാട്ടില്‍ ഇടശ്ശേരി സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്നത്‌.നമുക്ക്‌ യഥേഷ്‌ടമത്‌ വായിച്ചെടുക്കാം.

അടുത്തകാലത്തുമാത്രം ഞാന്‍ കേട്ട മറ്റൊരു താരാട്ടാണ്‌ `തങ്കം..തങ്കം..വേഗമുറങ്ങിയാലായിരം തങ്കക്കിനാക്കളെ കാണാം..'എന്ന സിനിമാപ്പാട്ട്‌.കേട്ട സാഹചര്യത്തിന്റെ പ്രത്യേകതയാലാവാം എനിക്കത്‌ വേഗം ഹൃദിസ്ഥമായി.ഒരുപാട്‌ വര്‍ഷങ്ങളെ പിന്നോട്ടോടിക്കാനും ഒരുപാട്‌ കരടുകളെ അകത്തുനിന്ന്‌ പെറുക്കികളയാനും വ്യക്തിപരമായി സഹായിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്‌.

മലയാളം ലല്ലബീസ്‌ എന്ന ഓമനപ്പേരില്‍ വിപണിയില്‍ കിട്ടുന്നതില്‍ പാതിയും അസഹ്യമാണ്‌.ഇന്നത്തെ ഭക്തിഗാനങ്ങളുടെ ദുര്യോഗമാണ്‌ അവയ്‌ക്കും.നെട്ടോട്ടങ്ങള്‍ക്കിടയില്‍ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നത്‌ ഇത്തരം നന്മകളാണ്‌ എന്നുവരുന്നത്‌ കഷ്‌ടംതന്നെ.പാട്ടോര്‍മ്മകള്‍ ഇല്ലാതാവുന്നത്‌ പാടാനാവാതെ വരുമ്പോഴല്ല,പാട്ടാവാഹിക്കാന്‍ മനസ്സില്ലാതെ വരുമ്പോഴാണ്‌.അങ്ങനെ സംഭവിക്കാതിരിക്കട്ടെ നമ്മുടെ വര്‍ഗ്ഗത്തിന്‌.

(മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 'പാട്ടോര്‍മ്മ'യില്‍ പ്രസിദ്ധീകരിച്ചത്‌‌.ലക്കം 652)

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌‌

Friday, August 6, 2010

പ്രതിച്ഛായ സൂക്ഷിച്ചുവയ്‌ക്കുന്ന ഭരണികള്‍

കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്‌.അവര്‍ വിശ്വസ്‌തരാകുവാന്‍തയ്യാറാണ്‌ എന്നതുകൊണ്ടുമാത്രം. -ഓഷോ.
ഒരിക്കല്‍ ഒരു കടയില്‍ ചെന്നപ്പോള്‍ അവിടെക്കണ്ട ഭംഗിയേറിയ കളിപ്പാട്ടത്തിന്‌ ഞാന്‍ വില ചോദിച്ചു.അതിന്‌ അവര്‍ പറഞ്ഞ വിലയ്‌ക്ക്‌ എനിക്കൊരു ബ്രാന്‍ഡഡ്‌ കമ്പനിയുടെ ജീന്‍സ്‌ വാങ്ങാമായിരുന്നു.ആ കടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഒട്ടുമിക്ക കളിപ്പാട്ടങ്ങള്‍ക്കും കൂടിയ വിലയാണ്‌ ഇട്ടിരുന്നത്‌.അഥവാ,നിര്‍മ്മാണച്ചെലവ്‌ കൂടുതലുള്ള മേന്മയേറിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ വില്‍ക്കാന്‍ വച്ചിരുന്നത്‌.എന്തായാലും മുതിര്‍ന്നവരെപ്പോലും നോക്കാനും കൈയിലെടുക്കാനും പ്രേരിപ്പിക്കുന്ന നിര്‍മ്മാണ വൈദഗ്‌ദ്ധ്യം അവയ്‌ക്കുണ്ടായിരുന്നു.ഇത്‌ കളിപ്പാട്ടങ്ങള്‍ക്ക്‌ മാത്രമല്ല,കുട്ടികളെ സംബന്ധിച്ച എന്തിന്റെയും സ്ഥിതി ഇങ്ങനെതന്നെയാണ്‌.അവരുടെ ഉടുപ്പുകള്‍ക്ക്‌ മുതിര്‍ന്നവരുടെ ഉടുപ്പുകളുടെ അതേ വിലയാണ്‌.അവരുടെ ചെരുപ്പുകള്‍ക്കും ആഭരണങ്ങള്‍ക്കും അങ്ങനെതന്നെ.
ഇപ്പോള്‍,കുടക്കമ്പനികളും ഗെയിം,സി ഡി നിര്‍മ്മാതാക്കളും മുതല്‍ കളിപ്പാട്ടനിര്‍മ്മാതാക്കള്‍വരെ സ്വന്തമായ ഗവേഷണവിഭാഗം ആരംഭിച്ചിരിക്കുന്നത്‌ കുട്ടികളുടെ വിനോദലോകത്തെ മാറ്റിമറിക്കാന്‍ പോന്ന വിനോദോപകരണങ്ങള്‍ കണ്ടുപിടിക്കാനാണ്‌.വാസ്‌തവത്തില്‍ ഇതിലൂടെ കുട്ടികളുടെ ലോകം വലുതാവുകയാണോ അതോ ചെറുതാവുകയാണോ..?കുട്ടികളടങ്ങുന്ന മുതിര്‍ന്നവരുടെയും ലോകം പുതിയ സാമ്പത്തികവിശേഷത്താല്‍ ഞെരുങ്ങുകയാണോ വികസിക്കുകയാണോ?ഇവിടെ സംഭവിച്ചിരിക്കുന്നത്‌ തുറന്ന വിപണിയുടെ പുത്തന്‍ പ്രലോഭനങ്ങള്‍ ജനജീവിതത്തെ വലിച്ചെടുക്കുന്നതാണ്‌.അത്‌ സ്വാഭാവികമായ മാറ്റവുമാണ്‌.ഈ മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ ഏതൊക്കെ വിധത്തില്‍ നവീകരിക്കുന്നു എന്നതാണ്‌ പ്രധാനം.
