Thursday, March 31, 2011

അഭാവം


പ്പോഴാണ് എല്ലാം നിശ്ശബ്ദമായത്.ഇപ്പോഴാണ് എല്ലാം കഠിനമായ ഏകാന്തതയിലായത്.ഇപ്പോഴാണ് നാം പരസ്പരമെത്ര ബഹുമാനിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.ഇപ്പോഴാണ് ഈ കുഴിയില്‍ ഞാന്‍ മാത്രമേയുള്ളുവെന്ന് അറിഞ്ഞത്.


വായില്‍ ഉളിപ്പല്ലുകള്‍ തെളിഞ്ഞ ചെന്നായ്ക്കള്‍ പുറത്ത് ഓലിയിടുന്നു..നിലാവ് എവിടെയാണ് അതിന്‍റെ പിഞ്ചിയ വസ്ത്രം കഴുകാന്‍ പോയിരിക്കുന്നത്..അരികുപൊട്ടിയ നക്ഷത്രങ്ങള്‍ ഇതേ സമയത്തുതന്നെ തുന്നല്‍ക്കാരനെ കാണാന്‍ പ്രാഞ്ചിപ്പോയതും നന്നായി.ആ അര്‍ശസ്സ് പിടിച്ച കാറ്റ് കുഴിക്കുപുറത്തുകിടക്കുന്ന എന്‍റെ ശവപ്പെട്ടിയുടെ മൂടിമേല്‍ തല്ലുന്നു...സര്‍വ്വം നിശ്ശബ്ദമായ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കായിപ്പോയ എന്‍റെ നിശ്വാസങ്ങള്‍മാത്രം നിന്‍റെ മുഖത്തേക്ക് ഓടിയണനാവാത്തതിന്‍റെ മുടിഞ്ഞ ഖേദത്തില്‍ ഈ നരകക്കുഴിയുടെ ഭിത്തിയില്‍ പതിക്കുകയാണ്...എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?


മരിച്ചുകഴിഞ്ഞതാണ്.അനവധി തവണ.അത്രയും തന്നെ പ്രാവശ്യം മരിച്ചടക്കും കഴിഞ്ഞതാണ്.കുഴിമൂടിയിരുന്നില്ലെന്ന് മാത്രം.അവര്‍ക്ക് ധൃതിയായിരുന്നു.എന്നെ കുഴിയില്‍ത്തള്ളി അവര്‍ അടുത്തയാളെ കൊന്നുകൊണ്ടുവരുവനായി ഓടിപ്പോയി.അവര്‍ക്ക് അതേ ആകുമായിരുന്നുള്ളൂ...അവരെ ഞാന്‍ കുറ്റം പറയുകയില്ല.പക്ഷേ ഒരു ശവത്തിന് തനിയെ തന്‍റെ കുഴി മൂടുവാനാവുകയില്ലല്ലോ.ഈ അഗാധതയില്‍ക്കിടന്ന് ഞാന്‍ ചീയുന്നതും പുഴുവരിക്കുന്നതും സ്നേഹത്തിനുവേണ്ടി വിതുന്പിയ എന്‍റെ ചുണ്ടുകള്‍ ഉണങ്ങിപ്പൊട്ടുന്നതും ഒടുക്കം അസഹ്യമായ ദുര്‍ഗന്ധത്തോടെ എന്‍റെ അവശിഷ്ടങ്ങള്‍ കുഴിയിലെ മണ്ണിലമരുന്നതും പ്രതീക്ഷിച്ചു ഞാന്‍ കിടന്നു.ആരെങ്കിലുമൊന്ന് ഈ കുഴി മൂടിത്തരണേ എന്ന് ഞാന്‍ നിശ്ശബ്ദം വിലപിച്ചു.ആരുമത് കേട്ടില്ല..ആരും.


ബധിരത നടിച്ച് നക്ഷത്രങ്ങള്‍ രാത്രിയില്‍ ധരിക്കാനുള്ള ഉടുപ്പുതുന്നിക്കൊണ്ടിരുന്നു.തന്‍റെ മുയല്‍ക്കുഞ്ഞുങ്ങളോടൊപ്പം അന്പിളിക്കുട്ടന്‍ പുല്‍വട്ടിയില്‍ ഉറങ്ങി.ഭൂമിയിലെ ചരാചരങ്ങള്‍ വല തുന്നി.സന്തോഷത്തെ പിടികൂടാനുള്ള വലയായിരുന്നു അത്.വല തുന്നിത്തീര്‍ത്തശേഷം അവര്‍ സന്തോഷത്തെ കണ്ടുപിടിക്കാനായി എവിടേക്കോ പുറപ്പെട്ടുപോയി.ഭൂമി വിജനമാവുകയായിരുന്നു.എങ്കിലും ഒരിക്കല്‍ ജീവിച്ചിരുന്ന എന്‍റെ ശരീരത്തിന് തന്‍റെ ശവക്കുഴിയില്‍ക്കിടന്ന് വ്യക്തമായും പരസ്യമായും ദ്രവിച്ചുപോകുവാനാകുമായിരുന്നില്ല.അതില്‍ ജാള്യം തോന്നുന്നുണ്ടായിരുന്നു..ഞാന്‍ നിര്‍ദ്ദയം എന്നെ കൊന്നുതള്ളിയവരോട് വിലപിച്ചു.


ദയവായി മണ്ണിട്ടുപോകൂ...കല്ലും കുപ്പിച്ചിലും ചെരിപ്പും ചവര്‍പ്പും കയ്പ്പും തുപ്പലും എറിഞ്ഞ് എന്നെ കൊന്നപ്പോള്‍ കുഴിമൂടാനുള്ള വെണ്ണീറോ നിങ്ങളുടെ എച്ചിലുകളോ ചത്ത ജന്തുക്കളുടെ അവശിഷ്ടങ്ങളോകൂടി കരുതി വയ്ക്കാമായിരുന്നില്ലേ..?എന്തിനിതിങ്ങനെ തുറന്നിടുന്നു..?


അപ്പോഴാണാണ് അകലെനിന്ന് പരിമളം പരന്നത്..തുളസിക്കാടുകള്‍ ഒന്നിച്ച് കതിരിട്ടപോലെ.


നീ വരികയായിരുന്നു.


പുല്‍വട്ടിയില്‍ കിടന്ന ശശിബിംബവും തുന്നല്‍ക്കാരനെ കാത്തിരുന്ന നക്ഷത്രങ്ങളും വിരുന്നുപോയിരുന്ന മേഘങ്ങളും തിരസ്കൃതരുടെ ശവക്കുഴിക്കുമേലെ ഒന്നിച്ചുപരന്നു.ഒരു പക്ഷേ ഈ ഭൂമിയില്‍ എന്നെ പോലെ വിചാരണകളില്ലാതെ കൊല ചെയ്യപ്പെട്ട അനേകം നിര്‍ഭാഗ്യവാന്മാരുടെ കുഴികള്‍ക്ക് അനക്കം പിടിച്ചിട്ടുണ്ടാകണം.അവരെയൊക്കെത്തഴഞ്ഞ് കുഴിമൂടുന്നവന്‍ പോലും വരില്ലെന്ന് ഉറപ്പിച്ചിരുന്ന ദൌര്‍ഭാഗ്യവാനായ എനിക്കരികിലേക്കാണല്ലോ ഓമലേ നീ വന്നത്!


ശോഭ കെട്ട ആ നക്ഷത്രങ്ങള്‍ക്കും നിലാവിനും അസൂയ പിടിച്ച് പനി കയറുന്നത് ഞാനറിഞ്ഞു.അപ്പോള്‍ നീ എന്‍റെ കുഴിയില്‍ എനിക്കു മറയും മതിലും സംരക്ഷണവുമായി സഹവസിക്കുകയായിരുന്നു.മരിച്ചുണങ്ങിയ എന്‍റെ കണ്ണുകള്‍ വീണ്ടും ജലാര്‍ദ്രമാവുന്നതും ഉറുന്പുകള്‍ അടര്‍ത്തിയ എന്‍റെ ചുണ്ടുകള്‍ ചിരിയുടെ രേഖ പിടിക്കാന്‍ യത്നിക്കുന്നതും ദൈവം മാത്രം കണ്ടു.


നീ വര്‍ഷമായിരുന്നു.


മുകിലും മയുരവുമായിരുന്നു.


പ്രകാശിക്കുന്ന നിന്‍റെ കണ്ണുകള്‍ കണ്ടപ്പോഴാണ് നക്ഷത്രങ്ങള്‍ പകലിലും ചൂളിപ്പോയത്.നിന്‍റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്.നിന്‍റെ ദയവ് കണ്ടപ്പോഴാണ് ഞാന്‍ മരിക്കുകയല്ല മരണത്തിലൂടെ ജീവിതത്തെ പിന്നെയും പിടിച്ചെടുക്കുകയാണെന്ന് അറിഞ്ഞത്.


ഇപ്പോള്‍ അവര്‍ നിന്നെയും എന്നില്‍നിന്ന് അതേ സാമര്‍ത്ഥ്യത്തോടെ അടര്‍ത്തിമാറ്റിയിരിക്കുന്നു.


ഈ മരുഭൂമിയില്‍ നന്മകളും വേണ്ടെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടാവാം.ഞാന്‍ പറയുന്നു.


ഓടിപ്പോകൂ..ഓടി രക്ഷപ്പെടൂ...ഇനിയും വീണുകിടക്കുന്ന ഒരു ശവത്തിനെപ്പോലും നീ ശ്രുശ്രൂഷിക്കാതിരിക്കൂ.


എങ്കിലും നീ തന്ന നന്മയുടെ വെട്ടം ഈ കുഴിയിലെ ഇരുളിനുമേല്‍ നിത്യമായി പ്രകാശിച്ചുനില്‍ക്കുന്നു.


ഇപ്പോഴാണ് എല്ലാം നിശ്ശബ്ദമായത്.ഇപ്പോഴാണ് എല്ലാം കഠിനമായ ഏകാന്തതയിലായതും..ആ അര്‍ശസ്സ് പിടിച്ച കാറ്റ് കുഴിക്കുപുറത്തുകിടക്കുന്ന എന്‍റെ ശവപ്പെട്ടിയുടെ മൂടിമേല്‍ തല്ലിക്കൊണ്ടേയിരിക്കുന്നു...സര്‍വ്വം നിശ്ശബ്ദമായ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കായിപ്പോയ എന്‍റെ നിശ്വാസങ്ങള്‍മാത്രം നിന്‍റെ മുഖത്തേക്ക് ഓടിയണയാനാവാത്തതിന്‍റെ മുടിഞ്ഞ ഖേദത്തില്‍ ഈ നരകക്കുഴിയുടെ ഭിത്തിയില്‍ ആഞ്ഞാഞ്ഞ് പതിക്കുകയാണ്...


എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?

Thursday, March 17, 2011

പേപ്പര്‍ ലോഡ്ജ്-ഏഴാം അദ്ധ്യായം


തകര്‍ക്കപ്പെട്ട പാര്‍പ്പിടങ്ങളുടെ നഗരം

(എന്റെ രാജ്യം.1931)

ശൂന്യമാക്കപ്പെട്ട ഒരു കപ്പുപോലെ

ഞാനാകെ വറ്റിവരണ്ടുണങ്ങിപ്പോയി.

താഴത്തെ തിളക്കം മാത്രം ബാക്കിയായി.

തകര്‍ന്ന ഒരു ഭവനത്തിലേക്കെങ്ങനെ

ഒരാള്‍ക്ക്‌ മടങ്ങിപ്പോകാന്‍ കഴിയും..?

-മാരീന സ്വറ്റേവ.

സായ്‌വിന്റെ കടയില്‍നിന്ന്‌ വെറ്റില മുറുക്കിയശേഷം ഞാന്‍ നടന്നത്‌ അമ്പലപ്പറമ്പിലേക്കാണ്‌.വൃത്തത്തിനകത്തുകിടക്കുന്ന ഈ സ്ഥലവും സ്വയമേവ നഗരമായിത്തുടങ്ങിയിട്ടുണ്ട്‌.ഓടകള്‍,വാടകള്‍,കോണ്‍ക്രീറ്റ്‌ ചെയ്‌ത ഇരിപ്പിടങ്ങള്‍,ടാറിട്ട നടപ്പാതകള്‍,മരിച്ചവര്‍ക്കു പകരം വരാന്‍ ആളില്ലാത്തതിനാല്‍ ചുരുങ്ങിപ്പോകുന്ന വൃദ്ധന്മാരുടെ ചീട്ടുകളിക്കൈകള്‍,തറകെട്ടി നിര്‍ത്തിയ മരച്ചുവടുകള്‍..

ഞാന്‍ പടിഞ്ഞാറേക്കാണ്‌ നടന്നത്‌.സൂര്യന്‍ ചത്തൊടുങ്ങുന്ന ഇറക്കത്തില്‍ കുട്ടികളുടെ പാര്‍ക്കില്‍ കളിക്കാനെത്തുന്ന മുതിര്‍ന്നവരുടെ തിരക്ക്‌.അവിടെ കുട്ടികളെ കാണാന്‍ മോഹിച്ചുകൊണ്ട്‌ ഞാനൊരു ബെഞ്ചിലിരുന്നു.നിങ്ങള്‍ക്കറിയുമോ,ക്രൂരനായ കൊലപാതകിയാണ്‌ ഞാന്‍.ശിശുഹത്യയുടെ പാപം എത്രയാണെന്ന്‌ പറയാനറിയാവുന്നവര്‍ കൈപൊക്കുവിന്‍ എന്നാരെങ്കിലും പറഞ്ഞാല്‍ ഞാനോടിപ്പോകും.എലികളുടെ മടയിലേക്ക്‌.അവര്‍ക്കുതിന്നാന്‍ പാകത്തില്‍ തല വച്ചുകൊടുക്കാന്‍.എങ്കിലുമെനിക്ക്‌ സംശയമുണ്ട്‌.പാതകിയുടെ മരണം ഭയാനകമായിരിക്കുമോ ചടുലമായിരിക്കുമോ..!

ഒരിക്കല്‍ മിലിയും ഞാനും കൂടി വിചിത്രമെന്നു തോന്നിയേക്കാവുന്ന ഒരു കാര്യത്തിനായി വഴക്കിട്ടു.ഞാന്‍ പറഞ്ഞത്‌ കുട്ടികളുടെ വളര്‍ച്ചാനിരക്ക്‌ കൂട്ടുന്നതില്‍ കാലങ്ങളായി നമുക്ക്‌ കണക്ക്‌ പിഴക്കുകയാണെന്നാണ്‌.ഭ്രൂണം ഉരുവപ്പെടുന്നിടത്തുനിന്ന്‌ വേണം വയസ്സ്‌ കണക്കാക്കിത്തുടങ്ങാന്‍.അക്കണക്കിന്‌ അമ്മ പ്രസവിച്ച ദിവസം കുട്ടിയുടെ പ്രായം ഒന്നാണ്‌.ഒരു വയസ്സ്‌.ഒരു വയസ്സെത്തിയതിനുശേഷം ജനിക്കുന്ന കുട്ടിയെ ഏതോ അഹന്തയുടെ പേരില്‍ നാം ഒരു വര്‍ഷം കുറച്ചുകൊടുത്ത്‌ അപമാനിക്കുകയാണ്‌ കാലങ്ങളായി.!മിലി അങ്ങനെയല്ലെന്നു പറഞ്ഞ്‌ കുറേ തര്‍ക്കിച്ചു.എന്റെ ശരി അതായിരുന്നില്ല.പ്രതികരിക്കാറാവുമ്പോഴേക്കും മക്കളെ നാം അനുസരണ പഠിപ്പിച്ചുതുടങ്ങിയിട്ടുണ്ടാകും.അനുസരണ.അതാണ്‌ മനുഷ്യനെ നശിപ്പിക്കുന്നത്‌.ഞാന്‍ ഭ്രൂണഹന്താവാകുന്നതും നിയമത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട്‌ പരസ്യജീവിതം നയിക്കുന്നതും ആരൊക്കെയോ എന്നിലേല്‍പ്പിച്ച അനുസരണകൊണ്ടാണ്‌.അനുസരണയില്ലാതെ വളര്‍ത്താന്‍ എനിക്കീ മക്കളിലൊന്നിനെ കിട്ടുമോ..?

ഓടിക്കളിക്കുന്ന അനേകം കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട്‌ ഞാനാലോചിച്ചു.കുട്ടികള്‍ സ്വയമാര്‍ജ്ജിച്ചെടുക്കുന്ന അനുസരണയും നീതിബോധവുമാണ്‌ അവര്‍ക്ക്‌ ആയുഷ്‌കാലം ഉപയോഗപ്പെടുക എന്നറിയാത്ത അച്ഛനമ്മമാരാണ്‌ നമ്മള്‍.സദാ ഭയപ്പെട്ടുജീവിക്കാന്‍ തീരുമാനമെടുത്തവരായിരിക്കും മാതാപിതാക്കളാകാന്‍ നിശ്ചയിക്കുന്നത്‌. അല്ലെങ്കില്‍പ്പിന്നെങ്ങനെയാണ്‌ മാതാപിതാക്കള്‍ നശിച്ച മാതൃകകളാകുന്നത്‌?അവനവനാകാന്‍ വിടാനാണ്‌ ഒരു കുട്ടിയെ വേണമെന്ന്‌ ഞാനാഗ്രഹിച്ചത്‌.എന്നിട്ടെന്താണ്‌ എനിക്കതിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കേണ്ടിവന്നത്‌.?ഞാന്‍ നിശ്ശബ്‌ദനായി.ഞാന്‍ എന്നിലേക്കുതന്നെ നോക്കി.അവിടെ ഒരു കിണറാണ്‌ കാണാന്‍ കഴിഞ്ഞത്‌.വംശീയകലാപത്തില്‍ ചത്തൊടുങ്ങിയ സ്‌ത്രീപുഷന്മാരുടെ മൃതദേഹങ്ങളവിടെ പുളയ്‌ക്കുന്നുണ്ടായിരുന്നു.അതില്‍ ഉദരങ്ങള്‍ക്കുള്ളിലെ ഭ്രൂണങ്ങളുമുണ്ടായിരുന്നു.

ഭ്രൂണങ്ങള്‍ക്ക്‌ ചുവപ്പുനിറം.ആകാശത്തിന്‌ ചുവപ്പുനിറം.കുട്ടികളുടെ പാര്‍ക്കിനും ചുവപ്പുനിറം.ചുവപ്പ്‌.ചുവന്നതുതന്നെയായ ചുവപ്പ്‌.എവിടെയാണ്‌ വെളുപ്പ്‌?കറുപ്പ്‌?പച്ച?മഞ്ഞ?നീല..?നിറങ്ങള്‍?അടുത്തക്ഷണം ഞാന്‍ അവസാനത്തെ മുറുക്കാന്‍ചണ്ടിയും വായില്‍നിന്ന്‌ പുറത്തക്ക്‌ തുപ്പി.അതും ചുവപ്പ്‌.!

ഞാന്‍ എണീറ്റു.ആകാശത്തെയും ഭൂമിയെയും നേരിടാനാവാതെ തല താഴ്‌ത്തി നടന്നു.ആത്മഹത്യചെയ്‌ത കവി എന്ന ബിംബമാണ്‌ മനസ്സില്‍ വന്നത്‌.അത്‌ എന്നെപ്പറ്റിയാണോ മറ്റാരെയെങ്കിലും പറ്റിയാണോ എന്നു വ്യക്തമായില്ല.മനസ്സില്‍ മാരീന സ്വറ്റേവ നിറഞ്ഞു.മാരീനയാവാം ആ കവി.ജീവിതം എന്റെതും.അനുസരണകൊണ്ട്‌ നാമൊക്കെ വെവ്വേറെ മുടികെട്ടുരീതികളും വസ്‌ത്രധാരണരീതികളും അലങ്കാരവസ്‌തുക്കളും ഉപയോഗിച്ച്‌ ജീവിതത്തെ വേറിട്ടതാക്കാന്‍ ശ്രമിക്കുന്നുവെന്നേയുള്ളൂ.അടിസ്ഥാനപരമായി നാമെല്ലാം ജന്തുക്കളാണ്‌.തനിമൃഗങ്ങള്‍.അനുസരണയും അഭിനയവും പഠിച്ച വളര്‍ത്തുജീവികള്‍.അപഹാസ്യര്‍.ഉടുപ്പിട്ടു വ്യത്യസ്‌തരാവാന്‍ നടക്കുന്ന നടീനടന്മാര്‍.ശരിയല്ലേ റസാഖ്‌?നിനക്കെങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയുന്നു,അതോടൊപ്പം അപ്രതൃക്ഷനായിരിക്കാനും.?

