
വി.കെ.എന്‍ `നമത് വാഴ്‌വും കാലമും`എഴുതുന്ന സമയം.മദനന്‍ മാഷാണ് വര.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ് ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്ക് സംഭവം വരുന്നത്.ഞാനതിന്റെ സ്ഥിരം വായനക്കാരനും.അതിലൊരിക്കല്‍ വി.കെ.എന്‍ 'പകര്‍ച്ച 'എന്നൊരു കഥയെഴുതി.ഓഫീസില്‍ പോയിരിക്കുന്ന ഭര്‍ത്താവിന് ഉച്ചയൂണുണ്ടാക്കി 'പകര്‍ച്ച ' കൊടുത്തയക്കുന്നതാണ് വര്‍ണ്ണിച്ചിരിക്കുന്നത്.അമ്പമ്പോ എന്നല്ലാതെ എന്തുപറയാന്‍!സാരി ചരിച്ചുകുത്തി,കീഴ്‌പ്പാവാടയുടെ അടിവശത്തെ ഞൊറിവൊക്കെ കാണിച്ച്,അടുക്കളയില്‍ വിയര്‍പ്പൊഴുക്കി നായിക നില്‍ക്കുന്ന പടമാണ് മദനന്‍മാഷ് വരച്ചിരിക്കുന്നതും.നാക്കിലയുടെ അറ്റത്തെ ചുരുണ്ട നാരും പൊട്ടലും അടുക്കുപാത്രത്തിനു പുറത്തേക്ക് കാണാം.ശ്രീമതി ഓട്ടോ വിളിച്ചാണ് സദ്യവട്ടത്തെ കയറ്റിയയക്കുന്നത്.അതില്‍ ഒരു പ്രയോഗമുണ്ട്.മിച്ചം വന്ന കഷണങ്ങളെല്ലാം തടുത്തുകൂട്ടി അവിയലുണ്ടാക്കി എന്ന്!അടുക്കളയില്‍ കൂട്ടാന്‍ വേകുമ്പോള്‍,പ്രത്യേകിച്ചും അത് അവിയലാണെങ്കില്‍,ഞാനീ കാര്യമോര്‍മ്മിക്കും.ഓണസദ്യയൊരുങ്ങുമ്പോഴും ഇക്കാര്യമോര്‍മ്മിക്കും.അത് വി.കെ.എന്നിനുമാത്രം കഴിയുന്ന സാമര്‍ത്ഥ്യമാണ്.ഭക്ഷണത്തെ സാമര്‍ത്ഥ്യത്തോടെ വര്‍ണ്ണിക്കുക എന്നത്.ഓണക്കാലമാകുമ്പോള്‍ ഞാനീ കഥയെ പതിവായി ഓര്‍ക്കാറുണ്ട്.അതിന് ഓണവുമായി ബന്ധമില്ലെങ്കിലും,ഓണവും ചമയലും രസികനായി വരുന്ന കഥാസന്ദര്‍ഭങ്ങള്‍ വേറെയുണ്ടെങ്കിലും,ഇക്കഥയാണ് എന്തുകൊണ്ടോ ഓര്‍മ്മ വരിക.അതില്‍ സദ്യവട്ടത്തിന്റെ കനപ്പെട്ട ശൈലികള്‍ അമര്‍ന്നുകിടക്കുന്നതുകൊണ്ടാകാം.