പണം മനുഷ്യന്‌ അനായാസമായി എന്നതാണ്‌ കഴിഞ്ഞ ദശാബ്‌ദത്തിന്റെ പ്രത്യേകത.മലയാളി സമൂഹത്തില്‍നിന്ന്‌ ജാതിവേര്‍തിരിവും ദാരിദ്ര്യവും പലവിധ അവശ്യവസ്‌തുക്കലുടെ ദൗര്‍ലഭ്യതയും വലിയൊരളവില്‍ നീങ്ങിക്കിട്ടിയിട്ടുണ്ട്‌.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ ക്ലാസുകള്‍ക്കിടയിലെ അന്തരം നേര്‍ത്തുവന്നു.ഇതിനിടയാക്കിയത്‌ തൊഴിലിന്റെയും അതിലൂടെ വരുമാനത്തിന്റെയും കടന്നുവരവാണ്‌.സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രായഭേദമന്യേ ആര്‍ക്കും ഏതു സാഹചര്യത്തിലും പണിയെടുക്കാമെന്നായി.കുടുംബത്തിലേക്ക്‌ വരുമാനം/പണം വരുന്ന വഴിയാണിത്‌.ഒപ്പം ഉദാരഇറക്കുമതി നയങ്ങളുടെ ഭാഗമായി നമുക്കു ലഭിച്ച കമ്പോളത്തിന്റെ സൗഹൃദവും.പണം എവിടെ നിന്നു ലഭിക്കുന്നു,എന്നന്വേഷിച്ചാല്‍,അത്‌ ചിലപ്പോള്‍ കള്ളപ്പണമാവാം,കുഴല്‍പ്പണമാവാം,കറുത്ത പണത്തിന്റെ വെളുപ്പിക്കലിനിടയില്‍ പരക്കുന്ന കമ്മിധനമാവാം.എന്തായാലും സാധാരണക്കാരനും ചോക്ക്‌ലേറ്റ്‌ കഴിക്കാന്‍ സാധിക്കുന്നു,ടെലിവിഷന്‍ വാങ്ങാന്‍ കഴിയുന്നു,പുതിയ പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു,വസ്‌ത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്നു.ഇതൊക്കെ കഴിഞ്ഞ ദശകം മുതല്‍ കുടുംബത്തിലേക്കുള്ള ഉപഭോഗവസ്‌തുക്കളുടെ കടന്നുവരവുകളാണ്‌.
നമ്മുടെ ജീവിതക്രമം തീരുമാനിക്കുന്ന കമ്പോളം
കേരളം വലിയൊരു ഒറ്റ വിപണിയാവുകയാണ്‌.കോഴിക്കോടുകാരന്‍ വസ്‌ത്രം വാങ്ങാന്‍ കൊച്ചിക്കു വരുന്നതും,തൃശൂരില്‍ പോയി കോട്ടയംകാരന്‍ സ്വര്‍ണ്ണം വാങ്ങുന്നതും ഇന്ന്‌ ധൂര്‍ത്തിന്റെ ഉദാഹരണമായി ആരും പറയുകയില്ല.അതേപോലെയാണ്‌ ആഹാരത്തിന്‌ അന്തസ്സ്‌ നിര്‍ണ്ണയിക്കാനുള്ള പദവി കിട്ടിയിരിക്കുന്നതും.മാസത്തിലൊരിക്കലോ ആഴ്‌ചയിലൊരിക്കലോ പുറത്തുനിന്ന്‌ ഭക്ഷണം എന്നത്‌ മിക്കവാറും നഗരവാസികള്‍ നടപ്പാക്കിക്കഴിഞ്ഞ സംസ്‌കാരമാണ്‌.ഇവിടെയെല്ലാം സംഭവിക്കുന്നത്‌ വിലയെ വിപണിയും വിപണിയെ വിലയും രണ്ടിനെയും ശരാശരി സാമൂഹികജീവിയും ആശ്ലേഷിച്‌ ഒരിടത്ത്‌ നിര്‍ത്തുന്നു എന്നതാണ്‌.ആ ഒരിടം എന്നത്‌ ഷോപ്പിംഗ്‌ മാള്‍,സ്വര്‍ണ്ണക്കട,തുണിക്കട,ഇറച്ചിക്കട,ഫാന്‍സി ഐറ്റംസ്‌ വില്‍ക്കുന്നിടം എന്നിങ്ങനെ ഏതുമാവാം.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ ഒരൊറ്റ വിപണിയാണ്‌.ആയിരം രൂപ മാസാമാസം അടച്ചാല്‍ കാറോ ബൈക്കോ സ്വന്തമാക്കാമെന്നത്‌ ചെറിയ പ്രലോഭനമല്ല കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്നത്‌.ആളുവീതം മൊബൈല്‍ ഫോണും വാഹനങ്ങളും പേഴ്‌സണല്‍ കമ്പ്യൂട്ടറും വാങ്ങിക്കൂട്ടാന്‍ സാമ്പത്തികസമത്വം അനുവദിക്കുന്ന ഇക്കാലത്ത്‌,അതിന്റെ ഫലം അനുഭവിക്കുന്നത്‌ മനുഷ്യന്‍ തന്നെയായിരിക്കും.സ്വന്തം ജീവിതത്തെ,മറ്റൊരു ജീവിതം കൊണ്ട്‌ പൊതിയുകയാണ്‌ ഇവിടെ ഓരോരുത്തരും ചെയ്യുന്നത്‌.