റസാഖ്‌,ഞാനിപ്പോള്‍ തനിച്ച,ഞാനും നീയും നമ്മളുമനുഭവിച്ച പലതരം ഓര്‍മ്മകളോടൊപ്പം ബീഹാറിലേക്ക്‌ പോകണോ..?ഈ നഗരത്തിലെ നമ്മളില്‍ പലരുടെയും പഴയ ബാറിലേക്ക്‌..?അവിടുത്തെ വൃദ്ധന്മാര്‍ ലഹരി ശ്വസിച്ചും ലഹരി നിറഞ്ഞ അസംബന്ധജീവിതം കണ്ടും മരിച്ചുകാണും.ആ വൃദ്ധ പട്ടടയ്‌ക്കുള്ളില്‍ എരിഞ്ഞിട്ടുണ്ടാകും.അപ്പോള്‍ കുപ്പിക്കോര്‍ക്കുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടാവാം.താമിയടക്കമുള്ള സ്ഥിരം മദ്യപന്മാര്‍ക്കു പകരം ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ വന്നിട്ടുണ്ടാകാം.വിളമ്പുകാരായും കുടിയന്മാരായും.അടുക്കളയില്‍ തവളയ്‌ക്കും താറാവിനുമൊപ്പം പല്ലിയും പാറ്റയും വേവുന്നുണ്ടാവാം.അരികുകളില്‍ സ്വര്‍ണ്ണം പൂശിയ മെനുവില്‍ ആടിന്റെ രക്തം കലര്‍ത്തിയ മദ്യം ഇടം പിടിച്ചിട്ടുണ്ടാകാം.ബീഹാര്‍ ഇപ്പോള്‍ പുതിയ അതിഥികളെ കൊതിപ്പിക്കുന്നുണ്ടാകാം. അടച്ചുപൂട്ടിയ മുംബൈ ബാറിലെ നര്‍ത്തകിമാര്‍ അടപ്പുപെറുക്കാന്‍ വന്നിട്ടുണ്ടാകാം.

ഞാന്‍ അങ്ങനെ റസാഖിനോട്‌ ചോദിച്ചെങ്കിലും ബീഹാര്‍ ബാറിലേക്കല്ല നടന്നത്‌.നേരെ ആല്‍മരച്ചുവട്ടിലെ അന്നപൂര്‍ണ്ണ ഭക്ഷണശാലയിലേക്ക്‌ പോവുകയാണ്‌ ചെയ്‌തത്‌.തെരുവിലൂടെ എതിരെ വന്നവര്‍ എന്നെക്കടന്ന്‌ പോകുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അവര്‍ക്കെല്ലാം വ്യത്യസ്‌തമായ മണമുണ്ടായിരുന്നത്‌ നമ്മള്‍ ശരിക്കും പഠിക്കേണ്ടതുണ്ട്‌.അതവരുടെമേല്‍ ആരോപിപ്പിക്കപ്പെട്ട മണമാണ്‌.അവരുടെ മണമല്ല അത്‌.വര്‍ഗ്ഗത്തിന്റെ തനിമയിലേക്ക്‌ പോകാന്‍ കഴിയാത്തതിനാല്‍ ചമയമിട്ടവര്‍.ശത്രുക്കളെ സമ്പാദിച്ച്‌ സദാ തന്നത്തന്നെ ഒറ്റിക്കൊടുക്കുന്നവര്‍.അവര്‍ക്കെല്ലാവര്‍ക്കും മനുഷ്യരെ ശ്രദ്ധിക്കാന്‍ കഴിയാത്തവണ്ണം എന്തോ തിരക്കുകളുണ്ടായിരുന്നത്‌ ഞാന്‍ മനസ്സിലാക്കി.അത്രമാത്രം മതിയായിരുന്നു ആ ദിവസത്തിന്‌ അപമാനത്തോടെ അവസാനിക്കാന്‍.

ഒരു കാറിനിറങ്ങാനുള്ള വീതിയിലും പന്ത്രണ്ടടി നീളത്തിലും കോണ്‍ക്രീറ്റ്‌ ചെയ്‌ത ചെറിയൊരിറക്കമാണ്‌ `പൂമാലവിലാസ'ത്തിലേക്കുള്ള ആദ്യവഴി.അതാകെ പായല്‍ മൂടിയും പ്ലാവില നിറഞ്ഞും നനഞ്ഞും തെന്നിക്കിടന്നിരുന്നു.വലതുവശത്ത്‌ ആറടിയുയരത്തില്‍ മതില്‍.വാഹനവഴിയിറങ്ങി നില്‍ക്കുന്നത്‌ നന്നേ വീതി കുറഞ്ഞ ഒരു മുറ്റത്തേക്കാണ്‌.അതായത്‌ രണ്ടുനിലയുള്ള പ്രധാന മാളിക ഭാഗംവച്ച്‌ തിരിച്ചതനുസരിച്ച്‌ മാളികയെ രണ്ടാക്കി ഭാഗിക്കുന്ന മതിലാണ്‌ വലത്തുള്ളത്‌.മതില്‍ നിറയെ പരന്നപായല്‍വനം.അതില്‍തങ്ങിനില്‍ക്കുന്ന മഴത്തുള്ളികള്‍.അതിനോട്‌ ചേര്‍ന്ന്‌ ഇടതുവശത്ത്‌ കാണുന്ന പഴയ പത്തായപ്പുരയാണ്‌ അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ശ്രീരാമസ്വരൂപസ്വാമിക്ക്‌ മുമ്പേ വാടകയ്‌ക്ക്‌ കൊടുത്തിട്ടുള്ളത്‌.അദ്ദേഹം സംന്യാസം സ്വീകരിച്ചതോടെ വാടകക്കരാര്‍ ഒപ്പം താമസിച്ചിരുന്ന സര്‍ക്കാര്‍ വേതനക്കാരന്‍ രാജശേഖരന്റെ പേരിലേക്ക്‌ സ്വാമി മാറ്റിച്ചിരുന്നു.ആ പത്തായപ്പുരയിലാണ്‌ രാജശേഖരന്റെ നേതൃത്വത്തില്‍ കുറേ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നതും.

ആ വാടകജീവികളുടെ ഇടയിലേക്കാണ്‌ 1995 ജൂലൈ മാസത്തിലെ മറ്റൊരു സന്ധ്യയില്‍ ദീദിയോടൊപ്പം വഴുക്കാതെ ഞാന്‍ ഇറക്കമിറങ്ങിച്ചെന്നത്‌.പൂമാലവിലാസത്തില്‍ പ്രവേശനം കിട്ടണമെന്ന്‌ എനിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല.പക്ഷേ,സതീശന്‍ മാമന്റെ വീട്ടിലെ താമസം അവസാനിപ്പിച്ച്‌ അവരോടുള്ള സ്‌നേഹം നിലനിര്‍ത്തണമെന്നും ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.ഭാഗിച്ചുകിട്ടിയതിനുശേഷം,താമസക്കാരില്ലാതെ അടച്ചിട്ടിരിക്കുന്ന വലതുവശത്തെ ഇരുനിലമാളിക കണ്ണാടിജാലകങ്ങളോടെയും പഴമയുടെതായ പ്രൗഢിയോടെയും നിഗൂഢമായ രഹസ്യഭാവങ്ങളൊളിപ്പിച്ചും നിലകൊണ്ടു.ഭാഗം വയ്‌പ്പിനെ സംബന്ധിച്ച ഹര്‍ജികളിലെല്ലാം കോടതിവിധി വന്നാല്‍ ഉടമസ്ഥരുടെ സൗകര്യം നോക്കി ഒരുനാള്‍ ആ മാളികയും പൊളിക്കപ്പെടാം.നിലമ്പൂര്‍ കോവിലകത്തിന്റെ തായ്‌വഴിയില്‍പ്പെട്ട അവകാശികളുടേതാണത്രേ അത്‌.ഞാനതിനെ തലയുയര്‍ത്തി നോക്കാതിരുന്നില്ല.ദീദിയും.നഗരത്തില്‍ പൊളിയാനെത്ര പഴമകള്‍.നഗരം തുടച്ചുനീക്കാനാഗ്രഹിക്കുന്ന എത്രയോ പുരാതനമന്ദിരങ്ങള്‍.

``വരൂ..ആരെങ്കിലും ജോലികഴിഞ്ഞ്‌ എത്തിയിട്ടുണ്ടാവും.ഇല്ലെങ്കില്‍ വല്ല്യമ്മയുണ്ടാവും.സ്വാമി അയച്ചതാണെന്നറിഞ്ഞാല്‍ അവര്‍ എതിരൊന്നും പറയില്ല.ആരെക്കാളും അധികാരമിവിടെ അവര്‍ക്കാണ്‌.അത്‌ വഴിയേ മനസ്സിലായിക്കോളും.''

ഞങ്ങള്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ ഉരുളന്‍തൂണുകള്‍ നിറഞ്ഞതും ചാറലടിക്കാതിരിക്കാന്‍ കരിഓയിലടിച്ചിട്ടുള്ള പനമ്പിനാല്‍ മറച്ചിട്ടുള്ളതുമായ വലിയ ഇറയത്തേക്ക്‌ കയറി.മൂന്നു പടവുകളുണ്ടായിരുന്നു വരാന്തയിലേക്ക്‌.വല്ലാത്ത ഈര്‍പ്പം അവിടെയാകെ നിറഞ്ഞുനിന്നു.തണുപ്പും.വരാന്തയിലെ നീളന്‍ ഡെസ്‌കില്‍ ഇംഗ്ലീഷിലും മലയാളത്തിലമുള്ള പത്രമാസികകള്‍ അടുക്കുതെറ്റിക്കിടന്നു.അതിനടിയിലായി അനവധിപേരുടെ ചെറുതും വലുതുമായ പാദരക്ഷകള്‍.അത്‌ അവിടുത്തെ താമസക്കാരുടെ വൈപുല്യത്തെയും തൊഴിലിടങ്ങളിലെ അവരുടെ സ്ഥിതികളെയും പറ്റി മൗനമായി പറഞ്ഞുതന്നു.കതകു തുറന്നുകിടക്കുകയാണെങ്കിലും പുറത്തെങ്ങും ആരുമുണ്ടായിരുന്നില്ല.അകം ഇരുള്‍മൂടിയും വിറങ്ങലിച്ചും നിശ്ശബ്‌ദത പൂണ്ടു.ഞങ്ങള്‍ വൈദ്യുതമണിയടിച്ചിട്ട്‌ കാത്തുനില്‍ക്കുകയാണ്‌ ചെയ്‌തത്‌.

അല്‌പം കഴിഞ്ഞപ്പോള്‍ അകത്തുനിന്ന്‌ ഒരു സ്റ്റീല്‍ത്തവിയില്‍ പുകച്ച കുന്തിരിക്കവുമായി നന്നേ പ്രായം ചെന്ന തടിച്ച ഒരു വൃദ്ധ ഇറങ്ങിവന്നു.അവരെ സുഗന്ധപ്പുക ചൂഴ്‌ന്നുനിന്നു.പൂജാമുറിയില്‍ നിന്നായിരിക്കണം അവര്‍ വരുന്നത്‌.പക്ഷേ,വലിയ നെറ്റിയില്‍ ഭസ്‌മമൊന്നുമുണ്ടായിരുന്നില്ല.അതാവണം പാറുവല്ല്യമ്മ.ഞാന്‍ വിചാരിച്ചു.വല്ല്യമ്മ ഞങ്ങളെക്കണ്ടിട്ടും ചിരിച്ചില്ല.അവരുടെ മുഖത്ത്‌ കാലത്തിന്റെ അപരിചിതത്വവും നിസ്സംഗതയും തങ്ങിനില്‍പ്പുണ്ടായിരുന്നു.അതാവണം അവരുടെ മുഖമുദ്ര.

``വല്ല്യമ്മേ,ഞാനാ ദീദി.''

അപ്പോള്‍മാത്രം അവരുടെ മഞ്ഞച്ച തടിച്ച മുഖത്ത്‌ ഒരു ചിരി പരന്നു.വരാന്തയില്‍ ഇരിക്കാനായി പഴയൊരു ഇരുമ്പുകസേര മാത്രമേ ഉണ്ടായിരുന്നുള്ളു.അതാകട്ടെ ആരോ പത്രം വായിക്കാനായി മാത്രം പ്രഭാതങ്ങളില്‍ ഉപയോഗിക്കുന്നതാണെന്നും തോന്നി.ശരീരമുരയാത്ത ഭാഗങ്ങളിലെല്ലാം തുരുമ്പായിരുന്നു ആ കസേരയ്‌ക്ക്‌.വലിയ മരവാതിലാണ്‌ ആ വീടിനുള്ളത്‌.പഴക്കത്താല്‍ കറുത്തുപോയ തേക്കോ മറ്റോ ആയിരിക്കണം അത്‌.ദീദി കാര്യങ്ങള്‍ വിശദമാക്കി.എന്നെപ്പറ്റി പറഞ്ഞതെല്ലാം കേട്ടശേഷം പുക കുറഞ്ഞ കുന്തിരിക്കത്തട്ട്‌ അവരൊന്നൂതി തെളിച്ചു.വീണ്ടും അവിടമാകെ നനുത്ത പുക പരന്നു.തീര്‍ച്ചയായും അവരൊരു ദൈവവിശ്വാസിയായിരിക്കണം.വയസ്സും വേഷവും മാത്രമല്ല,മട്ടും ഭാവവും അത്‌ വെളിപ്പെടുത്തുന്നുണ്ട്‌.

വല്ല്യമ്മ പറഞ്ഞു.``രാജശേഖരനാ ഇപ്പോ കാര്യങ്ങള്‍ നോക്കുന്നത്‌.അയാള്‍ വരട്ടെ.''

ഞെരിയാണിക്ക്‌ മേലെ നില്‍ക്കുന്ന അലക്കി നീലം മുക്കിയ വെള്ള കോറമുണ്ടും തടിച്ച വയറിനെ അല്‌പം പുറത്തുകാട്ടുന്ന ചന്ദനനിറമുള്ള പഴയമട്ടിലുള്ള ഒറ്റക്കുപ്പായവുമായിരുന്നു അവരുടെ വേഷം.ചെരിപ്പുണ്ടായിരുന്നില്ല.തടിച്ചുരുണ്ട കൈകള്‍.ആകെ നരച്ച മുടി.നീരുവന്നപോലുള്ള തടിച്ച കാല്‍വണ്ണകള്‍.വേലക്കാരിയാണെന്നല്ല,കുലീനയായ വീട്ടമ്മയാണെന്നേ അവരേ കണ്ടാല്‍ പറയൂ.കഴുത്തില്‍ നേര്‍ത്ത സ്വര്‍ണ്ണമാലയും കാതില്‍ രണ്ട്‌ കല്ലുവച്ച സ്വര്‍ണ്ണ കമ്മലുകളും.എഴുപതിനുമേല്‍ പ്രായം.

ദീദി എന്നെനോക്കി.പിന്നെ പറഞ്ഞു.``മഹി ഇവിടെ നില്‍ക്ക്‌.രാജശേഖരന്‍ വന്ന്‌ കണ്ടിട്ട്‌ പോയാല്‍ മതി.ഞാനിറങ്ങട്ടെ.എനിക്ക്‌ പ്രമേയത്തിന്റെ ഓഫീസില്‍ പോകാനുണ്ട്‌.''

ഞാന്‍ വിസ്സമ്മതം പറഞ്ഞില്ല.വല്ല്യമ്മ വേറൊന്നും സംസാരിച്ചതുമില്ല.ദീദി ഇറങ്ങി.അവരുടെ ബജാജ്‌ ഗേറ്റിനുപുറത്ത്‌ ജീവന്‍ വയ്‌ക്കുന്ന ഒച്ചകേട്ടു.ഞാന്‍ വരാന്തയിലിട്ട കസേരയിലിരുന്നു.പാറുവല്ല്യമ്മ അകത്തെ മുറിയിലിട്ടിരുന്ന കട്ടിലിലിരുന്ന്‌ ടിവി കാണാന്‍ തുടങ്ങി.ഞാനങ്ങോട്ട്‌ കയറിയില്ല.അവരുടെ കാല്‍ച്ചുവട്ടില്‍ വച്ചിരുന്ന സ്റ്റീല്‍ത്തവിയിലെ കുന്തിരിക്കം കെട്ട്‌ പുകയടങ്ങി.നേരം പോകാന്‍ ഞാന്‍ മുറ്റത്തെ ചെടികളെ നോക്കിയിരുന്നു.വെളുത്ത മന്ദാരവും തെച്ചിയും മുല്ലയും ഇരുണ്ടുതഴച്ച കൂവളവും.എല്ലാം നനവില്‍ ഇല താഴ്‌ത്തി നില്‍ക്കുന്നു.പുറത്ത്‌ ഇരുള്‍ പരന്നതോടെ അന്തേവാസികള്‍ ഓരോരുത്തരായി ക്ഷീണിതരായി കയറിവരാന്‍ തുടങ്ങി.പലരും എന്നെക്കണ്ട്‌ മന്ദഹസിച്ചശേഷം ചെരിപ്പഴിച്ചുവച്ച്‌ അകത്തേക്ക്‌ പോയി.അവരൊക്കെ വന്നതോടെ പാറുവല്ല്യമ്മയും എവിടേക്കോ അപ്രത്യക്ഷയായി.അകത്ത്‌ ടി.വിയില്‍നിന്ന്‌ പുതിയ ശബ്‌ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.ആരോ പുറത്തെ വെളിച്ചമിട്ടു.

പതുക്കെ മഴ പെയ്യാനാരംഭിച്ചു.ആദ്യകാലത്തെ സിമന്റിട്ടുമിനുക്കിയ നിലത്തുകൂടെ ഈര്‍പ്പം ഇഴഞ്ഞുകയറി.മുക്കാല്‍ മണിക്കൂറിനുശേഷം വീടിന്റെ താല്‌ക്കാലികാധികാരിയായ രാജശേഖരന്‍ എന്ന മനുഷ്യന്‍ സ്‌കൂട്ടറില്‍ വന്നു.അയാളോട്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തുകയും സ്വാമിയെക്കണ്ട കാര്യം അറിയിക്കുകയും ചെയ്‌തു.അഞ്ചരയടിപ്പൊക്കമുള്ള സര്‍ക്കാര്‍ ഗുമസ്ഥനായിരുന്നു രാജശേഖരന്‍.അകത്തുപോയി വേഷം മാറ്റിയശേഷം അയാള്‍ പുറത്തേക്ക്‌ വന്നു.``ഒരു വിദ്യാര്‍ത്ഥിക്ക്‌ പഠിക്കാന്‍ വേണ്ട അന്തരീക്ഷമൊന്നും ഇവിടെക്കാണില്ല.അതൊക്കെ നിങ്ങള്‍ സ്വയം കണ്ടെത്തിക്കോളണം.''ഞാന്‍ എതിര്‍പ്പോ തൃപ്‌തിയില്ലായ്‌മയോ പ്രകടിപ്പിച്ചില്ല.മടുപ്പോടെയാണ്‌ വന്നതെങ്കിലും വിരസതയോടെയാണ്‌ അത്രനേരവും കാത്തിരുന്നതെങ്കിലും എന്തുകൊണ്ടോ ഞാനവിടെ തുടര്‍ന്നുതാമസിക്കുന്നതാണ്‌ നല്ലതെന്നു എന്റെ മനസ്സ്‌ പറഞ്ഞുതുടങ്ങിയിരുന്നു.

അതായിരുന്നു ആരംഭം.എന്റെ പേപ്പര്‍ലോഡ്‌ജുകളില്‍ ആദ്യത്തേതിലെ ഒട്ടും താഴ്‌ന്നതല്ലാത്ത ഗൃഹപ്രവേശം.എന്റെ ജീവിതത്തിലെ കുതിരവേട്ടകളുടെയും ഓട്ടപ്പന്തയങ്ങളുടെയും തുടക്കം.

നടക്കുകയായിരുന്ന ഞാന്‍ അന്നപൂര്‍ണ്ണയിലെത്തി.എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണിവിടെ വരുന്നത്‌.നെയ്യാമ്പലുകള്‍ പടര്‍ന്നുകിടക്കുന്ന തെക്കേച്ചിറയോട്‌ ചേര്‍ന്നാണ്‌ തെക്കേമഠം.നൂറ്റാണ്ടു കള്‍ പഴക്കമുള്ള വേദപഠനകേന്ദ്രം.അതിനോട്‌ ചേര്‍ന്ന്‌ സുബ്രഹ്മണ്യനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അമ്പലം.അമ്പലത്തിന്റെ വളപ്പിലെ ആലിനോടുചേര്‍ന്ന വളഞ്ഞ മതിലിലെ കൊച്ചുദ്വാരത്തില്‍ പാതയ്‌ക്ക്‌ അഭിമുഖമായിരിക്കുന്ന നീലക്കാര്‍വര്‍ണ്ണന്‍.ആ ചതുരപ്പൊത്തില്‍ പതിവായി ആരോ നീരണിഞ്ഞ വെള്ളപ്പൂക്കള്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ കാണാം.ശരിക്കും ശ്രദ്ധിച്ചുനോക്കിയാലേ ആ പൊത്തും വിഗ്രഹവും പൂക്കളും കാണാന്‍ കഴിയൂ.

