Saturday, March 31, 2012

അപ്രധാനമല്ലാത്ത ഒരോര്‍മ്മപ്പെടുത്തല്‍

പ്രിയപ്പെട്ട വായനക്കാരേ..
വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ പോസ്റ്റ്.മറ്റൊന്നുമല്ല,നാളെ എന്‍റെ പിറന്നാളാണ്.ഇത് നാളെ പറഞ്ഞാല്‍ ലോകത്താരും വിശ്വസിക്കില്ലല്ലോ!അതാണ് ഇന്നേ പറയുന്നത്.
ചില പ്രത്യേകതകള്‍ ഈ പിറന്നാളിനുണ്ട്.പി.എസ്.സി പരീക്ഷ (അങ്ങനെയൊന്ന് നാളിതുവരെ എഴുതിയിട്ടില്ലെങ്കിലും..)മലയാളത്തിലെ കൊള്ളാവുന്ന യുവസാഹിത്യകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ,ചെറുപ്പക്കാരനെന്ന പരിഗണന...അങ്ങനെ പലതും നാളെ കഴിയുന്നതോടെ എനിക്ക് അര്‍ഹതപ്പെട്ടതല്ലാതാവും.വേറെയും കാണും മുപ്പത്തഞ്ചുവരെ ലഭിക്കാനിടയുള്ള കാര്യങ്ങള്‍ .അറിവ് വളരെ കൂടുതലായതുകൊണ്ട് ഇത്രയുമേ പെട്ടെന്ന് ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ..
അന്നദാനം,പശുദാനം,ഘോഷയാത്ര,താലപ്പൊലി,കുരവയിടല്‍ ,എന്‍റെ നാമധേയത്തിലൊരു ട്രസ്റ്റ്,സ്വന്തം കൃതിയുടെ പേരിലൊരു അവാര്‍ഡ്, കൈകൊട്ടിക്കളി,അക്ഷരശ്ലോകമത്സരം,ഊണ്,നാലുംകൂട്ടിയുള്ള മുറുക്ക്..ഒക്കെ ഫ്യൂഡല്‍ രീതിയില്‍ നടത്തണമെന്നുണ്ടായിരുന്നു.അതൊക്കെ ഇനിയൊരവസരത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.എങ്കിലും പാണ്ഡവരുടെ ചാത്തം പാണ്ഡവരുതന്നെ ഉണ്ടു എന്നപോലെയാവില്ല.അതായിരുന്നു കുറേക്കാലമായിട്ട് പതിവ്.ഇത്തവണ കുറേ വായനക്കാരോടൊപ്പമാവും.മലപ്പുറം ജില്ലയിലെ ഏതോ ഉള്‍നാട്ടില്‍ ഒരു വായനാക്കൂട്ടായ്മ 'മരണവിദ്യാലയ'ത്തിന്‍റെ വായനയും ചര്‍ച്ചയും (!!) നടത്തുന്നുണ്ട്.ചോദിച്ചറിഞ്ഞ് അങ്ങോട്ടുപോകും.ഊണവിടെ കിട്ടുമെന്നു പ്രതീക്ഷ.പിറന്നാള്‍ കാര്യം അവരോട് മിണ്ടിയിട്ടില്ല.മുകളില്‍ പറഞ്ഞ മാതിരി വല്ല പ്രയോഗങ്ങളും അവര്‍ സ്വമേധയാ നടത്തിയെങ്കിലോ എന്നു പേടിച്ചിട്ടുതന്നെ.


ആയതിനാല്‍ വായനക്കാര്‍ക്ക് പിറന്നാളാശംസകള്‍ നേരാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാം.എല്ലാവരുമത് പ്രയോജനപ്പെടുത്തുമല്ലോ.


ഏപ്രില്‍ മാസം എല്ലാ സുമനസ്സുകള്‍ക്കും വസന്തം സമ്മാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.


സ്നേഹത്തോടെ,
നിങ്ങളുടെ,
സുസ്മേഷ്.



Tuesday, March 27, 2012

ഓരോ സ്ത്രീയും ഓരോ ലോകമാണ്

ദേശാഭിമാനി വാരികയില്‍ വന്ന അഭിമുഖത്തിന്‍റെ കവര്‍ച്ചിത്രം.

Friday, March 23, 2012

ചില വിശേഷങ്ങള്‍..



പ്രിയപ്പെട്ട വായനക്കാരേ,സുഹൃത്തുക്കളേ..