ആ ജീവിതം ആഡംബരത്തിന്റെയാവാം,പൊങ്ങച്ചത്തിന്റെയാവാം,പൈശാചികമായ അനുകരണഭ്രമത്തിന്റെയാവാം.വിപണി മനുഷ്യനെ പലതരത്തില്‍ ഇരയാക്കുമ്പോള്‍ മനുഷ്യന്‍ അതില്‍ മയങ്ങിവീഴുന്നു.അന്യന്റെ ജീവിതം ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയാണ്‌ അവരവരുടെ അടിസ്ഥാനജീവിതം കൈവിട്ടുപോകുന്നതിന്‌ കാരണം.
നാനാതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന മനുഷ്യന്‍ കിട്ടുന്ന പണം ഉപയോഗിച്ച്‌ നേടാന്‍ ശ്രമിക്കുന്നത്‌ പണം കൊടുത്താല്‍ കിട്ടുന്ന ആനന്ദത്തെത്തന്നെയാണ്‌.ഒരു തരം പകരം വീട്ടലാണത്‌.ഉയര്‍ന്ന വര്‍ഗ്ഗത്തിനൊപ്പം ജീവിതത്തെ എത്തിക്കാനുള്ള ശ്രമം.അതായത്‌,അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പോവുക,വാട്ടര്‍തീം പാര്‍ക്കുകളില്‍ ദിവസം ചെലവിടുക,ഫുഡ്‌മാളുകളില്‍ മക്കള്‍ക്കൊപ്പം രസിക്കുക,ഷോപ്പിംഗ്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുക എന്നിങ്ങനെ.ഇതെല്ലാം പണത്തിന്റെ വര്‍ദ്ധിച്ച വരവില്‍ നിന്നുണ്ടാകുന്ന ആസക്തികളാണ്‌.അവിടെ,സ്വാഭാവികമായ ഒരു വിനോദമോ ഒഴിവുകാല നേരമ്പോക്കുകളോ സൃഷ്‌ടിച്ചെടുക്കാന്‍ ഇന്നത്തെ മനുഷ്യനാവാതെ പോകുന്നു.
എങ്ങനെയാണ്‌ സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നത്‌?ലളിതമാണ്‌ അത്‌.നല്ല അയല്‍പക്കബന്ധം സൂക്ഷിച്ചും അടുക്കളത്തോട്ടമോ,ലഘുവായ കൃഷിയോ നടത്തിയും ജീവിതത്തിന്റെ സ്വാഭാവികത നമുക്ക്‌ തിരിച്ചുപിടിക്കാന്‍ കഴിയും.അത്‌ പണം മുടക്കി നേടുന്നതല്ല,മനോഭാവം മുടക്കി നേടുന്നതാണ്‌.പക്ഷേ അതിനുള്ള മനോഭാവം നമുക്കില്ല.തൊട്ടടുത്ത പുഴയില്‍ പോയിരുന്ന്‌ മീന്‍ പിടിച്ച്‌ ഉപയോഗിക്കുന്നതും അടുക്കളമുറ്റത്ത്‌ രണ്ടുതണ്ട്‌ ചീര നട്ട്‌ ഉപയോഗിക്കുന്നതും ഇവതന്നെ പണം കൊടുത്ത്‌ ബാഗില്‍ നിറച്ച്‌ കാറില്‍ വച്ച്‌ വീട്ടില്‍ കൊണ്ടുചെല്ലുന്നതും തമ്മിലുള്ള അന്തരത്തിലെ മാറ്റമാണ്‌ ഇന്ന്‌ മലയാളി ആസ്വദിക്കുന്നത്‌.വലിയ വീടുകെട്ടാന്‍ കടം വാങ്ങി ഒടുവില്‍ കടം വീട്ടാന്‍ ആ വീട്‌ തന്നെ ആര്‍ക്കെങ്കിലും വില്‍ക്കുന്ന പ്രവണതയാണ്‌ നമ്മുടേത്‌.എത്രയോ ആത്മഹത്യകള്‍ അതിന്റെ പേരില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.അതേസമയം,പഞ്ചാബിലോ തമിഴ്‌നാട്ടിലോ നമ്മള്‍ ചെന്നുനോക്കുമ്പോള്‍,കോടീശ്വരന്മാര്‍ ഇടത്തരം വീടുകളില്‍ കഴിയുന്നതു കാണാം.വാസ്‌തവത്തില്‍,കേരളത്തില്‍ മാത്രമാണ്‌ വീട്‌കെട്ടി പൊങ്ങച്ചം കാണിക്കുന്നത്‌ അന്തസ്സായി കരുതുന്നവരുള്ളത്‌.
സി ഐ ഡി മൂസ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്‌.കോട്ടും
സൂട്ടുമിട്ട ക്യാപ്‌റ്റന്‍ രാജുവിന്റെ കഥാപാത്രം പെങ്ങളെ കാണാന്‍ വരുമ്പോള്‍
കൊണ്ടുവരുന്നത്‌ സ്യൂട്ട്‌കേസാണ്‌.എല്ലാവരും കാത്തിരിക്കേ,ഗ്ലൗസിട്ട കൈകൊണ്ട്‌
പെട്ടിതുറന്ന്‌ നാലു കരിമീന്‍ പുറത്തെടുത്ത്‌ പെങ്ങള്‍ക്കു നേരെ
നീട്ടുന്നു.സ്യൂട്ട്‌ കേസില്‍ ആകെയുള്ളത്‌ നാലു കരിമീനാണ്‌.ഇതാണ്‌ മലയാളിയുടെ
വ്യക്തമായ ചിത്രം.