നിരീക്ഷണം:തിരക്കിട്ടു നടന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കൊന്നും കാണാന്‍ കഴിയുകയില്ല.

ആ ആല്‍മരത്തിന്റെ തണലിലും തണുപ്പിലുമാണ്‌ അന്നപൂര്‍ണ്ണ.അതിനരികിലൂടെ തെക്കേമഠത്തിലേക്കുള്ള ഇരുപത്തിയേഴ്‌ പടവുകള്‍.വര്‍ഷങ്ങള്‍ക്കുശേഷം ഞാനിവിടെ വരികയാണ്‌.പണ്ട്‌ കൂടെ വരാന്‍ പലരുമുണ്ടായിരുന്നു.റസാഖ്‌,മിലി,ദീദി,മസാലദോശയ്‌ക്കു വല്ലാതെ കൊതിച്ചിരുന്ന ദരിദ്രയായ ശാന്ത,വേദവതി,നെയ്യൊഴിച്ച കാപ്പിമാത്രം കുടിക്കുന്ന പ്രൊഫസര്‍,പ്രൊഫസറുടെ ഭാര്യ,പെയിന്റര്‍ തമ്പി,ജീജാജി,ആനന്ദന്‍,ഡോ.ജഗദീഷ്‌,റോസജയന്‍...ഇപ്പോള്‍ ഞാന്‍ മാത്രം.അവരെല്ലാവരുമെവിടെ..?എല്ലാവരും ജീവിച്ചിരിക്കുന്നു.ഈ നഗരത്തില്‍ത്തന്നെ.ഓരോരോ ഇരുള്‍ക്കയങ്ങളില്‍.ജീവിതവും രാഷ്‌ട്രീയവും സംസ്‌കാരവും കാമനകളും വിപണിക്കുമുന്നില്‍ അടിയറവച്ച്‌ അവരെല്ലാം ഒതുങ്ങിക്കൂടി എന്നു വേണമെങ്കില്‍ പറയാം.അല്ലെങ്കില്‍ ജീവിതത്തില്‍ കൃത്രിമമായി തോന്നിച്ചതെല്ലാം വലിച്ചെറിഞ്ഞ്‌ എന്നെപ്പോലെ അകലേക്കോടി.മനുഷ്യനെ കാത്തിരിക്കുന്ന ആ പുരാതനഗൃഹത്തിലേക്ക്‌.വനസ്ഥലികളിലേക്ക്‌.

ഞാന്‍ കാപ്പിക്കും നെയ്‌ദോശയ്‌ക്കും പറഞ്ഞശേഷം അന്നപൂര്‍ണ്ണയുടെ മുറ്റത്തിട്ട മേശയ്‌ക്കരികില്‍ കാത്തിരുന്നു.വേണമെങ്കില്‍ ഭക്ഷണശാലയുടെ അകത്തിരിക്കാം.പക്ഷേ എനിക്കിഷ്‌ടം ഇങ്ങനെ വഴിപോക്കരെ കണ്ട്‌ പുറത്തിരിക്കാനാണ്‌.ചിലപ്പോള്‍ അമ്പലത്തിലെ ആനയെ വഴിയരികില്‍ തളച്ചിട്ടുണ്ടാകും.ജന്തുശാസ്‌ത്രം പഠിച്ചവന്റെ വികൃതി കേള്‍ക്കൂ.ആനയെക്കാണാന്‍ എനിക്കിഷ്‌ടമാണ്‌.നിലംചേര്‍ത്ത്‌ ആനയെ സങ്കല്‍പ്പിച്ചാല്‍ ദീര്‍ഘവൃത്താകൃതിയാണല്ലോ.ഏറ്റവും നന്നായി ഭാവന ചെയ്യാനറിയാവുന്ന ജീവിയും ആനയാവണം.തന്നെ ചട്ടം പഠിപ്പിക്കുന്ന മനുഷ്യരെപ്പറ്റി നിരവധി ഭാവനകള്‍ ആന നിത്യേന സ്വമനസ്സില്‍ പടുത്തുയര്‍ത്താറുമുണ്ടാവണം.അതിന്റെ നിരര്‍ത്ഥകതയിലും നിസ്സഹായതയിലും സമാധാനിച്ചാവണം ആന മനുഷ്യര്‍ക്കുമുന്നില്‍ കീഴടങ്ങുന്നത്‌.അല്ലെങ്കില്‍...

രാത്രിയുടെ തിരക്കില്‍നിന്ന്‌ അന്നപൂര്‍ണ്ണ സാവകാശം വിടുതല്‍നേടി.ആല്‍മരത്തിലേക്ക്‌ തെക്കേച്ചിറയിലെ കാറ്റ്‌ കടന്നുവന്നു.ബൈക്കുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ യുവാക്കള്‍ നഗരം കടന്നുതുടങ്ങി.ആ മൂല ശാന്തമാവുകയാണ്‌.

ഭക്ഷണത്തിനുശേഷം ഞാന്‍ എലൈറ്റിലേക്ക്‌ നടന്നു. തകര്‍ന്ന ഭവനത്തിലേക്കെങ്ങനെ ഒരാള്‍ക്ക്‌ മടങ്ങിപ്പോകാന്‍ കഴിയും എന്ന മാരീന സ്വറ്റേവയുടെ വരികളെ ഞാന്‍ വിസ്‌മരിച്ചില്ല.എനിക്ക്‌ ഭയമുണ്ടായിരുന്നു.മടുപ്പുണ്ടായിരുന്നു.ഏകാന്തതയോട്‌ മുഖം തിരിക്കാന്‍ കഴിയാത്തവിധം വിധേയത്വവുമുണ്ടായിരുന്നു.ഞാന്‍ വിധിയോട്‌ പൊരുതാന്‍ ശേഷിയില്ലാത്ത നിസ്സഹായനായിരുന്നു.

എന്റെ മുറി.ഏകാന്തമായ വിലാപങ്ങളോടെ എന്നെ കാത്തുകിടക്കുന്ന ഹോട്ടല്‍മുറി.ഓരോരുത്തരുടെയും ദൂരെയുള്ള സ്വന്തം വീട്ടിലെ നിശ്ശബ്‌ദതകൊണ്ട്‌ അലങ്കരിച്ചതാണല്ലോ എല്ലാ ഹോട്ടല്‍മുറികളും.ഞാന്‍ ഹോട്ടലിലേക്ക്‌ തളര്‍ന്ന കാലുകളോടെ കയറിച്ചെന്നു.വേഷം മാറിയശേഷം കുറച്ചുനേരം ബാല്‍ക്കണിയില്‍ പോയിരുന്നു.വലിയ രാവിളക്കുകളുടെ വെട്ടത്തില്‍ തിളങ്ങിക്കിടക്കുന്ന സ്വരാജ്‌ വൃത്തം.ചില നിഴലുകള്‍.ആനകളാണോ..?

ഐപോഡെടുത്ത്‌ കാതില്‍ തിരുകി ഞാന്‍ എ.ആര്‍.റഹ്മാന്റെ പുതിയ പാട്ടിലേക്ക്‌ കടന്നു.ഐപോഡില്‍ റഹ്മാന്റെ സൃഷ്‌ടികള്‍ കേള്‍ക്കുമ്പോള്‍ ശിരസ്സിനുപിന്നിലായി നമുക്കൊരു കാത്‌ കൂടിയുണ്ടെന്ന്‌ തോന്നും.വൃത്തത്തിലാണ്‌ റഹ്മാന്‍ അനുവാചകനില്‍ വാദ്യം പകരുന്നത്‌. -കള്‍വരേ..കള്‍വരേ..ആ വരികള്‍ കേട്ടപ്പോള്‍ ഓര്‍ത്തു.തമിഴ്‌ഭാഷയ്‌ക്കെന്തു ചാരുതയാണ്‌!

പെട്ടെന്ന്‌ മനസ്സില്‍ ചോദിച്ചു.ആരാണ്‌ നന്നായി തമിഴ്‌ പറയാറുണ്ടായിരുന്നത്‌..?

ഉത്തരം-പ്രൊഫസറുടെ ഭാര്യ.

കാതില്‍ ശ്രേയാ ഘോഷാലിന്റെ നനുത്തസ്വരം.കണ്ണടച്ചു ചാരിക്കിടന്നു.

പ്രെഫസറുടെ ഭാര്യയും ശാലീനമായി പാടും.

തമിഴ്‌കീര്‍ത്തനങ്ങള്‍.പദങ്ങള്‍.സ്‌തുതികള്‍.

ഞാന്‍ കാതിലെ ഐപോഡ്‌ മാറ്റാതെ കിടക്കയില്‍ച്ചെന്ന്‌ കിടന്നു.ചരിഞ്ഞാണ്‌ കിടന്നത്‌.ഇടംകൈ മടക്കി മുഖത്തോട്‌ ചേര്‍ത്തുപിടിച്ചിരുന്നു.കിടപ്പിന്റെ സുഖത്തിനായി കാല്‍മുട്ടുകള്‍ സ്വല്‌പം മടക്കിവച്ചിരുന്നു.ആ പാട്ടുതന്നെയാണ്‌ ഞാന്‍ ആവര്‍ത്തിച്ചുകേട്ടുകൊണ്ടിരുന്നത്‌.ആ പാട്ട്‌ ചിട്ടപ്പെടുത്തിയ രാഗത്തിന്‌ താരാട്ടിന്റെ ഓര്‍മ്മപ്പെടുത്തലുണ്ടായിരുന്നതായി എനിക്കു തോന്നുന്നതാണ്‌ ആവര്‍ത്തിച്ചുകേള്‍ക്കാന്‍ കാരണം.

പെട്ടെന്ന്‌,പ്രതികരണമൊന്നുമില്ലാതെ തന്നെ ഞാനോര്‍ത്തു.ഞാന്‍ കൈ മടക്കിവച്ചിരിക്കുകയാണ്‌.വിരലുകളും അല്‌പം മടക്കിയിട്ടുണ്ട്‌.ഏതാണ്ടൊരു ശിശുവിനെപ്പോലെയാണല്ലോ ഞാന്‍ കിടക്കുന്നത്‌..!താഴെക്കാണുന്ന കുഞ്ഞിന്‌ എന്റെ നല്ല ഛായയില്ലേ..?സങ്കല്‍പ്പിക്കുന്തോറും എനിക്ക്‌ തല പെരുത്തുകയറി.അതോടെ ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി.അടുത്തക്ഷണം ഞാന്‍ മേല്‍ക്കൂരയിലേക്ക്‌ ഉയര്‍ന്നു.ഇപ്പോള്‍ ഞാനെന്നെ കാണുന്നത്‌ മുകളില്‍നിന്നാണ്‌.താഴെ,എന്റെ ദൃഷ്‌ടിക്കു നേരെതാഴെ ഞാന്‍ കിടക്കുന്നു.അപ്പോള്‍ പിറന്ന ഒരു പൈതലിനെപ്പോലെ.എനിക്കുപിറന്ന കുട്ടിതന്നെയാണ്‌ അതെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്ര തെളിമയോടെ അതിനെന്റെ മുഖഛായയുണ്ട്‌.അതു ഞാന്‍ കാണുകയാണ്‌.ആ കാഴ്‌ച എന്നെ ഭയപ്പെടുത്തുകയാണ്‌.ഗര്‍ഭഛിദ്രവേന്ദ്രന്മാരുടെ ആദ്യത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ ഞാനിവിടെ വന്നിരിക്കുന്നതെന്ന പരമാര്‍ത്ഥംകൂടി എന്റെ തലയിലേക്ക്‌ പൊട്ടിവീണു.ഐപോഡ്‌ ഞാന്‍ പറിച്ചെറിഞ്ഞു.മുറിയിലെ വെളിച്ചമിട്ട്‌ വെള്ളം കുടിച്ചു.എനിക്കെന്നെ ഭയമാവാന്‍തുടങ്ങി.പിന്നെ അകാരണമായി സങ്കടം വരാനും.

ആ ദീര്‍ഘരാത്രിയില്‍ പിന്നെ ഞാന്‍ ശ്രമിച്ചതുമുഴുവന്‍ ഒന്നുറങ്ങിക്കിട്ടാനാണ്‌.കണ്ണടച്ചപ്പോഴൊക്കെ ഞാന്‍ നഗ്നരായ മനുഷ്യരെ കണ്ടു.ആര്‍ക്കും മുഖമില്ല.മുതിര്‍ന്ന ശരീരങ്ങള്‍ തലയൊളിപ്പിച്ച്‌ അമ്ലത്തിലെന്നപോലെ ചുരുണ്ടുകിടക്കുന്നതാണ്‌ കാണുന്നത്‌.അവരുടെ മേലാകെ ഭസ്‌മം പൂശിയതുപോലെ വെളുപ്പുപടര്‍ന്നുകാണാം.അതോ അവരൊക്കെ ജലസമാധിയടഞ്ഞ ദിവ്യന്മാരാണോ..?ഉടനെ കണ്ണുതുറക്കും.ഒന്നുമില്ലെന്ന്‌ മനസ്സിലാക്കി കണ്ണടയ്‌ക്കുമ്പോള്‍ മരത്തിന്റെ കൂറ്റന്‍വേരുകള്‍ പിണഞ്ഞുകിടക്കുന്നതാണ്‌ കാണുക.നോക്കിയിരിക്കേ ആ വേരുകള്‍ വെറും വേരുകളല്ലെന്നും അയഞ്ഞുവികസിച്ച ഭഗോധരങ്ങളുടെ സമീപകാഴ്‌ചയാണെന്നും മനസ്സിലാകും.ഉടനെ കണ്ണുതുറന്ന്‌ ഹതാശനായി ഇരുളിനെനോക്കും.മുറിയിലെ ശീതീകരണി കൂട്ടിവച്ച്‌ വന്നുകിടന്ന്‌ കണ്ണടക്കും.അന്നേരം മരപ്പോളകളെ കാണും.സമീപദൃശ്യത്തില്‍ ഓരോ മരപ്പോളയുടെയും പുറംതൊലിക്ക്‌ വല്ലാത്ത കാഠിന്യം.അത്‌ ഞാനനുഭവിക്കുകയാണ്‌.ആ മരപ്പോളകളിലെ പരുക്കന്‍ പ്രതലത്തില്‍നിന്ന്‌ പുതിയ കാഴ്‌ചകള്‍ പിറക്കും.ശാരീരികബന്ധത്തിന്റെ രേഖാപടങ്ങളാണ്‌ അവയെന്നു ബോദ്ധ്യമാകും.പിന്നീടത്‌ കിടങ്ങുകളായും വിടവുകളായും തോന്നും.മുറി വളരെ വലുതായത്‌ പെട്ടെന്നെനിക്ക്‌ തിരിച്ചറിയാന്‍ പറ്റി.അതില്‍ ഞാനൊറ്റയ്‌ക്കാണ്‌.ഞാന്‍ തനിച്ച്‌.ആരുമില്ല.ആരും.എനിക്കുവരാനിരിക്കുന്ന വിപത്തിനെല്ലാം സാക്ഷിയും പരികര്‍മ്മിയും ഞാന്‍ മാത്രമാണ്‌.

ആരെയാണ്‌ ആശ്രയത്തിന്‌ വിളിക്കേണ്ടത്‌..?

ആരുടെ മുഖമാണ്‌ ഓര്‍ക്കേണ്ടത്‌..?

(നോവലിന്‍റെ ഏഴാം അദ്ധ്യായമാണിത്.ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കുമല്ലോ.)