പേപ്പര്‍ ലോഡ്ജ് പ്രകാശനം ഭംഗിയായി നടന്നു.ശ്യാമപ്രസാദും രഘുനാഥന്‍ പറളിയും ബി.മുരളിയും പങ്കെടുത്തിരുന്നു.ചടങ്ങില്‍ സംബന്ധിച്ച എല്ലാ സ്നേഹിതര്‍ക്കും മാതൃഭൂമിക്കും നന്ദി.


കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (2012 മാര്‍ച്ച് 10-16 ലക്കം) കൊറ്റികളെ തിന്നുന്ന പശുക്കള്‍ എന്ന കഥ വന്നിട്ടുണ്ട്.വായിക്കാന്‍ സാധിച്ചവര്‍ അഭിപ്രായം പങ്കുവയ്ക്കുമല്ലോ.


2012 മാര്‍ച്ച് 11 ന്‍റെ ലക്കം ദേശാഭിമാനി വാരിക ഞാനുമായുള്ള ഒരഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.ഓരോ സ്ത്രീയും ഓരോ ലോകമാണ് എന്ന പേരില്‍ സുനിയാണ് അത് തയ്യാറാക്കിയത്.www.deshabhimani.com ലും അത് വായിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


പുസ്തകപ്രകാശനത്തിന്‍റെ പിറ്റേന്ന് ബംഗാളിലേക്കൊരു യാത്രപോയതിനാല്‍ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ക്ക് യാഥാസമയം നന്ദി പറയാന്‍ കഴിഞ്ഞില്ല.എല്ലാവരും ദയവായി ക്ഷമിക്കുമല്ലോ.


അപ്രതീക്ഷിതമായി വരുന്ന ചില ജോലികള്‍,സാധാരണ ജീവിതത്തിലെ ഓട്ടങ്ങള്‍,ഇതിനിടയിലെ ഉത്തരവാദിത്തങ്ങള്‍,അതിനിടയിലെ അനിവാര്യമായ യാത്രകള്‍...അതിനൊക്കെയിടയില്‍ എനിക്ക് എന്‍റെ പല ഫോളോവേഴ്സിന്‍റെയും ബ്ലോഗ് വായിക്കാനോ കമന്‍റിടാനോ കഴിയുന്നില്ല.അത് പൊറുക്കാനാവാത്ത പിഴവാണെന്ന് അറിയാം.മാപ്പാക്കുമല്ലോ.എങ്കിലും കഴിയുന്നത്ര പേരുടെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചുപോകുന്നുണ്ട്.പലപ്പോഴും.അത് സത്യമാണ്.എല്ലാവരെയും ഒരുപോലെ പരിഗണിക്കാന്‍ കഴിയാതെ വരുന്പോഴുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് പലപ്പോഴും വായന മാത്രമാക്കി പോരുന്നത്.പലരും mail അയച്ച് കമന്‍റിടാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.എന്‍റെ സമയക്കുറവും പരിമിതികളും കൂടി മനസ്സിലാക്കുമല്ലോ.

തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗുകളും കമന്‍റുകളും എനിക്ക് ചിരപരിചിതമാണ് എന്നതില്‍ തര്‍ക്കമില്ല.

ഞാന്‍ തന്നെ പുതിയ പോസ്റ്റുകള്‍ ഇടാതെയിരിക്കുന്നതിനും കാരണം ഈ സമയക്കുറവ് തന്നെയാണ് കാരണം.


എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

കഴിയുന്നത്ര പുസ്തകങ്ങളുമായി അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,

സുസ്മേഷ്.

Saturday, March 3, 2012

പേപ്പര്‍ ലോഡ്ജിലേക്ക് സ്വാഗതം





പ്രിയപ്പെട്ട വായനക്കാരേ...



മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍റെ നോവല്‍ പേപ്പര്‍ ലോഡ്ജ് പുസ്തകരൂപത്തില്‍ വരികയാണ്.നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ അതിന്‍റെ ചില ഭാഗങ്ങള്‍ ഞാന്‍ ബ്ലോഗില്‍ ഇട്ടിരുന്നത്.