ആനന്ദത്തിന്റെ അതിരറ്റ വേള
ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമപ്രദേശത്ത്‌ നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു.മാവുകളും പ്ലാവുകളും ആഞ്ഞിലിമരവും പുളിയും പേരയും കശുമാവും പനയും എല്ലാമടങ്ങിയ തനിനാട്ടിന്‍പുറം.അവിടെ ഞങ്ങളുടെ കളികള്‍ പ്രധാനമായും കള്ളനും പൊലീസുമായിരുന്നു.കള്ളന്മാര്‍ ഓടിയൊളിക്കും,പൊലീസുകാര്‍ തിരഞ്ഞുനടക്കും.കള്ളന്മാരായ കൂട്ടുകാര്‍ ഒളിക്കുന്നത്‌ പൊന്തപ്പടര്‍പ്പിനിടയിലും പൊത്തുകളിലും തോട്ടിറമ്പുകളിലുമാണ്‌.പൊലീസുകാരായ കൂട്ടുകാര്‍ അവിടെ തിരഞ്ഞുവരും.അത്‌ വാസ്‌തവത്തില്‍ മണ്ണിനെയും ആകാശത്തെയും മണ്ണിലെ നാനാതരം ജീവികളെയും മരങ്ങളെയും പക്ഷികളെയും അടുത്തറിയാനുള്ള സാഹചര്യം കൂടിയായിരുന്നു.പലതരം ചെടികളുടെയും പ്രാണികളുടെയും മണം ഞാന്‍ പിടിച്ചെടുക്കുന്നത്‌ അങ്ങനെയായിരുന്നു.
പക്ഷേ,അത്തരം ജീവിതശൈലികൊണ്ട്‌ എല്ലാവരും പരിസ്ഥിതി സ്‌നേഹികളാകുമെന്നോ മനുഷ്യസ്‌നേഹികളാകുമെന്നോ ഉദാത്തമായ മാനവബോധം ആര്‍ജ്ജിച്ചെടുക്കുമെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല.ആ കളികള്‍ക്കും ജീവിതത്തിനും അതിന്റെതായ മൂല്യമുണ്ടായിരുന്നു.മറ്റൊരര്‍ത്ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ക്കും അതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാവണം.കുഴപ്പം അതിലൊന്നുമല്ല.ഇന്നത്തെകാലത്ത്‌,പണം വലിയൊരു ഘടകമായി സമൂഹത്തില്‍ മാറുന്നു എന്നതാണ്‌.കൊലയും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിക്കുന്നത്‌ പണത്തിനുവേണ്ടിയാണ്‌.കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയില്‍ കേരളത്തില്‍ ആരംഭിക്കപ്പെട്ടിട്ടുള്ള വമ്പന്‍ വസ്‌ത്രശാലകള്‍ക്കും സ്വര്‍ണ്ണക്കടകള്‍ക്കും വല്ല കണക്കുമുണ്ടോ.അവയുടെയൊന്നും മാര്‍ക്കറ്റ്‌ ഒരു ജില്ലയെ മാത്രം ഉന്നം വച്ചുള്ളതല്ല.അതാണ്‌ ആദ്യമേ പറഞ്ഞത്‌,കേരളം വലിയൊരു വിപണിയാവുന്നു.ഒറ്റ കോര്‍പ്പറേഷനാവുന്നു.നാളെ ഇതൊരു കൊച്ചു രാജ്യം തന്നെയാവും.സ്വയംഭരണാവകാശവും ഭരണഘടനയുമുള്ള രാജ്യമായിരിക്കണമെന്നില്ല.പക്ഷേ,വലിയൊരു വിപണനരാജ്യം അല്ലെങ്കില്‍ വിപണി.സെക്‌സ്‌ മുതല്‍ ക്രൈം വരെ ലഭിക്കുന്ന വിപണി.
കുട്ടിക്കാലത്തേക്ക്‌ മടങ്ങാം.പന്തുകളിയായിരുന്നു മറ്റൊരു വിനോദം.ഇന്നത്തെക്കാലത്തെ പോലെ ധാരാളം നിറങ്ങളുള്ള പന്തുകള്‍ അക്കാലത്ത്‌ കിട്ടാനുണ്ടായിരുന്നില്ല.ഓലപ്പന്തായിരുന്നു കളിയായുധം.പന്തുകളി കഴിഞ്ഞാല്‍ തോട്ടിലിറങ്ങും.നീന്തിക്കുളിക്കും.ആനന്ദത്തിന്റെ അതിരറ്റ ആഹ്ലാദവേളകളായിരുന്നു അതെല്ലാം.തീര്‍ച്ചയായും ഇന്നത്തെ കുട്ടികളും ആഹ്ലാദിക്കുന്നുണ്ട്‌.മുമ്പില്ലാത്ത വിധമുള്ള സൗകര്യങ്ങളോടെ ജീവിക്കുന്നുമുണ്ട്‌.ചെറിയ ക്ലാസുമുതലേ,ഉന്നത വിദ്യാഭ്യാസസൗകര്യങ്ങളാണ്‌ കുട്ടികള്‍ക്കിന്ന്‌ ലഭിക്കുന്നത്‌.എന്നിട്ടും,പ്രായോഗികജീവിതത്തില്‍ ഇന്നത്തെ ഭൂരിഭാഗം കുട്ടികളും പരാജയപ്പെടുന്നതായാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌.വിജയിക്കുന്നവരും ഏറെ.ഇതുസംബന്ധിച്ച്‌ നേരത്തേയും അനുപാതം ഉണ്ട്‌.അനുപാതമില്ലാതെ വരില്ലല്ലോ.പക്ഷേ,തകരാറ്‌ മനോഭാവത്തിലാണ്‌.കുട്ടികളെ വളര്‍ത്തുന്നതിലും അവര്‍ വളരുന്നതിലും പുലര്‍ത്തുന്ന പരിശീലനരീതികള്‍ പക്ഷേ ദുര്‍ബലമാണ്‌.എനിക്കു തോന്നുന്ന കാരണം,മാറിയ ഭക്ഷണശീലവും കനംകൂടിയ പോക്കറ്റും വര്‍ദ്ധിച്ച വാര്‍ത്താവിനിമയ സൗകര്യങ്ങളും കുട്ടികളെ എളുപ്പം മുതിര്‍ന്നവരാക്കുന്നതാണ്‌.രക്ഷിതാക്കളുടെ തണലില്‍ നിന്ന്‌ ഇപ്പോഴത്തെ കുട്ടികള്‍ എളുപ്പം വിട്ടുപോകുന്നു.അതിനവരെ സഹായിക്കുന്നത്‌ വീട്ടില്‍ നിന്ന്‌ കൊടുക്കുന്ന പണമാവാം.അത്‌ പക്ഷേ,ശരിയായ രീതിയില്‍ ചിന്തിച്ചാല്‍ നല്ലതുമാണ്‌.