എന്റെ കുട്ടിക്കാലത്ത് ഗൃഹോപകരണങ്ങളാല്‍ സമൃദ്ധമായ അടുക്കളയൊന്നും വീട്ടിലുണ്ടായിരുന്നില്ല.ഓണമാവുമ്പോള്‍ കൂടുതലളവില്‍ പായസമുണ്ടാക്കാനായും സാമ്പാര്‍ വയ്‌ക്കാനായും അമ്മയുടെ ഒരു പരാക്രമമുണ്ട്.അധികമായി ആരെങ്കിലും ഉണ്ണാനുണ്ടാവുമെന്നതാണ് പ്രധാനകാരണം.പിന്നെ,അയല്‍വീടുകളില്‍ പകര്‍ച്ച കൊടുക്കുകയും വേണം.വലിയ പാത്രങ്ങള്‍ കുറേ വാങ്ങിവച്ചിട്ടും കാര്യമില്ല.മഴക്കാലത്ത് പെയ്‌ത്തുവെള്ളം പിടിക്കാമെന്നല്ലാതെ വേറെന്തുവിശേഷം!സാധാരണ ദിവസങ്ങളില്‍ നാലാള്‍ക്കു ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.ഓണത്തിന്റെ ഓര്‍മ്മകളില്‍ സജീവമായി വി.കെ.എന്‍ കയറിവരാനുള്ള കാരണം ഉണ്ണുന്നതിന്റെ പ്രിയംതന്നെയാണ്.ഞാനൊരു ആഹാരപ്രിയനാണ്.എന്തും വലിച്ചുവാരിക്കഴിക്കുന്നതല്ല ശീലം,മറിച്ച് നല്ല ചിട്ടയൊപ്പിച്ച് നമ്മുടെ നാട്ടുഭക്ഷണം നന്നായി കഴിക്കുന്നതിലാണ്.അതൊക്കെ എല്ലായ്‌പ്പോഴും പ്രയാസമാണല്ലോ.പ്രത്യേകിച്ചും ഹൈറേഞ്ചിലെ ഏറെക്കുറെ ഇല്ലായ്‌മയുടെ സാഹചര്യങ്ങളില്‍.എന്നാല്‍ ഓണത്തിന് അങ്ങനെയല്ല.തരാതരം ഭക്ഷണം ആസ്വദിച്ചുതന്നെ കഴിക്കാം.ഒരിടത്തുനിന്നല്ല,അയല്‍വീടുകളില്‍നിന്നും.ഒരു ഗ്ലാസ് പായസമെങ്കിലും അന്നത്തെ ദിവസം അയല്‍പക്കത്ത് നിന്ന് കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്.നമുക്കുമാത്രമല്ല,അവര്‍ക്കും.എനിക്കിഷ്ടമാണ് അത്.ഇന്നും പ്രിയമുള്ള വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ എനിക്കിഷ്ടമാണ്.അതിലൊരു നല്ല സന്ദേശംകൂടിയുണ്ട്.മാധവിക്കുട്ടിയുടെ കഥകളിലും വെപ്പുകാരന്റെ ക്രിയകള്‍ കാണാം.ആ കഥകളിലെ കുട്ടികളെപ്പോലെ വെപ്പുകാരന്‍ വന്നാലാണ് എനിക്കുത്സാഹമാവുക.കഥയിലായാലും ജീവിതത്തിലായാലും.എന്റെ ഓര്‍മ്മയിലുമുണ്ട്,ഒരു 'കലി നാരായണന്‍നായര്‍'.ഞങ്ങളുടെ നാട്ടിലെ പേരെടുത്ത ദേഹണ്ഡക്കാരന്‍ ഗോപാലന്‍ചേട്ടന്‍.കല്യാണമോ അടിയന്തിരമോ മറ്റോ വന്നാല്‍ ഗോപാലന്‍ ചേട്ടന്‍ ആഘോഷമായിപ്രവേശിക്കും.വലിയ കുട്ടകങ്ങളും ചെമ്പുകളും വാര്‍പ്പുകളും വയ്‌ക്കാനുള്ള മുട്ടന്‍ അടുപ്പുകളുടെ പണിയാണ് ആദ്യം.പിന്നെ,ചേന,ചേമ്പ്,കായ,മത്തന്‍,കുമ്പളം,പപ്പടം,പരിപ്പ്,നെയ്യ്,എണ്ണ,തേങ്ങ എന്നിങ്ങനെ ഒരു ബഹളം.ഗോപാലന്‍ചേട്ടന്റെ കരവിരുതുകള്‍ നല്ലപോലെ കാണാനൊന്നും എനിക്കുകഴിഞ്ഞിട്ടില്ല.എന്റെ കുട്ടിക്കാലമാണത്.മുതിര്‍ന്നപ്പോഴേക്കും അദ്ദേഹം ദേഹണ്ഡംനിര്‍ത്തി ഉപജീവിതത്തിന് വേറെ പണി നോക്കി തുടങ്ങിയിരുന്നു.