ഇതോടൊപ്പം ക്ഷണക്കത്തുണ്ട്.ശ്രീ എം.മുകുന്ദനാണ് നോവലിന് പ്രവേശിക എഴുതിയിട്ടുള്ളത്.സര്‍വ്വശ്രീ അടൂര്‍ ഗോപാലകൃഷ്ണനും ബി.മുരളിയും രഘുനാഥന്‍ പറളിയും ചടങ്ങില്‍ പങ്കെടുക്കും.എത്തിച്ചേരാന്‍ കഴിയുന്നവരെല്ലാം പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.



എന്‍റെ നോവലിന്‍റെ പൂര്‍ത്തീകരണത്തിനായി സഹകരിച്ച എല്ലാവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു.നിങ്ങളുടെയെല്ലാം പിന്തുണയിലാണ് എന്‍റെ മുന്നോട്ടുള്ള ചുവടുകള്‍.



9 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയില്‍ കാണാമെന്ന പ്രതീക്ഷയോടെ,



സ്നേഹപൂര്‍വ്വം



സുസ്മേഷ്.






Thursday, February 16, 2012

ആദരവോടെ..കൃതജ്ഞത




2004 ഡിസംബറില്‍ ഡി സി ബുക്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് എനിക്ക് കിട്ടുന്പോഴും ഇതായിരുന്നു അവസ്ഥ.മിണ്ടാനാവുന്നില്ല..വിസ്മയമോ..അവിശ്വസനീയതയോ..തലേന്നുവരെയുണ്ടായിരുന്ന തലേലെഴുത്ത് നൊടിനേരം കൊണ്ട് മാറിപ്പോയി.എന്നെയും പരിഗണിക്കാം എന്ന അവസ്ഥയിലേക്ക് വായനാകേരളം രൂപപ്പെട്ടു.അതെന്നിലുണ്ടാക്കിയ വലിയ ഉത്തരവാദിത്തത്തിലാണ് പിന്നീടിത്രകാലവും ഞാനെഴുതിയത്.വായനക്കാര്‍ക്ക് എന്നോടുണ്ടായി വന്ന വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.അതിനപ്പുറമാണ് 2012 ല്‍ ലഭിച്ചിട്ടുള്ള ഈ പുരസ്കാരവും അതെന്നിലുണ്ടാക്കുന്ന ഉത്തരവാദിത്തവും.വാസ്തവത്തില്‍ നടുക്കവും വിറയുമുണ്ട്.പക്ഷേ മുന്നോട്ട് പോയേ പറ്റൂ..എല്ലാവരും കൂടെയുണ്ടാവണം.വീഴ്ചകളില്‍ തഴയാതെ കാക്കണം.അനുഗ്രഹിക്കണം.എഴുത്തുകാരനായി ജീവിക്കാന്‍ തന്നെയാണ് എനിക്കാഗ്രഹം.

ഇതൊടൊപ്പം പുരസ്കാരം ലഭിച്ച മറ്റ് പതിനാറ് ഭാഷകളിലെയും എഴുത്തുകാര്‍ക്ക് എന്‍റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.

വിവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി തുടരുന്ന സൌഹൃദവിളികള്‍ക്ക്,മെയിലുകള്‍ക്ക് ഓര്മ്മ‍പ്പെടുത്തലുകള്‍ക്ക്,വീണ്ടെടുക്കലുകള്‍ക്ക്,ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക്..നമസ്കാരം.

എന്‍റെ പ്രിയ വായനക്കാര്‍..ദൃശ്യ പത്ര മാധ്യമ സുഹൃത്തുക്കള്‍..പ്രസാധകസുഹൃത്തുക്കള്‍..ബ്ലോഗ് വായനക്കാര്‍..ഇത്രവരെയെത്തിച്ച എന്‍റെ പിന്നിലെ ശക്തികള്‍..എന്‍റെ സ്വകാര്യമായ അഹങ്കാരമേ നിനക്കും..എല്ലാ നല്ല സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.