നമ്മള്‍ പ്രതിച്ഛായകള്‍
കാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ച ഒരാള്‍രൂപത്തിന്‌ ഒരു പ്രതിച്ഛായയുണ്ട്‌.ആദ്യം അതിന്‌ ശബ്‌ദമുണ്ടാവില്ല.ഉശിരു പകരുന്ന പശ്ചാത്തലസംഗീതമുണ്ടാവില്ല.എങ്കിലും ഒരു പ്രതിച്ഛായയെ സൂക്ഷിച്ചുകൊണ്ടാണ്‌ അതിനെ ഫിലിമില്‍ ചിത്രീകരിച്ചെടുത്തിരിക്കുന്നത്‌.അതിന്‍മേല്‍,ശബ്‌ദവും സംഗീതവും ചേര്‍ത്തുവയ്‌ക്കുമ്പോള്‍ ആ പ്രതിച്ഛായ ഇരട്ടിവലുപ്പത്തിലേക്ക്‌ വളരുന്നു.അതായത്‌,അമ്പതാളെ തല്ലാനും ചതയ്‌ക്കാനുമുള്ള പ്രതിച്ഛായയാണ്‌ അയാള്‍ക്ക്‌ നാം നിര്‍മ്മിച്ചു നല്‌കിയിരിക്കുന്നത്‌.
അതേ വിധമാണ്‌ മലയാളിയുടെ പ്രതിച്ഛായാനിര്‍മ്മാണവും കുറേ വര്‍ഷങ്ങളായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.നമ്മുടെ പ്രതിച്ഛായ എന്നത്‌ മലയാളി എന്ന പ്രതിച്ഛായയാണ്‌.തുറന്നുപറഞ്ഞാല്‍ ഒന്നിന്റെയും ആഴത്തിലേക്ക്‌ പോകാത്ത മനോഭാവമാണ്‌ മലയാളിയുടേത്‌.യാതൊരു വിനോദോപാധികളിലും മലയാളിക്ക്‌ ഭൂരിപക്ഷമില്ല.യാതൊന്നിലും നമ്മള്‍ കൂട്ടമായി അഭിരമിക്കുന്നില്ലെന്ന്‌ അര്‍ത്ഥം.പ്രതിച്ഛായ തകരുമോ എന്ന അടിസ്ഥാനമില്ലാത്ത ഭയമാണ്‌ പ്രധാനം.ആ വികാരവും അതിലെ നിര്‍വ്വികാരതയുമാണ്‌ അലസമായ ജീവിയായി മനുഷ്യനെ മാറ്റിക്കളയുന്നത്‌.പ്രതിച്ഛായാ സങ്കല്‍പ്പത്തിലാണ്‌ നമ്മള്‍ കുടുംബത്തെയും നിര്‍മ്മിച്ചെടുക്കുന്നത്‌.അതിന്റെ പ്രതിഫലനമാണ്‌ ചുറ്റിനും കാണുന്നതും.


Monday, August 2, 2010

ഓഗസ്‌റ്റിന്റെ ആരംഭം പൂക്കളോടൊപ്പം.


ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി ആദ്യം പറയട്ടെ.ഒരുതരത്തിലുള്ള മൂടലും എന്റെ തലയ്‌ക്കുമേലെ പടരാത്ത ദിവസമായിരുന്നു ഇന്ന്‌.രണ്ടുദിവസമായി ഞാനൊരു യാത്രയിലായിരുന്നുവല്ലോ.അവിടെ,മലമുകളില്‍ നിന്ന്‌ പൊട്ടിയൊഴുകിയ അരുവികള്‍ എന്റെ ഹൃദയമായിരുന്നു.പ്രകൃതിയുടെ കണ്ണീരമര്‍ന്ന്‌ നിലം കുഴിഞ്ഞ ചെറുനദികളല്ല.എന്റെ സന്തോഷത്തിന്റെ കൊച്ചരുവികളുടെ നേര്‍പ്പകര്‍പ്പ്‌.
(നീ ഇന്നു രാത്രി ഡയറിയിലെഴുതും.)
ഈ യാത്രയില്‍ ഞാനേറെ ആഹ്ലാദിച്ചത്‌ നീ അരികിലില്ലാത്തതുകൊണ്ടാണ്‌.എനിക്കു നിന്നോടുള്ള സ്‌നേഹം എത്ര ദീപ്‌തമാണെന്ന്‌ എനിക്കു പറഞ്ഞുതരാന്‍ നിന്റെ അസാന്നിദ്ധ്യം എന്നെയപ്പോള്‍ ഒരു പാട്‌ തുണച്ചുവെന്നത്‌ യാഥാര്‍ഥ്യമാണ്‌.അപ്പോഴൊക്കെ നിന്റെ സാന്നിദ്ധ്യമില്ലായ്‌ക മറന്ന്‌ ഞാന്‍ സന്തോഷിച്ചു.ലളിതമാണ്‌ കാരണം.നീ ഒരുപാട്‌ ചേര്‍ന്ന്‌,ഒരു രഹസ്യമായി അന്നേരമൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു.
-ഓഗസ്റ്റ്‌-1.എന്റെ ഈ മാസം ആരംഭിക്കുന്നത്‌ ഡയറിയിലെ ഈ വിശേഷത്തിലൂടെയാണ്‌.നീ എന്നെങ്കിലും എന്റെ ഡയറി വായിക്കുമോ.?