അരികുത്തുമില്ലും ചില പുന്നാരങ്ങളും
അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരേയൊരു അരികുത്തുമില്ലേ ഉണ്ടായിരുന്നുള്ളൂ.അത് പാടം കടന്നുചെല്ലുന്ന ചെമ്മണ്‍ നിരത്തിനരികിലാണ്.ഒരു കൊല്ലത്തിന്റെ കൂട്ടിവയ്‌ക്കലുകള്‍ മുഴുവന്‍ നാട്ടുകാര്‍ കുത്തിത്തീര്‍ക്കുന്നത് ആ മില്ലിലായിരുന്നു.ഓണക്കാലമായാല്‍ അവിടെ തിരക്കേറും.തവിടിന്റെയും ഉമിയുടെയും പുഴുക്കനെല്ലിന്റെയും ഗ്രീസിന്റെയും ഡീസലിന്റെയും വാസന നിറഞ്ഞുകിടക്കുന്ന ഒരിടം.മില്ലില്‍ തട്ടമിട്ടു തലമറച്ച ചെറുപ്പക്കാരികള്‍ നെല്ലുകുത്താന്‍ വന്നുനില്‍പ്പുണ്ടാകും.പ്രായം ചെന്ന സ്‌ത്രീകള്‍ അവിടെത്തന്നെ പടിഞ്ഞിരുന്ന് അരിയിലെ ഉമി കൊഴിച്ചെടുക്കുന്നുണ്ടാവും.കൂട്ടിനുവന്ന കുട്ടികള്‍ ത്രികോണാകൃതിയില്‍ കമുകിന്‍പട്ട കീറിയടിച്ച മറയില്‍ മൂക്കു ചേര്‍ത്തുവച്ച് യന്ത്രത്തിന്റെ ബെല്‍റ്റ് കറങ്ങുന്നത് നോക്കിനില്‍പ്പുണ്ടാകും.അരി കുത്തുന്ന ആക്കൊച്ച് ചേട്ടന്‍ അരിവരുന്ന കുഴലില്‍ വിരലിട്ട് മുഷിഞ്ഞുനില്‍പ്പുണ്ടാകും.കുത്തുകൂലി പണമോ നെല്ലോ ആണ്.പണം കൊടുക്കുന്നവര്‍ വിരളം.ആ മില്ല് എന്റെ ഓര്‍മ്മകളുടെ പരിധികളിലുണ്ടായിരുന്നു എന്നും.അനവധി ഓണക്കാലങ്ങള്‍ ആ മില്ലിനെ ചുറ്റിപ്പറ്റി കടന്നുപോയിട്ടുണ്ട്.നെല്ല് നിറച്ച ചാക്കോ കുട്ടയോ തലയിലേറ്റി നന്നേ വീതികുറഞ്ഞ പാടവരമ്പിലുടെ നടക്കുക എന്നത് യാതന നിറഞ്ഞകാര്യമാണ്.വരമ്പിനരികില്‍ത്തന്നെ കമുകുകളും വച്ചുപിടിപ്പിച്ചിട്ടുണ്ടാകും.നല്ല ഉയരമുള്ള കമുകുകള്‍.അതില്‍ ഒരു കൈ ചുറ്റിപ്പിടിച്ച്,തലയിലെ ഭാരം ചരിയാതെ സൂക്ഷിച്ചുവേണം വരമ്പ് കടക്കാന്‍.മഴക്കാലത്ത് വരമ്പിനപ്പുറത്തെ തോട് കവിഞ്ഞൊഴുകും.പക്ഷേ,തോട്ടിറമ്പിലെമ്പാടും പൂക്കളായിരിക്കും.നല്ലനല്ല ഓണപ്പൂക്കള്‍.മില്ലില്‍ വന്നുകൊണ്ടിരുന്ന തട്ടമിട്ട സ്‌ത്രീകള്‍ ഞങ്ങളുടെ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നുള്ളവരായിരുന്നു.ചുറ്റിലും വിശാലമായ പാടങ്ങളായിരുന്നതിനാല്‍ എല്ലാവരും സുപരിചിതരുമായിരുന്നു.പണിക്കാരും പണക്കാരും പണിയെടുപ്പിക്കുന്നവരും ചേര്‍ന്നുണ്ടായ കൃഷിക്കാലം.അങ്ങനെയൊരു മില്ലിനെപ്പറ്റി,പത്മരാജന്‍ 'കള്ളന്‍ പവിത്രന്‍ 'എന്ന സിനിമയില്‍ പറയുമ്പോള്‍,ഞാനാ ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു.മില്ലുകാരന്‍ മാമച്ചന്‍ അതിലാണല്ലോ.