Saturday, March 12, 2011

അര്‍ദ്ധരാത്രിയിലെ സാഹസം

നേരം വെളുത്തുവരുന്നതേയുണ്ടായിരുന്നുള്ളു,നിബിന്‍ കുര്യാക്കോസിനെ കാണാന്‍ വെള്ളന്‍പൂച്ച നഗരത്തില്‍ എത്തി.കോളിംഗ്‌ബെല്‍ കേട്ട്‌ കതകു തുറന്നത്‌ നിബിന്റെ അമ്മയാണ്‌.
``അല്ല,ഇത്‌..പച്ചാളത്തെ പൂച്ചയല്ലേ.ഇതെങ്ങനെ ഇവിടെയെത്തി...''അമ്മ വിളിച്ചു.
``മോനേ..നിബിന്‍..ദേ..തറവാട്ടിലെ നിന്റെ പൂച്ച..''
അതും പറഞ്ഞ്‌ അമ്മ ജോലിത്തിരക്കുകളിലേക്ക്‌ പോയി.
വാഷ്‌ബേസിനരികില്‍ നിന്ന്‌ ആലോചനകളോടെ പല്ലു തേയ്‌ക്കുകയായിരുന്ന നിബിന്‍ ഞെട്ടിത്തിരിഞ്ഞു.അവന്റെ മനസ്സിലൂടെ വെള്ളനും അവനും ഒന്നിച്ചുള്ള നൂറുനൂറു കളിതമാശകള്‍ ഓടിമറഞ്ഞു.പക്ഷേ പച്ചാളത്തുനിന്ന്‌ വെള്ളന്‍ എങ്ങനെ ഇത്ര രാവിലെ ഇവിടെയെത്തി.അവന്‌ ബസ്‌കയറാനും ഓട്ടോ വിളിക്കാനുമൊക്കെ അറിയുമോ..അപ്പോള്‍ വാതിലിനരികില്‍ നിന്ന്‌ നിബിനെ തേടിവരികയായിരുന്നു വെള്ളന്‍.
``വെള്ളാ...എടാ കള്ളാ..''
വെള്ളന്‍ ഒന്നു കരഞ്ഞു.പിന്നെ നിബിന്റെ മുറിയിലേക്ക്‌ പോയി സോഫയില്‍ ചാടിക്കയറി ഒരു കിടപ്പു കിടന്നു.നിബിന്‍ എത്ര വിളിച്ചിട്ടും വെള്ളന്‍ ഒന്നു മൂളാന്‍ കൂടി തയ്യാറായില്ല.ചുരുണ്ട്‌ വാലു മടക്കിവച്ച്‌ കണ്ണടച്ച്‌ ഒരുറക്കം.
നിബിന്‌ വല്ലാതെ പരിഭ്രമമായി.അമ്മയും അച്ഛനും ജോലിക്കുപോയിട്ടും വെള്ളനെ വിട്ട്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകാന്‍ നിബിന്‍ തയ്യാറായില്ല.അവന്‌ മനസ്സിലായി.വെള്ളന്‌ എന്തോ പ്രശ്‌നമുണ്ട്‌.അല്ലെങ്കില്‍ ഇത്ര രാവിലെ ബസ്‌ കയറി വരാന്‍ അവന്‍ തയ്യാറാവില്ല.അപ്പാര്‍ട്ട്‌മെന്റ്‌സിന്‌ താഴെ വിശാലമായ കളിക്കളമുണ്ട്‌.
ബാല്‍ക്കണിയില്‍ നിന്നുകൊണ്ട്‌ താഴെ കളിക്കുന്ന കൂട്ടുകാരെ നോക്കി അവനാലോചിച്ചു.തന്റെ തറവാട്ടിലെ കളിക്കൂട്ടുകാരനായ പൂച്ച തന്നെത്തേടി വന്ന കാര്യം പറഞ്ഞാല്‍ കൂട്ടുകാരെല്ലാം പാഞ്ഞെത്തും.വെള്ളന്റെ ഉറക്കം മുറിയും.വെള്ളന്‌ ഇപ്പോഴാവശ്യം വിശ്രമമാണ്‌.വെള്ളന്റെ കനത്ത രോമങ്ങളുള്ള വാലും പച്ചക്കണ്ണുകളും മീശയും കണ്ടാല്‍ കൂട്ടുകാര്‍ക്കെല്ലാം വലിയ ഇഷ്‌ടമാവും.പക്ഷേ വെള്ളനെ പരിചയപ്പെടുത്തുന്നത്‌ പിന്നീട്‌ മതി.
നിബിന്‍ കുറച്ചുനേരം ടി വി കണ്ടുകൊണ്ടിരുന്നു.ഇടയ്‌ക്ക്‌ ചെന്നുനോക്കിയപ്പോഴും വെള്ളന്‍ ശരിക്കും ഉറക്കം തന്നെ.പൂച്ചയുറക്കമല്ല,അസ്സല്‍ ഉറക്കം.ഉച്ചയ്‌ക്ക്‌ ഉണ്ണാന്‍ നേരത്ത്‌ വിളിച്ചിട്ടും വെള്ളന്‍ എണീറ്റുവന്നില്ല.മുരണ്ടുകൊണ്ട്‌ തിരിഞ്ഞുകിടന്നതേയുള്ളു.അവന്‍ അമ്മയെ വിളിച്ചു.
``അമ്മേ..വെള്ളന്‍ എണീല്‍ക്കുന്നില്ല.പനിക്കുന്നുണ്ടെന്നു തോന്നുന്നു.നമുക്ക്‌ ഡോക്‌ടറങ്കിളിനെ വിളിച്ചാലോ..''
അമ്മ പറഞ്ഞു.
``ഇത്ര ദൂരം യാത്ര ചെയ്‌ത്‌ വന്നതല്ലേ,നല്ല ക്ഷീണം കാണും.ഉറങ്ങട്ടെ.മാറിയില്ലെങ്കില്‍ നമുക്ക്‌ നാളെ ഡോക്‌ടറിനെ കാണാംട്ടോ.''
നിബിന്‍ അനുസരിച്ചു.അമ്മ പറഞ്ഞാല്‍ അനുസരിക്കുന്നതാണ്‌ നല്ല കുട്ടികളുടെ ശീലമെന്നു അവന്‍ പഠിച്ചിട്ടുണ്ട്‌.നിബിന്‍ സോഫയ്‌ക്കുതാഴെ തുണി വിരിച്ച്‌ ഉറങ്ങാന്‍ കിടന്നു.അവന്‍ നന്നായി ഉറങ്ങി.ഉറക്കത്തില്‍ രണ്ട്‌ സ്വപ്‌നവും കണ്ടു.ഉറങ്ങുമ്പോള്‍ കുട്ടികളുടെ മുഖത്തുകാണുന്ന ചിരി അതാണല്ലോ.വൈകിട്ട്‌ നാലുമണിയോടെ വെള്ളന്‍ ഉണര്‍ന്നു.സോഫയില്‍ എണീറ്റ്‌ മൂരി നിവര്‍ന്ന്‌ വെള്ളന്‍ വായ വലിച്ചു തുറന്ന്‌ കോട്ടുവായിട്ടു.ഉറങ്ങുന്ന നിബിനെ നോക്കി അല്‌പനേരം വെറുതെയിരുന്നു.പിന്നെ ടെറസ്സിലെ പൂച്ചട്ടിയില്‍ കയറിയിരുന്ന്‌ മൂത്രമൊഴിച്ചുവന്നു.അപ്പോഴേക്കും നിബിനും ഉണര്‍ന്നു.
``വെള്ളാ..നിനക്ക്‌ ബിസ്‌ക്കറ്റ്‌ വേണ്ടേ..''
വെള്ളന്‍ അവനെയൊന്നു നോക്കി.വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.വെള്ളന്റെ മുഖത്ത്‌ പതിവില്ലാത്ത ഒരു വാട്ടമുണ്ടായിരുന്നു.അതെന്തായിരിക്കുമെന്ന്‌ സംശയിച്ചുകൊണ്ട്‌ നിബിന്‍ അടുക്കളയിലേക്ക്‌ പോയി.വെള്ളനു ബിസ്‌ക്കറ്റ്‌ കൊടുക്കുമ്പോഴാണ്‌ അത്‌ കണ്ടത്‌.വെള്ളന്റെ വാലില്‍ ആഴത്തിലൊരു മുറിവ്‌.അതില്‍ നിന്ന്‌ ചോരയുണങ്ങി കട്ടപിടിച്ചിരിക്കുന്നു.
``വെള്ളാ..എന്തായിത്‌..ആരോടാ നീ തല്ലുണ്ടാക്കിയേ..''
ബിസ്‌ക്കറ്റ്‌ മണത്തുനോക്കിയതല്ലാതെ അവന്‍ തിന്നാന്‍ കൂട്ടാക്കിയില്ല.നിബിന്‍ തന്റെ കൂട്ടുകാരന്‍ പൂച്ചയെ ആകെയൊന്നു പരിശോധിച്ചു.ശരിയാണ്‌.വെള്ളന്റെ ശരീരത്തില്‍ പലയിടത്തും മുറിവും ചോരയുമുണ്ട്‌.ആരോടോ അവന്‍ ഘോരമായ സംഘട്ടനം നടത്തിയിട്ടുണ്ട്‌.അതെന്താണെന്നറിയണം.നിബിന്‌ വല്ലാത്ത വിഷമമായി.അതുകണ്ടപ്പോള്‍ വെള്ളനും പ്രയാസം തോന്നി.വെള്ളന്‍ പറഞ്ഞു.
``മിലിയാന്റീടെ ലൗബേഡ്‌സിനെ പിടിക്കാന്‍ ഒരു കള്ളന്‍നായ വരുന്നുണ്ട്‌.അവനെ ഓടിക്കാന്‍ കുറേ ദിവസമായി ഞാന്‍ ശ്രമിക്കുന്നു.ഇനി നിബിന്‍ വരാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല.''
നിബിന്റെ പപ്പ കുര്യാക്കോസിന്റെ ഇളയ പെങ്ങളാണ്‌ മിലി.പച്ചാളത്തെ തറവാട്ടുവീട്ടിലാണ്‌ അവര്‍ താമസിക്കുന്നത്‌.ലൗബേഡ്‌സിനെ വളര്‍ത്തി വില്‍ക്കുന്നതാണ്‌ അവരുടെ തൊഴില്‍.വെള്ളന്‍ പറഞ്ഞതുകേട്ട്‌ അവന്‍ ഞെട്ടിപ്പോയി.
``വെള്ളാ..നീ ഇക്കാര്യം ആന്റിയോട്‌ ഇതുവരെ പറയാത്തതെന്താ..''
``ഞാന്‍ പറഞ്ഞുനോക്കി.മിലിയാന്റിക്ക്‌ പേടിയാ.ഈയിടെ അവിടെ നിറച്ചും കള്ളന്മാരുടെ ശല്യമാ..''
``എന്നിട്ട്‌ നീയെന്തുചെയ്‌തു..''
``മൂന്നുദിവസം ഞാന്‍ കാവലിരുന്നു.ആ കള്ളന്‍നായയെ ഓടിക്കാന്‍ പറ്റുമോന്നു നോക്കി.''
``എന്നിട്ട്‌...''
``എന്നിട്ടെന്താ..ദാ..കണ്ടില്ലേ,അവനെന്നെ കടിച്ചുമുറിച്ചു.''
നിബിന്‌ വല്ലാതെ അരിശം വന്നു.അമ്മയിങ്ങോട്ടു വരട്ടെ.അവന്‍ മനസ്സില്‍ പറഞ്ഞു.തന്റെ മുറിവ്‌ നാവുനീട്ടി നനച്ചശേഷം വെള്ളന്‍ പറഞ്ഞു.
``പാവം ലൗബേഡ്‌സ്‌..എല്ലാരും വല്ലാതെ പേടിച്ചിരിക്കുവാ..ഉടനെ നമ്മളെന്തെങ്കിലും ചെയ്യണം.''
നിബിന്‍ കുറച്ചുനേരം ആലോചിച്ചിരുന്നു.പച്ചാളത്ത്‌ കള്ളന്മാരുടെ വല്ലാത്ത ശല്യമുണ്ടെന്ന്‌ കഴിഞ്ഞ ദിവസം പപ്പ പറഞ്ഞത്‌ അവനോര്‍ത്തു.മിലിയാന്റി പേടിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല.കള്ളന്മാര്‍ എന്തൊക്കെ ചെയ്യുമെന്നു ആര്‍ക്കു പറയാന്‍ കഴിയും.പക്ഷേ അങ്ങനെ പേടിച്ചാല്‍ എവിടെപ്പോയി ഒളിക്കാനാണ്‌.
പണ്ട്‌ വെള്ളനും നിബിനും കൂടി ഒരു തെണ്ടിപ്പട്ടിയേയും ഭിക്ഷക്കാരുടെ വേഷത്തില്‍ ചെരുപ്പും പാത്രങ്ങളും മോഷ്‌ടിക്കാന്‍ വന്ന നാടോടിസ്‌ത്രീയെയും ഓടിച്ചിട്ടുണ്ട്‌.അവന്റെ പപ്പ കുര്യാക്കോസ്‌ അവനെ അക്കാര്യത്തില്‍ അഭിനന്ദിച്ചിട്ടുമുണ്ട്‌.ഒരു എഴുവയസ്സുകാരന്‌ ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങളായിട്ടാണ്‌ നിബിന്റെ അമ്മയും അതിനെപ്പറ്റി പറഞ്ഞത്‌.
``എന്തുചെയ്യാനാ നിബിന്റെ പ്ലാന്‍..''
വെള്ളന്‍ എടുത്തുചോദിച്ചു.
``യാതൊരു സംശയവും വേണ്ട.നമുക്ക്‌ മിലിയാന്റീടെ ലൗബേഡ്‌സിനെ രക്ഷിക്കണം.''
വെള്ളന്‌ ഉത്സാഹമായി.നിബിന്‍ ഒരു കാര്യം ചെയ്യാമെന്ന്‌ ഏറ്റാല്‍ ഏറ്റതാണ്‌.വെള്ളന്‍ ഒന്നുകൂടി മൂരിനിവര്‍ന്നു.അപ്പോഴേക്കും നിബിന്റെ അമ്മയുമെത്തി.വാതില്‍ തുറക്കും മുമ്പേ ഒച്ച താഴ്‌ത്തി നിബിന്‍ പറഞ്ഞു.
``വെള്ളാ..തല്‍ക്കാലം അവിടുത്തെ പ്രശ്‌നമൊന്നും അമ്മയോടിപ്പോള്‍ പറയണ്ട.എല്ലാം പിന്നീട്‌ പറയാം.അല്ലെങ്കില്‍ അമ്മ പേടിക്കും.''
വെള്ളന്‍ തലയാട്ടി.അമ്മ വന്നതേ വെള്ളനെ അടുത്തുപിടിച്ചു തലോടി.
``നിനക്കെന്താ അവിടെ തീറ്റയൊന്നുമില്ലേ..കണ്ടില്ലേ ഒരു കോലം.എങ്ങനെയിരുന്ന പൂച്ചയാ...''
തറവാട്ടില്‍ വെള്ളന്‍ പിറന്നപ്പോള്‍ മുതല്‍ അമ്മയ്‌ക്ക്‌ അവനെ അറിയാവുന്നതാണ്‌.എന്തായാലും അവന്റെ ദേഹത്തെ മുറിവൊന്നും അമ്മ കണ്ടില്ല.അമ്മ വെള്ളന്‌ കുടിക്കാന്‍ പാല്‌ ചൂടാക്കിക്കൊടുത്തു.പാല്‌ കുടിച്ചുകഴിഞ്ഞ്‌ വെള്ളന്‍ ഒന്നുകൂടി ചുരുണ്ടുകിടന്നുറങ്ങി.രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ പപ്പയോട്‌ പറഞ്ഞു.
``പപ്പാ..നാളെ ഞാന്‍ വെള്ളനെയും കൂട്ടി മിലിയാന്റീടെ അടുത്ത്‌ പോട്ടേ..പാവം അവനെ തനിച്ച്‌ വിടുന്നതെങ്ങനെയാ..''
അതുകേട്ട്‌ വെള്ളന്‌ വല്ലാതെ ദേഷ്യം വന്നു.ഇങ്ങോട്ട്‌ ഞാന്‍ തനിച്ചല്ലേ വന്നത്‌ എന്നു വാലു പൊക്കിയും കണ്ണുരുട്ടിയും ചോദിക്കാന്‍ തോന്നി.പിന്നെ ആ യാത്രയ്‌ക്ക്‌ നിബിന്റെ പപ്പ സമ്മതിക്കുകയാണ്‌ അത്യാവശ്യമെന്നു മനസ്സിലാക്കി വെള്ളന്‍ നിശ്ശബ്‌ദനായി.
``അടുത്ത മാസം മിലിയാന്റി ഇങ്ങോട്ട്‌ വരുന്നുണ്ടല്ലോ.അതുവരെ വെള്ളന്‍ ഇവിടെ നില്‍ക്കട്ടെ.അതുപോരേ..''
നിബിന്റെ പപ്പ ചോദിച്ചു.വെള്ളനും നിബിനും ഒരു പോലെ നിരാശരായി.
``അല്ലെങ്കില്‍ വെള്ളന്‍ തനിയെ പൊക്കോട്ടെ.അവനൊരു മിടുക്കന്‍ പൂച്ചയല്ലേ.ഒറ്റയ്‌ക്കല്ലേ ഇങ്ങോട്ട്‌ വന്നത്‌...''
പെട്ടെന്ന്‌ ഇരുന്ന കസേരയില്‍ നിന്ന്‌ വെള്ളന്‍ താഴേക്ക്‌ ചാടി.പപ്പയുടെ കാലുകളില്‍ ഉരുമ്മി,തന്നെ അഭിനന്ദിച്ചതിന്റെ സ്‌നേഹം പ്രകടിപ്പിച്ചു.എന്നിട്ട്‌ കേട്ടോ എന്ന മട്ടില്‍ നിബിനെ തലയുയര്‍ത്തി നോക്കുകയും ചെയ്‌തു.അതു കണ്ടപ്പോള്‍ നിബിന്‌ ശരിക്കും സങ്കടം വന്നു.
``ഞാന്‍ പപ്പേടെ മോനല്ലേ,ഞാനും മിടുക്കനാ..എനിക്കും ഒറ്റയ്‌ക്ക്‌ പോകാനറിയാം..''പപ്പയും അമ്മയും പൊട്ടിച്ചിരിച്ചു.അമ്മ പറഞ്ഞു.
``അവര്‌ പോയിട്ട്‌ വരട്ടെ.വെക്കേഷനല്ലേ.''
അതുകേട്ടപ്പോള്‍ പപ്പ സമ്മതിച്ചു.വെള്ളന്‍ നീളത്തില്‍ കുറുകിക്കൊണ്ട്‌ അവര്‍ക്കു ചുറ്റും നടന്നു.
വെള്ളന്റെ മനസ്സില്‍ താനും നിബിനും കൂടി ആ കള്ളന്‍ നായ‍യെ ഓടിക്കുന്ന രംഗമായിരുന്നു.ലൗബേഡ്‌സിനെ രക്ഷിച്ചെന്നറിയുമ്പോള്‍ പപ്പയും അമ്മയും മിലിയാന്റിയും തങ്ങള്‍ രണ്ടുപേരെയും അഭിനന്ദിക്കുന്ന നിമിഷമായിരുന്നു നിബിന്റെ മനസ്സില്‍.അന്നുരാത്രി രണ്ടുപേരും വളരെ സന്തോഷത്തോടെയാണ്‌ ഉറങ്ങാന്‍ കിടന്നത്‌.
പിറ്റേന്ന്‌ നിബിനും വെള്ളനും കൂടി പച്ചാളത്തെ മിലിയാന്റിയുടെ വീട്ടിലെത്തി.മിലിയാന്റിയോടും അവര്‍ അന്നുരാത്രി നടത്താനിരിക്കുന്ന വമ്പിച്ച പരിപാടിയെപ്പറ്റിയൊന്നും പറഞ്ഞില്ല.എല്ലാം രഹസ്യമാക്കി വച്ചത്‌ മറ്റൊന്നും കൊണ്ടല്ല,മുതിര്‍ന്നവരുടെ അനാവശ്യമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ രസം കളയും എന്നറിയാവുന്നതുകൊണ്ടാണ്‌.
സൂര്യന്‌ ആറരയായിട്ടും അന്ന്‌ കടലില്‍ പോകാന്‍ താല്‌പര്യമുണ്ടായിരുന്നില്ല. നിബിന്റെയും വെള്ളന്റെയും കള്ളനെ പിടിക്കുന്ന കളി കാണാന്‍ സൂര്യനും മോഹമുണ്ടായിരുന്നു.അതുമനസ്സിലാക്കിക്കൊണ്ട്‌ പടിഞ്ഞാറേ മുറ്റത്തുനിന്ന്‌ നിബിന്‍ പറഞ്ഞു.
``സൂര്യന്‍സാറേ..സാറു പോയാലേ ഇരുട്ട്‌ വരൂ..സാറു പോകുന്നതും നോക്കി ഇരുട്ട്‌ അവിടെ ആ മരങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കാന്‍ തുടങ്ങീട്ട്‌ കുറേനേരമായി..''
വെള്ളന്‍ സൂര്യനെ നോക്കി.അവനായിരുന്നു രാത്രിയാവാന്‍ ഏറ്റവും തിടുക്കം.വെള്ളന്‍ സൂര്യനോട്‌ പറഞ്ഞത്‌ എന്താണെന്നോ.
``നാളെ നേരത്തേ വന്നാല്‍ മതി..ഞങ്ങള്‍ കള്ളന്‍നായയെ ഓടിച്ച കഥ അന്നേരം പറഞ്ഞുതരാം.''
ആ സമയത്ത്‌ അവരുടെ ഭാഗ്യത്തിന്‌ കടലിന്റെ ഒരു ഫോണ്‍ വിളി സൂര്യനെ തേടിയെത്തി.വരാന്‍ വൈകുന്നതെന്താണെന്ന അന്വേഷണമായിരുന്നു അത്‌.കടല്‍ നല്ല ദേഷ്യത്തിലായിരുന്നു.മനസ്സില്ലാ മനസ്സോടെ സൂര്യന്‍ വേഗം കടലിലേക്ക്‌ പോയി.
``ഓ...രക്ഷപ്പെട്ടു..''
വെള്ളന്‍ ശരീരമൊന്നു കുടഞ്ഞു.വേഗം മരങ്ങള്‍ക്കിടയില്‍ നിന്ന്‌ ഇരുട്ട്‌ പുറത്തെത്തി.വെള്ളനും നിബിനും വീടിനകത്തേക്ക്‌ പോയി.നിബിന്‍ രാത്രി വൈകും വരെ മിലിയാന്റിക്കൊപ്പം അക്ഷമയോടെ ടി വി കണ്ടുകൊണ്ടിരുന്നു.
ഈ സമയം അന്നുരാത്രി ചെയ്യേണ്ട കാര്യങ്ങള്‍ ലൗബേഡ്‌സിനെ പഠിപ്പിക്കുകയായിരുന്നു വെള്ളന്‍ പൂച്ച.മിലിയാന്റി പത്തരയായപ്പോള്‍ നിബിനെയും വിളിച്ച്‌ ഉറങ്ങാന്‍ പോയി.
``വെള്ളാ..എല്ലാം പറഞ്ഞപോലെ..ലൗബേഡ്‌സിന്റെ സിഗ്നല്‍ കിട്ടിയാ എന്നെ വിളിക്കണം..''
``ഓക്കെ..''
വെള്ളന്‍ പുറത്തേക്ക്‌ പോയി.
അന്ന്‌ ഭൂമിയിലെല്ലാവരും പത്തരയോടെ ഉറങ്ങാന്‍ കിടന്നെന്ന്‌ നിബിന്‌ തോന്നി.അത്ര ശാന്തമായിരുന്നു രാത്രി.അവന്‌ തീരെ ഉറക്കം വന്നില്ല.അയല്‍പക്കത്തെ കൂട്ടില്‍ക്കിടക്കുന്ന അല്‍സേഷ്യന്‍ നായ പോലും അന്ന്‌ കുരച്ചില്ല.പദ്ധതികള്‍ പാളിയാല്‍ പാവം നാല്‍പ്പത്തിമൂന്ന്‌ ലൗബേഡ്‌സിന്റെ ജീവന്‍ അപകടത്തിലാവും.നിബിന്‍ കാതോര്‍ത്തുകിടന്നു.
ഏകദേശം പതിനൊന്നു മണിക്കാണ്‌ മതില്‍ ചാടി കള്ളന്‍നായ വന്നത്‌.അറപ്പിക്കുന്ന ഒരു തവിട്ടുനിറമായിരുന്നു അവന്‌.ഉടനെതന്നെ ലൗബേഡ്‌സിലെ ധൈര്യശാലിയായ മഞ്ഞച്ചിറകന്‍ രണ്ടുവട്ടം ചിലച്ചു.
``വെള്ളാ...കിളു കിളു..''
വെള്ളന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്‌.ചെടികള്‍ക്കിയില്‍ പതുങ്ങിയിരിക്കുകയായിരുന്ന വെള്ളന്‍ ആ സമയം നിബിന്റെ മുറിയിലേക്ക്‌ ഒരു പൂച്ചനടത്തം നടത്തി.കള്ളന്‍നായ അതു കണ്ടില്ല.ഉറങ്ങാതെ കിടക്കുകയായിരുന്നു നിബിന്‍.
``നിബിനേ..ആ കള്ളന്‍നായ എത്തീട്ടോ..വാ..''
നിബിന്‍ വേഗമെഴുന്നേറ്റു.പിന്നെ നേരത്തേ എഴുതി തയ്യാറാക്കിവച്ചിരുന്ന കടലാസ്സെടുത്ത്‌ മിലിയാന്റിയുടെ സ്വര്‍ണ്ണമാലയില്‍ കുരുക്കിവച്ചു.കിടക്കയില്‍ തന്നെ കാണാതെ ആന്റി ഉണര്‍ന്നാല്‍ പേടിക്കാതിരിക്കാനുള്ള സൂത്രമായിരുന്നു അത്‌.കടലാസ്സില്‍ ഇങ്ങനെ എഴുതിയിരുന്നു.
``ഡിയര്‍ ആന്റി..ലൗബേഡ്‌സിനെ പിടിക്കാന്‍ ഒരു പട്ടി വന്നിട്ടുണ്ട്‌.ഒച്ചയുണ്ടാക്കാതെ താഴേക്ക്‌ വാ..യുവേഴ്‌സ്‌ നിബിന്‍.''
വെള്ളന്‍ അക്ഷമനായി.
``വേഗം വാ..''
നിബിന്‍ യാതൊരു ഒച്ചയുമുണ്ടാക്കാതെ പുറത്തേക്ക്‌ നടന്നു.ആ സമയം ലൗബേഡ്‌സിന്റെ കൂട്ടില്‍ പേടിയെല്ലാം ഉള്ളിലമര്‍ത്തിക്കൊണ്ട്‌ ഉറക്കം നടിച്ച്‌ കള്ളന്‍നായയെ പറ്റിക്കുകയായിരുന്നു മഞ്ഞച്ചിറകന്‍.കൂട്ടിനകത്തേക്ക്‌ കൈ നീട്ടി മഞ്ഞച്ചിറകനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളന്‍നായ.അതെല്ലാം ശ്രദ്ധിച്ചുകൊണ്ട്‌ നിബിന്‍ ശബ്‌ദമുണ്ടാക്കാതെ അടുത്ത വീടിന്റെ ചെറിയ ഗേറ്റ്‌ കടന്നു.ആ നിമിഷമെല്ലാം അഥവാ കണക്കുകൂട്ടലുകള്‍ പിഴച്ച്‌ മഞ്ഞച്ചിറകനെ കള്ളന്‍നായ ആക്രമിച്ചാല്‍ തനിക്കാവും വിധം നേരിടാന്‍ തയ്യാറെടുത്ത്‌ പതുങ്ങി നില്‍ക്കുകയായിരുന്നു വെള്ളന്‍.
കൂട്ടിനടുത്തേക്ക്‌ അരണ്ട വെളിച്ചത്തില്‍ നിബിന്‍ വരുന്നത്‌ അല്‍സേഷ്യന്‍ നായ കണ്ടു.അവന്‍ ശബ്‌ദമുണ്ടാക്കാതെ എണീറ്റുനിന്നു.
``എന്തായി വന്നോ..''
അല്‍സേഷ്യന്‍ ചോദിച്ചു.
``വന്നിട്ടുണ്ട്‌.മഞ്ഞച്ചിറകനും കൂട്ടുകാരും ഉറക്കം നടിച്ച്‌ കിടക്കുവാ..''
``എന്നാ വേഗം കൂട്‌ തുറക്ക്‌.''
അല്‍സേഷ്യന്‍ നായ ഉത്സാഹത്തോടെ പറഞ്ഞു.നിബിന്‍ അവന്റെ കൂട്‌ തുറന്നുകൊടുത്തു.പുറത്തേക്കിറങ്ങിയ അല്‍സേഷ്യന്‍ നീണ്ടുനിവര്‍ന്ന്‌ ഒന്നു ശരീരം കുടഞ്ഞു.അതുകണ്ട്‌ നിബിന്‍ പോലും അല്‌പം പേടിച്ചുപോയി.ഒരു വലിയ സിംഹത്തിന്റെ അത്രയും വലുപ്പമുണ്ടായിരുന്നു അതിന്‌.
അവര്‍ പതുക്കെ ലൗബേഡ്‌സിന്റെ കൂട്ടിനടുത്തെത്തി.മഞ്ഞച്ചിറകന്റെ രണ്ടു തൂവലുകള്‍ അതിനകം കള്ളന്‍നായയുടെ കൈനഖങ്ങള്‍ക്കിടയില്‍ പറ്റിക്കഴിഞ്ഞിരുന്നു.പേടിച്ചു കിടുകിടാ വിറയ്‌ക്കുകയായിരുന്നു മഞ്ഞച്ചിറകന്‍.അല്‍സേഷ്യന്‍ അതു കണ്ടു.അവന്‍ പല്ലിറുമ്മി.ആ ശബ്‌ദം കേട്ടിട്ട്‌ വെള്ളനു പോലും പേടി വന്നു.അടുത്ത നിമിഷം കള്ളന്‍നായയ്‌ക്കുനേരെ അല്‍സേഷ്യന്‍ എടുത്തുചാടി.കള്ളന്‍നായയുടെ കഴുത്തിലാണ്‌ കടി വീണത്‌.അല്‍സേഷ്യന്‍ അവനെ മാനത്തേക്ക്‌ കടിച്ചുയര്‍ത്തി.കള്ളന്‍നായ ദയനീയമായി കരഞ്ഞു.
``എന്താ വേണ്ടേ..ഇവനെ കടിച്ചുകൊല്ലട്ടെ..''
അല്‍സേഷ്യന്‍ ചോദിച്ചു.നിബിനും വെള്ളനും മുഖത്തോടുമുഖം നോക്കി.അപ്പോള്‍ കൂട്ടില്‍ നിന്ന്‌ മഞ്ഞച്ചിറകന്‍ പറഞ്ഞു.
``കൊല്ലണ്ട..ഞങ്ങളെ ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി.''
കള്ളന്‍നായ തന്നെ കടിച്ചതിന്റെ വേദന മാറിയിട്ടില്ലെങ്കിലും ഒന്നാലോചിച്ച ശേഷം വെള്ളനും പറഞ്ഞു.
``കൊല്ലണ്ട.പക്ഷേ അവനീ കോമ്പൗണ്ടില്‍ വരരുത്‌.''
അല്‍സേഷ്യന്‍ കള്ളന്‍നായയെ നന്നായൊന്നു കടിച്ചുകുടഞ്ഞു.പിന്നെ ഓടിച്ചുവിട്ടു.
``ഓടടാ..കേട്ടല്ലോ..ഇനി ഈ വഴിക്ക്‌ കാണരുത്‌.''
കള്ളന്‍നായ ജീവനുംകൊണ്ട്‌ ഓടി.എല്ലാവര്‍ക്കും സന്തോഷമായി.വെള്ളന്‍ വന്ന്‌ അല്‍സേഷ്യന്റെ കൈ പിടിച്ചുകുലുക്കി.മഞ്ഞച്ചിറകനും കൂട്ടുകാരും സന്തോഷം പ്രകടിപ്പിക്കാന്‍ ചിറകിട്ടടിച്ചു.കുറച്ചുനേരം അവരോട്‌ വര്‍ത്തമാനം പറഞ്ഞു നിന്ന ശേഷം അല്‍സേഷ്യന്‍ സ്വന്തം കൂട്ടില്‍പോയി കിടന്നു.
നിബിനും വെള്ളനും ശബ്‌ദമുണ്ടാക്കാതെ മുറിയിലെത്തി.മിലിയാന്റി അതൊന്നുമറിയാതെ അപ്പോഴും നല്ല ഉറക്കമായിരുന്നു.വെള്ളനെ നോക്കിക്കൊണ്ട്‌ നിബിന്‍ പറഞ്ഞു.
``വെള്ളാ..ഓപ്പറേഷന്‍ സക്‌സസ്സ്‌.അല്ലേ..''
സുഖമായി ചുരുണ്ടുകിടന്ന്‌ കൂര്‍ക്കം വലിച്ചുകൊണ്ട്‌ വെള്ളന്‍ പറഞ്ഞതെന്താണെന്നോ.
``ഗുഡ്‌നൈറ്റ്‌.''
(ഇത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ്.എന്‍റെ കുട്ടിക്കഥ...!)