ആവേശത്തോടെ ഞാന്‍ മലകള്‍ കയറി.കയറാന്‍ പറ്റാത്ത പലയിടത്തേക്കും ഓടിക്കയറുകയായിരുന്നു.ഈ ആന്റിക്കെന്താണ്‌,ഈ മമ്മക്കെന്താണ്‌,ഈ സ്‌ത്രീക്കെന്താണ്‌ എന്നു കരുതാനിടയുള്ളവരെ മനസ്സില്‍കണ്ട്‌ ഓടിക്കയറിയശേഷം ഞാന്‍ മലകളോട്‌ ഉച്ചത്തില്‍ പറഞ്ഞു.നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍ കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്‌‌.ഞാനവനെ അത്രമേല്‍ ഇഷ്ടപ്പെടുന്നുവെന്ന്‌‌ അവനെ അറിയിക്കാന്‍.!
നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍
കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്‌‌.ഞാനവനെ
അത്രമേല്‍
ഇഷ്ടപ്പെടുന്നുവെന്ന്‌‌ അവനെ
അറിയിക്കാന്‍.!

(ഡയറിയുടെ ഈ താള്‍ മതിയാവുമോ? നീ പേനയുടെ മൂടുകൊണ്ട്‌ നെറ്റിയില്‍ കുത്തി ആലോചിക്കുകയാവും.)
താമസിച്ചിരുന്ന കോട്ടേജിന്റെ കിഴക്കേ വരാന്തയില്‍ വയലറ്റ്‌ നിറത്തില്‍ പൂക്കള്‍ പടര്‍ന്നുകിടക്കുന്ന ചില്ലകളുണ്ടായിരുന്നു.എന്തൊരു നിറമാണ്‌ കാട്ടില്‍ വളരുന്ന പൂക്കള്‍ക്ക്‌!അവിടെ നിന്നാണ്‌ ഇന്നു രാവിലെ ഞാന്‍ നിന്നെ വിളിച്ചത്‌‌.മറ്റുള്ളവരുടെയെല്ലാം ശ്രദ്ധ തിരിഞ്ഞപ്പോള്‍.വിളിക്കാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു.വെളുത്ത ചായമടിച്ച കല്‍ത്തൂണുകളില്‍ ചുറ്റിയ കമ്പിവേലികളില്‍ ചില കിളികള്‍ വന്നിരിക്കുന്നുണ്ടായിരുന്നു.അപ്പോള്‍ നേരം കഷ്ടിച്ച്‌ കിഴക്ക്‌ തന്നെയായിരുന്നു.ഞാനോര്‍ത്തു.എല്ലാ പുലരികളിലും കാലത്തുണര്‍ന്ന്‌ ഞാന്‍ നിനക്ക്‌ ആദ്യത്തെ എസ്‌.എം.എസ്‌ അയക്കും.''മതി.എണീല്‍ക്കൂ...എണീല്‍ക്കൂ...''എന്നായിരിക്കും അത്‌.എനിക്കറിയാം പക്ഷികള്‍കൂടി ഉണര്‍ന്നിട്ടുണ്ടാവില്ല അപ്പോള്‍.പക്ഷേ,നീ അന്നേരമൊക്കെ എന്റെ കൂടെ കിടക്കയിലുണ്ടെന്ന ഭാവനയിലാണ്‌ ഞാന്‍.!അതാണ്‌ വന്ന്‌ നിന്നോടു പറയുകയാണെന്ന മട്ടില്‍ സന്ദേശങ്ങളയക്കുന്നത്‌‌.നിന്റെ മിസ്‌കോളോ,എസ്‌.എം.എസോ കാണാതെ വരുമ്പോള്‍ അതുതന്നെ വീണ്ടുമയക്കും.അങ്ങനെ കൃത്യം മൂന്നെണ്ണം അയച്ചുകഴിയുമ്പോള്‍ നീ ഉണരും.സത്യമായും കുഞ്ഞുങ്ങളുണരുന്നതുപോലെ.!നിനക്കറിയോ,ഈ ഭാവന ഇല്ലാതെ ഇത്രയകലെ ജീവിക്കാന്‍ എനിക്കാവില്ല.!
(-എനിക്കറിയാം.കഴിഞ്ഞ ദിവസം നിനക്ക്‌‌ കഠിനമായ തലവേദനയായിരുന്നു.എന്നിട്ടും,ചെന്നിക്കുത്തിന്റെ ഒരായിരം സൂചിമുനകള്‍ക്കിടയില്‍ കിടന്നിട്ടും നീ എന്നെ സ്വപ്‌നം കണ്ടു.അതെന്നെ അറിയിക്കുകയും ചെയ്‌തു.അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല...നീ വിഷമിച്ചിട്ടുണ്ടാവും,പിന്നെ സമാധാനിച്ചിട്ടുണ്ടാകും,സ്വയം ശാസിച്ചിട്ടുണ്ടാകും.മറ്റൊന്നുമല്ല.അത്രമേല്‍ നീയെന്നെ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുമാത്രം നീയെനിക്കുവേണ്ടി നിന്നോട്‌ തര്‍ക്കിക്കുകയും എന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.ഒരു കവിതയെഴുതിയാല്‍ അതാദ്യം വായിച്ചുകേള്‍പ്പിക്കാന്‍ നീ ഇഷ്ടപ്പെടുന്നു.ഒരു ഐസ്‌ക്രീം കഴിച്ചാല്‍ അതും പറയുന്നു.ഞാനോ,നിന്നെ ശ്രദ്ധിക്കുകയേയില്ല.അതായത്‌‌,ഗൗരവക്കാരനായി വെറുതേ നടിച്ച്‌‌,അല്ലെങ്കില്‍ കനമില്ലാത്ത തമാശകള്‍ പറഞ്ഞ്‌ നിന്നെ പരിഹസിച്ച്‌‌,നീയൊരു വിവരമുള്ള ആളാണെന്നതുപോലും മറന്ന്‌ നിന്നെ അനാവശ്യമായ ഉദാഹരണങ്ങളാല്‍ ഉപദേശിച്ച്‌....ചിലപ്പോള്‍ കിളികള്‍ കേള്‍ക്കാറുണ്ട്‌ ഇലയ്‌ക്കടിയിലിരിക്കുന്ന പ്രാണികളുടെ ആരവം.അത്രയേയുള്ളൂ..അല്ലേ..!)