Wednesday, February 8, 2012

എന്റെ പ്രിയപ്പെട്ട സുമന

ഞാനാഗ്രഹിക്കുന്ന ഒരു സ്‌ത്രീ എങ്ങനെയായിരിക്കണം എന്നാരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ അരനിമിഷം ആലോചിക്കാതെ ഞാനൊരാളെ ചൂണ്ടിക്കാണിക്കും.അത്‌ സുമനയാണ്‌.എന്റെ ഹരിതമോഹനം എന്ന കഥയിലെ കഥാപാത്രമാണ്‌ സുമന.വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങള്‍ കുറേയേറെയുണ്ടെങ്കിലും സുമനയാണ്‌ എനിക്കും എന്റെ പല വായനക്കാര്‍ക്കും ഇഷ്‌ടമായ പ്രധാന കഥാപാത്രം.
'മരണവിദ്യാലയ'ത്തിലെ നേത്രി,'ഉപജീവിതകലോത്സവ'ത്തിലെ ഖയിസ്സ്‌ മാഷ്‌,'ഗ്വാണ്ടാനാമോ'യിലെ ശ്രേയാറാവു,'നീര്‍ന്നായ'യിലെ ജയശീലന്‍,'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'ത്തിലെ അനാഥപ്പെണ്‍കുട്ടി,'ബാര്‍കോഡി'ലെ ലീലാംബരന്‍,'മെറൂണി'ലെ നായിക മെറൂണ്‍,'ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര' എന്ന കഥയിലെ നിസ്സഹായയായ ശരീരവില്‍പ്പനക്കാരി..അങ്ങനെ എടുത്തുപറയാന്‍ കുറേ കഥാപാത്രങ്ങളുണ്ടെങ്കിലും എന്നെ ഇവള്‍,സുമന മഥിക്കുന്നു.
പില്‍ക്കാലത്ത്‌ എന്റെ സ്‌ത്രീമാതൃകയായി ചൂണ്ടിക്കാണിക്കാനാവുന്ന ഒരു സ്‌ത്രീയായി തീരണം അത്‌ എന്ന തീര്‍പ്പോടെ എഴുതിയുണ്ടാക്കിയ കഥാപാത്രമല്ല സുമന.അവളങ്ങനെ ആവുകയായിരുന്നു.എന്നെ ആ കഥാപാത്രം പിന്നീട്‌ അതിശയിപ്പിക്കുകയായിരുന്നു.
ഇടത്തരം വരുമാനക്കാരനായ കഥാനായകന്‍ അരവിന്ദാക്ഷന്റെ ഭാര്യയാണ്‌ സുമന.വാടകയ്‌ക്ക്‌ എടുത്ത ഫ്‌ളാറ്റിലാണ്‌ അവരുടെയും രണ്ട്‌ പെണ്‍മക്കളുടെയും താമസം.കഥാനായകന്‌ സ്വന്തമായി അല്‌പം സ്ഥലം വാങ്ങണമെന്നുണ്ട്‌.റിയല്‍ എസ്റ്റേറ്റുകാരുടെയും നഗരജീവിതത്തിന്റെയും ഇടയില്‍ അയാള്‍ക്ക്‌ ഇത്തിരി മണ്ണ്‌ എന്ന സ്വപ്‌നം വെറും സ്വപ്‌നം മാത്രമായിത്തീരുമെന്ന ഭയമുണ്ട്‌.ആ ഭയത്തില്‍നിന്നുകൊണ്ട്‌ അയാള്‍ ചെയ്യുന്നത്‌ ചെറുതല്ലാത്ത ചില അസാധാരണകാര്യങ്ങളാണ്‌.മണ്ണിനെ സ്വപ്‌നം കാണുന്ന കഥാനായകന്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുന്ന സ്വന്തം സ്ഥലത്ത്‌ നടാനായി ചില വൃക്ഷത്തൈകളും ചെടികളും സംഭരിക്കാന്‍ തുടങ്ങുന്നിടത്താണ്‌ കഥയാരംഭിക്കുന്നത്‌.അതിനായി പലതരം പൂമരത്തൈകള്‍ വാങ്ങിക്കൊണ്ടുവന്ന്‌ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ചട്ടിയില്‍ അയാള്‍ നട്ടുവയ്‌ക്കുന്നു.ഒരിക്കല്‍ ചെടി വാങ്ങി ലിഫ്‌റ്റില്‍ കൊണ്ടുവരുമ്പോള്‍ ലിഫ്‌റ്റില്‍ തൂവിപ്പോയ മണ്ണിനെ പിന്തുടര്‍ന്നെത്തുന്ന സൂക്ഷിപ്പുകാരന്‍ ഇതെല്ലാം കണ്ട്‌ അയാളെ ശകാരിക്കുന്നു.അത്‌ ലിഫ്‌റ്റില്‍ മണ്ണ്‌ തൂവി വൃത്തികേടാക്കിയതിനാണ്‌.