Friday, February 25, 2011

rain@m g road

2011 ഫെബ്രുവരി 2...
വൈകുന്നേരങ്ങള്‍ നമുക്കുള്ളതല്ല നിനക്കുള്ളതാണ്.
നീ വീടണയാന്‍ കിതക്കുന്നതും/ഉണങ്ങിയ തുണികളൊക്കെ ഏതൊക്കെയോ ഓര്‍മ്മയില്‍ ചറുപിറുന്നനെ വലിച്ചെടുത്ത് കിടക്കയില്‍ എറിയുന്നതും/അഗാധമായ ഓര്‍മ്മകളില്‍ താണുമുങ്ങി ചിത്രം പടര്‍ന്ന ഒരു ചൈനീസ് കപ്പില്‍ കുറുകിയ കാപ്പിയുമായി ഒറ്റക്കിരിക്കുന്നതും/അലതല്ലിയെത്തിയ കവിതയ്ക്കു പിന്നാലെ മനസ്സിനെ വിട്ട് കാപ്പിമട്ട് തട്ടിയ ചുണ്ടിന്‍ കോണില്‍ പാല്‍മണമുള്ള പുഞ്ചിരിയുമായി എഞ്ചിന്‍ വച്ച സ്വപ്നത്തിനുപിറകെ ഒപ്പമെത്തുന്നതും/പൂക്കള്‍ പിച്ചി നനവുമാറാത്ത മുടിക്കെട്ടില്‍ ആലോലമായി വയ്ക്കുന്നതും/എന്നെ ഓര്‍ത്ത് എന്നോട് തല്ലുകൂടുന്നതും ഒരു തലകുടയലോടെ ഇവനോടെനിക്ക് വഴക്കടിക്കാനുമാവുന്നില്ലല്ലോ എന്നു പിറുപിറുക്കുന്നതും ... സന്ധ്യകളിലാണ്.അതുകൊണ്ടാണ് സന്ധ്യകള്‍ നമ്മുടെതല്ല,തികച്ചും നിന്‍റെതാണ് എന്നു ഞാന്‍ ഓര്‍ത്തത്.
എവിടെവച്ചാണെന്നോ ഓര്‍ത്തത്..?കവിതയ്ക്കും പത്മയ്ക്കുമിടയില്‍..പണ്ട് അങ്ങനെയൊരു പരസ്യം വരുമായിരുന്നു അല്ലേ..?റേഡിയോയിലാണ്.അപ്പോ കുറേക്കാലം മുന്പ്.ഏതൊ സ്ഥാപനത്തിന്‍റെ പരസ്യം.
ആ സ്ഥാപനം ഇപ്പോ ഉണ്ടോ..?ഉണ്ടാവില്ല...പഴയ രമണിക...ങാ..സാരിയുടെ അഴക് ഗൌതം മേനോന്‍ ദക്ഷിണേന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തുംമുന്പ് സാരിയുടെ വശ്യഭംഗി അവതരിപ്പിച്ചത് അവരായിരുന്നല്ലോ.രമണികയാണ് നീ വാസ്തവത്തില്‍.ശീമാട്ടിയും ജയലക്ഷ്മിയും നിറയുന്നതിനുമുന്പ് മനത്താളില്‍ വന്നുകേറിയവള്‍ ...രമണീയ...!
ഞാനെഴുതുന്ന കവിത.ഞാന്‍ തീം കണ്ടെത്തുന്ന പരസ്യം.ഞാന്‍ നിന്നെ തിരയുന്ന സ്വപ്നം.പിന്നിലൂടെ വന്ന്...വയറിലൂടെ കൈചുറ്റി...കാല്‍പ്പാദത്തില്‍ കേറ്റിനിര്‍ത്തി കെട്ടിപ്പുണര്‍ന്ന് മുന്നോട്ടുമുന്നോട്ടു(കിടപ്പറ വരെ...)തള്ളുന്ന...കശ്മീരില്‍ ഞാന്‍ കണ്ട പാന്‍ഗോംഗ് തടാകം പോലെ കിടക്കുന്ന നിന്‍റെ വയറില്‍,നിന്‍റെ തന്നെ ചിരിയുണ്ടാക്കുന്ന കുഞ്ഞോളങ്ങളില്‍ നോക്കി...കണ്ണുകളിലേക്ക് നോക്കി പുരികത്തിലൂടെ വിരലോടിച്ച്...ഞാനെഴുതുന്ന കവിത.
സാരിയില്‍,ചുളിവ് നിവരാന്‍ മടക്കി മെത്തയ്ക്കടിലിട്ട സെറ്റ്മുണ്ടില്‍,വീട്ടിലിടുന്ന ത്രീഫോര്‍ത്തിലും ടീ ഷര്‍ട്ടിലും,എവിടെയും നീ ഭംഗിയാകുന്നു.ഓ..!നിന്നെവച്ച് 12ആശയങ്ങള്‍,12മാസങ്ങള്‍,12പടങ്ങള്‍ ചിത്രീകരിച്ച് കലണ്ടറുണ്ടാക്കണം.ഒരു കട്ടിലോളം വലുപ്പമുള്ള കലണ്ടര്‍.അതിലെ ഓരോ മാസത്തിലും കിടന്നുറങ്ങണം.(എന്‍റെ ഉന്മാദം ഇറങ്ങിപ്പോകാന്‍ മധുരപ്പുല്ല് ചുവയ്ക്കുന്ന നിന്‍റെ വായ തരൂ..നിന്‍റെ ഉമിനീര്‍ ഡ്രിപ്പ് ഇന്ജക്ഷനിലെന്നപോലെ നൂറുനൂറുവര്‍ഷങ്ങള്‍ എന്നിലേക്കിറങ്ങട്ടെ.)
പറഞ്ഞുവന്നത് എം.ജി.റോഡിനെപ്പറ്റിയാണ്.എം.ജി.റോഡിലൂടെ നടക്കുന്പോള്‍ കവിതയ്ക്കും പത്മയ്ക്കും ഇടയില്‍ വച്ച് ഞാന്‍ നിന്നെ ഓര്‍ത്തു.അപ്പോള്‍ സന്ധ്യയാവാറാവുകയായിരുന്നു...(നിന്‍റെ കവിളില്‍ അസ്തമയം കലങ്ങുന്നത് കാണണം.)അപ്പുറത്തെ കടലിന്‍റെ കണ്ണാടിയില്‍ ചരിഞ്ഞുമുഖം നോക്കുന്ന ആകാശം ചൂണ്ടുവിരല്‍ അമര്‍ത്തി വട്ടത്തില്‍ വരച്ചിട്ട പൊട്ടുപോലെ ചോപ്പ്.ആ ചോപ്പിന്‍റെ ധന്യതയില്‍ കിടിലം കൊള്ളിക്കുന്ന നിറമായി എം.ജി.റോഡില്‍ വീണുകിടക്കുന്ന സന്ധ്യ.ദൈവമേ...നീ ഈ നിമിഷം ഇവിടെയുണ്ടായിരുന്നെങ്കില്‍...ജീവിതം നീയില്ലാതെ ഇങ്ങനെ പാഴായിപ്പോവുകയാണല്ലോ.ഇല്ല..വാര്‍ദ്ധക്യത്തില്‍ ഞാനൊരു അടിപൊളി വൃദ്ധനായിരിക്കും.നീ വരുന്പോള്‍ നടുങ്ങണം.നീ വിസ്മയിക്കണം.ജരാനരകള്‍ക്കടിയില്‍ എന്‍റെ രക്തം നിന്നെക്കണ്ട് കുതിച്ചുയരും.ഇന്നും അന്നും നിന്‍റെ അരയില്‍ കൈചുറ്റി,നിന്നോടൊപ്പം തോന്ന്യാസം പറഞ്ഞ്,പഴയ ഇന്ത്യന്‍ കോഫീ ഹൌസിലും ഒബ്റോണ്‍മാളിലും ക്യൂ സിനിമാസിലും കാനൂസിലും കേറി,കടലിലും കായലിലും പോയി,ചരിത്രത്തിലും വര്‍ത്തമാനത്തിലും മുങ്ങി,സെന്‍റ് തെരേസാസിനും കോണ്‍വെന്‍റ് ജംഗ്ഷനും ഇടയില്‍ കറങ്ങി,ഓരോ പൊട്ടിനെയും നോക്കി കാണെടോ എന്‍റെ ഗോള്‍ഡന്‍ഗേളിനെ എന്നുതലതല്ലി ഫലിതം പറഞ്ഞ്...മഴ വരുന്പോള്‍ നിന്നെ തള്ളിത്തള്ളി മഴയില്‍ മുക്കി...
വിചാരിച്ചു തീര്‍ന്നില്ല..മഴ വന്നു.നിന്‍റെ തോഴി..മഴയെയാണ് നീ ആദ്യം എന്‍റെ അരികിലേക്ക് അയക്കുക.
ഓടണോ നനയണോ..!നീ ചിരിക്കുന്നത് എനിക്കു കാണാം.എന്‍റെ വെപ്രാളം നോക്കി.പിന്നെ ഇരുകൈയും ജീന്സിന്‍റെ പോക്കറ്റുകളില്‍ തിരുകി ഫുട്പാത്തിന്‍റെ ചോപ്പില്‍ ഷൂസുരച്ച് മാനം നോക്കി വിഷാദിയായ ഒരു നടത്തം.ഒറ്റയ്ക്ക്.നീയില്ലല്ലോ..ഇപ്പോള്‍ എന്‍റെ കണ്ണടച്ചില്ലില്‍ തുരുതുരാ വന്നുവീഴുന്നത് നിന്‍റെ ആനന്ദക്കണ്ണീരോ തോരാത്ത മുടിയുലച്ച് നീ എനിക്കുമുന്നില്‍ വിഹരിക്കുന്പോള്‍ തെറിക്കുന്ന ജലകണങ്ങളോ...!
വില്‍സിന്‍റെ പഴയ പരസ്യങ്ങള്‍ ഓര്‍മ്മയില്ലേ...അവര്‍ കാറുകഴുകുന്നതും പുസ്തകം വായിക്കുന്നതും ചൂണ്ടയിടുന്നതും..
കാമസൂത്രയുടെ പഴയ പരസ്യങ്ങളും..ശരീരത്തിന്‍റെയും കാമത്തിന്‍റെയും യഥാര്‍ത്ഥ നിറം നീലിമയാണെന്നു പ്രഖ്യാപിച്ച... ഉം,ഓര്‍മ്മിക്കൂ ..നിത്യജീവിതത്തില്‍ നാം കാണാതെ പോകുന്ന പരസ്യത്തിന്‍റെ സ്വാധീനങ്ങളെപ്പറ്റി..അവ വെറും പരസ്യങ്ങള്‍ മാത്രമല്ലല്ലോ.അല്ലെന്നു നമുക്കറിയാം ല്ലേ.
എവിടെ രണ്ടുപേര്‍ ഒട്ടിനില്‍ക്കുന്നുവോ അപ്പോള്‍ നിന്നെയെനിക്കു ഓര്‍മ്മവരും.നിനക്ക് എന്നെയും.ഏപ്രിലില്‍ പൂക്കുന്ന മെയ് വാകകള്‍ കാണുന്പോഴെന്നപോലെ...പുതുമഴ കണ്ണില്‍ വീഴുന്പോഴെന്നപോലെ.
എന്നാണ് സൌരഭ്യമേ..നീ എനിക്കരികില്‍ ഇനിയും വരിക..?അന്ന് കുളങ്ങള്‍,പായല്‍ കയറിയ കല്ലുവഴികള്‍,കാലന്‍കുട ചൂടി നാം മറികടന്ന വരന്പുകള്‍,സെറ്റ് മുണ്ടിനടിയിലെ നീളം കുറഞ്ഞ ചരടുള്ള വെള്ളപ്പാവാട,നിലാവ് കണ്ട് നാം കിടന്ന ദിവാന്‍കോട്ട്...എല്ലാം എം.ജി.റോഡിലെ ഹോര്‍ഡിംഗ്സില്‍ പുനര്‍ജ്ജനിക്കും.
മായ്ച്ചാലും മായ്ച്ചാലും പോകാത്തവിധം കാലം എനിക്കായി നിന്നില്‍ കരുതിവച്ചിട്ടുള്ള പ്രണയത്തിന്‍റെ ആ പാരന്പര്യമണം മാത്രം എന്‍റെ ഹൃദയത്തില്‍ പരക്കും.