ആ സിനിമയിറങ്ങിയ നാളുകളിലായിരുന്നു എന്റെ കുട്ടിക്കാലം.പക്ഷേ ജീവിതകഥ സിനിമയിലെപ്പോലെ ആയിരുന്നില്ലെന്നുമാത്രം.പിന്നീട് അങ്ങനൊരു മില്ല് കണ്ടത് മഞ്ചേരിക്കടുത്ത് ഇളയൂരിലാണ്.അവിടെ എന്റെ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും വീട്ടിലേക്ക് പോകുന്ന വഴിയില്‍ അത്തരമൊരു മില്ലുണ്ടായിരുന്നു.ഇരമ്പുന്ന മില്ല്.മണ്ണെണ്ണയുടെയും ഗ്രീസിന്റെയും ഡീസലിന്റെയും നെല്ലിന്റെയും മണമുള്ള യന്ത്രശാല.അവിടെ കാത്തുനിന്നിരുന്ന പെണ്ണുങ്ങള്‍ മുഴുവന്‍ തല മറച്ചവരായിരുന്നു.അവര്‍ നമ്മളെക്കാണുമ്പോള്‍ ഒന്നുകൂടി അകത്തേക്കുവലിയും.മൈലാഞ്ചിച്ചെടി കൊളുത്തിവലിച്ചിട്ടെന്ന പോലെ.ആ മില്ലിരിക്കുന്നതിനടുത്ത് ഒരു പഞ്ചായത്ത് കുളമുണ്ട്.അപ്പുറം കൈതകള്‍ തലകുനിച്ച് മാറിടം നോക്കിനില്‍ക്കുന്ന തോടും.പിന്നെ അത്തരം മില്ലുകള്‍ കണ്ടിട്ടുള്ളത് പാലക്കാടാണ്.സിമന്റിട്ട വലിയ മുറ്റങ്ങളുണ്ടാകും.നെല്ല് നിരത്തി ചിക്കിയിട്ടുണ്ടാവും.നെല്ല് പുഴുങ്ങുന്ന യന്ത്രത്തില്‍നിന ആവി മേലേക്ക് പോകുന്നുണ്ടാവും.പാലക്കാട്ടെ ചെട്ടിച്ചികളും മൂത്താന്മാരും ഈഴവരും കാക്കുന്ന നെല്‍ക്കാലങ്ങള്‍.!
ഓണമെന്നൊന്നുമില്ല സ്‌നേഹസമ്പന്നരായ പാലക്കാട്ടുകാര്‍ക്ക്.അവരുടെ മനസ്സിലെന്നും ഓണമാണ്.മലയാളി എന്നാല്‍ പാലക്കാട്ടുകാരായിരുന്നെങ്കില്‍....!ഇന്ന് നാട്ടില്‍ ആധുനിക അരിമില്ലുകളുള്ളത് കാലടിയിലാണ്.നിറം കലര്‍ത്തിയ കല്ലില്ലാത്ത അരി വരുന്ന കാലടിയുടെ അരിപ്പെരുമ!
പ്രപഞ്ചമേ,പൂക്കളമിടാന്‍ കുറച്ച് ഇ വേസ്‌റ്റ് ഇറക്കിത്തരൂ...
എന്തും പ്രയോജനപ്പെടുത്തുക എന്നാവുമ്പോള്‍ എന്തും പ്രയോജനപ്പെടുത്താം എന്നുതന്നെയാണ്.പൂക്കളമിടാന്‍ ഇലക്ട്രോണിക് വേസ്‌റ്റ് ആവാം.അതിന്റെ പൂരൂപങ്ങള്‍ പുതുമയാവാം.വൈകാതെ നമുക്കിത് പരസ്യങ്ങളില്‍ കാണാന്‍കഴിയും.പ്രകൃതിയെ മുറ്റത്തേക്ക് ആവാഹിക്കുന്ന പൂക്കളങ്ങളെ എനിക്കിഷ്ടമാണ്.അതിലെ സങ്കല്‍പം എത്ര ദിവ്യമാണ്.പക്ഷേ,ഇന്നും ഇനി വരും നാളുകളിലും അതത്ര സാദ്ധ്യമല്ലാതെ വരും.പ്രകൃതിയില്‍ നിന്ന് നമ്മളകലുന്നതുകൊണ്ടാണതെന്ന് എനിക്കു അഭിപ്രായമില്ല.മാറുന്നകാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങളാണ് അതെല്ലാം.നമ്മളിപ്പോള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌സിലോ മറ്റോ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചാലും മക്കള്‍ ഓണക്കാലത്ത് പത്തുദിവസവും പൂവിടണമെന്നില്ല.