അങ്ങനെ അയാള്‍ വാങ്ങിക്കൂട്ടിയ പലതരം മരത്തൈകള്‍വളര്‍ന്ന്‌ ബാല്‍ക്കണി ഭാഗം കാടുമൂടുമ്പോഴും സൂക്ഷിപ്പുകാരന്‍ വഴക്കുണ്ടാക്കി കയറിവരുന്നു.ഇതിനിടയില്‍ പലതരം സംശയാസ്‌പദമായ സാഹചര്യത്തിലേക്കും അയാള്‍ ചെന്നു പതിക്കുന്നുണ്ട്‌.അപ്പോളെല്ലാം സുമന അയാളെ മനസ്സിലാക്കി കൂടെനില്‍ക്കുന്നു.പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അയാള്‍ക്കായി അവള്‍ മറ്റുള്ളവരോട്‌ പോരടിക്കുന്നു.അങ്ങനെ കഥയിലുടനീളം സുമന ഒരു നിശ്ശബ്‌ദസ്‌നേഹമാകുന്നു.ഇപ്പോഴും സുമനയുടെ സ്‌നേഹത്തെപ്പറ്റി ഓര്‍ത്താല്‍ എനിക്കെന്റെ കണ്ണുകള്‍ നനയുന്നതെന്തിനാണെന്ന്‌ എനിക്കറിയില്ല.
ഭര്‍ത്താവിനെയും അയാളുടെ പ്രകൃതത്തെയും നിസ്സഹായതയെയും ആഗ്രഹങ്ങളെയും അവള്‍ മനസ്സിലാക്കുന്നത്‌ അസാധാരണമായ സംയമനത്തോടെയും സ്‌ത്രീ സഹജമായ വൈഭവത്തോടെയുമാണ്‌.വാസ്‌തവത്തില്‍ സുമനയുടെ പിന്തുണയില്ലെങ്കില്‍ കഥാനായകന്‌ ജീവിതം പണ്ടേ വിരസവും ദുസ്സഹവുമായിത്തീരുമായിരുന്നു.മാത്രവുമല്ല വല്ലാത്തൊരു പ്രണയവും അവര്‍ക്കിടയിലുണ്ട്‌.വേണ്ടത്ര സ്വത്തും ബന്ധുബലവുമൊന്നും ഇല്ലാത്ത വീട്ടിലേതാണ്‌ സുമന.അയാള്‍ ചെന്നുകണ്ട്‌ ഇഷ്‌ടപ്പെട്ട്‌ വിവാഹം കഴിച്ചതാണ്‌ അവളെ.അതുകൊണ്ടുതന്നെ ഇല്ലായ്‌മയുടെ ചില നിരാശകള്‍ പങ്കുവച്ചിട്ടുള്ളതല്ലാതെ അവളയാളെ കുറ്റപ്പെടുത്താറില്ല.രണ്ട്‌ പെണ്‍മക്കളുടെ പഠനച്ചെലവിനും ജീവിതച്ചെലവിനുമിടയില്‍ ഭാവി മുന്നില്‍ വന്ന്‌ ഭീഷണിയുയര്‍ത്തുമ്പോഴും അവര്‍ പുഞ്ചിരിയോടെ ജീവിക്കുന്നു.സ്വപ്‌നം കാണുന്നു.
കഥയിലെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സുമന ഇങ്ങനെയാണ്‌ ഇടപെടുന്നത്‌.
സുമനയോടായി രാജന്‍പിള്ള പറഞ്ഞു.``ഇതില്‍പറഞ്ഞിരിക്കുന്നത്‌ നിങ്ങളുടെ ഭര്‍ത്താവ്‌ വെന്റിലേറ്റര്‍ വഴി റാണിമാഡത്തിന്റെ കുളിമുറിയിലേക്ക്‌ എത്തിക്കുത്തിനോക്കീന്നാണ്‌.ഞാനെന്താ വേണ്ടത്‌..?''
രാജന്‍പിള്ളയുടെ മുന്നിലേക്ക്‌ വന്നിട്ട്‌ സുമന പറഞ്ഞു.
``പിള്ളച്ചേട്ടനൊന്നുവരൂ.''