Tuesday, February 22, 2011

ചില്ലറ വസ്തുക്കളുടെ വില്‍പ്പനയ്ക്കുശേഷം

ടിയുലഞ്ഞുപോവുകയാണ് പെട്ടിഓട്ടോ.അതിന്‍റെ പിന്നിലെ പെട്ടിയില്‍ കഷ്ടിച്ച് ഒരിടത്ത് കാലുറപ്പിച്ച് ഞാന്‍ നില്‍ക്കുന്നു.എന്‍റെ പെരുവിരലിനറ്റത്തുനിന്ന് എന്‍റെ തലയ്ക്കുമുകളിലേക്ക് വരെ കൂടിക്കിടക്കുകയാണ് എന്‍റെ ഭൂതകാലം.വഴിയാത്രക്കാരുടെ പരിചിതമിഴികളെ നോക്കി മന്ദഹസിച്ചുകൊണ്ട് ഞാന്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കി.അസ്തമയം.അതെ.അസ്തമയമാണിത്.ഞാന്‍ സ്വയം പറഞ്ഞു.
ഒരാഴ്ചക്കാലത്തെ അരിച്ചുപെറുക്കലും അളന്നെടുക്കലും വേര്‍തിരിക്കലും വിലയിരുത്തലുമാണ് ഇപ്പോള്‍ പെട്ടിഓട്ടോയില്‍ കേറി ആക്രിക്കടയിലേക്ക് ആഘോഷമായി പോകുന്നത്.ഇപ്പോള്‍ മനസ്സ് പരമശാന്തം.പക്ഷേ അല്പനിമിഷം മുന്പ് വരെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.നിസ്സാരമാണ് കാരണം.കഴിഞ്ഞ ഇരുത്തിയഞ്ചുകൊല്ലത്തെ ജീവചരിത്രമാണ് വേര്‍തിരിച്ചെടുത്ത് വിധി പറയാനായി മാറ്റിക്കൊണ്ടിരുന്നത്.അതുവേണോ ഇതുവേണോ എന്ന സംശയങ്ങള്‍.ഏത് സൂക്ഷിക്കണം ഏത് കളയണം എന്ന സന്ദേഹങ്ങള്‍..ഒടുവില്‍,വെള്ളത്തൂവല്‍ ഗ്രാമത്തില്‍നിന്നു പോന്നപ്പോള്‍ മുതല്‍ പല കാലത്തും ദേശത്തുമായി നെഞ്ചോടു ചേര്‍ത്തു കൊണ്ടു നടന്നിരുന്നെതെല്ലാം മറ്റൊന്നും നോക്കാതെ ഇവിടെവച്ച് എടുത്തുകളയുക.അതായത് ഗൃഹാതുരവിഷാദിയാവാതെ ഭൂതകാലത്തെ വലിച്ചെറിയുക!
അങ്ങനെ തീരുമാനിച്ചതോടെയാണ് മനസ്സ് ഒന്നു ശാന്തമായത്.പിന്നെ എല്ലാം എളുപ്പത്തില്‍ കഴിഞ്ഞു.കഴിഞ്ഞ കാലത്തിനിടയില്‍,വെള്ളത്തൂവലിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും എറണാകുളത്തും തമിഴ്നാട്ടിലും അടക്കം താമസിച്ച സ്ഥലങ്ങളില്‍ ഒഴിവാക്കാന്‍ മനസ്സു വരാതെ കാത്തുവച്ച തുണ്ടുകടലാസ് അടക്കം എല്ലാം ഞാന്‍ ആക്രിക്കാരനുള്ള ചാക്കില്‍ കേറ്റി.ജീവിക്കാന്‍ അച്ഛന്‍ തരുന്ന പണം മാത്രമുള്ള കാലത്തും പണിയില്ലാത്ത കാലത്ത് ഭക്ഷണം കഴിക്കാന്‍ മിച്ചം വച്ചിരുന്ന പണം മാത്രമുണ്ടായിരുന്ന കാലത്തും സ്വന്തമായി വരുമാനമായിത്തുടങ്ങിയപ്പോള്‍ ആഘോഷത്തോടെ പണം ചെലവിട്ട കാലത്തും വാങ്ങിവച്ച പുസ്തകങ്ങള്‍ എടുത്ത് ആദ്യമേ ചാക്കിലിട്ടു.പിന്നെ ആദ്യത്തെ ആ കുസൃതികള്‍ കോറിയ നോട്ടുബുക്കുകള്‍,അതിലെ നൂറുകണക്കിന് കുത്തിവരകള്‍,മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും പാഠാവലികളും നോട്ടുബുക്കുകളും,ജലച്ചായത്തിലും പോസ്റ്റര്‍ കളറിലും ഇന്ത്യന്‍ ഇങ്കിലും എണ്ണച്ചായത്തിലും വരച്ച ചിത്രങ്ങള്‍,ആല്‍ബം ഡിസൈനിങ് തൊഴിലാക്കിയിരുന്ന കാലത്ത് സ്പ്രേ ഗണ്ണില്‍ ചെയ്ത ആല്‍ബം പേജുകളുടെ മാതൃകകള്‍,പേപ്പര്‍ പള്‍പ്പില്‍ ചെയ്തിരുന്ന കുഞ്ഞുകുഞ്ഞു ശില്പങ്ങള്‍,സ്കൂള്‍കാലത്ത് ഓടിനടന്ന് വാങ്ങിയിരുന്ന വിവിധ മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍,യു.പി സ്കൂള്‍ കാലത്ത് അയല്‍പക്കത്തെ കുട്ടികളുടെ കൂടെ തയ്യാറാക്കിയിരുന്ന കൈയെഴുത്ത് മാസികകള്‍-ഹാ...'ഭാവന'..!അതായിരുന്നു അതിന്‍റെ പേര്.അതിനുമുന്പ് രണ്ടുലക്കം മാത്രം ഇറങ്ങിയ 'പുലരി'യുണ്ടായിരുന്നു-,ഹൈസ്കൂള്‍ കാലത്ത് ഇറക്കിയിരുന്ന ചുമര്‍പത്രമായ 'സംസ്കാര',സോവിയറ്റ് യൂണിയനിന്‍റെയും ജര്‍മ്മന്‍ ന്യൂസിന്‍റെയും ആര്‍ട്ടിസ്റ്റിന്‍റെയും ലക്കങ്ങള്‍,ഫോട്ടോഗ്രാഫി ഭ്രമവും തൊഴിലുമാക്കിയ ചെറിയ കാലത്ത് എടുത്ത ഫോട്ടോകളുടെ അസംഖ്യം നെഗറ്റീവുകളും പ്രിന്‍റുകളും,ആ പഴയ കാനണ്‍ എസ്.എല്‍.ആര്‍ കാമറ,പന്തീരാണ്ടുകൊല്ലത്തെ പ്രധാന ഞായറാഴ്ചപ്പതിപ്പുകള്‍,ദി ഹിന്ദു ഇറക്കിയിരുന്ന ഫോളിയോകള്‍,എണ്‍പതുകളില്‍ എന്‍റെ വല്യമ്മാവനെയും അദ്ദേഹത്തിന്‍റെ സ്കൂളിനെയും പറ്റി മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച സചിത്ര ഫീച്ചറുകള്‍ അടങ്ങിയ പത്രങ്ങള്‍,ഇ.എം.എസും തകഴിയും ഇന്ദിരാഗാന്ധിയും ഒ.വി.വിജയനും മാധവിക്കുട്ടിയും മരിച്ച ദിവസത്തെ എല്ലാ മലയാളപത്രങ്ങളും....എന്നെക്കുറിച്ചു വന്നിട്ടുള്ള ചെറുതും വലുതുമായ കുറിപ്പുകളുടെയും വിവരങ്ങളുടെയും സമാഹരണങ്ങള്‍,ഞാന്‍ കഥ എഴുതിത്തുടങ്ങിയ കാലത്തെ മിനിമാസികകളും വാരാന്തപ്പതിപ്പുകളും(എന്നെ ഞാനാക്കിയ കാലത്തിന്‍റെ സാക്ഷ്യങ്ങള്‍..),ഒരിക്കലും മറക്കാനാവാത്ത സൌഹൃദങ്ങള്‍ എനിക്കെഴുതിയ കത്തുകള്‍,അനേകം പെണ്‍കുട്ടികള്‍ ഓരോ കാലത്തായി എഴുതിയ പ്രേമാഭ്യര്‍ത്ഥനകള്‍,അവരയച്ച ആശംസാകാര്‍ഡുകള്‍...ഞാന്‍ സഹപത്രാധിപരായി പണിയെടുത്ത കാലത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളുടെ ബൈന്‍റ് ചെയ്ത വാള്യങ്ങള്‍,ഇത്രയും കാലം നെഞ്ചോടമര്‍ത്തി വച്ചിരുന്ന എന്‍റെ 'ഡി'യുടെയും '9'ന്‍റെയും 'പകലി'ന്‍റെയും മറ്റ് ഷോര്‍ട്ട്ഫിലിമുകളുടെയും കൈയെഴുത്ത് പ്രതികള്‍,ആദ്യ പുസ്തകമായ 'വെയില്‍ ചായുന്പോള്‍ നദിയോര'ത്തിന്‍റെ ഫസ്റ്റ്പ്രൂഫ്,പണ്ട് കീറിയാലും കളയാന്‍ കഴിയാതിരുന്ന ഇന്ന് കീറും മുന്പേ കളയാന്‍ സാഹചര്യമൊരുക്കുന്ന വസ്ത്രങ്ങള്‍,അടുക്കള പാത്രങ്ങള്‍(അതൊക്കെ നാട്ടിലുപയോഗിച്ചിരുന്നതാണ്.അമ്മയുടെ കൈരേഖ വീണിട്ടുള്ളവ.)പിന്നെ കഴിഞ്ഞ മൂന്നര വര്‍ഷത്തിന്‍റ നീക്കിയിരിപ്പുകളായ വളകളും സ്റ്റിക്കര്‍ കുങ്കുമവും സ്ലൈഡുകളും മറ്റും...അങ്ങനെ അങ്ങനെ ഒത്തിരി ചെറിയ വലിയ കാര്യങ്ങള്‍ ഞാനാ ചാക്കിലേക്ക് തള്ളി.ആഹാ..എന്തൊരു സുഖം..പൂര്‍വ്വഭാരങ്ങളുടെ പ്രൂഫില്ലാതെ ജീവിക്കാന്‍...എന്നു പറയാവുന്ന അവസ്ഥ!
അതൊക്കെയാണ് ഇപ്പോള്‍ സൌത്ത് കളമശ്ശേരിയിലെ ആക്രിക്കടയിലേക്ക് ഇങ്ങനെ ആടിയുലഞ്ഞ് പോകുന്നത്.
എന്‍റെ കാലില്‍ എന്തോ തട്ടി.ഞാന്‍ നോക്കി.പേനകള്‍ ഇട്ടുവച്ചിരുന്ന പാത്രമാണ്.ആരോ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ച് തന്നത്.അതായത് ആരുടെയോ സ്നേഹം,കരുതല്‍.എല്ലാം ഇത്രയേയുള്ളൂ..ഒരു പരിധിവരെ സൂക്ഷിക്കും.നിവൃത്തിയില്ലെന്നായാല്‍ ഉപേക്ഷിക്കും.ഞാന്‍ ചെയ്യുന്നതും അതുതന്നെയല്ലേ..?
അഞ്ചുകൊല്ലമായി ഞാന്‍ കാണുന്ന മരങ്ങള്‍ക്കിടയിലേക്ക് സൂര്യന്‍ ചരിയുന്നു.ഈ കാഴ്ചകളും അവസാനിക്കുകയാണ്.അഞ്ചുവര്‍ഷമായി താമസിച്ച വീടിനോടും വിട.ഓര്‍മ്മകള്‍...ഓര്‍മ്മകള്‍...!ഉയര്‍ച്ചകളും വീഴ്ചകളും വല്ലായ്മകളും കണ്ട വീട്.കിട്ടിയിട്ടുള്ള പുരസ്കാരങ്ങളും തിരസ്കാരങ്ങളും കാത്തുവച്ചിരുന്ന വീട്.സ്വപ്നവും കാമവും കണ്ട വീട്.വിശപ്പും വെറുപ്പും കണ്ട വീട്.എന്നോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്ത വീട്. ശരിക്കും ഇതുവരെ ഞാന്‍ താമസിച്ചതില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച വീട്.ഇത്രയും നല്ല വീട്ടുടമസ്ഥരെ ഇനി കിട്ടുകയില്ലെന്ന് എനിക്കുറപ്പുണ്ടാക്കിയ വീട്.(ഇപ്പോള്‍,വാടക കൂട്ടലില്ല,എഗ്രിമെന്റില്ല..ഉടന്പടികളില്ലാത്ത സ്നേഹം മാത്രം.ഒഴിപ്പിക്കാനുള്ള അനേകം സാഹചര്യങ്ങള്‍ വന്നിട്ടും എന്നെ അസ്വസ്ഥരാക്കാതിരുന്ന
നല്ല മനുഷ്യര്‍!ബെന്നിച്ചേട്ടനും കുടുംബത്തിനും എന്നുമെന്നും നന്ദിയും കടപ്പാടും ഹൃദയത്തിലിടവും.)

പെട്ടിഓട്ടോ കടയിലെത്തി.അവിടുത്തെ ജോലിക്കാര്‍ ഓരോ ചാക്കുകളായി നിലത്തിറക്കി.ഇത്രകാലം കുഞ്ഞുങ്ങളെപ്പോലെ ഞാന്‍ ഓമനിച്ചു പെരുമാറിയിരുന്ന വസ്തുക്കളാണ് അവരെടുത്ത് നിര്‍ദ്ദാക്ഷിണ്യം നിലത്തെറിയുന്നത്.!വിഷമം തോന്നിയില്ല.ഇനി വിഷമിക്കരുത് എന്ന് മനസ്സിനോട് പറഞ്ഞിരുന്നു.മനസ്സ് അത് നന്നായി അനുസരിക്കുന്നുമുണ്ട്.സ്വന്തമായി ഒന്നുമില്ലാത്തവന് ഒന്നിനും അര്‍ഹതയില്ല.ആര്‍ക്കുവേണ്ടിയും അവന്‍ ഒന്നും കരുതിവയ്ക്കേണ്ടതുമില്ല.അവന്‍ കൂട്ടിവച്ചിട്ടുള്ള ജീവിതം കണ്ട് ആരും ആനന്ദിക്കുകയോ അഭിമാനിക്കുകയോ അധികമായി സ്നേഹിക്കുകയോ ചെയ്യുകയുമില്ല.വലുതാകുന്പോള്‍ രക്തബോധത്തോടെ തൊട്ടുനോക്കാനായി ഒരു കുട്ടിയും മുതിരുകയുമില്ല..!ഒന്നുമില്ലാത്തവന്‍ അങ്ങനെയൊക്കെ സ്വപ്നം കാണുന്നതുതന്നെ തെറ്റ്. പിന്നെ എന്തിനാണ് ഭൂതകാലം...??
പെട്ടി ഓട്ടോ ശരിക്കും കാലിയായി.ഞാന്‍ ഓട്ടോയിലെ ആ ശൂന്യതയിലേക്ക് നോക്കി.ഒരു കുഞ്ഞുചെപ്പിലെ സിന്ദൂരം മാത്രം തട്ടിമറിഞ്ഞുകിടക്കുന്നു.എവിടെവച്ച് ഏതുദിവസം വാങ്ങിയതാവാം അത്..?ഓര്‍മ്മ വന്നില്ല.
ഓട്ടോഡ്രൈവര്‍ ഒരു ബ്രഷെടുത്ത് പെട്ടിക്കകം അടിച്ചു നിലത്തേക്കിട്ടു.സിന്ദൂരം മണ്ണില്‍ തൂവി.ഒപ്പം രണ്ട് ഫാന്‍സി വളകളും.ഓട്ടോക്കാരന് ഞാന്‍ കാശ് കൊടുത്തു.അയാള്‍ അലക്ഷ്യമായി വണ്ടി പിന്നിലേക്കെടുത്തപ്പോള്‍ അറിയാതെ ഞാന്‍ ഒച്ചവച്ചുപോയി.
അയാള്‍ വണ്ടി ചവിട്ടി നിര്‍ത്തി വേവലാതിയോടെ തല പുറത്തേക്കിട്ട് എന്‍റെ കാലിലേക്ക് നോക്കി ചോദിച്ചു.
''കാലേ മുട്ടിയോ..?''
ജാള്യം മറച്ച് ഞാന്‍ പറഞ്ഞു.
''ഇല്ല..എങ്കിലും ഇത്തിരി മാറ്റിയെടുത്തോളൂ.."
വീലുകള്‍ വളയില്‍ കയറാതെ മാറിപ്പോകുന്നത് ഞാന്‍ ഉള്ളിലൂറിയ ആശ്വാസത്തോടെ നോക്കിനിന്നു.പിന്നെ റോഡരികിലെ പൊടിയില്‍ കിടന്ന ആ വളകള്‍ എടുത്ത് തുടച്ചിട്ട് ആക്രിക്കാരന്‍ പലവകകള്‍ക്കായി വിരിച്ച ചാക്കിലെ അനേകമനേകം തട്ടുമുട്ടുസാധനങ്ങള്‍ക്കിടയിലേക്കിട്ടു.
''തീര്‍ന്നോ..?''
കടക്കാരന്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു.
''ഇതോടെ എല്ലാം തീര്‍ന്നു.''
അയാള്‍ എന്‍റെ ഭൂതകാലത്തെ തരം തിരിച്ചു വിലകൂട്ടി.
കീറക്കടലാസ് എന്ന ഗണത്തില്‍ എന്‍റെ എല്ലാ കൈയെഴുത്തുപ്രതികളും വന്നുപെട്ടു.അതിന് വിലകുറവാണ്.ഞാന്‍ സമ്മതിച്ചു.ഒടുവില്‍ അയാള്‍ കണക്കുകൂട്ടി കടലാസ്സ് കാണിച്ചു.ഞാന്‍ പറഞ്ഞു.
''തന്നാമതി.എനിക്കു ബോദ്ധ്യമാണ്.''
എന്‍റെ ജീവിതം എനിക്കു ബോദ്ധ്യമുള്ളതായിരുന്നു.എന്‍റെ ഭൂതകാലവും.അയാള്‍ തന്ന പണം വാങ്ങി ഞാന്‍ ഇരുട്ടു പറ്റിയ വഴികളിലൂടെ വീട്ടിലേക്ക് നടന്നു.അതിപ്പോള്‍ വീടാണോ..?അതോ വീടിന്‍റെ ഫ്രെയിമോ..!
പിറ്റേന്നുരാത്രി പതിവുപോലെ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം നിലത്തുവിരിച്ച ദിനപ്പത്രത്തില്‍ വച്ച് ഞാന്‍ കഴിക്കാനിരുന്നു.ഇപ്പോള്‍ ചുറ്റിനും ഒന്നുമില്ല.ശൂന്യമായ വീട്.കഴിക്കാനുള്ള ഭക്ഷണവും ആ പത്രക്കടലാസും മാത്രം.ഞാനിട്ടിരിക്കുന്ന വേഷവും.ബാക്കിയെല്ലാം ഞാന്‍ അമ്മയുടെ അടുത്തേക്ക് മാററിയിരുന്നു.അതായത് സുസ്മേഷ് എന്ന വ്യക്തി ഇപ്പോള്‍ ഒരു അലമാരയില്‍ കൊള്ളാനുള്ള അത്രയും ചെറിയ ജീവിതമുള്ള ഒരുവനായിരിക്കുന്നു.ഇടാനുള്ള വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും പുരസ്കാരഫലകങ്ങളും ഈ ലോപ്ടോപ്പും മാത്രം.എവിടേക്കു വേണമെങ്കിലും പോകാം.തയ്യാറെടുപ്പുകളുടെ ആവശ്യമില്ല.മനുഷ്യന്‍ വരുന്നതും കൈയിലൊന്നുമായിട്ടല്ലല്ലോ.
ഇന്നുരാത്രികൂടി 'റോസ് വില്ല'യില്‍ തനിയെ കഴിയണമെന്നത് എന്‍റെ വാശിയായിരുന്നു.
ഭക്ഷണം കഴിച്ചശേഷം നിലാവ് കണ്ട് ഞാന്‍ ടെറസ്സില്‍ പോയിരുന്നു.കിഴക്കേമാനത്ത് ദിവസങ്ങള്‍ക്കുശേഷം ചന്ദ്രനുദിക്കുന്നു.ഞാന്‍ അകത്തുപോയി നിലത്ത് പത്രം വിരിച്ച് കിടന്നു.അകത്തേക്ക് പതിവുപോലെ നിലാവ് കടന്നുവന്നിട്ടുണ്ട്.മനസ്സിലോര്‍ത്തു.
നാളെമുതല്‍ ഞാനിവിടെ ഇല്ല.
അതിനിയും ഞാന്‍ തീരുമാനിച്ചിട്ടില്ല.അല്ലെങ്കിലും വ്യക്തിജീവിതത്തില്‍(എഴുത്തുജീവിതത്തിലല്ല)ഞാനെടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം തെറ്റായിരുന്നതിനാല്‍ ഇനിയും ഞാനെടുക്കുന്ന തീരുമാനത്തിനെന്താണ് പ്രസക്തി..!?എല്ലാം വരുന്നതുപോലെ വരട്ടെ.
ഞാന്‍ നിലാവില്‍ കുളിര്‍ന്നു കിടന്നു...അകമേ എല്ലാത്തിനോടും നന്ദിയും യാത്രയും വിനീതമായി പറഞ്ഞുകൊണ്ട് വെറും നിലാവില്‍ വെറുതെ....!

Monday, February 7, 2011

ഇപ്പോള്‍ ആ മൃതദേഹം മെല്ലെ പുഞ്ചിരിക്കുകയായിരിക്കാം...


രുളുകീറി മടങ്ങുകയാണു നാം

കയറിയ മൌനപേടകം;ദൂരെ വന്‍

നഗരകോലാഹലത്തില്‍ ലയിക്കുവാന്‍

മറവിയിലേക്കിറങ്ങി മറയുവാന്‍.