ചില ഉള്‍നാടന്‍ദേശങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും ഇന്ന് കുട്ടികള്‍ പതിവായി പൂവിടുന്നുണ്ടാവുമോ? ഓണപ്പൊട്ടനും മറ്റും കണ്ണൂര്‍,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ മാത്രമായി ഒതുങ്ങി.കര്‍ക്കിടകം 1 മുതല്‍ പൂവിടുന്നതും ഒറ്റത്തിരുവോണം നോക്കുന്നതും അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി.വാസ്‌തവത്തില്‍ തിരുവിതാംകൂറും മലബാറും മധ്യകേരളവും ഓണത്തെ വ്യത്യസ്‌തമായിത്തന്നെയാണ് സ്വീകരിക്കുന്നത്.ഒരു ചരിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഐക്യകേരളപ്പിറവി ഓണത്തിന്റെ മിത്തിനെ പൊളിച്ചടുക്കിയിട്ടില്ല.തലമുറ കഴിയുംതോറും നഷ്ടമാവുന്നതാണ് മാമൂലുകളോടുള്ള പ്രതിപത്തി.പിന്നീട് അതൊരു നേര്‍ത്ത ഓര്‍മ്മയായിമാറും.ഇനിയൊരു അമ്പത് കൊല്ലംകഴിഞ്ഞാല്‍ ഓണത്തിന് ഇന്നത്തെയത്രപോലും സവിശേഷത നല്‍കാന്‍ അന്നത്തെ മലയാളികള്‍ തയ്യാറാകണമെന്നില്ല.അനുഷ്‌ഠാനങ്ങള്‍ വൈകാരികശീലത്തില്‍നിന്നുണ്ടാവുന്നതാണ്.ആ വൈകാരികതയാണ് നാള്‍ക്കുനാള്‍ നമുക്ക് നഷ്ടമാവുന്നത്.അത് മാറ്റമാണ്.അംഗീകരിക്കേണ്ട മാറ്റം.പക്ഷേ,ഇന്നത്തെ മലയാളി രണ്ടുനാള്‍ ഓണം ആഘോഷിക്കുന്നുണ്ട് കുറേക്കാലമായിട്ട്.കുറേക്കാലംകൂടി അതുതുടരും.വാസ്‌തവത്തിലത്-ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്-വിപണിയുടെ ഓണാഘോഷമാണ്.അഥവാ ആവശ്യമാണ്.എന്നാല്‍ വരും നാളുകളില്‍ വിപണിയുടെ ഇന്നത്തെ സങ്കല്‍പം മാറും.അന്ന് ഓണവും വിഷുവും അപ്രധാനമാകും.എല്ലാ പ്രാദേശികതയും നഷ്ടമാകും.അതേസമയം ആഗോളപ്രചാരമുള്ള ക്രിസ്‌തുവിന്റെ പിറവി നിലനില്‍ക്കുകയും ചെയ്യും.കാരണം,ഓണം കേരളത്തിന്റെ,മലയാളിയുടെ മാത്രം ആവേശമാണ്.അയല്‍പക്കമായ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോപോലും അതിന്റെ അലയൊലികളില്ല.ഇല്ലെന്നുതീര്‍ത്തും പറഞ്ഞുകൂടാ.ഉള്ളത് വിപണിയുടെ നാണയാധിഷ്ടിതമായ അധീശത്വമാണ്.അവരുടെ വിപണിയില്‍നിന്ന് നമ്മുടെ ഓണവിപണിയിലേക്ക് വരുന്ന വിഭവങ്ങളുടെ സമകാലികത മാത്രം.ഇതൊക്കെയാണെങ്കിലും ഇന്നത്തെ മലയാളിക്ക്,ഇതുവരെയുള്ള മലയാളിക്കും,ഓണം ഗൃഹാതുരതയാണ്.നാളത്തെകാര്യം അങ്ങനെയാവില്ലെങ്കിലും.