മടങ്ങുമ്പോള്‍ സഹയാത്രികരുടെ മുഖം ഇരുണ്ടുമൂടിയിരുന്നു.ഞാനോ ഗൗനിച്ചതേയില്ല.ഞാന്‍ നിനക്ക്‌ മനസ്സില്‍ സന്ദേശങ്ങളയക്കുകയായിരുന്നു.
വരാം
വരാം
വരാം
ഒന്നിച്ച്‌.....
അതിനാല്‍ ഞാന്‍ മടക്കയാത്രയെ വേദനിപ്പിച്ചില്ല. കാരണം, നമ്മളൊരിക്കല്‍ ഇവിടെയും വരുമല്ലോ
(ഓ!അമ്മൂ.....രാത്രികളില്‍ പതിവായി വരാറുള്ള ആ പച്ചത്തുള്ളന്‍ അല്‌പംമുമ്പ്‌ വന്നിരുന്നു,ഒപ്പം അതിന്റെ ഇണയുമുണ്ടായിരുന്നു.!)
ഫോട്ടോ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Friday, July 30, 2010

അലസതയോളം മധുരം


അവള്‍ വന്നിട്ട്‌ മൃദുവായി പറയും.
''ഉം,കണ്ണടയ്‌ക്ക്‌.വേഗം.ഭസ്‌മം തൊട്ടുതരാം.എന്നിട്ടുമെല്ലെ,മൂക്കിന്‍മേല്‍ വീണ തരികളെ ഊതിക്കളയാം.അല്ല..അതിന്‌ കാല്‍ കഴുകിയോ..?എവടെ.!ഉണ്ടാവില്ല..സാരല്യ.ഞാന്‍ കഴുകീട്ടുണ്ട്‌.ഇന്നിപ്പോ അത്‌ മതി.നാളെ പറ്റില്ലാട്ടോ."
ഇപ്പോള്‍ പാദസരം കിലുങ്ങുന്നത്‌ കേള്‍ക്കാം.
"ഹമ്മോ..എന്തൊരു പ്രതിഷ്‌ഠയാപ്പാ ഇത്‌.എന്താ ഇത്ര നോക്കിയിരിക്കാന്‍.?ഞാനെന്നുമിങ്ങനെ തന്നെയല്ലേ..?"
ഇരിപ്പിന്റെ രീതിയൊന്നുമാറ്റി ഞാനാ പ്രകോപനഗാനം പാടും.
"താടകരൂപിണീ..."
അത്‌ കലഹം കാണാനാണ്‌.സന്ധ്യയ്‌‌ക്ക്‌ ബഹളം വയ്‌ക്കില്ല.അതറിയാം.അതുകൊണ്ടാണ്‌ ചൊടിപ്പിക്കാനായി പാടുന്നതും.ഫലമുണ്ടാവില്ല.വിളക്കിന്റെ പൊന്‍നാളത്തില്‍ കണ്ണുംപൂട്ടി ജപമാവും.ജപം കാണാനും ഭംഗിയാണ്‌.കൃത്രിമമായി ചെയ്യുകയാണെന്നേ തോന്നൂ.അങ്ങനെയല്ല.ശ്രദ്ധ എന്നെയാവും.അതുകൊണ്ടാണ്‌ അശ്രദ്ധ തോന്നുന്നത്‌.എന്റെ അലസത മാറാനാണ്‌ പ്രാര്‍ത്ഥന.
"ഗുരുവായൂരപ്പാ..ദാ, ആ ഇരിപ്പില്‍നിന്നൊന്ന്‌ ഇളക്കിത്തരണേ.."
അല്‌പം കഴിയുമ്പോള്‍ ആ തണുത്ത വിരലുകള്‍-വെള്ളം നനഞ്ഞതിനാല്‍ മാത്രം തണുത്തുപോയത്‌.അല്ലെങ്കിലതിന്‌,ശരിയാണ്‌,ചൂട്‌ തന്നെയാണ്‌.-എന്റെ മുഖത്ത്‌ പതിയും.
"എത്ര നിര്‍ബന്ധിച്ചാലാ ഇരിന്നിടത്തുനിന്ന്‌ ഒന്നനങ്ങ്വാ.ഇങ്ങനെയുണ്ടോ ഒരലസത.ആ..പറയാന്‍ ഞാനുണ്ടല്ലോ..അല്ലെങ്കീ ഞാനില്ലെങ്കീ എന്തിനാ കൊള്ള്വാ.."
അരികില്‍ മുണ്ടുലയുന്ന സ്വരം.സ്‌റ്റിഫ്‌ ആന്‍ഡ്‌ ഷൈനിന്റെ ഗന്ധവും ബലവുമുള്ള വെള്ളമുണ്ട്‌.നല്ല ഭംഗിയാണ്‌ അതുടുത്തുകാണാന്‍.
തറയില്‍ കാലും നീട്ടി അവളിരിക്കുമ്പോള്‍ എനിക്കാ മുണ്ടില്‍ ചുളിവ്‌ വീഴ്‌ത്താനേ തോന്നില്ല.അരികിലിരിക്കുമ്പോള്‍ താമരപ്പൂവിന്റെ ഗന്ധം വരും.പിന്നെ,ഒരു നില്‍പുണ്ട്‌.ഓരോന്ന്‌ ആലോചിച്ചുകൊണ്ട്‌. വിട്ടുകൊടുക്കില്ലാത്ത ഒരാളുടെതാണല്ലോ ഭാവം.എന്നോടു മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍ തോന്നും.നിശ്ശബ്ദതയും വലിയൊരു സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും ഒരുതരം യുദ്ധതന്ത്രമാണല്ലോ.