അയാളുടെ പ്രതികരണത്തിന്‌ കാത്തുനില്‍ക്കാതെ സുമന നടന്നു.എന്നെയൊന്ന്‌ നോക്കിയിട്ട്‌ രാജന്‍പിള്ളയും അവള്‍ക്കു പിന്നാലെ ചെന്നു.
ടെറസ്സിലേക്കുള്ള വാതില്‍ തുറന്നതേ നടുപകുത്ത മന്ദാരത്തിന്റെ ഇലകള്‍ അകത്തേക്ക്‌ തല നീട്ടി.ഒപ്പം നാഗലിംഗമരത്തിന്റെ കരിമ്പച്ച ഇലകളും.
``ഹെന്തായിത്‌.?''
രാജന്‍ പിള്ള ചോദിച്ചു.അയാള്‍ അമ്പരന്നുപോയിരുന്നു.സുമന പറഞ്ഞു.
``ഹെര്‍ബേറിയം.''
രാജന്‍പിള്ളയെക്കാളും അത്ഭുതസ്‌തബ്‌ധനായി ഞാനവളെ നോക്കി.ഇക്കണോമിക്‌സ്‌ പഠിച്ച്‌ ഗുമസ്‌തപ്പണിയെടുക്കുന്ന സുമന ഹെര്‍ബേറിയത്തെപ്പറ്റി പറയുന്നു.
സുമന എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
``ഇന്നലെ എന്താ ഉണ്ടായത്‌..?''
ആകാശത്ത്‌ നിന്നുള്ള വെളിച്ചം അവളുടെ മുഖത്ത്‌ വീഴുന്നുണ്ടായിരുന്നു.അത്‌ വെയിലായിരുന്നില്ല.
ഞാന്‍ പറഞ്ഞു.
``ഷൈന തന്ന കണിക്കൊന്ന വിത്തുകള്‍ ഞാനിന്നലെ രാത്രി..കാര്‍ഷെഡ്ഡിനരികില്‍..''
രാജന്‍പിള്ള ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഭര്‍ത്താവിനെ മനസ്സിലാക്കുക മാത്രമല്ല പിന്താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌ത്രീകൂടിയാണ്‌ കഥയിലെ സുമന.ആ സ്‌നേഹത്തില്‍ ഒരു ഭാര്യയുടെ കരുതല്‍ മാത്രമല്ല ഒരമ്മയുടെ വാത്സല്യംകൂടി അവള്‍ അയാള്‍ക്കു നല്‍കുന്നുണ്ട്‌.
കഥയിലൊരിടത്ത്‌ സൂക്ഷിപ്പുകാരനായ രാജന്‍പിള്ള കഥാനായകനെ വഴക്കുപറഞ്ഞതിന്റെ പിറ്റേന്ന്‌ അയാളുടെ മൂടിക്കെട്ടിയുള്ള ഇരിപ്പ്‌ കണ്ട്‌ സുമന പറയുന്നുണ്ട്‌.
``അരവിന്ദേട്ടനെന്താ ഒരുമാതിരി..അയാളുവല്ലതും പറഞ്ഞതിനാണോ..അതു കാര്യാക്കേണ്ട..അതിനുള്ളത്‌ ഞാന്‍ നാളെ രാവിലെ അങ്ങോട്ട്‌ പറഞ്ഞോളാം.അയാളെ ചീത്തവിളിക്കാനാണോ കാരണങ്ങളില്ലാത്തത്‌.''
സുമന സാമര്‍ത്ഥ്യവും ബുദ്ധിയും പ്രായോഗികതയും ക്ഷമയും സഹനവും പ്രണയവുമുള്ള സ്‌ത്രീയാണ്‌.അമ്മയും ഭാര്യയും കൂട്ടുകാരിയും ഭരണാധികാരിയുമാണ്‌.ശബ്‌ദായമാനമായ നിശ്ശബ്‌ദത സൂക്ഷിക്കുന്നവളാണ്‌.അതുകൊണ്ടെല്ലാമാണ്‌ സുമന എന്റെ പ്രിയ കഥാപാത്രമാകുന്നതും വിടാതെ പിന്തുടരുന്നതും.

( ഈ ചെറുകുറിപ്പ് ചന്ദ്രിക വാരാന്തപ്പതിപ്പിലെ 'വിടാതെ കഥാപാത്രങ്ങള്‍' എന്ന പംക്തിയില്‍ രണ്ടാഴ്ച മുന്പ് പ്രസിദ്ധീകരിച്ചതാണ്.അവിടെ വായിക്കാത്തവര്‍ക്കായി പുനപ്രസിദ്ധീകരിക്കുന്നു.)