ഇന്നത്തെക്കാലത്ത് സമൃദ്ധമായ ഭക്ഷണം എന്നത് കേള്‍ക്കാനത്ര സുഖമില്ലാത്ത കാര്യമാണ്.എന്നുംതന്നെ സമൃദ്ധമായ ഭക്ഷണമാണല്ലോ.ബി.പി.എല്ലിനുതാഴെയുള്ളവരാണെങ്കിലും അല്ലെങ്കിലും.എല്ലാം ലഭ്യമാണ് എന്നതാണ് സംഗതി.അതിന് പണം മാത്രംമതി.പണമോ,പഴയ പോലെയല്ല,ആവശ്യത്തിന് കിട്ടാനുണ്ട്.സ്വകാര്യമേഖലയുടെ വളര്‍ച്ച,നാട്ടിലെ ദാരിദ്യമകറ്റിയിരിക്കുന്നത് ചെറിയ തോതിലൊന്നുമല്ലല്ലോ.നമ്മളാരുമത് സമ്മതിച്ചുതരില്ലെങ്കിലും.അതിന്റെ മാറ്റം 'ഇല'യിലാണ്.സദ്യ എന്നുപറഞ്ഞാല്‍ ഇലയില്‍ ബ്രഡ്ഡും വെണ്ണയും അല്ലെങ്കില്‍ എണ്ണ പുരട്ടാത്ത ചപ്പാത്തിയും കറിയും കോഴിക്കാലുമെന്നായിട്ടുണ്ട്.ഇല പേപ്പറില.അതിലൊന്നും കുഴപ്പമില്ല.കാലത്തിനൊപ്പമാണ് നാം സഞ്ചരിക്കേണ്ടത്.എന്നാലും,സദ്യയെന്നാല്‍,എന്നെസംബന്ധിച്ച് ചോറും കറിയും പപ്പടവും വറുത്തപ്പേരിയും ഉപ്പിലിട്ടതും പായസവും തന്നെയായിരിക്കണം.
ഓണക്കോടി.ഓടിക്കോ!
നമ്മള്‍ക്ക് 'അക്ഷയതൃതീയ'യുടെ ജ്വരം പിടിച്ചത് ഓര്‍മ്മയില്ലേ.അതേപോലെയാണ് ഓണക്കോടിയുടെ കാര്യവും.എനിക്കുമനസ്സിലാവാത്തത് ഇപ്പോള്‍ നാട്ടിലുയരുന്ന സ്വര്‍ണ്ണക്കടകളുടെയും തുണിക്കടകളുടെയും ബാഹുല്യമാണ്.ആരാണ് ഇത്ര ഉപഭോഗജ്വരമുള്ള മലയാളി സമൂഹം?ആരാണ് ഇത്രശേഷിയുള്ള കച്ചവടക്കാര്‍?നികുതിവകുപ്പും സര്‍ക്കാരും മാനം നോക്കിനില്‍ക്കുന്ന കാഴ്‌ച കാണണമെങ്കില്‍ പത്രം നോക്കിയാല്‍ മതി.ആഴ്‌ചയിലൊന്നെങ്കിലും മുഴുവന്‍താള്‍ പരസ്യമുണ്ടാകും,ഏതെങ്കിലും ജ്വല്ലറിയുടെയോ തുണിക്കടയുടെയോ ഉദ്‌ഘാടനം വിളംബരം ചെയ്‌ത്.എവിടെനിന്നാണ് ഈ വരുമാനം.അതിനിടയില്‍ ഓണക്കോടി എന്നൊന്നില്ല,എന്നും ഓണക്കോടിയാണ്.അതാണ് ആദ്യമേ പറഞ്ഞ വിപണിയുടെ കെണി.അതില്‍ മുങ്ങിപ്പോകുന്നത് ഐതിഹ്യമാണ്.നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകം ഇനി അരങ്ങില്‍ കളിക്കാനുള്ളതല്ല,ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കാനുള്ളതാണെന്ന് കാലംപറയുംപോലെ.മാനുഷരെല്ലാരുമൊന്നുപോലെ എന്ന് ഇനി പറയാനാവാത്തതുപോലെ.മനുഷ്യരെ വിഭിന്നരാക്കുന്നതാണ് മാറിയകാലം.മാറിയകാലത്ത് നിലനില്‍ക്കുന്നതെന്താണോ അതാണ് 'ആധുനികമായ' ഐതിഹ്യം.ആധുനികമായ ഐതിഹ്യത്തിന് ഒരു മൈക്രോചിപ്പിലൊതുങ്ങാനുള്ള സ്ഥലമേ യന്ത്രവാസികളും യന്ത്രസംസ്‌കാരവാഹികളുമായ
മനുഷ്യന്‍ അനുവദിക്കൂ.
അതുകൊണ്ട് അതിനെ ഇനി നാനോഓണം എന്നുവിളിക്കാം.
ഫോട്ടോ.സുസ്‌മേഷ് ചന്ത്രോത്ത്