എന്നോടു
മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍
തോന്നും.നിശ്ശബ്ദതയും വലിയൊരു
സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും
ഒരുതരം
യുദ്ധതന്ത്രമാണല്ലോ
.
ഞാന്‍ ശ്രദ്ധിക്കും.തലയുയര്‍ത്തിപ്പിടിച്ചേ നില്‍ക്കൂ.ജനലരികിലോ അടുക്കളയിലോ ആവും.പെട്ടെന്നാവും ആലോചനത്തുമ്പില്‍ പിടികിട്ടുക.ഉടനേ,വേഗത്തില്‍,ഒന്നുകുനിഞ്ഞ്‌ ഇടംകൈകൊണ്ട്‌ മുണ്ടിന്റെ കോന്തലയുയര്‍ത്തി എളിയില്‍ കുത്തി ഒന്നുനിവരും.പാദം മുട്ടി,പാദസരം മുട്ടി വെള്ളപ്പാവാട-ഓ,വെണ്ണമിനുക്കമാണ്‌ അതിന്‌...
ഇതൊന്നും ഞാന്‍ കാണുകയില്ലെന്നാ വിചാരം.എനിക്കിഷ്ടം ഇതൊക്കെ കാണുന്നതാണെന്ന്‌ എനിക്കല്ലേ അറിയൂ.അതല്ലേ എന്റെ അലസത.
അവളുടെ തന്നെ പിന്നാലെ നടക്കാന്‍ തോന്നിപ്പിക്കുന്നത്‌‌ മഴക്കാലത്താണ്‌.കണ്ടുമതിയാവില്ല അന്നേരം.കുറേക്കാലം 48 ഡിഗ്രി ചൂടില്‍ പാവം കഴിഞ്ഞിട്ടുണ്ട്‌.അതുകൊണ്ടാവും മഴ വന്നാല്‍ തുള്ളിച്ചാടുന്നത്‌.ഒരു കുട്ടിയാണെന്നേ തോന്നൂ.അല്ല,കുട്ടി തന്നെയാണ്‌.ഇടയ്‌ക്കിടെ എനിക്ക്‌ കുട്ടീ എന്നുതന്നെ വിളിക്കാന്‍ തോന്നും.തുള്ളിച്ചാടി മഴയിലേക്ക്‌ പോവുമ്പോള്‍ മുറ്റത്തെ ഗ്രാമ്പുമരമൊക്കെ ഉലഞ്ഞിട്ടുണ്ടാകും.കൊമ്പുകൊള്ളുന്നതൊന്നും അവള്‍ക്ക്‌ പ്രശ്‌നമല്ല.ആകെ നനഞ്ഞ്‌ കയറിവന്നിട്ട്‌,തറയില്‍ വെള്ളത്തുള്ളികളുടെ ചിത്രമിട്ടുകൊണ്ട്‌ പിന്നേം മഴ നോക്കിനില്‍ക്കും.മുടി നനഞ്ഞ്‌ കവിളിലൊട്ടി,മുടി നനഞ്ഞൊട്ടുമ്പോള്‍ കൂടുതല്‍ വലുതായി തോന്നുന്ന ചെവികള്‍ പുറത്തുകാട്ടി,ഉടലിന്റെ പാതി കനം കാണിച്ചുകൊണ്ട്‌ ഒരു കവിത പോലെ...
എനിക്കിഷ്ടമാണ്‌ അലസനാവാന്‍.അത്‌ നിന്നെ കണ്ടുകൊണ്ടിരിക്കാനാണ്‌.ഭക്തിയില്ലെങ്കിലും അപ്പോള്‍ കണ്ണടച്ചുതരാന്‍ സുഖമാണ്‌.നീയൂതിമാറ്റുന്ന ഭസ്‌മത്തരികള്‍ എന്റെ മുഖത്തുനിന്നു പോവുമ്പോള്‍ കണ്ണുതുറന്ന്‌ നിന്നെ കാണാനും എനിക്കിഷ്ടമാണ്‌.നീ പിന്തിരിഞ്ഞ്‌‌ പോകുമ്പോള്‍ നനഞ്ഞ കാലടികള്‍ പിന്നീട്‌ തറയില്‍ കാല്‌പാടുകള്‍ പതിപ്പിക്കും.അതും നോക്കി അലസനായിരിക്കുക.എന്തു സുഖമാണത്‌.സമയം കളയുകയല്ല.സമയം തികയാതെ വരികയാണ്‌.കണ്ടുകണ്ട്‌ മതിയാവാതെ വരുമ്പോള്‍,നിന്റെ ഭാരത്തെ എന്റെ ത്വങ്‌മാംസാസ്ഥികള്‍ക്കുള്ളില്‍ പൊതിഞ്ഞുവയ്‌ക്കാന്‍ അകം വെമ്പുന്നത്‌ നീയറിയുന്നുണ്ടോ.?
രാത്രിയില്‍ അതേപോലെ കാല്‍കഴുകി കിടക്കാന്‍ വരുമ്പോഴും ആ അനുഭവം പകര്‍ന്നുകിട്ടും.നനഞ്ഞ പാദസരം..നനഞ്ഞ രോമങ്ങള്‍..ചരിഞ്ഞുകിടന്നുള്ള തലയണ വയ്‌ക്കാതുള്ള ഉറക്കം.നറുനെയ്‌ മണക്കുന്നത്‌ അന്നേരമാണ്‌.അപ്പോളാകട്ടെ എനിക്ക്‌ ഉറങ്ങാനും തോന്നില്ല.പിന്നെയും അലസത.!
ഓ!ഈ അലസതയ്‌ക്ക്‌ എന്തുമധുരമാണ്‌.!
ഫോട്ടോ.സുസ്‌‌മേഷ്‌ ചന്ത്രോത്ത്‌