പി.പി.രാമചന്ദ്രന്‍/ജലസ്തംഭം/1989

ന്ന് എന്‍റെ പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉപവസിക്കുകയാണ്.രണ്ടുമക്കളുടെ അമ്മ,കുടുംബിനി.കാലത്ത് മക്കളെയും ഭര്‍ത്താവിനെയും അതാതിടങ്ങളിലേക്ക് പറഞ്ഞയച്ചശേഷം സ്വതീരുമാനപ്രകാരം അവര്‍ ഉപവസിക്കുന്നു.ഒരു sms ന്‍റെ പ്രേരണയിലാണ് ഉപവാസം.സാധാരണ സെക്രട്ടറിയേറ്റ് നടക്കല്‍ മാധ്യമങ്ങള്‍ക്കുമുന്നിലാണ് പൊതുപ്രവര്‍ത്തകരുടെ ഉപവാസം നടക്കാറ്.അതല്ലാതെ ആരെങ്കിലും വീട്ടില്‍ ഉപവസിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ വരെ അങ്ങനെ ചെയ്യാറില്ലെന്നാണ് തോന്നുന്നത്.

അതവിടെ നില്‍ക്കട്ടെ,ഇവരുടെ ഉപവാസം വളരെ ചെറിയൊരു കാര്യത്തിനാണ്.ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു അവിവാഹിതയുവതി മരണമടഞ്ഞിരുന്നു. സൌമ്യ എന്നാണ് കുട്ടിയുടെ പേര്.ദിവസങ്ങള്‍ക്കുമുന്പ് ആ കുട്ടി എറണാകുളത്തുനിന്ന് പാസഞ്ചര്‍ തീവണ്ടിയില്‍ വീട്ടിലേക്കു വരും വഴി ആളൊഴിഞ്ഞ ലേഡീസ് കന്പാര്‍ട്ട്മെന്‍റില്‍ വച്ച് ഒരു മനുഷ്യനാല്‍ ആക്രമിക്കപ്പെടുകയും ഗുരുതരാവസ്ഥയില്‍ ആശുപ്തിയില്‍ ചികിത്സയ്ക്ക് വിധേയയാവുകയുമായിരുന്നു.ചികിത്സയ്ക്കിടയിലാണ് സൌമ്യ മരണമടഞ്ഞത്.

നമ്മുടെയൊക്കെ ജീവിതത്തിലെ തിരക്കുകളും അത്യാവശ്യങ്ങളും രാജ്യം നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളുമൊക്കെ വച്ചു നോക്കുന്പോള്‍ ഇത് ഭരണകൂടത്തിനും നമുക്കും അത്ര സാരമുള്ളതാവാനിടയില്ല.പ്രത്യേകിച്ചും റൌഫിനെയും കുഞ്ഞാലിക്കുട്ടിയെയും വി.എസിനെയുമൊക്കെ വച്ച് ഗോപീകൃഷ്ണന്‍ സമാഗമം കാര്‍ട്ടൂണ്‍ വരയ്ക്കാനിടയായ കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്പോള്‍. പോരാത്തതിന് പി.ശശിയുടെ തൂലികാസൌഹൃദവും പുരോഗമിക്കുന്നു.അതിനിടയില്‍ ഒരു സൌമ്യയുടെ മരണത്തില്‍ നമുക്ക് ആകുലപ്പെടാന്‍ ഒന്നുമുണ്ടാവില്ല.നേരവുമുണ്ടാവില്ല.പക്ഷേ,ദാരുണമായ ആ മരണം മനസ്സാക്ഷിയുള്ള പലരെയും ആഴത്തില്‍ മുറിവേല്‍പ്പിച്ചു.അതുകൊണ്ടാണ് സൌമ്യയുടെ ബന്ധുവോ കൂട്ടുകാരിയോ അയല്‍ക്കാരിയോ ഒന്നുമല്ലാത്ത ഒരു വീട്ടമ്മ ഉപവസിക്കാന്‍ തീരുമാനിക്കുന്നത്.അവര്‍ മാത്രമാവില്ല,ഹൃദയമുള്ള ആണുങ്ങളും പെണ്ണുങ്ങളും വേദനിക്കുന്നുണ്ടാവും.ആഹാരവും ഇന്നൊരു ദിവസം ഉപേക്ഷിക്കുന്നുണ്ടാവും.എനിക്കിന്നലെ പലരയച്ച ധാരാളം sms കള്‍ കിട്ടി.അതിലൊന്ന് ക്രൂരമായ ആക്ഷേപഹാസ്യമെന്നോ ഒഴിഞ്ഞുമാറലെന്നോ തോന്നിപ്പിച്ചേക്കാവുന്ന ഒരു സന്ദേശമാണ്.a journey from hell to heaven.thanks,railway.ഇതായിരുന്നു ആ സന്ദേശം.

ഒന്നാലോചിച്ചാല്‍ ഇഹലോകമെന്ന നരകത്തില്‍ നിന്ന്,മാനസികവൈകൃതമുള്ളവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനുമായ അത്തരം അനേകം 'മനുഷ്യ'രുടെയിടയില്‍നിന്ന് സൌമ്യ സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കുന്നു.പക്ഷേ ഈ ഭൂമിയിലെ സുഖദുഖങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ നമുക്ക് എന്ത് അധികാരം..?ജീവിതം നിഷേധിക്കുന്നതില്‍പരം നികൃഷ്ടത എന്താണ്..?

ഈ വിഷയത്തില്‍ നമ്മള്‍ വല്ലാതെ വേദനിച്ചു.സംഭവിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന സാഹചര്യങ്ങളെ പറ്റി ഏറെ ചര്‍ച്ച ചെയ്തു.കുടുംബത്തിന് 'നഷ്ടപരിഹാരം' വാങ്ങിക്കൊടുത്തു.റെയില്‍വേ വനിതാ കന്പാര്‍ട്ട്മെന്‍റ് വണ്ടിയുടെ നടുവിലാക്കാന്‍ തീരുമാനിച്ചേക്കും.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുത്തേക്കും.പൊലീസ് ഏറ്റവും കാര്യക്ഷമമായി പ്രതിയെ പിടികൂടി.എല്ലാം ശരിയാണ്,പക്ഷേ ചിലരെങ്കിലും ആലോചിക്കാതെ പറഞ്ഞു.ഇത് മൃഗീയമായ സംഭവം എന്ന്.!

ഞാന്‍ പറയുന്നു.മൃഗങ്ങളെ നിങ്ങള്‍ അപമാനിക്കരുത്.നിങ്ങള്‍ക്ക് അവയെപ്പറ്റി അറിയില്ലെങ്കില്‍,മൃഗീയം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ദയവായി അസ്ഥാനത്തു പ്രയോഗിക്കരുത്.കാരണം ആ അധമന്‍ ചെയ്തതുപോലെ ഒരു മൃഗവും സഹജീവികളോട് പെരുമാറുകയില്ല.ജന്തുക്കള്‍ വിശന്നിരിക്കുന്പോഴാണ് ഇര തേടാറുള്ളത്.അതും അതിന് വിധിച്ചിട്ടുള്ള ഇരയെ മാത്രം.ഒരു നേരം പോക്കിന് സിംഹം മുയലിനെ പിടിക്കാറില്ല.കൊല്ലാനുള്ള കഴിവ് പോയോ എന്നു പരിശോധിക്കാന്‍ പുലി മാനിനെ പിടിക്കാറില്ല.അതേപോലെ,ഇണയുടെ വിസ്സമ്മതത്തില്‍ ജന്തുക്കള്‍ കാമം തീര്‍ക്കാറില്ല.ലൈംഗികശേഷി അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ മൃഗങ്ങള്‍ ശവഭോഗം ചെയ്യാറില്ല.ഭോഗാസക്തി ഉണ്ടാവുന്പോള്‍ തലയ്ക്കടിച്ച് മൃതപ്രായയാക്കിയിട്ടിട്ട് ഇരയുടെ ഒഴുകുന്ന രക്തത്തില്‍ ചവിട്ടി കാമം തീര്‍ക്കാറില്ല.പ്രജനനത്തിന് കാലമാവുന്പോള്‍ പരസ്പരാകര്‍ഷണത്തിലൂടെ ഇണകളെ കണ്ടെത്തുകയാണ് മൃഗങ്ങള്‍ ചെയ്യാറ്.അല്പം ആലോചിച്ചാല്‍ മനസ്സിലാകും.ജന്തുക്കള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്യാറില്ല.അത് മനുഷ്യന് മാത്രമേ പറ്റൂ.

നമ്മുടെയിടയില്‍ ഇതൊക്കെ ചെയ്യുന്നത് മനുഷ്യരാണ്.സംസ്കാരസന്പന്നരായ മനുഷ്യര്‍.വിദ്യാഭ്യാസവും ലോകപരിചയവുമുള്ള മനുഷ്യര്‍.തലച്ചോറിന് വികാസമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള മനുഷ്യര്‍.അതിനാല്‍ ദയവായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ അവയെ മൃഗീയമെന്നു വിളിക്കരുത്.മൃഗങ്ങളെ നമ്മുടെ അറിവില്ലായ്മ കൊണ്ട് അപമാനിക്കരുത്.

പൊലീസിനോട് ഒരു കാര്യം.

പ്രതിയെ ജനരോഷം ഭയന്ന് തെളിവെടുപ്പിനു കൊണ്ടുവരാതിരുന്നല്ലോ.കഷ്ടമായിപ്പോയി.കല്ലെടുത്ത് കാത്തുനിന്ന ജനങ്ങള്‍ക്കുമുന്നിലേക്ക് അയാളെ കൊണ്ടുവരണമായിരുന്നു.അയാള്‍ ദയയര്‍ഹിക്കാത്ത വിധം വധിക്കപ്പെടാന്‍ അര്‍ഹനാണ്.അയാളെ ജനം കൊന്നാല്‍ നിങ്ങളില്‍ച്ചിലര്‍ക്ക് കൃത്യവിലോപത്തിന് സസ്പെന്‍ഷന്‍ കിട്ടുമായിരിക്കും.എങ്കിലും ചെയ്ത പ്രവര്‍ത്തിയെപ്പറ്റി ഓര്‍ത്ത് അഭിമാനിച്ച് വീട്ടിലിരിക്കാമായിരുന്നു.അന്വേഷണം കഴിയുന്പോള്‍ എന്തായാലും ജോലി കിട്ടാതിരിക്കില്ലല്ലോ.പിന്നെ നാട്ടില്‍ നടക്കുന്ന പല കൊള്ളരുതായ്മകളെയും വച്ചു നോക്കുന്പോള്‍ ഇതൊക്കെയല്ലേ സാറേ എളുപ്പത്തില്‍ പറ്റുക..?അല്ലാതെ വി.എസ്. പറയുന്ന പോലത്തെ ഉന്നതന്മാരുടെ കൈയാമകലാപരിപാടികളൊന്നും സാധാരണ പൊലീസുക്കാര്‍ക്കോ നാട്ടുകാര്‍ക്കോ നടപ്പാക്കാനാവുന്നതല്ലല്ലോ.അതുകൊണ്ട് ചിന്തിച്ചുപോയെന്നുമാത്രം.പിന്നെ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും നിഷേധിക്കാന്‍ പാടില്ലെന്ന കാര്യം.പത്രം വായിക്കുന്നവരോട് അതിനെപ്പറ്റി വല്ലതും പറയേണ്ടതുണ്ടോ..!!

ഉപവസിക്കുന്ന സുഹൃത്തേ...ഈ നേരം വരെ-ഉച്ച ഒന്നര മണി-ഞാനും ഒന്നും കഴിച്ചിട്ടില്ല.ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കാമെന്ന് കാലത്തുതന്നെ ഞാനും വിചാരിച്ചു.അത്രയേ ചിലപ്പോള്‍ എനിക്കു കഴിയൂ..എങ്കിലും നമുക്കിടയില്‍ വലിയ വ്യത്യാസമുണ്ട്.താങ്കള്‍ അത് സ്വകാര്യമായി നിര്‍വ്വഹിക്കുന്നു.മനപ്പൂര്‍വ്വമുള്ള ഉദ്ദേശത്തോടെ അല്ലെങ്കിലും ഞാനിത് പരസ്യപ്പെടുത്തുന്പോള്‍ എന്‍റെ പ്രതിച്ഛായയില്‍ മാറ്റം വരും. അതോടെ എന്‍റെ പ്രവൃത്തിയുടെ മാഹാത്‌മ്യം നഷ്ടമാകും.എങ്കിലും ഇപ്പോളെനിക്ക് താങ്കളെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. മൃതദേഹത്തിന്‍റെ ദേഹപരിശോധനയും ആന്തരികാവയവങ്ങളുടെ പരിശോധനയും നിയമാനുസൃതമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷേ നടന്നു കഴിഞ്ഞ ഈ സമയത്ത് ആഹാരം കഴിച്ച് തൃപ്തരായിരിക്കുവാന്‍ നമുക്കാര്‍ക്കും മനസ്സു വരികയില്ല.എനിക്കു കഴിയുമോ..?ഇല്ല എന്നു മനസ്സിലായി.അങ്ങനെ ചിന്തിക്കുവാനും ഈ കുറിപ്പ് എഴുതുവാനും എന്നെ പ്രേരിപ്പിച്ചത് താങ്കളാണ്.

Wednesday, February 2, 2011

ജനുവരിയുടെ വിഷാദം

ഴിഞ്ഞ ഒരു മാസം ലോകത്ത് എന്തെല്ലാമാണ് സംഭവിച്ചത്..?ലോകത്ത് മാത്രമല്ല,നമ്മുടെ ഇന്ത്യയിലും കേരളത്തിലും ..?കുറെയൊക്കെ എനിക്കറിയാം.കുറേ കാര്യങ്ങള്‍ നമ്മളറിഞ്ഞിട്ടും കാര്യമില്ലാത്തവ.ചിലത് നമ്മളറിയാതെ പോകുന്നവ.എന്നെസംബന്ധിച്ച്‌ ഇവിടെ തിരക്കുകളായിരുന്നു.കിളിയച്ഛനും കിളിയമ്മയ്ക്കും പിന്നെ എനിക്കും.ആ ദിവസങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.അങ്കണവാടിയും വിമാനത്താവളവും ഒന്നിച്ച് ചേര്‍ന്നതായിരുന്നു ഈ വീട്...!
ഇനി ക്രമത്തില്‍ത്തന്നെ പറയാം.പുതുവര്‍ഷത്തിന് ഞാന്‍ ചെന്നൈയിലായിരുന്നു.ഡിസംബര്‍ 30ന് പോയതാണ്.ജനുവരി 3നാണ് മടങ്ങിയെത്തിയത്.അപ്പോളേ എനിക്കു തോന്നിയിരുന്നു.തിരിച്ചുവരുന്പോള്‍ കണ്‍മണികള്‍ രണ്ടെണ്ണം കാണുമെന്ന്.പിങ്ക് നിറമുള്ള രണ്ട് മുട്ടകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്.അവയ്ക്ക് മാറിമാറി രണ്ടുപേരും അടയിരിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ പോയതും.ഒരു സമാധാനമുണ്ടായിരുന്നു.ഞാന്‍ ചെന്നൈയ്ക്ക് പോകുന്ന ദിവസം കിട്ടു കയറിവന്നിരുന്നു.ദയനീയമായിരുന്നു വരവ്.ആദ്യം വാതില്‍ പാതി മറഞ്ഞുനിന്ന് ഒന്നു കരഞ്ഞു.ഞാനീ ലാപ്പില്‍ നിന്ന് തലപൊക്കി നോക്കിയപ്പോള്‍ ആളൊന്നുകൂടി കരഞ്ഞിട്ട് അകത്തേക്കു കയറാതെ പുറത്തേക്കിറങ്ങി.എന്തോ പന്തികേട് മണത്ത ഞാന്‍ പിന്നാലെ ചെന്നു.സംശയിച്ചതുതന്നെ.തലേദിവസത്തെ പോരാട്ടത്തില്‍ എതിരാളി കിട്ടുവിനെ മലര്‍ത്തിയടിച്ചിരിക്കുന്നു.തുട പൊളിഞ്ഞിട്ടുണ്ട്.പിന്നിലെ ഇടംകാല്‍ നിലത്തുകുത്തുന്നില്ല.ഞാന്‍ പിന്നിലുണ്ടെന്നറിഞ്ഞതേ ടെറസില്‍ കിടന്ന് മൂപ്പര് പൊളിഞ്ഞ ഭാഗം കാണിച്ചുതന്നു.പരമാവധി ദയനീയത മുഖത്തുകൊണ്ടുവന്ന് എന്നെ നോക്കുന്നുമുണ്ട്.ഞാന്‍ അടുത്തുചെന്നിരുന്നു.തൊടാന്‍ സമ്മതിക്കുന്നില്ല.സര്‍ ചാത്തുവിന്‍റെ കാര്യസ്ഥനെപ്പോലെ കിട്ടുവിന്‍റെ കാലിനും മുടന്തായി.ഞാനവനോട് പറഞ്ഞു.
''നന്നായെടാ.ഇനിയെങ്കിലും നിന്‍റെ എടുത്തുചാട്ടം കുറേ കുറയുമല്ലോ.''
മൂന്നുകാലുകൊണ്ട് ഞാന്‍ എടുത്തുചാട്ടം തുടരും എന്ന മട്ടില്‍ കിട്ടു വയലിന്‍ വായിച്ചു.അവനെ എനിക്കറിയാം.പൂച്ചയാണെന്നു പറഞ്ഞിട്ടോ ഒരു തുള്ളി പുലിയാണെന്നു പറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല.'മനുഷ്യത്വം' കൂടുതലാണ്.ചെന്ന് കടി വാങ്ങും.അടിയും കടിയും കിട്ടിയാല്‍ കുറേ ദിവസത്തേക്ക് പരമസാത്വികനാണ് തന്പുരാന്‍.എവിടെയെങ്കിലും കിടന്നോളും.കടിച്ചുനേടാന്‍ ത്രാണിയില്ലെങ്കില്‍ അവന് വഴക്കിന് പോകേണ്ട കാര്യമുണ്ടോ.?അതവന്‍ അനുസരിക്കുകയുമില്ല.ഇത്തവണ ഞാന്‍ മഞ്ഞള്‍പ്പൊടി കലക്കി ധാര കോരാനൊന്നും നിന്നില്ല.ഒന്നാമത് എനിക്കു നേരമില്ല.രണ്ടാമത്,പലതവണയായി ഈ കലാപരിപാടി.നാണമില്ലാതെ കടി വാങ്ങി വരിക,കരഞ്ഞുനിലവിളിച്ച് സഹതാപം വാങ്ങിക്കൂട്ടി ലീവെടുത്ത് കിടക്കുക..
കിട്ടുവിനും മനസ്സിലായിക്കാണണം.ട്രീറ്റ്മെന്‍റ് തനിയെ നടത്തിക്കോളാം എന്ന മട്ടില്‍ ഓട്ടോറിക്ഷ പോകുംപോലെ മൂന്നുകാലില്‍ കോണിയിറങ്ങി ആള്‍ താഴേക്ക് പോയി.ഞാന്‍ അകത്തുകയറി യാത്രക്കായി ബാഗ് ഒരുക്കുന്പോള്‍ ജനല്‍പ്പടിയിലെ കിളിക്കൂട്ടില്‍ പൊരുന്നക്കിളി അര്‍ദ്ധസമാധിയില്‍ ഇരിപ്പുണ്ട്.ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു.എന്തായാലും കിട്ടുവിന് ഒരാഴ്ച സിക്ക് ലീവാണ്.സമാധാനം.(കതകടച്ചുപോയാല്‍ അവന് അകത്തു കയറാന്‍ പറ്റില്ല.അതറിയാം.എന്നാലും വെടിമരുന്നും തീയുമല്ലേ..!)
ചെന്നൈയില്‍നിന്ന് ഞാന്‍ എത്തിയത് പുലര്‍ച്ചെയാണ്.മുറി തുറന്ന് നോക്കുന്പോള്‍ കൂട്ടില്‍ ആരുമില്ല.മുറി കുറേക്കൂടി വൃത്തികേടായി ഏതാണ്ട് ആഴ്ചച്ചന്ത പോലായിട്ടുണ്ട്.നേരിയ പരിഭ്രമത്തോടെ ഞാന്‍ ജനല്‍പ്പടിയില്‍ പിടിച്ചുകയറി കൂട്ടിലേക്കുനോക്കി.ഒന്നും കാണാനില്ല.കൂട്ടില്‍ എന്‍റെ സ്പര്‍ശനമോ മണമോ ഏല്‍ക്കേണ്ടെന്നു കരുതി വളരെ ശ്രദ്ധിച്ചാണ് എന്‍റെ നീക്കം.ഒന്നും കാണാതെ വന്നപ്പോള്‍ പലവിധ ആശങ്കകളോടെ ഞാന്‍ കുറേക്കൂടി അടുത്തേക്കുചെന്ന് നോക്കി.അദ്ഭുതം!ഒരു മുട്ട അവിടെത്തന്നെയുണ്ട്.അതിനരികില്‍ അറപ്പിക്കുന്ന കറുപ്പും ചുവപ്പും കലര്‍ന്ന നിറത്തില്‍ ഒരു വസ്തു.!ഒരു മാംസത്തുണ്ട്!
ഇതാണോ കിളിക്കുഞ്ഞ്...?ഇതാണോ തൂവലും ഭംഗിയും വന്ന് പക്ഷിയായി ലോകത്തെ മയക്കുന്നത്..!
സത്യത്തില്‍ എനിക്ക് നിരാശയും വേദനയും തോന്നി.അതൊരു പുഴുവിനോളമേ ഉണ്ടായിരുന്നുള്ളൂ.അതാണെങ്കില്‍ വലിയ തല വലിച്ച് പൊട്ടാത്ത മുട്ടയ്ക്കുമേലെ ഇഴയുന്നു.ചിറകെന്നോ വയറെന്നോ പറയാനാവാത്ത ഭാഗം വികൃതമായി അനങ്ങുന്നതിനെയാണ് ഞാന്‍ ചലനമെന്നു പറഞ്ഞത്.
ഞാന്‍ താഴെയിറങ്ങി.പിന്നെ ആലോചിച്ചു.ഞാനുണ്ടായപ്പോഴും ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാം.ചോരയും നീരും പുരണ്ട് പൊക്കിള്‍‍ക്കൊടിയുടെ ഭാരവും വേദനയുമായി കണ്ണുതുറക്കാനാവാതെ ഞാനും കിടന്നിട്ടുണ്ടാവുമല്ലോ.എന്നെക്കണ്ടും ആരെങ്കിലും മുഖം തിരിച്ചിട്ടുണ്ടാവാം. എല്ലാ പിറവിയും വൈരൂപ്യത്തില്‍ നിന്നാവാം സൌന്ദര്യമെന്ന അഹന്തയിലേക്ക് വളരുന്നത്.അവസാനം ചെന്നെത്തുന്നതും വൈരൂപ്യമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണല്ലോ.സുന്ദരനും സുന്ദരിയുമായി മരിക്കുന്നവര്‍ അപൂര്‍വ്വമല്ലേ..?
അടങ്ങിയിരിക്കാനാവാതെ പിറ്റേന്നും ഞാന്‍ കയറിനോക്കി.'അത് ' അതേപടി തന്നെ.ഇണപ്പക്ഷികള്‍ വരുന്നുണ്ട്.എന്നെ അവഗണിച്ചും ഭയപ്പെടാതെയും തീറ്റ കൊടുക്കുന്നുണ്ട്.കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ.ഞാന്‍ വിചാരിച്ചു.രണ്ടുദിവസം കൂടി കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടയും വിരിഞ്ഞു.ആദ്യത്തെ കുഞ്ഞ് ഇപ്പോള്‍ അല്പം കിളിരൂപമായിട്ടുണ്ട്.ഇറച്ചിനിറം മാഞ്ഞു.രോമത്തിന്‍റെ ഒരു കറുപ്പ് പരന്നിട്ടുണ്ട്.സമാധാനമായി.ഇപ്പോള്‍ തീറ്റകുടിയാണ് പരിപാടി.രണ്ടാളും മത്സരിച്ചാണ് തീറ്റ കൊണ്ടുവരുന്നത്.വായ മാത്രം പാതാളം പോലെ വലുതായ ജീവി പിറന്നുവീണ കിളിക്കുഞ്ഞാവാം!
അങ്ങനെ എന്‍റെ നേരംപോക്ക് ഇതായി.എന്‍റെ ചലനം അറിഞ്ഞാലും കുഞ്ഞുങ്ങള്‍ വായ തുറന്ന് മേലേക്ക് നോക്കി തൊണ്ടയില്‍നിന്ന് ഒച്ചയുണ്ടാക്കും.പരമദയനീയമായ യാചന.അതിന്‍റെ ലോകത്ത് ചലനവും ശബ്ദവും എന്നാല്‍ ഭക്ഷണത്തിന്‍റെ വരവാണ്.!ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.കിളിയച്ഛനും കിളിയമ്മയും രാത്രി കൂട്ടില്‍ മക്കള്‍ക്ക് കൂട്ടിരിക്കുന്നില്ല.നേരം പുലരുന്പോഴാണ് രണ്ടാളും വരുന്നത്.അതു കൊള്ളാമല്ലോ എന്നായി ഞാന്‍.പിന്നെ പെട്ടെന്നാണ് വീട് അങ്കണവാടിയായത്.ആദ്യം പിറന്ന കുട്ടി കൂടിന് വെളിയിലേക്ക്,തൊട്ടടുത്തുള്ള അഴയിലേക്ക് പറന്നു.!അതോ ചാടിയതോ.?പിന്നെ കിളിയച്ഛന്‍റെ (അമ്മയുടെ) പരിശീലനപ്രക്രിയയാണ്.അടുത്ത അഴയിലിരുന്ന് ഒരുതരം ഒച്ചയുണ്ടാക്കിക്കൊണ്ട് അത് ചിറകടി കാണിച്ചുകൊടുക്കും.കുഞ്ഞിനുമുന്നില്‍ അങ്ങുമിങ്ങും പറന്നുകാണിക്കും.അസ്സല്‍ മിമിക്രി.നോക്കിനില്‍ക്കുന്ന നമ്മള്‍ അറിയാതെ ഇരുകൈയുമിളക്കിപ്പോകും.എന്നാലും കിളിക്കുഞ്ഞ് ഇതെല്ലാം നോക്കി കാലത്തു 'രണ്ടെണ്ണം' വിട്ടവനെപ്പോലെ തൂങ്ങിയിരിക്കും.കിളിക്കുഞ്ഞ് ഇരിക്കുന്നത് എവിടെയാണോ അവിടെവച്ചായി തീറ്റകൊടുക്കലൊക്കെ.ഞാന്‍ മുറിയിലെ വസ്ത്രങ്ങളും ബാഗുകളും മറ്റുമൊക്കെ സ്ഥലംമാറ്റി.കാരണം കിളിക്കുഞ്ഞുങ്ങളുടെ പ്രധാനവിനോദം തീറ്റ കഴിഞ്ഞാല്‍ ഉടനെ അപ്പിയിടുന്നതാണ്.ആദ്യമാദ്യം കുറെയൊക്കെ ഞാന്‍ മാറ്റി വൃത്തിയാക്കി.അപ്പോ തീറ്റ കൊടുത്തുകഴിഞ്ഞ് അടുത്തുതന്നെയിരുന്ന് വിശ്രമിക്കുന്ന വല്യകിളികളുടെ പരിപാടിയും ഇതുതന്നെയാണെന്ന് മനസ്സിലായി.രക്ഷിതാക്കളും കുട്ടികളും അപ്പിയിടല്‍ മത്സരം.അതും എന്നെ തോല്‍പ്പിക്കാന്‍.മുറി പാണ്ടുപിടിച്ചാലും വേണ്ടില്ല കക്ഷികള്‍ സ്ഥലം വിട്ടിട്ടേ ഇനി ആ മുറി വൃത്തിയാക്കലുള്ളൂ എന്ന് ഞാനും നിശ്ചയിച്ചു.
പിന്നെ പിന്നെ രണ്ടു കുട്ടികളും കൂടിയായി കളി.ഒരാള്‍ ഇത്തിരി പറന്നുതുടങ്ങി.(എന്നാല്‍,അതിന്‍റെ അഹങ്കാരമൊന്നും ഇല്ലാട്ടോ.ഹഹ..പഴേ തമാശ.ല്ലേ..?)മറ്റേയാള്‍ ഒരുനാള്‍ ഞാനും വളരും വലുതാകും എന്ന മട്ടില്‍ നോക്കിയിരിക്കും.ഇതിനിടയിലാണ് രക്ഷിതാക്കളുടെ പരിശീലനവും താരാട്ടും തീറ്റെകാടുക്കലും.
കിളിമക്കള്‍ പറന്നു തുടങ്ങിയതോടെ അടുത്ത പ്രശ്നം തലപൊക്കി.കിട്ടു ചില എക്സര്‍സൈസുകള്‍ കാലത്തും വൈകിട്ടും അടുത്ത വീട്ടില്‍ കിടന്ന് ചെയ്യുന്നത് ഞാന്‍ കാണാനിടയായി.ഒന്നുകില്‍ കടിയും വാങ്ങി നാണമില്ലാതെ കിടക്കാന്‍,അല്ലെങ്കില്‍ കിളിമക്കളുടെ ഇളംമാംസത്തിന്‍റെ രുചിയറിയാന്‍ പല്ലും രാകി മുകളില്‍ കേറിവരാന്‍..രണ്ടായാലും പ്രശ്നമാണ്.ഒറ്റ വഴിയേയുള്ളു.തല്‍ക്കാലത്തേക്ക് കിട്ടുവിനെ കണ്ടഭാവം വയ്ക്കാതിരിക്കുക.ഞാന്‍ അതുതന്നെ ചെയ്തു.അതോടെ ആ പ്രശ്നം ഒതുങ്ങി.അപ്പോഴേക്കും കിളിക്കുട്ടികള്‍ നിലത്തും നടുമുറിയിലും വന്നിരിക്കുന്നതും മറ്റും പതിവായി.ഞാന്‍ പുറത്തുപോയി വന്നാല്‍ വളരെ സൂക്ഷിച്ചേ അകത്തു കടക്കൂ.രണ്ടും കൂടി എവിടെയാ ഇരിക്കുക എന്നറിയില്ലല്ലോ.അറിയാതെങ്ങാനും ചവിട്ടിപ്പോയാലോ..ചിലപ്പോ മുറിയില്‍ ചെന്നുനോക്കുന്പോള്‍ ഒന്നിനെ കാണാനുണ്ടാവില്ല.പിന്നെ അതിനെ വിളിച്ച് നടക്കലാവും എന്‍റെ പണി.ഒടുവില്‍ കട്ടിലിനടിയിലോ ഭിത്തിയിലെ കോണ്‍ക്രീറ്റ്തട്ടില്‍ വച്ചിരിക്കുന്ന തട്ടുമുട്ടു സാധനങ്ങള്‍ക്കിടയിലോ ഇരുന്ന് ഉറങ്ങുന്നുണ്ടാവും.സംഗതി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ നമ്മുടെ ആവലാതി ഒഴിഞ്ഞു.ശരിക്കും കുട്ടികളെ വളര്‍ത്തുന്നതിന്‍റെ പങ്കപ്പാട് ഞാന്‍ കുറേയൊക്കെ മനസ്സിലാക്കിയത് ഇതോടെയാണ്.
അങ്കണവാടിയായ് വീട് മാറി.പിന്നെ പരിശീലനപ്പറക്കല്‍ നടുമുറിയിലൂടെയായി.വിമാനങ്ങള്‍ പറന്നിറങ്ങുകയും ഉയരുകയും ചെയ്യുന്ന വിമാനത്താവളം.പറക്കുന്ന പക്ഷികളെ മുട്ടാതെ നടക്കേണ്ട അവസ്ഥയായി എനിക്ക്.തരിപോലും പേടിയില്ല വല്യ രണ്ടു കിളികള്‍ക്കും.വാസ്തവത്തില്‍ അവരുടെ ഔദാര്യം പോലെയായിരുന്നു ആ ദിവസങ്ങളിലെ എന്‍റെ അവിടുത്തെ താമസം.അതായത് രാത്രി കുട്ടികള്‍ രണ്ട് അഴകളിലുമായിട്ടാവും ഇരുന്ന് ഉറങ്ങുന്നത്.അഴയില്‍ വിരിച്ചിട്ട തോര്‍ത്തു പോലും എനിക്കടുക്കാനാവില്ല.അഴയനങ്ങിയാല്‍ അവരുടെ ഉറക്കം പോകുമല്ലോ.ഉറക്കം കാണാനും നല്ല രസമാണ്.തല എവിടെയാണെന്ന് മനസ്സിലാവില്ല.തല ദേഹത്ത് എവിടെയോ തിരുകിയിട്ടാണ് ഉറക്കം.അഴയില്‍ ഉരുണ്ട എന്തോ സാധനമിരിക്കുന്നതുപോലെയേ നമുക്കു തോന്നു.ഇതാണോ വളര്‍ന്ന് തൊപ്പിയും വാലും നിറവും കൊക്കുമുള്ള പക്ഷിയാവുന്നത്..?ഞാന്‍ ഏറെ നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും.വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്പോള്‍ നമ്മള്‍ ഒച്ചയനക്കങ്ങള്‍ ഒഴിവാക്കുമല്ലോ.
ഒരു ദിവസം വൈകിട്ട് പുറത്തുപോകാനായി ഞാന്‍ കുളിച്ചൊരുങ്ങി ആ മുറിയില്‍ ചെന്നു.അവരോട് പറയാതെ പോകാന്‍ തോന്നാറുണ്ടായിരുന്നില്ല.എന്‍റെ വീടിന്‍റെ ചലനം അവരായിരുന്നല്ലോ.ചൈതന്യവും.പക്ഷേ രണ്ടെണ്ണത്തില്‍ ഒരാളെ കാണാനില്ല.കാണാതായതാണ് അത്യാവശ്യം പറക്കാറായത്.ഞാന്‍ കുറേ തിരഞ്ഞു.ഒടുക്കം മുന്നിലെ ടെറസ്സില്‍ ചെന്നപ്പോള്‍ ദാ കക്ഷി അവിടെ ഇരിക്കുന്നു.കിട്ടു മുതല്‍ നാലഞ്ച് പൂച്ചകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്ന പരിസരമാണ് ഇത്.മണം കാറ്റില്‍ പരക്കാനും അവന്മാരുടെ മൂക്കിലെത്താനും അധികനേരം വേണ്ട.അതിനെ അവിടെ ഇരുത്തി ഞാനെങ്ങനെ മനസ്സമാധാനത്തോടെ പുറത്തുപോകും.!എനിക്കിതിനെ എടുത്ത് അകത്തു വയ്ക്കാം.പക്ഷേ എന്‍റെ മണം പുരണ്ടിട്ട് അതിനെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചാലോ.തനിയെ അധികം പറക്കാനും തീറ്റതേടാനും ആയിട്ടുമില്ല.ഞാന്‍ ശൂ..ശൂ...എന്നൊക്കെ കുറേ ഒച്ചവച്ചുനോക്കി.പേപ്പറെടുത്ത് അരികില്‍ തട്ടി അകത്തേക്ക് ഓടിച്ചുകയറ്റാന്‍ നോക്കി.അത് തമാശക്കളിയിലാണ്.അങ്ങുമിങ്ങും പറന്നുമാറും.അകത്തേക്കുമാത്രം കേറില്ല.എത്രപറഞ്ഞാലും കേള്‍ക്കാത്ത കളി.കുറുന്പ്.
ഒടുക്കം എന്‍റെ പുറത്തുപോകല്‍ മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.സമയം അപ്പോള്‍ സന്ധ്യ കഴിഞ്ഞിട്ടുണ്ട്.പിന്നെ ഒരു തോന്നലിന് ഞാന്‍ ജനലുകള്‍ മലര്‍ക്കെ തുറന്നിട്ടു.അപ്പോള്‍ എന്തുകൊണ്ടോ അത് അകത്തേക്ക് പറന്നുവന്നു.വലിയ ആശ്വാസത്തോടെ ഞാന്‍ എല്ലാം അടച്ചുപൂട്ടി പുറത്തുപോയി.
ഇങ്ങനെയായിരുന്നു ജനുവരിയിലെ എന്‍റെ ദിനരാത്രങ്ങള്‍.ശരിക്കും ആഹ്ലാദകരം.വീട് നിറയെ അനക്കം.തിളക്കം.ഉത്സാഹം.
എത്ര വേഗത്തിലാണ് കിളിക്കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായത്..അവയ്ക്ക് ഭംഗി വന്നത്..അവ തനിയെ പറക്കാറായത്..എത്ര ഇണക്കത്തിലാണ് അവ എന്നോട് പെരുമാറിയിരുന്നത്...സത്യത്തില്‍ ചെറിയ വേദന തോന്നി.അത്ര വേഗം അവ വലുതാകേണ്ടിയിരുന്നില്ല.ഇനി എപ്പോള്‍ വേണമെങ്കിലും അവയ്ക്ക് പറന്നുപോകാം.അതേപോലെ തന്നെ സംഭവിച്ചു.
ഒരു ദിവസം പുറത്തുപോയി രാത്രി ഞാന്‍ തിരിച്ചെത്തുന്പോള്‍ മുറി ശൂന്യമായിരുന്നു.ഇരുവരും വലുതായതില്‍ പിന്നെ കൂട്ടില്‍ക്കിടപ്പ് അവസാനിപ്പിച്ച് അഴയിലോ ജനല്‍ക്കന്പികളിലോ ആയിരുന്നു ഉറക്കം..ഇപ്പോള്‍ കൂടും ശൂന്യമായി,വീടും ശൂന്യമായി.
ഒരു കാര്യത്തില്‍മാത്രം വല്ലാത്ത ദുഖം തോന്നി.നാലാള്‍ക്കും എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നു.ഞാനുള്ളപ്പോള്‍ എന്‍റെ മുന്നിലൂടെ മക്കളെ പറത്തിക്കൊണ്ടുപോകാമായിരുന്നു.അതെനിക്ക് നിറയെ സന്തോഷമായേനെ.ഇതിപ്പോള്‍ എനിക്കറിയില്ല.അവര്‍ പറന്നുപോയതുതന്നെയാണോ എന്ന്.ഞാന്‍ ദുഖത്തോടെ നിലത്തുനോക്കി.അവര്‍ തിന്ന കുരുമുളക് മണി പോലത്തെ എന്തോ കായകള്‍ നിലം നിറയെ ചിതറിക്കിടക്കുന്നു.നിലത്തും ഇരുഭാഗത്തെയും ജനാലപ്പടിയിലും മറ്റു വസ്തുക്കളിലും ഉണങ്ങിയ കിളിക്കാട്ടം.പഴച്ചാറ് പിഴിഞ്ഞപോലെ തറനിറയെ കിളിത്തൂറല്‍.അന്നുരാത്രി ഈ വീട്ടില്‍ ഞാനനുഭവിച്ച ഏകാന്തതയാണ് ഏകാന്തത.എന്തൊരു നിശ്ശബ്ദതയായിരുന്നു ഇവിടെ.കണ്ണടച്ചാല്‍ തലങ്ങും വിലങ്ങും പറക്കുന്ന കിളികളും മക്കളുമായിരുന്നു മനസ്സില്‍.
പിറ്റേന്ന് കാലത്ത് ഞാനെന്തോ ചെയ്യുന്പോള്‍ ഒരനക്കം കേട്ടു.ജനല്‍ക്കന്പിയില്‍ ആ അച്ഛന്‍കിളിയും അമ്മക്കിളിയും.അവര്‍ തിരിച്ചുവന്നതോ എന്നെ കാണാന്‍ വന്നതോ.അടുത്തേക്ക് ചെന്ന് ഞാന്‍ ചോദിച്ചു.
''എവിടെ കിളിക്കുട്ടികള്‍...?''
അവര്‍ ഒന്നും പറഞ്ഞില്ല.മുറിയില്‍ ഒന്നു വട്ടം ചുറ്റിയിട്ട് രണ്ടാളും പുറത്തേക്ക് പറന്നുപോയി. യാത്ര പറയാനോ പറയാതെ മക്കളെ കൂട്ടി പോയതിന് ക്ഷമാപണം നടത്താനോ അവര്‍ വന്നത്.?അറിയില്ല.പിന്നീട് ഇന്നുവരെ അവര്‍ വന്നിട്ടുമില്ല.ആ മക്കള്‍ വലുതായി എന്‍റെ മുന്നിലൂടെ പറന്നാലും ഞാനവരെ ഇനി തിരിച്ചറിയുകയുമില്ല.ആ അച്ഛന്‍കിളിയെയും അമ്മക്കിളിയെയും പോലും അറിയുകയില്ല.അത്രയ്ക്കുണ്ട് നിസ്സാരനായ എന്‍റെ അറിവ്.
ഇപ്പോഴും ആ കൂട് അതേപടി ജനല്‍ക്കന്പിയിലുണ്ട്.കഴിഞ്ഞദിവസം വെറുതെ ഞാന്‍ കയറിനോക്കി.അതിനകത്ത് മാറാല നിറഞ്ഞിരിക്കുന്നു.ഉള്ളു നൊന്തു.എന്നിട്ടും കൈതൊട്ട് കൂട് വൃത്തിയാക്കാന്‍ തോന്നിയില്ല.അവര്‍ ഇനി ഈ കൂട് ആശ്രയിക്കുകയില്ലെന്നറിയാം.എങ്കിലും എന്‍റെ മണം പരന്നിട്ട് കൂടിനൊരു ദോഷവും വരേണ്ട..!